ഇന്ത്യന്‍ സാമൂഹികത സൂഫിസത്തോട് കടപ്പെടുന്നതെങ്ങനെ?

ഇന്ത്യന്‍ സാമൂഹികത സൂഫിസത്തോട് കടപ്പെടുന്നതെങ്ങനെ?

ഇന്ത്യയിലെ സമ്പന്നമായ ആത്മീയ അടിത്തറകള്‍ക്ക് കാരണം നവോത്ഥാനത്തിന്റെ ഹൃദയത്തില്‍ സൂഫിസത്തിന്റെ സാമൂഹിക-സാംസ്‌കാരിക സാന്നിധ്യമാണ്. പരോപകാരത്തിന്റെയും സാര്‍വത്രിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആള്‍രൂപങ്ങളായ സൂഫികള്‍ക്ക് സമൂഹത്തിനുള്ളില്‍ രൂപപ്പെടുന്ന അപകര്‍ഷതാബോധം ഇല്ലാതാക്കാന്‍ കഴിയും. ഇന്റര്‍ഫെയിത്ത് ഡിലോഗുകളും (സുല്‍ഹേ-കുല്‍) മനുഷ്യരാശിക്കുള്ള സേവനവും (ഖിദ്മതേ-ഖല്‍ഖ്) അവയിലെ പ്രധാന വശങ്ങളായിരുന്നു. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പ്രായോഗികതയില്‍ സൂഫി ഖാന്‍ഗാഹുകളും (പര്‍ണശാല) ദര്‍ഗകളും നിര്‍ണായകമായ പങ്കുവഹിക്കുകയുണ്ടായി. ഇന്ത്യന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാകുന്ന സൂഫി ഇടപെടലുകളുടെ ഭാഷാപരവും അക്ഷരീയവുമായ ഫലങ്ങളാണ് ‘ഹിന്ദാവി ഭാഷ'(ഹിന്ദി, ഉറുദു എന്നീ ഭാഷകളുടെ പ്രാകൃത രൂപം), ‘മാല്‍ഫുസാത്ത് സാഹിത്യങ്ങള്‍’ എന്നിവ. ആസൂത്രിതമായ ആത്മീയപ്രചാരണത്തിലൂടെ ഇന്ത്യന്‍ സൂഫികള്‍ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിച്ചു. സൂഫി തത്വചിന്തയുടെ സാമൂഹിക-സാംസ്‌കാരിക ഫലങ്ങള്‍ അവലോകനം ചെയ്യാനും പ്രതിഫലിപ്പിക്കാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീചിന്തകളുടെ പ്രതിഫലനങ്ങള്‍ വിപ്ലവകരമായിരുന്നു. ഇന്ത്യയുടെ സാംസ്‌കാരികമണ്ഡലത്തെ വൈവിധ്യങ്ങളെ സ്വാംശീകരിക്കുന്നതിലേക്കും അവയുടെ ഉള്‍ചേരലിലേക്കും കൊണ്ടെത്തിച്ചതിലെ അത്ഭുതകരമായ പങ്ക് പഠനവിധേയമാക്കേണ്ടതുണ്ട്. പാരമ്പര്യ സൂഫീ പര്‍ണശാലകളില്‍ (ഖാന്‍ഗാഹുകള്‍) വിവിധ ജാതികള്‍, മതങ്ങള്‍, തൊഴിലുകള്‍ എന്നിവയില്‍ നിന്നെല്ലാമുള്ള ജീവിതങ്ങളുടെ സംഗമം നമുക്ക് കാണാന്‍ കഴിയും. ഭാഷയിലെ വൈവിധ്യം അവരുടെ ആശയവിനിമയത്തിന് ഒരു തടസ്സവും സൃഷ്ടിച്ചില്ല. ഇത് സാംസ്‌കാരിക വൈവിധ്യത്തെ ദൃഢവത്കരിക്കുന്നതിനും പുതിയ ഭാഷകളുടെ ഉത്ഭവത്തിനും കാരണമായി. ഖാന്‍ഗാഹുകളിലാണ് ഹിന്ദാവി ഭാഷയുടെ രൂപീകരണമുണ്ടായതെന്ന് ധാരാളം ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഭക്തി പ്രസ്ഥാനത്തിന്റെ വേരുകള്‍ വരെ സൂഫി സിദ്ധാന്തങ്ങളിലേക്ക് ചെന്നെത്തുന്നവയാണ്.

