‘..ഇങ്ങനെ വേരറ്റുപോയ, വേരിനായി പിടയുന്ന മനുഷ്യരെ മതപരമായി പിളർത്തുക എന്ന കുടില ബുദ്ധിയാണ് ലോക്സഭ ഇപ്പോൾ പാസാക്കിയ പൗരത്വ ഭേദഗതിക്ക് പിന്നിലുള്ളത്. മുസ്ലിം ഒഴികെയുള്ള മുഴുവൻ പേർക്കും പൗരത്വം നൽകുക എന്നാൽ അസമിൽ വേരുകൾ പടർത്തിയിട്ടുള്ള ലക്ഷക്കണക്കായ മുസ്ലിംകൾ പുറത്തുപോകേണ്ടി വരുമെന്നാണ് അർഥം. മതം മാനദണ്ഡമാകുന്നു എന്ന് പറഞ്ഞാൽ ഭരണഘടനയുടെ അടിസ്ഥാനശിലകൾ ദുർബലമാകുന്നു എന്നാണർഥം. ജനതയെ മതപരമായി പിളർത്തി അവർ കലാപം ലക്ഷ്യം വെക്കുകയാണ്. കലാപങ്ങളിൽ നിന്നാണ് ഫാഷിസ്റ്റുകൾ ഫലം കൊയ്യുക. ഈ പിളർത്തലിനെതിരെ പ്രതിഷേധിച്ചില്ലെങ്കിൽ പ്രതിഷേധമെന്ന വാക്ക് നിങ്ങളിനി കേട്ടെന്ന് വരില്ല. കാരണം ജനാധിപത്യം പോലെ ഫാഷിസത്തിന് സുഗമമായി കടന്നുവരാൻ കഴിയുന്ന മറ്റൊരു വ്യവസ്ഥയുമില്ല തന്നെ.”
(ജനാധിപത്യത്തിന്റെ അവസാന സ്റ്റോപ്പാണ് അസം. ചൂണ്ടുവിരൽ, 2019 ജനുവരി).
അസമിലെ പൗരത്വ രജിസ്റ്ററും രാജ്യം മുഴുവനായി വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന പൗരത്വ ഭേദഗതി നിയമവും മുൻനിർത്തിയായിരുന്നു പതിനൊന്നുമാസം മുൻപ് രിസാലയിലെ ചൂണ്ടുവിരൽ ഇങ്ങനെ അവസാനിപ്പിച്ചത്. 1955-ലെ പൗരത്വ നിയമത്തിൽ അതിനിർണായകമായ ഭേദഗതികളാണ് 2019 ജനുവരിയിൽ ലോക്സഭ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ഉണ്ടായിരുന്നത്. അതിന്റെ മുന്നൊരുക്കമായിരുന്നല്ലോ പൗരത്വ രജിസ്റ്റർ. ഇന്ത്യൻ ജനാധിപത്യത്തെ, അതിന്റെ പുരോയാനത്തെ ആഴത്തിൽ തകർക്കുന്ന ബിൽ അന്ന് രാജ്യസഭ കടന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ അസാധുവുമായി. പൗരത്വ രജിസ്റ്റർ എന്ന ഭീഷണി സംഘടിതവും ആഴത്തിലുള്ളതുമായ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ഫലമായി പാതിയിലേറെ കുറഞ്ഞു. അതൊരു മുസ്ലിം പ്രശ്‌നമല്ല എന്ന് ഭരണകൂടം തിരിച്ചറിഞ്ഞു. പുറത്തായവർ മുസ്ലിംകൾ മാത്രമായിരുന്നില്ലല്ലോ?
ഇപ്പോൾ ചിത്രവും ലക്ഷ്യവും കുറച്ചുകൂടി വ്യക്തമാണ്. അന്തിമമായി അത് സംഭവിക്കാൻ പോകുന്നു. ബാബരി മസ്ജിദ് വിധിയോടുള്ള ന്യൂനപക്ഷത്തിന്റെയും സംഘപരിവാർ ഇതര പൊതുമനുഷ്യരുടെയും അതിസംയമനവും രാഷ്ട്രം ഇപ്പോൾ കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളും ചേർന്നപ്പോൾ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണകൂട കടുംവെട്ടിന് കളമൊരുങ്ങുകയാണ്. ബാബരി വിധി ഇന്ത്യൻ പൊതുജീവിതത്തിൽ ഉണ്ടാക്കിയ അപ്രതീക്ഷിത സംയമനം നൽകിയ പുതുബലമാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ച അമിത്ഷായിൽ ഉടനീളം തിളങ്ങിയത് എന്നതിൽ സംശയമുണ്ടോ? രാഷ്ട്രം എന്തും സ്വീകരിക്കും എന്ന തിരിച്ചറിവ് സമഗ്രാധിപത്യത്തിന് നൽകുന്ന ഊർജം എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? സംഭവിച്ചത് അതാണ്.
