മാധ്യമങ്ങളുടെ സ്വര്‍ണവേട്ട

മാധ്യമങ്ങളുടെ സ്വര്‍ണവേട്ട

‘യോഗിയുടെ സ്വര്‍ണവേട്ട’ എന്നാണ് ദേശീയമാധ്യമങ്ങള്‍ ആ കണ്ടെത്തലിന് തലക്കെട്ട് നല്‍കിയത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ മണ്ണിനടിയില്‍ 12 ലക്ഷം കോടി രൂപ വില മതിക്കുന്ന സ്വര്‍ണനിക്ഷേപം കണ്ടെത്തിയിരിക്കുന്നു. കുഴിച്ചെടുത്താല്‍ ഇത് ഇന്ത്യയുടെ ഇപ്പോഴത്തെ കരുതല്‍ സ്വര്‍ണനിക്ഷേപത്തിന്റെ അഞ്ചിരട്ടി വരും. സംസ്ഥാനവും രാജ്യം തന്നെയും സമ്പല്‍സമൃദ്ധിയിലേക്കു കുതിക്കും. യു എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണശേഖരമുള്ള രാജ്യമായി ഇന്ത്യ മാറും.

നരേന്ദ്രമോഡിയുടെയും യോഗി ആദിത്യനാഥിന്റെയും സത്യാനന്തര കാലത്ത് ഒരു ധാതുപര്യവേക്ഷണത്തിന്റെ വാര്‍ത്തപോലും എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ് സോന്‍ഭദ്രയിലെ സ്വര്‍ണ നിക്ഷേപത്തെക്കുറിച്ചുവന്ന അവകാശവാദങ്ങള്‍. ലാഭകരമായി കുഴിച്ചെടുക്കാന്‍ പറ്റിയാല്‍തന്നെ കേവലം 160 കിലോഗ്രാം സ്വര്‍ണം മാത്രം ലഭിക്കാവുന്ന അയിരു കണ്ടെത്തിയതിനെയാണ് 3,350 ടണ്‍ ശുദ്ധസ്വര്‍ണത്തിന്റെ നിക്ഷേപം കണ്ടെത്തിയെന്ന രീതിയില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ നടന്ന പര്യവേക്ഷണങ്ങളില്‍ സ്വര്‍ണത്തിന്റെ അയിരു കണ്ടെത്തിയതിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പിന്നീട് ദേശീയമാധ്യമങ്ങള്‍ ഏറ്റെടുത്തു പൊലിപ്പിക്കുകയായിരുന്നെന്ന് ഇതേക്കുറിച്ച് ‘ആള്‍ട്ട് ന്യൂസി’ല്‍ എഴുതിയ റിപ്പോര്‍ട്ടില്‍ സാം ജാവെദ് ചൂണ്ടിക്കാണിക്കുന്നു. സംഘപരിവാറിനുവേണ്ടി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നു എന്ന ആരോപണത്തിന് പലവട്ടം വിധേയരായിട്ടുള്ള പോസ്റ്റ്കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡേയുടെ ട്വിറ്റര്‍ സന്ദേശമാണ് അതിരുവിട്ട അവകാശവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഘപരിവാറിന്റെ താത്വികാചാര്യന്‍മാരില്‍ പ്രമുഖനായ എസ് ഗുരുമൂര്‍ത്തി മുതല്‍ കേന്ദ്ര ഭവനനിര്‍മാണ മന്ത്രി ഹര്‍ദീപ് സിങ് പുരി വരെയുള്ളവര്‍ അത് ഏറ്റെടുത്തു; ഒപ്പം മാധ്യമങ്ങളും.
സോന്‍ഭദ്ര ജില്ലയിലെ രണ്ടിടങ്ങളിലായി ഒരു കിലോമീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും 18 മീറ്റര്‍ ഉയരവുമുള്ള പടുകൂറ്റന്‍ സ്വര്‍ണപ്പാറ കണ്ടെത്തി എന്നായിരുന്നൂ വാര്‍ത്ത. ‘യോഗിയുടെ ഉത്തര്‍പ്രദേശിന് സ്വര്‍ണ ലോട്ടറി’യെന്ന് തലക്കെട്ടുകള്‍ പിറന്നു. രാജ്യത്ത് സ്വര്‍ണവില പവന് 32000 രൂപയില്‍ എത്തി നില്‍ക്കേ 3,350 ടണ്‍ സ്വര്‍ണത്തിന്റെ മൂല്യം 12 ലക്ഷം കോടി രൂപയിലേറെ വരുമെന്ന് പത്രപ്രവര്‍ത്തകര്‍ കണക്കുകൂട്ടിയെടുത്തു. സോന്‍ഭദ്രയിലെ സോന്‍പഹാഡിയില്‍ 2,943.26 ടണ്‍ സ്വര്‍ണ നിക്ഷേപവും ഹാര്‍ദിയില്‍ 646.16 കിലോ നിക്ഷേപവും കണ്ടെത്തിയതായി സോന്‍ഭദ്ര ജില്ലാ മൈനിങ് ഓഫീസര്‍ കെ കെ റായി പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയുടെ കരുതല്‍ സ്വര്‍ണശേഖരം 626 ടണ്‍ ആണ്. പുതുതായി കണ്ടെത്തിയത് അതിന്റെ അഞ്ചിരട്ടി വരും.

