ഒരു ഇടതുഭരണമാണ് കേരളത്തില്‍ ഉള്ളതെങ്കിലും, ദേശീയതലത്തില്‍ ഉള്ള അവരുടെ നയങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ ഭരണം നടക്കുന്നത് എന്ന കാര്യം പുതുമയല്ലെങ്കിലും തികച്ചും ആര്‍.എസ്.എസ് പക്ഷപാതിത്വം പ്രവൃത്തിയില്‍ ദൃശ്യമാകുന്ന ഒരു ഇടതുഭരണം ഇതാദ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
-ടി ടി ശ്രീകുമാര്‍, മാധ്യമം ദിനപ്പത്രം.
ഇന്ത്യന്‍ മുസ്ലിമിന് പതിറ്റാണ്ടുകളായി ചാര്‍ത്തിക്കിട്ടിയ അപരത്വത്തെ അതിഹിംസാത്മകമായി അരക്കിട്ടുറപ്പിച്ച ഒരു നിയമത്തിനെതിരില്‍, രാജ്യവ്യാപകമായി നാനാതുറയില്‍ പെട്ട മനുഷ്യര്‍ സമരം തുടരുന്ന നാളുകളില്‍ ആ സമരങ്ങളോട് കേരളം അസാധാരണമാം വിധം ഐക്യപ്പെട്ട ദിവസം മാധ്യമം ദിനപ്പത്രം അച്ചടിച്ച വരികളാണിത്. ആ ഐക്യപ്പെടല്‍ നിങ്ങള്‍ക്ക് അറിയുന്നപോലെ കേരള നിയമസഭയിലാണ് സംഭവിച്ചത്. സംസ്ഥാനത്തെ ജനാധിപത്യ രാഷ്ട്രീയം അതിന്റെ സകലമാന അഭിപ്രായഭിന്നതകളെയും മാറ്റിവെച്ച്- അതെ വിസ്മരിച്ച് എന്നല്ല, മാറ്റിവെച്ച് എന്നാണ്-നിയമസഭയില്‍ ഒറ്റക്കെട്ടായി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച സി.എ.എ വിരുദ്ധ പ്രമേയം വള്ളിപുള്ളി മാറ്റാതെ സഭ പാസാക്കി. കോണ്‍ഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം പ്രമേയത്തിനൊപ്പം അണിനിരന്നു. സഭാതലം ഈ രാജ്യത്തിന്റെ ജനാധിപത്യം സര്‍ഗാത്മകമായും മഴവില്‍ശോഭയോടെയും നിലനില്‍ക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വാചാലമായി. നിരാലംബവും ദുര്‍ബലവും വിഷരാഷ്ട്രീയലിപ്തവുമായ ഒരു വൃദ്ധശബ്ദം മാത്രമായിരുന്നു പ്രമേയത്തെ എതിര്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹമാകട്ടെ ശിഥിലമായ കുടുംബത്തിലെ ഏകാകിയായ വൃദ്ധനെ അനുസ്മരിപ്പിക്കുമാറ് ഭൂതകാല വീരസ്യങ്ങള്‍ ഓര്‍മിപ്പിക്കുക മാത്രം ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മലപ്പുറം എന്ന ദേശം ഏറ്റുവാങ്ങിയ വെടിയുണ്ടകളുടെയും അതിധീരം പൊരുതിമരിച്ച ഉഗ്രപോരാളികളുടെയും പേരുകള്‍ സഭാതലത്തില്‍ നിറഞ്ഞുപൊന്തി. വാരിയന്‍കുന്നനും മമ്പുറവും ഓര്‍മിക്കപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ പ്രമേയം പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇടതുപക്ഷം ഭരിക്കുന്ന കേരളം മാറി. എത്ര വലിയ പ്രതിഷേധമായിരുന്നു അതെന്ന് വരും നാളുകള്‍ സാക്ഷ്യം പറയും. ഫെഡറലിസമെന്നാല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലെ ജന്മികുടിയാന്‍ വ്യവസ്ഥയല്ലെന്ന അതിശക്തമായ താക്കീതുണ്ട് ആ സമ്മേളനത്തിന്റെ അന്തസത്തയില്‍. ഫെഡറലിസമെന്നാല്‍ ഒരു ധാരണയാണെന്നും പരസ്പരബന്ധമാണെന്നും ഭരണഘടനയാണ് അതിന്റെ ഏകാടിസ്ഥാനമെന്നും കേരളം രാജ്യത്തോട് ഉറക്കെപ്പറഞ്ഞ മഹാനിമിഷം. വിഭജനം മുതല്‍ ആസൂത്രിതമായി അപരവല്‍കരിക്കപ്പെട്ട ഒരു സമുദായം എത്ര വൈകാരികമായായിരിക്കണം ആ നിമിഷങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ടാവുക?
