നിങ്ങള്‍ക്ക് ചരിത്രമാണ് മറുപടി

നിങ്ങള്‍ക്ക് ചരിത്രമാണ് മറുപടി

പുതിയ പൗരത്വ ഭേദഗതി നിയമം അനുസരിച്ച് 1952ന് മുമ്പ് ഈ രാജ്യത്തുണ്ടായിരുന്നവരുടെ മക്കളായി ഇപ്പോള്‍ നിലവിലുള്ളവും, ഇതിന് മുമ്പ് ജനിച്ച് ഇപ്പോഴും മരിക്കാത്തവരുമാണ് ഇന്ത്യന്‍ പൗരന്മാര്‍. 1972 എന്ന് നേരത്തെ പറഞ്ഞുകേട്ടത് അസമിനെ കേന്ദ്രീകരിച്ചുള്ളതാണ്.
1952ന് മുമ്പ് ജനിച്ചയാളാണെന്ന് തെളിയിക്കണമെങ്കില്‍ ഇന്നത്തെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം പോര. അതിന് അന്നു വാങ്ങിവെച്ച സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനു ശേഷം ജനിച്ചവര്‍ക്ക് ആ കാലത്ത് ജനിച്ച രക്ഷിതാക്കളുടെ മകനാണ്, മകളാണ് എന്ന് തെളിയിക്കാനാകണം. ഇത് തെളിയിക്കാന്‍ എന്നാണോ ജനിച്ചത് അന്നത്തെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഇതു നടക്കാത്ത കാര്യമാണ്. കാരണം, ഇപ്പോള്‍ 80 വയസ്സായവര്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് ജനിച്ചത്. അന്നത്തെ കാലത്ത് വാങ്ങിവെച്ച എന്തു രേഖയാണ് ഇവരുടെ കൈവശമുണ്ടാവുക?

‘മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്’ എന്നു പറയുന്നതുപോലെയാണിത്. ഇതു സംഘടിപ്പിക്കാന്‍ കഴിയില്ല. പ്രായമായവര്‍ക്ക് ഒരിക്കലും കഴിയില്ല. അന്ന് ജനിച്ചവര്‍ക്കും അതിന് ശേഷം ജനിച്ചവര്‍ക്കും തന്റെ പിതാക്കള്‍ അന്ന് ഇവിടെ ജനിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനും സാധിക്കില്ല. അതിന് സാധിക്കാത്തവരെല്ലാം 1952ന് ശേഷം പാകിസ്താന്‍, അഫ്ഗാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാഷ്ട്രങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഒളിച്ചുകടന്നവരാണ് എന്നുവെക്കും.അതിനാല്‍ അവര്‍ക്കൊന്നും പൗരത്വമില്ല എന്നാണ് പറയുന്നത്.

