പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായതിന്റെ പിറ്റേദിവസം ഡിസംബര്‍ 16ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി അദ്ദേഹത്തിന്റെ ഡെയ്‌ലി ന്യൂസ് അനാലിസിസ് പരിപാടിയില്‍ ഇങ്ങനെയാണ് പറഞ്ഞത്: ‘ജനാധിപത്യപരമായി പ്രതിഷേധിക്കുന്നത് നമ്മുടെ അവകാശമാണ്. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് പ്രതിഷേധത്തിന്റെ വേഷത്തില്‍ പ്രക്ഷോഭകര്‍ അക്രമം വ്യാപിപ്പിക്കുകയാണ്.’
വാഹനങ്ങള്‍ കത്തിക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തതിന് അദ്ദേഹം വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുകയും ചെയ്തു.
ചൗധരിയുടെ പരിപാടി ചാനലിന്റെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിങിന് ഉദാഹരണമാണെന്ന് സി മീഡിയയുടെ വീഡിയോ കണ്ടന്റ് മുന്‍ മേധാവി നസീര്‍ അസ്മി ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തിന്റെ നിലപാടും പത്രാധിപ സമിതി തീരുമാനങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാട്ടി നസീര്‍ തന്റെ സ്ഥാനം രാജിവെച്ചു. സീ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രക്കയച്ച രാജിക്കത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നസീര്‍ പറയുന്നു: ‘സുധീര്‍, ഇപ്പോള്‍ അതി പ്രബലനായിട്ടുണ്ട്. അയാളറിയാതെ യാതൊന്നും സംഭവിക്കില്ല. ഇപ്പോള്‍ സ്ഥാപനം നിയന്ത്രിക്കുന്നത് സുധീറും മറ്റു ചിലരുമാണ്.’
ചന്ദ്രക്കെഴുതിയ കത്തില്‍ നസീര്‍ ഇങ്ങനെ പറയുന്നു: ‘സീ മീഡിയ, പ്രത്യേകിച്ച് ഞാന്‍ എന്റെ ജീവിതത്തിന്റെ സുവര്‍ണകാലം ജോലി ചെയ്ത സീ ന്യൂസ് പത്രപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കരുതുന്നു. ജെ എന്‍ യു, കനയ്യ കുമാര്‍, എ എം യു, ജാമിഅ മില്ലിയ്യ സംഭവങ്ങളിലെല്ലാം സീ ന്യൂസ് പരാജയപ്പെട്ടു. രാജ്യത്തെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ചാനല്‍ ശ്രമിച്ചു. സി എ എക്കും എന്‍ ആര്‍ സിക്കുമെതിരായ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ മൃഗീയമായ മര്‍ദനത്തിനിരയായ ജാമിഅ മില്ലിയ സംഭവത്തില്‍ പ്രത്യേകിച്ചും. അതിനാല്‍ രാജ്യതാല്പര്യത്തിനും മാധ്യമപ്രവര്‍ത്തനത്തെ രക്ഷിക്കുന്നതിനും ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ സേവനം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു.’
പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ സീ ചാനല്‍ സന്ദര്‍ഭത്തിന് പുറത്തുള്ള കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ന്യൂസ് ലോണ്ട്രിക്കനുവദിച്ച അഭിമുഖത്തില്‍ നസീര്‍ പറയുന്നു: ‘അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെതിരെ 2016ല്‍ ജെ എന്‍ യുവില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യം നോക്കുക. പ്രതിഷേധക്കാര്‍. ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കിയിരുന്നില്ല.
വിദ്യാര്‍ഥികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദ്രോഹകരമായി എഡിറ്റ് ചെയ്തിട്ടാണ് ചാനല്‍ പ്രചരിപ്പിച്ചത്. ജെ എന്‍ യു പ്രതിഷേധം സീ ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് ഒരു ജീവനക്കാരന്‍ പിന്നീട് രാജിവെക്കുകയുണ്ടായി.
അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ‘ഹിന്ദുക്കളില്‍നിന്ന് സ്വാതന്ത്ര്യം’ (ഹിന്ദുവോം സെ ആസാദി) എന്ന മുദ്രാവാക്യം വിളിച്ചുവെന്നാണ് ഈയിടെ പുറത്തിറങ്ങിയ ഒരു വീഡിയോ അവകാശപ്പെട്ടത്. ‘ഇന്‍ ദോനോം സെ ആസാദി(ഈ രണ്ടുപേരില്‍ നിന്ന് സ്വാതന്ത്ര്യം) എന്നാണ് സത്യത്തില്‍ മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ സീ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വീഡിയോ ആണ് പ്രചരിപ്പിച്ചത്. ഇത്തരം വീഡിയോകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധിക്കുമ്പോള്‍ സത്യം വെളിപ്പെടുന്നുണ്ട്. എന്നാല്‍ സീ പോലുള്ള ചാനലുകള്‍ അത് സംബന്ധിച്ച് വിശദീകരിക്കാറില്ല.
ഡിസംബര്‍ 15ന് ജാമിഅ മില്ലിയയില്‍ പൊലീസ് മൃഗീയമായ ആക്രമണം നടത്തിയ ശേഷം സീ ചാനല്‍ ഒരു ‘എക്‌സ്‌ക്ലൂസീവ്’ സംപ്രേഷണം ചെയ്യുകയുണ്ടായി. നാട്ടുകാര്‍ ബസ്സുകള്‍ കത്തിച്ചുവെന്നും അവരെ ‘നിയന്ത്രിക്കാന്‍’ മാത്രമാണ് പൊലീസ് തിരിച്ചടിച്ചതെന്നുമായിരുന്നു പരിപാടിയില്‍ പറഞ്ഞത്.
