ഭരണഘടനാപതിപ്പ് : ഇന്ത്യയുടെ ആത്മകഥ ; ഭരണഘടനയുടെ എഴുപത് വർഷങ്ങൾ

ഭരണഘടനാപതിപ്പ് : ഇന്ത്യയുടെ ആത്മകഥ ; ഭരണഘടനയുടെ എഴുപത് വർഷങ്ങൾ

ഇങ്ങനെയാണ് നമ്മുടെ ഇന്ത്യ ആമുഖമെഴുതിയത്

ഇതാ ഞങ്ങള്‍ വരുന്നു, ഇതാണ് ഞങ്ങളുടെ ദര്‍ശനവും ഭാവിയാത്രകളുടെ അടിത്തറയും എന്ന ആധുനിക ഇന്ത്യയുടെ പ്രഖ്യാപനമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഇപ്പോള്‍ നിങ്ങള്‍ വായിച്ച ആമുഖം. അത്തരമൊരു ആധുനിക ഇന്ത്യയിലേക്കുള്ള മഹാദൂരങ്ങള്‍ മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട് ആ മുഖവാചകത്തില്‍. ഗ്രാന്‍വില്‍ ഓസ്റ്റിനെപ്പോലെ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്തയെ ആഴത്തില്‍ പഠിച്ച ഭരണഘടനാ വിദഗ്ധര്‍ ആമുഖത്തിന്റെ പ്രവചനാത്മകതയും ആമുഖം അന്തര്‍വഹിക്കുന്ന വിപ്ലവാത്മകതയും പ്രഘോഷിച്ചിട്ടുണ്ട്. ഇനിയുള്ള പുറങ്ങളില്‍ പലതലങ്ങളില്‍ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഭരണഘടനയിലേക്കുള്ള ഉറച്ചതും ജൈവികവുമായ വാതിലെന്ന് ഒറ്റ വാചകത്തില്‍ ആമുഖത്തെ വിശേഷിപ്പിക്കാം.

നാം വിശദമായി മനസ്സിലാക്കാന്‍ പോകുന്ന ഭരണഘടനാ നിര്‍മാണ അസംബ്ലിയിലാണ് ഭരണഘടനയുടെ മറ്റെല്ലാ വാക്കുകളും വരികളും പോലെ ആമുഖവും പിറവികൊണ്ടത്. ആധുനിക ഇന്ത്യയുടെ മഹാകാവ്യമെന്ന് വിളിപ്പേരുണ്ട് ഇന്ത്യന്‍ ഭരണഘടനക്ക്. അതേ ആധുനിക ഇന്ത്യയില്‍ നാളിതുവരെ പിറന്ന ഏറ്റവും ഉജ്വലമായ കവിത എന്ന് ആമുഖത്തെ പരിഗണിക്കാം. ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ, ഇന്ത്യന്‍ രാഷ്ട്രീയ ആധുനികതയെ സര്‍ഗാത്മകവും പ്രകാശഭരിതവുമാക്കിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നാണ് ആമുഖത്തിന്റെ പിറവി. അസാധാരണമാം വിധം കാവ്യാത്മകമായിരുന്നല്ലോ നെഹ്‌റുവിന്റെ ചിന്തകളും പ്രവൃത്തികളും. 1946 ഡിസംബര്‍ 13-ന് ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ നെഹ്‌റു അവതരിപ്പിച്ച, ഒബ്ജക്ടീവ് റെസല്യൂഷന്‍; ലക്ഷ്യപ്രമേയം എന്ന് ഏകദേശ മലയാളം, ആണ് ആമുഖമായി സ്വീകരിക്കപ്പെട്ടത്. വ്യക്തികള്‍ക്ക്, അതാരായിരുന്നാലും യാതൊരു അപ്രമാദിത്വവുമില്ലാത്ത രാഷ്ട്രീയ അന്തരീക്ഷത്തിന്റെ വേദിയായിരുന്നു ഭരണഘടനാ നിര്‍മാണ സഭ. അതിനാല്‍ത്തന്നെ ഭരണഘടനാ നിര്‍മാണ സഭ നഖശിഖാന്തം ചര്‍ച്ച ചെയ്താണ് നെഹ്‌റുവിന്റെ ഓരോ വാക്കുകളും അംഗീകരിച്ചത്. ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതകരമാം വിധം ജനാധിപത്യപരമായിരുന്നു ഭരണഘടനാ നിര്‍മാണ സഭയിലെ എല്ലാം ചര്‍ച്ചകളും. അതുപോലെ തന്നെ ആയിരുന്നു ആമുഖം സംബന്ധിച്ച ചര്‍ച്ചകളും. ചര്‍ച്ചകള്‍ക്കൊടുവില്‍ ആമുഖം 1947 ജനുവരി 22 ന്, ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ഏഴുമാസം മുമ്പ്, അംഗീകരിക്കപ്പെട്ടു. നെഹ്‌റുവിന്റെ ഒബ്ജക്ടീവ് റെസല്യൂഷന്‍ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷന്‍, പില്‍ക്കാലത്ത് സ്വതന്ത്രമായ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി, ഡോ. എസ് രാജേന്ദ്ര പ്രസാദ് നടത്തിയ അഭ്യര്‍ഥന ഇതായിരുന്നു: ‘The time has now arrived when you should give your solemn votes on this Resolution. Remembering the solemnity of the occasion and the greatness of the pledge and the promise which this Resolution contains, I hope every Member will stand up in his place when giving his vote in favour of it.”- ഈ പ്രമേയത്തിന് നിങ്ങളുടെ ഉദാത്തമായ സമ്മതി രേഖപ്പെടുത്തേണ്ട സന്ദര്‍ഭം സമാഗതമായിരിക്കുന്നു. ഈ സന്ദര്‍ഭത്തിന്റെ വിശുദ്ധി ഓര്‍മിച്ചുകൊണ്ട്, ഈ പ്രതിജ്ഞയുടെ മഹത്വത്തെ ഓര്‍മിച്ചുകൊണ്ട്, ഈ പ്രമേയം ഉള്‍വഹിക്കുന്ന വാഗ്ദാനത്തെ പരിഗണിച്ചുകൊണ്ട്, എല്ലാ അംഗങ്ങളും എഴുന്നേറ്റ് നിന്ന് സമ്മതി രേഖപ്പെടുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഭരണഘടനാ അസംബ്ലിയിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്ന് അപ്പോള്‍ പിറന്നു. എല്ലാ അംഗങ്ങളും എഴുന്നേറ്റുനിന്ന് വോട്ടു രേഖപ്പെടുത്തി. നെഹ്‌റുവിന്റെ പ്രമേയം സ്വീകരിക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം യാഥാര്‍ത്ഥ്യമായി. എഴുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ ജനതയില്‍ പിളര്‍പ്പിന്റെ ദര്‍ശനം തിരഞ്ഞെടുപ്പിലൂടെ അടിച്ചേല്‍പിക്കപ്പെടുമെന്നോ അവരുടെ വംശീയ വിവേചനത്താല്‍ മുറിവേറ്റ മനുഷ്യര്‍ രണ്ടാം സ്വാതന്ത്ര്യ സമരപ്രഖ്യാപനവുമായി തെരുവുകളില്‍ നിറയുമെന്നോ ആബാലവൃദ്ധമായ അവര്‍ അക്കാലത്ത് ഈ ആമുഖം അവരുടെ സമര മുദ്രാവാക്യമാക്കുമെന്നോ ഒന്നും ആ നിമിഷത്തില്‍ അറിഞ്ഞിരുന്നില്ലല്ലോ? എഴുപതു വര്‍ഷം മുമ്പ് ജനാധിപത്യം എന്ന ആശയത്താല്‍ പ്രചോദിതനായി നെഹ്‌റു എഴുതിയ വരികള്‍, ഭൂരിപക്ഷ വര്‍ഗീയതയുടെ നടത്തിപ്പുകാരെ വിറളിപിടിപ്പിക്കുംവണ്ണം അതിശക്തമായ ആയുധമാകുമെന്നും അറിഞ്ഞിരുന്നില്ലല്ലോ?

അംഗീകരിക്കപ്പെട്ടതിന് ശേഷമായിരുന്നു ആമുഖം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ ഭരണഘടനാ അസംബ്ലിയില്‍ നടന്നത്. അതും ഇന്ത്യ സ്വത്രന്തയായതിന് ശേഷം 1949 ഒക്ടോബര്‍ 17-മുതല്‍. സംവാദം എത്രമേല്‍ ജനാധിപത്യപരമായിരുന്നു ഇന്ത്യയുടെ ആദ്യ പാര്‍ലിമെന്റായ ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍ എന്ന് ബോധ്യപ്പെടുത്തുന്നതാണ് അന്നത്തെ ദീര്‍ഘചര്‍ച്ചകള്‍. അതില്‍ ഏറെ കൗതുകകരം മൗലാന ഹസ്‌റത് മൊഹാനിയുടെ നിര്‍ദേശമാണ്. മൗലാനയെ മറക്കരുത്. ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍ മുഖരിതമായ ആ മുദ്രാവാക്യം ഇന്‍ക്വിലാബ് സിന്ദാബാദിന്റെ (വിപ്ലവം ജയിക്കട്ടെ) സ്രഷ്ടാവാണ്. ഉര്‍ദുവിലെ പ്രധാനപ്പെട്ട കവി. 1875-ല്‍ ഉന്നാവയിലെ മൊഹാനിയില്‍ സയ്യിദ് ഫസലുല്‍ ഹസന്റെ മകനായി ജനിച്ചു. ഈ ചരിത്രം മനഃപൂര്‍വമാണ് പറയുന്നത്. ഇതൊക്കെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ വ്യക്തിവിശേഷമെന്ന് ഓര്‍മിപ്പിക്കാന്‍. ചില ഓര്‍മപ്പെടുത്തലുകളോളം വലിയ രാഷ്ട്രീയപ്രവര്‍ത്തനം ഇല്ലല്ലോ? ഇന്ത്യക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന പ്രമേയം 1921-ലെ അഹമ്മദാബാദ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത് മൗലാനയാണ്. പില്‍ക്കാലത്ത് മൗലാന ഹസ്റത് മൊഹാനി കമ്യൂണിസ്റ്റ് നേതാവായി. സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് (പരമാധികാര ജനാധിപത്യ റിപ്പബ്ലിക്) എന്ന ആമുഖത്തിലെ പ്രയോഗത്തിലേക്കാണ് മൊഹാനി മാറ്റം നിര്‍ദേശിച്ചത്: ‘A Union of Indian Socialistic Republic to be called UISR, on the lines of USSR’ എന്നായിരുന്നു നിര്‍ദേശം. യൂണിന്‍ ഓഫ് ഇന്ത്യന്‍ സോഷ്യലിസ്റ്റിക് റിപ്പബ്ലിക് എന്നാക്കുക. അന്ന് നിലവിലുള്ള സോവിയറ്റ് റഷ്യ, യു എസ് എസ് ആറിന്റെ മാതൃകയില്‍ യു എസ് ഐ ആര്‍ എന്ന് വിളിക്കാം. ദേശബന്ധു ഗുപ്ത, മൊഹാനിയുടെ നിര്‍ദേശത്തെ എതിര്‍ത്തു. ദേശബന്ധു ഗുപ്ത അതിഗംഭീര പ്രഭാഷകനായിരുന്നു. ദേശബന്ധു എന്ന വിശേഷണം ചാര്‍ത്തിയതാകട്ടെ മഹാത്മാ ഗാന്ധിയും. ഗോയങ്കെയോടൊപ്പം ചേര്‍ന്ന് ചെന്നൈയില്‍ ഗുപ്ത തുടങ്ങിയ ഇന്ത്യന്‍ ന്യൂസ് ക്രോണിക്കിള്‍ എന്ന പത്രമാണ് പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ് ആയി മാറിയത്. ഭരണഘടനാ നിര്‍മാണ അസംബ്ലി തീര്‍പ്പിലെത്തിക്കഴിഞ്ഞ ഭരണഘടനയുടെ അന്തസത്തക്ക് കടകവിരുദ്ധമാണ് മൊഹാനിയുടെ നിര്‍ദേശമെന്ന് ഗുപ്ത വാദിച്ചു. എച്ച് വി കാമത്തിന്റെ ഭേദഗതിയാണ് പിന്നീട് ചര്‍ച്ചക്കെടുത്തത്. കാമത്ത് ഭരണഘടനാ നിര്‍മാണസഭയിലെ സവിശേഷതകള്‍ ഏറെയുള്ള അംഗമായിരുന്നു. നിത്യമെന്നോണം ഉണ്ടാവും കാമത്തിന്റെ ഭേദഗതികള്‍. മിക്കവാറും എല്ലാം തന്നെ തള്ളപ്പെടുകയും ചെയതു. നിങ്ങള്‍ വരുംതാളുകളില്‍ കണ്ടുമുട്ടാന്‍ പോകുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി എന്ന വിഖ്യാത പ്രഭാഷണത്തിനും വന്നിരുന്നു എച്ച് വി കാമത്തിന്റെ ഭേദഗതി. അസാമാന്യനാം വിധം ഊര്‍ജ്വസ്വലനായിരുന്ന കാമത്ത് ഇന്ന് വിസ്മൃതനാണ്. ആമുഖം ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്നായിരുന്നു കാമത്തിന്റെ ഭേദഗതി. ‘Let us consecrate this Constitution by a solemn dedication to God in the spirit of the Gita’ എന്ന്. അതീവ കൗതുകമുള്ള വാക്കുകളായിരുന്ന കാമത്തിന്റേത്: ‘നമ്മുടെ ഭരണഘടനക്ക് എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും, എന്തൊക്കെ പരാജയങ്ങള്‍ ഉണ്ടെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിലും, നമുക്ക് ശക്തിയും ധൈര്യവും ബുദ്ധിയും നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം’ എന്നും കാമത്ത് വാദിച്ചു. ഹൃദയ് നാഥ് കുന്‍സ്രു ഈ വാദത്തെ സങ്കുചിതമെന്ന് കാട്ടി എതിര്‍ത്തു. ആമുഖത്തിന്റെ വിശാല ദര്‍ശനത്തെ റദ്ദാക്കുന്നതാണ് ഈ നിര്‍ദേശമെന്നായിരുന്നു കശ്മീരി പണ്ഡിറ്റായ കുന്‍സ്രുവിന്റെ വാദം. പില്‍ക്കാലത്ത് ഗുവാഹത്തിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ, ഇപ്പോള്‍ വിസ്മൃതനായ രോഹിണി കുമാര്‍ ചൗധരിയെല്ലാം കുന്‍സ്രുവിന്റെ വാദങ്ങള്‍ക്കൊപ്പമായിരുന്നു. പക്ഷേ, കാമത്ത് വിട്ടില്ല. അദ്ദേഹം വിചിത്രമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു. അധ്യക്ഷന്‍ രാജേന്ദ്ര പ്രസാദും ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി ആര്‍ അംബേദ്കറും അഭ്യര്‍ഥിച്ചിട്ടും കാമത്ത് ദൈവനാമത്തില്‍ വേണം ആമുഖമെന്ന ഭേദഗതിയില്‍ അടിയുറച്ച് നിന്നു. ഒടുവില്‍ പ്രമേയം വോട്ടിനിട്ടു. 41 നെതിരെ 68 വോട്ടിന് പ്രമേയം തള്ളി. ‘പ്രമേയം പരാജയപ്പെട്ടപ്പോള്‍ ചരിത്രത്തിലെ കറുത്ത ദിനം, ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ’ എന്നായിരുന്നു കാമത്തിന്റെ പ്രതികരണം. ഒരു മതേതര ജനാധിപത്യരാജ്യമായി ഇന്ത്യ നിലനില്‍ക്കാനുള്ള വലിയ കാരണങ്ങളില്‍ ഒന്ന് പക്ഷേ, ആ പരാജയമാണെന്ന് നാമിന്ന് കാണുന്നുണ്ട്. മതവിശ്വാസം സംബന്ധിച്ച് പല ആര്‍ട്ടിക്കിളുകളുടെ ചര്‍ച്ചയിലും സവിശേഷതകള്‍ ഏറെയുള്ള നിലപാടുകള്‍ ഭരണഘടനാ അസംബ്ലിയില്‍ ഉണ്ടാവുന്നുണ്ട്. അതെല്ലാം മതം രാഷ്ട്രത്തില്‍ നിന്ന് വിമുക്തമായി വിശ്വാസാധിഷ്ഠിതമായി നിര്‍വഹിക്കപ്പെടേണ്ട ഒന്നാവണം എന്നാണ് താല്‍പര്യപ്പെടുന്നത്. വിശ്വാസത്തെ, മതത്തെ രാഷ്ട്രീയവല്‍കരിക്കുന്നതിന്റെ അപകടങ്ങള്‍ നേരില്‍ അനുഭവിക്കുന്ന വര്‍ത്തമാനകാല ഇന്ത്യ നിര്‍ബന്ധമായും പഠിക്കേണ്ട ഒന്നാണ് മതം സംബന്ധിച്ച നമ്മുടെ ഭരണഘടനയുടെ മനോഭാവം.

ഭരണഘടനാ അസംബ്ലിയില്‍ അംഗമായിരുന്നില്ല മഹാത്മാഗാന്ധി. പക്ഷേ, ഭരണഘടനാ അസംബ്ലിയിലാകെ നിറഞ്ഞ് ജ്വലിച്ച പ്രഭാവങ്ങളില്‍ ഒന്ന് ഗാന്ധിയുടേതായിരുന്നു. നിങ്ങള്‍ വരുംതാളുകളില്‍ വായിക്കാന്‍ പോകുന്ന ഭരണഘടനാ നിര്‍മാണ സഭയിലെ നെഹ്‌റുവിന്റെ വിഖ്യാതമായ വിധിയുമായുള്ള കൂടിക്കാഴ്ച എന്ന പ്രഭാഷണത്തിലും അതിന് മുന്നോടിയായി സഭയുടെ അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് നടത്തിയ പ്രഭാഷണത്തിലും ഈ ഗാന്ധി പ്രഭാവം കാണാം. രാഷ്ട്രപിതാവ് എന്ന മഹദ് പദവി രാഷ്ട്രം ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നുവല്ലോ? 1944 ജൂലായ് ആറിന് സിംഗപ്പൂര്‍ റേഡിയോയിലൂടെ നടത്തിയ പ്രഭാഷണത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് സംബോധന ചെയ്തത്. വിയോജനങ്ങള്‍ക്കിടയിലും മനുഷ്യര്‍ പുലര്‍ത്തുന്ന അപാരമായ ആദരവിന്റെ ദൃഷ്ടാന്തം!

ഭരണഘടനാ അസംബ്ലിയില്‍ ആമുഖം സംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ ഗാന്ധി നിറഞ്ഞു നിന്നു. ആമുഖത്തില്‍ ഗാന്ധിയെ പരാമര്‍ശിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ആഗ്രയില്‍ നിന്നുള്ള ശിബന്‍ ലാല്‍ സക്‌സേന അവതരിപ്പിച്ച പ്രമേയത്തില്‍ ഇങ്ങനെ വായിക്കാം: ‘In the name of God the Almighty, under whose inspiration and guidance, the Father of our Nation, Mahatma Gandhi, led the Nation from slavery into Freedom, by unique adherence to the eternal principles of Satya and Ahimsa, and who sustained the millions of our countrymen and the martyrs of the Nation in their heroic and unremitting struggle to regain the Complete Independence of our Motherland..” ദൈവനാമത്തില്‍, ദൈവികമായ കൃപയുടെ ബലത്താല്‍ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ച രാഷ്ട്രപിതാവ് മഹാത്മഗാന്ധി എന്നത് ആമുഖമാവണം എന്നായിരുന്നു ശിബന്‍ലാലിന്റെ ആവശ്യം. ബിഹാറില്‍ നിന്നുള്ള ബ്രജേശ്വര്‍ പ്രസാദ് എതിര്‍ത്തു. ഇതൊരു ഗാന്ധിയന്‍ ഭരണഘടന അല്ല എന്നായിരുന്നു ബ്രജേശ്വറിന്റെ വാദം. അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധികളാണ് നമ്മുടെ ഭരണഘടനയുടെ അടിത്തറ. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് ആവര്‍ത്തിക്കുകയായിരുന്നു നമ്മള്‍. നമ്മള്‍ ഗാന്ധിയന്‍ ഭരണഘടന ഉണ്ടാക്കുകയാണെങ്കില്‍ ആദ്യ പിന്തുണ തന്റേതായിരിക്കുമെന്നും ബ്രജേശ്വര്‍ സഭയില്‍ പ്രസ്താവിച്ചു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ മകന്‍ കൂടിയായ ഗോവിന്ദ് മാളവ്യയും ഗാന്ധിയുടെ പേര് ആമുഖത്തില്‍ വേണം എന്ന നിലപാടുകാരനായിരുന്നു. ആമുഖത്തില്‍ ദൈവവും ഗാന്ധിയും വേണ്ട എന്നായിരുന്നു ഭരണഘടനാ അസംബ്ലിയുടെ തീരുമാനം. നെഹ്‌റു തയാറാക്കിയ ആമുഖത്തില്‍ മതേതരം എന്ന വാക്കില്ലെന്നത് അറിയുമല്ലോ? 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സെക്യുലര്‍ എന്ന് കൂട്ടിച്ചേര്‍ക്കുന്നത്.

പക്ഷേ, ഭരണഘടനാ നിര്‍മാണ സഭയില്‍ അക്കാര്യവും വിശദചര്‍ച്ചക്കായി ഉയര്‍ന്നിരുന്നു. ബ്രജേശ്വര്‍ പ്രസാദാണ് സെക്യുലര്‍ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ വേണം എന്ന് ആവശ്യപ്പെട്ടത്. ന്യൂനപക്ഷത്തിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ മതേതരം എന്ന വാക്ക് ഉതകുമെന്ന് അദ്ദേഹം വാദിച്ചു. സോഷ്യലിസം എന്ന വാക്കും ബ്രജേശ്വറിന്റെ നിര്‍ദേശമായരിന്നു. അതും 1976-ലെ 42-ാം ഭേദഗതി ആണെന്ന് ഓര്‍ക്കുക. ഇന്ത്യയുടെ ഭാവി സോഷ്യലിസത്തിലാണെന്ന് ബ്രജേശ്വര്‍ വാദിച്ചു. പക്ഷേ, സോവര്‍നിറ്റി, പരമാധികാരം എന്ന വാക്കിനോട് ബ്രജേശ്വറിന് അത്ര താല്‍പര്യം ഇല്ലായിരുന്നു. അത് യുദ്ധോന്‍മുഖമായ പദമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സോവര്‍നിറ്റി സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം ആശങ്ക പൂണ്ടു. നൈനിറ്റാളില്‍ നിന്നുള്ള പൂര്‍ണിമ ബാനര്‍ജി, ഡെറാഡൂണില്‍ നിന്നുള്ള മഹാവീര്‍ ത്യാഗി തുടങ്ങിയവരുടെ വാദങ്ങളും ശ്രദ്ധേയമായിരുന്നു. അംബേദ്കറുടെ ദൃഢചിത്തമായ മറുപടികളും നിഗമനങ്ങളും ആമുഖത്തെ നെഹ്‌റുവിന്റെ വാചകങ്ങളില്‍ തന്നെ ഉറപ്പിച്ച് കെട്ടി.
ഇന്ത്യന്‍ ഭരണഘടന എങ്ങനെ ഈ ജനതയുടെ മഹാകവചമായി തീര്‍ന്നു എന്നതിന്റെ സംക്ഷിപ്തമെന്ന് ആമുഖച്ചര്‍ച്ചകളെ വായിക്കാം. ഇന്ത്യന്‍ ജനതയുടെ ആത്മസത്തയെന്ന് ആമുഖത്തേയും.