അവകാശങ്ങൾക്കുള്ള അവകാശം എന്ന് ഹന്നാ ആരന്റ് വിശദീകരിക്കുന്ന പൗരത്വം എന്ന ഭൗതിക യാഥാർഥ്യം എല്ലാ ദേശരാഷ്ട്രങ്ങളുടെയും രാഷ്ട്രീയ പ്രശ്നമാണ്. കാരണം പൗരരിൽ നിന്ന് ഭിന്നമായ ഒന്നായി നിങ്ങൾക്ക് ദേശരാഷ്ട്രത്തെ വിഭാവനം ചെയ്യാൻ കഴിയില്ല. മറിച്ച് പൗരരും ദേശരാഷ്ട്രവും അവിച്ഛിന്നമായ ഒരു സവിശേഷതയാണ്. അതിലുപരി അടിസ്ഥാനപരമായ മനുഷ്യൻ എന്ന ആശയവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ് പൗരത്വം. ദേശരാഷ്ട്രത്തിനകത്തെ മനുഷ്യൻ എന്നാണല്ലോ പൗരൻ എന്ന വാക്കിന്റെ ശരിയായ വിവർത്തനം. അതിരുകൾ സൃഷ്ടിക്കപ്പെടുന്നതാണെന്നും അതിരുകൾക്കപ്പുറമുള്ള ഒന്നാണ് മനുഷ്യൻ എന്ന വംശസ്വത്വം എന്നും നിലപാടെടുക്കുക എന്നതാണ് ആധുനികതയിലേക്കുള്ള പലവഴികളിലൊന്ന്. അതിനാൽ പരിഷ്‌കൃത രാജ്യങ്ങൾ പൗരത്വം എന്ന ആശയത്തെ മനുഷ്യത്വം എന്ന ആശയത്താലാണ് അഭിസംബോധന ചെയ്യുക. പൗരത്വത്തോടുള്ള ഒരു രാഷ്ട്രത്തിന്റെ സമീപനമാണ്, അഥവാ കുടിയേറ്റത്തോടുള്ള ഒരു രാഷ്ട്രത്തിന്റെ സമീപനമാണ് പരിഷ്‌കൃതത്വത്തിന്റെ പല മാനദണ്ഡങ്ങളിൽ പ്രബലമായ ഒന്ന്. ജനാധിപത്യം പരിഷ്‌കൃത സമൂഹത്തിന്റെ, ആധുനിക സമൂഹത്തിന്റെ ആശയമാണ്. ജനാധിപത്യത്തെ വരിക്കുക വഴി ഇന്ത്യ എന്ന ദേശരാഷ്ട്രം പരിഷ്‌കൃതത്വത്തിലേക്കാണ് സ്വാതന്ത്ര്യാനന്തരം ചുവടുവെച്ചത്. അതിനാലാണ് 1955-ലെ പൗരത്വ നിയമത്തിൽ നാം ചില കൃത്യതകൾ കാണുന്നത്.
