ഏതൊരു സമ്പദ്്വ്യവസ്ഥയും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വികസനം കഴിഞ്ഞാല്‍ മാന്ദ്യം, മാന്ദ്യം കഴിഞ്ഞാല്‍ വികസനം ഇത്തരത്തിലുള്ള ചാക്രികമായ സമ്പദ്ഘടനയാണ് ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കുമുള്ളത്. വികസനം വരുമ്പോള്‍ അതിനെ ക്രിയാത്മകവും സുസ്ഥിരവുമായ മാര്‍ഗങ്ങളിലൂടെ ഉപയോഗിക്കുകയും മാന്ദ്യം വരുന്ന സമയത്ത് അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന സമ്പദ്്വ്യവസ്ഥക്ക് മാത്രമേ വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. മാന്ദ്യത്തെ പ്രതിരോധിക്കാന്‍, ചിലപ്പോള്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമായി വരും. അത്തരം ഘട്ടങ്ങളിലുണ്ടാകുന്ന പിഴവുകള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. നിലവില്‍ ഇന്ത്യ നേരിടുന്നത് ചാക്രികമായ പ്രശ്‌നങ്ങളാണോ അതോ ഘടനാപരമായ പ്രശ്‌നങ്ങളാണോ എന്ന ചര്‍ച്ചയാണ് ഇന്നെവിടെയും. ചാക്രികമായ പ്രശ്‌നങ്ങളാണെന്ന് വരുത്തി, സര്‍ക്കാറിനെ വെള്ളപൂശുന്ന കൂലിപ്പണിക്കാരായ സാമ്പത്തിക വിദ്വാന്മാരുമുണ്ട്. അതുകൊണ്ട് തന്നെ പരിഹാരങ്ങളെക്കാള്‍ പ്രശ്‌നങ്ങളുണ്ടെന്ന തിരിച്ചറിവാണ് പ്രാധാന്യമര്‍ഹിക്കുന്നത്. അത്തരം തിരിച്ചറിവുകള്‍ക്ക് മാത്രമേ ഇന്ത്യയെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയും സാമ്പത്തിക പ്രതിസന്ധിയും
നിത്യോപയോഗ വസ്തുക്കള്‍ക്ക് വില കൂടിയെന്നറിയുമ്പോഴാണ്, നാം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വിധിയെഴുതുന്നത്. എന്നാല്‍ വസ്തുക്കള്‍ക്ക് വില കൂടാന്‍ പല കാരണങ്ങളുമുണ്ടാകും. പെട്രോള്‍ വില വര്‍ധിക്കുന്നത് ഒരര്‍ഥത്തില്‍ OEC രാജ്യങ്ങളുടെ തീരുമാനങ്ങളുടെ ഫലമായിട്ടാണ്. രാജ്യത്തെ സമ്പദ്്വ്യവസ്ഥ തകരുന്നുവെന്ന് അതറിയിക്കുകയില്ല. അപ്പോള്‍, രാജ്യത്തിന്റെ സാമ്പത്തികനില തിരിച്ചറിയാന്‍ നാം പരിശോധിക്കേണ്ട സൂചികകളേതൊക്കെയാണ്?
ജി.ഡി.പി, രൂപയുടെ വില, കയറ്റുമതി, പണപ്പെരുപ്പം, നിക്ഷേപം, ഓഹരിവിപണി തുടങ്ങിയ സൂചികകളാണ് ഒരു രാജ്യത്തിന്റെ സാമ്പത്തികനില മനസ്സിലാക്കാന്‍ ഇന്ന് മുഖ്യമായും ഉപയോഗിച്ചു വരുന്നത്. അതിന്റെ പ്രയോഗികത ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ കൂടി നമുക്ക് പരിശോധിക്കാം.
