കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഓടിക്കയറുമ്പോള്‍, പുതിയ തലമുറക്ക് അത്രയ്ക്കൊന്നും പരിചിതരല്ലാത്ത മറ്റു രണ്ടു മുസ്ലിം പേരുകളാണ് ഓര്‍മയിലേക്ക് കടന്നുവരുന്നത്. മുഹമ്മദ് കരീം ചഗ്ളയും (എം.സി ചഗ്ള) ഹമീദ് ദല്‍വായിയും. ഇരുവരും വരുന്നത് മഹരാഷ്ട്രയില്‍നിന്നാണ്. ചഗ്ള പ്രഗത്ഭനായ നിയമജ്ഞനും നയതന്ത്രജ്ഞനും കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.. പക്ഷേ, തന്റെ അള്‍ട്രാസെക്കുലര്‍, അഥവാ മതവിരുദ്ധ വ്യക്തിത്വത്തെ ലോകത്തിനു മുന്നില്‍ അനാവൃതമാക്കാന്‍ ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ കടുത്ത മുസ്ലിം വിരുദ്ധനിലപാടുകള്‍ കൈക്കൊണ്ടത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. എന്നല്ല, ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങേയറ്റത്തെ നഷ്ടം വരുത്തിവെച്ചു. അലീഗഡ് മുസ്ലിം യൂനിവാഴ്സിറ്റിയുടെ ന്യൂനപക്ഷസ്വഭാവം എടുത്തുകളയാന്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നത് എം.സി ചഗ്ളയാണ്. അത്തരമൊരു നീക്കത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അല്‍പം ആശങ്കയോടെ കണ്ടപ്പോള്‍, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് ഉറപ്പുനല്‍കുകയും ഏറ്റെടുത്ത നിയോഗം വളരെ ‘ഭംഗിയായി’ നിറവേറ്റുകയും ചെയ്തതിന്റെ വിവരണം ‘റോസസ് അറ്റ് ഡിസംബര്‍’എന്ന ആത്മകഥയില്‍ ചഗ്ള തന്നെ വിവരിക്കുന്നുണ്ട്. അഭിഭാഷക വൃത്തിയില്‍ മുഹമ്മദലി ജിന്നയുടെ ജൂനിയറായി തുടങ്ങിയ ചഗ്ള ആ രംഗത്ത് കൈവരിച്ച നേട്ടം വലുതാണെങ്കിലും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാനോ ന്യൂനപക്ഷങ്ങള്‍ക്കായി ക്രിയാത്മകമായി വല്ലതും ചെയ്യാനോ അശേഷം താല്‍പര്യം കാണിച്ചില്ല എന്നു മാത്രമല്ല, തന്റെ മതസ്വത്വം തൂക്കിവിറ്റ് വ്യക്തിപരമായി നേടാനാവുന്നതെല്ലാം നേടി. അങ്ങനെയാണ് അമേരിക്കയില്‍ ഇന്ത്യയുടെ നയതന്ത്രജ്ഞനായി അവരോധിക്കപ്പെടുന്നത്.
ഹാമിദ് ദല്‍വായി മറ്റൊരാളാണ്. ത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയവക്കെതിരെ അദ്ദേഹം ഒച്ചവെച്ച് തുടങ്ങിയപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോ പുരോഗമന സംഘമോ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നില്ല. ഏക സിവില്‍കോഡിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ‘പോരാട്ടം’ മതേതരത്വത്തെക്കുറിച്ചുള്ള തീര്‍ത്തും തെറ്റായ വ്യാഖ്യാനത്തിന്റെ പുറത്തായിരുന്നു. ദല്‍വായിയെ ഏറ്റുവിളിച്ചത് ആര്‍.എസ്.എസ് മാത്രമായിരുന്നു. എന്നാല്‍, മതരാഷ്ട്രവാദവുമായി മുന്നോട്ടുപോകുന്ന ആര്‍.എസ്.എസിനെ പരസ്യമായി വിമര്‍ശിച്ച്കൊണ്ട് തന്റെ ‘സാമൂഹിക പ്രതിബദ്ധത’ തെളിയിക്കാന്‍ ചില നാടകങ്ങള്‍ അദ്ദേഹം കളിച്ചു. രാഷ്ട്രീയമായി സോഷ്യലിസ്റ്റ് ചിന്താഗതി വെച്ചുപുലര്‍ത്തിയ ദല്‍വായി , മതപരിഷ്‌കരണത്വരയുമായി രംഗത്തുവന്നത് ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം പ്രകോപിതരാക്കുന്ന തരത്തിലായിരുന്നു. താന്‍ മരണപ്പെട്ടാല്‍ ഖബറടക്കരുതെന്നും ക്രിമിറ്റീരിയത്തില്‍ കത്തിച്ചുകളയണമെന്നും ഒസ്യത്ത് എഴുതിവെച്ചാണ് ദല്‍വായി കാലയവനികക്കുള്ളില്‍ മറഞ്ഞത്.