————————————————————————————————————————————————-

ഒരു ദേശം ഭരണഘടന വായിക്കുന്നു

അസാധാരണമായ സന്ദര്‍ഭങ്ങള്‍ അസാധാരണമായ പരിഹാരങ്ങളെ സൃഷ്ടിക്കും. ചരിത്ര വിദ്യാര്‍ഥികള്‍ നിരന്തരം അഭിമുഖീകരിക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്നാണത്. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ എമ്പാടും ഇത്തരം അസാധാരണ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചമ്പാരന്‍ അങ്ങനെ ഒന്നായിരുന്നു എന്ന് ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ തിരിച്ചറിയും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ, അതിന്റെ ആരംഭകാലം മുതല്‍ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. ഒറ്റയൊറ്റയായ സമരങ്ങള്‍. ഉത്തരമേഖലയിലെ ആദിവാസികള്‍ നടത്തിയ പ്രാദേശികവിപ്ലവങ്ങള്‍ ഉദാഹരണമാണ്. വലിയ വീരനായകര്‍ ആയുധമെടുത്തു. അവര്‍ ആയുധത്താല്‍ത്തന്നെ അമര്‍ച്ച ചെയ്യപ്പെട്ടു. അതൊന്നും അക്കാലത്ത് രേഖപ്പെട്ടില്ല. ഇക്കാലം പക്ഷേ, തിരഞ്ഞ് ചെന്ന് ആ പോരാട്ടങ്ങളെ രേഖപ്പെടുത്തുന്നുണ്ട്. ശിപായി ലഹള എന്ന വഷളന്‍ പേരിനാല്‍ ബ്രിട്ടീഷ് ചരിത്രമെഴുത്തുകാര്‍ അടയാളപ്പെടുത്തിയ ഒന്നാം സ്വാതന്ത്ര്യ സമരവും ചരിത്രത്തിലുണ്ട്. അമര്‍ച്ച ചെയ്യപ്പെട്ടു അതും. പിന്നെയുമുണ്ട് എണ്ണിയാലൊടുങ്ങാത്തത്ര ചെറുത്തു നില്‍പുകള്‍. പക്ഷേ, വ്യത്യസ്തമായിരുന്നു ചമ്പാരണ്‍. 1917-ലാണ് ചമ്പാരണ്‍ സംഭവിക്കുന്നത്. ബിഹാറിലാണ് പില്‍ക്കാല ഇന്ത്യയെ രാഷ്ട്രീയമായി നിര്‍ണയിച്ച ആ പ്രദേശം. മാമ്പഴത്തോപ്പുകള്‍ക്ക് പേരുകേട്ട ഈ നഗരം 1917 വരെ വിശാലമായ നീലം (Indigofera tinctoria) കൃഷിത്തോട്ടങ്ങളുടെ വലിയൊരു കേന്ദ്രമായിരുന്നു. ചമ്പാരണിലെ കര്‍ഷകര്‍, കൃഷി ചെയ്യുന്ന ഭൂമിയുടെ ഇരുപതില്‍ മൂന്നു ഭാഗം ജന്മിയ്ക്കുവേണ്ടി നീലമോ മറ്റു നാണ്യവിളകളോ കൃഷിചെയ്തു വിളവെടുത്തുകൊടുക്കാന്‍ നിയമബദ്ധരായിരുന്നു. കൃഷിയുല്പാദനം നിസ്സാരവിലക്കു അവരില്‍ നിന്നു വാങ്ങുകയായിരുന്നു പതിവ്. ഒന്നാന്തരം വിളവുതരുന്ന ഭൂമിയുടെ നല്ലൊരു ഭാഗം ജമീന്ദാര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാരിനും വേണ്ടി നീലം കൃഷി ചെയ്യാന്‍ മാറ്റിവെക്കണമെന്ന ഈ നിയമം തീന്‍ കഥിയാ വ്യവസ്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചമ്പാരണിലെ സമരം നീതിരഹിതമായ ഈ വ്യവസ്ഥക്കെതിരായിരുന്നു.

ഇന്ത്യയില്‍ ഗാന്ധിയുഗം തുടങ്ങിയത് ചമ്പാരണില്‍ നിന്നായിരുന്നു.
ജമീന്ദാര്‍മാരുടെ കൊടുംഭീഷണിയില്‍ കഴിഞ്ഞിരുന്ന ചമ്പാരണിലെ കര്‍ഷകര്‍ക്ക്, തുച്ഛമായ പ്രതിഫലം വാങ്ങി കൊടുംദാരിദ്ര്യത്തില്‍ കഴിയുകയല്ലാതെ വഴിയില്ലായിരുന്നു. ജീവിതം ഒന്നിനൊന്നിനു ദുരിതപൂര്‍ണ്ണമായപ്പോള്‍, കിഴക്കന്‍ ചമ്പാരണിലെ പിപ്രായില്‍ 1914ലും, തുര്‍കൗളിയായില്‍ 1916ലും അവര്‍ ഈ വ്യവസ്ഥക്കെതിരില്‍ കലാപമുയര്‍ത്തിയെങ്കിലും വിജയിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് 1917ലെ ചമ്പാരണ്‍ സമരം നടന്നത്.
ചമ്പാരണ്‍ എവിടെയാണെന്നോ അവിടെ എന്തു നടക്കുന്നെന്നോ അവിടത്തെ നീലം കൃഷി ആയിരക്കണക്കിന് കൃഷിത്തൊഴിലാളികള്‍ക്ക് അത്യന്തം ഹാനികരമാണെന്നോ ഒന്നും ഗാന്ധിക്ക് അറിയില്ലായിരുന്നു. ആ കര്‍ഷകസമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍, രാജ്കുമാര്‍ ശുക്ല 1916-ല്‍ ഗാന്ധിയെ കാണാനെത്തുന്നതോടെയാണ് ചമ്പാരണുമായുള്ള ഗാന്ധിയുടെ ബന്ധം തുടങ്ങുന്നത്. രാജ്കുമാര്‍, ഗാന്ധിയെ ബാബു ബ്രജ് കിഷോര്‍ ദാസുമായും പിന്നീട് രാജേന്ദ്ര പ്രസാദുമായും പരിചയപ്പെടുത്തി. ഗാന്ധിയുടെ അക്കാലം സമരാന്വേഷണങ്ങളുടേതായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഒപ്പം കൊണ്ടുവന്ന മഹത്തായ ഒരു സമരമുറ എവിടം മുതല്‍ വിതച്ച് തുടങ്ങണമെന്നതിലും വ്യക്തതയില്ലായിരുന്നു. ചമ്പാരണ്‍ പക്ഷേ, ഗാന്ധിക്ക് മണ്ണൊരുക്കിക്കഴിഞ്ഞിരുന്നു. ചരിത്രത്തില്‍ ചില സാധാരണ സന്ദര്‍ഭങ്ങള്‍ പില്‍ക്കാല വായനയില്‍ അസാധാരണമായി തോന്നാം. ചമ്പാരണും വ്യത്യസ്തമല്ല.

ഗാന്ധി കല്‍ക്കട്ട വഴി ചമ്പാരണിലെത്തി. നീലം കൃഷിക്കാരുടെ അടിയന്തരപ്രശ്നങ്ങള്‍ പഠിക്കാനിറങ്ങി. തോട്ടമുടമകളുടെ നിലപാടറിയാന്‍ ഗാന്ധി തീരുമാനിച്ചു. ഗാന്ധി ഇടപെടേണ്ട കാര്യമില്ലെന്നും ഉടമകളും കുടിയാന്മാരും തമ്മിലുള്ള പ്രശ്നത്തില്‍ അദ്ദേഹം ഇടനിലക്കാരനായി വരുന്നത് ശരിയല്ലെന്നും പ്ലാന്റേഴ്സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി കൂടിക്കാഴ്ചയില്‍ അദ്ദേഹത്തോട് പറഞ്ഞു. എന്തെങ്കിലും നിവേദനമുണ്ടെങ്കില്‍ എഴുതിത്തരാനും അയാള്‍ ഗാന്ധിയോടു പറഞ്ഞു. അവിടെ താന്‍ അന്യനല്ലെന്നും കുടിയാന്മാര്‍ അവരുടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതു ചെയ്തുകൊടുക്കാന്‍ തനിക്ക് പൂര്‍ണ്ണമായ അവകാശമുണ്ടെന്നുമായിരുന്നു ഗാന്ധിയുടെ മറുപടി.
ഗാന്ധി ആരംഭിക്കുകയായിരുന്നു.
ചമ്പാരന്‍ സമരത്തിന്റെ രേഖപ്പെട്ട ചരിത്രം ഇങ്ങനെ വായിക്കാം: ‘സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ സഹപ്രവര്‍ത്തകരെ അറിയിച്ച ഗാന്ധി, തുടര്‍ന്ന് ഏറ്റവുമധികം പാവങ്ങളായ കൃഷിക്കാരുള്ള മോത്തിഹാരിയിലേയ്ക്ക് പോകാന്‍ പദ്ധതിയിട്ടു. സംഘം മോത്തിഹാരിയില്‍ എത്തുന്നതിനു മുന്‍പ് പോലീസ് സൂപ്രണ്ടിന്റെ ‘ഉടന്‍ ചമ്പാരണ്‍ വിടുക’ എന്ന സന്ദേശം എത്തി. നോട്ടിസ് കൈപ്പറ്റിയ വിവരം ഒപ്പിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ എഴുതി ഒപ്പിട്ടു: ‘ഞാന്‍ ഈ നിര്‍ദേശം അനുസരിക്കുവാന്‍ വിചാരിക്കുന്നില്ല. എന്റെ അന്വേഷണം കഴിയുന്നതുവരെ എനിക്ക് ചമ്പാരണ്‍ വിടുവാന്‍ ഉദ്ദേശ്യമില്ല.’ അടുത്തപടി സമന്‍സായിരുന്നു. ആജ്ഞാലംഘനത്തിന്റെ ചാര്‍ജിന്മേല്‍ അടുത്തദിവസം കോടതിയില്‍ ഹാജരാകാനായിരുന്നു സമന്‍സ്. വാര്‍ത്ത നാടെങ്ങും പരന്നതിനാല്‍ 1917 ഏപ്രില്‍ 17നു ഗാന്ധി എത്തിയപ്പോള്‍ കോടതിയില്‍ അസാധരണമാംവിധം ആളുകള്‍ തടിച്ചുകൂടിയിരുന്നു. വിചാരണ തുടങ്ങിയപ്പോള്‍ തന്റെ നടപടി ഗാന്ധി ഇങ്ങനെ വിശദീകരിച്ചു:

‘നിരോധനാജ്ഞാലംഘനമെന്നു പ്രത്യക്ഷത്തില്‍ തോന്നാവുന്ന എന്റെ നടപടി പ്രാദേശിക ഭരണകൂടവും ഞാനും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ ഫലമാണ്. തോട്ടമുടമകളില്‍ നിന്നു നീതി ലഭിക്കുന്നില്ല എന്ന പാട്ടക്കുടിയാന്മാരുടെ ആവലാതിയുടെ അടിസ്ഥാനത്തില്‍ അവരെ സഹായിക്കാനുള്ള അപേക്ഷ മാനിച്ചാണ് ഞാന്‍ വന്നത്. പ്രശ്നം ശരിയായി പഠിച്ചു മനസ്സിലാക്കാതെ അവരെ സഹായിക്കാന്‍ ഒക്കില്ലല്ലോ. ഉദ്യോഗസ്ഥന്മാരുടെയും പ്ലാന്റര്‍മാരുടെയും സഹായത്തോടെ പ്രശ്നം പഠിക്കുവാനാണ് ഞാന്‍ വന്നത്. എനിക്ക് വേറൊരു ഉദ്ദേശ്യവുമില്ല. അവരുടെ കൂടെ ഇവിടെ നിന്നുകൊണ്ടേ അവരെ സേവിക്കാന്‍ കഴിയൂ എന്നെനിക്കു മനസ്സിലായി. അതുകൊണ്ട് ഞാന്‍ സ്വയം പിന്മാറുന്ന പ്രശ്നമില്ല.’

പ്രാദേശികഭരണകൂടത്തിന്റെ ഉത്തരവു ലംഘിക്കാന്‍ തന്നെ നിര്‍ബന്ധിതനാക്കിയതു സ്വന്തം മനസ്സാക്ഷിയാണെന്ന നിലപാടിലാണു ഗാന്ധി മൊഴി ഉപസംഹരിച്ചത്. ‘ഉണ്മയുടെ ഉന്നതനിയമമായ മനസ്സാക്ഷിയുടെ അനുശാസനം അനുസരിക്കാന്‍’ ബ്രിട്ടീഷ് ഭരണത്തിന്റെ നിയമം ലംഘിക്കുകയല്ലാതെ തനിക്കു വഴിയില്ലായിരുന്നു എന്ന് അദ്ദേഹം വാദിച്ചു.
അസാധാരണമായ ഈ കുറ്റസമ്മതത്തിനു മുന്‍പില്‍ തീരുമാനമെടുക്കാന്‍ വിഷമിച്ച മജിസ്ട്രേട്ട് വിധി വൈകുന്നേരത്തേക്കു മാറ്റി വച്ചു.

വൈകീട്ടു മൂന്നു മണിക്കു ഗാന്ധി വിധികേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോള്‍, തനിക്ക് ഏപ്രില്‍ 21 വരെ സമയം വേണമെന്നും അതു വരെ 100 രൂപയുടെ ജാമ്യത്തില്‍ ഗാന്ധിയെ വിട്ടയക്കാമെന്നും മജിസ്ട്രേട്ടു പറഞ്ഞു. തനിക്കു പണമോ ജാമ്യം നില്‍ക്കാന്‍ ആളോ ഇല്ലെന്നു ഗാന്ധി പ്രതികരിച്ചു. ജാമ്യമില്ലാതെ തന്നെ പൊയ്ക്കൊള്ളാന്‍ അപ്പോള്‍ മജിസ്ട്രേട്ട് ഗാന്ധിയെ അനുവദിച്ചു. ജില്ലാ ഭരണകൂടം ഗാന്ധിയെ കൈകാര്യം ചെയ്യുന്നതില്‍ പിടിപ്പുകേടു കാട്ടിയെന്നും തടവുശിക്ഷ വാങ്ങി രക്തസാക്ഷി പരിവേഷം ധരിക്കാനുള്ള അദ്ദേഹത്തിന്റെ മോഹത്തെ സഹായിക്കുകയാണ് അതെന്നും, ബിഹാര്‍ സര്‍ക്കാര്‍ ജില്ലാ കമ്മീഷണര്‍ക്ക് എഴുതി. അതേദിവസം ബിഹാറിലെ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഗാന്ധിക്കെതിരായുള്ള കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. ബ്രിട്ടീഷ് ഭരണകൂടവുമായി ഗാന്ധി മുഖാമുഖം നിന്ന സന്ദര്‍ഭം.

തുടര്‍ന്ന് നീലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിക്കു ലഭിച്ചു. പില്‍ക്കാലത്ത് ഭരണഘടനാ നിര്‍മാണ അസംബ്ലിയുടെ അധ്യക്ഷനായി മാറിയ രാജേന്ദ്ര പ്രസാദ് ഇവിടെ വച്ചാണ് ഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ചത്. ചമ്പാരണ്‍ പ്രശ്നത്തിന്റെ പശ്ചാത്തലവിവരങ്ങള്‍ നല്‍കിയും നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തും പ്രവര്‍ത്തനം പരമാവധി ചിട്ടപ്പെടുത്തിയും രാജേന്ദ്ര പ്രസാദ് ഒപ്പം ജീവിച്ചു. ചമ്പാരണില്‍ നിന്നാണ് ആചാര്യ കൃപലാനി സൃഷ്ടിക്കപ്പെട്ടത്. സമൂഹത്തില്‍ ഏറ്റവും അത്യാവശ്യം സ്‌കൂളുകളാണെന്ന് ചമ്പാരണ്‍ സന്ദര്‍ശനത്തോടെ ഗാന്ധിക്ക് ബോധ്യപ്പെട്ടു. അതിനാല്‍, കൂട്ടുകാരുമായി കൂടിയാലോചിച്ച് അദ്ദേഹം ആറു ഗ്രാമങ്ങളില്‍ പ്രൈമറി സ്‌കൂളുകള്‍ തുടങ്ങി.
എഴുതപ്പെട്ട നേര്‍രേഖയിലുള്ള ചരിത്രം ഇവിടെ അവസാനിച്ചു. എഴുതപ്പെട്ട ചരിത്രം വായിച്ചവസാനിപ്പിക്കുന്നിടത്താണ് യഥാര്‍ത്ഥ ചരിത്രം നാം പഠിച്ചുതുടങ്ങേണ്ടത്. ചമ്പാരണ്‍ ഇന്ത്യയെ നിര്‍ണയിച്ചത് എങ്ങനെയെന്ന് വായിക്കാം.

ബ്രിട്ടനുമായുള്ള ആ മുഖാമുഖത്തില്‍ ഗാന്ധി വിജയിച്ചു. മൂന്ന് പതിറ്റാണ്ട് വരെ ആ മുഖാമുഖങ്ങള്‍ തുടര്‍ന്നു. 1857-ലെ ഒന്നാം വിപ്ലവവും അതിന് മുന്നേ സംഭവിച്ച ഡസന്‍ കണക്കിന് പോരാട്ടങ്ങളും നമുക്ക് അറിയാം. പക്ഷേ, ഇന്ത്യ ഭാവിയില്‍ സഞ്ചരിക്കേണ്ട വഴി നിശ്ചയിക്കപ്പെട്ട ഇടം ചമ്പാരനാണ്. സ്‌കൂളുകള്‍ തുടങ്ങാനുള്ള തീരുമാനം ഒരിക്കല്‍ കൂടി ഓര്‍ക്കുക.

ഇങ്ങനെ ഗാന്ധി സൃഷ്ടിച്ച ഒരു സമരപദ്ധതിയില്‍ നിന്നാണ് ഇന്ത്യ എന്ന ആശയം സൃഷ്ടിക്കപ്പെട്ടത്. ആ സൃഷ്ടിയുടെ ആത്മകഥയുടെ പേരാണ് ഇന്ത്യന്‍ ഭരണഘടന.

ലോകത്ത് ആദ്യമുണ്ടായ ഭരണഘടനയല്ല ഇന്ത്യയുടേത്. പൂര്‍ണമായും മൗലികമായ ഒരു ഭരണഘടനയുമല്ല. എല്ലാ ആര്‍ട്ടിക്കിളുകളും മറ്റ് രാജ്യങ്ങളോട് നേരിട്ടും അല്ലാതെയും കടപ്പെട്ടിട്ടുണ്ട്. മൗലികാവകാശങ്ങള്‍ ഉള്‍പ്പടെ ഇതരരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ്. എന്നിട്ടും എങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടന നിരന്തരം മിടിക്കുന്ന ഒരു ജൈവിക സത്തയായി പരിണമിച്ചത്?
ഉത്തരം ദേശീയ പ്രസ്ഥാനമെന്നാണ്. ജീവചരിത്രത്തേക്കാള്‍ മിടിക്കുക ആത്മകഥയാണല്ലോ. ജീവചരിത്രം അപരസൃഷ്ടിയാണ്. ആത്മകഥ സ്വയം നിര്‍മിതിയും. ചിതറിക്കിടന്ന ഭൂഭാഗങ്ങളില്‍ നിന്ന് ആ ദേശങ്ങളുടെ സത്തകളെ ആത്മാവില്‍ വഹിച്ച് വന്ന രാഷ്ട്രീയമനുഷ്യരാണ്, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ ഘടനയെ കൂട്ടുപിടിച്ച്, അംബേദ്കറുടെ പരിണത പ്രജ്ഞയെ ഒരളവോളം ആശ്രയിച്ച് നമ്മുടെ ഭരണഘടനയെ യാഥാര്‍ഥ്യമാക്കിയത്.

1946ലെ കാബിനെറ്റ് മിഷന്‍ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിച്ചത്. പതിമൂന്നു കമ്മിറ്റികള്‍ ഉള്‍പ്പെട്ടു. പ്രാദേശിക നിയമസഭകളില്‍ നിന്ന് അവയിലെ അംഗങ്ങള്‍ തിരഞ്ഞെടുത്തവര്‍, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികള്‍ അങ്ങനെ വിവിധ വൈവിധ്യങ്ങളുടെ 389 പ്രതിനിധികള്‍. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ 299 ആയി ചുരുങ്ങി.
1946, ഡിസംബര്‍ ഒമ്പതിന് ആദ്യയോഗം. 1949, ഡോ.സച്ചിദാനന്ദ സിന്‍ഹ താത്കാലിക ചെയര്‍മാന്‍. 1946 ഡിസംബര്‍ 11നു ഡോ. രാജേന്ദ്രപ്രസാദ് സഭയുടെ അധ്യക്ഷനായി. ബി.എന്‍. റാവു നിയമോപദേഷ്ടാവായി.

സ്വാതന്ത്ര്യാനന്തരം അന്നത്തെ നിയമമന്ത്രി ഡോ.ബി.ആര്‍.അംബേദ്കര്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായി. രണ്ടു വര്‍ഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം ചര്‍ച്ചകള്‍ നടന്നു. 7,635 ഭേദഗതികള്‍. 1949 നവംബര്‍ 26ന് സഭ ഭരണഘടന അംഗീകരിച്ചു. ഭരണഘടനയുടെ ഓര്‍മദിനം പിറന്നു. 1950 ജനുവരി 26ന് ആ ഗ്രന്ഥം ഇന്ത്യയുടേതായി. ചമ്പാരണില്‍ നിന്ന് ആധുനിക ഇന്ത്യ തുടങ്ങിയ സ്വത്വാന്വേഷണ യാത്ര സമാപിച്ചു.

സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ നടത്തിയ കഠിനയാത്രകളുടെ ഓര്‍മകള്‍ നിറഞ്ഞുനിന്നു ഭരണഘടനാ നിര്‍മാണ അസംബ്ലിയില്‍.നവജാത രാജ്യത്തെ ഏത് പേരിട്ട് വിളിക്കണം എന്നതിന് ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടന്നു. ഓരോ അംഗവും അവര്‍ പ്രതിനിധീകരിച്ച ജനതയുടെ അഭിലാഷങ്ങളെ ആവിഷ്‌കരിച്ചു. ഓരോ വാക്കും എഴുതിച്ചേര്‍ത്തിന് പിന്നില്‍ ഈ അഭിലാഷങ്ങള്‍ പ്രവര്‍ത്തിച്ചു. അത്തരമൊരു പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ ഏക ഭരണഘടന നമ്മുടേതാണ്.
അതിനാലാണ് വിഭജനത്തിന്റെ കുയുക്തികള്‍ നാടുവാഴുമ്പോള്‍ ഈ ദേശം ആ ഗ്രന്ഥം വായിച്ചു തുടങ്ങുന്നത്. ശാന്തത എന്നത് ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണെന്ന്, സമാധാനത്തോളം വലിയ സംഘര്‍ഷമില്ലെന്ന് ആ വായന സ്വേച്ഛാധിപത്യത്തെ ബോധ്യപ്പെടുത്തും.

