”മുസല്‍മാന്‍മാരെ ഇവിടെ നിന്ന് പുറത്താക്കാന്‍ ആരാണോ ശ്രമിക്കുന്നത് അവനാണ് അതിന്റെ ഒന്നാമത്തെ ശത്രു. സ്വാഭാവികമായും അവന്‍ ഇന്ത്യയുടെയും ഒന്നാം നമ്പര്‍ ശത്രുവാകും. ആ കൊടുംവിപത്തിലേക്ക് നാം പാഞ്ഞുകൊണ്ടിരിക്കുന്നു. അത് ഒഴിവാക്കുന്നതിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി വിനിയോഗിക്കുക എന്നത് ഇന്ത്യയുടെ ഓരോ പുത്രന്റെയും പുത്രിയുടെയും നിര്‍ബന്ധമായ കടമയാണ്.”
മഹാത്മാ ഗാന്ധി.
ഹരിജന്‍, 1948 ജനുവരി 18.
ഈ വരികള്‍ അച്ചടിച്ച് പന്ത്രണ്ടാം ദിവസം ഹിന്ദുത്വ പ്രചാരകനും വി ഡി സവര്‍ക്കറുടെ അനുയായിയുമായ നാഥുറാം ഗോഡ്സേ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നു.
——————————————————
മഹാത്മാഗാന്ധി കൊല്ലപ്പെട്ട നഗരം കൂടിയാണ് ഡല്‍ഹി. മൂന്നരപ്പതിറ്റാണ്ടിലേറെക്കാലത്തെ സമരജീവിതത്തില്‍ ഗാന്ധി നന്നേക്കുറച്ച് കാലം മാത്രം ജീവിച്ച നഗരം. ഒടുവിലത്തെ സമരം പക്ഷേ, ഡല്‍ഹിയിലായിരുന്നു. കാരണം അന്ന് ഡല്‍ഹി ഭരിക്കുന്നത് ഇന്ത്യ ആയിരുന്നു.
ഈ കുറിപ്പ് നിങ്ങള്‍ വായിക്കുമ്പോള്‍ ഗാന്ധിയുടെ ആ അവസാന നഗരം, ഇന്ത്യയുടെ തലസ്ഥാനം ഏത് കഠിനതകളിലൂടെയാവും സഞ്ചരിക്കുക എന്ന് പ്രവചിക്കാനാവില്ല. 2002 ന്റെ ഫെബ്രുവരിയില്‍ ഗാന്ധി ജനിച്ച ഗുജറാത്തിനെക്കുറിച്ചും നാം ഇതുപോലെ ഭയന്നിരുന്നത് ഇപ്പോള്‍ ഓര്‍ക്കുന്നു. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ, ഭരണകൂടം നേരിട്ട് നടത്തിയ മുസ്ലിം വംശഹത്യയുടെ ആ നാളുകളെ ഓര്‍ക്കുന്നു.
അതുപോലെ തന്നെ ആസൂത്രിതമായ, ഭരണകൂടവക്താക്കള്‍ നേരിട്ട് നടത്തുന്ന വംശഹത്യയുടെ അതിദാരുണമായ സന്ദര്‍ഭത്തിലൂടെയാണ് ഇപ്പോള്‍, ഇതെഴുതുന്ന ഓരോ നിമിഷത്തിലും ഡല്‍ഹി കടന്നുപോകുന്നത്. അക്കാല ഗുജറാത്തിന്റെ രണ്ട് അമരക്കാരാണ് പദവി മാത്രം മാറി ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.