ഹിന്ദു സഹോദരങ്ങള്‍ക്കും ഈ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കില്ല. ഇതുപ്രകാരം അവരും ഒളിച്ചുകടന്നവരാണെന്ന് സര്‍ക്കാര്‍ സമ്മതിക്കും. പക്ഷേ, അവര്‍ ഈ മൂന്ന് രാഷ്ട്രങ്ങളിലൊന്നിലെ പീഡനത്താല്‍ ഒളിച്ചുകടന്നവരാണെന്നും അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതിനാല്‍ രേഖകളില്ലെങ്കിലും പൗരത്വം നല്‍കണമെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമം വെച്ച് പറയും. എന്നാല്‍, മുസ്ലിംകള്‍ മാത്രം മറ്റേതെങ്കിലും നാട്ടിലേക്ക് തിരിച്ചുപോകണം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 20 കോടി മുസ്ലിംകളാണ് ഇങ്ങനെ പുറത്തു പോകേണ്ടിവരിക. ഈ മൂന്ന് രാഷ്ട്രങ്ങളിലേക്ക് ഇത്രയധികം ആളുകളെ പുറന്തള്ളാന്‍ കഴിയില്ലെന്ന് മാത്രമല്ല, ആ രാഷ്ട്രങ്ങള്‍ അവരെ സ്വീകരിക്കുകയുമില്ല. ഇതിനാല്‍ അവരെ പാര്‍പ്പിക്കുന്നതിനായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ പണികഴിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ഓരോ തടവറയും നരകക്കുണ്ടായിരിക്കും. വാഗണ്‍ ട്രാജഡിക്ക് സമാനമായിരിക്കും ഇങ്ങനെ നിര്‍മിക്കുന്ന തടവറകള്‍. തിരൂരില്‍ നിന്ന് പോത്തനൂരിലേക്ക് 1921ല്‍ ഒരുപറ്റം ആളുകളെ ബ്രിട്ടീഷുകാര്‍ ഗുഡ്സ് കമ്പാര്‍ട്ട്മെന്റില്‍ കൊണ്ടുപോയിരുന്നു. അവിടെയെത്തുമ്പോഴേക്ക് ശ്വാസം കിട്ടാതെ അധികപേരും മരിച്ചുപോയി. തുരുമ്പ് പിടിച്ച സുഷിരങ്ങളില്‍ മൂക്ക് വെച്ച് ശ്വസനം നടത്തി രക്ഷപ്പെട്ടവരാണ് ഈ ചരിത്രം പറഞ്ഞുതന്നത്.

ഹിറ്റ്‌ലര്‍ വഴികാട്ടും
മൂവായിരം പേരെ ഉള്‍കൊള്ളുന്ന ഇത്തരം തടവറയിലേക്ക് ഒരു ലക്ഷം പേരെയാകും തള്ളുക. വിസര്‍ജിക്കണമെങ്കില്‍ വൈകുന്നേരം വരെ ക്യൂ നിന്നാലും സാധിക്കണമെന്നില്ല. സര്‍ക്കാര്‍ അവരുടെ കാരുണ്യം കൊണ്ടു ഹെലികോപ്റ്ററില്‍ ഭക്ഷണം വിതരണംചെയ്യും. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ ചാടിപ്പിടിക്കാനുള്ള ശ്രമത്തിനിടെ കുറെയാളുകള്‍ മരിക്കും. ഇതൊന്നും കൂട്ടിക്കെട്ടിയ കഥയല്ല. ഹിറ്റ്ലറാണ് ഇതാദ്യം പഠിപ്പിച്ചത്. 1939ലാണ് രണ്ടാം ലോക മഹയുദ്ധം ആരംഭിക്കുന്നത്. 1940-44 കാലം ഹിറ്റ്‌ലറുടെ യുഗമായിരുന്നു. ജര്‍മനിയില്‍ ജൂതന്മാര്‍ വലിയ ക്രൂരതകള്‍ക്കാണ് ഇരയായത്. ഇവരോട് വലിയ വെറുപ്പായിരുന്നു ഹിറ്റ്ലറിന്. ജര്‍മനിയിലെ മുഴുവന്‍ ജൂതന്മാരുടെയും പൗരത്വം അദ്ദേഹം നിഷേധിക്കുകയും ഇവരെയെല്ലാം ഇന്ത്യയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നതു പോലെയുള്ള തടവറകളിലേക്ക് തള്ളുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തില്‍ വിജയിച്ച രാഷ്ട്രങ്ങളിലേക്ക് ഇടിച്ചുകയറി അവിടെയുള്ള ജൂതന്മാരെയും അദ്ദേഹം ജര്‍മ്മനിയിലേക്ക് കൊണ്ടുവന്ന് തടവറയിലിട്ടു. ഈ ക്യാമ്പിലേക്ക് ഹിറ്റ്ലര്‍ വിഷവാതകം അടിച്ചുവിട്ട് ജൂതന്മാരെയെല്ലാം കൊലപ്പെടുത്തുകയും ചെയ്തു. 60 ലക്ഷം പേരെയെങ്കിലും അന്ന് കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്.