2019-20 കാലയളവിലെ രണ്ടാംപാദ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ജി.ഡി.പി 4.5 ശതമാനമാണ്. ഡോളറു മായുള്ള രൂപയുടെ മൂല്യം എഴുപത് കടക്കാനിരിക്കുന്നു. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPl) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 10 കടന്നു. തൊഴിലില്ലായ്മ നിരക്ക് രണ്ട് പതിറ്റാണ്ടിലെ റെക്കോര്‍ഡ് സംഖ്യയായ എട്ടും വിട്ടുകടന്നിട്ടുണ്ട്. ആര്‍ ബി ഐയുടെ റിപ്പോ റേറ്റും പലിശ നിരക്കും നിര്‍ബന്ധിതമായി കുറയ്‌ക്കേണ്ടി വരുന്നു. നിലവില്‍ ഇന്ത്യ നേരിടുന്ന സാമ്പത്തിക തകര്‍ച്ച തിരിച്ചറിയാന്‍ ഈ സൂചികകള്‍ തന്നെ ധാരാളമാണ്.
അന്താരാഷ്ട്ര സാമ്പത്തിക ഘടകങ്ങളും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാക്രികമായ (circular) പ്രതിസന്ധിയാണെങ്കിലും ഇന്ത്യ നേരിടുന്നത് ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയാണെന്ന് വേള്‍ഡ് ബാങ്കിന്റെ ഭാഷ്യം. നവംബര്‍ മാസത്തിന്റെ അവസാന വാരം IMF-ഉം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഇവരെ കൂടാതെ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക് (ADB), OECD, S&P റേറ്റിംഗ് ഏജന്‍സി, ഫിച്ച് റേറ്റിംഗ് തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളും ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.
ഇത്രയൊക്കെയായിട്ടും സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാണ്. ഇതിന്റെ കാരണക്കാര്‍ ആരാണ്? നിലവില്‍ ഇന്ത്യ ചെയ്യുന്നതെന്താണ്? അതിന്റെ ഫലമെന്താണ്? അവ പ്രാപ്യമല്ലെങ്കില്‍ മുന്നോട്ടുവെക്കാന്‍ പറ്റുന്ന സാമ്പത്തിക ബദല്‍ എന്തൊക്കെയാണ്? തുടങ്ങിയ അന്വേഷണങ്ങളാണ് ഈ ലേഖനം കൊണ്ട് താല്‍പര്യപ്പെടുന്നത്.
ആരാണ് പ്രതി?
നിലവിലെ സാമ്പത്തിക ഞെരുക്കം (Economic Slowdown) 2007-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയാണ്. പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യനും ജോഷ് ഫെല്‍മാനും രചിച്ച ‘India’s great slowdown: What’s happened? And what’s the way out?’ എന്ന പഠനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2007-ലുണ്ടായ ബാലന്‍സ് ഷീറ്റ് പ്രതിസന്ധി ബാങ്കുകളും അടിസ്ഥാന ഘടങ്ങളുടെ നിര്‍മാണ വായ്പയുമായി ബന്ധപ്പെട്ടതായിരുന്നു. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും പ്രസ്തുത മേഖലയിലെ കോര്‍പറേറ്റുകള്‍ക്ക് വായ്പ വാങ്ങിയ പണം തിരിച്ചടക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. അതേസമയം, വാണിജ്യ രംഗത്തുള്ള നിക്ഷേപം ഗണ്യമായി കുറയുകയും ചെയ്തു. ഈ പ്രശ്‌നത്തെ അതിജയിക്കുന്നതിന് പകരം ഉപഭോക്തൃ ഉത്പന്നങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിച്ച് മൊത്തം ചോദനം (Aggregate Demand) വര്‍ധിപ്പിക്കാനുള്ള ശ്രമളാണുണ്ടായത്. ഇതിലൂടെ രാജ്യത്തിന്റെ മൊത്തം ഉത്പാദനനിരക്ക് കൂടുകയും സാമ്പത്തിക പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബാങ്കുകളിലെ കിട്ടാകടമെന്നത് വലിയൊരു പ്രശ്‌നമായി തന്നെ നിലനിന്നുപോന്നു.