ആരാണ് ഇന്ത്യൻ പൗരൻ, അല്ലെങ്കിൽ ആർക്കാണ് ഇന്ത്യൻ പൗരത്വത്തിനുള്ള അർഹത എന്നാണ് ആ നിയമം വിശദീകരിച്ചത്. അക്കാലം നിസ്സംശയം മതേതരത്വം എന്നത് ഒരു ഇന്ത്യൻ മൂല്യമായിരുന്നു. പാസ്പോർട്ട്, വിസ തുടങ്ങിയ നിയമരേഖകൾ ഒരു ആധുനിക സംവിധാനമാണ്. ആ രേഖകൾ ഇല്ലാതെ ഇന്ത്യയിൽ കയറുകയോ, രേഖാമൂലം അനുവദിക്കപ്പെട്ടതിനെക്കാൾ കൂടുതൽ നാൾ ഇന്ത്യയിൽ തങ്ങുകയോ ചെയ്യുന്നവരെ 1955-ലെ നിയമം നിയമവിരുദ്ധ കുടിയേറ്റക്കാരൻ എന്ന് വിവക്ഷിച്ചു. 1946-ലെ ഫോറിനേഴ്സ് ആക്ട്, 1920-ലെ പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരം, ഇപ്രകാരം തങ്ങുന്നവർ ശിക്ഷാർഹരാണ്. ഒന്നുകിൽ നാടുകടത്തും, അല്ലെങ്കിൽ ജയിലിൽ അടക്കും. എല്ലാ മനുഷ്യർക്കും ഒരു പോലെ ബാധകമാണ് നിയമം എന്ന് പറയേണ്ടതില്ലല്ലോ? ഒരു പരിഷ്‌കൃതരാജ്യത്തിലെ നിയമങ്ങൾ എപ്പോഴും അങ്ങനെ ആയിരിക്കും.
എന്നാൽ 2015 സെപ്തംബറിൽ; ഒന്നാം മോഡി സർക്കാറിന്റെ നാലാം മാസത്തിൽ കേന്ദ്രസർക്കാർ ഇറക്കിയ ഒരു ചട്ട ഭേദഗതി നിങ്ങൾ ഓർക്കണം. അത് സവിശേഷമായ ചില ഇളവുകളായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നിവയിലെ മനുഷ്യർക്ക് മതഭീതി എന്ന കാരണത്തെ മുൻനിർത്തി ഇളവ് അനുവദിച്ചു. അവരെ സംബന്ധിച്ച് ഇന്ത്യ അഭയകേന്ദ്രമായതിനാൽ 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലുള്ള അത്തരക്കാർക്ക് ശിക്ഷ നേരിടേണ്ടി വരില്ല. 2016 ജൂലായിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെയും ഈ പട്ടികയിൽ പെടുത്തി. അപ്പോഴും അത് പൗരത്വമല്ല, ശിക്ഷയിളവാണ്.
പിന്നീടാണ് ഈ ഉത്തരവിലേക്ക് പൗരത്വം സന്നിവേശിക്കപ്പെടുന്നത്. 2016-ൽ പാർലമെന്റിൽ പൗരത്വ ബിൽ അവതരിപ്പിക്കപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതഭീതി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് 2014 ഡിസംബർ 31 നു മുൻപായി ഇന്ത്യയിൽ വന്നതിനു തെളിവ് കാണിച്ചാൽ, ഇന്ത്യൻ പൗരത്വത്തിനു അർഹത ഉണ്ടാകുമെന്നായിരുന്നു ബിൽ. സ്വാഭാവികമായും എതിർപ്പുകളുണ്ടായി. സി.പി.എമ്മിലെ മുഹമ്മദ് സലിം രേഖാമൂലം നൽകിയ വിയോജനക്കുറിപ്പ് വരാനിരിക്കുന്ന അപകടങ്ങളുടെ നാന്ദി ആയിരുന്നു. സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ച് പ്രതിഷേധങ്ങളെ ശമിപ്പിക്കുക എന്നതായിരുന്നു സർക്കാർ തന്ത്രം. സമിതി രൂപീകരിച്ചതല്ലാതെ തുടർനടപടികൾ ഒന്നുമുണ്ടായില്ല. 2019 ജനുവരിയിൽ ബിൽ വീണ്ടും ലോക്സഭയിൽ വന്നു. ലോക്സഭ കടന്നെങ്കിലും രാജ്യസഭയിൽ എത്തിയില്ല. അതിന് മുൻപേ തിരഞ്ഞെടുപ്പ് വന്നു.
