ഗോഡ്‌സെ പ്രേമികളുടെ ‘വീരകൃത്യ’ങ്ങള്‍

ഗോഡ്‌സെ പ്രേമികളുടെ ‘വീരകൃത്യ’ങ്ങള്‍

ഗാന്ധി വീണ്ടും വന്നു
ഇന്ത്യയില്‍.
തോക്കുചൂണ്ടി
ഗോഡ്‌സെ
ആക്രോശിച്ചു:
ക്വിറ്റ് ഇന്ത്യാ…
‘ഗാന്ധിയും ഗോഡ്‌സെയും’ എന്ന കുറുങ്കവിതയില്‍ സതീശന്‍ മോറായി, രാജ്യം ഇന്ന് എത്തിപ്പെട്ട പരിതാപകരമായ അവസ്ഥ ചുരുക്കം വാക്കുകളില്‍ ശക്തമായി അവതരിപ്പിച്ചിരിക്കയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനാശയങ്ങളും ഭരണഘടനയുടെ നിലനില്‍പ്പും മതനിരപേക്ഷതയുടെ പ്രസന്നമായ മുഖവും എല്ലാവരെയും നിവര്‍ന്നുനിര്‍ത്തുന്ന പൗരാവകാശങ്ങളും ചരിത്രത്തിലില്ലാത്തവിധം ഭീഷണി നേരിട്ട, തീര്‍ത്തും ഉത്കണ്ഠയുളവാക്കിയ ഘട്ടത്തിലായിരുന്നു ഇന്ത്യ 2020ലെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. നാലു ദിവസം കഴിഞ്ഞ് ഗാന്ധി രക്തസാക്ഷിദിനം നാം വേദനയോടെ ആചരിച്ചു. നാഥുറാം വിനായക് ഗോഡ്‌സെയും കാവി ഭീകരരും ഇറ്റാലിയന്‍ തോക്കും ആശയവും ആയുധമാക്കി മഹാത്മാവിനെ വെടിവച്ചുകൊന്നത് ഇപ്പോഴും ചോരയൊലിപ്പിക്കുന്ന മുറിവുകളിലൊന്നാണ്. രാഷ്ട്രപിതാവിന്റെ 72ാം രക്തസാക്ഷിത്വദിനത്തില്‍ ഹിന്ദുത്വതീവ്രവാദി ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിയുതിര്‍ത്തത് രണ്ടാം ഗോഡ്‌സെയുടെ വാചാല സാന്നിധ്യമാണറിയിച്ചത്. തൂക്കിലേറ്റപ്പെട്ടിട്ടും ആ ഭീകരന്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നുവെന്നര്‍ഥം.

അനുരാഗ് താക്കൂറിന്റെ കലാപാഹ്വാനം
അടിച്ചേല്‍പ്പിച്ച പൗരത്വ നിയമത്തിനെതിരെ തെരുവുകളിലിറങ്ങുന്നവരെ അവസാനിപ്പിക്കാന്‍ കാവിപ്പടയുടെ നേതാക്കള്‍ അനുയായികള്‍ക്ക് തുടര്‍ച്ചയായി ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കയാണ്.