അപ്രവചനീയമായിരുന്നില്ല പക്ഷേ, ഡല്‍ഹിയിലെ വംശഹത്യ. പിളര്‍പ്പിന്റെ യുക്തിക്കെതിരില്‍, ജനാധിപത്യ ഇന്ത്യ എന്ന മഹത്തായ ആശയത്തിനായി രണ്ടുമാസത്തിലേറെയായി ഈ രാജ്യത്തിന്റെ തെരുവുകള്‍ ഉറക്കമിളക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ജനകീയ സമരം. ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചും ഇന്ത്യ എന്നാവര്‍ത്തിച്ചും നടക്കുന്ന മഹാസമരം. മതാടിസ്ഥാനത്തില്‍ പൗരത്വത്തെ നിര്‍ണയിക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ നാനാരീതിയിലാണ് ചെറുക്കപ്പെട്ടത്. ആബാലവൃദ്ധം അക്ഷരാര്‍ഥത്തില്‍ ആ സമരമുഖത്താണ്. ഗാന്ധിയുടെ അന്ത്യശ്വാസം ഇപ്പോഴും അതിശക്തമായി തങ്ങിനില്‍ക്കുന്ന ഡല്‍ഹിയാണ് ആ സമരങ്ങളുടെ പ്രഭവകേന്ദ്രവും ഊര്‍ജകേന്ദ്രവും. ആ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ പരാജയപ്പെടുകയും ചെയ്തു. പൗരത്വ സമരത്തിന്റെ കൂടി വിജയമായി ബി ജെ പിയുടെ പരാജയം വായിക്കപ്പെട്ടു.
സമരം സ്വാഭാവികമായി ഒഴുകുകയായിരുന്നില്ല. രാജ്യം വാഴുന്ന സംഘം ആ സമരങ്ങളെ തകര്‍ക്കാനും തളര്‍ത്താനും പലപാട് ശ്രമിച്ചു. സമരമുന്നണിയിലെ സ്വത്വവാദികളെ കൂട്ടുപിടിക്കാന്‍ ശ്രമിച്ചു. സമരം തോറ്റില്ല. അനുദിനം വിജയം ശക്തമായി. അതിന് കാരണവും ഡല്‍ഹിയില്‍ ഹിന്ദുത്വവാദിയാല്‍ കൊല്ലപ്പെട്ട ഗാന്ധിയായിരുന്നു.
ഗാന്ധിയന്‍ സമരവഴികളിലായിരുന്നു പൗരത്വ പ്രക്ഷോഭവും സഞ്ചരിച്ചത്. ഒരു കല്ലുപോലും പാറിവീണില്ല. മുറിവേല്‍പിക്കുന്ന ഒരു വാക്കുപോലും ഉരിയാടപ്പെട്ടില്ല. പകരം നമ്മളൊന്നാണ് എന്ന മന്ത്രം മാത്രം മുഴങ്ങി. അഹിംസ അതിന്റെ ഉഗ്രസൗന്ദര്യത്തെ ഒരിക്കല്‍ക്കൂടി വെളിവാക്കി.
സമാധാനപരമായ സമരങ്ങളെ സായുധമായി നേരിടുക സാധ്യമല്ലെന്ന് സമരങ്ങളുടെ ലോകചരിത്രം പേര്‍ത്തും പേര്‍ത്തും തെളിയിച്ചതാണല്ലോ? 1915 മുതല്‍ ഇന്ത്യയില്‍ വീശിയടിച്ച സമാധാനത്തിന്റെ കൊടുങ്കാറ്റായിരുന്നു ഗാന്ധി. അതിനെ പിടിച്ചുകെട്ടല്‍ അതിപ്രതാപവത്തായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അസാധ്യമായിരുന്നു. ഗാന്ധിയെ അവര്‍ വെടിവെച്ചുകൊല്ലാതിരുന്നത് എന്തുകൊണ്ടാവാം എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് ബ്രിട്ടീഷുകാര്‍ പരിഷ്‌കൃതരും ജനാധിപത്യവാദികളുമായതിനാലാണെന്ന് നാം കേള്‍ക്കാറുണ്ട്. അസംബന്ധമാണ് ആ കേള്‍വി. കൊള്ളക്കൂട്ടമായിരുന്നു അവര്‍. അപരിഷ്‌കൃതരായിരുന്നു. കേരളത്തിലിരുന്ന് അതോര്‍ക്കാന്‍ വാഗണ്‍ ട്രാജഡി മാത്രം മതിയാവും. അന്തസുകെട്ട വര്‍ഗമായിരുന്നു അവര്‍ ലോകത്ത് എല്ലായിടത്തും. എല്ലാ അധിനിവേശകരും അന്തസില്ലാത്തവരും തെമ്മാടികളുമാണെന്ന് നാം ഇന്ന് മനസ്സിലാക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയെ നോക്കിയാല്‍ നിങ്ങളത് കാണും. കൊള്ളയടിക്കാനായി ഭവനഭേദനം നടത്തുന്ന ക്രിമിനലുകളുടെ മനോനിലയാണ് എല്ലാ അധിനിവേശകര്‍ക്കും എല്ലാകാലത്തും. കൊള്ളസംഘത്തിന് എല്ലാ അര്‍ഥത്തിലും വഴങ്ങുന്നവരെ അവര്‍ ഉപദ്രവിക്കാതെ വിടാറുണ്ടല്ലോ? അങ്ങനെ വഴങ്ങിക്കൊടുത്ത് ഉപദ്രവങ്ങളെ ഒഴിവാക്കിയവര്‍ എഴുതിയ ചരിത്രാഭാസത്തിലാണ് നിങ്ങള്‍ ബ്രിട്ടനെ മാന്യന്‍മാര്‍ എന്ന് വായിക്കുന്നത്. എതിര്‍പ്പിന്റെ നേര്‍ത്ത ചലനങ്ങളെ അവര്‍ ലക്കും ലഗാനുമില്ലാതെ കൊന്നുതള്ളി. ജാലിയന്‍ വാലാബാഗ് മറക്കരുത്. എന്നിട്ടും പക്ഷേ, അവര്‍ക്ക് ഗാന്ധിയെ കൊല്ലാനായില്ല. കാരണം ഒന്നേയുള്ളൂ. ഗാന്ധി സ്വീകരിച്ച സമരമാര്‍ഗത്തിന്റെ അതിശക്തി. സമാധാനത്തിന് നേരെ തോക്കുകള്‍ക്ക് ശബ്ദിക്കാനാവില്ല. യുദ്ധമുഖത്ത് പോലും സമാധാനത്തിന് ഇടമുണ്ട്. ശുശ്രൂഷകര്‍ക്ക് ഇടമുണ്ട്. ഗാന്ധി സമൂഹത്തിന്റെ ശുശ്രൂഷകനായിരുന്നു. അത്തരത്തിലൊരു സമരവ്യക്തിത്വത്തെ അടിച്ചമര്‍ത്തിയാല്‍, ഇല്ലാതാക്കിയാല്‍ ഉണ്ടാകുന്നതെന്ത് എന്ന് ലോകചരിത്രം വായിച്ചിട്ടുള്ള ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു.
പൗരത്വ സമരത്തിനെതിരെ കഴിഞ്ഞ നാള്‍വരെ സംഘപരിവാര്‍ അവര്‍ക്ക് പ്രിയപ്പെട്ട ലോഹായുധങ്ങള്‍ എടുക്കാതിരുന്നതിന് കാരണം ഇപ്പോള്‍ വ്യക്തമാണല്ലോ? അതിനാലാണ് കപില്‍ മിശ്ര എന്ന ഭാവിയിലെ നരേന്ദ്രമോഡി പൗരത്വ സമരത്തിലെ സമാധാനത്തെക്കുറിച്ച് കള്ളം പറഞ്ഞത്. സമരക്കാര്‍ ആയുധമെടുത്തു എന്ന് പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ കള്ളം പറയുമെന്ന് ഗോധ്രമുതല്‍ ഗുജറാത്ത് വരെയുള്ള ഒട്ടും പഴകാത്ത ചരിത്രം നമ്മോട് പറഞ്ഞിട്ടുണ്ടല്ലോ?