പിന്നീട് ബര്‍മ്മയാണ്(ഇപ്പോഴത്തെ മ്യാന്മാര്‍) പൗരത്വ നിഷേധം നടത്തിയത്. ഏകദേശം 30 വര്‍ഷം മുമ്പ് ബര്‍മ്മയിലെ ബുദ്ധന്മാര്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിക്കാന്‍ തീരുമാനിച്ചു. ഹിറ്റ്ലറെ പോലെ തടവറ കെട്ടി ശിക്ഷിക്കാന്‍ പോലും സാധിക്കാത്ത ദരിദ്ര രാജ്യമായിരുന്നു ബര്‍മ്മ. ഇതുകൊണ്ടു തന്നെ മുസ്ലിംകളായ ആളുകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഇടിച്ചുകയറി തുരുതുരെ വെടിവെച്ചു കൊന്നു. പ്രാണരക്ഷാര്‍ഥം ഓടിരക്ഷപ്പെട്ടവര്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. അവരാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ല. മരിച്ചാല്‍ മറമാടാന്‍ സ്ഥലമില്ല. മയ്യിത്ത് കണ്ണടച്ച് ബംഗാള്‍ കടലിലേക്ക് എറിയേണ്ടിവരുന്ന ദുഃഖകരമായ സ്ഥിതിവിശേഷമാണുള്ളത്. ലെനിനും സ്റ്റാലിനും ഇങ്ങനെ ചെയ്തിട്ടുണ്ട്. ബോള്‍ഷെവിക് വിപ്ലവത്തിന്റെ അനന്തരഫലമായി അസര്‍ബൈജാന്‍, അര്‍മിനീയ, താജികിസ്താന്‍, കസാകിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍ തുടങ്ങിയ 15 ഇസലാമിക റിപ്ലബ്ലിക്കുകളെ സോവിയറ്റ് റഷ്യ പിടിച്ചടക്കി 70 കൊല്ലത്തോളം ഭരിച്ചു. ഓരോ റിപ്പബ്ലിക്കിലേക്കും പൗരന്മാരെ അവര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുള്ള വ്യത്യസ്ത റിപ്പബ്ലിക്കുകളിലേക്ക് മാറ്റിയിരുന്നു. ഇതുപോലെയായിരിക്കും ഇന്ത്യയിലും നടപ്പാക്കുക. കേരളത്തിലുള്ളവരെ മറ്റേതെങ്കിലും വിദൂര സംസ്ഥാനങ്ങളിലെ തടവറയിലായിരിക്കും തള്ളുക. ആ സംസ്ഥാനങ്ങളിലുള്ളവരെ മറ്റിടങ്ങളിലേക്കും അയക്കും. കുറച്ചുകാലമൊക്കെ തടവില്‍ പാര്‍പ്പിക്കും. ഹെലികോപ്റ്ററിലൂടെയുള്ള ഭക്ഷണവും വെള്ളവും അധിക കാലം വിതരണം ചെയ്യാന്‍ കഴിയില്ല. ഭക്ഷണം കൊടുക്കാന്‍ കഴിയാതിരിക്കുമ്പോള്‍ ഹിറ്റ്ലര്‍ ചെയ്തതു പോലെ വിഷവാദകം പോലെ മറ്റു രീതിയില്‍ കൂട്ടക്കൊല നടത്തും. ഐക്യരാഷ്ട്രസഭക്ക് ഇടപെടാന്‍ കഴിയാത്ത തരത്തില്‍ ലേസര്‍ രശ്മികള്‍ കൊണ്ടെങ്കിലും ആളുകളെ ഇല്ലാതാക്കും. ഗൗരവതരമായ പ്രശ്നമാണിത്.