അടുത്ത നാളുകളില്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള പാര്‍ലമെന്റംഗവും കേന്ദ്ര ധനകാര്യ സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍, ‘ദേശദ്രോഹികള്‍ക്ക് നേരെ വെടിയുതിര്‍ക്കൂ’ എന്ന് പൊതുയോഗത്തില്‍ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഒടുവിലിതാ രാംഭക്ത് ഗോപാല്‍ എന്ന ഹിന്ദുത്വ തീവ്രവാദി അത് അക്ഷരംപ്രതി നടപ്പാക്കിയിരിക്കുന്നു. ‘ആര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്? ഞാന്‍ തരാം നിങ്ങള്‍ക്ക് സ്വാതന്ത്രം. ജയ് ശ്രീറാം’ എന്ന് വിളിച്ചുകൂവി പൊലീസുകാരെ സാക്ഷിയാക്കി ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്കു നേരെ അയാള്‍ വെടിയുതിര്‍ത്തു. എല്ലാ അടിച്ചമര്‍ത്തല്‍ നടപടികളും അതിജീവിച്ച് ഷെഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും മുന്നോട്ടുകൊണ്ടുപോകുന്ന പ്രതിഷേധത്തെ പരാമര്‍ശിച്ചു ‘ഷെഹീന്‍ബാഗ് ഗെയിം ഓവര്‍’ എന്ന മറ്റൊരു പോസ്റ്റും രാംഭക്ത് ഫേസ്ബുക്കിലിട്ടു. വടിവാള്‍ ചുംബിച്ചു നില്‍ക്കുന്നതാണ് അയാളുടെ പ്രൊഫൈല്‍ ചിത്രം. ആ അക്കൗണ്ടിലെ മറ്റു പോസ്റ്റുകളില്‍ താന്‍ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ക്കു വേണ്ടിയുള്ള തയാറെടുപ്പുകളാണ് വിശദീകരിച്ചതും. തന്റെ അന്ത്യയാത്രയില്‍ മൃതദേഹത്തില്‍ കാവി പുതപ്പിക്കണമെന്നും ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കണമെന്നും ആവശ്യപ്പെടുന്നുമുണ്ട്. വര്‍ഗീയ ഭ്രാന്തും അന്യമത വിദ്വേഷവും തലക്കുപിടിച്ചാല്‍ മനുഷ്യര്‍ എത്രമാത്രം തരംതാഴുമെന്നാണ് ഇത്തരം ജല്പനങ്ങള്‍ തെളിയിക്കുന്നത്. പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിഅ മില്ലിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ നടത്തിയ മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പ്. അയാള്‍ അതു മുഴുവന്‍ ഫേസ്ബുക്കില്‍ സ്വന്തം അക്കൗണ്ട് വഴി ലൈവില്‍ കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി ജെ പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ജാമിഅ വിദ്യാര്‍ഥികള്‍ക്കു നേരെ നടത്തിയ വെടിവെപ്പെന്ന് വ്യക്തം. ഇങ്ങനെയൊരു ആക്രമണമുണ്ടായത് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലാണെന്നതും നിസ്സാരമല്ല.

ബോള്‍സോനാരോയ്ക്ക് ചുവപ്പു പരവതാനി
2020 റിപ്പബ്ലിക് ദിനത്തില്‍ മോഡി ഭരണം ഔദ്യോഗിക മുഖ്യാതിഥിയായി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും പിന്തിരിപ്പനായ ഭരണാധികാരികളിലൊരാളും ‘ട്രംപ് ഓഫ് ദി ട്രോപിക്’ എന്ന് കുപ്രസിദ്ധനുമായ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ. മുരത്ത വലതുപക്ഷക്കാരനും തീവ്രമതപരതയുടെ പ്രചാരകനും ഡൊണാള്‍ഡ് ട്രംപിന്റെ ഭക്തനും ഇസ്രയേല്‍ അനുകൂലിയും തോക്കുലോബിയുടെ വക്താവുമാണ് അദ്ദേഹം. സ്ത്രീ വിമോചനം ഭ്രാന്തന്‍ ചിന്തയാണ്, ഗര്‍ഭം ധരിക്കുന്നതിനാല്‍ സ്ത്രീക്ക് വേതനം കുറച്ചേ കൊടുക്കാവൂ, മനുഷ്യാവകാശം അര്‍ഥശൂന്യമായ വാചകമടിയാണ് തുടങ്ങിയ അറുപിന്തിരിപ്പന്‍ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ മടിക്കാറുമില്ല. ‘ഞാന്‍ താങ്കളെ ബലാത്സംഗം ചെയ്യാതെ ഒഴിവാക്കുന്നത് താങ്കളത് അര്‍ഹിക്കുന്നില്ല എന്നതിനാല്‍ മാത്രം’ എന്നാണ് 2003-ല്‍ അദ്ദേഹം വനിതാ പാര്‍ലമെന്റംഗത്തെ നീചമായി പരിഹസിച്ചത്. ജനങ്ങളെ വെടിവെച്ചു കൊല്ലാത്തൊരാള്‍ പൊലീസ് സര്‍വീസിന് ചേരില്ലെന്നും കൂട്ടിച്ചേര്‍ത്തു. സാമൂഹിക സഹായങ്ങള്‍ പറ്റിയും സംവരണാനുകൂല്യങ്ങള്‍ അനുഭവിച്ചും ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇത്തിള്‍കണ്ണികളാണെന്നും അടിമകളുടെ പിന്‍തലമുറക്കാരും കറുത്തവര്‍ഗക്കാരും പ്രജനനത്തിനു പോലും അര്‍ഹരല്ലാത്തവരാണെന്നും ആയിരങ്ങളെ സാക്ഷിനിര്‍ത്തി തുറന്നടിച്ചതും മറക്കാനാവില്ല. അങ്ങനെയൊരാള്‍ക്ക് ചുവപ്പു പരവതാനി വിരിച്ചുകൊടുത്തത് നിഷ്‌കളങ്കവും യാദൃച്ഛികവുമല്ല. ജനാധിപത്യവും സഹജീവി സ്നേഹവും മതനിരപേക്ഷതയും സമത്വാദര്‍ശങ്ങളും സമാധാനവാഞ്ഛയും ജീവിതത്തിന്റെ അഭേദ്യ ഭാഗമാക്കിയ, ലോകം ആദരിക്കുന്ന നേതാക്കളെയാണ് ‘ഏറ്റവും വലിയ ജനാധിപത്യ’മെന്ന് ഊറ്റംകൊള്ളാറുള്ള ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥികളായി പങ്കെടുപ്പിക്കാറുള്ളത്. ആ പാരമ്പര്യവും മോഡി വലിച്ചെറിഞ്ഞിരിക്കയാണ്.
ജനാധിപത്യത്തിന്റെ അടിസ്ഥാനാശയങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ഭരണകൂടംതന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ച രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥിയായി ആരെയാണ് വിളിക്കുന്നതെന്നതും നിസ്സാരമല്ല. വംശവെറിയും സ്ത്രീ വിരുദ്ധതയും ഏകാധിപത്യവാദവും മാത്രം കൈമുതലാക്കിയാണ് ആ മുന്‍പട്ടാള ഉദ്യോഗസ്ഥന്‍ ബ്രസീലിന്റെ ഭരണത്തിലെത്തിയത്. ‘വിവേകവും യുക്തിയും തൊട്ടുതീണ്ടാത്ത അത്യാര്‍ത്തിക്കാരന്‍ മാത്രമാണ് ബോള്‍സോനാരോ’യെന്ന സൈന്യത്തില്‍ കൂടെയുണ്ടായ ഉന്നതോദ്യോഗസ്ഥന്റെ വാക്കുകള്‍ വിട്ടുകളയാനാവില്ല. ബോള്‍സോനാരോ പട്ടാള യൂണിഫോമിടുന്നത് 1973 -ലാണ്. ഒരു ദശാബ്ദത്തിനുശേഷം സൈനികരുടെ ചെറിയ വേതനം മുന്‍നിറുത്തി ലേഖനമെഴുതിയതിന്റെ പേരില്‍ രണ്ടാഴ്ച ജയിലിലായി. പുറത്തിറങ്ങി നേരെ കയറിയത് അധികാര രാഷ്ട്രീയത്തിലേക്ക്. മുന്‍പ്രസിഡന്റ് ഫെര്‍ണാണ്ടോ ഹെന്റിക് കാര്‍ഡോസോയടക്കം ‘അഴിമതിക്കാരായ’ കാല്‍ലക്ഷത്തിലധികം രാഷ്ട്രീയ പ്രതിയോഗികളെ വധിക്കണമെന്ന 1991 ലെ പ്രഖ്യാപനംതന്നെ വിവാദമായി. വിദ്വേഷവും നിന്ദയും അവജ്ഞയും നിറഞ്ഞ പ്രസ്താവനകള്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ ആരാച്ചാര്‍ എന്ന് വിളിക്കാവുന്ന ബോള്‍സോനാരോയുടെ അഭിപ്രായത്തില്‍ വോട്ടിങ് സമ്പ്രദായങ്ങള്‍ കൊണ്ട് ഒരു മാറ്റവും നേടാനാവില്ല. 2017 -ല്‍ ലോവര്‍ ഹൗസ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കി നാലു വോട്ട് മാത്രം നേടി സ്വയം നാണംകെടുകയുണ്ടായി. പക്ഷേ, പൊടുന്നനെയാണ് സ്ഥിതിഗതികള്‍ തനിക്കനുകൂലമാക്കിത്തിരിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ കുലുക്കിയ പെട്രോബാസ് കുംഭേകാണവും തീര്‍ത്ത ഭരണവിരുദ്ധ വികാരം മുതലെടുക്കുകയായിരുന്നു. അങ്ങനെ രക്ഷക പരിവേഷമണിഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണ് ബോള്‍സോനാരോ ഭരണം പിടിച്ചത്.