ആരെയാണ് കേരള നിയമസഭ വെല്ലുവിളിച്ചതെന്നും എന്തിനെയാണ് സഭാസമ്മേളനം എതിരിടാന്‍ ശ്രമിക്കുന്നതെന്നും നമ്മളറിയണം. സീറ്റെണ്ണത്തില്‍ അതിബലമുള്ള ഒരു കേന്ദ്ര ഭരണകക്ഷിയെ ആണ് ഇടതുപക്ഷം ഭരിക്കുന്ന കേരളം വെല്ലുവിളിക്കുന്നത്. നമുക്കറിയും പോലെ കശ്മീരിനെ തടവറയാക്കാന്‍ ഒറ്റ രാത്രി മാത്രം മതിയായിരുന്ന ഭരണകൂടത്തെ. പണക്കൊഴുപ്പ് കൊണ്ട് ജനഹിതത്തെ നിര്‍ലജ്ജം ചാക്കില്‍ വാരാന്‍ മടികാണിക്കാത്ത ബി.ജെ.പി നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ, രാഷ്ട്രപതി എന്ന ഭരണഘടനാപദവിയെ കളിപ്പാവയാക്കി കീകൊടുത്ത് രസിക്കാന്‍ മടിക്കാത്ത ഭരണകൂടത്തെ. അവരെയാണ് കേരളം വെല്ലുവിളിച്ചത്.
എന്തിനെയാണ് വെല്ലുവിളിച്ചതെന്നും നമുക്കറിയാം. നീണ്ട വര്‍ഷങ്ങളിലൂടെ ആര്‍.എസ്.എസ് രൂപപ്പെടുത്തിയ ഒരു വിഭജന അജണ്ടയുടെ അന്തിമഘട്ടങ്ങളില്‍ ഒന്നിനെയാണ് വെല്ലുവിളിച്ചത്. ഒരു മുസ്ലിം പ്രശ്‌നമായി പൗരത്വ ഭേദഗതി നിയമത്തെയും പിന്നാലെ വരാന്‍ കയറുമുറുക്കിയ പൗരത്വ രജിസ്റ്ററിനെയും മാറ്റാന്‍ കിണഞ്ഞു ശ്രമിച്ച സംഘപരിവാര്‍ അജണ്ടയെ ആണ് വെല്ലുവിളിച്ചത്. ഒരു ഹിന്ദു മുസ്ലിം ബലാബലത്തിലേക്ക് പൗരത്വ പ്രശ്‌നത്തെ തളക്കാനും ആള്‍ബലം കൊണ്ടും ആയുധബലം കൊണ്ടും വിജയം നേടാനും ഒരുക്കിയ വന്‍പദ്ധതിയെയാണ് വെല്ലുവിളിച്ചത്. അല്ല, ഇതൊരു മുസ്ലിം പ്രശ്‌നമല്ല, ഇത് ഈ രാജ്യത്തിന്റെ ഭരണഘടനയുടേയും ആ ഭരണഘടനയുടെ ജൈവികതയില്‍ മാത്രം തഴച്ച് പന്തലിച്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പ്രശ്‌നമാണ് എന്ന കേരളത്തിന്റെ പ്രഖ്യാപനമായിരുന്നു നിയമസഭാ പ്രമേയം. മുസ്ലിമിന്റെ പൗരത്വം മുസ്ലിമിനോടുള്ള വിവേചനം എന്ന ഒറ്റക്കള്ളിയില്‍ പ്രശ്‌നത്തെ കെട്ടിയിട്ട് ലാഭം കൊയ്യാം എന്ന