10 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യം നേരിടുന്നത് രണ്ടാമതൊരു ബാലന്‍സ് ഷീറ്റ് പ്രതിസന്ധി കൂടിയാണെന്ന് അരവിന്ദ് സുബ്രമണ്യന്‍ അഭിപ്രായപ്പെടുന്നു. ബാങ്കേതര സാമ്പത്തിക ഏജന്‍സികള്‍(NBFA) കൂടുതലായും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലോണ്‍ അനുവദിച്ചതാണ് രണ്ടാമതൊരു ബാലന്‍സ് ഷീറ്റ് പ്രതിസന്ധിക്ക് കൂടി വഴിയൊരുക്കിയത്. രാജ്യത്തിന്റെ വലിയൊരു ശതമാനം ധനവും ഇത്തരത്തില്‍ അപ്രായോഗികമായി കിടക്കുന്നതുകൊണ്ടാണ് സാമ്പത്തികമാന്ദ്യം നാം ഭയപ്പെടണമെന്ന് പറയേണ്ടി വരുന്നതും. കിട്ടാകടവുമായി ബന്ധപ്പെട്ട് മള്‍ട്ടി സാമ്പത്തിക ലോബികളെ രക്ഷിക്കുന്നതിലപ്പുറം കാര്യക്ഷമമായ മാറ്റങ്ങളൊന്നും മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
അരവിന്ദ് സുബ്രമണ്യന്‍ പറഞ്ഞുവെക്കുന്നത് പോലെ വെറും ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയില്‍ മാത്രം ചുരുക്കിക്കെട്ടേണ്ട ഒന്നല്ല നിലവിലെ സാമ്പത്തിക പ്രതിസന്ധി. ബാലന്‍സ് ഷീറ്റ് പ്രതിസന്ധി ഉണ്ടായിരിക്കേ തന്നെ രാജ്യം മുന്നോട്ടുവെച്ച സാമ്പത്തിക പരിഷ്‌കരണങ്ങളും നയങ്ങളും പരിശോധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ നിലവിലുള്ള സര്‍ക്കാര്‍ അനാസ്ഥയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
മോഡി പരിഷ്‌കരണങ്ങള്‍: ഒരു അവലോകനം
അരവിന്ദ് സുബ്രമണ്യന്റെ പഠനത്തില്‍ നോട്ട് നിരോധനത്തെയും ജി.എസ്.ടി യെയും നിലവിലെ തകര്‍ച്ചയുടെ ഭാഗമല്ലെന്ന രീതിയില്‍ ന്യായീകരിക്കുന്നത് കാണാം. നോട്ട് നിരോധനം സാമ്പത്തിക തളര്‍ച്ചക്ക് കാരണമായെങ്കില്‍ കഴിഞ്ഞ വര്‍ഷം 8 ശതമാനത്തോളം വളര്‍ച്ചയുണ്ടായത് എങ്ങനെ എന്ന ചോദ്യമാണ് കൊണ്ടുവന്ന ന്യായം. രണ്ടു തലങ്ങളിലൂടെ ഈ വിഷയത്തെ സമീപിക്കേണ്ടതുണ്ട്. ഒന്നാമതായി ജി.ഡി.പി കണക്കുകള്‍ എത്രത്തോളം കൃത്യമാണ് എന്നതാണ്. ഒന്നാം മോഡി ഭരണത്തിന്റെ തുടക്കത്തില്‍ തന്നെയാണ് ജി.ഡി.പി കണക്കുകൂട്ടുന്നതില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നത്. അതില്‍ ബേസ് ഇയര്‍ മാറ്റിയ കാരണത്താല്‍ മുന്‍പ് 7 ശതമാനമെന്ന് കാണിച്ചത് ഇന്ന് 12 ശതമാനം വരെയാകാമെന്ന് വാജ്പയ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തന്റെ ‘The Unmade India’ എന്ന പുസ്തകത്തില്‍ സമര്‍ഥിക്കുന്നുണ്ട്. രണ്ടാമതായി നോട്ടു നിരോധനത്തിന്റെ യഥാര്‍ത്ഥ ഫലം എപ്പോള്‍ അറിവാകും എന്നതാണ്. രാജ്യത്തിന്റെ ഉത്പാദനത്തില്‍ പകുതിയിലേറെയും വരുന്നത് അസംഘടിത ജനങ്ങളില്‍ നിന്നാണ്. അവരുടെ വരുമാനം നിശ്ചലമാകുന്നത് രാജ്യത്തെ പൊടുന്നനെ ബാധിക്കുമെന്നത് സുവ്യക്തവുമാണ്. ചുരുങ്ങിയ കാലയളവില്‍ ഈ മാറ്റം കാണാന്‍ കഴിയുമെങ്കിലും അതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ മനസ്സിലാകണമെങ്കില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലുമെടുക്കുമെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ കൂടിയായ രഘുറാം രാജന്‍ പറയുന്നുണ്ട്. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയും പ്രസ്തുത വിഷയത്തെ അടിവരയിടുന്നുണ്ട്. അതുകൊണ്ട് തന്നെ 2017-18 കാലയളവിലുണ്ടായ വളര്‍ച്ച ഒറ്റയടിക്ക് നോട്ടു നിരോധനത്തിന്റെ പ്രശ്‌നങ്ങളെ ന്യായീകരിക്കാന്‍ കൊണ്ടുവരുന്നത് നീതീകരിക്കാന്‍ സാധിക്കുകയില്ല.