————————————————————————————————————————————————-

ഒരു പുതിയ നക്ഷത്രം പിറവി കൊള്ളുകയാണ്

1947 ആഗസ്ത് 14 വ്യാഴം. ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയുടെ അഞ്ചാം സെഷന്‍. ഡോ. രാജേന്ദ്ര പ്രസാദാണ് അധ്യക്ഷന്‍. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അതിപ്രധാനമായ നിമിഷം പിറക്കുകയാണ്. രാജേന്ദ്രപ്രസാദ് അധ്യക്ഷ്രപസംഗം ആരംഭിച്ചു.

”നമ്മുടെ ചരിത്രത്തിലെ ഏറ്റവും വിശുദ്ധമായ ഈ നിമിഷത്തില്‍, ദീര്‍ഘകാലം നീണ്ട സമരങ്ങള്‍ക്കൊടുവില്‍ നമ്മള്‍ ഈ രാഷ്ട്രത്തിന്റെ ഭരണം ഏറ്റെടുക്കുന്ന ഈ സന്ദര്‍ഭത്തില്‍, മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും വിധിയെ നിശ്ചയിക്കുന്ന ആ മഹാശക്തിക്ക് മുന്നില്‍ നാം കൃതജ്ഞതാഭരിതരാകുന്നു. ഒപ്പം, വെടിയുണ്ടകളെ പുഞ്ചിരിയോടെ വിരിമാറുകാട്ടി നേരിട്ട, ആന്‍ഡമാന്‍ ജയിലുകളില്‍ ജീവന്‍ ഹോമിച്ച, ഇന്ത്യന്‍ ജയിലുകളില്‍ ജീവിതം ഹോമിച്ച, നാടുകടത്തപ്പെട്ട, സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി സര്‍വവും സമര്‍പ്പിച്ച ജ്ഞാതരും അജ്ഞാതരുമായ മുഴുവന്‍ സ്ത്രീ, പുരുഷന്‍മാരുടെയും ഓര്‍മകള്‍ക്കുമുന്നില്‍ നാം വിനീതരാകുന്നു. ഈ യാത്രയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ നമ്മുടെ മാര്‍ഗദീപവും, വഴികാട്ടിയും ദാര്‍ശനികനുമായിരുന്ന മഹാത്മാഗാന്ധിക്ക് നാം ആദരമര്‍പ്പിക്കുന്നു. നമ്മുടെ സംസ്‌കൃതിയിലെ അമരമായ ഊര്‍ജത്തെ, നമ്മെ വിഷമസന്ധികളില്‍ അതിജീവിപ്പിച്ച ഊര്‍ജത്തിന്റെ യഥാര്‍ഥ പ്രതിനിധിയായിരുന്നു ഗാന്ധിജി. ഹതാശയുടെയും നിരാശയുടെയും പടുകുഴിയില്‍ നിന്ന് നമ്മെ അഗാധമായി ഉണര്‍ത്തി അദ്ദേഹം. അഹിംസയും സത്യവും ആയുധമാക്കി പോരാടാന്‍ നമ്മെ പ്രാപ്തരാക്കി. നമ്മുടെ ജന്മാവകാശമായ സ്വരാജിലേക്ക് നയിച്ചു. നമ്മെപ്പോലെ അതിവിശാലമായ ഒരു രാഷ്ട്രത്തില്‍ ഗാന്ധിജി സാധ്യമാക്കിയ ഈ മുന്നേറ്റം ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതായി രേഖപ്പെടും.”

ഗാന്ധിജിയെ ഉജ്വലമായി വാഴ്ത്തിയും ഇന്ത്യന്‍ മൂല്യങ്ങളെ പ്രതിപാദിച്ചും മുന്നേറിയ രാജേന്ദ്രപ്രസാദിന്റെ വാക്കുകള്‍ പാകിസ്ഥാനിലെ ജനതയ്ക്ക് ഹൃദയംഗമായ ആശംസകളും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള പിന്തുണയും ഒരു ഘട്ടത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. To all the minorities in India we give the assurance that they will receive fair and just treatment and there will be no discrimination in any form against them എന്നായിരുന്നു ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് പില്‍ക്കാലത്ത് ഇന്ത്യയുടെ ഒന്നാം രാഷ്ട്രത്തലവനായിത്തീര്‍ന്ന രാജേന്ദ്രപ്രസാദിന്റെ ഉറപ്പ്. ഏഴുപതിറ്റാണ്ടിനപ്പുറം വരാനിരിക്കുന്ന അഭിശപ്തമായ നിമിഷങ്ങളെ മുന്നില്‍കണ്ടെന്നോണം ന്യൂനപക്ഷങ്ങളോട്, വിശിഷ്യാ ഇന്ത്യന്‍ മുസ്ലിമിനോട് ഇത്രകൂടി പറയുന്നു ഡോ. രാജേന്ദ്രപ്രസാദ്: ‘Their religion, their culture and their language are safe and they will enjoy all the rights and privileges of citizenship.”

ഹ്രസ്വമായ അധ്യക്ഷപ്രസംഗം അവസാനിച്ചു. തുടര്‍ന്നാണ് ചരിത്ര നിമിഷം. ലോകചരിത്രത്തില്‍ അതിമഹത്തരമെന്ന് പുകള്‍കൊണ്ട ഒരു പ്രഭാഷണം സംഭവിച്ചു. ഇന്ത്യ എന്ന ആശയം എന്താണെന്ന് ലോകത്തോട് പറഞ്ഞ വാക്കുകള്‍ പിറന്നു.

എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം മതവിവേചനത്തിന്റെയും വംശീയവെറിയുടെയും വോട്ടുബലത്താല്‍ അക്രമാസ്‌കതരായ ഒരുകൂട്ടം ഇന്ത്യന്‍ പാര്‍ലമെന്റിനെ മതവെറിയുടെ അശ്ലീലത്താല്‍ അപമാനിച്ചതിന് നാം സാക്ഷിയാണ്. ആ അപമാനത്തിനെതിരില്‍ രാജ്യമാകെ പടരുന്ന പ്രതിഷേധം നാം അനുഭവിക്കുകയാണ്. എന്തുകൊണ്ട് പ്രതിഷേധിക്കുന്നു എന്നതിനുള്ള ഉഗ്രമായ മറുപടിയാണ് നെഹ്റുവിന്റെ ഈ വാക്കുകള്‍. നമ്മുടെ ഇന്ത്യ എന്താണ്, എങ്ങനെ രൂപപ്പെട്ടു എന്നതിലേക്കുള്ള വാതില്‍. നമ്മുടെ രാഷ്ട്രം അന്ന് ഒന്നടങ്കം അഭിവാദ്യം ചെയ്തത് മഹാത്മാഗാന്ധിയെ ആണ്; നെഹ്റുവും. അതേ ഗാന്ധി തൊട്ടടുത്ത വര്‍ഷം കൊല്ലപ്പെട്ടു. കൊന്നയാളിന്റെ ദര്‍ശനമാണ് ഇന്ന് നാടുവാഴുന്നത്. അതേ ദര്‍ശനത്തിന്റെ ക്രൗര്യമാണ് പാര്‍ലമെന്റില്‍ പൗരത്വ നിയമ ഭേദഗഗതിയാല്‍ ഈ രാജ്യത്തെ അപമാനിച്ചത്. അതിനാല്‍ ഈ നിമിഷം നാം ഉറക്കെ വായിക്കേണ്ടത് ഈ പ്രഭാഷണമാണ്. വിധിയുമായുള്ള കൂടിക്കാഴ്ചയെന്ന തലക്കെട്ടില്‍ വിഖ്യാതമായ ആ പ്രഭാഷണം.
”വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ വിധിയുമായി, നമ്മുടെ ഭാഗധേയവുമായി മുഖാമുഖം നില്‍ക്കുകയുണ്ടായി. ഇപ്പോള്‍ നമ്മുടെ പ്രതിജ്ഞകള്‍ നിറവേറാനുള്ള സമയമായിരിക്കുന്നു, മുഴുവനായല്ലെങ്കിലും, ഉറച്ച ബോധ്യത്തോടെ.

ഇന്ന് അര്‍ധരാത്രിരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം നിദ്രയിലാണ്ടിരിക്കുമ്പോള്‍, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെഴുന്നേല്‍ക്കും. നമ്മള്‍ പഴമയില്‍ നിന്നു പുതുമയിലേക്ക് ചുവടുവക്കുമ്പോള്‍, ഒരു കാലഘട്ടത്തിന്റെ അന്ത്യം കുറിക്കപ്പെടുമ്പോള്‍, ദീര്‍ഘകാലമായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവിന് ശബ്ദം കൈവരുമ്പോള്‍, ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം ആഗതമാവുകയാണ്.
ഈ അത്യുദാത്തവും പരിപാവനവുമായ നിമിഷത്തില്‍, ഇന്ത്യക്കും ഈ രാജ്യത്തെ ജനങ്ങള്‍ക്കും, മനുഷ്യവംശത്തിന് മുഴുവനായും ഗുണപരമായിത്തീരുന്ന സേവനങ്ങളിലേര്‍പ്പെടാന്‍ നാം പ്രതിജ്ഞാബദ്ധരാവണം.

ചരിത്രത്തിന്റെ ഉദയം മുതല്‍ ഇന്ത്യ അവളുടെ അനന്തമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു. നിരവധി നൂറ്റാണ്ടുകള്‍ ആ അന്വേഷണത്തിന്റെ ജയപരാജയങ്ങളുടെ പ്രതാപത്തിലും പരിശ്രമത്തിലും നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഭാഗ്യ- നിര്‍ഭാഗ്യങ്ങളിലെല്ലാം ഒരേപോലെ ഈ രാജ്യം അന്വേഷണത്വരയുടെ ആര്‍ജവം നഷ്ടപ്പെടാതെയും കരുത്തുപകര്‍ന്ന ആദര്‍ശങ്ങളെ വിസ്മരിക്കാതെയും മുന്നോട്ടുപോയി. ഇതാ, ദൗര്‍ഭാഗ്യങ്ങളുടെ ഒരു കാലഘട്ടത്തിന് അന്ത്യം കുറിച്ചുകൊണ്ട്, ഇന്ത്യ അതിന്റെ ആത്മസത്തയെ കണ്ടെത്തുകയാണ്.
നമ്മള്‍ ഇന്ന് ആഘോഷിക്കുന്ന ഈ നേട്ടം, നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും വലിയ നേട്ടങ്ങളിലേക്കുമുള്ള ഒരു സാധ്യതയുടെ തുറവി മാത്രമാണ്. ഈ അവസരത്തെ മുറുക്കെപ്പിടിക്കുന്നതിനും, ഭാവിയുടെ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള ധൈര്യവും ജ്ഞാനവും നമുക്കുണ്ടോ?

സ്വാതന്ത്ര്യവും അധികാരവും ഉത്തരവാദിത്വം കൊണ്ടുവരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പരമാധികാരത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പരമാധികാര അസംബ്ലിയിലാണ് ഈ ഉത്തരവാദിത്വം നിലകൊള്ളുന്നത്. സ്വാതന്ത്ര്യത്തിന്റെ ജനനത്തിന് മുമ്പ് ദുഷ്‌കരമായ വേദന നമ്മള്‍ അനുഭവിച്ചിട്ടുണ്ട്. ഈ വേദനയുടെ ഓര്‍മ്മകള്‍ നമ്മുടെ ഹൃദയത്തില്‍ ഭാരമായി അവശേഷിക്കുന്നു. അവയില്‍ ചില വേദനകള്‍ ഇന്നും തുടരുന്നു. എന്നിരുന്നാലും, ആ ഭൂതകാലം കഴിഞ്ഞു. ഭാവി നമ്മളെ മാടി വിളിക്കുകയാണ്.

നിരന്തരമായ കഠിനാധ്വാനത്തിലൂടെ മാത്രമേ നാം പലപ്പോഴായി എടുത്തിട്ടുള്ളതും ഇന്ന് നമ്മള്‍ എടുക്കുന്നതുമായ പ്രതിജ്ഞകള്‍ നിറവേറ്റപ്പെടാന്‍ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ ആ ഭാവികാലം സ്വസ്ഥവും അനായാസവുമായിരിക്കില്ല. ഇന്ത്യയെ സേവിക്കുകയെന്നാല്‍ ദുരിതമനുഭവിക്കുന്ന ലക്ഷങ്ങളെ സേവിക്കുകയെന്നാണ്. അത് ദാരിദ്ര്യവും അറിവില്ലായ്മയും രോഗങ്ങളും അവസര അസമത്വങ്ങളും അവസാനിപ്പിക്കുക എന്നത് കൂടിയാണ്.
ഈ തലമുറയിലെ ഏറ്റവും മഹാനായ മനുഷ്യന്റെ അഭിലാഷം ഓരോ വ്യക്തികളുടെയും കണ്ണിലെ ഓരോ തുള്ളി കണ്ണുനീരും തുടയ്ക്കുക എന്നതാണ് . അത് ഒരു വിദൂരസ്വപ്നമായിരിക്കാം, പക്ഷെ എത്രനാള്‍ ഈ കണ്ണീരും ദുരിതങ്ങളും നിലനില്‍ക്കുന്നുവോ അത്രയും നാള്‍ നമുക്ക് വിശ്രമമുണ്ടാവില്ല.
അതുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ വേണ്ടി നമ്മള്‍ കഠിനാധ്വാനം നടത്തണം. നമ്മുടെ ഈ സ്വപ്നങ്ങള്‍ ഒരേസമയം ഇന്ത്യക്കും അതേസമയം ലോകത്തിനും ഒറ്റപ്പെട്ട് ജീവിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കി പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ജനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും വേണ്ടിയുള്ളതാണ്.

സമാധാനം അവിഭാജ്യമായ ഒന്നാണ്; അതുപോലെയാണ് സ്വാതന്ത്ര്യവും. പുരോഗതിയും ഇപ്പോള്‍ അതുപോലെയാണ്. അതുപോലെ തന്നെ ഈ ഏകലോകത്തെ ദുരന്തങ്ങളെയും ഒറ്റപ്പെട്ട തുരുത്തുകളുടേതാക്കി മാറ്റിത്തീര്‍ക്കുവാനും കഴിയില്ല.

ഇന്ത്യയിലെ ജനങ്ങളോട്, നിങ്ങളുടെ പ്രതിനിധികളായ ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. മഹത്തായ ഈ സാഹസത്തില്‍ വിശ്വാസവും പ്രത്യാശയും അര്‍പ്പിച്ച് ഞങ്ങളോടൊപ്പം ചേരണം. നിസ്സാരവും നാശോന്‍മുഖവുമായ വിമര്‍ശനങ്ങള്‍ക്കുള്ള സമയമല്ല ഇത്. മറ്റുള്ളവരെ കുറ്റപ്പെടുത്താനുള്ള സമയവുമല്ല. സ്വതന്ത്രഇന്ത്യക്ക്; അവളുടെ മക്കള്‍ക്ക് പാര്‍ക്കാന്‍ നമുക്കൊരു വിശുദ്ധഹര്‍മ്യം പണിയേണ്ടതുണ്ട്.

പൂര്‍വനിശ്ചിതമായ ആ ദിവസം സമാഗതമായി – വിധിയാല്‍ നിശ്ചയിക്കപ്പെട്ട ദിനം – ദീര്‍ഘകാലം തുടര്‍ന്ന ഗാഢനിദ്രക്കും പോരാട്ടങ്ങള്‍ക്കും ഒടുവില്‍ നമ്മുടെ രാജ്യം വീണ്ടും ഉണര്‍ന്നെണീക്കുന്നു – ഊര്‍ജ്ജസ്വലയായി, സ്വതന്ത്രയായി, വിമുക്തയായി. ചിലയളവുകളില്‍ ഭൂതകാലം നമ്മെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നാം എടുത്ത പ്രതിജ്ഞകള്‍ നിറവേറ്റാന്‍ നാം ഇനിയും അധ്വാനിക്കേണ്ടതുണ്ട്. എങ്കിലും നമ്മുടെ വഴിത്തിരിവ് കഴിയുകയും നമുക്കായി ഒരു പുതിയ ചരിത്രം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. നാം ജീവിക്കുകയും നാം ഇടപെടുകയും ചെയ്യുന്ന, മറ്റുളളവരാല്‍ എഴുതപ്പെടേണ്ട ചരിത്രം.

ഇന്ത്യക്കാരായ നമുക്കും, അതേസമയം ഏഷ്യക്കും ലോകത്തിനും ഇത് അതിനിര്‍ണ്ണായക നിമിഷമാണ്. ഒരു പുതിയ നക്ഷത്രം പിറവികൊള്ളുകയാണ്. കിഴക്കിന്റെ സ്വാതന്ത്ര്യത്തെ കുറിക്കുന്ന നക്ഷത്രമാണത്. ഒരു പുതിയ പ്രത്യാശ ഉണ്ടായിവരുന്നു. ദീര്‍ഘകാലമായി നാം കണ്ടുകൊണ്ടിരുന്ന ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണ്. ആ നക്ഷത്രം ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ; നമ്മുടെ പ്രതീക്ഷകളും.

നമ്മുടെ ജനങ്ങളില്‍ പലരും കഠിനപീഡകളുടെ ദുരിതത്തിലാണ്. ആ ദു:ഖത്തിന്റെ വിഷാദമേഘങ്ങള്‍ നമ്മെ വലയം ചെയ്യുന്നുണ്ട്. എങ്കിലും നമ്മള്‍ സ്വാതന്ത്ര്യത്തില്‍ ആഹ്ലാദിക്കുന്നുണ്ട്. പക്ഷേ,സ്വാതന്ത്യം പുതിയ ഉത്തരവാദിത്വങ്ങളും ക്ലേശങ്ങളും കൊണ്ടുവരുന്നുണ്ട്. സ്വതന്ത്രവും അച്ചടക്കപൂര്‍ണവുമായ മനസ്സോടെ അവ നാം ഏറ്റെടുക്കണം.
ഈ ദിവസം നമ്മുടെ ചിന്ത ആദ്യം എത്തുന്നത് ഈ സ്വാതന്ത്ര്യത്തിന്റെ ശില്പിയിലേക്കാണ്. നമ്മെ ചുറ്റപ്പെട്ടിരുന്ന ഇരുളിനെ മാറ്റി വെളിച്ചത്തിലേക്ക് നയിച്ച, സ്വാതന്ത്യത്തിന്റെ ദീപം ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യയുടെ പുരാതന ചേതനയെ മൂര്‍ത്തമാക്കിയ, നമുക്കു ചുറ്റും പടര്‍ന്നിരുന്ന ഇരുട്ടിലേക്ക് സ്വാതന്ത്ര്യത്തിന്റെ ദീപശിഖയേന്തിയ നമ്മുടെ രാഷ്ട്രപിതാവ്.

നാം പലപ്പോഴും അദ്ദേഹത്തിന്റെ അനര്‍ഹരായ പിന്‍ഗാമികളും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നിന്നും വഴിതെറ്റിപ്പോയവരുമായിരുന്നു. എന്നാല്‍ നമ്മള്‍ മാത്രമല്ല വരുംതലമുറകളും ആ സന്ദേശം ഓര്‍മ്മിച്ചുകൊണ്ടിരിക്കുകയും, ഇന്ത്യയുടെ ഈ മഹാനായ പുത്രന്റെ മുദ്രകള്‍ അവരുടെ ഹൃദയങ്ങളില്‍ വഹിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ വിശ്വാസം, ശക്തി, ധൈര്യം, എളിമ എന്നിവയില്‍ അഭിമാനിക്കുകയും ചെയ്യും. ഏത് വലിയകൊടുങ്കാറ്റിലും കോളിലും സ്വാതന്ത്ര്യത്തിന്റെ ആ വെളിച്ചം കെട്ടുപോകാന്‍ നാം അനുവദിക്കരുത്.

നമ്മള്‍ അടുത്തതായി ഓര്‍മിക്കുന്നത് പേരോ പെരുമയോ പ്രതിഫലമോ ആഗ്രഹിക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടിയ സമരഭടന്‍മാരെയാണ്, സന്നദ്ധപ്രവര്‍ത്തകരെയാണ്.
രാഷ്ട്രീയമായി വിഭജിക്കപ്പെട്ട അതിര്‍ത്തികളാല്‍ നമ്മില്‍ നിന്നും മുറിഞ്ഞുപോയ, നമ്മള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നിര്‍ഭാഗ്യവശാല്‍ ആഘോഷിക്കുവാന്‍ കഴിയാതെ പോവുന്ന നമ്മുടെ സഹോദരന്മാരെയും സഹോദരിമാരെയും ഇപ്പോള്‍ ഓര്‍ക്കുകയാണ്. എന്തുതന്നെ സംഭവിച്ചാലും അവര്‍ നമ്മുടേതാണ്. അവരുടെ സുഖത്തിലും ദുഖത്തിലും നാം ഒരേപോലെ പങ്കാളികളാവുകയും ചെയ്യും.
ഭാവി നമ്മളെ മാടി വിളിക്കുന്നു. നാം ആ വിളി കേട്ട് പോവുകയാണെങ്കില്‍ എന്തിനുവേണ്ടിയായിരിക്കണം നമ്മുടെ പരിശ്രമം? നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സ്വാതന്ത്ര്യവും അവസരങ്ങളും എത്തിക്കുക, ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കും അജ്ഞതയ്ക്കും എതിരെ പൊരുതി അവയ്ക്ക് അറുതി വരുത്തുക, സമൃദ്ധവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുക, ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പൂര്‍ണ്ണതയും നീതിയും ഉറപ്പു വരുത്താനുതകുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക – അതിനുവേണ്ടിയാവണം നമ്മു്െട പ്രയത്നം.
നമ്മള്‍ ഇനിയും കഠിനമായി അധ്വാനിക്കേണ്ടതുണ്ട്. നാം ഏറ്റെടുത്ത പ്രതിജ്ഞകള്‍ മുഴുവനായും നിറവേറുന്നതു വരെ, ഇന്ത്യന്‍ ജനതയെ നാം അവരെക്കുറിച്ചു സങ്കല്‍പ്പിച്ച ലക്ഷ്യങ്ങളില്‍ എത്തിക്കുന്നതു വരെ നമുക്ക് വിശ്രമിക്കാനാവില്ല.

ഒരു മഹത്തായ രാജ്യത്തിലെ നിര്‍ഭയരായ ജനത എന്ന നിലയില്‍ നമ്മള്‍ ആ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ ശ്രമിക്കണം. ഏത് മതവിഭാഗത്തില്‍ പെട്ടവരായിരുന്നാലും നാമെല്ലാം, തുല്യ അവകാശങ്ങളും, അധികാരങ്ങളും, ചുമതലകളുമുള്ള ഇന്ത്യയുടെ മക്കളാണ്. വര്‍ഗീയതയെയും ഇടുങ്ങിയ ചിന്താഗതികളെയും നമുക്ക് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. കാരണം ഇടുങ്ങിയ ചിന്തയും പ്രവൃത്തിയുമുള്ള ജനങ്ങളുള്ള ഒരു രാജ്യം ഒരിക്കലും മഹത്തരമാകില്ല.
ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഞങ്ങള്‍ ആശംസകള്‍ അറിയിക്കട്ടെ. സമാധാനവും, സ്വാതന്ത്യവും, ജനാധിപത്യവും അഭിവൃദ്ധിപ്പെടുത്താന്‍ ഞങ്ങള്‍ അവരുമായി സഹകരിക്കുമെന്ന് ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

ഇന്ത്യക്ക്, നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിന്, പുരാതനവും, അനശ്വരവും നിത്യനൂതനവുമായ നമ്മുടെ രാജ്യത്തിന് ആദരവോടെ അഭിവാദ്യം അര്‍പ്പിക്കുന്നു. അവള്‍ക്കായി സമര്‍പ്പിത ചേതസ്സായിരിക്കുവാന്‍ നാം കൈകോര്‍ക്കുന്നു. ജയ് ഹിന്ദ്.”