നാഗ്പൂര്‍ പദ്ധതിയെ അടിമുടി റദ്ദാക്കലായിരുന്നു ആ സമ്മേളനം. വിഭജനം എന്ന കൊളോണിയല്‍ പദ്ധതി; അതിന് പിന്നിലെ മറ്റ് ബുദ്ധികള്‍ ഇനിയും തെളിയേണ്ടതുണ്ട്; വേരറുത്തുകളഞ്ഞ ഇന്ത്യന്‍ മുസല്‍മാനെ എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം ചേര്‍ത്തു നിര്‍ത്തിയ ഗാന്ധിയെ ഓര്‍ക്കണം. വ്യക്തിയെ രാഷ്ട്ര സ്വത്വമായി തിരിച്ചറിഞ്ഞ ഒരു രാഷ്ട്രതന്ത്രത്തിന്റെ പേര് കൂടിയാണ് ഗാന്ധി. മരണമായിരുന്നു അതിനുള്ള ശിക്ഷ എന്നും മറക്കരുത്.
അങ്ങനെ മുസ്ലിം വിവേചനമെന്നാല്‍ ജനാധിപത്യത്തിലെ അട്ടിമറിയാണെന്നും, മുസ്ലിമിനെ അപരരാക്കി, മതസ്വത്വം മാത്രമാക്കി ജനാധിപത്യത്തിന്റെ കവചങ്ങള്‍ അവരില്‍ നിന്ന് കീറിമാറ്റാനുള്ള പദ്ധതിയെന്നാല്‍ ഭരണഘടനയുടെ ആത്മസത്തയെ കീറിമാറ്റലാണെന്നും പറയുകയായിരുന്നു ഡിസംബര്‍ മുപ്പത്തിയൊന്നിന് ഐക്യകേരളം.
നോക്കൂ, അന്നേ ദിവസം മാധ്യമം ദിനപത്രത്തിന്റെ വായനക്കാര്‍-ഭൂരിപക്ഷവും മുസ്ലിം മതവിശ്വാസികളായവര്‍-മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ അഭിമുഖീകരിച്ച വരികളാണ് നിങ്ങള്‍ ആദ്യം വായിച്ചത്. ആ വരികള്‍ക്ക് ശേഷം ടി.ടി ശ്രീകുമാര്‍ മാധ്യമത്തിന്റെ വായനക്കാരോട് വേറെ ചിലതും പറയുന്നുണ്ട്. കേരളത്തില്‍ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു എന്നും പൗരത്വപട്ടിക ഉന്നം വെച്ചുള്ള വിവര ശേഖരണം നടക്കുന്നു എന്നുമാണത്. അത് മാധ്യമത്തിന് വേണ്ടി എഴുതിയ ലേഖകന്റെ കണ്ടെത്തലല്ല കേട്ടോ, സമൂഹ മാധ്യമങ്ങളിലൂടെ ആക്ടിവിസ്റ്റുകള്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങളാണത്രേ. തീര്‍ന്നില്ല അനുഷ്ഠാനസമരങ്ങള്‍ പോരാ, നൈസര്‍ഗികമായ മറ്റ് സമരമുറകള്‍ വേണമെന്ന ആഹ്വാനവും ലേഖകന്‍ നടത്തുന്നുണ്ട്.