ജി.എസ്.ടി എന്ന ആശയം സാമ്പത്തിക ലോകത്ത് ഗുണകരമാണെന്നത് തര്‍ക്കരഹിതമായ വിഷയമാണ്. ഈ യാഥാര്‍ത്ഥ്യം മുന്‍നിറുത്തിയാണ്, കേരള ധനമന്ത്രി ഡോ. തോമസ് ഐസക്, ജി.എസ്.ടിയുടെ ആദ്യഘട്ടത്തില്‍ അതിനെ സ്വാഗതം ചെയ്തത്. എന്നാല്‍ ജി.എസ്.ടിയുടെ നന്മകള്‍ മുന്‍നിറുത്തി, അത് നടപ്പിലാക്കിയ രീതിയെയും സമയത്തെയും ന്യായീകരിക്കുന്നത് ശരിയല്ല. നോട്ടു നിരോധനത്തില്‍ ഏറെ പ്രതിസന്ധികള്‍ അനുഭവിച്ച അസംഘടിത വിഭാഗത്തിലെ ആളുകള്‍ തന്നെയാണ് ജി.എസ്.ടിയുടെയും മുഖ്യ ഇരകളായി മാറിയത്. മാത്രവുമല്ല, ജി.എസ്.ടി സ്ലാബുകളിലെ കീഴ്്വഴക്കം സാമ്പത്തിക ലോകത്ത് ഒന്നടങ്കം ചോദ്യം ചെയ്യപ്പെട്ടതുമാണ്. ജി.എസ്.ടിയുടെ വരുമാനം കുറഞ്ഞത് സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമായാണെന്ന വിലയിരുത്തല്‍ ശരിയാണ്. എന്നാല്‍ ഈയൊരു വസ്തുത അറിഞ്ഞിട്ടും ജി.എസ്.ടിയിലേക്കുണ്ടായ തിടുക്കത്തെയാണ് വീണ്ടും വീണ്ടും ചോദ്യം ചെയ്യേണ്ടത്. ഇതെല്ലാം മുഖവിലക്കെടുക്കുമ്പോള്‍ ജി.എസ്.ടി നയം രാജ്യത്തിന് നിലവില്‍ നല്ലതാണെന്ന വാദം മൗഢ്യമാണെന്ന് വ്യക്തമാകുന്നതാണ്.