രണ്ടാം മോഡി സർക്കാർ വന്നതോടെ പൗരത്വ ബിൽ വീണ്ടും വരുമെന്ന് ഉറപ്പായിരുന്നു. ബാബരി പ്രശ്നത്തിന് കോടതി വഴി തീർപ്പായതോടെ നീണ്ടുനിൽക്കുന്ന മറ്റൊന്ന് സംഘപരിവാറിന് ആവശ്യവുമാണല്ലോ? പൗരത്വം പോലുള്ള ജീവൽ അവകാശമാണല്ലോ ആ നീറ്റൽ ആളാൻ സഹായിക്കുക. അത് തന്നെ സംഭവിച്ചു. മുസ്ലിംകൾ ഒഴികെയുള്ള മതവിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകാം എന്നാണ് ഭേദഗതിയുടെ കാതൽ. 2014 ഡിസംബർ 31 ന് മുമ്പ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ് , ജൈന, പാഴ്സി, ബുദ്ധ വിഭാഗങ്ങൾക്ക് പൗരത്വം നൽകും. അവർക്ക് മാത്രമേ നൽകൂ. മുസ്ലിംകൾക്ക് നൽകില്ല. കുടിയേറിയ മനുഷ്യർ; അതേ, മനുഷ്യർ എന്നാണ് പരിഷ്‌കൃത സമൂഹം അവരെ സംബോധന ചെയ്യേണ്ടത്, പൗരത്വത്തിന് അപേക്ഷിച്ചാൽ നിലവിലെ നിയമം അനുസരിച്ച് ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ പൗരത്വം നൽകാം. ആ നിയമം അനുസരിച്ച് മാത്രമല്ല, ആ നിയമത്തിന്റെയും നിയമമായ ഭരണഘടനയുടെ ആർട്ടിക്കിൾ 14 അനുസരിച്ചുമാണ് അത്. ‘The State shall not deny to any person equality before the law or the equal protection of the laws within the territory of India.’ എന്നതാണല്ലോ ആർട്ടിക്കിൾ 14. ഇന്ത്യൻ ടെറിട്ടറിയിലെ എല്ലാ മനുഷ്യരും നിയമത്തിന്റെ മുന്നിൽ തുല്യരാണ്. പൗരർ എന്നല്ല വ്യക്തികൾ എന്നാണ്. അത് വെറുതേ ഉണ്ടായ വാക്കല്ല. ഭരണഘടനാ നിർമാണ അസംബ്ലിയിൽ ദീർഘമായി ചർച്ച ചെയ്ത് എത്തിച്ചേർന്ന വാക്കാണ്. കുടിയേറ്റം മനുഷ്യരാശിയുടെ അവസാനിക്കാത്ത നിയോഗമായിരുന്നല്ലോ എല്ലാകാലത്തും. കുടിയേറ്റത്തെക്കുറിച്ച് അനുതാപ പൂർവം മനസിലാക്കിയിരുന്ന പരിഷ്‌കൃത മനുഷ്യരാണല്ലോ ഇന്ത്യൻ ഭരണഘടന ചമച്ചത്. അതിനാലാണല്ലോ ആ അവകാശം, നിയമത്തിന് മുന്നിലെ തുല്യത മൗലികാവകാശമാക്കിയത്. മൗലിക അവകാശമെന്നാൽ ഭേദഗതിയോ റദ്ദാക്കലോ സാധ്യമല്ലാത്ത ഒന്നാണെന്ന് കേശവാനന്ദഭാരതി കേസ് മുതൽ അറിവുള്ളതാണല്ലോ? കാരണം മൗലികാവകാശങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടാണ്. അതിൽ മാറ്റം അനുവദനീയമല്ല. ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച ഈ ഭേദഗതി ഭരണഘടനയെ നിർലജ്ജം അപമാനിക്കുന്നത് അങ്ങനെയാണ്. ഇന്ത്യാ ചരിത്രത്തിൽ ആദ്യമായാണ് ഇത്രമേൽ മതവെറിയും വംശീയ വിദ്വേഷവും പുതഞ്ഞ ഒരു ബിൽ പാർലമെന്റിൽ പ്രവേശിക്കുന്നത് എന്നും അറിയുക.
മറ്റൊന്ന് കുടിയേറ്റത്തെ ഒരു മുസ്ലിം പ്രശ്നമായി മാറ്റാനും അത് വഴി പിളർപ്പുകൾ സൃഷ്ടിക്കാനും വിഭജനം പൂർണമാക്കാനും ഒരുമ്പെട്ടിറക്കിയ നിയമം ശ്രീലങ്കയെ, അവിടെ നിന്നുള്ള അനേകായിരം അഭയാർഥികളെ എത്ര നിഷ്‌കരുണം മറന്നുകളഞ്ഞു എന്ന് നോക്കൂ. നിയമത്തിൽ ഒരിടത്തും അവരുടെ പേരില്ല. റോഹിങ്ക്യകളെ അറിയില്ലേ? ഏതാണവരുടെ സമുദായം? അഫ്ഗാനെക്കാൾ അയലത്തല്ലേ മ്യാൻമർ?