കേരളീയ പൊതുസമൂഹത്തില്‍ പ്രത്യേകിച്ച് മതേതര ബഹുസ്വര പൊതുമണ്ഡലത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റ് മൗദൂദിസ്റ്റുകളും സൃഷ്ടിക്കുന്ന വ്യാജങ്ങളുടേയും കൊടുംകള്ളങ്ങളുടെയും സമീപകാല സാമ്പിളാണ് ടി.ടി ശ്രീകുമാറിന്റെ ഈ ലേഖനം. സഞ്ചരിക്കുന്ന പൗരത്വരേഖയായി ഓരോ മുസ്ലിമിന്റെയും ജീവിതത്തെ മാറ്റുന്നതില്‍ സംഘപരിവാരം വഹിച്ച പങ്കിനേക്കാള്‍ ഒട്ടും ചെറുതല്ല പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളായ ജമാഅത്തെ ഇസ്ലാമിയും മറ്റ് മൗദൂദിസ്റ്റുകളും വഹിച്ചത് എന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന കേവലമൊരു വിരല്‍മാത്ര കൂട്ടായ്മയുടെ പോസ്റ്റര്‍ സംഘപരിവാരത്തിന്റെ വളര്‍ച്ചക്ക് ഇട്ടുകൊടുത്ത ചാണകവും എല്ലുപൊടിയും നാമിനിയും അളന്ന് തീര്‍ത്തിട്ടില്ല. ഇന്ത്യന്‍ മുസ്ലിം എപ്പോഴെല്ലാം ബഹുസ്വര പൊതുമണ്ഡലത്തില്‍ ജനാധിപത്യത്തെ പുണരാന്‍ വെമ്പുന്നുവോ അന്നെല്ലാം ഇരവാദത്തിന്റെ തേറ്റയില്‍ കെട്ടിയ സ്വത്വവാദവുമായി അവര്‍ അവതരിക്കാറുള്ളതും നാം മറന്നിട്ടില്ല. അക്കൂട്ടത്തിലേക്കുള്ള സമീപകാല സംഭാവനയാണ് ടി.ടി ശ്രീകുമാറിന്റെ ഈ ലേഖനം.
കേരളീയ ബൗദ്ധികമണ്ഡലത്തില്‍ ജമാഅത്തെ ഇസ്ലാമി നിരന്തരം കെട്ടിയടാറുള്ള പ്രച്ഛന്ന വേഷത്തിന്റെ- ഇന്റലക്ച്വല്‍ ജിഹാദെന്ന ക്രൂരവും ദൂരവ്യാപകമായി മുസ്ലിം സമുദായത്തെ ബൗദ്ധികമായി ഒറ്റപ്പെടുത്താന്‍ കോപ്പുള്ളതുമായ ഒരു പ്രയോഗത്തിന് കാരണമായതും ഈ പ്രച്ഛന്ന വേഷമാണെന്ന് ഓര്‍ക്കണം-മറ്റൊരു പതിപ്പായും മാധ്യമം ലേഖനത്തെ വായിക്കാം. കാരണം അറിയപ്പെടുന്ന മൗദൂദിസ്റ്റോ മാധ്യമത്തിലെ ഏതെങ്കിലും ജമാഅത്ത് അനുഭാവിയോ അല്ല ലേഖനമെഴുതിയ ശ്രീകുമാര്‍ (മുസ്ലിം മതചിഹ്നങ്ങളോട് സി.പി.എമ്മിന് കണ്ണുകടിയാണെന്ന് സി.കെ.എ ജബ്ബാര്‍ എന്ന ജമാഅത്ത് പ്രവര്‍ത്തകന്‍ എഴുതിയത് തികട്ടുന്നു). കേരളീയ പൊതുമണ്ഡലത്തില്‍ വൈജ്ഞാനിക മികവ് കൊണ്ട് പലനിലയില്‍ സ്വീകാര്യത ലഭിച്ചിട്ടുള്ള ജൈവ ബുദ്ധിജീവിയാണ്. ഒരു ഗവേഷകനെന്ന നിലയില്‍ ടി ടി നടത്തിയിട്ടുള്ള ഇടപെടലുകള്‍ക്ക് മിക്കപ്പോഴും അന്വേഷണത്തിന്റെയും വ്യാഖ്യാനത്തിന്റെയും അടിത്തറയുമുണ്ടായിട്ടുണ്ട്. എന്നാല്‍ നോക്കൂ, മാധ്യമത്തിന് വേണ്ടി ഈ ലേഖനമെഴുതിയ ശ്രീകുമാറില്‍ ഒളിയജണ്ടകള്‍ സമര്‍ഥമായി വിക്ഷേപിച്ച ശേഷം മാറിനിന്ന് കണ്ണിറുക്കുന്ന ഒരു കൗശലക്കാരനെയാണ് നിങ്ങള്‍ കാണുക. കാരണം ടി ടി ശ്രീകുമാറിന് ഡിറ്റന്‍ഷന്‍ സെന്റര്‍ സംബന്ധിച്ച് ദ ഹിന്ദുവില്‍ കെ.