ആരിഫ് മുഹമ്മദ് ഖാന്‍
കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മേല്‍പറഞ്ഞ രണ്ടുപേരില്‍നിന്ന് പല കാര്യങ്ങളിലും വ്യത്യസ്തനാണ്. എത്രയെത്ര രാഷ്ട്രീയ പാര്‍ട്ടികളില്‍ ഞാണിന്മേല്‍ കളി നടത്തിയാണ് ഇന്ന് അദ്ദേഹം രാജ്ഭവനിലെത്തിയത്? ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 1951ല്‍ ജനിച്ച ആരിഫ്, ഭാരതീയ ക്രാന്തിദളിലൂടെയാണ് 26-ാമത്തെ വയസ്സില്‍ നിയമസഭയിലെത്തുന്നത്. പിന്നീട് അദ്ദേഹത്തെ നാം കാണുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലാണ്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗത്വം നേടിയെടുത്തു. മുസ്ലിം വനിത ബില്ലിന്റെ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനോട് വിയോജിച്ച് രാജിവെച്ചുപോയപ്പോള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശം പലരാലും പ്രകീര്‍ത്തിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തെ നാം കാണുന്നത് ജനതാദളിലാണ്. താമസിയാതെ ബി.എസ്.പിയിലെത്തി. അവിടെനിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുകയും ആ ലേബലില്‍ എങ്ങനെയെങ്കിലും നിയമസഭയിലെത്താന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ പരാജയപ്പെട്ടു. പിന്നീട് അജ്ഞാതവാസം നയിച്ച ആരിഫിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് 2019 സെപ്റ്റംബര്‍ ഒമ്പതിന് ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. ആരിഫ് കടന്നുവന്ന വഴികളെക്കുറിച്ച് അപ്പോള്‍ തന്നെ പലരും ഓര്‍മപ്പെടുത്തിയതാണ്. അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി, ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാല, ലക്നോവിലെ ശിയ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ ഒരു യു.പി. സ്വദേശിയുടെ ചിന്തയും സംസ്‌കാരവും ഒരിക്കലും ആര്‍.എസ്.എസിന്റെ നിലപാടുകളുമായി യോജിച്ചുപോവില്ല എന്ന് സാമാന്യബുദ്ധി വിളച്ചുപറയുന്നുണ്ട്. 1972-73 കാലയളവില്‍ അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റി യൂണിയന്‍ പ്രസിഡന്റാവാനുള്ള സൗഭാഗ്യം ലഭിച്ചതില്‍നിന്നാണ് ആരിഫ്ഖാന്‍ രാഷ്ട്രീയത്തിന്റെ ഏണിപ്പടികള്‍ ചവുട്ടിക്കയറുന്നത്. പക്ഷേ, അലീഗഡ് അവിടുത്തെ വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കാറുള്ള പ്രതിബദ്ധതയുടെ സംസ്‌കാരം കൊണ്ട് ആരിഫ് അനുഗ്രഹിക്കപ്പെട്ടിട്ടില്ല എന്നാണ് കേരളത്തില്‍ എത്തിയതിനുശേഷമുള്ള അദ്ദേഹത്തിന്റെ ചൊല്ലും ചെയ്തിയും തെളിയിക്കുന്നത്. ഇതിനു മുമ്പും ഉപരിപ്ലകരമായ പാണ്ഡിത്യവും പുരോഗമനേച്ഛു മുഖവും രാജ്യത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ അദ്ദേഹം നടത്തിയ ശ്രമം ഒരുകലാപകാരിയുടെ മുദ്ര ചാര്‍ത്തിക്കൊടുത്തതല്ലാതെ, ധൈഷണികമായ ഉയര്‍ച്ച ആരും തന്നെ അദ്ദേഹത്തില്‍ ദര്‍ശിച്ചിട്ടില്ല.
ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ രാഷ്ട്രീയത്തില്‍ സ്വന്തമായി ഇടംപിടിക്കുന്നത് നേരത്തെ സൂചിപ്പിച്ചത്പോലെ ഷാബാനുബീഗം കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ മുസ്ലിം വനിത നിയമം കൊണ്ടുവന്ന് ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാന്‍ ശ്രമം നടത്തിയപ്പോഴാണ്.1985 ഏപ്രില്‍ 23ന് വന്ന ഷാബാനു ബീഗം കേസിന്റെ വിധിയില്‍ വിവാഹമുക്തയായ മുസ്ലിം സ്ത്രീക്ക് മുന്‍ഭര്‍ത്താവ് ജീവനാംശം കൊടുക്കാന്‍ ബാധ്യസ്ഥനാണെന്ന് കല്‍പിച്ചപ്പോള്‍ മുസ്ലിംകള്‍ അത്തരമൊരു തീര്‍പ്പ് ശരീഅത്തിന്റെ ശാസനകള്‍ക്ക് എതിരാണെന്ന മുറവിളി കൂട്ടി. ഏകീകൃത സിവില്‍ കോഡിന്നായുള്ള ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള വിധിയിലെ ചില പരാമര്‍ശങ്ങള്‍ മുസ്ലിം പണ്ഡിതന്മാരെ സമര രംഗത്തിറക്കി. രാജ്യമാസകലം ശരീഅത്ത് സംരക്ഷണ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഷാബാനുബീഗം കേസ് അതോടെ ദേശീയ രാഷ്ട്രീയത്തിലെ വലിയ വിവാദവിഷയമായി. കോടതിവിധി മറി കടക്കുന്നതിന്, ജീവനാംശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടി ചട്ടം 125-ാം വകുപ്പ് മുസ്ലിംകള്‍ക്ക് ബാധകമാക്കാതിരിക്കാനുള്ള ഒരു സ്വകാര്യബില്‍ മുസ്ലിം ലീഗ് നേതാവ് ജി.എം ബനാത്ത്വാല പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആ ബില്ലിനെ ശക്തമായി എതിര്‍ത്തത് അന്ന് കോണ്‍ഗ്രസ് സഹമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു. മൗലാന അബുല്‍കലാം ആസാദിനെ ഉദ്ധരിച്ചാണ് ആരിഫ്, തന്റെ പുരോഗമന നിലപാട് മുന്നോട്ടുവച്ചത്. രാജീവ്ഗാന്ധിയുടെ പരോക്ഷ പിന്തുണയോടെയാണത്രെ ഈ നാടകമെല്ലാം. ബില്ല് വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് അതിനെ പരാജയപ്പെടുത്തി. 1985 ന്റെ അവസാനം ഉത്തരേന്ത്യയില്‍ നടന്ന പല ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഷാബാനു വിഷയമാണ് ഇതിന് കാരണമായി ഉള്‍പ്പാര്‍ട്ടിചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. മുസ്ലിം പിന്തുണ നഷ്ടപ്പെടുന്നതില്‍ ചകിതനായ രാജീവ് ഗാന്ധി മറ്റൊരു മന്ത്രിസഭാംഗമായ ഇസെഡ്.