തമിഴ്നാട്ടിൽ ഇരമ്പുന്ന പ്രതിഷേധം ആ അവഗണനക്കുള്ള മറുപടിയാണ്. എന്തുകൊണ്ടാണ് ബില്ലിൽ അവരില്ലാത്തത്?
ഉത്തരം ലളിതമാണ്. പൗരത്വ ഭേദഗതിയോ, ആ ഭേദഗതിയുടെ നടപ്പാക്കലോ പൗരത്വ നിയമം സമഗ്രവും കാലോചിതവുമാക്കലോ ഒന്നുമല്ല സംഘപരിവാറിന്റെ ലക്ഷ്യം. അങ്ങിനെ ആയിരുന്നുവെങ്കിൽ സംയുക്ത പാർലമെന്റ് സമിതിയിലൂടെ, നിയമ വിദഗ്ധരുമായുള്ള സംവാദങ്ങളിലൂടെ ബിൽ രൂപപ്പെടുത്തുമായിരുന്നു. ഇത്ര കടുത്ത ഭാഷയിൽ, ലോകത്തെ തന്നെ അമ്പരപ്പിച്ചുകൊണ്ട് മതവിവേചനം നടത്താൻ തുനിയുമായിരുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ രണ്ടാം മുറിവെന്ന് വിളിപ്പേരുള്ള ബാബരി ധ്വംസനം ലോകമാകെ ഉണ്ടാക്കിയ പ്രകമ്പനങ്ങൾ അറിയാത്തവരല്ല സംഘപരിവാർ. ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ബാബരി ധ്വംസനം ഏൽപിച്ച ആഘാതം പരിശോധിക്കാവുന്നതാണ്.
ഇന്ത്യാ വിഭജനമായിരുന്നല്ലോ നമ്മുടെ ജനാധിപത്യ ജീവിതത്തെ നെടുകെ പിളർത്തിയ ആദ്യമുറിവ്. ഇന്ത്യയിലെ സാധാരണ മുസൽമാന്, ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തും അണിയത്തുമുണ്ടായിരുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ മുസൽമാൻമാർക്ക് ഒരു പങ്കുമില്ലായിരുന്ന വിഭജനത്തിൽ അവർ കക്ഷികളായി. ആരുടെ തീരുമാനമായിരുന്നു, ആരുടെ താൽപര്യമായിരുന്നു വിഭജനം എന്നത് ഇപ്പോൾ ഒരു തർക്കവിഷയമേ അല്ല. പക്ഷേ, അന്തിമമായി ആ വിഭജനം മുസ്ലിം ജനതക്ക് നൽകിയ ആഘാതം, അവരുടെ ജീവിത പദ്ധതികളിലും പദവികളിലും വരുത്തിയ കടുത്ത ആഘാതം എന്നിവയെല്ലാം സമാനതകളില്ലാത്ത വണ്ണം ഭീമമായിരുന്നു. ബാബരി മസ്ജിദിലും ഇന്ത്യൻ മുസൽമാൻ കക്ഷിചേർക്കപ്പെടുകയായിരുന്നുവല്ലോ? ആരുടെ, ഏതുതരം മൂലധനത്തിന്റെ താൽപര്യമായിരുന്നു ബാബരി എന്ന് ഇന്ന് നാം മനസ്സിലാക്കുന്നുണ്ട്. ഇന്ത്യൻ ഹിന്ദുത്വ ഒരു സമഗ്രപദ്ധതിയാണെന്നും ഇന്ത്യൻ പൊതുവിടത്തിലേക്ക് അവർ തൊടുക്കുന്ന ഓരോ അസ്ത്രത്തിന് പിന്നിലും വർഷങ്ങളുടെ ഗൃഹപാഠമുണ്ടെന്നും ഇന്ന് നമുക്കറിയാം. അതിവിപുലമായ ഒരു മൂലധന പദ്ധതി കൂടിയാണല്ലോ ഇന്ത്യൻ ഹിന്ദുത്വം?