എസ് സുധി എഴുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന വസ്തുതകള്‍ തെളിഞ്ഞ് കിട്ടാതിരിക്കാന്‍ വഴിയില്ല. കേരളത്തിന്റെ വര്‍ത്തമാന സംവാദങ്ങളില്‍ നിരന്തരം സന്നിഹിതനായ ഒരാളെന്ന നിലയില്‍ ആ വാര്‍ത്ത സംബന്ധിച്ച് പിന്നീട് പുറത്തുവന്ന വസ്തുതകള്‍ അറിഞ്ഞിട്ടുമുണ്ടാകും. അസമില്‍ അമിത്ഷായും കൂട്ടാളികളും കെട്ടിപ്പൊക്കുന്ന ഡിറ്റന്‍ഷന്‍ സെന്ററും കേരളത്തില്‍ യു.ഡി.എഫ് കാലത്ത് കടലാസിലെത്തിയ ഡിപ്പോര്‍ട്ടേഷന്‍ സെന്ററും തമ്മിലെ അജഗജാന്തരം അറിയാത്ത ആളാണ് ശ്രീകുമാറെന്ന് വിശ്വസിക്കുക വയ്യ. എന്നിട്ടും അത്തരമൊരു വാര്‍ത്ത പോലും കേരളത്തിലെ ചകിതരായ മനുഷ്യര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ഭയമുണ്ടാക്കുന്നുണ്ട് എന്ന ഒറ്റക്കാരണത്താല്‍ അതുമായി ബന്ധപ്പെട്ട് ഇനിയും തുറന്നിട്ടില്ലാത്ത ഫയലുകള്‍ ഇനി തുറക്കുകയേ ഇല്ല എന്ന് കേരളം പ്രഖ്യാപിച്ചതും ശ്രീകുമാര്‍ അറിഞ്ഞിട്ടുണ്ടാവും. എന്‍.പി.ആറുമായി ബന്ധപ്പെട്ട് കേരളം എടുത്ത സാഹസികവും ധീരവുമായ നിലപാട് ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹം കേള്‍ക്കാതിരിക്കുമോ?
കഴിഞ്ഞില്ല, ജനാധിപത്യത്തിലെ ഏറ്റവും നൈസര്‍ഗികമായ ഇടമാകേണ്ടത് ജനപ്രതിനിധികളുടെ സമ്മേളന സ്ഥലമായിരിക്കണം എന്ന് കരുതാത്ത ആളാണോ ജനാധിപത്യത്തിന്റെ ചരിത്ര സഞ്ചാരങ്ങള്‍ സൂക്ഷ്മമായി പഠിച്ചിട്ടുള്ള ടി ടി ശ്രീകുമാര്‍? മാധ്യമം ലേഖനം സൃഷ്ടിക്കുന്നതിന് എത്രയോമുമ്പ് സി.എ.എ വിരുദ്ധ സഭാസമ്മേളനം തീരുമാനിച്ചു കാണും. അതിനും എത്രയോ മുമ്പാണ് കേരള പൊളിറ്റിയുടെ പ്രതിരൂപങ്ങളായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നാനാതരം ഭിന്നതകളെ മറന്ന്-പ്രതിപക്ഷ നേതാവാകട്ടെ പാളയത്തിലെ പടകളെ അവഗണിച്ച്-ഒറ്റവേദിയില്‍ ഇരുന്ന് കേരള ജനതയെ അഭിസംബോധന ചെയ്തത്. അതിലും സര്‍ഗാത്മകമായി എങ്ങനെ ആവിഷ്‌കരിക്കും ശ്രീകുമാര്‍ ജനാധിപത്യത്തെ?