സാമൂഹിക പ്രസ്ഥാനങ്ങള്‍ രാജ്യസമ്പത്ത് തട്ടിയെടുക്കുന്ന കൊള്ളക്കാരാണെന്നും കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഒരേയൊരു വഴി ജനങ്ങള്‍ക്കെല്ലാം കൈത്തോക്ക് അനുവദിക്കുകയാണെന്നും റെഡ് ഇന്ത്യക്കാരും കറുത്ത വര്‍ഗക്കാരും വെള്ളക്കാരുടെ ഫലഭൂയിഷ്ടമായ ഭൂമി പോലും തട്ടിയെടുക്കുകയാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ബോള്‍സോനാരോ, മൃഗശാലയിലേക്കു തിരിച്ചു പോകേണ്ടവരാണ് ബ്ലാക്ക് റൈറ്റ് ആക്ടിവിസ്റ്റുകള്‍ എന്നാണ് മറ്റൊരവസരത്തില്‍ പറഞ്ഞത്. നവനാസികളുമായും അദ്ദേഹത്തിന് അഭേദ്യ ബന്ധമാണ്. പ്രൊഫസര്‍ മാക്രോ അന്റോണിയോ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പിന് ഹിറ്റ്ലറുടെ വേഷത്തിലെത്തിയതിനെ ന്യായീകരിക്കുകയുമുണ്ടായി. വംശശുദ്ധി നിലനിര്‍ത്താന്‍ കൃത്രിമ ബീജ സങ്കലനം അനിവാര്യമാണെന്നും ബ്രസീലില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നുണ്ടെങ്കില്‍ നാസികള്‍ക്കും ആവാമെന്നും വാദിച്ച ‘സ്‌കിന്‍ ഹെഡ്’ ഗ്രൂപ്പുകളെയും ബോള്‍സോനാരോ പിന്തുണച്ചു. ബ്രസീല്‍ ക്രിസ്ത്യന്‍ രാജ്യമായതിനാല്‍ യഥാര്‍ഥ പൗരന്മാരല്ലാത്ത മറ്റു മതക്കാര്‍ പൊതു മണ്ഡലവും രാഷ്ട്രീയ ഇടവും ഉപേക്ഷിക്കണമെന്നും ഭീഷണി മുഴക്കിയ അദ്ദേഹം, ദേശീയ വിശ്വാസത്തിന് എതിരായ തീവ്രവാദികളായ ഇസ്‌ലാമിനെയും ആഫ്രിക്കന്‍ മതങ്ങളെയും നിരോധിക്കണമെന്നും വാദിക്കുന്നു. മധ്യേഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ രാജ്യത്തിന്റെ അഴുക്കുകട്ടകള്‍ മാത്രമാണെന്നും അവരെ സൈന്യം കൊണ്ടാണ് നേരിടേണ്ടതെന്നും വിശദീകരിച്ചിട്ടുമുണ്ട്. 1964-85 കാലയളവില്‍ നിലവിലുണ്ടായ പട്ടാളഭരണ ഭീകരതയെ പിന്തുണയ്ക്കുന്ന ബോള്‍സോനാരോ, 1964 -ലെ പട്ടാള അട്ടിമറിയെ ‘മഹത്തായ വിപ്ലവം’ എന്നാണ് വിശേഷിപ്പിക്കാറുള്ളതും. ലക്ഷണമൊത്ത ഫാഷിസത്തിന്റെ ചവിട്ടടിയിലാണ് ബ്രസീല്‍ ഇപ്പോള്‍. രാജ്യം സൈനിക രൂപമാര്‍ജിച്ചു കഴിഞ്ഞു. അടിച്ചേല്‍പ്പിക്കപ്പെട്ട അച്ചടക്കം കലാലയങ്ങളെ പട്ടാള ബാരക്കുകള്‍ക്ക് സമാനമാക്കിയിരിക്കുന്നു. ഏകശിലാത്മക