അവര്‍ കാത്തിരിക്കുകയായിരുന്നു എന്ന് നമുക്കറിയാം. പൗരത്വ സമരം വിജയിക്കുകയാണെന്ന് അവര്‍ ഭയന്നു. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം അവരെ ചകിതരാക്കി. കെജ്രിവാളിന്റെ മൃദുഹിന്ദുത്വം അവിടെ നില്‍ക്കട്ടെ. അയാള്‍ അവരെ അവരുടെ തട്ടകത്തില്‍, അവരുടെ മൂക്കിന്‍ തുമ്പില്‍ വെല്ലുവിളിച്ചയാളാണ്. അയാളിലും ഗാന്ധിയുണ്ട്. ആ തോല്‍വിയാണ് സംഘപരിവാരത്തെ ഡല്‍ഹിയില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചത്. അവര്‍ ആയുധങ്ങളുമായി മതം തിരഞ്ഞുവരികയാണ്. വെട്ടി വീഴ്ത്തുകയാണ്.
പതിനെട്ട് വര്‍ഷം മുന്‍പ് ഗുജറാത്തില്‍ സംഘപരിവാരം നടത്തിയ വംശഹത്യയുടെ അതേ പാതയിലാണ് ഈ നിമിഷത്തിലെ ഡല്‍ഹി എന്ന് പറഞ്ഞല്ലോ? എല്ലാം ആസൂത്രിതം. ഹിന്ദു ദേശീയത ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്താല്‍ വിജൃംഭിച്ചിരിക്കുന്നു. വിറളിപൂണ്ട രാഷ്ട്രീയ വ്യവസായി എന്നാണ് ലോകം ട്രംപിനിട്ട വിളിപ്പേര്. തീവ്രദേശീയതയെ ആളിക്കത്തിച്ച്, മനുഷ്യരെ മതില്‍കെട്ടി പുറത്താക്കി, അപരിഷ്‌കൃതമായ വാചാടോപങ്ങളില്‍ അഭിരമിച്ച് അമേരിക്കയെ വാഴുന്ന ഒരാള്‍. ട്രംപിന്റെ സന്ദര്‍ശനം വാസ്തവത്തില്‍ ഒരു നയതന്ത്ര സ്വാഭാവികതയാണ്. അനേകം ഇന്ത്യക്കാര്‍ അധിവസിക്കുന്ന, ലോകത്തിന്റെ പ്രധാന സമ്പദ്ശക്തികളില്‍ ഒന്നായ ഒരു രാജ്യത്തിന്റെ ഭരണത്തലവന്‍, ഇന്ത്യ സന്ദര്‍ശിക്കുന്നത് പ്രാധാന്യമേറിയ ഒന്നുമാണ്. അത്തരം സന്ദര്‍ശനങ്ങളും സ്വീകരണങ്ങളും എല്ലായ്പോഴും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കരാറുകള്‍ ഇഴകീറി വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. സന്ദര്‍ശനം വിജയമോ പരാജയമോ എന്ന വിധിതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം എല്ലാ സന്ദര്‍ശനങ്ങളും ഒരു രാഷ്ട്രീയ പ്രസ്താവനയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തിന്റെ അടയാളമായാണ് വായിക്കപ്പെടാറ്. ലോകരാഷ്ട്രീയത്തില്‍ ആ രാഷ്ട്രങ്ങള്‍ എടുക്കുന്ന സമീപനങ്ങളോടുള്ള എതിര്‍പ്പുകള്‍ ആ രാഷ്ട്രത്തലവന്റെ സന്ദര്‍ശനത്തോട് പ്രകടിപ്പിക്കാറുമുണ്ട്. ഇതെല്ലാം പരിഷ്‌കൃത ജനാധിപത്യത്തിലെ അവശ്യഘടകങ്ങളുമാണ്.
