ജയിക്കാനുള്ളതാണ് ഈ സമരങ്ങൾ

ജയിക്കാനുള്ളതാണ്  ഈ സമരങ്ങൾ

മൗനം അവസാനിപ്പിക്കുകയാണ് ഒരു ജനത. ഭയത്തിന്റെ ആവരണത്തില്‍ നിന്ന് പുറത്തിറങ്ങുകയും. ഭിന്നാഭിപ്രായം ഉറക്കെപ്പറയാനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ യൂണിയനെന്ന റിപ്പബ്ലിക് ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രസ്ഥാനമായി അത് മാറുകയുമാണ്. ഈ പ്രസ്ഥാനം ജയം കാണുമോ? ഈ പ്രസ്ഥാനം പതുക്കെപ്പതുക്കെ ഇല്ലാതാകുമോ? ഭരണകൂടം ഇതിനെ അടിച്ചമര്‍ത്തുമോ? എവിടേക്കാണ് ഈ പ്രസ്ഥാനം നമ്മെ നയിക്കുക? എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

കാലം ഉത്തരം നല്‍കട്ടെ. നാം കാണുന്നത് ഇന്ത്യന്‍ ജനത ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നതാണ്. വന്‍ നഗരങ്ങളില്‍, പട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍ ഒക്കെ പ്രതിരോധത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സ്വരം ഒന്നിച്ചുയരുന്നു. വിവിധ വിശ്വാസധാരകളില്‍പ്പെട്ടവര്‍, വിവിധ സ്വത്വങ്ങളുള്ളവര്‍ പ്രതിരോധത്തില്‍ അണിചേരുകയാണ്, ഏതെങ്കിലുമൊരു നേതാവിന്റെ കീഴിലല്ലാതെ. സമരമുഖങ്ങളില്‍ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമാണ്. മഹാത്മാ ഗാന്ധിയും ബാബാ സാഹിബ് അംബേദ്കറുമാണ് അവരുടെ ആവേശം. ത്രിവര്‍ണ പതാകയും ഭരണഘടനയുമാണ് ചിഹ്നങ്ങള്‍. എല്ലായിടത്തും ദേശീയഗാനം മുഴങ്ങുന്നു.

ഈ പ്രസ്ഥാനത്തിന്റെ വിജയത്തെക്കുറിച്ച് സംശയമുന്നയിക്കുന്നവര്‍ പ്രതിരോധത്തിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാത്തവരാണ്. പൗരത്വ നിയമ ഭേദഗതി, ജനസംഖ്യാ രജിസ്റ്റര്‍ – പൗരത്വപ്പട്ടിക സംയുക്തം എന്നിവയ്‌ക്കെതിരായ സമരം മാത്രമാണിതെന്ന് വിലയിരുത്തുന്നത് വലിയ തെറ്റാകും. പൗരത്വം തെളിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്ന ഭരണകൂട മൗഢ്യത്തിനെതിരായ വിപ്ലവമാണ് ഈ പ്രസ്ഥാനം. ജനങ്ങളെ കേള്‍ക്കാന്‍ ഭരണകൂടം തയാറാകണമെന്ന മുന്നറിയിപ്പാണത്. ഭയം, വെറുപ്പ്, വിവേചനം, അക്രമോത്സുകത എന്നിവയ്‌ക്കെതിരെ പൊടുന്നനെ ഉയര്‍ന്ന രോഷമാണത്. ഹിന്ദുത്വ ദേശീയത എന്ന അപകടകരമായ പദ്ധതിക്കെതിരായ മുന്നേറ്റവും. വിദ്യാര്‍ത്ഥികളെ, വിയോജിക്കുന്നവരെ, ന്യൂനപക്ഷങ്ങളെ ഒക്കെ ഭീകരരായി ചിത്രീകരിക്കുന്ന ഭരണകൂടത്തോടുള്ള വെല്ലുവിളിയും. ദൈനംദിന ജീവിതത്തില്‍ ജനം നേരിടുന്ന പ്രയാസങ്ങള്‍ കൂടിയാണ് പ്രതിഷേധത്തിന് അടിസ്ഥാനം. തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍, തകര്‍ന്ന സമ്പദ് വ്യവസ്ഥ അങ്ങനെ പലതിനോടുമുള്ള പ്രതിഷേധം.