തന്റെ ഡെയ്‌ലി ന്യൂസ് അനാലിസിസില്‍ ചൗധരി പറഞ്ഞത് ഇങ്ങനെ: ‘ഒരു പ്രത്യേക സമുദായം താമസിക്കുന്ന ചില പ്രദേശങ്ങളില്‍ ഏതെങ്കിലും നിയമം നിലനില്ക്കുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നിരവധി കോളജുകളിലെ വിദ്യാര്‍ഥികള്‍ സര്‍വകലാശാലകളില്‍ അത്തരം അന്തരീക്ഷം സൃഷ്ടിക്കുകയാണ്.’
ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമം സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ലെന്ന് നസീര്‍ പറയുന്നു.
‘എഡിറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ അക്രമങ്ങള്‍ സംബന്ധിച്ച് ഞാന്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും പ്രതികരണമോ മറുപടിയോ ഉണ്ടായില്ല. പത്രാധിപ സമിതിയുടെ അടുത്ത യോഗത്തില്‍, എല്ലാ വശങ്ങളും നല്‌കേണ്ടതില്ലെന്നും അക്രമം നടന്നു എന്ന് പറയുക മാത്രം ചെയ്താല്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.
നസീറിന്റെ പ്രവര്‍ത്തന മികവ് ശരാശരിയിലും താഴെയാണെന്ന് കാണിച്ച് അദ്ദേഹത്തിന് ഡിസംബര്‍ നാലിന് സീ മീഡിയ കത്തയച്ചിരുന്നു. ഒരു മാസക്കാലം ‘പ്രകടനം മെച്ചപ്പെടുത്തുന്ന പദ്ധതി’യില്‍ ഉള്‍പെടുത്തുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. താന്‍ അടിക്കടി ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന്റെ ഭവിഷ്യത്താണ് കത്തെന്നാണ് നസീര്‍ ആരോപിക്കുന്നത്.
‘ജീവനക്കാരുടെ കുറവ് സംബന്ധിച്ച് ഞാന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഉള്ളടക്കങ്ങള്‍ ഞാന്‍ പങ്കുവെച്ചതാണ് എനിക്കെതിരായ നടപടിക്ക് മറ്റൊരു കാരണം. ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കരുതെന്ന് സ്ഥാപനമുടമകള്‍ എന്നോടാവശ്യപ്പെട്ടിരുന്നു.
തനിക്ക് പ്രവര്‍ത്തന മികവില്ലെന്ന് നസീര്‍ അംഗീകരിക്കുന്നില്ല.
‘മൂന്നുമാസം മുമ്പ് അവരെന്നെ ക്ലസ്റ്റര്‍ ടു വിലേക്ക് മാറ്റി. ഒരു ചാനലിനു പകരം ഏഴോ എട്ടോ പ്രാദേശിക ചാനലുകളുടെ ചുമതല എനിക്കുണ്ടായിരുന്നു. എന്റെ പ്രവര്‍ത്തന മികവ് സംബന്ധിച്ച് അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായത് പെട്ടെന്നാണ്.
നസീറുമായുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തുടങ്ങിയതാണെന്നും അയാളുടെ പ്രകടനം വേണ്ടത്ര നന്നായിരുന്നില്ലെന്നുമാണ് സീ മീഡിയയുടെ ക്ലസ്റ്റര്‍ ടു മാനേജിംഗ് എഡിറ്റര്‍ പുരുഷോത്തം വൈഷ്ണവ പറയുന്നത്. നസീറിനെ പുറത്താക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെ അയാള്‍ സീനിയറായതിനാല്‍ താന്‍ ഇടപെട്ടാണ് ക്ലസ്റ്റര്‍ ടു വിലേക്ക് കൊണ്ടുവന്നത്. മാറ്റിയതിനു ശേഷിയും പരാതി പറയുകയല്ലാതെ ജോലിയൊന്നും നസീര്‍ ചെയ്തിട്ടില്ല. ജാമിഅ സംഭവത്തിലെ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച് പത്രാധിപസമിതിയോടാവശ്യപ്പെടാന്‍ നസീറിന് കഴിയില്ല. അയാള്‍ വീഡിയോ ടീമിന്റെ തലവനാണ്.
സ്ഥാപനം തന്നെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് ചന്ദ്രക്കെഴുതിയ കത്തില്‍ നസീര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്നും നസീര്‍ മത കാര്‍ഡ് കളിക്കുകയാണെന്നുമാണ് ഒരു സീ ജീവനക്കാരന്‍ പറയുന്നത്. സ്ഥാപനത്തില്‍ മതവിവേചനമില്ലെന്നും എന്നാല്‍ നസീറിനോട് ചില മോശം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അയാള്‍ പറയുന്നു.
സീ മീഡിയയില്‍ ചൗധരിയടക്കം നാലോ അഞ്ചോ പേരടങ്ങുന്നവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് നസീര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സീ മീഡിയയിലെ ഒരു മുന്‍ ജീവനക്കാരന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു: നിങ്ങളെ ആവശ്യമില്ല എന്ന് സ്ഥാപനം തീരുമാനിക്കുന്ന നിമിഷം സാധ്യമായ എല്ലാ തെറ്റുകളും അവര്‍ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങുന്നു. തീര്‍ച്ചയായും സീ മീഡിയയില്‍ അത്തരം കൂട്ടുകെട്ടുണ്ട്. എന്നാല്‍ പൊതുവില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണെന്നാണ് താന്‍ കരുതുന്നത്.
പരിഭാഷ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍
You must be logged in to post a comment Login