അതിനാൽ പൗരത്വ ബിൽ എന്നത് നീണ്ടുനിൽക്കുന്ന ഒരു മുറിവിനെ സൃഷ്ടിക്കലാണ്. അത് നീണ്ടുനിൽക്കുന്ന ഒരു പിളർപ്പിനെ സൃഷ്ടിക്കലാണ്. കുടിയേറ്റക്കാരിൽ മുസ്ലിംകളെ മാത്രം പൗരത്വത്തിന് പുറത്ത് നിർത്തുക എന്നാൽ, കുടിയേറ്റം, പൗരത്വം തുടങ്ങിയ മുഴുവൻ സംവാദങ്ങളിലും മുസ്ലിം, മുസ്ലിം ഇതരർ എന്ന ദ്വന്ദ്വത്തെ സൃഷ്ടിക്കലാണ്. അത് ഭരണഘടനയെ മുൻനിർത്തി സംവാദങ്ങളിൽ ഏർപ്പെടാൻ വരുന്ന ജനാധിപത്യവാദികളെ കളത്തിലാക്കലാണ്.
കാരണം മൗലികാവകാശത്തെ നഗ്നമായി ലംഘിക്കുന്ന ഒരു നിയമം നിലനിൽക്കൽ പ്രയാസമാണ്. അത് സംബന്ധിച്ച സംവാദമാകട്ടെ ദീർഘകാലത്തേക്ക് തുടരുകയും ചെയ്യാം. തുടരുന്ന കാലത്തോളം മുസ്ലിം എന്ന അപരത്തെ സൃഷ്ടിച്ച് ഹിന്ദുത്വയെ വർഗീയമായി ജ്വലിപ്പിക്കാം. മറ്റെല്ലായിടത്തും മുച്ചൂടും മുടിഞ്ഞ ഒരു ഭരണസംവിധാനത്തിന് അതാവുമല്ലോ എളുപ്പവഴി.
അതിനാൽ ഇതിനപ്പുറവും പ്രതീക്ഷിക്കണം. ഫാഷിസമാണ് നാട് വാഴുന്നത്. ഫാഷിസത്തിന്റെ വഴികൾ പൂർവനിശ്ചിതങ്ങളാണ്. അത് ലോകത്തെല്ലായിടത്തും ഒരേ രീതിയിലാണ് സഞ്ചരിച്ചിട്ടുള്ളത്. പക്ഷേ, ഭാഗ്യവശാൽ ഇന്ത്യയിൽ ഫാഷിസ്റ്റുകൾ ഭൂരിപക്ഷമല്ല. പാർലമെന്റിലൊഴികെ മറ്റെങ്ങും ഭൂരിപക്ഷമല്ല. സംസ്ഥാനങ്ങളിൽ ഭൂരിപക്ഷമല്ല. വോട്ട് ശതമാനത്തിൽ ഭൂരിപക്ഷമല്ല. അതുകൊണ്ട് തന്നെ പ്രതിരോധം സാധ്യമാണ്. ചെറിയ ചെറിയ പോരുകൾ നിർത്തിവെച്ച് ഇന്ത്യയിലെ മുഴുവൻ മുസ്ലിം സംഘടനകളും ഒരു ഭരണഘടനയുമേന്തി ഒരു കുടക്കീഴിൽ പ്രതിരോധിക്കലാണ് ഒരുവഴി. ജനാധിപത്യ വിശ്വാസികൾ മുഴുവനായി രംഗത്തുവരികയും പ്രതിരോധിക്കുകയുമാണ് മറ്റൊരു വഴി. സർവകലാശാലകൾ, ചായക്കടകൾ, പണിയിടങ്ങൾ, ആശുപത്രികൾ.. എല്ലായിടങ്ങളും പ്രതിരോധങ്ങളാവണം. ഫാഷിസം ഭൂരിപക്ഷമാവുന്നത് വരെ സാധ്യമാകുന്ന ഒന്നാണത്. തുടക്കത്തിൽ ഉദ്ധരിച്ച വാക്കുകളുടെ അവസാനവും ഇങ്ങനെ ആയിരുന്നുവല്ലോ?
കെ കെ ജോഷി
You must be logged in to post a comment Login