————————————————————————————————————————————————–

മാനവികതയോട് ചാര്‍ച്ചപ്പെട്ട വാക്കുകള്‍

ഇന്ത്യന്‍ രാഷ്ട്രീയ ഹിന്ദുത്വയുടെ ആദ്യകാല മുഖം അഥവാ, ഭൂതകാലത്തില്‍ നിന്ന് രാഷ്ട്രീയ ഹിന്ദുത്വ ആദ്യമായി സ്വന്തമാക്കിയ മഹാബിംബം സ്വാമി വിവേകാനന്ദന്റേതായിരുന്നു. വിവേകാനന്ദന്റെ യൗവനതീക്ഷ്ണതയും മുദ്രാവാക്യത്തിലേക്ക് എളുപ്പം വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന വാചകങ്ങളും തുടക്കത്തില്‍ ഹിന്ദുത്വ വ്യാപകമായി ഉപയോഗിച്ചു. പരിധി വരെ അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷേ, ബാബരിയനന്തരം അതിതീവ്രതയിലേക്ക് കുതിച്ച രാഷ്ട്രീയ ഹിന്ദുത്വ അഥവാ സംഘപരിവാര്‍ വിവേകാനന്ദനെ കൈയൊഴിയുന്നത് കാണാം. ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത ആ കയ്യൊഴിയലിന്റെ കാരണങ്ങള്‍ വിവേകാനന്ദനിലുണ്ട്. അതിലൊന്ന് വിവേകാനന്ദന്‍ മുന്നോട്ട് കൊണ്ടുപോയ മതാത്മകതക്ക് തീവ്രഹിന്ദുത്വയുമായി ചാര്‍ച്ചയില്ല എന്നതാണ്. മാത്രവുമല്ല ബാബരി മുതല്‍ പൗരത്വ നിയമം വരെ ഹിന്ദുത്വ പ്രകടിപ്പിച്ച മതവെറിയെ ആഴത്തില്‍ പ്രതിരോധിക്കാനാവുന്ന പലതും വിവേകാനന്ദനിലുണ്ട് താനും. ചുരുക്കത്തില്‍ അക്രാമക ഹിന്ദുത്വക്ക് ഹിന്ദു സംസ്‌കാരത്തില്‍ നിന്നുള്ള ഗംഭീരമായ ബദലാണ് വിവേകാനന്ദന്‍. കാരണം സര്‍വമത സാഹോദര്യം എന്ന ആധുനിക മനുഷ്യന്‍ എത്തിപ്പെടേണ്ട ഔന്നത്യം വിവേകാനന്ദനില്‍ ഉണ്ടായിരുന്നു. മതസഹിഷ്ണുത എന്ന ജനാധിപത്യത്തിന്റെ അനിവാര്യത, പരസ്പരാദരം എന്ന ദേശീയതയുടെ കാതല്‍ വിവേകാനന്ദനില്‍ ഉണ്ടായിരുന്നു. വിവേകാനന്ദനെ വിശ്വപൗരനാക്കി ഉയര്‍ത്തിയ ഈ പ്രഭാഷണം അതിന്റെ തെളിവാണ്. ജൈവികമായ ഒരു ഭരണഘടനയെ സൃഷ്ടിക്കാന്‍, ഇന്ത്യ എന്ന ആശയത്തെ സൃഷ്ടിക്കാന്‍ ദേശീയപ്രസ്ഥാനം ആശ്രയിച്ച ഉന്നത ആത്മീയതയുടെ വേരുകള്‍ വിവേകാനന്ദനിലുമുണ്ട്. സംഘപരിവാറില്‍ അത് ഒട്ടുമേയില്ല താനും.

1893 സെപ്റ്റംബര്‍ 11.
”അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വവും ഹൃദയംഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ ഏഴുന്നേല്‍ക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.
ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ലോകത്തിന്റെ അതിപ്രാചീന സന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.
സര്‍വ വര്‍ഗ വിഭാഗങ്ങളിലും പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദിപറയുന്നു.

സഹിഷ്ണുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വ ലൗകിക സ്വീകാരവും ലോകത്തിനു ഉപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്തികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു

റോമന്‍ മര്‍ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ വര്‍ഷം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗ തലത്തില്‍ സംഭൃതമയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ സരതുഷ്ട്ര ജനതയ്ക്ക് അഭയം നല്കി ഇന്നും പോറ്റി പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരേ, ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതുമായ ഒരു സ്തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. ”പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ. ദൈവമേ, അതുപോലെ രുചി വൈചിത്ര്യം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്.”

വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കയ്യടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു. എന്നാല്‍ അവരുടെ കാലം അവസാനിക്കാറായി. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മതഭ്രാന്തുകളുടെയും, വാളുകൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലെ എല്ലാ ദുര്‍മാല്‍സര്യങ്ങളുടെയും മരണമണിയായ് മാറട്ടെ എന്നു ഞാന്‍ അകമഴിഞ്ഞ് ആഗ്രഹിക്കുന്നു.”

————————————————————————————————————————————————

രാജ്യത്തേക്കാള്‍ വലുതല്ല രാഷ്ട്രീയ വിശ്വാസം

സ്വേച്ഛാധിപത്യത്തിലേക്ക് നിലംപൊത്താന്‍ നിരവധി ഗര്‍ത്തങ്ങളുണ്ട് ജനാധിപത്യത്തില്‍. ഒന്നാമതായി അത് ഇലക്ട്രല്‍ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ പരിപാടിയാണ്. ഈ ഭൂരിപക്ഷം നിര്‍മിക്കപ്പെടാവുന്ന ഒന്നാണ്. തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചോ, വ്യാജങ്ങള്‍ പ്രചരിപ്പിച്ച് സമ്മതികളെ താല്‍ക്കാലികമായി സൃഷ്ടിച്ചോ ഭൂരിപക്ഷം സാധ്യമാക്കാം. ആ ഭൂരിപക്ഷമുപയോഗിച്ച് സ്വേച്ഛാധിപത്യത്തിന്, ഒരു പടികൂടി കടന്ന് ഫാഷിസത്തിന് ജനാധിപത്യത്തെ അപഹരിക്കാം. ഇന്ത്യപോലെ വൈവിധ്യങ്ങളുടെ ഒരു പെരുങ്കടലില്‍ അത് ക്ഷിപ്രസാധ്യവുമാണ്. അതിനാല്‍ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ പിറവിയെ രാഷ്ട്രതന്ത്ര ചിന്തകര്‍ ഭൂരിപക്ഷവും ആശങ്കയോടെയാണ് വീക്ഷിച്ചത്. ഇത്രമേല്‍ വര്‍ഗ വര്‍ണ ഭാഷാ വൈവിധ്യമുള്ള, സാംസ്‌കാരികമായി അണുവിടപോലും സദൃശങ്ങളില്ലാത്ത ദേശങ്ങള്‍ എങ്ങനെ സാങ്കല്‍പികമായ ഒരു ദേശരാഷ്ട്രത്തില്‍ ഒരുമിച്ച് കഴിയും എന്ന ചോദ്യത്തിന് സാംഗത്യവുമുണ്ടായിരുന്നു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം കേട്ടുകേള്‍വി പോലുമല്ലാത്ത അനേകം ഭൂഭാഗങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി. ദേശീയ പ്രസ്ഥാനം നിര്‍മിച്ചെടുത്ത ഗാന്ധി എന്ന െപാതുസമ്മതിയും പലദേശങ്ങള്‍ക്കും അജ്ഞാതമായിരുന്നു. അതിനാല്‍ തന്നെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാവുന്ന ഒന്നായി ലോകം ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ പിറവിയെ കണ്ടു.

അത് സംഭവിച്ചില്ല. ഏഴ് പതിറ്റാണ്ടിലേറെ ചില്ലറ പരിക്കുകള്‍ സംഭവിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇന്ത്യ നിലനിന്നു. എന്തായിരിക്കാം കാരണം? പല ഉത്തരങ്ങള്‍ ഇന്ന് തെളിഞ്ഞുകിട്ടിയിട്ടുണ്ട്. അതില്‍ പ്രബലം ഇന്ത്യ എന്ന ആശയത്തിന്റെ അനിതര സാധാരണമായ കരുത്താണ്. മതസഹിത മതേതരത്വം എന്ന അസാധ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒന്നിന്റെ ആത്മീയ ബലമാണ്. വിഭജനം ഈ രാഷ്ട്രശരീരത്തില്‍ ഏല്‍പിച്ച അഗാധമായ മുറിവ് പെട്ടെന്നുണങ്ങിയത്, വിഭജനത്തിന്റെ മഹാവേദനകള്‍ മങ്ങിയത് ആ ആശയത്തിന്റെ പ്രഭാവം കൊണ്ടാണ്. ഇന്ത്യന്‍ ഭരണഘടന ആയിരുന്നു ഇന്ത്യ എന്ന ആശയത്തിന്റെ എക്കാലത്തെയും ഗ്രന്ഥം. എങ്ങനെയാണ് വൈവിധ്യങ്ങുടെ ഈ ഭൂമികയെ ഈ ഭരണഘടന ഇങ്ങനെ ചേര്‍ത്തുനിര്‍ത്തിയത് എന്ന അന്വേഷണം അത്ഭുതകരമെന്ന് ഇപ്പോള്‍ തോന്നാവുന്ന ദീര്‍ഘവീക്ഷണങ്ങളുടെ സൃഷ്ടിയാണ്. ജൈവികമായ ഒന്നായിരുന്നു നാം സൃഷ്ടിച്ച ഭരണഘടന. ഇന്ത്യന്‍ വൈവിധ്യങ്ങളുടെ പ്രതിനിധികള്‍, ധിഷണാശാലികളായ ജനനേതാക്കള്‍ ഒരുമിച്ചിരുന്ന് ഇന്ത്യ എന്ന ആശയത്തെ നിര്‍വചിക്കുകയും വൈവിധ്യങ്ങളെ ബഹുമാനപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഒരോവാക്കും ഭാവിയില്‍ സൃഷ്ടിക്കാവുന്ന പ്രകമ്പനങ്ങളെ ആ മനുഷ്യര്‍ അവരുടെ അനുഭവ പരിചയത്താല്‍ ദീര്‍ഘദര്‍ശനം ചെയ്തു. വാക്കുകളുടെ ബലത്തില്‍ ഭാവിയില്‍ ഭരണഘടനക്ക് മേല്‍ ഉണ്ടാകാനിടയുള്ള കയ്യേറ്റങ്ങള്‍ക്ക് അന്നേ കവചമൊരുക്കി. നിശ്ചയമായും ഹിന്ദുഭൂരിപക്ഷമുണ്ടായിരുന്ന അസംബ്ലിയായിരുന്നു ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സഭ. അതും ബ്രാഹ്മണിക് ഭൂരിപക്ഷം. നിരവധി തവണ വാക്കുകള്‍ക്ക് മേല്‍, വാചകങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണിക് ഹെജിമണിയുടെ ഇടപെടല്‍ ഉണ്ടായെന്ന് ആ സംവാദങ്ങള്‍ നിരീക്ഷിച്ചാല്‍ കാണാം. പക്ഷേ, അതെല്ലാം അന്തസാര്‍ന്ന മറുവാദങ്ങളാല്‍ ഖണ്ഡിക്കപ്പെട്ടു. മഹാജ്ഞാനിയും ജനനേതാവുമായിരുന്ന അംബേദ്കറായിരുന്നു അത്തരം ഇടപെടലുകളുടെ ഒരു ചാലക ശക്തി. തികഞ്ഞ പ്രായോഗികത ആയിരുന്നു അംബേദ്കറുടെ അടിത്തറ. ഇന്ത്യയുടെ ജനസാമാന്യമെന്നാല്‍ ആരാണെന്നും എന്താണെന്നും ആ പ്രതിഭാശാലി തിരിച്ചറിഞ്ഞു. ഒറ്റയാനായിരുന്നു സഭയില്‍ അംബേദ്കര്‍. തികഞ്ഞ കോണ്‍ഗ്രസ് വിരുദ്ധന്‍. ഗാന്ധിയോട് അമിതാരാധന ഇല്ലാത്ത, പലപ്പോഴും വിമര്‍ശകന്‍ പോലുമായ മനുഷ്യന്‍. പക്ഷേ, നിലപാടുകളുടെ മൂര്‍ച്ചയാല്‍ സഭക്ക് അംബേദ്കറെ മനസിലാക്കേണ്ടി വന്നു. ഭരണഘടനക്കും ഇന്ത്യ എന്ന നവജാത രാഷ്ട്രത്തിനും സംഭവിക്കാനിരിക്കുന്ന വിപത്തുകളെ അംബേദ്കര്‍ ഒന്നൊന്നായി മുന്‍കൂട്ടി കണ്ടു. ഭരണഘടനാ നിര്‍മാണ സഭയില്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അംബേദ്കര്‍ നടത്തിയ അവസാന പ്രസംഗം ആ ദീര്‍ഘദൃഷ്ടിയുടെ പാഠപുസ്തകമാണ്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ച് ഇനിയുള്ള കാലം ഇന്ത്യയിലെ മനുഷ്യര്‍ നടത്തേണ്ട മുഴുവന്‍ സമരങ്ങള്‍ക്കും മാര്‍ഗരേഖയാണ് ഇനി നമ്മള്‍ കണ്ടുമുട്ടുന്ന ആ പ്രസംഗം.
”കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അസംബ്ലി ആദ്യമായി ചേര്‍ന്ന ഡിസംബര്‍ 9, 1946 ന് ശേഷം ഇപ്പോള്‍, രണ്ടു വര്‍ഷവും പതിനൊന്ന് മാസവും പതിനേഴ് ദിവസവും പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിനുള്ളില്‍ 11 യോഗങ്ങള്‍ ചേരാന്‍ സാധിച്ചു. Objective resolutions പാസാക്കുന്നതിനും, മൗലിക അവകാശങ്ങള്‍, യൂണിയന്‍ ഭരണഘടന, യൂണിയന്റെ അധികാരങ്ങള്‍, പ്രൊവിന്‍ഷ്യന്‍ ഭരണഘടന, ന്യൂനപക്ഷങ്ങളും ഷെഡ്യൂള്‍ഡ് ഏരിയയും ട്രൈബും, ഇവയെയെല്ലാം ആധാരമാക്കിയുണ്ടാക്കിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നതിനുമായിരുന്നു പതിനൊന്നില്‍ ആറ് യോഗങ്ങളും. കരട് ഭരണഘടനയുടെ (draft constitution) പരിഗണനയായിരുന്നു, ഏഴാമത്തെയും എട്ടാമത്തെയും, ഒന്‍പതാമത്തെയും, പത്താമത്തെയും, പതിനൊന്നാമത്തെയും യോഗങ്ങളുടെ അജണ്ട. ആകെ 165 ദിവസമെടുത്ത അസംബ്ലി, 114 ദിവസവും ചെലവഴിച്ചത് കരട് ഭരണഘടനയുടെ പരിഗണനക്ക് വേണ്ടിയായിരുന്നു.
ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കാര്യമെടുത്താല്‍, കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അതിനെ തിരഞ്ഞെടുക്കുന്നത് 1947 ആഗസ്ത് 29 നാണ്. ആഗസ്ത് 30 നാണ് ആദ്യ യോഗം ചേര്‍ന്നത്. ഡ്രാഫ്റ്റിങ് കമ്മിറ്റി ചുമതല പൂര്‍ത്തീകരിക്കാന്‍ കുറേയേറെ സമയമെടുത്തു എന്ന വിമര്‍ശനമുണ്ട്. പക്ഷേ നോക്കൂ, അമേരിക്ക അതിനായി നാല് മാസമെടുത്തു, കാനഡ രണ്ട് വര്‍ഷവും ആറ് മാസവും, സൗത്ത് ആഫ്രിക്ക ഒരു വര്‍ഷവും ഓസ്ട്രേലിയ 9 വര്‍ഷവുമെടുത്താണ് അത് പൂര്‍ത്തീകരിച്ചത്. പരിഗണിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ ഭരണഘടന മുന്‍പ് ഉദാഹരിച്ചവയെക്കാള്‍ വളരെ വലുതാണ് എന്നതാണ്. നമ്മുടെ ഭരണഘടനയില്‍ 395 ആര്‍ട്ടിക്കിള്‍ ഉണ്ടായിരിക്കുമ്പോള്‍ അമേരിക്കയുടേതില്‍ ഏഴും (അതില്‍ ആദ്യത്തെ നാലെണ്ണം വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നതുള്‍പ്പെടെ 21) കാനഡയുടേതില്‍ 147ഉം സൗത്ത് ആഫ്രിക്കയുടേതില്‍ 128ഉം ഓസ്ട്രേലിയയുടെ ഭരണഘടനയില്‍ 128 ആര്‍ട്ടിക്കിളുകളുമേയുള്ളു എന്നതാണ്. ഓര്‍മ്മിക്കേണ്ട രണ്ടാമത്തെ കാര്യം ഇവര്‍ക്കൊന്നും ഭരണഘടനാ ഭേദഗതിയെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നതാണ്.

അത്തരത്തില്‍ വലിപ്പവും മഹത്വവുമുള്ള ഈ ഭരണഘടനയുടെ പേരില്‍ എനിക്കിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അംഗീകാരം യഥാര്‍ത്ഥത്തില്‍ എനിക്കല്ല ലഭിക്കേണ്ട്. അതിന്റെ പകുതി നല്‍കേണ്ടത് അസംബ്ലിയുടെ ഭരണഘടനാ ഉപദേഷ്ടാവായ ബി എന്‍ റാവുവിനാണ്. മറ്റൊരു ഭാഗം ഡ്രാഫ്റ്റിങ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കാണ്. വൈദഗ്ധ്യവും, വ്യത്യസ്തമായ അഭിപ്രായങ്ങളെ ഉള്‍കൊള്ളാനുള്ള ക്ഷമയും അവര്‍ക്കില്ലായിരുന്നെങ്കില്‍ ഉറപ്പായും ഭരണഘടന അതിന്റെ പരിസമാപ്തിയിലെത്തില്ലായിരുന്നു. മുഖ്യ ഡ്രാഫ്റ്റ്സ്മാനായ എസ് എന്‍ മുഖര്‍ജിയെയും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചവരെയും വിസ്മരിക്കാനാവില്ല. ഈ അംഗീകാരത്തിന്റെ ഒരു മുഖ്യ പങ്ക് അര്‍ഹിക്കുന്നത് അദ്ദേഹമാണ്. മറ്റൊരു കാര്യം, താറുമാറായിപ്പോവുമായിരുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഒരുതരം അവ്യവസ്ഥകളുമില്ലാതെ മുന്നോട്ട് പോയതിന്റെ സുപ്രധാനകാരണം അസംബ്ലിക്കകത്ത് കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്ന വ്യവസ്ഥയും അച്ചടക്കവും തന്നെയാണ് എന്നതാണ്.
അങ്ങനെയായിരിക്കുമ്പോള്‍ തന്നെ ഒരു പാര്‍ട്ടി അച്ചടക്കത്തിലും അതിന്റെ മുറുക്കത്തിലും മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നതെങ്കില്‍ എല്ലാം ‘ശരി’ ആണ് എന്നംഗീകരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കൂട്ടമായി ഇത് മാറിയേനെ. ഭാഗ്യത്തിന് അവിടെ റിബലുകളുണ്ടായിരുന്നു. മിസ്റ്റര്‍ കമ്മത്ത്, ഡോ പി എസ് ദേശ്മുഖ്, മിസ്റ്റര്‍ സിദ്വ, പ്രൊഫസര്‍ സക്സേനയും പണ്ഡിത് ഠാക്കൂറും, ദാസ് ഭാര്‍ഗവയും. അവരോടൊപ്പം നിശ്ചയമായും ഞാന്‍ പരാമര്‍ശിക്കേണ്ട പേര് പ്രൊഫസര്‍ കെ. ടി ഷായുടെയും പണ്ഡിത് ഹിര്‍ദേ നാഥ് കുന്‍സ്രുവിന്റെയുമാണ്. അവരുയര്‍ത്തിയ വാദങ്ങളിലേറെയും പ്രത്യയശാസ്ത്രപരമായിരുന്നു. ഏറ്റവും ഒടുവിലായി, ഈ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോവുന്നതിന് ഏറ്റവുമധികം ഇടപെടല്‍ നടത്തിയ അധ്യക്ഷന് ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുകയാണ്. തീര്‍ത്തും സാങ്കേതികമായ കാരണങ്ങളാല്‍ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ഭേദഗതികള്‍ തടസ്സപ്പെട്ട സമയമുണ്ടായിരുന്നു. അതിനെയെല്ലാം മറികടക്കാനായത് അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണ്.

