ഇന്ത്യന്‍ കരസേനയില്‍ മൂന്നു ദശാബ്ദത്തിലേറെ സേവനം ചെയ്ത് രാജ്യാതിര്‍ത്തി കാത്ത അസംകാരനായ മുഹമ്മദ് അസ്മല്‍ ഹഖിന് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമില്ല. 1951 ലെ പൗരത്വ പട്ടികയില്‍ അമ്മയുടെയും 1966 ലെ വോട്ടേഴ്സ് ലിസ്റ്റില്‍ അച്ഛന്റെയും പേരുണ്ടായിട്ടും അദ്ദേഹം ഇന്ത്യന്‍ പൗരനല്ലെന്നാണ് എന്‍ ആര്‍ സി യുടെ കണ്ടെത്തല്‍. രാഷ്ട്രപതി ഒപ്പിട്ട നിയമ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിശ്വാസി അല്ലാത്തതിനാല്‍ പൗരനാകാനുള്ള അപേക്ഷ നല്‍കാനുമാകില്ല. ആ ആറു മതത്തില്‍പെട്ടവര്‍ക്കേ അപേക്ഷപോലും സമര്‍പ്പിക്കാനാവൂ. ഹഖിന്റെ ശേഷിച്ച ജീവിതം ഡിറ്റന്‍ഷന്‍ സെന്റര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന തുറുങ്കിലായിരിക്കും. ഇന്ത്യയുടെ കാവല്‍ഭടനായിരുന്ന ആ ധീരദേശാഭിമാനി ഈ രാജ്യത്തുതന്നെ തടവില്‍ കഴിയേണ്ടുന്ന സ്ഥിതിയാണ് നിയമനിര്‍മാണത്തിലൂടെ ഫാഷിസ്റ്റ് ഭരണകൂടം ഉണ്ടാക്കിയിരിക്കുന്നത്. അതിലൂടെ ദയനീയമായി തോറ്റുപോകുന്നത് മതനിരപേക്ഷതയും ജനാധിപത്യ ബോധവും സഹിഷ്ണുതയും മാനവികതയുമാണ്.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയ ഭരണഘടനയുടെ 370-ാം വകുപ്പ് പിന്‍വലിച്ചപ്പോള്‍ ജനസമ്മതരായ നേതാക്കളെ ജയിലിലാക്കി. സ്‌കൂളുകള്‍ക്കും കലാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും താഴിട്ടു. വൈദ്യുതിബന്ധം വിഛേദിച്ച് ജനങ്ങളെ ഇരുട്ടിലാഴ്ത്തി. ഇന്റര്‍നെറ്റും എസ്എംഎസും മറ്റു വാര്‍ത്താവിനിമയ സംവിധാനങ്ങളും തടഞ്ഞു. കര്‍ഫ്യൂ പ്രഖ്യാപിച്ച് പത്തുമീറ്റര്‍ ഇടവിട്ട് തോക്കേന്തിയ പട്ടാളത്തെ അണിനിരത്തി മാസങ്ങള്‍ പിന്നിട്ടിട്ടും കശ്മീരികള്‍ക്ക് ദൈനംദിന ജീവിതംപോലും ദുസ്സഹമായിരിക്കുന്നു. ഏതാനും ലക്ഷം നുഴഞ്ഞുകയറ്റക്കാരെ വലയിലാക്കാന്‍ ലക്ഷക്കണക്കിന് കോടി രൂപ ധൂര്‍ത്തടിച്ച് 130 കോടി മനുഷ്യരെ സ്‌കാന്‍ ചെയ്യുകയാണിപ്പോള്‍. അതിന്റെ തുടര്‍ച്ചയാണ് ആള്‍പ്പെരുമാറ്റമില്ലാത്ത കൊടുങ്കാടുകളില്‍ കൂറ്റന്‍ തടവറകള്‍ പണിയുന്നത്. ആറെണ്ണം നിലവിലുണ്ട്. സംഘപരിവാരത്തിന് ഇഷ്ടമില്ലാത്തവര്‍ ഈ ‘കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍’ പൗരത്വം തെളിയിക്കാനാവാതെ നരകിക്കും. പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് മോഡി വസ്തുതകള്‍ നിഷേധിക്കുന്നത്. സത്യം മാധ്യമങ്ങള്‍ ഇതിനകം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കരുതല്‍ തടവറകളില്‍ 28 പേര്‍ മരിച്ചെന്ന് രാജ്യസഭയില്‍ റിപ്പോര്‍ട്ട് വെച്ചത് മോഡിയുടെ മന്ത്രി തന്നെ.