വിശ്വാസ്യതയുള്ള ധനകാര്യ പ്രസിദ്ധീകരണമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍ ‘യോഗി ആദിത്യനാഥ് സ്‌ട്രൈക്സ് ഗോള്‍ഡ്’ എന്ന തലക്കെട്ടില്‍ ഇതിന്റെ വാര്‍ത്ത വന്നു. ഇന്ത്യ വീണ്ടും സ്വര്‍ണപ്പക്ഷിയായി മാറുന്നുവെന്ന് ആജ് തക് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയിലും ദൂരദര്‍ശന്റെ ട്വിറ്റര്‍ അക്കൗണ്ടിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. മറ്റു ലോക രാജ്യങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ കണക്കെടുത്ത ടൈംസ് ഓഫ് ഇന്ത്യയും ഇക്കണോമിക് ടൈംസും ഇതു കുഴിച്ചെടുക്കുന്നതോടെ ഇന്ത്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യം സമ്പദ്‌സമൃദ്ധിയിലേക്കു നീങ്ങുകയാണെന്ന് എ ബി പി ന്യൂസ് ചാനല്‍ പ്രവചിച്ചു. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ലോകത്തിന്റെ സമ്പദ്്വ്യവസ്ഥയെ ഇന്ത്യ നിയന്ത്രിക്കുമെന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുമെന്ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ കൂടിയായ എസ് ഗുരുമൂര്‍ത്തി ആശ്വാസംകൊണ്ടു. ഇത് ഇന്ത്യയെ ശക്തമാക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കെ പി മൗര്യ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഇതിനെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേട്ടമായി എല്ലാവരും ആഘോഷിച്ചു.