എ അന്‍സാരിയുടെ ഉപദേശം തേടിയത്രെ . മുസ്‌ലിം ജനസാമാന്യത്തിന്റെ പിന്തുണ വീണ്ടെടുക്കാന്‍ കോടതിവിധി റദ്ദാക്കുന്നതിന് ചില നടപടികള്‍ സ്വീകരിച്ചേ മതിയാവൂ എന്ന ഉപദേശമാണത്രെ അന്‍സാരി നല്‍കിയത്. സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചുകൊണ്ട് അന്‍സാരിയുടെ മൂന്ന് മണിക്കൂര്‍ നീണ്ട പ്രസംഗം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു സംഭവമായിരുന്നു. അതോടെയാണ് മുസ്ലിം വനിത നിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധി നീക്കമാരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ന്യൂനപക്ഷ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന മുന്‍ കാബിനറ്റ് സെക്രട്ടറി കൂടിയായ വജാഹത്ത് ഹബീബുല്ല പിന്നീട് അയവിറക്കുകയുണ്ടായി. ”ഒരുദിവസം രാവിലെ പ്രധാനമന്ത്രിയുടെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ അന്ന് കോണ്‍ഗ്രസ് സഹയാത്രികനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ എം.ജെ അക്ബര്‍ മുന്നിലിരിക്കുന്നുണ്ടായിരുന്നു. ‘വരൂ വജാഹത്ത്, നിങ്ങള്‍ നമ്മുടെ കൂട്ടത്തിലുള്ളയാളാണല്ലോ’എന്ന ആമുഖത്തോടെ രാജീവ് കസേര കാണിച്ചുകൊടുത്തു. എം.ജെ അക്ബറിന്റെ ഉപദേശം കേട്ട് ഷാബാനുകേസിന്റെ വിധി ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്ന് മനസ്സിലായി. മുസ്ലിംകളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ വേറെ പോംവഴിയില്ല. ആരിഫ്മുഹമ്മദ് ഖാനെതിരെ ദൂരദര്‍ശന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ ഇസെഡ്.എ അന്‍സാരിയെ അതോടെ ശട്ടം കെട്ടിക്കുകയായിരുന്നു.”
മുസ്ലിംവനിത ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിസ്ഥാനം രാജിവെച്ച്പോകുന്നത്. അല്‍പം രാഷ്ട്രീയ നിലപാടുണ്ടായിരുന്നുവെങ്കില്‍ പാര്‍ട്ടിയോട് വിട പറയേണ്ടിവരുമായിരുന്നില്ല. ഉടന്‍ പച്ചപ്പ്തേടി ജനതാദളിലേക്കാണ് പോയത്. അന്നും ഇന്നും ആരിഫിന് ഒരു അജണ്ടയേയുള്ളൂ. വ്യക്തിപരമായ അജണ്ട. തന്നെ മാറ്റിനിറുത്തി അന്‍സാരിയെ മുന്നില്‍വെച്ചതിന്റെ കെറുവാണത്രെ ഇദ്ദേഹത്തെ രാജീവിന്റെ ശത്രുവാക്കിയത്.
ഹിന്ദുത്വയുടെ ഉപാസകന്‍
ഇപ്പോള്‍ ആര്‍.എസ്.എസിന്റെ പിണിയാളായി മാറിയിരിക്കയാണ് ആരിഫ് മുഹമ്മദ് ഖാന്‍. അതിന്റെ കോലാഹലങ്ങള്‍ അദ്ദേഹം രാജ്ഭവനില്‍ കാലെടുത്ത് വെച്ചത് മുതല്‍ കേള്‍ക്കാനുണ്ടെങ്കിലും കണ്ണൂരില്‍ നടന്ന 80ാം അഖിലേന്ത്യാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ അരങ്ങേറിയ സംഭവവികാസങ്ങളോടെ ബന്ധം വഷളായിരിക്കയാണ്. ചരിത്ര കോണ്‍ഗ്രസ് പ്രഫഷനല്‍ ചരിത്രകാരന്മാരുടെ വാര്‍ഷിക സംഗമവേദിയാണ്. ഇര്‍ഫാന്‍ഹബീബ്, റോമില ഥാപ്പര്‍, അത്തര്‍ അലി തുടങ്ങിയ ലോകപ്രശസ്ത ചരിത്രകാരന്മാരുടെ മേല്‍നോട്ടവും നിയന്ത്രണവും ഹിസ്റ്ററി കോണ്‍ഗ്രസുകളെ ധൈഷണിക വ്യവഹാരങ്ങളുടെ മികച്ച അക്കാദമിക