വാസ്തവത്തില്‍ ടി.ടി ശ്രീകുമാറിനോ, ജമാഅത്തെ ഇസ്ലാമിയെ ലെജിറ്റമൈസ് ചെയ്യാനും കേരളീയ പൊതുമണ്ഡലത്തില്‍ മൗദൂദിസ്റ്റ് പ്രച്ഛന്നതക്ക് അടിവളമാകാനും കച്ചകെട്ടിയ കേരളത്തിലെ മറ്റ് ബുദ്ധിജീവകള്‍ക്കോ ഇതൊന്നും അറിയാഞ്ഞല്ല. കേരളത്തിന്റെ ജ്ഞാനമണ്ഡലത്തിലും പൊതുവ്യവഹാരങ്ങളിലും ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കിയെടുത്ത ഒരു സവിശേഷ കാലവസ്ഥയുടെ ചാറ്റലുകളാണ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ മാധ്യമം വാരികയിലൂടെയും ദിനപത്രത്തിലൂടെയും നടത്തുന്ന ഇടപെടലുകള്‍. മാധ്യമത്തില്‍ എഴുതുമ്പോള്‍ മാധ്യമം പോലെ എന്ന ഒരു മനോനില ഇവരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫലമോ ഇത്തരം ജ്ഞാനാധികാരികള്‍ ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിക്കുന്നതിനായി പടച്ചുവിടുന്ന അര്‍ധസത്യങ്ങളാണ് ശരിയെന്നും ഇവര്‍ അവതരിപ്പിക്കുന്ന വ്യവഹാരങ്ങളാണ് പുതുതെന്നും ധരിക്കുന്ന ഒരു ചെറുന്യൂനപക്ഷം നിരന്തരമായി സൃഷ്ടിക്കപ്പെടുന്നു. ലോകം എത്രയോ കാലം മുമ്പ് ദീര്‍ഘ ദീര്‍ഘം സംവദിക്കുകയും മനുഷ്യരാശിയുടെ പുരോയാനത്തെ മുന്‍നിര്‍ത്തി തീര്‍പ്പിലെത്തിയതുമായ എത്രയോ വിഷയങ്ങള്‍, എത്രയോ ജ്ഞാനമേഖലകള്‍ ഈ കൂട്ടം വളരേ പുതുത് എന്ന മട്ടില്‍ അവതരിപ്പിക്കുകയും മൂര്‍ത്തവും കൂട്ടായ പരിഹാരമുള്ളതുമായ വിഷയങ്ങളില്‍ പോലും യോജിപ്പിലെത്താന്‍ കഴിയാത്ത മനുഷ്യരായി ഒരു വിഭാഗത്തെ മാറ്റുകയും ചെയ്യുന്നു. ജാമിയ മില്ലിയയില്‍ നൈസര്‍ഗികമായി ഉയര്‍ന്നുവന്ന സമരത്തെ നാണം കെട്ട രീതിയില്‍ തട്ടിയെടുക്കാന്‍ അക്കൂട്ടര്‍ ശ്രമിച്ചതിന്റെ അടിത്തറ ഇത്തരത്തില്‍ ഉള്ള വ്യാജവിജ്ഞാനമാണ്. ജാര്‍ഗണുകള്‍ പുളക്കുന്ന ജ്ഞാനമണ്ഡലത്തില്‍ വീണ കുഞ്ഞുങ്ങളാണ് ജീവിതമെന്നാല്‍ തര്‍ക്കമാണെന്ന, രാഷ്ട്രീയമെന്നാല്‍ വിയോജനം മാത്രമാണെന്ന സങ്കുചിതത്വത്തിലേക്ക് ആട്ടിത്തെളിക്കപ്പെടുക. ജമാഅത്തെ ഇസ്ലാമിക്ക് പൊതുവിലും അവരുടെ കുട്ടിക്കൂട്ടങ്ങള്‍ക്ക് പ്രത്യേകിച്ചും പൊതുമണ്ഡലത്തില്‍ സംഭവിച്ച പതനം ഇതാണ്.