മൊത്തം ചോദനത്തിലുണ്ടായ (Aggregate Demand) കുറവാണ് സാമ്പത്തിക ഞെരുക്കത്തിന്റെ മുഖ്യ കാരണമെന്ന് അമര്‍ത്യാ സെന്‍ പറയുന്നുണ്ട്. ഉപഭോക്തൃ ഉത്പന്നങ്ങളുടെ നിര്‍മാണം ഗണ്യമായി കുറയാനുള്ള കാരണവും മൊത്തം ചോദനത്തിലുണ്ടായ കുറവാണ്. അത് കൂടണമെങ്കില്‍ പ്രസ്തുത ഉത്പന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കളായ 90 ശതമാനത്തോളം വരുന്ന പണക്കാരല്ലാത്തവരുടെ വരുമാനം വര്‍ധിക്കേണ്ടതുണ്ട്. എന്നാല്‍ അത് വര്‍ധിപ്പിക്കുന്നതിന് പകരം, 3 മാസം മുന്‍പ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മിനി ബഡ്ജറ്റ്, കോര്‍പറേറ്റുകളുടെ നികുതി കുറക്കുകയും അവര്‍ക്കുള്ള വായ്പാ സംവിധാനം എളുപ്പമാക്കുകയുമാണ് ചെയ്തത്. ഇത് രാജ്യത്തിന്റെ നിക്ഷേപ സാധ്യതകളെ സംരക്ഷിക്കുമെന്നത് ശരിയാണ്. പക്ഷേ, അപ്പോഴും അടിത്തറയായ മൊത്തം ചോദനം ഇളകിയെന്നത് ധനമന്ത്രി എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? മാത്രവുമല്ല, ഒരാഴ്ച മുന്‍പാണ് അടിസ്ഥാന സൗകര്യ വികസനത്തിന് (Infrastructure Development) വേണ്ടി കോടികള്‍ മാറ്റിവെക്കുന്നത്. ബാലന്‍സ് ഷീറ്റ് പ്രതിസന്ധിയുടെ പ്രധാന കാരണക്കാര്‍ ഇത്തരം കോര്‍പറേറ്റുകള്‍ ആണെന്നിരിക്കേ, ഇത്തരം പാമ്പിന്റെ മാളങ്ങളില്‍ വീണ്ടും തലയിടുന്നതിന്റെ ഉദ്ദേശ്യം മറ്റൊന്നാണെന്ന് സംശയിക്കേണ്ടി വരുന്നു.
** **
രാജ്യം സേവിക്കുന്നത് ആരെയാണെന്ന് ഇതില്‍ നിന്നെല്ലാം കൃത്യമാണ്. കഴിഞ്ഞ 6 വര്‍ഷങ്ങളിലായി താഴെക്കിടയിലുള്ള ജനങ്ങള്‍ക്കു വേണ്ടി കൊണ്ടുവന്ന സാമ്പത്തിക നയങ്ങള്‍ തുലോംതുച്ഛമാണ്. രാജ്യത്തെ ധനക്കമ്മി 4 ശതമാനമായി ഉയര്‍ന്നിട്ടും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വീണ്ടും കടം വാങ്ങുന്നതിന്റെ സാമ്പത്തിക ഔചിത്യമെന്താണ്? അരുന്ധതി റോയ് പറഞ്ഞത് പോലെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. നോട്ടു നിരോധനം, ജി.എസ്.ടി, അവിടന്നങ്ങോട്ടുള്ള മുഴുവന്‍ സാമ്പത്തിക നയങ്ങളുടെയും പ്രത്യാഘാതം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നിര്‍മല സീതാരാമന്‍ അറിയാതിരിക്കാന്‍ വഴിയില്ല. മനഃപൂര്‍വം തന്നെയായിരുന്നു മുഴുവന്‍ പരിഷ്‌കരണങ്ങളും. ഇതിലൂടെ കോര്‍പറേറ്റുകളെ സേവിക്കുകയും അവരുടെ സഹായം പാര്‍ട്ടി ഫണ്ടിലേക്ക് കുമിഞ്ഞുകൂടുകയും ചെയ്തുവെന്നത് ഒരു സത്യം തന്നെയാണ്.
ഇത്തരം ഭരണകൂടത്തോട് നമുക്ക് ആവശ്യപ്പെടാനുള്ളത് കണക്കുകളിലെ കൃത്യതയാണ്. ധനക്കമ്മിയിലെ ഭദ്രതയാണ്. രാജ്യത്തെ ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന ദരിദ്രരുടെ ആവശ്യങ്ങളാണ്. വളര്‍ച്ചാ നിരക്കും നിക്ഷേപങ്ങളിലെ വര്‍ധനവും അവിടെ നില്‍ക്കട്ടെ, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ വളര്‍ച്ചയെയും അറിയിക്കുന്ന സാമ്പത്തിക സൂചികകളാണ് നമുക്ക് ആവശ്യപ്പെടാനുള്ളത്. സാമ്പത്തിക രംഗത്ത് ചാക്രികമായ മാറ്റങ്ങള്‍ സ്വാഭാവികമാണ്. വരാന്‍ പോകുന്നത് പ്രതീക്ഷയുടെ മണ്‍സൂണുമാണ്. അവയെങ്കിലും സര്‍ക്കാര്‍ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
സി എം ശഫീഖ് നൂറാനി
You must be logged in to post a comment Login