ഭരണഘടനയുടെ മേന്മയെപ്പറ്റി ഞാന്‍ അധികമായി സംസാരിക്കുന്നില്ല. എത്ര മികച്ച ഭരണഘടനയായിരുന്നാലും അതിനെ ചലിപ്പിക്കുന്നവര്‍ മോശക്കാരാണെങ്കില്‍, അത് മോശപ്പെട്ട ഒന്നായിത്തീരും. എത്ര മോശപ്പെട്ട ഭരണഘടനയായിരുന്നാലും, ചലിപ്പിക്കുന്നവര്‍ നല്ലതായിരുന്നാല്‍, അത് വലിയൊരളവില്‍ നല്ലതായിരിക്കും. ലെജിസ്ലേച്ചറും, എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഉള്‍പ്പെടുന്നവയെ സജ്ജീകരിക്കാന്‍ മാത്രമേ അതിന് കഴിയൂ. അവയുടെ പ്രവര്‍ത്തനം പൊതുജനങ്ങളെയും രാഷ്ട്രീയപാര്‍ട്ടികളെയും ആശ്രയിച്ചേ നില്‍ക്കൂ.
ഭരണഘടനയെ അപലപിച്ചത് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്; കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനയെ എതിര്‍ത്തത് ഇതൊരു മോശം ഭരണഘടന ആയിരുന്നത് കൊണ്ടല്ല, അവര്‍ക്ക് വേണ്ടിയിരുന്നത് തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു ഭരണഘടന ആയിരുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണഘടന ആയിരുന്നത് കൊണ്ടാണ് അവര്‍ ഇതിനെ എതിര്‍ത്തത്.സോഷ്യലിസ്റ്റുകള്‍ക്ക് രണ്ട് കാര്യങ്ങളാണ് വേണ്ടിയിരുന്നത്. ഒന്നാമത്തെ കാര്യം, അവര്‍ അധികാരത്തില്‍ വരികയാണെങ്കില്‍, എല്ലാ സ്വകാര്യ സ്വത്തുക്കളും നഷ്ടപരിഹാരം നല്‍കാതെ ദേശസാത്കരിക്കാനും, സാമൂഹികവത്കരിക്കാനും അവര്‍ക്ക് ഭരണഘടന അവകാശം നല്‍കണം എന്നതായിരുന്നു. സോഷ്യലിസ്റ്റുകള്‍ക്ക് വേണ്ടിയിരുന്ന രണ്ടാമത്തെ കാര്യം, ഭരണഘടനയില്‍ പരാമര്‍ശിച്ചിരുന്ന മൗലിക അവകാശം പരിപൂര്‍ണ്ണമായിരിക്കണമെന്നും അതിന് പരിധികളുണ്ടാവരുത് എന്നതുമായിരുന്നു.
ഇക്കാരണങ്ങള്‍ എല്ലാമാണ് ഭരണഘടന എതിര്‍ക്കപ്പെടുന്നതിന് സുപ്രധാനമായും ഉയര്‍ന്നുവന്ന കാരണങ്ങള്‍. പാര്‍ലിമെന്ററി ജനാധിപത്യമാണ് രാഷ്ട്രീയ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണമാതൃക എന്ന് ഞാന്‍ പറയുന്നില്ല. നഷ്ടപരിഹാരം നല്‍കാതെ, സ്വകാര്യ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയില്ല എന്നത് പവിത്രമായ ഒരു തത്വമാണ് എന്നു ഞാന്‍ പറയില്ല, കാരണം അതില്‍ നിന്ന് വിടുതല്‍ ഉണ്ടായേക്കാം. മൗലിക അവകാശങ്ങള്‍ ഒരിക്കലും പരിപൂര്‍ണ്ണമാവില്ലെന്നും, അവക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള പരിധികള്‍ ഒരിക്കലും നീക്കില്ലെന്നും ഞാന്‍ പറയില്ല. ഞാന്‍ പറയുന്നത്, ഭരണഘടന പ്രതിനിധാനം ചെയ്യുന്ന തത്വങ്ങള്‍, ഈ തലമുറയുടെ കാഴ്ചപ്പാടാണ്. അത് അതിവാദമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അത് കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലിയിലെ അംഗങ്ങളുടെ കാഴ്ചപ്പാടാണ്.
ഭരണഘടനയുടെ ഒരു വിവക്ഷയെ സംബന്ധിച്ച് മാത്രമാണ് എനിക്ക് പ്രത്യേകമായി പരാമര്‍ശിക്കാനുള്ളത്. ഭരണഘടനയില്‍ കേന്ദ്രീകരണത്തിന് (centralization) അമിത പ്രാധാന്യം നല്കുന്നുവെന്നും, സംസ്ഥാനങ്ങളെ കേവലം മുനിസിപ്പാലിറ്റികളായി ചുരുക്കിക്കളഞ്ഞെന്നും ഒരു വിമര്‍ശനം ഉണ്ടായി. അത് അതിശയോക്തി കലര്‍ത്തി പറഞ്ഞിട്ടുള്ള ഒന്നല്ലെങ്കിലും, അത് ഭരണഘടനയെ സംബന്ധിക്കുന്ന ഒരു തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ വാദമാണ്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം അവ നിലകൊള്ളുന്ന അടിസ്ഥാനതത്വത്തെക്കുറിച്ചാലോചിക്കേണ്ടതുണ്ട്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വം ഭരണനിര്‍വഹണപരവും നിയനിര്‍മാണപരവുമായ അധികാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിഭജിച്ചിരിക്കുന്നത് കേന്ദ്രമുണ്ടാക്കുന്ന ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല, ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്നതാണ്. ഭരണനിര്‍വഹണപരവും നിയമനിര്‍മാണപരവുമായ അധികാരത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ ആശ്രയിച്ചായിരിക്കില്ല നിലകൊള്ളുക. അക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അവകാശമായിരിക്കും ഉണ്ടാവുക. അങ്ങനെയൊരു ഭരണഘടന കേന്ദ്രീകരണത്തിന്റെ തത്വത്തിലധിഷ്ഠിതമായാണ് നിലകൊള്ളുന്നത് എന്ന വാദം ഉള്‍ക്കൊള്ളാനാവുന്നില്ല. ഭരണനിര്‍വഹണപരവും നിയനിര്‍മാണപരവുമായ തങ്ങളുടെ അധികാരം പ്രയോഗിക്കുന്നതിന് മറ്റ് ഫെഡറല്‍ ഭരണഘടനകളെക്കാള്‍ വിശാലമായ സാധ്യത നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട് എന്നതുകൊണ്ടാവാം അത്തരമൊരു വിമര്‍ശനം. റെസിഡുവറി അധികാരങ്ങള്‍ സംസ്ഥാനങ്ങളെക്കാള്‍ കേന്ദ്രത്തിനാണ് നല്‍കിയിരിക്കുന്നത് എന്നത് കൊണ്ടുമാവാം. പക്ഷേ അവയൊന്നുമല്ല ഫെഡറലിസത്തിന്റെ സത്ത. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ കീഴിലാണ് നിര്‍ത്തിയിരിക്കുന്നത് എന്ന വാദം ശരിയല്ല.

മറ്റൊരു വാദം, കേന്ദ്രത്തിന് സംസ്ഥാനങ്ങളുടെ മേല്‍ സര്‍വാധികാരം നടത്താനുള്ള അവകാശമുണ്ട് എന്ന വിമര്‍ശനമാണ്. ആ വിമര്‍ശനം സത്യമാണ്. പക്ഷെ ആ സര്‍വാധികാരത്തിന് ഭരണഘടനയെ വിമര്‍ശിക്കുന്നതിന് മുന്‍പ്, ചില കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം, ഈ അധികാരം ഭരണഘടനയുടെ സ്വാഭാവികമായ സ്വഭാവമല്ല. അവയുടെ ഉപയോഗവും പ്രവര്‍ത്തനവും അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അടിയന്തര ഘട്ടമുണ്ടാവുമ്പോഴും, അവ ഉപയോഗിക്കരുത് എന്നു വാദിക്കുന്നവര്‍ക്ക്, അതിന്റെ അടിസ്ഥാനം മനസ്സിലായിട്ടില്ല. ഒരു വലിയ വിഭാഗം ജനങ്ങളുടെ അഭിപ്രായത്തിലും, അടിയന്തര സാഹചര്യമുണ്ടാവുമ്പോള്‍, ഒരു പൗരന്റെ ആത്മാര്‍ഥത കേന്ദ്രത്തോടായിരിക്കണം എന്നു തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ ഒരു ഘട്ടത്തില്‍ പൊതുവായ തീര്‍പ്പുകളില്‍ എത്താന്‍ കഴിയുക കേന്ദ്രത്തിന് തന്നെ ആയിരിക്കും.
ഇവിടം കൊണ്ട് എനിക്കവസാനിപ്പിക്കാനാവും. പക്ഷെ എനിക്ക് ചില സുപ്രധാനമായ കാര്യങ്ങള്‍ കൂടി പറയാനുണ്ട്. നമ്മുടെ ഈ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ആലോചനകളിലൊന്ന്. ഈ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ രാജ്യത്തിനാവുമോ ? അതോ, നമുക്കത് നഷ്ടപ്പെടുമോ ?. ഇതാണ് എന്റെയുള്ളില്‍ ഉണ്ടായ ആദ്യത്തെ ആലോചന. ഇന്ത്യ ഒരിക്കലും ഒരു സ്വതന്ത്ര രാജ്യമായിരുന്നില്ല എന്നില്ല. ഒരിക്കല്‍ ഉണ്ടായിരുന്ന സ്വാതന്ത്ര്യം രാജ്യത്തിന് നഷ്ടമായി. ഇനിയൊരിക്കല്‍ കൂടി അത് നഷ്ടപ്പെടുമോ ?. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രധാന ഉത്കണ്ഠ അതാണ്. ഉണ്ടായിരുന്ന സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തിന് നഷ്ടമായത് ഈ രാജ്യത്തെ തന്നെ ചിലരുടെ വിശ്വാസവഞ്ചന കൊണ്ടാണ്. സിന്ധ്, മുഹമ്മദ് ബിന്‍ കാസിം ആക്രമിക്കുമ്പോള്‍ ദഹാര്‍ രാജാവിന്റെ പട്ടാളം, മുഹമ്മദ് ബിന്‍ കാസിമില്‍ നിന്ന് കൈക്കൂലി വാങ്ങി യുദ്ധം ചെയ്യാതിരുന്നു. മുഹമ്മദ് ഗോറിയെ ഇന്ത്യയെ ആക്രമിക്കാന്‍ ക്ഷണിച്ചു വരുത്തിയത് ജയ്ചന്ദ് ആണ്. ബ്രിട്ടീഷുകാര്‍ സിഖ് രാജവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍, നിശബ്ദനായിരുന്നുകൊണ്ട് അതിനെ പിന്തുണച്ചത് മുഖ്യ കമാണ്ടര്‍ ആയിരുന്ന ഗുലാബ് സിങ് ആണ്.

ഈ ചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെടുമോ എന്നെനിക്ക് ആശങ്കയുണ്ട്. ഈ ആശങ്ക വര്‍ധിക്കുന്നതിന്റെ ഒരു കാരണം ജാതിയുടെയും മതത്തിന്റെയും പേരില്‍ നിലകൊണ്ടിരുന്ന നമ്മുടെ പഴയ ശത്രുക്കളോടൊപ്പം വ്യത്യസ്തവും പരസ്പരം വിയോജിച്ചുകൊണ്ടിരിക്കുന്നതുമായ രാഷ്ട്രീയ വിശ്വാസങ്ങളുള്ള നിരവധി രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ഇവിടെയുണ്ട് എന്നതാണ്. അവര്‍ അവരുടെ രാഷ്ട്രീയ വിശ്വാസത്തിനും മുകളില്‍ ഇന്ത്യയെ ഉള്‍കൊള്ളാന്‍ തയാറാവുമോ ?. അതല്ല രാജ്യത്തേക്കാള്‍ വലുതാണ് തങ്ങളുടെ രാഷ്ട്രീയ വിശ്വാസം എന്നവര്‍ വാദിക്കുമോ.? എനിക്കത് അറിയില്ല. അങ്ങനെ സംഭവിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യം അപായപ്പെടുകയും, ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത വിധം നമുക്കത് നഷ്ടമാവുകയും ചെയ്യും. അതിനെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്. അതിനാല്‍ത്തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ അവസാന തുള്ളി ചോരയും നല്‍കാന്‍ നമ്മള്‍ തയ്യാറാവണം.

അതിനര്‍ഥം ഇന്ത്യക്ക് ജനാധിപത്യമെന്തെന്ന് അറിയില്ല എന്നല്ല. ഇന്ത്യ റിപബ്ലിക്കുകളാല്‍ അലംകൃതമായിരുന്ന ഒരു കാലമുണ്ടായിരുന്നെങ്കിലും അവ പരിപൂര്‍ണ്ണമായിരുന്നില്ല. അതിനര്‍ത്ഥം ഇന്ത്യ പാര്‍ലിമെന്റിനെ സംബന്ധിച്ചോ, പാര്‍ലിമെന്റ് നടപടികളെ സംബന്ധിച്ചോ, അജ്ഞരായിരുന്നു എന്നല്ല. ബുദ്ധ ഭിക്ഷു സംഘങ്ങളെ സംബന്ധിച്ചുണ്ടായ ഒരു പഠനം വ്യക്തമാക്കുന്നത്, അവര്‍ക്ക് പാര്‍ലിമെന്റ് ഉണ്ടായിരുന്നു എന്നു മാത്രമല്ല, അവര്‍ ആധുനിക കാലം മുതല്‍ക്കുണ്ടായിട്ടുള്ള പാര്‍ലിമെന്റുകളെ സംബന്ധിച്ച് അറിവുള്ളവരും അവയെ കൃത്യമായി നിരീക്ഷിച്ചിട്ടുള്ളവരുമായിരുന്നു എന്നാണ്. ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നതിനെ സംബന്ധിച്ചും, പ്രമേയങ്ങള്‍ അവതിരിപ്പിക്കുന്നതിനെ സംബന്ധിച്ചും, ക്വാറത്തെ സംബന്ധിച്ചും, ബാലറ്റ് വോട്ടിങ്ങിനെ സംബന്ധിച്ചും, വോട്ടെണ്ണല്‍ നടത്തുന്നതിനെ സംബന്ധിച്ചുമെല്ലാം അവര്‍ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. സംഘങ്ങളുടെ യോഗം ചേരാനാണ്, ബുദ്ധന്‍ ഈ പാര്‍ലിമെന്ററി രീതിശാസ്ത്രം ഉപയോഗിച്ചിരുന്നതെങ്കിലും, അദ്ദേഹം അത് ഇവിടുത്തെ രാഷ്ട്രീയ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വീകരിച്ചതാവാനേ വഴിയുള്ളൂ.

ഈ ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യക്ക് നഷ്ടമായത്. ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വഴിമാറുന്ന ഒരപകടം ഉണ്ട്. ഇപ്പോള്‍ പിറന്ന ഈ ജനാധിപത്യം അതിന്റെ ഘടന നിലനിര്‍ത്തുമ്പോള്‍ തന്നെ സ്വേച്ഛാധിപത്യത്തിലേക്ക് പോവാനുള്ള സാധ്യത ഉണ്ട്. ജനാധിപത്യത്തെ ഒരു അവസ്ഥയായല്ലാതെ, ഒരു യഥാര്‍ത്ഥ വസ്തുതയായി കൂടി സംരക്ഷിക്കാന്‍ നമ്മള്‍ എന്തു ചെയ്യണം. ? അതിനുള്ള പ്രാഥമിക കാര്യം, നമ്മുടെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍, എത്രയും പെട്ടെന്ന് തന്നെ ഭരണഘടന അനുശാസിക്കുന്ന മാര്‍ഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ്. അതിനര്‍ത്ഥം രക്തരൂഷിതമായ വിപ്ലവത്തിന്റെ വഴി നമ്മള്‍ ഉപേക്ഷിക്കുക എന്നതാണ്. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഭരണഘടനാപരമായ വഴികളുണ്ടെന്നിരിക്കെ, ഭരണഘടനാ വിരുദ്ധമായ വഴികള്‍ തിരഞ്ഞെടുക്കുന്നത് നീതീകരിക്കാനാവില്ല.
രണ്ടാമത്തെ കാര്യം ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: ‘മഹാനായ ഒരു മനുഷ്യന്റെ പാദങ്ങളില്‍ പോലും സ്വാതന്ത്ര്യം അടിയറ വെക്കരുത്. മഹാന്മാരെ വിശ്വസിച്ച് സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കഴിയും വിധമുള്ള അധികാരം കൊടുക്കരുത്’. നമ്മുടെ രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാന്മാരോട് നന്ദിയുള്ളവരായിരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നന്ദി കാണിക്കുന്നതിന് ഒരു പരിധിയുണ്ട്.

മൂന്നാമത്തെ കാര്യം നമ്മള്‍ രാഷ്ട്രീയ ജനാധിപത്യത്തില്‍ അവസാനിപ്പിക്കരുത് എന്നതാണ്. നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യമായി വികസിപ്പിക്കണം. സാമൂഹിക ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യത്തെയും തുല്യതയെയും സാഹോദര്യത്തെയും ജീവിത തത്വമായി അംഗീകരിക്കലാണ്. സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറ ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന് അധികനാള്‍ നിലനില്‍ക്കാന്‍ ആവില്ല.

ജനാധിപത്യം നമുക്ക് സന്തോഷം നല്‍കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷെ ജനാധിപത്യം നമുക്ക് ചില ഉത്തരവാദിത്വങ്ങള്‍ കൂടി നല്‍കുന്നുണ്ട്. ഇത്രകാലം എന്ത് തെറ്റായി സംഭവിച്ചാലും നമുക്ക് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താമായിരുന്നു. ഇനി ആ നിലയില്‍ നമുക്ക് നമ്മളെയല്ലാതെ ആരെയും കുറ്റപ്പെടുത്താനാവില്ല. നമ്മുടേത് ഉള്‍പ്പെടെയുള്ള ജനതയെ ഇന്ന് നയിക്കുന്നത് പുതിയ പ്രത്യയശാസ്ത്രമാണ്. ജനങ്ങളാലുള്ള സര്‍ക്കാര്‍ എന്ന ആശയം ജനങ്ങള്‍ക്ക് മടുത്തു. പകരം ജനങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ എന്നതിനെ ആണ് അവര്‍ പിന്തുണയ്ക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ ഉള്ള സര്‍ക്കാരാണോ അല്ലയോ എന്നകാര്യത്തില്‍ അവര്‍ നിസ്സംഗരാണ്. ജനങ്ങളുടെ സര്‍ക്കാരിനെക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ എന്ന ആശയത്തിന് മുന്‍ഗണന നല്‍കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന, നമ്മുടെ പാതയിലുടനീളമുള്ള തിന്മകളെ തിരിച്ചറിയുന്നതില്‍ വൈമനസ്യം കാണിക്കാതിരിക്കുന്നതിലൂടെ മാത്രമേ നമുക്ക് നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാനാവൂ.”

—————————————————————————————————————————————————

വിശ്വസിച്ചോളൂ, നീതിപീഠം നിസ്സംഗമാകില്ല

നീതിയെക്കുറിച്ചായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികള്‍ ഭരണഘടനാ അസംബ്ലിയിലെ ഓരോനിമിഷവും ചിന്തിച്ചത്. നീതിയെ സംബന്ധിച്ച വിവിധങ്ങളായ നിലപാടുകള്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുക സ്വാഭാവികമാണ്. അവിടെയെല്ലാം ആത്മാന്തസ്സുള്ള മനുഷ്യന്‍ എന്ന വിശാലമായ പ്രമേയം അന്തിമവിജയം നേടി. എങ്കിലും തങ്ങള്‍ എഴുതിയുണ്ടാക്കി നാടിന് സമര്‍പ്പിക്കാനൊരുങ്ങുന്ന നീതിയുടെ ഈ മഹാഗ്രന്ഥം; ഭരണഘടന അതേപടി വായിക്കപ്പെടുമോ, ആ വരികളാല്‍ ഭരണകൂടം നയിക്കപ്പെടുമോ, ആ വരികളുടെ അന്തസത്തയിലേക്ക് ജനത ഉണര്‍ത്തപ്പെടുമോ എന്നെല്ലാമുള്ള കടുത്ത ആശങ്ക ചര്‍ച്ചകളുടെ നാളുകളില്‍ ഉടനീളം അലയടിച്ചിരുന്നു. ഇന്ത്യന്‍ ഭൂതകാലം കോളനിക്കാലത്തും മുന്‍പും, എന്തിനേറെ വിദൂര ചരിത്രത്തില്‍ പോലും അത്രമേല്‍ നീതിപൂര്‍ണമായിരുന്നില്ലല്ലോ? അടിമത്തത്തിലേക്ക് പിറക്കുകയും ആ അടിമത്തം പിന്നീട് ശീലമാവുകയും ചെയ്ത ജനതയാണ് സ്വതന്ത്രമാകാന്‍ പോകുന്നത്. അവര്‍ക്കുമേല്‍ കുശാഗ്രബുദ്ധികളായ ഒരുപറ്റം അനീതി ചെയ്താല്‍ നമ്മുടെ ഗ്രന്ഥത്തിന് അതിനെ തടയാനാവുമോ എന്ന ഭീതിപൂര്‍ണമായ ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ജനതക്ക് മുന്നില്‍ എന്താണൊരു വഴി? ദീര്‍ഘനാള്‍ ചര്‍ച്ച ചെയ്ത് നാം ആവിഷ്‌കരിച്ച് സമര്‍പ്പിച്ച മൗലികാവകാശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ കാതല്‍. ആ അവകാശങ്ങള്‍ ഭാവിയിലെ ഭരണകൂടമോ ഉദ്യോഗസ്ഥരോ നിഷേധിച്ചാല്‍ ജനത എന്തുചെയ്യും?

അതിനുള്ള ഉത്തരമായിരുന്നു ആര്‍ട്ടിക്കിള്‍ 32. ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പില്‍ അതിങ്ങനെ രേഖപ്പെട്ടു:

”Remedies for enforcement of rights conferred by this Part
(1) The right to move the Supreme Court by appropriate proceedings for the enforcement of the rights conferred by this Part is guaranteed
(2) The Supreme Court shall have power to issue directions or orders or writs, including writs in the nature of habeas corpus, mandamus, prohibition, quo warranto and certiorari, whichever may be appropriate, for the enforcement of any of the rights conferred by this Part
(3) Without prejudice to the powers conferred on the Supreme Court by clause ( 1 ) and ( 2 ), Parliament may by law empower any other court to exercise within the local limits of its jurisdiction all or any of the powers exercisable by the Supreme Court under clause ( 2 )
(4) The right guaranteed by this article shall not be suspended except as otherwise provided for by this Constitution”

ഭരണഘടനയുടെ ഈ ഭാഗത്ത്; അതായത് മൗലികാവകാശങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ട്ട് മൂന്നില്‍, 1. പരാമര്‍ശിതമായ ഏതെങ്കിലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ഏതൊരാള്‍ക്കും ഉചിത മാര്‍ഗേന സുപ്രീം കോടതിയെ സമീപിക്കാം.

2. ഹേബിയസ് കോര്‍പസ്, മാന്‍ഡമസ്, പ്രൊഹിബിഷന്‍, ക്വാ വാറന്റോ, സെറിഷ്യോററി എന്നീ റിട്ടുകളിലൂടെ സുപ്രീംകോടതിക്ക് ആ അവകാശങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടാം. (ഹേബിയസ് കോര്‍പ്പസ് എന്ന പദത്തിന്റെ അര്‍ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാന്‍ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുന്നതാണ്. ഈ ഹര്‍ജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവുകള്‍ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാല്‍ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികള്‍ക്കുണ്ട്. മാന്‍ഡമസ് എന്ന പദത്തിന്റെ അര്‍ഥം ‘കല്പന’ എന്നാണ്. പൊതുസ്വഭാവമുള്ള കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ നിയമപരമായി നിര്‍വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയാല്‍, തങ്ങളുടെ കര്‍ത്തവ്യം നിയമാനുസരണം നിര്‍വഹിക്കണമെന്ന് ആജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാന്‍ഡമസ് റിട്ട് പുറപ്പെടുവിക്കാന്‍ കഴിയും. എന്നാല്‍ തനിക്ക് നിഷേധിക്കപ്പെട്ട നിയമപരമായ അവകാശം മറ്റുതരത്തില്‍ നടപ്പിലാക്കിക്കിട്ടുന്നതിനു വേറെ വഴിയില്ല എന്നു ഹരജിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തണം. സര്‍ക്കാരുകള്‍ക്കെതിരെയും ഈ റിട്ട് ഉപയോഗിക്കാന്‍ കഴിയും. ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകള്‍ ആ സമയം ഏതെങ്കിലും കീഴ്ക്കോടതികള്‍ പരിഗണിച്ചാല്‍ ആ കേസ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മേല്‍ക്കോടതിക്ക് ഉത്തരവു നല്‍കാന്‍ കഴിയും. അതിനായി പ്രൊഹിബിഷന്‍ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്. കീഴ്ക്കോടതികള്‍ക്ക് പുറമേ ഏതെങ്കിലും അധികാരികള്‍ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കില്‍ പ്രൊഹിബിഷന്‍ റിട്ട് പുറപ്പെടുവിക്കാനും മേല്‍ക്കോടതികള്‍ക്ക് അധികാരമുണ്ട്. അവിടെയിരിക്കാന്‍ അഥവാ അത് ചെയ്യാന്‍ നിങ്ങള്‍ക്ക് എന്തധികാരം എന്ന ചോദ്യമാണ് ക്വാ വാറന്റോ. ഉയര്‍ന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്ക്കോടതി നടപടി രേഖകള്‍ വിളിച്ചുവരുത്തുന്നതിനാണ് സെര്‍ഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്. ഈ ലാറ്റിന്‍ വാക്കിന്റെ അര്‍ഥം സാക്ഷ്യപെടുത്തുക, പൂര്‍ണ വിവരം നല്‍കുക എന്നൊക്കെയാണ്.).
3. സുപ്രീംകോടതിയുടെ അധികാരത്തെ മറികടക്കാതെയും മുന്‍വിധികള്‍ ഇല്ലാതെയും പാര്‍ലമെന്റിന് ഈ അധികാരങ്ങള്‍ മറ്റുകോടതികള്‍ക്കും നല്‍കാവുന്നതാണ്.
നാലാമത്തേതാണ് വര്‍ത്തമാന ഇന്ത്യന്‍ സമൂഹം കയ്യടികളോടെ കരുതിവെക്കേണ്ടത്. ഒരിക്കലും ഈ അവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തുകൂടാ എന്ന വ്യവസ്ഥ. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികള്‍ വരുംകാല ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നല്‍കിയ കല്ലേ പിളര്‍ക്കുന്ന കല്‍പന.
അതിനാലാണ് ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവും ഹൃദയവുമെന്ന് ആര്‍ട്ടിക്കിള്‍ 32 നെ വിശേഷിപ്പിച്ചത്. തീര്‍ന്നില്ല, ഭരണഘടനാ അസംബ്ലിയില്‍ നടന്ന ദീര്‍ഘചര്‍ച്ചകളിന്‍മേല്‍ സ്വതന്ത്രവും നീതിയുക്തവുമായ സുപ്രീം കോടതി എന്ന ആശയം സംസ്ഥാപിതമാവുകയും ചെയ്തു. മുപ്പതുകളുടെ ഒടുവില്‍ ബ്രിട്ടനാല്‍ സ്ഥാപിക്കപ്പെട്ട ഫെഡറല്‍ കോടതി, ഭരണഘടന നിലവില്‍ വന്നതോടെ ഇന്ത്യന്‍ സുപ്രീം കോടതിയായി പരിണമിക്കുകയും ചെയ്തു. എച്ച് ജെ കനിയ ആയിരുന്നു ആദ്യത്തെ മുഖ്യന്യായാധിപന്‍.