ഈ പ്രസ്ഥാനം പല തലങ്ങളില്‍ വിജയം നേടിക്കഴിഞ്ഞു. ഹിന്ദുത്വ തീവ്രവാദികള്‍ മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയതിന് ശേഷം ഹിന്ദു – മുസ്‌ലിം ഐക്യത്തിന് രാജ്യവ്യാപകമായി നടക്കുന്ന ശ്രമമെന്ന നിലയിലുള്ള വിജയമാണ് ഒന്ന്. സമര വേദികളിലുള്ള വിവിധ മത – ജാതി വിഭാഗങ്ങളില്‍പ്പെട്ടവരുടെ സാന്നിധ്യം തന്നെ അതിന് തെളിവ്. ഡല്‍ഹിയിലെ ശാഹീന്‍ബാഗ് ഉദാഹരണമായി എടുക്കുക. സമരം ചെയ്യുന്ന സഹോദരിമാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നത് സിഖുകാര്‍. രാത്രിയിലെ കൊടും തണുപ്പ് ഈ പാവപ്പെട്ട സിഖ് കര്‍ഷകരുടെ ആവേശം കെടുത്തുന്നില്ല. ”1947ലെ ദുരിതം ഞങ്ങള്‍ കണ്ടതാണ്. അത് ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ട്” – ശാഹീന്‍ ബാഗിലെ സിഖ് വംശജന്‍ പറയുന്നു.
രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളെ രാഷ്ട്രീയവത്കരിച്ചുവെന്നതാണ് രണ്ടാമത്തെ വിജയം. രാഷ്ട്രീയത്തിന്റെയും ധാര്‍മികതയുടെയും സ്പര്‍ശമില്ലാത്ത ഇടങ്ങളായി നമ്മുടെ സര്‍വകലാശാലകളില്‍ ഭൂരിഭാഗവും മാറിയിരുന്നു. ഇപ്പോള്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരെ പഠിപ്പിക്കുകയാണ്, വെറുപ്പിന്റെ രാഷ്ട്രീയത്തെ അവഗണിക്കാന്‍. പരസ്പരം സഹാനുഭൂതിയോടെ പെരുമാറാന്‍.

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് നല്‍കപ്പെടുന്ന ഉറപ്പാണ് വിജയങ്ങളില്‍ മൂന്നാമത്തേത്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ അസ്വസ്ഥതയുടേതും ഭീതിയുടേതുമായിരുന്നു. രാഷ്ട്രീയമായി ഏറെക്കുറെ അപ്രസക്തരായ മുസ്‌ലിംകളെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബാധ്യതയായി കാണുന്ന അവസ്ഥയായി. വര്‍ഗീയതയും വെറുപ്പ് വമിക്കുന്ന പ്രഭാഷണങ്ങളും ദൈനംദിന സംഭവങ്ങളായി. ന്യൂനപക്ഷ വിഭാഗക്കാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നതും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതിഷേധ വേദികളിലേക്ക് ഞാന്‍ യാത്ര ചെയ്തിരുന്നു. ശാഹീന്‍ ബാഗിലെ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് അരങ്ങേറുന്ന പ്രതിഷേധങ്ങളിലൊക്കെ ത്രസിപ്പിക്കുന്ന ഊര്‍ജമുണ്ട്. ആ ഊര്‍ജത്തിനൊപ്പം മുസ്‌ലിംകള്‍ക്ക് തുല്യാവകാശമുള്ള രാജ്യമാണിതെന്ന ഉറപ്പ് സൃഷ്ടിക്കപ്പെടുന്നുമുണ്ട്. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലികളില്‍ ഞാന്‍ സംസാരിച്ചു. അവിടെയൊക്കെ തൊപ്പിവെച്ച പുരുഷന്‍മാരും ഹിജാബ് ധരിച്ച സ്ത്രീകളും ദേശീയ പതാക വീശിക്കൊണ്ട് ഇതര വിഭാഗങ്ങള്‍ക്കൊപ്പം തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച കണ്ടു.