എന്തുകൊണ്ട്?
എന്തുകൊണ്ടാണ് ഈ 20 കോടിയോട് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? കാരണങ്ങള്‍ പലതായിരിക്കാം. എന്നാല്‍ എന്റെ തോന്നല്‍ ഇങ്ങനെയാണ്. അവരുടെ പശുവിനോടുള്ള ഭക്തി ഒരു കാരണമാണ്. ആരാധിക്കുകയും മാതാവായി കാണുകയും ചെയ്യുന്ന പശുവിനെ അറവ് നടത്തിക്കൂടെന്ന വിശ്വാസം, മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന ഒരു ഭീകര മാനസിക സ്ഥിതിയിലേക്ക് പരമകാഷ്ഠ പ്രാപിച്ചതിന്റെ പ്രതിഫലനമാകാം ഇത്. ആദ്യം ഗോവധ നിരോധന നിയമം കൊണ്ടുവന്നു, എന്തു സംഭവിക്കുന്നുവെന്ന് നിരീക്ഷിച്ചു. അറവ് നിലച്ചില്ലെന്ന് മനസ്സിലാക്കിയതോടെ പശുക്കടത്ത് നിരോധിക്കുകയുണ്ടായി. മാറ്റമുണ്ടായില്ല. പശുക്കളെ അറവുശാലകളിലേക്ക് കൊണ്ടുപോകുന്നത് തുടര്‍ന്നു. അപ്പോഴാണ് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ പശുക്കടത്ത് കൊല നടക്കാന്‍ തുടങ്ങിയത്. ഇതില്‍ ഭയന്ന് പശുക്കടത്ത് നില്ക്കും എന്നു കരുതിയെങ്കിലും അറുക്കപ്പെടുന്നത് അവസാനിച്ചില്ല. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് അറവ് നടക്കുന്നുണ്ട്. അറവ് നടത്തുന്നവരെ കൂട്ടത്തോടെ മാറ്റുക എന്നതാണ് ഇതിന് പ്രതിവിധി. 20 കോടി ആളുകളെ പശുവിനെ തൊടാന്‍ കഴിയാത്ത തടവറയിലേക്ക് മാറ്റിയാല്‍ പശുക്കള്‍ രക്ഷപ്പെടും. എന്നാല്‍ ഇതുകൊണ്ടുമാത്രം പശുവിന്റെ അറവ് നില്‍ക്കില്ലെന്നുറപ്പാണ്.

ക്രിസ്ത്യാനികള്‍ അറുക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതോടെ അവരെ ലക്ഷ്യമിട്ട് പുതിയ ബില്ല് കൊണ്ടുവരും. അവരെയും തടവറയിലേക്ക് മാറ്റും. അതിനു ശേഷവും പശുവിനെ അറുക്കാത്ത സാഹചര്യം കാണാനാകില്ല. മൊത്തം ജനസംഖ്യയുടെ 40 ശതമാനമുള്ള ദളിതരും പശു മാംസം കഴിക്കുന്നുണ്ട്. ദളിത് വിഭാഗങ്ങള്‍ക്ക് വേണ്ടിയും തടവറ സൃഷ്ടിക്കപ്പെടും. അതുകഴിഞ്ഞാല്‍ പിന്നെ വരേണ്യവര്‍ഗത്തിന്റേതു മാത്രമായി മാറും വിശാലമായ ഈ ഇന്ത്യാ രാജ്യം.
കാര്യങ്ങള്‍ ഇങ്ങനെ വന്നാല്‍ വരേണ്യ വര്‍ഗത്തിന് സുഖം കിട്ടുമോ? ഭവിഷ്യത്ത് കൂടും. ഇതവര്‍ മനസ്സിലാക്കുന്നില്ല. അവര്‍ക്ക് മാത്രം ഇവിടെ എന്തുചെയ്യാനാകും. ഈ നാടിനെ ചലിപ്പിക്കുന്ന വിഭാഗം 40 ശതമാനം വരുന്ന ദളിതുകളാണ്, മുസ്ലിംകളും ക്രിസ്ത്യാനികളുമാണ്. വരേണ്യവര്‍ഗം നിഷ്ട്ക്രിയരാണ്. ഇവര്‍ ഭക്ഷിക്കുന്നത് സ്വന്തമായി കൃഷി ചെയ്തല്ല, ഇവര്‍ മരം വെട്ടുന്നില്ല, റോഡ് ടാര്‍ ചെയ്യുന്നില്ല, ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നില്ല, നിര്‍മാണ മേഖലയിലും ഇവരെ കാണാനാകുന്നില്ല. അപ്പോള്‍ ഇന്ത്യയെ അവര്‍ക്ക് ചലിപ്പിക്കാന്‍ കഴിയില്ല.