സ്ഥാപിതമായ അന്നുമുതല്‍ ഇന്ത്യന്‍ ഭരണഘടനയുടെ കാവലാള്‍ എന്ന ചരിത്രപരമായ ദൗത്യം സുപ്രീംകോടതിയില്‍ നിക്ഷിപ്തമാക്കപ്പെട്ടു. എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന കോടതി കയറി. അതിലേറെയും ആര്‍ട്ടിക്കിള്‍ 32 ന്റെ ചുവട് പിടിച്ചായിരുന്നു. ഭരണഘടനയുടെ ആ കോടതി സഞ്ചാരം വായിക്കുക എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ സുപ്രീം കോടതിയും എത്രമേല്‍ ൈജവികമാണ് എന്ന് തിരിച്ചറിയലാണ്. ഇക്കാലം ആവശ്യപ്പെടുന്ന ആത്മവിശ്വാസത്തിലേക്കും ശുഭാപ്തി വിശ്വാസത്തിലേക്കുമുള്ള ഒരു താക്കോലാണ്.

മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യം അതിന്റെ എറ്റവും ഭീതിദമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ കാലം നേരിടുന്ന സുപ്രധാനമായ വിമര്‍ശനങ്ങളില്‍ ഒന്ന്, ഇന്ത്യന്‍ ജനതക്ക് ഭരണഘടനയിലുണ്ടായിരുന്ന വിശ്വാസങ്ങളുടെയും ഭരണഘടന ഒരു ജനതക്ക് വാഗ്ദാനം ചെയ്ത പ്രത്യാശകളുടെയും മുഖ്യപ്രമേയമായിരുന്ന കോടതികള്‍ പുലര്‍ത്തുന്ന നിശബ്ദതയും, നിസ്സംഗതയുമാണ്. ആ നിസ്സംഗത ബോധപൂര്‍വമായ നീതിരാഹിത്യത്തില്‍ നിന്നുണ്ടാവുന്നതാണ് എന്നും, ഫാഷിസ്റ്റ് ഭരണകൂടം കോടതി വ്യവഹാരങ്ങളെ കൂടി വിലക്കെടുത്തു കഴിഞ്ഞു എന്നുമുള്ള വിമര്‍ശനങ്ങള്‍ ഒരുവശത്ത് നിന്നുമുണ്ടാവുന്നുണ്ട്. അതേസമയം, മറ്റൊരുവശത്ത്, അവസാനിക്കാത്ത പ്രതീക്ഷയുടെ, ഒടുവിലത്തെ കേന്ദ്രമായി കോടതികളെ നോക്കുന്നവരുമുണ്ട്. അങ്ങനെ ഒരേസമയം പ്രത്യാശയുടെയും അതേ സമയം നിരാശയുടെയും ഭിന്നരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനമെന്ന നിലക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും, ഭരണഘടനയുടെയും മുന്നോട്ടുള്ള ഓരോ ചലനങ്ങളും കോടതി വ്യവഹാരങ്ങളെ കൂടി ആശ്രയിച്ചായിരിക്കും. ചരിത്രത്തിലുടനീളം, അംബേദ്കറെപ്പോലെ ധിഷണയുള്ള നേതൃത്വം രൂപപ്പെടുത്തിയ ഭരണഘടനയുടെ കേന്ദ്രപ്രമേയങ്ങളെ സംരക്ഷിക്കുന്നതില്‍ കോടതിവ്യവഹാരങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അത്തരത്തിലുണ്ടായിട്ടുള്ള കോടതി വിധികളും പരാമര്‍ശങ്ങളും പഠിക്കുക എന്നത്, ഭരണഘടനക്കുവേണ്ടി ഭൂതകാലത്തിലുണ്ടായിട്ടുള്ള പോരാട്ടങ്ങളെ പഠിക്കുക എന്നത് തന്നെയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിക്ക് തന്നെ കാരണമായ, സുപ്രീംകോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്ന ആദ്യ നിയമ വ്യവഹാരമാണ് 1950 ലെ ചെമ്പകം ദുരൈരാജന്‍ v/s സ്റ്റേറ്റ് ഓഫ് മദ്രാസ് കേസ്. സംവരണത്തെ സംബന്ധിച്ചുണ്ടായ ആദ്യ കോടതി വിധിയും അത് തന്നെയായിരുന്നു.
ചെമ്പകം ദുരൈരാജന്‍ എന്ന വിദ്യാര്‍ഥിനി മദ്രാസ് ഹൈക്കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തതോടെയാണ് ചരിത്രം കുറിച്ച വ്യവഹാരത്തിന്റെ തുടക്കം. താന്‍ ബ്രാഹ്മണജാതിയില്‍ പിറന്നതുകൊണ്ട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചില്ലെന്നായിരുന്നു ചെമ്പകത്തിന്റെ ആവലാതി. അതിനുള്ള കാരണം മദിരാശിയില്‍ നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയാണെന്നും അത് ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന് കടകവിരുദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങളെ കൊത്തിവെച്ച ആര്‍ട്ടിക്കിള്‍ 15 ഇങ്ങനെ വായിക്കാം:

”Prohibition of discrimination on grounds of religion, race, caste, sex or place of birth
(1) The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them
(2) No citizen shall, on grounds only of religion, race, caste, sex, place of birth or any of them, be subject to any disability, liability, restriction or condition with regard to
(a) access to shops, public restaurants, hotels and palaces of public entertainment; or
(b) the use of wells, tanks, bathing ghats, roads and places of public resort maintained wholly or partly out of State funds or dedicated to the use of the general public
(3) Nothing in this article shall prevent the State from making any special provision for women and children
(4) Nothing in this article or in clause ( 2 ) of Article 29 shall prevent the State from making any special provision for the advancement of any socially and educationally backward classes of citizens or for the Scheduled Castes and the Scheduled Tribes.

(സ്റ്റേറ്റ് ഒരു പൗരനോടും ജാതി, മത, ലിംഗ, ജന്മ, ദേശങ്ങള്‍ കാരണമാക്കി വിവേചനം കാണിക്കുവാന്‍ പാടില്ല. ഈ കാരണങ്ങളിലേതെങ്കിലും ആസ്പദമാക്കി, ഗവണ്‍മെന്റ് പണം പൂര്‍ണമായോ ഭാഗികമായോ ഉപയോഗിച്ച് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കില്‍ പൂര്‍ണമായും പൊതുജനങ്ങളുടെ ഉപയോഗത്തിനു സമര്‍പ്പിച്ചിട്ടുള്ളതോ ആയ കിണറുകള്‍, കുളങ്ങള്‍, സ്നാന ഘട്ടങ്ങള്‍, റോഡുകള്‍, പൊതു റിസോര്‍ട്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഇത്തരത്തില്‍ വിവേചനം പാടില്ല. കൂടാതെ, ഷോപ്പുകള്‍, പൊതു റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിലും ഇത്തരത്തിലുള്ള ജാതി, മത, ലിംഗ, ജന്മ ദേശ വിവേചനം പാടില്ല. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും നന്മയ്ക്കായി സ്റ്റേറ്റിനു പ്രത്യേക വ്യവസ്ഥയുണ്ടാക്കാം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന പൗരന്മാര്‍, പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്).”

പതിനഞ്ചാം അനുച്ഛേദത്തെ തെറ്റായി വായിച്ച ഈ വ്യവഹാരം സവര്‍ണ മേധാവിത്വത്തിന്റെ ഒത്താശയോടെ ചെമ്പകം നടത്തിയ വ്യാജനിര്‍മിതിയായിരുന്നു. കാരണം ചെമ്പകം മെഡിക്കല്‍ പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ പാസായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു മെഡിക്കല്‍ കോളജിലും അപേക്ഷ നല്‍കാന്‍ സാധിക്കുമായിരുന്നില്ല. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി സംവരണം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(2) ലംഘിക്കുന്ന ഒന്നാണെന്നും അതിനാല്‍ തന്നെ ഭരണഘടനാ വിരുദ്ധമാണെന്നും വിധിച്ചു. ആര്‍ട്ടിക്കിള്‍ 16 ഇങ്ങനെ വായിക്കാം:

”Equality of opportunity in matters of public employment
(1) There shall be equality of opportunity for all citizens in matters relating to employment or appointment to any office under the State
(2) No citizen shall, on grounds only of religion, race, caste, sex, descent, place of birth, residence or any of them, be ineligible for, or discriminated against in respect or, any employment or office under the State
(3) Nothing in this article shall prevent Parliament from making any law prescribing, in regard to a class or classes of employment or appointment to an office under the Government of, or any local or other authority within, a State or Union territory, any requirement as to residence within that State or Union territory prior to such employment or appointment
(4) Nothing in this article shall prevent the State from making any provision for the reservation of appointments or posts in favor of any backward class of citizens which, in the opinion of the State, is not adequately represented in the services under the State
(5) Nothing in this article shall affect the operation of any law which provides that the incumbent of an office in connection with the affairs of any religious or denominational institution or any member of the governing body thereof shall be a person professing a particular religion or belonging to a particular denomination”

No citizen shall, on grounds only of religion, race, caste, sex, descent, place of birth, residence or any of them, be ineligible for, or discriminated against in respect or, any employment or office under the State

(പൊതു നിയമനത്തിന്റെ കാര്യത്തില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങളായിരിക്കും ഉണ്ടാവുക. ജാതി-മത-വര്‍ഗ-ലിംഗ-വംശ-ജന്മസ്ഥല കാരണങ്ങളാലും താമസസ്ഥലം കാരണമാക്കിയും സ്റ്റേറ്റിന്റെ കീഴിലെ തൊഴിലിന്റെ കാര്യത്തില്‍ ഒരു ഇന്ത്യന്‍ പൗരനെതിരായി സ്റ്റേറ്റ് യാതൊരു വിവേചനവും കാണിക്കുവാന്‍ പാടുള്ളതല്ല.) എന്ന വ്യവസ്ഥയെ അതിന് ഭരണഘടന തന്നെ പരോക്ഷമായി സൂചിപ്പിച്ച അപവാദങ്ങളെ തമസ്‌കരിച്ച് അവതരിപ്പിക്കുകയായിരുന്നു ചെമ്പകം. അതിനെ അംഗീകരിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. അപവാദങ്ങള്‍ കൃത്യമായി ഭരണഘടനയില്‍ അന്ന് എഴുതിച്ചേര്‍ത്തിരുന്നില്ല. എന്നാല്‍ ഭരണഘടനാ അസംബ്ലിയുടെ വിശാലതാല്പര്യം സംവരണോന്‍മുഖമായിരുന്നു എന്നതിന് ഭരണഘടനാഅസംബ്ലിയില്‍ തന്നെ സൂചനകളുണ്ട്. അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ എന്ന അതിപ്രതാപവാനായ വക്കീലായിരുന്നു ചെമ്പകത്തിന് വേണ്ടി കോട്ടിട്ടത് എന്നുമോര്‍ക്കുക.

വിധിക്കെതിരെ മദ്രാസ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീംകോടതി മദ്രാസ് കോടതിയുടെ വിധിയെ ശരിവെച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ മദ്രാസ് സര്‍ക്കാരിന്റെ വാദത്തെ അംഗീകരിക്കുകയും സ്വാതന്ത്ര്യത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന സംവരണം തുടരേണ്ടത് അനിവാര്യതയാണ് എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഭരണഘടനയുടെ നിശബ്ദസ്ഥലികളെ നെഹ്റു സര്‍ക്കാര്‍ പാര്‍ലമെന്റിലൂടെ ജനോന്‍മുഖമായി പൂരിപ്പിച്ചു. നോക്കൂ, 70 വര്‍ഷം മുന്‍പ് നമ്മുടെ പാര്‍ലമെന്റ് അങ്ങനെ ആയിരുന്നു! അങ്ങനെ സംവരണം തുടരുന്നതിനായി കേന്ദ്രം ഭരണഘടന ഭേദഗതി ചെയ്തു. അങ്ങനെയാണ് ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഭരണഘടനാ ഭേദഗതി 1951 ല്‍ പാര്‍ലമെന്റ് പാസാക്കിയത്. മതം, വംശം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന വകുപ്പിന്റെ തുടര്‍ച്ചയായി ഒരു പുതിയ ഉപവകുപ്പ് കൂടി ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു : ‘സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങളുടെയും പട്ടികജാതികളുടെയും പട്ടികവര്‍ഗങ്ങളുടെയും ഉന്നമനത്തിനായി എന്തെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിന് ഈ വകുപ്പിലുള്ളതൊന്നും തടസ്സമാവില്ല.’ ചരിത്രപരമായ ഈ ഭേദഗതിയോടെയാണ് സംവരണത്തിന് ഭരണഘടനയുടെ സുദൃഢ സംരക്ഷണം ലഭിച്ചത്. കോടതിയുടെ പരിമിതികള്‍ പാര്‍ലമെന്റും പാര്‍ലമെന്റിന്റെ പരിമിതികള്‍ കോടതി ഭരണഘടന എന്ന ഒറ്റസ്തംഭത്തെ മുന്‍നിര്‍ത്തി മറികടന്ന് ജനാധിപത്യത്തെ ജനോന്‍മുഖമാക്കിയ അത്യപൂര്‍വ സന്ദര്‍ഭങ്ങളായിരുന്നു അതെല്ലാം.
പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം, 1967-ല്‍, സ്വാതന്ത്ര്യത്തിന്റെ ഇരുപതാമാണ്ടില്‍, ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ഉജ്ജ്വല നിമിഷങ്ങള്‍ക്ക് സുപ്രീം കോടതി വേദിയായി. ഗോലക്‌നാഥ് വിധിന്യായം എന്ന് ചരിത്രത്തില്‍ ഇടം പിടിച്ച ഗോലക്നാഥ് ആന്‍ഡ് അതേര്‍സ് v/s സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസ് ആയിരുന്നു അത്. വ്യക്തിയുടെ സ്വത്തിന് നിയമം മൂലം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പഞ്ചാബ് സെക്യൂരിറ്റി ആന്‍ഡ് ലാന്‍ഡ് ടെന്യുര്‍സ് ആക്ട് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിനു വിരുദ്ധമാണ് എന്നായിരുന്നു ഗോലക്നാഥിന്റെ ഹരജി. ആര്‍ട്ടിക്കിള്‍ 32 പ്രകാരമായിരുന്നു കോടതിയെ സമീപിച്ചത്. കേസിന്റെ ചരിത്രം ഇങ്ങനെയാണ്. ഗോലക്നാഥിന് ജലന്ധറില്‍ 500 ഏക്കറില്‍പരം കൃഷിഭൂമിയുണ്ടായിരുന്നു. 1953 ലെ പഞ്ചാബ് സെക്യൂരിറ്റി ആന്‍ഡ് ലാന്‍ഡ് ടെന്യുര്‍സ് ആക്ട് പ്രകാരം ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന പരമാവധി കൃഷി ഭൂമി 30 ഏക്കറായി നിജപ്പെടുത്തി. അധികം വരുന്നതില്‍ കുറച്ചു ഭൂമി കുടികിടപ്പുകാര്‍ക്ക് നല്‍കാനും ബാക്കി ഭൂമി മിച്ചഭൂമിയുടെ പരിധിയില്‍പെടുത്തുന്നതിനുമുള്ള വ്യവസ്ഥകള്‍ അടങ്ങുന്നതായിരുന്നു ഈ നിയമം. വസ്തുവകകള്‍ കൈവശം വെക്കാനും, തൊഴില്‍ ചെയ്യാനും ഭരണഘടന ഉറപ്പ് നല്‍കുന്ന നിയമത്തിന് മുന്നിലെ തുല്യതക്ക് എതിരാണ് നിയമം എന്നായിരുന്നു ഗോലക്നാഥിന്റെ വാദം. പഞ്ചാബ് സെക്യൂരിറ്റി ആന്‍ഡ് ലാന്‍ഡ് ടെന്യുര്‍സ് ആക്റ്റ് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പെടുത്തിക്കൊണ്ടുള്ള പതിനേഴാം ഭരണഘടനാ ഭേദഗതി നടത്തിയിരുന്നു. ആ ഭേദഗതി അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഒമ്പതാം പട്ടിക. സംസ്ഥാനങ്ങള്‍ പാസാക്കുന്ന ഒരു നിയമം ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. അങ്ങനെ പട്ടികയില്‍ പെടുത്തുന്നതിന്റെ സാധ്യതയെക്കൂടി ഗോലക്‌നാഥ് കേസ് പരിശോധിച്ചു. ഭരണഘടനാ ഭേദഗതികള്‍ അനുച്ഛേദം 13(2)പ്രകാരം ‘നിയമം’ എന്നുള്ളതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ടോ, മൗലികാവകാശങ്ങള്‍ ഭേദഗതിയ്ക്കു വിധേയമാണോ എന്നീ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് അന്ന് കോടതിക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. ആര്‍ട്ടിക്കിള്‍ 13 ആണ് ഇന്ത്യയില്‍ നിയമം എന്നാലെന്ത് എന്ന് നിര്‍വചിക്കുന്നത്. അത് ഇങ്ങനെയാണ് :

” Laws inconsistent with or in derogation of the fundamental rights
(1) All laws in force in the territory of India immediately before the commencement of this Constitution, in so far as they are inconsistent with the provisions of this Part, shall, to the extent of such inconsistency, be void
(2) The State shall not make any law which takes away or abridges the rights conferred by this Part and any law made in contravention of this clause shall, to the extent of the contravention, be void
(3) In this article, unless the context otherwise requires law includes any Ordinance, order, bye law, rule, regulation, notification, custom or usages having in the territory of India the force of law; laws in force includes laws passed or made by Legislature or other competent authority in the territory of India before the commencement of this Constitution and not previously repealed, notwithstanding that any such law or any part thereof may not be then in operation either at all or in particular areas
(4) Nothing in this article shall apply to any amendment of this Constitution made under Article 368 Right of Equality.”

ഒറ്റവാചകത്തില്‍ വിവര്‍ത്തനം ചെയ്താല്‍ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും ഇന്ത്യയില്‍ ഭരണഘടന സ്ഥാപിതമായതിന് ശേഷം നിയമമല്ല. സമകാല ഇന്ത്യന്‍ സാഹചര്യത്തെ മനസ്സിലെടുത്താണ് നിങ്ങള്‍ ഈ വരികള്‍ വായിച്ചതെന്ന് വിശ്വസിക്കുന്നു. പതിനൊന്നു ജഡ്ജിമാര്‍ അടങ്ങിയ വിപുലമായ സുപ്രീംകോടതി ബെഞ്ച് വിശദമായ വാദമുഖങ്ങള്‍ പരിഗണിച്ചശേഷം മൗലികാവകാശങ്ങള്‍ ഭേദഗതിയ്ക്കു വിധേയമല്ല എന്നു വിധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വരാനിരിക്കുന്ന മുഴുവന്‍ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യന്‍ ജനതയുടെ പ്രാര്‍ഥനയായി തീര്‍ന്ന വിധിന്യായമാണ് ഗോലക്നാഥ് കേസില്‍ ഉണ്ടായത്. ജനാധിപത്യത്തിന്റെ അസ്തമിക്കാത്ത പ്രകാശം സുപ്രീം കോടതിയില്‍ നിന്ന് ആധികാരികമായി പ്രവഹിച്ച മഹാനിമിഷം.