ദേശീയത എന്ന ആശയത്തിന്റെ തിരിച്ചെടുപ്പാണ് നാലാമത്തെ വിജയം. ഇന്ത്യക്കാരനെ സംബന്ധിച്ച് ദേശീയത എന്നത് ഭിന്നിപ്പിക്കലിന്റേതല്ല, യോജിപ്പിന്റേതാണെന്ന തിരിച്ചെടുപ്പ്. വെറുപ്പും ഭയവും അക്രമവും കൊണ്ട് ഭിന്നിപ്പിച്ച് സൃഷ്ടിക്കപ്പെടുന്നതല്ല ദേശീയതയെന്ന് രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ തിരിച്ചറിയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ദേശീയതയെ, ടാഗോറിന്റെയും ഗാന്ധിയുടെയും രാജ്യസ്‌നേഹം കൊണ്ട് ആദേശം ചെയ്യുകയാണ് ഈ പ്രസ്ഥാനം.
ജനങ്ങളുടെ പ്രസ്ഥാനത്തിന്റെ ആത്മാവായി ഭരണഘടനയെ മാറ്റിയെന്നതും വിജയമാണ്. ചെറുതും വലുതുമായ പ്രതിഷേധങ്ങളിലൊക്കെ ഭരണഘടനയുടെ ആമുഖം വായിക്കുന്നു. ഭരണഘടനയുടെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടുമ്പോള്‍ ‘ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍’ അതിനെ സംരക്ഷിക്കാന്‍ യോജിച്ചുനില്‍ക്കുന്ന കാഴ്ച. ഇത് ബി ജെ പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വഴികാണിച്ചുകൊടുക്കുന്നുമുണ്ട്. തീവ്ര ഹിന്ദുത്വ അജണ്ടകളെ എതിര്‍ക്കുന്നതില്‍ യോജിച്ചുനില്‍ക്കാന്‍ മടിച്ച രാഷ്ട്രീയ പര്‍ട്ടികളൊക്കെ ഭരണഘടനയെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടായിരിക്കുന്നു. പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുക എന്നത് അജണ്ടയിലില്ല എന്നും തടങ്കല്‍പ്പാളയങ്ങള്‍ രാജ്യത്തില്ല എന്നുമുള്ള നുണകള്‍ ആവര്‍ത്തിക്കാന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോജിപ്പിന്റെ ഫലമാണ്.
ഇതിനകം നേടിയ വലിയ വിജയങ്ങളുടെ കരുത്തില്‍ ഈ പ്രസ്ഥാനം കൂടുതല്‍ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. പ്രതിഷേധം തുടരുക തന്നെ വേണം. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി (എന്‍ പി ആര്‍) നിസ്സഹകരിക്കുക എന്ന അജണ്ടയില്‍ അത് ഊന്നുകയും വേണം. എന്‍ പി ആര്‍ പുതുക്കുന്നതിനുള്ള നടപടികള്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കാന്‍ സാധിച്ചാല്‍, പൗരത്വത്തില്‍ സംശയമുള്ളവരുടെ പട്ടികയുണ്ടാക്കി പൗരത്വപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ ഏത് സമയത്തും ആരംഭിക്കാന്‍ സര്‍ക്കാറിന് കഴിയും. പിഴവുകളില്ലാത്ത ജനസംഖ്യ രജിസ്റ്ററും പൗരത്വപ്പട്ടികയും തീര്‍ത്തും അപ്രായോഗികമാണ്. ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെ പുറത്താക്കുക എന്നതാണ് ഇവയുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിനൊപ്പം ഹിന്ദുത്വ അജണ്ടകളെ എതിര്‍ക്കുന്നവരെയും. അതുകൊണ്ടുതന്നെ, എന്‍ പി ആര്‍ നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുക എന്നത് ഈ പ്രസ്ഥാനത്തിന്റെ മുഖ്യ ഉദ്ദേശ്യമാകണം. സെന്‍സസില്‍ നിന്ന് എന്‍ പി ആറിനെ വേര്‍പെടുത്താനും.