ചരിത്രത്തിലേക്ക് മുന്നേറാന്‍ പാഠ്യപദ്ധതി പൊളിച്ചെഴുതല്‍ ആരംഭിച്ചു. പാര്‍ലമെന്റും നീതിന്യായ സംവിധാനവും നോക്കുകുത്തികളുമായി. തീവ്ര വലതുപക്ഷ നേതൃത്വങ്ങള്‍ക്ക് ദേശീയ സ്വത്വം ഇല്ലാതാക്കുന്ന നിര്‍മിത ശത്രുക്കള്‍ കുടിയേറ്റക്കാരാണെങ്കില്‍, ബോള്‍സോനാരോ അവിടെ നില്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ ലിസ്റ്റില്‍ സംവരണാനുകൂല്യമുള്ള തദ്ദേശീയരും കമ്യൂണിസ്റ്റുകാരും സ്വവര്‍ഗാനുരാഗികളുമുണ്ട്.

മാധ്യമങ്ങളില്‍ നിറയുന്ന കാവി
ഇന്ത്യന്‍ മാധ്യമങ്ങളുടെ വിശ്വാസ്യത ചരിത്രത്തിലില്ലാത്തവിധം കൈമോശം വന്നതായി ഇസ്താംബൂള്‍ ആസ്ഥാനമായ ടിആര്‍ടി വേള്‍ഡിന്റെ ഡോക്യു ഫീച്ചര്‍. ഗവണ്‍മെന്റ് അനുകൂല മനോഭാവം മുളപ്പിക്കാനാണ് അവയുടെ ഇപ്പോഴത്തെ ശ്രമം. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. പുല്‍വാമയില്‍ 41 സൈനികരുടെ മരണത്തിന് തിരിച്ചടിയായി പാകിസ്ഥാനോട് യുദ്ധം ചെയ്യണമെന്ന നിലപാടായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളുടേത്. യുദ്ധം മാത്രമാണ് ഏക പോംവഴിയെന്നും പല ചാനലുകളും ആവേശംകൊണ്ടു. അര്‍ണബ് ഗോസ്വാമിയുടെ ചര്‍ച്ചകള്‍ അടിവരയിട്ടാണ് ടിആര്‍ടി ഇക്കാര്യം സൂചിപ്പിക്കുന്നത്. സര്‍ക്കാരിനെ പല കാര്യങ്ങളിലും വിമര്‍ശിക്കുന്ന ടെലഗ്രാഫ്, ഹിന്ദു മുതലായ പത്രങ്ങളെ നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മാധ്യമ പ്രവര്‍ത്തകരുടെ ജോലിയും കടമയും ഭരണകര്‍ത്താക്കളെ ചോദ്യം ചെയ്യലാണ്. പക്ഷേ, മോഡി അധികാരത്തിലെത്തിയതോടെ മാധ്യമങ്ങള്‍ ഗവണ്‍മെന്റിന്റെ കുഴലൂത്തുകാരായി. മുഖ്യധാരാ ഇന്ത്യന്‍ ചാനലുകള്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് ഗവണ്‍മെന്റിനുവേണ്ടി പ്രതിലോമകരമായ പ്രചാരണം ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ പറഞ്ഞു (ബിബിസി, എന്‍ ഡി ടിവി, എബിപി, ആജ് തക്, സീ ന്യൂസ് ചാനലുകളില്‍ സേവനമനുഷ്ഠിച്ച ശര്‍മയ്ക്ക് മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാംനാഥ് ഗോയങ്ക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്).