ഗോലക്നാഥ് കേസിലെ ചരിത്രവിധിയുടെ ആറാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘവും പരമപ്രധാനവും നാഴികക്കല്ലുമായിത്തീര്‍ന്ന മറ്റൊരു വ്യവഹാരത്തിന് അരങ്ങൊരുങ്ങി. കേരളമായിരുന്നു അതിന്റെ പ്രഭവകേന്ദ്രം. കേശവാനന്ദ ഭാരതി കേസ് എന്ന് സുവിദിതമായ നിയമപോരാട്ടം. കേരള സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമമാണ് കോടതി കയറിയത്. കാസര്‍കോട്ടെ എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദഭാരതി, നിയമം മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിച്ചു. മഠത്തിന്റെ സ്വത്തുക്കള്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തത് മതസ്വാതന്ത്ര്യം, മതസ്ഥാപനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം, തുല്യതയ്ക്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, സ്വത്തവകാശം തുടങ്ങിയ മൗലികാവകാശങ്ങളെ റദ്ദാക്കി എന്നായിരുന്നു ആവലാതി. സ്വത്തവകാശം മൗലികാവകാശമാണോ എന്ന നിയമപ്രശ്നത്തില്‍ നിന്ന് ആരംഭിച്ച വ്യവഹാരം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം (ബേസിക് ഫീച്ചര്‍) ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടോ എന്ന ഭരണഘടനാ പ്രശ്നത്തില്‍ കേന്ദ്രീകരിച്ചു. ഇന്ത്യാചരിത്രത്തിലെ ഏറ്റവും വിശാലമായ ബെഞ്ചാണ് കേശവാനന്ദഭാരതി കേസ് കേട്ടത്. ചീഫ് ജസ്റ്റിസ് സിക്രി ഉള്‍പ്പടെ 13 അംഗങ്ങള്‍. ഗോലക്‌നാഥിലെ ചരിത്രവിധിയായിരുന്നു അടിത്തറ. അതിവിശദമായ വിധിന്യായം ഒടുവില്‍ എത്തിച്ചേര്‍ന്ന ഒരു തീര്‍പ്പാണ് പില്‍ക്കാല ഇന്ത്യയുടെ ജനാധിപത്യ ജീവിതത്തിന് ഉറപ്പുള്ള ഊന്നുവടി ആയി മാറിയത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം- ബേസിക് ഫീച്ചര്‍, ഭേദഗതിചെയ്യാന്‍ അവകാശമില്ല എന്നതായിരുന്നു അത്. എന്തെല്ലാമാണ് ബേസിക് ഫീച്ചര്‍- എന്ന ചോദ്യം വിധിയെഴുതിയ ബെഞ്ചിലെ ന്യായാധിപരില്‍ നിന്ന് ഇങ്ങനെ വായിച്ചെടുക്കാം:

ഭരണഘടനയുടെ പരമാധികാരം, സര്‍ക്കാരിന്റെ ജനാധിപത്യ-റിപ്പബ്ലിക്കന്‍ സ്വഭാവം, ഭരണഘടനയുടെ മതേതര സ്വഭാവം, ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലെ അധികാര വിഭജനം, ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സ്വഭാവം എന്നിവയാണ് സിക്രി ഭരണഘടനയുടെ ബേസിക് ഫീച്ചറായി പരിഗണിച്ചത്. ജസ്റ്റിസുമാരായ ജയശങ്കര്‍ മണിലാല്‍ ഷേലത്തും ഗ്രോവറും നിര്‍ദേശക തത്വങ്ങളിലെ ക്ഷേമരാഷ്ട്ര സങ്കല്‍പനവും രാഷ്ട്രത്തിന്റെ യൂണിറ്റി ആന്റ് ഇന്റഗ്രിറ്റിയും കൂട്ടിച്ചേര്‍ത്തു. ഹെഗ്ഡേയും മുഖര്‍ജിയും പരമാധികാരം, ജനാധിപത്യം, രാഷ്ട്രത്തിന്റെ ഐക്യം, പൗരന്‍മാര്‍ക്കുള്ള വ്യക്തി സ്വാതന്ത്ര്യം, ക്ഷേമരാഷ്ട്ര നിര്‍മാണം എന്നിങ്ങനെ ബേസിക് ഫീച്ചറിനെ വിധിന്യായത്തില്‍ ക്രോഡീകരിച്ചു. ഭരണഘടനയുടെ ആമുഖത്തെ കേന്ദ്രീകരിച്ചായിരുന്നു ജസ്റ്റിസ് ജഗ്‌മോഹന്‍ റെഡ്ഡിയുടെ വിധി. പാര്‍ലമെന്ററി ജനാധിപത്യം, സ്വതന്ത്രപരമാധികാര റിപ്പബ്ലിക് എന്നീ പ്രമേയങ്ങളെ അടിസ്ഥാന സ്വഭാവമായി അദ്ദേഹം എണ്ണി. ഭരണഘടന വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം ഈ ബേസിക് ഫീച്ചര്‍ സിദ്ധാന്തം ഉജ്വലമായ കവചം തീര്‍ത്തത് ചരിത്രം. ആ കവചത്തിലാണ് വരുംകാല ഇന്ത്യയുടെ പ്രതീക്ഷയും.
ഇന്ത്യന്‍ ഭരണഘടനയും അതിന്റെ അന്തസത്തയും വിശാലാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യവും ഭരണകൂടത്താല്‍ വെല്ലുവിളിക്കപ്പെട്ടത് അടിയന്തരാവസ്ഥയിലാണ്. ഭരണഘടന കോടതികയറിയ വലിയ വ്യവഹാരത്തിന്റെ ബാക്കിപത്രമായിരുന്നു അടിയന്തരാവസ്ഥ. കോടതിയെ അധികാരമുപയോഗിച്ച് ഭരണകൂടം മറികടന്ന നിമിഷം! ഇന്ദിരാ ഗാന്ധി v/s രാജ് നാരായണന്‍ കേസ്. 1971 ആണ് കാലം. ഇന്ദിരാ കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യം വരുന്നു. റായ്ബറേലിയില്‍ ഇന്ദിരക്കെതിരെ രാജ്നാരായണന്‍ പ്രതിപക്ഷ ഐക്യത്തിന്റെ സ്ഥാനാര്‍ഥിയാവുന്നു. ഇന്ദിരാഗാന്ധിക്ക് പശുവും പശുക്കുട്ടിയും ചിഹ്നം. മാര്‍ച്ച് ആദ്യവാരമായിരുന്നു തിരഞ്ഞെടുപ്പ്. നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിനം ഫെബ്രുവരി മൂന്ന്. ഒന്നിന് തന്നെ ഇന്ദിര പത്രികാ സമര്‍പ്പണം നടത്തി. ഇന്ദിരാ ഹഠാവോ എന്ന പ്രതിപക്ഷ മുദ്രാവാക്യം കത്തിപ്പിടിച്ചു. ഗരീബി ഹഠാവോ എന്ന് ഇന്ദിരയുടെ തിരിച്ചടി. പക്ഷേ, ഇന്ദിരാവിരുദ്ധതരംഗം ഒരു യാഥാര്‍ത്ഥ്യമായിരുന്നു. രാജ്നാരായണന്‍ വിജയം മണത്തു. വോട്ടെണ്ണലിന്റെ തലേന്ന് അദ്ദേഹം വിജയാഹ്ലാദ പ്രകടനം നടത്തി. മാര്‍ച്ച് പത്തിന് ഫലം വന്നു. ഇന്ദിരക്ക് വന്‍ഭൂരിപക്ഷം. 1,83,309 വോട്ട്. രാജ് നാരായണന് 71,499. ഇന്ത്യയൊട്ടാകെ ഇന്ദിരാ കോണ്‍ഗ്രസ് നേട്ടം കൊയ്തു. ബാലറ്റില്‍ കൃത്രിമം നടന്നു എന്നുതന്നെ രാജ്നാരായണന്‍ വിശ്വസിച്ചു. അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ശാന്തിഭൂഷണായിരുന്നു രാജ്നാരായണന്റെ വക്കീല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്ദിര ദുരുപയോഗം ചെയ്തത് ശാന്തിഭൂഷണ്‍ കോടതിയില്‍ സമര്‍ഥിച്ചു. കേസ് ഇന്ദിര തോറ്റു. അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആറുവര്‍ഷത്തേക്ക് ഇന്ദിരയെ വിലക്കി. നിയുക്ത പ്രധാനമന്ത്രി പെരുവഴിയിലായി. സുപ്രീം കോടതിയില്‍ വെക്കേഷനാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് വെക്കേഷന്‍ ജഡ്ജ്. ഇന്ദിര സുപ്രീം കോടതിയിലെത്തി. കൃഷ്ണയ്യര്‍ അലഹബാദ് കോടതി വിധി ഭാഗികമായി സ്റ്റേ ചെയ്തു. ഇന്ദിരക്ക് പ്രധാനമന്ത്രിയാവാമെന്നും എം പി എന്ന നിലയില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നുമായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധി. ജയപ്രകാശ് നാരായണന്റെ വിമോചനപ്രസ്ഥാനം കത്തിപ്പടരുന്ന കാലമാണ്. ഭയന്ന ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയെ ചരിത്രത്തിലാദ്യമായി ഗ്രഹണം വന്നുമൂടി. ഭരണഘടനാ നിര്‍മാണ സഭക്ക് പ്രവചിക്കാന്‍ കഴിയാതിരുന്ന ഒന്നായിരുന്നു ഭരണഘടനയുടെ പഴുതുകള്‍ ഉപയോഗിച്ചുള്ള ഈ അധികാരക്കളി. അതിന് നിമിത്തമായതും കോടതി വ്യവഹാരം! തീര്‍ന്നില്ല, അടിയന്തിരാവസ്ഥ സമ്മാനിച്ച അപരിമിതമായ അധികാരത്താല്‍ പ്രമത്തയായി ഇന്ദിര നിയമങ്ങളെ പ്രസവിച്ചു.
ഭരണഘടനയുടെ 39-ാം ഭേദഗതി വഴി ആര്‍ട്ടിക്കിള്‍ 392A ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. ഇത് പ്രകാരം രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, സ്പീക്കര്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നും, അതിന് പാര്‍ലമെന്റ് രൂപീകരിച്ച ഒരു കമ്മിറ്റിക്ക് മാത്രമേ അധികാരം ഉണ്ടായിരിക്കൂ എന്നും കൂട്ടിച്ചേര്‍ത്തു. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ച കോടതി, ഈ ഭേദഗതി ജനാധിപത്യത്തിന്റെ അടിത്തറകളില്‍ ഒന്നായ, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിനു ഭരണഘടന ഉറപ്പ് നല്‍കുന്ന അധികാരത്തിന്റെ വിഭജനത്തിന് (seperation of power) എതിരാണ് എന്ന് നിരീക്ഷിച്ചു. അടിയന്തരാവസ്ഥക്കാലത്ത് മൗലിക അവകാശങ്ങള്‍ പ്രസക്തമല്ല എന്നും വ്യക്തിസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ടതില്ലെന്നും ആയിരുന്നു വിധി എങ്കിലും ജസ്റ്റിസ് ഖന്നയുടെ വിയോജിപ്പിന്റെ പേരിലാണ് അത് ഓര്‍മിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍, ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു അറസ്റ്റ് വാറന്റിനെ, നിയമവിരുദ്ധത ഉന്നയിച്ചോ, നിയമത്തിന്റെ വസ്തുതാപരമായ പോരായ്മ ഉയര്‍ത്തിയോ കോടതിയില്‍ പുനഃപരിശോധനക്കാനുള്ള ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുന്നതിനെ വിലക്കുന്ന ജൂണ്‍ 27 ന്റെ രാഷ്ട്രപതി ഉത്തരവിനെ ശരിവെക്കുകയായിരുന്നു കോടതി. ഖന്ന ഇതിനോട് വിയോജിച്ചു. ആര്‍ട്ടിക്കിള്‍ 21 അല്ല വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും ഏക കേന്ദ്രം എന്നും, ആര്‍ട്ടിക്കിള്‍ 21 ന്റെ അഭാവത്തിലും അതുണ്ടാവണം എന്നും ഖന്ന രേഖപ്പെടുത്തി. ഭരണഘടനയും കോടതിയും തമ്മിലെ വരാനിരിക്കുന്ന വ്യവഹാരത്തിന്റെ സൂചകങ്ങള്‍ ആവോളമുണ്ട് അടിയന്തരാവസ്ഥയില്‍ എന്ന് ചുരുക്കം.

ഭരണഘടനാ കേസുകളുടെ ചരിത്രത്തില്‍ മറക്കരുതാത്ത മറ്റൊന്നാണ് മനേകാ ഗാന്ധിയുടേത്. മനേകയുടെ പാസ്പോര്‍ട്ട് അകാരണമായി തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു ഹരജി. മനേകാ ഗാന്ധി v/s യൂണിയന്‍ ഓഫ് ഇന്ത്യ.

മൗലികാവകാശം പരിപൂര്‍ണമാണോ, അതോ നിബന്ധനകള്‍ക്ക് വിധേയമാണോ, അവയ്ക്ക് പ്രാദേശിക പരിധികളുണ്ടോ, വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അവകാശം, ആര്‍ട്ടിക്കിള്‍ 21 ന്റെ പരിധിയില്‍ വരുമോ തുടങ്ങിയ ചോദ്യങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. No person shall be deprived of his life or personal liberty except according to procedure established by law എന്നതാണല്ലോ ആര്‍ട്ടിക്കിള്‍ 21. procedure established by law എന്ന ഭരണഘടനാവാചകമാണ് ഇഴകീറപ്പെട്ടത്. വിധിന്യായത്തിലെ ഈ വാചകം കേള്‍ക്കൂ:

”Even though the Constitution makers must be respected, but they never intended to plant such a self – destructive bomb in the heart if the Constitution. They were never of the mind that the procedure need not necessarily be reasonable, just and fair. They drafted this Constitution for the protection of the ‘people of India’ and such interpretation of Article 21 will be counter-productive to the protection offered by the Constitution.”

വ്യാഖ്യാന സാധ്യതയുള്ള ബോംബുകള്‍ എന്ന പ്രയോഗം ശ്രദ്ധിക്കൂ. വരുംകാലം കൊടുക്കേണ്ടി വന്നേക്കാവുന്ന വലിയ വിലകളെക്കുറിച്ച് അത് ഓര്‍മിപ്പിക്കുന്നുണ്ട്. ഏതായാലും The court held that the scope of ‘personal liberty’ is not be construed in narrow and stricter sense. The court said that personal liberty has to be understood in the broader and liberal sense. Therefore, Article 21 was given an expansive interpretation. The court obligated the future courts to expand the horizons of Article 21 to cover all the Fundamental Rights and avoid construing it in narrower sense. എന്നുകൂടി ഓര്‍മിപ്പിച്ചാണ് ജീവന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം. വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വിദേശത്തേക്ക് സഞ്ചരിക്കാനുള്ള അവകാശവും വരും എന്ന വിധി പുറപ്പെട്ടത്.

ഭരണഘടന പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ട ഇക്കാലത്ത് മറക്കരുതാത്ത ഒരു കേസാണ് മിനര്‍വ മില്‍സ്. മിനര്‍വ മില്‍സ് കേസിലെ വിധിയിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന വ്യക്തമാക്കുകയായിരുന്നു സുപ്രീംകോടതി. ഭരണഘടനാഭേദഗതിക്കുള്ള പാര്‍ലിമെന്റിന്റെ അവകാശം അനന്തമല്ല എന്ന് കോടതി ഐകകണ്ഠ്യേന വിധിച്ചു. ഭേദഗതി നടത്താനുള്ള അവകാശം ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാനുള്ളതല്ലെന്നും പൗരന്റെ അടിസ്ഥാനാവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പാര്‍ലമെന്റിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
കേന്ദ്രത്തെ എതിര്‍ത്താല്‍ സംസ്ഥാനത്തെ പിരിച്ചുവിടുമെന്ന പുതുകാല ഭീഷണിക്കാരെ ഓര്‍മിപ്പിക്കേണ്ട ഒരു വ്യവഹാരമാണ് എസ് ആര്‍ ബൊമ്മേ കേസ്. ആര്‍ട്ടിക്കിള്‍ 356 എന്ന് ജപിച്ച് നടക്കുന്നവര്‍ക്കുള്ള സുപ്രീം കോടതിയുടെ താക്കീത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ദൂരവ്യാപകമായ മാറ്റം ഉളവാക്കിയ ചരിത്രപരമായ ഇടപെടലായിരുന്നു പരമോന്നത കോടതിയുടേത്. സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അധികാരമാണല്ലോ ആര്‍ട്ടിക്കിള്‍ 356. ഭരണഘടനയുടെ മരണദൂത്. ഭൂരിപക്ഷം സഭാതലത്തില്‍ തെളിയിക്കട്ടെ എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. Article 356 is justified only when there is a breakdown of constitutional machinery and not administrative machinery എന്നും കൂട്ടിച്ചേര്‍ത്തു.

തീരുന്നില്ല, ഇന്ത്യന്‍ ൈവവിധ്യത്തിന്റെ പ്രതിനിധികളായിരുന്ന ധിഷണാശാലികള്‍ എഴുതിയുണ്ടാക്കിയ ഭരണഘടനയെ കൃഷ്ണമണി പോലെ സംരക്ഷിക്കാന്‍ സുപ്രീംകോടതി നടത്തിയ മഹത്തായ ഇടപെടലുകള്‍. വീഴ്ചകളില്‍ വേപഥു കൊള്ളാതെ നമുക്ക് പ്രതീക്ഷിക്കാം. അത്രമേല്‍ ജൈവികമാണ് നമ്മുടെ ഭരണഘടന. അതേ ഭരണഘടനയാല്‍ നിര്‍മിക്കപ്പെട്ട സുപ്രീം കോടതിക്ക് എല്ലാകാലത്തേക്കും യാന്ത്രികമാകാന്‍ കഴിയില്ല. നിങ്ങള്‍ ഇപ്പോള്‍ വായിച്ച് പൂര്‍ത്തിയാക്കിയ ചരിത്രത്തിന്റെ സാരാംശം അതാണ്. അതില്‍ നമുക്ക് വിശ്വസിക്കാം.

—————————————————————————————————————————————————

മതനിരപേക്ഷ രാഷ്ട്രത്തിന്റെ വര്‍ത്തമാനങ്ങള്‍

സ്വതന്ത്ര്യാനന്തര ഇന്ത്യയിലെ പൗരന്മാരുടെ ജീവിതരീതിയെ നിര്‍വചിക്കുന്നതാണ്, ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നമ്മുടെ ഭരണഘടനയുടെ ആമുഖം. ഓരോ പ്രദേശത്തും അധിവസിക്കുന്ന ജനങ്ങളുടെ ജീവിത രീതിയെ പ്രതിഫലിപ്പിക്കുന്നതും മനുഷ്യത്വത്തിന്റെ അംശങ്ങളുള്‍ക്കൊള്ളുന്നതുമാണ് ഓരോ സംസ്‌കാരവും. വിവിധ സംസ്‌കാരങ്ങളില്‍ ഉടലെടുത്ത മതങ്ങളൊക്കെ മൂല്യങ്ങളിലുള്ള മനുഷ്യരുടെ വിശ്വാസവും ആ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുക എന്ന മനുഷ്യരുടെ ആഗ്രഹവും പ്രതിഫലിപ്പിക്കുന്നതാണ്.

മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ജീവിത രീതി തുടരാന്‍ പ്രേരിപ്പിക്കുന്ന മത വിശ്വാസം ചില നിബന്ധനകള്‍ പാലിച്ചുപോകാന്‍ മനുഷ്യരെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. വിശ്വാസത്തില്‍ കുറവുണ്ടാകുന്നതോടെ ഈ നിര്‍ബന്ധം ഇല്ലാതാകും. നിബന്ധനകള്‍ എന്നത് ശീലം മാത്രമായി ചുരുങ്ങും. വൈകാതെ ശീലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. നിയമങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കാരങ്ങളും മാത്രമല്ല, മതവും അത് മുന്നോട്ടുവെക്കുന്ന ധാര്‍മികതയും സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കുള്ള മാര്‍ഗങ്ങളാണെന്ന് ചുരുക്കം. സാമൂഹിക നിയന്ത്രണങ്ങള്‍ക്കുള്ള ഫലപ്രദമായ ഉപാധി പലപ്പോഴും മതവും അത് മുന്നോട്ടുവെക്കുന്ന ധാര്‍മികതയുമാണ്. മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നതിലും മതവും ധാര്‍മികതയും വലിയ പങ്ക് വഹിക്കുന്നുമുണ്ട്. ആ നിലയ്ക്ക് മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ മതത്തിനുള്ള സ്ഥാനം വലുത് തന്നെ. സാമ്പത്തിക, രാഷ്ട്രീയ, ദാര്‍ശനിക, ശാസ്ത്രീയ ഘടകങ്ങളൊക്കെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. അവയ്ക്കൊപ്പമോ ചിലപ്പോള്‍ അതിനേക്കാള്‍ അധികമോ സ്ഥാനം മതത്തിനുണ്ട്. അതുകൊണ്ട് കൂടിയാണ് മതം മനുഷ്യന്റെ മുഖ്യ വിഷയങ്ങളിലൊന്നായി എല്ലായ്പ്പോഴും വരുന്നത്. ഭൗതികമായ സംതൃപ്തിയുണ്ടായിരിക്കേ തന്നെ മത സ്വാതന്ത്ര്യത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും കാര്യങ്ങളില്‍ മനുഷ്യന്‍ അസ്വസ്ഥനാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആരാധനാക്രമം, ചടങ്ങുകള്‍, വിശുദ്ധ വസ്തുക്കളും രേഖകളും, തീര്‍ഥാടനം തുടങ്ങി പല കാര്യങ്ങളെ അധികരിച്ച് ഓരോ സമൂഹത്തിലും മതസ്ഥാപനങ്ങള്‍ നിരവധിയുണ്ട്. ആരാധനാരീതികളും ചിട്ടകളും നിശ്ചയിക്കാന്‍ ചുമതലപ്പെട്ടയാളുകളുമുണ്ട്. മനുഷ്യാതീത ശക്തിയോടുള്ള മനുഷ്യന്റെ മനോഭാവത്തെ പ്രകടമാക്കുന്നതാണ് മതമെന്നൊരു നിര്‍വചനമുണ്ട്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുകയും സ്വഭാവരീതികള്‍ നിര്‍ണയിക്കുകയും ചെയ്യുന്നതും മതമാണ്. അനന്തമായതിനെ സംഗ്രഹിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന മാനസികാവസ്ഥയാണ് മതമെന്നാണ് മാക്സ് മുള്ളറുടെ നിര്‍വചനം. പ്രകൃതിക്ക് അതീതമായ ശക്തിയുടെ ദയവിലാണ് നമ്മുടെ നിലനില്‍പ്പ് എന്ന മനുഷ്യരുടെ വിശ്വാസവും ആ ശക്തിയോടുള്ള വിധേയത്വവുമാണ് മതത്തിന്റെ കാതലെന്നും മാക്സ് മുള്ളര്‍ വിശദീകരിക്കുന്നു. ആ ശക്തിയോടുള്ള വിധേയത്വം പ്രാര്‍ഥനകളിലൂടെയും മന്ത്രോച്ചാരണങ്ങളിലൂടെയും മറ്റും പ്രകടിപ്പിക്കുകയാണ് മനുഷ്യര്‍. ആ ശക്തിയെ അനാദരിക്കുകയോ അവഗണിക്കുയോ ചെയ്യുന്നത് വലിയ നാശം വരുത്തിവെക്കുമെന്നതിനാല്‍ മതം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് പ്രകൃത്യാതീത ശക്തിയെ സന്തുഷ്ടരാക്കി നിര്‍ത്താനാണ് മനുഷ്യന്‍ ശ്രമിക്കുന്നത്. ആ മാനദണ്ഡങ്ങള്‍ പാലിക്കാതെ പോകുന്നത് പാപമായി പരിഗണിക്കുകയും ചെയ്യുന്നുവെന്ന് മാക്സ് മുള്ളര്‍ എഴുതുന്നു.

പ്രായോഗിക സിദ്ധാന്തത്തിന്റെ വക്താക്കളും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. സമൂഹത്തിന്റെ ഭാഗമാണ് മതമെന്ന് കിംഗ്സ് ലേ ഡേവിസ് വ്യക്തമാക്കുന്നു. ഒരു വിഭാഗത്തിന് പൊതുവായുള്ളതാണ് മതം. വിശ്വാസവും അതിന്റെ അനുഷ്ഠാനങ്ങളും ഓരോരുത്തരും മനസ്സിലാക്കുന്നത് ആ വിഭാഗത്തിലെ അംഗങ്ങളെന്ന നിലയിലാണ്. ദൈവാരാധന എന്നത് പൊതുവിഷയമാണ്. അതിനെ സമുദായം പിന്തുണക്കുകയും സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി അനുഷ്ഠിക്കപ്പെടുകയുമാണെന്ന് ഡേവിസ് വിശദീകരിക്കുന്നു. പ്രായോഗിക സിദ്ധാന്തത്തിന്റെ മറ്റ് വക്താക്കളും ഏതാണ്ട് ഇതേ അഭിപ്രായം പങ്കുവെക്കുന്നവരാണ്. മതം എന്നത് സാര്‍വലൗകികമാണ്. സ്ഥിരതയുള്ളതുമാണ്. സാമൂഹിക സംവിധാനം നിലനിര്‍ത്തുന്നതില്‍ മതത്തിന് പ്രമുഖ സ്ഥാനമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് നിരവധി മതങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഉയരുന്ന ചോദ്യങ്ങള്‍ പലതാണ്. ഒരു വ്യക്തി ഏത് മതത്തെ പിന്തുടരണം? ഏതെങ്കിലും മതം പിന്തുടരണമെന്ന് വ്യക്തിയെ നിര്‍ബന്ധിക്കാന്‍ രാജ്യത്തിന് അവകാശമുണ്ടോ? രാജ്യത്തിന് അതിന്റേതായ മതമുണ്ടോ? പ്രത്യേക മതം പിന്തുടരുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടോ?