അസമിലെ കൂറ്റന്‍ ജയില്‍
ഇപ്പോള്‍ പണിതു കൊണ്ടിരിക്കുന്ന ഏറ്റവും കൂറ്റന്‍ തടവറ അസമിലാണ്. അതിന് ജോലിചെയ്യുന്ന തൊഴിലാളികളില്‍ വലിയൊരു വിഭാഗം പൗരത്വ രജിസ്റ്ററില്‍ ഇടംനേടാത്തവരും. പണിപൂര്‍ത്തിയാവുമ്പോള്‍ ആ ജയിലിലേക്ക് തിരികെ എത്തേണ്ടവരുമാണ്. കാവിപ്പടയ്ക്ക് അസഹിഷ്ണുതയുള്ള ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നാസി തടവറകളിലെ ജൂതര്‍ക്ക് സമാനമായി ഇരുമ്പഴികള്‍ക്കുള്ളില്‍ ദ്രവിക്കുകയാണ്. നൂറ്റാണ്ടിന്റെ സാക്ഷികളായ ഹിന്ദു വന്ദ്യവയോധികരെവരെ തീ തീറ്റിക്കുന്നുവെങ്കില്‍ മുസ്‌ലിംകളുടെ കഥ പറയേണ്ടതില്ല. കൊച്ചുകുട്ടികളെ അമ്മമാരില്‍ നിന്ന് നിര്‍ബന്ധിച്ച് വേര്‍പ്പെടുത്തുന്ന ക്രൂരതകള്‍ അരങ്ങേറുകയുമാണ്. ഇത്തരം കരുതല്‍ തടവറകള്‍ മനുഷ്യത്വ രഹിതമാണെന്ന് പൗരാവകാശ പോരാളികളുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ്ലര്‍ ജൂതന്മാരെ അടക്കം ചെയ്യാനുള്ള ശവക്കുഴി ആ ജനവിഭാഗങ്ങളെക്കൊണ്ടുതന്നെ തോണ്ടിച്ചിരുന്നു. പൗരത്വം നിഷേധിക്കപ്പെട്ട തൊഴിലാളികളെയും ആദിവാസികളെയും തള്ളാനുള്ള തടവറകള്‍ അവരെക്കൊണ്ട് പണിയിക്കുകയാണ് ഇന്ത്യയിലും. ഷെഫാലി ഹെജോങ്ങിന്റെ ദുര്യോഗം കരളലിയിപ്പിക്കുന്നതാണ്. അസമില്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ പണിയുന്ന സൈറ്റില്‍ മുന്നൂറു രൂപ ദിവസക്കൂലിക്ക് അരയുകയാണ് ആ ഇരുപത്തിയാറുകാരിയും അമ്മയും. ഹെജോങ്ങ് എന്ന പുരാതന ആദിവാസി ഗോത്രവര്‍ഗക്കാരിയായ ഇരുവര്‍ക്കും പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങള്‍ വിയര്‍പ്പൊഴുക്കി പണിയുന്ന ഡിറ്റന്‍ഷന്‍ സെന്റര്‍ പൂര്‍ത്തിയാകുമ്പോള്‍ പൂട്ടപ്പെടുക ആ മകളും അമ്മയും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആദിവാസി ഗോത്രവര്‍ഗക്കാര്‍ കൂടിയാണ്. ഷെഫാലിയെപോലുള്ളവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഒന്നുകില്‍ ഹൈക്കോടതിയില്‍ കേസിന് പോകണം. അല്ലെങ്കില്‍ ബംഗ്ലാദേശിയാണെന്ന് തെളിയിച്ച് അപേക്ഷിക്കണം. രണ്ടും എളുപ്പമല്ല. കനത്ത തുക വക്കീല്‍ ഫീസ് നല്‍കി ഹൈക്കോടതിയില്‍ കേസ് നടത്തുന്നതെങ്ങനെ? അതിനാല്‍ ശേഷകാലം താന്‍കൂടി പണിത ഡിറ്റന്‍ഷന്‍ സെന്റര്‍ അഭയമാക്കാം. ഭൂമിയുടെ ഉടമസ്ഥാവകാശവും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ഇല്ലാത്തവര്‍ ഏറ്റവും കൂടുതല്‍ ദളിതരും ആദിവാസികളുമാണ്
ലോകത്തിലെ ഏറ്റവും വലിയ തടവറയാണ് അസമില്‍ ഒരുങ്ങുന്നത്. ഗുവാഹത്തിക്ക് പടിഞ്ഞാറ് 150 കിലോമീറ്റര്‍ അകലെ ഗ്വാല്‍ഗോല്‍പാഡ ജില്ലയില്‍ മാട്ടിയയില്‍ 2.5 ഏക്കറില്‍ തടങ്കല്‍പ്പാളയ നിര്‍മാണം പുരോഗമിക്കുകയാണ്. നാലു നിലകളിലായി മൂവായിരമാളുകളെ പാര്‍പ്പിക്കാം അവിടെ. ഒരു മുറിയില്‍ ആറുപേര്‍. 180 കക്കൂസുകളും. ചുറ്റുമതിലിന്റെ ഉയരം 20 അടിയാണ്. ഭീമന്‍ തടവറക്ക് ഏഴു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പമുണ്ട്. പൊതു അടുക്കളയും ഓഡിറ്റോറിയവും ഉണ്ടെങ്കിലും സ്‌കൂളില്ല. മൂന്നു മീറ്റര്‍ ഉയരമുള്ള മതിലുകളാല്‍ ചുറ്റപ്പെട്ട തടവറക്ക് മുകളിലെ രണ്ട് നിരീക്ഷണ ഗോപുരങ്ങള്‍ ഒരുകൂട്ടം മനുഷ്യരുടെ വിവരണാതീതമായ നിസ്സഹായതയുടെ ശേഷിപ്പുകളാണ്. നിലവില്‍ ഇരുപതു ലക്ഷത്തിനടുത്ത് ആളുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ പട്ടികക്ക് പുറത്താണ്. അസം ജയിലുകളില്‍ അഭയാര്‍ഥി തടവറകളില്‍ പാര്‍പ്പിച്ച 900 ആളുകളെയായിരിക്കും പുതിയ ഇടത്തേക്ക് മാറ്റുക. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം സന്ദര്‍ശിച്ച ശേഷം അഭിപ്രായപ്പെട്ടത് അവര്‍ കുറ്റവാളികളായ ജയില്‍പുള്ളികളെപ്പോലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമാകുന്നുവെന്നാണ്. അസം ജയിലില്‍ അഭയാര്‍ഥികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണിപ്പോള്‍. തടവറയിലാവുന്ന കുട്ടികള്‍ക്ക് അതിനുള്ളില്‍ പഠനകേന്ദ്രങ്ങളൊരുക്കും. എന്നാല്‍ അവസാനഘട്ട പൗരത്വ പട്ടികയിലില്ലാത്ത 1.17 ലക്ഷം പേര്‍ക്ക് നിലവില്‍ പണിയുന്ന തടവറ മതിയാകില്ല. അതിനാല്‍ പത്തെണ്ണം കൂടി നിര്‍മിക്കാനുള്ള പദ്ധതിയിലാണ് അസം സര്‍ക്കാര്‍. പുറത്തിറങ്ങുന്നവര്‍ ആഴ്ചയില്‍ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഒപ്പിടണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസിന് സമര്‍പ്പിക്കേണ്ടതുമുണ്ട്. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ക്ക് മരണംവരെ തടവറതന്നെ ശരണം. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്ന് അടിവരയിട്ടതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയാറാകില്ല.
സണ്ടക്കോപ്പയിലെ തടവറ
ബംഗളുരുവില്‍നിന്നും 30 കിലോമീറ്റര്‍ അകലെ സണ്ടക്കോപ്പ ഗ്രാമത്തിലാണ് കര്‍ണാടകയിലെ തടവറ. 15 കെട്ടിടങ്ങളിലായി അസമിന് സമമായാണ് നിര്‍മാണം. 2020 ഡിസംബറില്‍ പണി പൂര്‍ത്തിയാക്കി കൈമാറുമെന്നാണ് റിപ്പോര്‍ട്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാന്‍ മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ തീരുമാനം റദ്ദാക്കിയ ശിവ്‌സേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ പ്രഖ്യാപനം ചില യാഥാര്‍ഥ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. നവി മുംബൈ നെരുലില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കായി ആദ്യ തടങ്കല്‍ കേന്ദ്രം പണിയാനുള്ള ഫഡ്‌നാവിസിന്റെ തീരുമാനം റദ്ദാക്കുകയാണെന്നും താക്കറെ അറിയിച്ചു. പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ മൂന്നു മാസം സമയം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ നിരസിച്ചാല്‍ അവരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തടങ്കല്‍ കേന്ദ്രം തുടങ്ങാന്‍ ഫഡ്നാവിസ് സര്‍ക്കാര്‍ കണ്ടെത്തിയ നെരുല്‍ സൈറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തെ അത് മുംബൈ വുമണ്‍ പൊലീസ് വെല്‍ഫെയര്‍ സെന്ററായിരുന്നു. നവി മുംബൈയില്‍ തടങ്കല്‍ കേന്ദ്രം ആരംഭിക്കാന്‍ മൂന്ന് ഏക്കര്‍ സ്ഥലം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സിഡ്‌കോയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അസമില്‍ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായവരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയാണ്. സ്വന്തം അധ്വാനത്താല്‍ കെട്ടിപ്പടുത്ത വീട് സുരക്ഷിതമായി ഉണ്ടാകുമെന്ന് കരുതിയെങ്കില്‍ ആസാമില്‍ നിന്നുള്ള യാഥാര്‍ഥ്യം അത്ര ശോഭനമല്ല. ഒരു ജില്ലയില്‍ മാത്രം നാനൂറ്റി മുപ്പതോളം വീടുകള്‍ തകര്‍ത്തെന്നാണ് റിപ്പോര്‍ട്.
അനില്‍കുമാര്‍ എ വി
You must be logged in to post a comment Login