ആവേശംകൊണ്ട് എടുത്തുചാടിയ മാധ്യമങ്ങള്‍ സ്വര്‍ണ അയിരിനെ ശുദ്ധസ്വര്‍ണമായി തെറ്റിദ്ധരിച്ചതാണെന്ന് വൈകാതെ തെളിഞ്ഞു. സോന്‍ഭദ്ര ജില്ലയിലെ പര്യവേക്ഷണത്തില്‍ കണ്ടെത്തിയത് 52806.25 ടണ്‍ സ്വര്‍ണ അയിരാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. അത്ര ഗുണമേന്‍മയുള്ള അയിരല്ല അത്. ടണ്ണിന് 3.03 ഗ്രാമാണ് അതിലെ സ്വര്‍ണത്തിന്റെ അംശം. അതായത്, കുഴിച്ചെടുത്ത് ശുദ്ധീകരിച്ചെടുത്താല്‍ത്തന്നെ ഒരു ടണ്‍ പാറയില്‍ നിന്ന് 3.03 ഗ്രാം സ്വര്‍ണമാണ് കിട്ടുക. അങ്ങനെ മുഴുവന്‍ അയിരും വേര്‍തിരിച്ചാല്‍ ഏതാണ്ട് 160 കിലോ സ്വര്‍ണം മാത്രമേ കിട്ടൂ എന്ന് ജി എസ് ഐ ഡയറക്ടര്‍ ജനറല്‍ എം ശ്രീധറിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
പേരില്‍ത്തന്നെ സ്വര്‍ണമുള്ള സോന്‍ഭദ്രയില്‍ ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ സ്വര്‍ണത്തിനായുള്ള അന്വേഷണം തുടങ്ങിയിരുന്നു. ഇപ്പോഴത്തെ കണ്ടെത്തല്‍പോലും പുതിയതല്ല. 1998 നും 2000 നും ഇടയില്‍ ഉത്തര്‍പ്രദേശിലെ ഈ മേഖലകളില്‍ ജി എസ് ഐ ഉദ്ഖനനം നടത്തിയിരുന്നു. ഇപ്പറഞ്ഞ സ്വര്‍ണ ശേഖരത്തിന്റെ കാര്യം 2011ലെ റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. വലിയ കാര്യമില്ലെന്നു തോന്നിയതുകൊണ്ട് അന്നത് വാര്‍ത്തയായില്ലെന്നു മാത്രം. ഉദ്ഖനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറാന്‍ 2015ല്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഉത്തര്‍പ്രദേശിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജി എസ് ഐ നല്‍കിയത്. ഈ വിവരമാണ് പരിശോധിച്ചുറപ്പുവരുത്തുക എന്ന പ്രാഥമിക തത്വംപോലും പാലിക്കാതെ, കുറച്ചുനേരത്തേക്കാണെങ്കിലും മാധ്യമങ്ങള്‍ ആഘോഷിച്ചത്.

ഇതിനോടു ചേര്‍ത്തുവായിക്കാന്‍ മറ്റൊരു വാര്‍ത്തകൂടിയുണ്ട്, ഉത്തര്‍പ്രദേശില്‍ നിന്ന്. ഇന്ത്യയിലെ ഏറ്റവും വലിയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരനെ ഫെബ്രുവരി രണ്ടാംവാരം മാറ്റി. ലഖ്നൗ റെസിഡന്റ് എഡിറ്ററായി രാജാ ബോസിനു പകരം പ്രവീണ്‍കുമാര്‍ സ്ഥാനമേറ്റു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അതൃപ്തിയാണ് ബോസിന്റെ കസേര തെറിപ്പിച്ചത് എന്നാണ് ‘ന്യൂസ്ലോണ്ട്രി ഡോട്ട് കോം’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കാശിവിശ്വനാഥ് കോറിഡോര്‍ പദ്ധതിക്കെതിരേ ടൈംസ് വാര്‍ത്ത നല്‍കിയത് യോഗിയെ ചൊടിപ്പിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തു നടക്കുന്ന പ്രക്ഷോഭങ്ങളുടെ വാര്‍ത്തയും രാജാ ബോസിന്റെ നിര്‍ദേശപ്രകാരം ടൈംസ് നന്നായി കൊടുത്തിരുന്നു. ബോസിനു പകരം ചുമതലയേറ്റ പ്രവീണ്‍ കുമാറിന്റെ യോഗ്യത എന്താണെന്നറിയേണ്ടേ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രം എഴുതിയയാളാണ് അദ്ദേഹം. യോഗിയെ സ്തുതിക്കുന്ന ‘സാഫ്രണ്‍ സോഷ്യലിസ്റ്റ്’ എന്ന ജീവചരിത്ര കൃതിയുടെ കര്‍ത്താവ് സ്വാഭാവികമായും അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ട ആളുമാണ്. പ്രവീണ്‍കുമാര്‍ ചുമതലയേറ്റ് രണ്ടാഴ്ച തികയും മുമ്പാണ് ടൈംസും മറ്റു പത്രങ്ങളും യോഗിയുടെ യു പിയില്‍ സ്വര്‍ണനിധി കണ്ടെത്തിയ കാര്യം ആഘോഷിച്ചത്.

എസ് കുമാര്‍

You must be logged in to post a comment Login