നിങ്ങള്‍ ചാനല്‍ ആങ്കറാണെങ്കില്‍, സര്‍ക്കാറിനെ ചോദ്യംചെയ്യുന്ന പത്രപ്രവര്‍ത്തകനാണെങ്കില്‍ പലവിധ സമ്മര്‍ദങ്ങളിലൂടെ വായയടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള നൃപേന്ദ്ര മിശ്ര മാധ്യമ നടത്തിപ്പുകാരെയും പത്രാധിപന്മാരെയും വിളിച്ച് സര്‍ക്കാരിന് താങ്കളുടെ പ്രവര്‍ത്തനങ്ങളില്‍ നീരസമുണ്ടെന്ന് അറിയിക്കും. അങ്ങനെയാണ് കേന്ദ്രം മാധ്യമങ്ങളെ നിയന്ത്രിക്കുന്നതെന്നാണ് അഭിസാര്‍ ശര്‍മ ടി ആര്‍ ടി വേള്‍ഡിനോട് പറഞ്ഞത്. കര്‍ഷകരുടെ വരുമാനം തന്റെ ഗവണ്‍മെന്റ് നയങ്ങള്‍ കാരണം ഇരട്ടിച്ചുവെന്ന് പറഞ്ഞ് മോഡിയുമായി സംവദിച്ച സ്ത്രീയെ തിരഞ്ഞുപോയി സത്യാവസ്ഥ പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകനാണ് എബിപി ചാനലിലെ പുണ്യ പ്രസൂണ്‍ ബാജ്പായ്. വരുമാനത്തില്‍ ഒരു മാറ്റവും വന്നില്ലെന്നാണ് ആ കര്‍ഷക ബാജ്പായോട് തുറന്നടിച്ചത്. ചാനലിലൂടെ സത്യം വ്യക്തമാക്കിയതോടെ തനിക്ക് വലിയ സമ്മര്‍ദമുണ്ടായെന്നാണ് ബാജ്പായ് പിന്നീട് വെളിപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തനം തുടരാനാവാതെ അദ്ദേഹം ചാനലില്‍ നിന്ന് രാജിവെച്ചെന്നും ടിആര്‍ ടി വെളിപ്പെടുത്തി. മോഡിയെ എതിര്‍ക്കുന്ന വാര്‍ത്തകള്‍ ചാനലില്‍ വന്നാല്‍ നിങ്ങളുടെ ബിസിനസിനെയും വരുമാനത്തെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് പിന്നീടുണ്ടായത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും ഭീഷണിയും ഇന്ത്യയില്‍ സര്‍വസാധാരണമാണ്. ഒരു വ്യാഴവട്ടത്തിനിടെ 50 മാധ്യമ പ്രവര്‍ത്തകരുടെ ജീവനാണ് പൊലിഞ്ഞത്. വേള്‍ഡ് പ്രസ് ഫ്രീഡം ഇഡക്സില്‍ ഇന്ത്യ 140-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 180 രാജ്യങ്ങളുടെ ഇടയിലാണ് പരിതാപകരമായ ഈ സ്ഥിതി. അഫ്ഗാനിസ്ഥാനും ദക്ഷിണ സുഡാനും പോലുള്ള രാജ്യങ്ങളെക്കാള്‍ ഇന്ത്യ പിന്നിലാണെന്നും ടി ആര്‍ ടി ഡോക്യുമെന്ററി തെളിയിച്ചു. അപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ധീരമായ മാധ്യമ പ്രവര്‍ത്തനം നടക്കുന്നു. ദി ക്വിന്റ്, ദി വയര്‍, ന്യൂസ് ക്ലിക്ക് തുടങ്ങിയവ ഈ പട്ടികയില്‍ വരുമെന്ന് അഭിസാര്‍ ശര്‍മ അഭിപ്രായപ്പെട്ടു. ജാമിഅയില്‍ ഹിന്ദുത്വ ഭീകരന്‍ വെടിവെച്ചത് അര്‍ണബിന്റെ റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്, പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥികള്‍ വെടിവെച്ചുവെന്നായിരുന്നു. ജാമിഅയുടെ കവാടത്തില്‍നിന്ന് റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ടര്‍മാരെ ‘ഗോബാക്’ വിളിച്ചതും മറക്കാതിരിക്കാം. ഹിന്ദുത്വ ഭീകരത എല്ലാ അതിരുകളും ഭേദിച്ച് അതിക്രമവും നുണപ്രചാരണവും നടത്തുമ്പോള്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയത്താണ് ഇത്തരം നിരുത്തരവാദിത്തങ്ങള്‍ എന്നോര്‍ക്കണം.

ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം കശ്മീരില്‍ പിടിയിലായ ശ്രീനഗര്‍ വിമാനത്താവള ഡി എസ് പി ദേവീന്ദര്‍ സിങ്ങിനെ എവിടെയാണ് പാര്‍പ്പിച്ചതെന്നുപോലും പുറംലോകമറിയുന്നില്ല. അയാളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുപിടിക്കാനാണ് ഈ കൗശലം. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയ ബിജെപി ഐടി സെല്ലിലെ പ്രധാനി ധ്രുവ് സക്‌സേനക്കും സഹഒറ്റുകാര്‍ക്കുമെതിരെ പെറ്റിക്കേസ് മാത്രമായിരുന്നു. മംഗളൂരു ബാജ്‌പേ വിമാനത്താവളത്തില്‍ ബോംബുവെച്ച സ്ഥിരം കുറ്റവാളി ആദിത്യ റാവുവിന് മനോരോഗിയുടെ ആനുകൂല്യം നല്‍കി രക്ഷിക്കാനായിരുന്നു ശ്രമം. മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിങ്ങ് താക്കൂറിനെ പാര്‍ലമെന്റംഗവുമാക്കി. കഴിഞ്ഞ ജനുവരി 30ന് ഗാന്ധി പ്രതിമയില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്ത വിശ്വഹിന്ദു പരിഷത്ത് നേതാവ് പൂജാ ശകുന്‍ പാണ്ഡെയ്‌ക്കെതിരെ കേസുപോലും എടുത്തില്ല. ഈ പശ്ചാത്തലത്തില്‍ ‘തോക്കു നീട്ടിനീ, യച്ഛന്റെ മാറിന്‍-, നേര്‍ക്കു തന്നെ നിറയൊഴിച്ചിട്ടും, പിന്നെയും ഞങ്ങള്‍ വിശ്വസിക്കേണം,നിന്നെയും ‘ഭാരതീയ’നായ് ത്തന്നേ!’ എന്ന വയലാറിന്റെ വരികള്‍ മറക്കാനാവില്ല.