ആരാണ് കുറ്റക്കാര്‍?
ഹൈന്ദവ സഹോദരങ്ങള്‍ മുഴുവന്‍ മുസ്‌ലിംകള്‍ക്കെതിരെ ഇത്തരം വിഷംകലര്‍ന്ന ചിന്ത വെച്ചു പുലര്‍ത്തുന്നവരാണെന്ന് തെറ്റിദ്ധരിക്കരുത്. ലോക്സഭയിലും രാജ്യസഭയിലും ഇത് നിയമമാവാന്‍ വോട്ട് ചെയ്തവരും രാഷ്ട്രപതിയും മാത്രമാണ് ഇതിനു പിന്നിലെന്ന് നാം മനസ്സിലാക്കിയാല്‍ മതി. ഇതിനെതിരെയുള്ള സമരങ്ങള്‍ ഡല്‍ഹി ജാമിഅ മില്ലിയയില്‍ നിന്നോ അലിഗഢില്‍ നിന്നോ ഒക്കെയാണ് പുറപ്പെട്ടത്. ഇതിന്നുവേണ്ടി തെരുവിലിറങ്ങിയവരില്‍ 90 ശതമാനവും ഹൈന്ദവ സഹോദരങ്ങളോ മറ്റുമതസ്ഥരോ ആണ്. ഡല്‍ഹി ജുമാമസ്ജിദില്‍ വെള്ളിയാഴ്ച ജുമുഅക്ക് വന്നവര്‍ക്ക് നായക്ത്വം വഹിച്ചിരുന്നത് ചന്ദ്രശേഖര്‍ ആസാദ് എന്ന ദളിത് നേതാവാണ്. അദ്ദേഹം ഇപ്പോഴും ജയിലിലാണ്.