ഫലമോ? മുഴുവന്‍ ജനാധിപത്യ-ഭരണഘടനാ വിശ്വാസികളും ഒന്നിച്ചൊന്നായ് അണിനിരന്ന് ഉയര്‍ത്തേണ്ട ഒരു പ്രതിരോധമതിലില്‍ അനാവശ്യമായ വിള്ളലുകള്‍ സംഭവിച്ചു. സമരഭൂമിയില്‍ സ്വീകരിക്കേണ്ട സാമാന്യ വിവേകം പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ധാര്‍ഷ്ട്യത്തോടെ അവഗണിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഒരു നിലക്കും അംഗീകരിക്കാത്ത മനുഷ്യരുടെ കൂടി മുന്‍കൈയില്‍ നടന്ന പ്രതിഷേധങ്ങളില്‍ നിര്‍ലജ്ജം അവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പ്രതിഷ്ഠിച്ചു. അതിനോട് വിയോജിക്കുന്നവരെ ഇസ്ലാം വിരുദ്ധരെന്ന് ചാപ്പകുത്തി. സമരമെന്ന ബഹുസ്വരതയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഖി കെട്ടാന്‍ ആഞ്ഞു ശ്രമിച്ചു. ഫലം, ബഹുസ്വരമായി പടര്‍ന്ന സമരം സങ്കുചിത വാദപ്രതിവാദങ്ങളാല്‍ തളരാന്‍ തുടങ്ങി. ഒരു സംഘടനയുടെയും പ്രത്യക്ഷാഹ്വാനമില്ലാതെ പന്തലിക്കുന്ന സമരങ്ങളില്‍ നേതാവ് എന്ന ആശയം രൂപപ്പെടുന്നത് ജൈവികമായാണ്. അത് പൊടുന്നനെ സംഭവിക്കുന്ന ഒന്നല്ല. ലോകത്ത് വിജയം കണ്ട ജനമുന്നേറ്റങ്ങളുടെ ചരിത്രം അതാണ് പറയുന്നത്. ഐക്കണുകളും അങ്ങനെ തന്നെ. അത് കൃത്രിമമായി സൃഷ്ടിക്കുകയെന്നാല്‍ സമരത്തെ ഒറ്റുക എന്നാണ്. ജാമിയ മില്ലിയ സമരത്തില്‍ നാം കണ്ടതും മറ്റൊന്നല്ല. എത്ര ആസൂത്രിതമായാണ് ആ സമരത്തിന്റെ ഐക്കണായി ഒരു പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് സ്ഥാപിക്കപ്പെട്ടത്? എത്ര സമര്‍ഥമായാണ് ആ ഐക്കണ്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ പണിപ്പെട്ടത്? ഒടുവിലെന്തായി? ജാമിയ സമരം എന്ന ഐതിഹാസിക മുന്നേറ്റം ആ ഒറ്റ ഒറ്റോടെ സംശയത്തിന്റെ നിഴലിലേക്ക് ചുരുങ്ങി.
കേരളവും സൂക്ഷിക്കണം. പിളര്‍പ്പിനുള്ള കളികള്‍ അതിശക്തമാണ്. പൊതുബുദ്ധിജീവികളെ സമര്‍ഥമായി അണിനിരത്തിയാണ് നീക്കങ്ങള്‍. ഇടതുപക്ഷത്തെയും മതേതര ബഹുജനത്തെയുമാണ് ആദ്യം ലക്ഷ്യമിടുന്നത്. ഇത് മുസ്ലിം പ്രശ്‌നമാണെന്നും നടക്കേണ്ടത് മുസ്ലിം സമരമാണെന്നും വരുത്തിത്തീര്‍ക്കലാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ സമരം ഒറ്റക്ക് നടത്താം. മൗദൂദിസ്റ്റുകള്‍ക്ക് എതിര്‍ നില്‍ക്കുന്ന വിശ്വാസി മുസ്ലിമിനെ സമരത്തില്‍ നിന്ന് അകറ്റാം. കളം പിടിക്കാം. സംഘപരിവാരത്തിന് കളമൊരുക്കാം.
കെ കെ ജോഷി
You must be logged in to post a comment Login