2020 ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമ(സി എ എ)ത്തിനെതിരെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങളോടെയാണ്. ആ പ്രതിഷേധങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഇപ്പോഴും മാറ്റൊലി കൊള്ളുന്നുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബി ജെ പി) ഹിന്ദുത്വ രാഷ്ട്രപദ്ധതിയുടെ അടുത്ത ഘട്ടമായ ദേശീയ പൗരത്വ രജിസ്റ്ററിലേക്കാണ്(എന്‍ ആര്‍ സി) ഇനി നമ്മുടെ ശ്രദ്ധ പതിയേണ്ടത്. ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുക എന്ന ബി ജെ പി ലക്ഷ്യമാണ് എന്‍ ആര്‍ സി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് കൊടുംയാതനകളുടെ നാളുകളായിരുന്നു. നരേന്ദ്ര മോഡി- അമിത്ഷാ ദ്വന്ദം പാര്‍ലമെന്റില്‍ സി എ എ പാസാക്കി. തുടര്‍ന്ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും(എ എം യു) ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലും(ജെ എം ഐ) ഉണ്ടായ സംഭവങ്ങള്‍ പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശം വിനിയോഗിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തുറുങ്കിലടച്ചു. 144-ാം വകുപ്പ് നടപ്പാക്കി. ഇന്റര്‍നെറ്റ് തടഞ്ഞു. പ്രക്ഷോഭത്തിന്റെ അന്തിമ വിലയായി രണ്ടു ഡസനിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ ദുരിതങ്ങളുണ്ടായിട്ടും ഇന്ത്യക്കാര്‍ തിളങ്ങുന്ന വിശ്വാസത്തോടെയും പോരാട്ട പ്രതീക്ഷയോടെയും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നു.
ഇന്ത്യയുടെ ബഹുസ്വര-ഭരണഘടനാ മൂല്യങ്ങളോടുള്ള കര്‍ണ കഠോരമായ അവജ്ഞ ബി ജെ പി സര്‍ക്കാര്‍, അമ്പരപ്പിക്കുന്ന വര്‍ഗീയ നിയമനിര്‍മാണത്തിലൂടെ നിയമാനുസൃതമാക്കിയപ്പോള്‍ ഉയര്‍ന്ന സ്വാഭാവികവും ദേശവ്യാപകവുമായ പ്രതിഷേധം വിശ്വസിക്കാന്‍ പ്രയാസമേറിയതായിരുന്നു. മോഡി സര്‍ക്കാറിന്റെ തിന്മയോടുള്ള പ്രതികരണത്തില്‍ ഉദ്ഭവിച്ചതായിരുന്നു അത്.
എന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ അഗ്‌നി അതിവേഗം ഇന്ത്യയിലെമ്പാടും പടര്‍ന്നു. മോഡി സര്‍ക്കാര്‍ സ്വയം പിന്നോട്ടടിച്ചു. ഇപ്പോഴത്തെ പ്രക്ഷോഭങ്ങളോട് സര്‍ക്കാറിന് മതിയായ പ്രതികരണവും കാണാനില്ല. രാഷ്ട്രീയമായി പോലും ബി ജെ പി ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. മിക്കവാറും എല്ലാ ഘടകകക്ഷികളും, ശിരോമണി അകാലിദള്‍ മുതല്‍ ലോക്ജനശക്തി പാര്‍ട്ടിവരെയുള്ളവയും (ഇരുകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്) പാര്‍ലമെന്റില്‍ സര്‍ക്കാറിന് അനുകൂലമായി പതിവായി വോട്ട് ചെയ്യുന്നവരും സി എ എയെചൊല്ലി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്‍ ആര്‍ സി പ്രക്രിയയോട് സഹകരിക്കാനും അവര്‍ തയാറാല്ല.
ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടവകാശം ഇല്ലാതാക്കുന്നു
ഈ പോരാട്ടം അവസാനിക്കാന്‍ പോകുന്നില്ല. മുഴുവന്‍ ദുരിതത്തിന്റെയും മാരകമായ വശം ദേശീയപൗരത്വ രജിസ്റ്ററിന്റെ രൂപത്തില്‍ കാത്തിരിക്കുകയാണ്. ദേശവ്യാപകമായി എന്‍ ആര്‍ സി പരിഗണിക്കുന്നില്ലെന്നാണ് മോഡി അവകാശപ്പെടുന്നത്. ഇത് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞതിനും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനത്തിനും എതിരാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് മോഡി സര്‍ക്കാറിന്റെ മുന്‍ഗണനകളുടെ സഞ്ചാരപഥവും ഭരണതീരുമാനങ്ങളും സൂചിപ്പിക്കുന്നത്. നോട്ട് നിരോധനം സംബന്ധിച്ച് നല്‍കിയത് ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍ പി ആര്‍) സംബന്ധിച്ച പ്രഖ്യാപനം നാം നേരത്തെ തന്നെ അറിഞ്ഞതാണ്. അത് ദേശവ്യാപക എന്‍ ആര്‍ സിയിലേക്കുള്ള ചുവടുവെപ്പാവാനാണ് എല്ലാ സാധ്യതയും. കാരണം അതില്‍ പൗരന്മാരുടെ രക്ഷിതാക്കളുടെ ജന്മസ്ഥലം ആരായുന്നുണ്ട്. ‘സംശയാസ്പദമായ പൗരത്വമുള്ളവര്‍’ തിരിച്ചറിയപ്പെടുമെന്ന് അതില്‍ എടുത്തു പറയുന്നുമുണ്ട്.
ഇതിലെ അപകടം വളരെ സ്പഷ്ടമാണ്. ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിയാത്ത ഏതൊരു മുസ്ലിമിന്റെയും അവകാശങ്ങള്‍ എടുത്തുകളയാന്‍ സി എ എ, എന്‍ ആര്‍ സി എന്നിവ വഴി ബി ജെ പി സര്‍ക്കാറിന് കഴിയും. നിരവധി ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് എപ്പോള്‍, എവിടെ ജനിച്ചുവെന്നതിന് രേഖാമൂലമുള്ള തെളിവ് ഹാജരാക്കാനാവില്ല. ജനനസര്‍ട്ടിഫിക്കറ്റ് പോലും വ്യാപകമായത് ഇക്കഴിഞ്ഞ ദശകങ്ങളില്‍ മാത്രമാണ്. തങ്ങള്‍ക്ക് നിയന്ത്രണമൊന്നുമില്ലാത്തതിനാല്‍ പൗരത്വ ഭേദഗതി നിയമത്തോട് മുസ്ലിം ഇതര വിഭാഗക്കാര്‍ നന്ദിയുള്ളവരായിരിക്കും. എന്നാല്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള ബാധ്യത രേഖകളില്ലാത്ത മുസ്ലിംകളില്‍ നിക്ഷിപ്തമായിരിക്കും. ഇത്തരം നടപടി അഗാധവും വര്‍ഗീയവുമായ പക്ഷപാതമായിരിക്കും. അത് ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശം എടുത്തുകളയുന്നതും ജനങ്ങളില്‍ കടുത്ത ഭയം സൃഷ്ടിക്കുന്നതുമായിരിക്കും.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് സങ്കല്‍പിക്കാന്‍ ഭയപ്പെടുന്നു. അസമിലെ എന്‍ ആര്‍ സി വൈകല്യം നിറഞ്ഞതായിരുന്നു. ഭരണപരമായും രാഷ്ട്രീയമായും അത് വിനാശകരമാണെന്ന് തെളിഞ്ഞതുമാണ്. ദോഷകരമായ എന്‍ ആര്‍ സി ദേശവ്യാപകമായി നടപ്പാക്കുന്നത് അജ്ഞതയും ആപല്‍കരവുമാണ്. ഈ പ്രക്രിയയിലെ ചെറിയ തെറ്റുകള്‍ പോലും വിനാശകരമായിത്തീരും. ഗവേഷകയായ ശ്രുതി രാജഗോപാലന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതു പോലെ വെറും ഒരു ശതമാനം പിശക് വിഭജന കാലത്തിനു ശേഷം 13.5 ദശലക്ഷം പേരെ സ്ഥാനഭ്രഷ്ടരാക്കുന്നതിലേക്ക് നയിച്ചേക്കാം.
ഇന്ത്യയുടെ പ്രതീക്ഷകള്‍
സി എ എ, എന്‍ ആര്‍സി പ്രക്രിയ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണമില്ലാതെ നടത്താനാവില്ല എന്നതാണ് ശുഭവാര്‍ത്ത. ഇത്തരം വിഭജിത പദ്ധതികളുമായി ബി ജെ പി ഇതര സര്‍ക്കാരുകള്‍ വലിയ ഭൂരിപക്ഷവും സഹകരിക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്ക് പുറമെ എന്‍ ആര്‍ സിയുടെ സാധുതയും ആവശ്യകതയും പരിശോധിക്കുന്ന സുപ്രീം കോടതിയും അത് നടപ്പാക്കുന്നത് തടഞ്ഞേക്കാം.