എന്നാല്‍ നോക്കൂ, ട്രംപ് എവ്വിധമാണ് ഇന്ത്യയില്‍ ആഘോഷിക്കപ്പെട്ടത്? അതിമാനുഷികതയുടെ ആടയാഭരണങ്ങളാല്‍ അയാള്‍ അവതരിപ്പിക്കപ്പെട്ടു. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ട്രംപിനെതിരായ വിമര്‍ശനങ്ങളെ ഇന്ത്യാവിരുദ്ധത എന്ന് എണ്ണി. ഹിന്ദു വിരുദ്ധതയെന്ന് വീണ്ടുമെണ്ണി. സംഘത്തിന്റെ അപ്രീതി ഭയന്ന് ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുട്ടിലിഴഞ്ഞു. ട്രംപുമായി ഉണ്ടാക്കും എന്ന് പറഞ്ഞ കരാറുകള്‍, ഉണ്ടാക്കിയ ഉടമ്പടികള്‍ വിശകലനം ചെയ്യപ്പെട്ടില്ല. ആയുധമിടപാട് നിലവില്‍ ദുര്‍ബലമായ ഇന്ത്യന്‍ സാമ്പത്തികതക്ക് വരുത്തിവെക്കുന്ന ഭീമമായ ആഘാതം ആരും സ്പര്‍ശിച്ചില്ല. ഇന്ത്യയും അമേരിക്കയും മുസ്ലിം ഭീകരതയുടെ ഇരകളാണ് എന്ന അടര്‍ത്തിമാറ്റിയ വാചകം അതിപ്രധാന്യത്തോടെ കൊണ്ടാടി. എന്താണ് ആ പ്രസ്താവനയുടെ അടിത്തറ എന്ന വസ്തുത ആരും ചികഞ്ഞില്ല. സ്വതന്ത്ര ഇന്ത്യയുടെ ഏഴുപതിറ്റാണ്ടില്‍ ഏത് മുസ്ലിം ഭീകരാക്രമാണ് ഇന്ത്യയില്‍ നടന്നതായി സംശയരഹിതമായി കണ്ടെത്താന്‍ കഴിഞ്ഞത് എന്ന ലളിതമായ ചോദ്യം പോലും ഒറ്റ മാധ്യമങ്ങളും ഉയര്‍ത്തിയില്ല. കൃത്യമായ പ്രകോപനങ്ങളുടെ ഭാഗമായ വര്‍ഗീയ കലാപങ്ങളെയാണോ ട്രംപ് ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ചത് എന്ന സംശയം ഉയര്‍ന്നില്ല. എന്താണ് ട്രംപ് വാഗ്ദാനം ചെയ്ത് ഇന്ത്യ ഒപ്പുവെച്ച സമഗ്ര തന്ത്രപങ്കാളിത്തം (കോംപ്രഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്) എന്ന ചോദ്യം ചോദിക്കപ്പെട്ടില്ല.
പകരമോ, ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഭരണകൂടം മറ്റൊരു ഭരണാധികാരിക്കുമുന്നില്‍ വിധേയവേഷം കെട്ടിയാടി. ഇതാ രക്ഷകന്‍ എന്ന് ദുര്‍ബലന്റെ മനോനിലയിലേക്ക് നിപതിച്ച സംഘപരിവാരം, ട്രംപ് വാഴ്ത്തുകളെ ദേശീയതയുടെ വാഴ്ത്തുപാട്ടാക്കി മാറ്റി. പൗരത്വ സമരക്കാരേ കരുതിയിരുന്നോ, ദാ ഞങ്ങളുടെ ട്രംപിനെ കണ്ടില്ലേ എന്നതരം അപഹാസ്യമായ ആര്‍പ്പുവിളികള്‍ പലഭാഷകളില്‍ ചാനലുകളില്‍ നിറഞ്ഞു. അതിഥിയും ആതിഥേയരും തമ്മിലെ വിനിമയങ്ങളില്‍ പാലിക്കാറുള്ള അന്താരാഷ്ട്ര അന്തസ് നരേന്ദ്രമോഡി ട്രംപിന്റെ മുന്നില്‍ കാറ്റില്‍ പറത്തുന്നതും നാം കണ്ടു. അതും പക്ഷേ, ആഘോഷിക്കപ്പെട്ടു.