സംഗമഭൂമിയായി മാറ്റിയിട്ടുണ്ട്. ചരിത്രത്തിന്റെ പുതിയ സരണികളിലൂടെ ആധുനികമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും ആഗോള, ദേശീയ, പ്രാദേശിക സമസ്യകളെ ആധികാരിക ചരിത്രത്തിന്റെ പിന്‍ബലത്തോടെ പഠിക്കാനും വ്യാഖ്യാനിക്കാനുമുള്ള ഒന്നാന്തരം അവസരമായാണ് ചരിത്രകാരന്‍മാരും ചരിത്രവിദ്യാര്‍ഥികളും ചരിത്ര കോണ്‍ഗ്രസിനെ കാണുന്നത്. അത്തരമൊരു വേദിയില്‍ വന്ന് ആര്‍.എസ്.എസിനുവേണ്ടി വാദിക്കാന്‍ തുനിഞ്ഞാല്‍ ഇര്‍ഫാന്‍ഹബീബിനെ പോലുള്ള ഒരു മഹദ്വ്യക്തി കേട്ടിരിക്കുമെന്ന് കരുതിയിടത്താണ് ആരിഫിന് തെറ്റിയത്. മറ്റു രാഷ്ട്രീയനേതാക്കളില്‍നിന്ന് വ്യത്യസ്തമായി ഇസ്ലാമികം അടക്കമുള്ള വിഷയങ്ങളില്‍ ആരിഫ് മുഹമ്മദ്ഖാന്‍ പാമരനല്ല. ആധികാരിക പണ്ഡിതനുമല്ല. 2010ലെ ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ Text and Context: Quran and Contemporary Challenges എന്ന ആരിഫ് എഴുതിയ പുസ്തകം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. എങ്കിലും ചരിത്രകാരന്മാരുടെ വേദിയില്‍ വന്ന് വേണ്ടാത്തരം പറഞ്ഞതും പൗരത്വനിയമഭേദഗതിക്കു വേണ്ടി സര്‍ക്കാരിനായി വാദിച്ചതും ഉണ്ടചോറിന് നന്ദി കാണിക്കാനുള്ള തറവേലയായേ കുഞ്ഞുങ്ങള്‍ പോലും കാണുകയുള്ളൂ. ഇന്ത്യയിലെ മുസ്ലിംകള്‍ ചെളിക്കുണ്ടിലാണെന്ന് അബുല്‍ കലാം ആസാദ് അഭിപ്രായപ്പെട്ടതായി തെറ്റായി ഉദ്ധരിച്ചതാണ് ഇര്‍ഫാന്‍ഹബീബിനെ പ്രകോപിച്ചത്. ആസാദ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗോഡ്‌സെയെ ഉദ്ധരിച്ച് സംസാരിച്ചാല്‍ മതിയെന്നും മുഖത്ത് നോക്കി പറയേണ്ടിവന്നത് അതുകൊണ്ടാണ് എന്ന് ഇര്‍ഫാന്‍ വ്യക്തമാക്കുകയുണ്ടായി. ഖുര്‍ആനെ തെറ്റായി ഉദ്ധരിക്കാന്‍ ശ്രമിച്ചതും ചരിത്രകാരന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് ശരവ്യമാവാനിടയാക്കി. 2019ലെ പൗരത്വനിയമ ഭേദഗതിയുടെപേരില്‍ ബി.ജെ.പി സര്‍ക്കാരിനെ ന്യായീകരിക്കാന്‍ വിശുദ്ധ ഖുര്‍ആനിനെ പോലും ആശ്രയിക്കാന്‍ ആരിഫ്ഖാന്‍ മെനക്കെടുമ്പോള്‍, വ്യക്തമായ അജണ്ടയുമായാണ് ഈ മനുഷ്യന്‍ കേരളത്തിലേക്ക് വിമാനം കയറിയതെന്ന് വേണം കരുതാന്‍. ഉപരാഷ്ട്രപതി പദത്തിലാണ് അദ്ദേഹത്തിന്റെ നോട്ടം. ആര്‍.എസ്.എസിന്റെ ഗുഡ്ബുക്കില്‍ കയറിക്കൂടാന്‍ എളുപ്പവഴി കമ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാവാം. പക്ഷേ സ്വന്തം കാര്യലാഭത്തിനായി വഴിവെട്ടുമ്പോള്‍, ഗവര്‍ണര്‍ എന്ന പദവിയുടെ അന്തസ്സത്തയാണ് ഇടിച്ചുതകര്‍ക്കുന്നതെന്ന് ആരിഫ് ഖാന്‍ മനസ്സിലാക്കുന്നില്ല.