ഈ കുടില പദ്ധതി നിയന്ത്രിക്കാനുള്ള കടമ ഇന്ത്യയിലെ യുവജനങ്ങളുടെ ചുമലുകളില്‍ നിക്ഷിപ്തമായിരിക്കുന്നു എന്നതാണ് 2020ലെ ഏറ്റവും വലിയ പ്രതീക്ഷ. യഥാര്‍ത്ഥത്തില്‍ യുവജനങ്ങള്‍ നാളത്തെ ഇന്ത്യയുടെ യന്ത്രമാണ് എന്ന രാഷ്ട്രീയ നേതാക്കളുടെ ശൈലി ആവര്‍ത്തന വിരസമായിത്തീര്‍ന്നതാണ്. എന്നാല്‍ കഴിഞ്ഞ മാസം നമ്മെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, രാജ്യത്തെ യുവജനങ്ങള്‍ ഈ കുപ്പായമണിയാന്‍ തയാറെടുത്തു കഴിഞ്ഞു എന്ന തീര്‍ച്ചയാണ്. ജനാധിപത്യ ഇന്ത്യയുടെ ചലനാത്മകമായ യന്ത്രമായി അവര്‍ പ്രവര്‍ത്തിക്കും. സര്‍വകലാശാലകളില്‍ തങ്ങളുടെ കൂട്ടുകാര്‍ക്കെതിരെ അഴിച്ചുവിട്ട മൃഗീയതയില്‍ വിദ്യാര്‍ഥികള്‍ രോഷാകുലരാണ്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതിനെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ നൈസര്‍ഗികവും ജൈവികവും മാത്രമല്ല. മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന ഛിദ്രരാഷ്ട്രീയം സ്വീകരിക്കാന്‍ തങ്ങള്‍ തയാറല്ല എന്ന യുവാക്കളുടെ മൂര്‍ച്ചയേറിയ സന്ദേശം കൂടി അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സമീപകാലത്തൊന്നും കാണാത്ത വ്യാപ്തി ഇപ്പോഴത്തെ പ്രക്ഷോഭത്തിനുണ്ട്. നമ്മുടെ പിതാമഹന്മാര്‍ ഭരണഘടനയില്‍ പ്രതീക്ഷിച്ച പുരോഗമന, മതനിരപേക്ഷ, സമത്വവാദമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിരിക്കുകയാണ് യുവജനങ്ങള്‍.
സര്‍വകലാശാല സ്വര്‍ണമെഡല്‍ ജേതാവായ ഒരു വിദ്യാര്‍ഥിനി തന്റെ അംഗീകാരം തിരിച്ചുനല്‍കുന്നു. പ്രതിഷേധ സമ്മേളനത്തില്‍ വ്യക്തികള്‍ തങ്ങളുടെ മുസ്ലിം സുഹൃത്തുക്കള്‍ക്ക് അസര്‍ നമസ്‌കാരം നര്‍വഹിക്കുന്നതിന് മനുഷ്യച്ചങ്ങല തീര്‍ക്കുന്നു. വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രക്ഷോഭങ്ങളെ ന്യായീകരിച്ചു കൊണ്ട് പൊലീസിനോടും മാധ്യമങ്ങളോടും വാചാലരാവുന്നു. സര്‍വോപരി ഭരണകൂടം അണിനിരത്തിയ ഭീഷണി സേനകള്‍ക്ക് കീഴടങ്ങാതെ പ്രക്ഷോഭം തുടരുമെന്ന അവരുടെ കര്‍ക്കശമായ നിശ്ചയദാര്‍ഢ്യം. രാഷ്ട്രീയപാര്‍ട്ടികളുടെ പതിവുള്ള പ്രതിഷേധങ്ങള്‍, അല്പായുസ്സായ സമരങ്ങള്‍, റിലേ ഉപവാസങ്ങള്‍ എന്നിവകളില്‍ നിന്നൊക്കെ വിഭിന്നമായി വിശിഷ്ടമായ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.
സ്വന്തം രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ഇന്ത്യന്‍ യുവതയുടെ പ്രക്ഷോഭമാണിത്. പ്രതീക്ഷാ നിര്‍ഭരമായ ഒരു പുതുവര്‍ഷത്തിലേക്ക് ജനങ്ങളെ ആനയിക്കാനുള്ള മഹത്തായ അറിയിപ്പ് കൂടി അതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
ശശി തരൂര്‍
വിവ. കുന്നത്തൂര്‍ രാധാകൃഷ്ണന്‍
കടപ്പാട്: ദി പ്രിന്റ്
You must be logged in to post a comment Login