ഇങ്ങനെ വിജൃംഭിതമായിത്തീര്‍ന്ന ദേശീയതയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ ആയുധമെടുത്തത്. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ അപമാനിക്കാന്‍, അതുവഴി ഞങ്ങളുടെ ഇന്ത്യയെ നാണംകെടുത്താന്‍, പൗരത്വ സമരക്കാര്‍ ശ്രമിക്കുന്നു എന്ന ഡല്‍ഹി കൊലവിളി നിങ്ങള്‍ കേട്ടതാണ്. ആ കൊലവിളികളില്‍ ഒന്ന് കപില്‍ മിശ്രയുടേതായിരുന്നു. ട്രംപ് പോകും വരെ സമയം തരാം, അത് കഴിഞ്ഞ് കാട്ടിത്തരാം എന്നായിരുന്നല്ലോ ബി ജെ പിയുടെ ആ ഡല്‍ഹി മുഖത്തിന്റെ വെല്ലുവിളി.
സമാധാനത്തിന്റെ സമരമുഖങ്ങള്‍ വെല്ലുവിളികളെ ഭയക്കില്ല എന്ന് ലോകത്തെ പഠിപ്പിച്ചത് സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയാണ്. അന്നുമുതലുള്ള ഇന്ത്യയുടെ ആത്മസത്തയെ ആവാഹിച്ച മനുഷ്യരാണല്ലോ ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാന്‍ സമരമുഖത്തുള്ളത്. ഇതാരുടെ ഇന്ത്യ എന്ന സംശയമില്ലാത്തവര്‍. സ്വാഭാവികമായും അവര്‍ ഭയന്നില്ല. 2002-ല്‍ ഗുജറാത്തില്‍ നടത്തിയ ഉന്മൂലനത്തിന്റെ പാഠങ്ങള്‍ ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചത് അങ്ങനെയാണ്. ഗുജറാത്തിലെ അതേ ആസൂത്രണം അവര്‍ ഡല്‍ഹിയിലും നടത്തി. മുസ്ലിം വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും തിരഞ്ഞുപിടിച്ച് കത്തിച്ചു. മനുഷ്യര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലേക്ക് മതം തിരഞ്ഞ് ചെന്നു. ഗുജറാത്തില്‍ സംഭവിച്ച ഒരു കാര്യം ചരിത്രകാരനായ കെ എന്‍ പണിക്കര്‍ എഴുതുന്നത് ഇങ്ങനെയാണ്: ”പുതിയ ബിസിനസ് ജില്ലയായി വളര്‍ന്നു വരുന്നുണ്ടായിരുന്ന സബര്‍മതി നദിയുടെ പടിഞ്ഞാറെ ഭാഗത്ത് കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി മുസ്ലിംകളുടെ ബിസിനസ് സ്ഥാപനങ്ങളുടെ സ്ഥിതി വിവരക്കണക്കുകള്‍ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി ശേഖരിച്ചിരുന്നു. കലാപം തുടങ്ങിയപ്പോള്‍ നഗരത്തിലിറങ്ങിയ ഗുണ്ടാസംഘങ്ങളുടെ കൈയില്‍ തകര്‍ക്കേണ്ട സ്ഥാപനങ്ങളുടെ പേര്, വിലാസം, സ്ഥാനം വരെ കൃത്യമായുണ്ടായിരുന്നു. അടുത്തടുത്ത് കിടക്കുന്ന ഹിന്ദു, മുസ്ലിം സ്ഥാപനങ്ങളില്‍ ഒരൊറ്റ ഹിന്ദു സ്ഥാപനങ്ങള്‍ പോലും കൊള്ളയടിക്കപ്പെട്ടില്ല, തകര്‍ക്കപ്പെട്ടില്ല. ഒരു തെരുവില്‍ അഴിഞ്ഞാടുന്ന ആക്രമകാരികള്‍ കൃത്യം മുസ്ലിംകളുടെ സ്ഥാപനങ്ങളിലേക്ക് തന്നെ കയറിവന്ന അത്ഭുത പ്രതിഭാസം.” സമാനമാണ് ഡല്‍ഹിയിലും അരങ്ങേറിയതെന്ന് നാം കണ്ടു. മൂന്ന് കടകള്‍ക്കിടയില്‍ നിന്ന് നടുവിലുള്ള ഒരേയൊരെണ്ണം വിദഗ്ധമായി കത്തിച്ചത് കണ്ടുവല്ലോ നമ്മള്‍.