ഇര്‍ഫാന്‍ ഹബീബിനെ അറിയാത്ത ആളല്ല ആരിഫ് എന്ന ‘അലീഗേഡിയന്‍’. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷവാദിയാണ് ഈ കമ്യൂണിസ്റ്റ് ചരിത്രകാരന്‍. മതനിഷേധിയോ മതവിരുദ്ധനോ അല്ല. എന്തെങ്കിലും തട്ടിവിട്ട് അദ്ദേഹത്തിന്റെ മുന്നില്‍ നിന്ന് ഒരാള്‍ക്കും രക്ഷപ്പെടാനാവില്ല. അറിവിന്റെ ഒരു സാഗരമാണ് അദ്ദേഹം. എട്ട് മണിക്ക് തുടങ്ങുന്ന ചില ക്ലാസുകള്‍ മൂന്ന് പിരിയിഡുകള്‍ കഴിഞ്ഞ് 11മണി വരെ നീണ്ടാലും അദ്ദേഹം അറിയില്ല; രണ്ടാമത്തെയും മൂന്നാമത്തെയും ക്ലാസുകളെടുക്കാന്‍ വന്ന അധ്യാപകര്‍ തന്നെ കണ്ട് തിരിച്ചുപോയിരിക്കയാണെന്ന്. വിഷയത്തില്‍ നിന്ന് വിഷയത്തിലേക്ക് പടര്‍ന്നുകയറുമ്പോള്‍, അറിവിന്റെ ഓരോരോ കിളിവാതിലുകള്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ തുറന്നുവെച്ച് വിജ്ഞാനത്തിന്റെ വെളിച്ചവും അവബോധത്തിന്റെ കാറ്റും അകക്കാമ്പിലേക്ക് ആവാഹിച്ചാവും അദ്ദേഹം നടന്നുപോവുക.. അവിടെ ആരിഫ് മുഹമ്മദ് ഖാനെ പോലുള്ള ഒരു പക്കാ രാഷ്ട്രീയക്കാരന്റെ റോള്‍ വളരെ പരിമിതമാണ്. അതാണ് ഇര്‍ഫാന്‍ഹബീബ് പറഞ്ഞത് ഗവര്‍ണറെ ഹിസ്റ്ററി കോണ്‍ഗ്രസിലേക്ക് ഞങ്ങളാരും ക്ഷണിച്ചിട്ടില്ലെന്നും ആതിഥേയരായ കണ്ണൂര്‍യൂനിവേഴ്സിറ്റിയാണ് വിളിച്ചുവരുത്തിയതെന്നും. ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും സ്ഥലം എം.പിയുമൊക്കെ നേരത്തെ തന്നെ തീരുമാനിച്ചത് ശ്ലാഘനീയമാണ്. ചരിത്രകോണ്‍ഗ്രസ് പോലുള്ള ധൈഷണിക സംവാദങ്ങള്‍ പ്രോദ്ഘാടനം ചെയ്യാനുള്ള യോഗ്യത, പെറ്റി പൊളിറ്റിക്സ് കളിച്ച് കളഞ്ഞുകുളിക്കുകയാണ് മോഡിയുഗത്തിലെ ഗവര്‍ണര്‍വര്‍ഗം. പൗരത്വനിയമ വിഷയത്തില്‍ കേരളത്തിലുടനീളം അരങ്ങേറുന്ന പ്രക്ഷോഭപരിപാടികളിലും കക്ഷിപക്ഷം മറന്നുള്ള ഒത്തൊരുമിച്ചുള്ള നീക്കത്തിലും ഡല്‍ഹിയിലിരിക്കുന്ന ഭരണകൂട മേലാളന്മാരെക്കാള്‍ അസഹിഷ്ണുത കാട്ടാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ടുവരുമ്പോള്‍ ആ പദവിയാണ് വ്യഭിചരിക്കപ്പെടുന്നത്. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞത്, ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ആരിഫ് പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലേര്‍പ്പെട്ടോട്ടെ എന്ന്. സംസ്ഥാനത്ത് ബി.ജെ.പിക്ക് പ്രസിഡന്റ് ഇല്ല. ആരിഫിനെ കൊണ്ട് അത് നികത്താമെന്നാണ് അമിത്ഷാ കരുതുന്നതെങ്കില്‍ അങ്ങനെയുമാവട്ടെ. പക്ഷേ, സങ്കുചിത രാഷ്ട്രീയ അജണ്ട കേരളീയരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ യു.പി അല്ല കേരളമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കേണ്ടിവരും.