എം എന്‍ വിജയന്റെ മുന്നറിയിപ്പ്
തനിക്കിഷ്ടപ്പെട്ട നിലക്കടലയും കൊറിച്ചാണ് ഗോഡ്സെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് ഗാന്ധിജിയെ വെടിവെച്ചു കൊല്ലാന്‍ പുറപ്പെട്ടത്. അത് ചെയ്യുമ്പോഴും ചെയ്തശേഷവും ഏറ്റെടുത്തത് ചരിത്രത്തോടുള്ള നിഷ്ഠുരതയാണെന്ന ബോധം അയാള്‍ക്കുണ്ടായിരുന്നില്ല. ഒരുപക്ഷേ, മഹാഭാരതകഥയിലുള്ളതിനെക്കാള്‍ ഭീകരമായി ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും നശിപ്പിക്കുമ്പോള്‍ ഗുജറാത്തിലെ കര്‍സേവകര്‍ക്കും തീര്‍ച്ചയായും ആ വികാരമുണ്ടായിരുന്നില്ല. കുറ്റകരമായ ഇത്തരം നിര്‍വികാരതകളാണ്, നിര്‍വികാരമായ ക്രൂരതകളാണ് ഇന്ത്യന്‍ ജനത നേരിടുന്നതെന്ന ബോധം സാമാന്യ ജനങ്ങള്‍ക്ക് ഉണ്ടായിത്തീരേണ്ട സന്ദര്‍ഭമാണിതെന്ന എം എന്‍ വിജയന്റെ മുന്നറിയിപ്പ് പ്രവചനതുല്യമാണ്. താന്‍ എന്തുകൊണ്ട് ഗാന്ധിയെ വധിച്ചുവെന്ന നാഥുറാം ഗോഡ്‌സെയുടെ മൊഴിയും പ്രദീപ് ദാല്‍വിയുടെ നാടകവും പുസ്തകരൂപത്തില്‍ ഇറങ്ങുകയുണ്ടായി. നിരോധിക്കപ്പെട്ട അവ രണ്ടും ഇന്ന് രാജ്യത്ത് ലഭ്യമാണ്.

രാഷ്ട്രപിതാവിന്റേത് സ്വാഭാവിക മരണമായിരുന്നില്ല. അഞ്ചു പ്രാവശ്യം ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ ഹിന്ദുത്വ തീവ്രവാദികള്‍ ആറാംവട്ടം ലക്ഷ്യം കാണുകയായിരുന്നു. ആ കാപാലികര്‍ പഴയ ശത്രുവിനെ മിത്രമായി പരിപാലിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലൊരിടത്ത് ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചുള്ള പരിപാടിയില്‍ കുമ്മനം രാജശേഖരന്‍ അതിഥിയായെത്തുമ്പോള്‍ ഗോഡ്സെ അനുയായികളുടെ തൊലിക്കട്ടിയും ഗീബല്‍സീയന്‍ അടവുകളും കണ്ട് ചരിത്രം ചിരിക്കുന്നുണ്ടാവണം. മൊറാര്‍ജി ദേശായി ‘ദി സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്ന ആത്മകഥയില്‍ ഗാന്ധിജിയുടെ കൊലയാളികള്‍ ആര്‍ എസ് എസുകാര്‍ തന്നെയെന്ന് തുറന്നടിച്ചിട്ടുണ്ട്. ഗാന്ധി ഏതെങ്കിലും മതത്തിന്റെയും ആധിപത്യത്തിന് നിലകൊണ്ടില്ല. രാജ്യ വിഭജനത്തെ തുടര്‍ന്നുണ്ടായ മനുഷ്യക്കുരുതിയുടെ നാളുകളില്‍ നവഖാലിയില്‍ മുറിവേറ്റ ഹൃദയങ്ങളുമായി വിലപിച്ച മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തി നില്‍ക്കുകയായിരുന്നു. ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന രാമരാജ്യമല്ല ഗാന്ധിയുടേത്. ആ വ്യത്യാസം ജനാധിപത്യവാദികള്‍ വ്യക്തമായും തിരിച്ചറിയണം. തങ്ങള്‍ നിലകൊള്ളുന്ന സങ്കുചിത മതഭ്രാന്തിന് അദ്ദേഹം കൈയൊപ്പ് ചാര്‍ത്താത്തതിനാലാണ് ഗോഡ്‌സെയും സംഘവും ആ ജീവിതം അവസാനിപ്പിച്ചത്. ഗാന്ധിയെ അവര്‍ ഒരിക്കലുമില്ലാത്തവിധം അമിതമായി ഭയപ്പെടുന്നുണ്ടിപ്പോള്‍. അതിനാല്‍ നാം ആ ഓര്‍മയെ സമരരൂപമായി കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

അനില്‍കുമാര്‍ എ വി

You must be logged in to post a comment Login