സമാനതകള്‍ അതു മാത്രമല്ല. മാധ്യമങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും വാര്‍ത്താ സമീപനം നോക്കൂ. പൗരത്വ നിയമ അനുകൂലികളും പൗരത്വ നിയമ പ്രതികൂലികളും എന്ന വ്യാജദ്വന്ദത്തെ എത്ര സമര്‍ഥമായാണ് അവര്‍ പ്രതിഷ്ഠിച്ചത്. കൃത്യമായി ഒരു മതവിഭാഗത്തെ തിരഞ്ഞുപിടിച്ച് നടത്തിയ അക്രമത്തെ വംശീയാക്രമണം എന്ന് വിളിക്കാന്‍ ഈ കുറിപ്പെഴുതുന്ന നേരം വരെ മുഖ്യധാര തയാറായിട്ടില്ല. ഗുജറാത്തിലും അതായിരുന്നല്ലോ സ്ഥിതി? എല്ലാം കഴിഞ്ഞ്, കരിഞ്ഞ മാംസത്തിന്റെ ഗന്ധത്താല്‍ ഒരു നാട് വിറങ്ങലിച്ചതിന് ശേഷം, ആയിരങ്ങള്‍ വലിച്ച് കീറപ്പെട്ടതിന് ശേഷം മാത്രമാണ് ഗുജറാത്തിലേത് വംശഹത്യയാണെന്ന് ചിലരെങ്കിലും പറഞ്ഞത്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ മുസ്ലിംകള്‍ മാത്രമാണെന്ന സംഘപരിവാര്‍ പ്രചാരണത്തെ അടിവരയിടുന്നതായിരുന്നു മാധ്യമങ്ങളുടെ ഡല്‍ഹി റിപ്പോര്‍ട്ടുകള്‍. മൗദൂദിസ്റ്റുകളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും കിണഞ്ഞുപരിശ്രമിച്ചിട്ടും ആ സമരം അങ്ങനെ മുസ്ലിം സമരം മാത്രമായിത്തീര്‍ന്നില്ല എന്ന വസ്തുത വിളിച്ചുപറയാന്‍ ആരും തയാറായില്ല. ഗുജറാത്തില്‍ നടത്തിയ പാട്ടകമ്പടി തന്നെ ഡല്‍ഹിയിലും ആവര്‍ത്തിച്ചു. സ്വന്തം സഹപ്രവര്‍ത്തകന്റെ അടിവസ്ത്രമഴിക്കുമെന്ന ഭീഷണി ഉണ്ടായിട്ടും അവരില്‍ ഒരാളുടെ നെഞ്ചുപിളര്‍ത്തി വെടിയുണ്ട പാഞ്ഞിട്ടും ഒരു മാറ്റവുമുണ്ടായില്ല. ഒന്നര പതിറ്റാണ്ടായി ഡല്‍ഹിയില്‍ ജീവിക്കുന്ന ഏഷ്യാനെറ്റിലെ പി ആര്‍ സുനില്‍ പറഞ്ഞത് ഇങ്ങനെ കേള്‍ക്കാം: ”റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്നോടും വന്ന് മതം ചോദിച്ചു. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഞാന്‍ കണ്ടത്. അക്രമദൃശ്യങ്ങള്‍ ഷൂട്ട് ചെയതാല്‍ നമുക്ക് നേരെ കല്ലെറിയും. മാറിനിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ഫോണുകള്‍ പുറത്തെടുക്കാന്‍പോലും പലരെയും അനുവദിക്കുന്നില്ല. ഇവിടെ അടുത്തുള്ള നന്ദിഗിരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന്‍ അല്‍പം മുന്‍പ് എത്തിയിരുന്നു. ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷന്റെ ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്. 16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984-ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്.