മതനിരപേക്ഷത അംഗീകരിച്ച ഒരു രാജ്യത്തെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ഇല്ല എന്നാണ്. ഏതെങ്കിലും പ്രത്യേക മതം സ്വീകരിക്കണമെന്ന് പൗരന്‍മാരെ നിര്‍ബന്ധിക്കാന്‍ മതനിരപേക്ഷ രാജ്യത്തിന് അവകാശമില്ല. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള മുന്‍ഗണന നല്‍കാനുമാകില്ല. രാജ്യത്തിന്റെ കാര്യത്തില്‍ ദൈവത്തെ ഒഴിവാക്കി നിര്‍ത്തുകയാണ് മതനിരപേക്ഷത ചെയ്യുന്നത്.

ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. മതനിരപേക്ഷത എന്നാല്‍ എന്താണെന്ന് ഭരണഘടന നിര്‍വചിക്കുന്നില്ല. 1950ല്‍ ഭരണഘടന രൂപമെടുത്തപ്പോഴോ 1976ല്‍ മതനിരപേക്ഷത എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തപ്പോഴോ മതനിരപേക്ഷത നിര്‍വചിക്കപ്പെട്ടിട്ടില്ല. എങ്കിലും എല്ലാ മതത്തെയും തുല്യമായി സംരക്ഷിക്കുന്നതും ഒരു മതത്തെയും രാജ്യത്തെ ഔദ്യോഗിക മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതാണ് മതനിരപേക്ഷ രാജ്യം. ഇംഗ്ലണ്ടില്‍ ഭരണാധികാരിയായ രാജ്ഞിക്കാണ് പ്രൊട്ടസ്റ്റന്റ് സഭയുടെ നേതൃത്വം. അതുപോലെ ഏതെങ്കിലും മതവിഭാഗത്തിന്റെ നേതൃത്വം ഇന്ത്യയില്‍ അധികാരം കൈയാളുന്നവര്‍ക്കില്ല. ഒരു മതത്തോടും പ്രീതിയോ ദ്വേഷമോ കാട്ടുന്നില്ലെന്നതാണ് ഇന്ത്യയുടെ പ്രത്യേകത. സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുക എന്നതിലാണ് മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഊന്നല്‍.

മതനിരപേക്ഷത എന്നതിനും പല നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ വിധത്തിലുള്ള മത വിശ്വാസങ്ങളെയും നിരാകരിക്കുന്ന സാമൂഹിക – രാഷ്ട്രീയ ദര്‍ശനമായാണ് റാന്‍ഡം ഹൈസ് ഡിക്ഷ്ണറി മതനിരപേക്ഷതയെ നിര്‍വചിക്കുന്നത്. മതത്തിന്റെ ആധിപത്യത്തില്‍ നിന്ന് രാഷ്ട്രീയത്തെ മുക്തമാക്കുന്നതാണ് മതനിരപേക്ഷതയെന്ന് അസ്ഗര്‍ അലി എന്‍ജിനീയര്‍ നിര്‍വചിക്കുന്നു. ധാര്‍മികത, വിദ്യാഭ്യാസം തുടങ്ങി ഒരു രാജ്യത്തെ പൗരന്‍മാര്‍ പൊതുവില്‍ വ്യവഹരിക്കുന്ന മേഖലകള്‍ക്കൊന്നും മതം അടിസ്ഥാനമാക്കാത്ത സംവിധാനത്തെയാണ് മതനിരപേക്ഷത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് ഓക്സ്ഫഡ് ഡിക്ഷ്ണറി വിശദീകരിക്കുന്നു.

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡൊണാള്‍ഡ് ഇ സ്മിത്, മതനിരപേക്ഷതയെ അധികരിച്ച് എഴുതിയ പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് – ”വ്യക്തിക്കും കൂട്ടായ്മക്കും മതസ്വാതന്ത്ര്യം മതനിരപേക്ഷ രാജ്യം ഉറപ്പാക്കുന്നുണ്ട്. പൗരന്‍മാരെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ പരിഗണിക്കുകയും ചെയ്യുന്നു. ഭരണഘടനാപരമായി ഏതെങ്കിലും മതവുമായി അത് ബന്ധപ്പെട്ടുനില്‍ക്കുന്നില്ല. മതത്തെ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും മതത്തില്‍ ഇടപെടാനോ ശ്രമിക്കുന്നുമില്ല”

സ്മിത്തിന്റെ നിര്‍വചനം മൂന്ന് തരം ബന്ധം നമുക്ക് കാണിച്ചു തരുന്നുണ്ട്. മതവും വ്യക്തിയും തമ്മിലുള്ളതാണ് ഒന്ന്. വ്യക്തിയും രാജ്യവും തമ്മിലുള്ളത് രണ്ടാമത്തേത്. രാജ്യവും മതവും തമ്മിലുള്ള ബന്ധം മൂന്നാമത്തേതും. ഈ മൂന്നും ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങളാണ് എന്ന് പറയാം. പരസ്പരം ബന്ധപ്പെട്ട് മൂന്ന് കോണുകള്‍ സൃഷ്ടിക്കുന്നതുമാണ്. ഈ മൂന്ന് കോണുകള്‍ ചേര്‍ന്നാണ് സമൂഹത്തിലെ മത സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നത്. മതവും വ്യക്തിയും തമ്മിലുള്ള ബന്ധമെന്നത് ഏതൊരു വ്യക്തിക്കും ഏത് മതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. ആ വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനും മറ്റ് വിശ്വാസങ്ങളെ തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം കൂടിയാണത്. ഇതില്‍ രാജ്യത്തിന്റെ ഇടപെടലുണ്ടാകുന്നില്ല. ഈ സ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ തത്വത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്.
രാജ്യവും വ്യക്തിയും തമ്മിലുള്ള ബന്ധമെന്നത് മത സ്വാതന്ത്ര്യവുമായി മറ്റൊരു വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിക്കുമേല്‍ നിയന്ത്രണങ്ങളോ വിവേചനങ്ങളോ ബാധ്യതകളോ രാജ്യം ഏര്‍പ്പെടുത്താത്ത അവസ്ഥയാണത്. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളോ വിവേചനങ്ങളോ ബാധ്യതകളോ ഉണ്ടാകുന്നില്ലെന്ന് ചുരുക്കം. രാജ്യവും മതവുമായുള്ള ബന്ധമെന്നത് യഥാര്‍ത്ഥത്തില്‍ നിര്‍മമതയാണ്. രാജ്യത്തിന് അതിന്റേതായ മതമില്ല. എല്ലാ മതങ്ങളോടും നിര്‍മമമായ നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ വീശദീകരിച്ച മൂന്ന് ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്ന് മതനിരപേക്ഷത തന്നെ. സെന്റ് സേവിയേഴ്സ് കോളജും ഗുജറാത്ത് സര്‍ക്കാരും തമ്മിലുണ്ടായ കേസില്‍ തീര്‍പ്പുണ്ടാക്കവേ സുപ്രീം കോടതി ഇത് അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തിന്റെ കാര്യങ്ങളില്‍ നിന്ന് ദൈവത്തെ ഒഴിവാക്കി നിര്‍ത്തുന്നതാണ് മതനിരപേക്ഷതയെന്ന് ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിധത്തിലുള്ള വിവേചനവും പാടില്ലെന്ന് ഉറപ്പാക്കുന്നതാണ് മതനിരപേക്ഷതയെന്നും കോടതി വ്യക്തമാക്കി.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതിന്റെ ചര്യകള്‍ അനുഷ്ഠിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിന്റെ ഒന്നാം ഖണ്ഡം അനുവാദം നല്‍കുന്നുണ്ട്. പക്ഷേ മതം എന്ന വാക്ക് ഭരണഘടന നിര്‍വചിക്കുന്നില്ല. എന്നാല്‍ എച്ച് ആര്‍ ഇ കമ്മീഷണറും എല്‍ ടി സ്വാമിയാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി മതമെന്നതിന് അര്‍ഥം നല്‍കുന്നു. മതമെന്നത് വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അത് ദൈവ വിശ്വാസവുമായി ബന്ധപ്പെട്ടതാകണമെന്നില്ല. ഒരു വിശ്വാസം, അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ എന്നിവയാണ് മതത്തിന്റെ അടിസ്ഥാനമെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. വിശ്വാസികളായവര്‍ക്ക് ധാര്‍മിക മൂല്യങ്ങള്‍ നിഷ്‌കര്‍ഷിക്കുക എന്നതിനപ്പുറത്ത്, ആചാരങ്ങളും ചടങ്ങുകളും ആരാധനാരീതികളും നിശ്ചയിക്കാന്‍ മതത്തിന് അധികാരമുണ്ട്. അവയൊക്കെ മതത്തിന്റെ അവിഭാജ്യ ഘടകങ്ങളുമാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ കാര്യങ്ങളില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ പോലും മതങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യം രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമുള്ളതല്ല. എല്ലാ വ്യക്തികള്‍ക്കുമുള്ളതാണ്. എന്തിന് വിദേശികള്‍ക്ക് പോലുമുള്ളത്. രതിലാല്‍ പഞ്ചന്ദും ബോംബെ സര്‍ക്കാറും തമ്മിലുള്ള കേസില്‍ ഇക്കാര്യം സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാനായി ധാരാളം വിദേശ മിഷണറിമാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ഈ ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. ഏതു മതത്തില്‍ വിശ്വസിക്കാനും വ്യക്തിക്ക് അവകാശമുണ്ടെന്ന് മാത്രമല്ല, ആ വിശ്വാസം പ്രകടിപ്പിക്കാനുള്ള അവകാശം കൂടി പൗരനുണ്ടെന്നാണ് ഭരണഘടനയെ വ്യാഖ്യാനിച്ച് സുപ്രീം കോടതി വ്യക്തമാക്കിയത്. പൊതു ക്രമം, ധാര്‍മികത, പൊതു ആരോഗ്യം എന്നിവയെ ബാധിക്കാത്ത വിധത്തിലാകണം വിശ്വാസങ്ങളുടെ പ്രകടനമെന്ന് മാത്രം. ഈ നിയന്ത്രണം ഭരണഘടനയില്‍ തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുമ്പോള്‍ മതത്തിന്റെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലും പക്ഷംപിടിക്കാത്ത ഇടപെടലും നടത്താന്‍ ഭരണകൂടത്തിന് അനുവാദം നല്‍കുക കൂടിയാണ് ഭരണഘടനാ ശില്‍പ്പികള്‍ നല്‍കിയത്. രാജ്യത്തിന്റെ പൊതുതാത്പര്യം സംരക്ഷിക്കാനായി മത സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്ന സാഹചര്യമുണ്ടായേക്കാമെന്നത് മുന്‍കൂട്ടിക്കണ്ടാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക.
ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ രണ്ടാം വകുപ്പിലാണ് മത സ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള അധികാരം ഭരണകൂടത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നിയന്ത്രണാധികാരം വിനിയോഗിക്കാനാണ് ഭരണകൂടത്തിന് സാധിക്കുക. ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാറുകളുടെ മേല്‍നോട്ടം ഉറപ്പാക്കുന്ന നിയമ നിര്‍മാണങ്ങളൊക്കെ നിയന്ത്രണം അനുവദിക്കുന്ന ഭരണഘടനാ വ്യവസ്ഥ ഉപയോഗിച്ചുള്ളതാണ്. വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഹിന്ദു വ്യക്തി നിയമത്തില്‍ വരുത്തിയ മാറ്റങ്ങളും ഇതനുസരിച്ച് തന്നെ.

ബഹുഭാര്യത്വം നിരോധിച്ച് 1966ല്‍ കൊണ്ടുവന്ന നിയമം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഛഗ്ല പുറപ്പെടുവിച്ച ഉത്തരവ് ഇവിടെ ഓര്‍ക്കേണ്ടതാണ്. കുടുംബത്തില്‍ ആണ്‍കുട്ടിയുണ്ടാകണമെന്നത് മോക്ഷപ്രാപ്തിക്ക് അനിവാര്യമാണെന്നാണ് ഹിന്ദു വിശ്വാസം. അത് കണക്കിലെടുക്കുമ്പോള്‍ ബഹുഭാര്യത്വം ഹിന്ദു വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ദത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതം നല്‍കുന്നുണ്ട്. ആണ്‍ കുഞ്ഞുങ്ങളില്ലാത്ത കുടുംബത്തിന് മതമനുശാസിക്കുന്നത് പോലെ ദത്തെടുക്കാനാകുമെന്നതിനാല്‍ ഏകഭാര്യ എന്നതാണ് ഹിന്ദുമത ശാസനമെന്ന് ജസ്റ്റിസ് ഛഗ്ല വിധിച്ചു.
ഹിന്ദുമതാചാരങ്ങളനുസരിച്ച് ബഹുഭാര്യത്വം അനുവദനീയമാണെന്ന് അംഗീകരിച്ചാലും അത് നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാന്‍ ഭരണകൂടത്തിനുള്ള അവകാശം ചോദ്യംചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദത്തിലെ രണ്ട് (ബി) വകുപ്പനുസരിച്ചായിരുന്നു വിധി. ഇതേ വകുപ്പനുസരിച്ചാണ് ഹൈന്ദവ ആരാധനാലയങ്ങള്‍ പൊതു ഇടങ്ങളായി പ്രഖ്യാപിച്ച് എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശിക്കുന്നതിന് അനുവാദം നല്‍കിയത്. മത വിഭാഗങ്ങളുടെ അവകാശങ്ങളെ നിര്‍വചിക്കുന്നതാണ് ഭരണഘടനയുടെ 26-ാം അനുച്ഛേദം. മത വിഭാഗങ്ങളെന്നത് ഭരണഘടനയില്‍ നിര്‍വചിക്കുന്നില്ലെങ്കിലും ഒരു വിശ്വാസവും അതിനെ ആധാരമാക്കി നിഷ്‌കര്‍ഷിക്കുന്ന അനുഷ്ഠാനങ്ങളും പിന്തുടരുന്നവരെ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി വ്യാഖ്യാനിച്ചത്.

ഭരണഘടനയുടെ മുപ്പതാം അനുച്ഛേദമാണ് മത – ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ പരാമര്‍ശിക്കുന്നത്. മത – ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും അത് നടത്തിക്കൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന് ഇതിലൂടെ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഏതെങ്കിലും തരത്തിലുള്ള വിവേചനം ഭരണകൂടം കാട്ടരുതെന്നും വ്യവസ്ഥയുണ്ട്. ഭാഷ, വിശ്വാസം എന്നിവയിലെ വൈവിധ്യം നിലനിര്‍ത്തുകയും അവ്വിധമുള്ള ആളുകള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഇതിലൂടെ ഭരണഘടന ചെയ്യുന്നത്. അതും ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയുടെ അടിസ്ഥാനമാണ്.

പൗരത്വത്തെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് മതനിരപേക്ഷ രാജ്യത്തിലെ രണ്ടാമത്തെ പ്രധാന ഘടകം. വ്യക്തികളാണ്, കൂട്ടങ്ങളല്ല ഇവിടെ അടിസ്ഥാന ഘടകം. വ്യക്തികളുടെ കര്‍ത്തവ്യങ്ങളും ചുമതലകളും രാഷ്ട്രം നിര്‍വചിക്കുന്നുണ്ട്. ഇത് പാലിക്കുന്നതിന് പകരമായി വ്യക്തികള്‍ക്ക് അവകാശങ്ങളും ആനുകൂല്യങ്ങളും രാഷ്ട്രം നല്‍കുന്നു. വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ഈ ബന്ധത്തിന്റെ ആകത്തുകയാണ് പൗരത്വം. പൗരനും രാജ്യവും തമ്മിലുള്ള ബന്ധത്തിന് പല സാമൂഹിക ഘടകങ്ങളുമുണ്ട്. അതെല്ലാം ഭരണഘടനയ്ക്ക് വിധേയവും വിവേചനങ്ങള്‍ക്ക് അതീതവുമാണ്.

മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് മതനിരപേക്ഷ രാഷ്ട്രത്തെ നിര്‍വചിക്കുന്ന മൂന്നാമത്തെ തത്വം. രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് മുമ്പുണ്ടായതാണ് മതം. രാഷ്ട്രമോ ഭരണകൂടമോ നിലവിലില്ലാതിരിക്കുകയും സമൂഹത്തെ മുന്നോട്ടുനയിക്കാന്‍ പാകത്തിലുള്ള വ്യവസ്ഥകളില്ലാതിരിക്കുകയും ചെയ്ത കാലത്ത്, സാമൂഹിക ക്രമം രൂപപ്പെടുത്തിയത് മതമാണ്. വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു മതത്തിന്റെ മുഖ്യലക്ഷ്യം. അക്കാലത്ത് മതം തന്നെയായിരുന്നു എല്ലാം. രാഷ്ട്രവും ഭരണകൂടവുമൊക്കെ ഏറെ വൈകി നിലവില്‍ വന്നതാണ്. പുതിയ സാഹചര്യത്തില്‍ മതവും രാഷ്ട്ര – ഭരണകൂട സംവിധാനങ്ങളും തമ്മിലുള്ള സന്തുലനം ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. രണ്ടും അതിന്റേതായ പ്രതലത്തില്‍ സ്വതന്ത്രമായി നിലനില്‍ക്കേണ്ടതാണ്. ഏതെങ്കിലുമൊന്നിലുണ്ടാകുന്ന അധികാര കേന്ദ്രീകരണം അരാജകത്വത്തിലേക്ക് നയിക്കുകയും ചെയ്യും. രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതായാല്‍, രാഷ്ട്രം വ്യക്തിയുടെ മതസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാകും ഫലം. ഭരണകൂടത്തോട് എതെങ്കിലും വിധത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ വിവേചനങ്ങള്‍ക്ക് വിധേയരാകുകയും ചെയ്യും.

ഇതൊക്കെ കണക്കിലെടുത്താല്‍ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണോ? ഭരണഘടനയിലെ വിവിധ വ്യവസ്ഥകളും കോടതികളുടെ വ്യാഖ്യാനങ്ങളും പരിഗണിച്ചാല്‍ അതെ എന്നാണ് ഉത്തരം. മതനിരപേക്ഷ രാഷ്ട്രമായി നിലനിര്‍ത്തുന്നതിനുള്ള ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കിയിട്ടുണ്ട് ഭരണഘടന. അത് വലിയതോതില്‍ നടപ്പാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ മതനിരപേക്ഷത പലകുറി വെല്ലുവിളി നേരിടുകയും ചെയ്തു. ഏകീകൃത സിവില്‍ കോഡെന്ന ആശയം അങ്ങനെ വെല്ലുവിളി ഉയര്‍ത്തിയ ഒന്നാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്ന ഒന്നായി അത് വ്യവഹരിക്കപ്പെടുകയും ചെയ്തു. ഇതുപോലെ മതനിരപേക്ഷ സങ്കല്‍പ്പത്തെ പരാജയപ്പെടുത്തുന്ന പലതുമുണ്ട്. ഇത്തരം സംഗതികള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അതിനെ ചോദ്യംചെയ്യാനും തുടര്‍ന്നും ശ്രമിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. അതിനേറ്റവും പ്രധാനപ്പെട്ട വേദി നീതിപീഠം തന്നെയാണ്. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പലകുറി നീതിപീഠത്തിന് മുന്നിലെത്തിയിട്ടുണ്ട്. പ്രശ്നങ്ങളെ സമാധാനപൂര്‍ണമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സന്തുലിതമായി സമീപിക്കാനാണ് നീതിപീഠങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. അത് നടക്കുമ്പോള്‍ തന്നെ ഭരണഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ അടിസ്ഥാനമാക്കിയ സര്‍വ ധര്‍മ സമഭാവമെന്ന ആശയത്തെ ഇന്ത്യയിലെ ജനങ്ങള്‍ മറക്കാതിരിക്കണം.

————————————————————————————————————————————————-

ഇന്ത്യന്‍ ഭരണഘടനയെ ആര്‍ എസ് എസ് ഇങ്ങനെ വായിച്ചു

‘But in our Constitution, there is no mention of the unique constitutional development in ancient Bharat. Manu’s Laws were written long before Lycurgus of Sparta or Solon of Persia. To this day, his laws as enuniciated in the Manusmriti excite the admiration of the world and the world and elicit spontaneous obedience and conformtiy. But our constitutional pundits that means nothing’.
(പക്ഷേ, നമ്മുടെ ഭരണഘടനയില്‍, പുരാതന ഭാരതത്തിലെ ഉദാത്തമായ ഭരണഘടനാപരമായ വികാസങ്ങളെക്കുറിച്ച് ഒന്നും പരാമര്‍ശിQക്കുന്നില്ല. സ്പാര്‍ട്ടക്കും പേര്‍ഷ്യക്കും വളരേ മുന്‍പേ, മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടതാണ്. ഇന്ന് വരെ മനുസ്മൃതി ലോകത്തിന്റെ അത്ഭുതാദരങ്ങള്‍ക്ക് പാത്രമായിരിക്കുന്നു. പക്ഷേ, നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് അതൊന്നും ഒന്നുമല്ല.)
ഓര്‍ഗനൈസര്‍, നവംബര്‍ 30, 1949

‘The people who have come to power by the kick of fate may give in our hands the tricolor but it will never be respected and owned by Hindus. The word three is in itself an evil, and a flag having three colours will certainly produce a very bad spychological effect and is injurious to a coutnry.’­( വെറും വിധിയുടെ വിളയാട്ടം കൊണ്ട് അധികാരത്തില്‍ വന്നവര്‍ നമ്മുടെ കൈകളിലേക്ക് ത്രിവര്‍ണം വച്ചുനീട്ടിയിരിക്കുന്നു. ഹിന്ദുക്കള്‍ അതിനെ ഒരുനിലക്കും ഏറ്റെടുക്കുകയോ ബഹുമാനിക്കുകയോ ഇല്ല. മൂന്ന് എന്ന വാക്ക് തന്നെ അപശകുനമാണ്. മൂന്ന് നിറമുള്ള കൊടി മോശം മനോനില സൃഷ്ടിക്കുകയും രാജ്യത്തിന് പരിക്കേല്‍പിക്കുകയും ചെയ്യും.)
ഓര്‍ഗനൈസര്‍, ആഗസ്ത് 14, 1947

‘Our constitution too is just a cumbersome and heterogeneous piecing together of various articles from various constitutions of western countries. It has absolutely nothing which can be called our own. Is there a single word of reference in its guiding principles as to what our national mission is and what our keynote in life is?’
( പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളിലെ ആര്‍ട്ടിക്ക്‌ളുകള്‍ വെറുതേ നിരത്തിവെച്ച ഒന്ന് മാത്രമാണ് നമ്മുടെ ഭരണഘടന. നമ്മുടേത് എന്നുപറയാന്‍ അതില്‍ ഒന്നുമില്ല. എന്താണ് നമ്മുടെ ദേശീയ ദൗത്യം എന്നോ എന്താണ് നമ്മുടെ ജീവിതത്തിന്റെ കാതല്‍ എന്നോ അത് ഒറ്റ വാക്കും മിണ്ടുന്നില്ല).
വിചാരധാര, ഗോള്‍വാള്‍ക്കര്‍

You must be logged in to post a comment Login