ഭരണഘടനയെ സംരക്ഷിക്കാനുള്ള ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ ചുമലിലാക്കുന്നത് തീര്‍ത്തും അനുചിതമായിരിക്കും. സംഘപരിവാരവും അത് നിയന്ത്രിക്കുന്ന ഭരണകൂടവും മുസ്‌ലിംകളെ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുസ്‌ലിംകളല്ലാത്തവരുടെ നേതൃത്വത്തിലാകണം എന്‍ പി ആര്‍ ബഹിഷ്‌കരണം നടക്കേണ്ടത്. എന്‍ പി ആര്‍ ബഹിഷ്‌കരണത്തിന് മുസ്‌ലിംകള്‍ മുന്‍കൈ എടുത്താല്‍ ആ വിഭാഗം നേരിടേണ്ടിവരിക ഗുരുതരമായ പ്രത്യാഘാതമായിരിക്കും. രാജ്യത്തിന്റെ പൊതു ആവശ്യത്തിന് പുറംതിരിഞ്ഞുനില്‍ക്കുന്നവരായി മുസ്‌ലിംകളെ ചിത്രീകരിക്കാന്‍ സംഘ പരിവാരത്തിന് എളുപ്പം സാധിക്കും.

മൗലാന ആസാദിന്റെ വാക്കുകള്‍ ഓര്‍ക്കാം. ”ഹിന്ദു – മുസ്‌ലിം ഐക്യമെന്ന ആശയത്തില്‍ നിന്ന് പിന്നാക്കം പോയാല്‍ 24 മണിക്കൂറിനകം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് സ്വര്‍ഗത്തില്‍ നിന്നൊരു മാലാഖ വന്ന് പറഞ്ഞാല്‍, സ്വാതന്ത്ര്യത്തെയാകും ഞാന്‍ ഉപേക്ഷിക്കുക, ഹിന്ദു – മുസ്‌ലിം ഐക്യമെന്ന ആശയത്തെയാകില്ല. സ്വാതന്ത്ര്യം വൈകുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. പക്ഷേ, ഹിന്ദു – മുസ്‌ലിം ഐക്യം ഇല്ലാതാകുന്നത് മാനവരാശിയ്ക്ക് തന്നെ വലിയ നഷ്ടമായിരിക്കും.”
ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്നത് ഈ പ്രസ്ഥാനത്തിന്റെ പരമപ്രധാനമായ ലക്ഷ്യമാകണം. സമരമുഖങ്ങള്‍ രാജ്യത്തെ മാത്രം അഭിസംബോധന ചെയ്താല്‍ പോര, ജനതയിലെ ഓരോരുത്തരെയും അഭിസംബോധന ചെയ്യണം. നിയമമോ കോടതിവിധികളോ അല്ല ഈ രാജ്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത്. നമ്മുടെ ഹൃദയത്തെ സ്‌നേഹമാണോ വെറുപ്പാണോ ഭരിക്കേണ്ടത് എന്ന ജനങ്ങളുടെ തീരുമാനമാണ് രാജ്യത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത്.

 

രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന പ്രതിരോധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് കാരണം പൗരത്വ നിയമ ഭേദഗതിയും പൗരത്വപ്പട്ടികയും മാത്രമല്ല. ആറ് വര്‍ഷമായി തുടരുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ നടപടികള്‍ ജനജീവിതത്തെ ദുരിതത്തിലാക്കിയതിന്റെ ഫലം കൂടിയാണ് ഈ സമരങ്ങള്‍. ഒറ്റ നോട്ടത്തില്‍ സമരം വിജയിച്ചിട്ടില്ലെന്ന് പറയുന്നവരുണ്ടാകാം. പക്ഷേ പലതലങ്ങളില്‍ വിജയം നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഹര്‍ഷ് മന്ദര്‍.

You must be logged in to post a comment Login