സംഘടിത ആക്രമം എന്ന് മാത്രം പറഞ്ഞാല്‍പോരാ. ആസൂത്രിത സംഘടിത ആക്രമമാണ് നടക്കുന്നത്. ഒരുസംഘം ആളുകള്‍ വടിയും പിടിച്ച് പൊലീസിനുമുന്നിലൂടെ പോകുന്നത് ഞാന്‍ കണ്ടതാണ്. അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു. പിന്നീട് പള്ളിയില്‍ നിന്ന് തീ ഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു. ഇതെല്ലാം നടക്കുമ്പോള്‍ പൊലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയായിരുന്നു. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. ജയ്ശ്രീറാം വിളിച്ചാണ് അക്രമിസംഘം അഴിഞ്ഞാടുന്നത്. ജാഫറാബാദില്‍ പ്രകടനം നടത്താന്‍ ബി ജെ പി നേതാവ് കപില്‍മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്. കേന്ദ്രസര്‍ക്കാരിന് ഇത് നിയന്ത്രിക്കണമെങ്കില്‍ നിയന്ത്രിക്കാം. വേണമെങ്കില്‍ സൈന്യത്തെ ഇറക്കാം. പക്ഷേ അതിനുള്ള ഒരു നടപടിയും ചെയ്യുന്നില്ല. കലാപകാരികള്‍ അഴിഞ്ഞാടുകയാണ്.” സുനില്‍ ഈ വാക്കുകള്‍ പറഞ്ഞതിന് ശേഷവും ഏഷ്യാനെറ്റിനുള്‍പ്പെടെ ഡല്‍ഹിയിലേത് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ഏകപക്ഷീയ വര്‍ഗീയാക്രമണമോ വംശഹത്യയോ ആയില്ല. ഈ മൗനം എന്നാണ് വിചാരണക്കെടുക്കേണ്ടത്?
2002 നേക്കാള്‍ ഇന്ത്യ കുറേക്കൂടി തുറന്ന ലോകമാണ്. ഗുജറാത്തിനേക്കാള്‍ വലുതാണ്, വളരെ വലുതാണ് ഇന്ത്യ. ഇന്ത്യയില്‍ എഴുപത് ശതമാനം മനുഷ്യര്‍ സംഘപരിവാരത്തിന് ഒപ്പമില്ല. ഗുജറാത്തിലേതുപോലെ ഒറ്റക്കല്ല ഡല്‍ഹിയിലെ മുസ്ലിംകള്‍. രാജ്യം അങ്ങോട്ട് നോക്കാന്‍ തുടങ്ങുന്നുണ്ട്. ഈ ക്രിമിനല്‍ക്കൂട്ടങ്ങള്‍ വെളിച്ചമുള്ളപ്പോഴെങ്കിലും കുറച്ചുനേരം ഒളിച്ചിരുന്നേക്കാം. ഗുജറാത്തില്‍ അങ്ങനെ ആയിരുന്നില്ല. പക്ഷേ ഇരുട്ടില്‍ അവര്‍ വരുന്നുണ്ട്. അവിടേക്കുള്ള വെളിച്ചമാണ് ഡല്‍ഹിക്കും രാജ്യത്തിനും വേണ്ടത്. സത്യം മാത്രം അനുഷ്ഠിച്ചതിന് ഒരു മഹാവെളിച്ചത്തെ ഇതേ ഡല്‍ഹിയില്‍, 1948 ജനുവരി 30-ന് കെടുത്തിക്കളഞ്ഞവരാണ് ഇപ്പോള്‍ അക്രമം നടത്തുന്നത്. അദ്ദേഹത്തിന്റെ പിന്മുറയെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷിയുടെ, ഗാന്ധിനാമം പച്ചകുത്തിയ ഇളമുറക്കാരന് നേരം വെളുത്തതായി ഒരു സൂചനയുമില്ല. അവരെയെല്ലാം മറികടന്നുള്ള നമ്മുടെ ജാഗ്രതയാണ് ഡല്‍ഹിയിലെയും രാജ്യത്തെയും മുസല്‍മാന്മാരോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ചെയ്യാവുന്ന കരുണ.
കെ കെ ജോഷി
You must be logged in to post a comment Login