ആരിഫ് മുഹമ്മദ് ഖാനെപോലുള്ള മീര്‍ജാഫര്‍മാരാണ് ഇന്ത്യന്‍ മുസ്‌ലിംകളുടെ ശാപം. അദ്ദേഹത്തിന്റെ ജന്മനാട് ഇന്ന് യോഗിആദിത്യനാഥ് എന്ന കപട മതപുരോഹിതന്റെ കീഴില്‍ മതേരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും കശാപ്പുശാലയായി മാറിയത് കേരള ഗവര്‍ണര്‍ അറിയാതിരിക്കില്ല. ഭീകരമാണ് അവിടുത്തെ അവസ്ഥ. വിഭജനത്തിന്റെ അന്ധകാരത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത അങ്ങേയറ്റത്തെ ക്രൂരതകളാണ് പൊലീസും ഉദ്യോഗസ്ഥ വൃന്ദവും പുറത്തെടുത്തിരിക്കുന്നത്. മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൊടിയ അക്രമം അഴിച്ചുവിടുകയാണ് പോലിസ്. സമ്പന്നരുടെവീടുകളില്‍ കയറി ഫ്രിഡ്ജും ടി.വിയും വിലപിടിപ്പുളളതെന്തും ചാമ്പലാക്കുകയാണ്. ഇതിനകം രണ്ടുഡസന്‍ മുസ്ലിംകള്‍ക്ക് ജീവന്‍ബലി കൊടുക്കേണ്ടിവന്നു. കോടികളുടെ നാശനഷ്ടങ്ങളാണ് മതഭ്രാന്ത് മൂത്ത പോലിസ് സേന വരുത്തിവെച്ചിരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന പിഞ്ചുപെണ്‍കുട്ടികളെപോലും കുടിലുകളില്‍നിന്ന് അടിച്ചോടിക്കുകയോ ബലാല്‍സംഗത്തിന് ഇരയാക്കുകയോ ചെയ്യുകയാണ്. കൈയും കാലും പൊട്ടി കൈക്കുഞ്ഞുങ്ങള്‍ പോലും ചികില്‍സ കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്. അതിനെ കുറിച്ചൊന്നും ഒരക്ഷരം ഉരിയാടാന്‍ ആര്‍ജവം കാട്ടുകയോ ബന്ധപ്പെട്ടവരുമായി ഉത്കണ്ഠ പങ്കുവെക്കാന്‍ മെനക്കെടുകയോ ചെയ്യാതെ ഖുര്‍ആന്‍ ഉദ്ധരിച്ച് ആര്‍.എസ്.എസുകാരെ അനുസരിക്കണമെന്ന് പറയാന്‍ ഒരു ഗവര്‍ണര്‍ ധാര്‍ഷ്ട്യം കാണിക്കുമ്പോള്‍ ജനാധിപത്യ മാര്‍ഗത്തില്‍ അവരെ പ്രതിരോധിക്കുകയാണ് നമ്മുടെ ബാധ്യത. ഹിന്ദുത്വസേവയുമായി പ്രബുദ്ധ കേരളത്തില്‍ അധികനാള്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കിയാല്‍ ആരിഫ് മുഹമ്മദ് ഖാന് നല്ലത്.
Kasim Irikkoor
You must be logged in to post a comment Login