നിയമം കൊണ്ടുവന്നതിന്റെ പേരില്‍ ഭരണാധികാരികളോട് മുസ്ലിംകളില്‍ നിന്ന് ഭീഷണിയുടെ ഒരു സ്വരവുമുണ്ടാകില്ല, കേഴുന്ന വാക്കുമുണ്ടാകില്ല. കാരണം ഇന്ത്യ എല്ലാവരുടേതുമാണ്. ഒരു ചരിത്രം പറയാം. ഇന്ത്യയില്‍ മുസ്ലിംകളെ കണ്ടുകൂടാത്ത രോഗം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് തുടങ്ങിയത്. വാസ്‌കോഡ ഗാമക്കും കൂടെവന്ന പോര്‍ച്ചുഗീസുകാര്‍ക്കുമാണ് ആദ്യം വെറുപ്പ് തോന്നിയത്. ഇന്ത്യയിലെ കച്ചവടത്തിന്റെ നാരായ വേര് കൈപിടിയിലൊതുക്കണമെന്ന് പോര്‍ച്ചുഗീസിലെ രാജാവും രാജ്ഞിയും തീരുമാനിച്ചു. ഈ വ്യാപാരമേഖല കൈയടക്കിയിരിക്കുന്നത് രാജ്യത്തെ മുസ്ലിംകളാണെന്നും ഇവരെ ഇല്ലായ്മചെയ്തെങ്കില്‍ മാത്രമേ സ്വന്തം വാണിജ്യലക്ഷ്യം പൂവണിയുകയുള്ളുവെന്നും നിശ്ചയിച്ച് അവര്‍ പുറപ്പെട്ടു. കണ്ണൂരിലെ മാടായി കടലില്‍ മക്കത്തേക്ക് ഹജ്ജിന് പോവുകയായിരുന്ന 400 ഹാജിമാരെയും കുടുംബവുമടങ്ങുന്ന പത്തേമാരി വാസ്‌കോഡ ഗാമയുടെ പട്ടാളം മുക്കി. കടലില്‍ പൊങ്ങിയ മയ്യിത്തുകള്‍ ഭുജിക്കാന്‍ രണ്ടു മൂന്നുദിവസം കഴുകന്മാര്‍ പാറിനടക്കുകയായിരുന്നു ആ തീരത്ത്. 15 കുട്ടികളെ കൊല്ലാതെ പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് കടത്തിക്കൊണ്ടുപോയി. പോര്‍ച്ചുഗലില്‍ എവിടെയെങ്കിലും പോയാല്‍ ഒരാളെങ്കിലും കണ്ണൂര്‍ മാടായില്‍ നിന്ന് പിടിച്ചുകൊണ്ടുപോയവരുടെ ചെറുമകനോ മകളോ ആയിരിക്കും. അതൊരു വസ്തുതയാണ്. പോര്‍ച്ചുഗീസുകാര്‍ പുറത്തായി, നമ്മള്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു. നീണ്ട 85 വര്‍ഷക്കാലം മാറിമാറി വന്ന മൂന്നുമരക്കാറുമാര്‍ കടലിലിറങ്ങി സമരം ചെയ്തതുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ തിരിച്ചുപോയത്. അറബിക്കടലിലേക്ക് അടുപ്പിക്കാതെ വിരട്ടിവിട്ട മരക്കാരുടെ ധീരപോരാട്ടത്തിന്റെ ഫലമായിരുന്നു അത്. തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും വാണിജ്യത്തിനായി എത്തി. ഇവരെല്ലാം ശത്രുക്കളായി കണ്ടത് മുസ്‌ലിംകളെയായിരുന്നു. പലപ്പോഴായി ഇവര്‍ക്കെല്ലാം പിന്തിരിഞ്ഞോടേണ്ടി വന്നു. 1757ലാണ് ബ്രിട്ടീഷുകാരുടെ ശ്രമം തുടങ്ങുന്നത്. 1947 വരേക്കും അവര്‍ പിടിച്ചുനിന്നു. അവരുടെയും മുഖ്യശത്രു മുസ്ലിംകളായിരുന്നു. അറബിക്കടലിന്റെ വ്യാപാര നേതൃത്വം മുസ്ലിംകള്‍ക്കായിരുന്നു എന്നതുതന്നെ കാരണം. എന്നാല്‍ പോര്‍ച്ചുഗീസുകാരുടേത് പോലെ അവര്‍ക്കും ഒടുവില്‍ രാജ്യം വിട്ടുപോകേണ്ടിവന്നു. മുസ്‌ലിംകളെ ഇല്ലാതാക്കാന്‍ എ ഡി 1500 മുതല്‍ക്ക് നാലു ശക്തികളാണ് ശ്രമിച്ചത്. എന്നാല്‍ ഇവര്‍ക്കൊന്നും മുസ്‌ലിംകളെയോ അവരുടെ ആചാരങ്ങളെയോ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം അവര്‍ക്കെല്ലാം ഇവിടം വിട്ടുപോവേണ്ടിവന്നു. ഇങ്ങനെയൊരു ചരിത്രം മുസ്‌ലിംകള്‍ക്കുണ്ടെന്നും അത്തരമൊരു ചരിത്രം ആവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കരുതെന്നുമാണ് ലോക്സഭയിലും രാജ്യസഭയിലും കൈ പൊക്കിയവരോട് പറയാനുള്ളത്.

എഴുത്ത്: ജലീല്‍ കല്ലേങ്ങല്‍പടി

ബശീര്‍ ഫൈസി വെണ്ണക്കോട്

You must be logged in to post a comment Login