സ്നേഹം, സഹിഷ്ണുത എന്നീ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് സൂഫികള്‍ ഇന്ത്യന്‍ സാമൂഹികതയിലിടപെട്ടു. ക്രമേണ മദ്യപാനം, ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ തിന്മകളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കാന്‍ തുടങ്ങി. സാമൂഹികജീവിതത്തില്‍നിന്ന് എല്ലാത്തരം അഴുക്കുകളും ഏറെക്കുറെ അപ്രത്യക്ഷമായി. എച്ച് എ ആര്‍ ഗിബ്ബ് പറയുന്നതനുസരിച്ച്, ഇസ്ലാം അപകടത്തിലായ സമയങ്ങളില്‍ തത്വചിന്താപരമായ പ്രചാരണത്തിലൂടെ അതിനെ പ്രതിരോധിക്കാന്‍ സൂഫികള്‍ മുന്‍പന്തിയിലായിരുന്നു. മുഖ്യധാരാ ചരിത്രം അവഗണിച്ച സാധാരണക്കാരായ ജനങ്ങളുടെ ജീവിതാവിഷ്‌കാരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അതുല്യമായ പങ്കുവഹിക്കാന്‍ മല്‍ഫൂസാതുകള്‍ക്കായി. ഇങ്ങനെ മണ്ണടിഞ്ഞ് പേവേണ്ടിയിരുന്ന ചരിത്രസന്ദര്‍ഭങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ മധ്യകാല ചരിത്രത്തിന് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കാന്‍ ഈ സൂഫീ സാഹിത്യങ്ങള്‍ക്ക് സാധിച്ചു. ആ ഗ്രന്ഥങ്ങളുടെ ഭാഷാപരവും ദാര്‍ശനികവുമായ വശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യേണ്ടതുണ്ട്.
ചരിത്രകാരന്മാര്‍ സൂഫീ സാഹിത്യങ്ങളെ രണ്ടുഭാഗങ്ങളാക്കുന്നുണ്ട്. കിതാബുല്‍ ഉലമ, രിസാലതുല്‍ ഖുശൈരിയ്യ, കശ്ഫുല്‍ മഹ്ജൂബ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ പിറവിയെടുത്ത ആദിമ കാലഘട്ടം.
തദ്കിറകള്‍, മല്‍ഫൂസാത്, മക്തൂബാത് തുടങ്ങിയ ശാഖകള്‍ ആവിര്‍ഭവിച്ച മറ്റൊരു ഘട്ടം. രണ്ട് കാലഘട്ടങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. ഇതില്‍ രണ്ടാമത്തെ കാലഘട്ടത്തിലാണ് മല്‍ഫൂസാതുകളുടെ പിറവിയെന്ന് കാണാം.

മല്‍ഫൂസാത് സാഹിത്യങ്ങളെ മൂന്നായി വര്‍ഗീകരിക്കാം. ധര്‍മ പ്രഭാഷണങ്ങള്‍ (സൂഫി സംഗമങ്ങളിലെ പ്രസംഗം), സംഭാഷണങ്ങള്‍, സാധാരണ പ്രസംഗങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളിലെ സൂഫീ ആചാര്യന്മാരുടെ വാക്കുകള്‍ ക്രോഡീകരിച്ചാണ് ഇത്തരം സാഹിത്യങ്ങള്‍ ഉരുവം കൊള്ളുന്നത്. തന്റെ അനുചരന്മാരുമായുള്ള സൂഫിയുടെ സംഭാഷണങ്ങള്‍ യാഥാര്‍ത്ഥ്യ ലോകത്ത് നിന്നും അനുഭവിക്കുന്നതായാണ് വായനക്കാരന് അനുഭവപ്പെടുന്നത്.

മധ്യകാല ഇന്ത്യയുടെ ചരിത്രരേഖ രാഷ്ട്രീയ ചരിത്രത്തിലോ ജീവചരിത്ര, ഓര്‍മക്കുറിപ്പുകളിലോ ഒതുങ്ങി. ജനങ്ങളുടെ സാമൂഹികജീവിതം പൂര്‍ണമായും അവഗണിക്കപ്പെട്ടു. അക്കാലത്തെ രാഷ്ട്രീയേതര സവിശേഷതകളെ മാല്‍ഫൂസാത്തിലൂടെ രേഖപ്പെടുത്തുകവഴി രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിന് ബദല്‍ സൃഷ്ടിക്കാനായി. വളരെ വ്യത്യസ്തമായ ഒരു സാഹിത്യശാഖയായിട്ടാണ് ലോകം ഇന്ന് മല്‍ഫൂസാതുകളെ വിലയിരുത്തുന്നത്. അക്കാലഘട്ടത്തിലെ സാമൂഹികവും മതപരവുമായ സാഹചര്യങ്ങളെക്കുറിച്ച് നിഗൂഢവും ആഴത്തിലുള്ളതുമായ അറിവുകളാണ് ഇത്തരം രചനകള്‍ ചരിത്രകാരന്മാര്‍ക്ക് നല്‍കുന്നത്. മുഗള്‍ കാലഘട്ടത്തിന് മുന്‍പുള്ള ധാരാളം ചരിത്രപരവും സാമൂഹികവുമായ യാഥാര്‍ത്ഥ്യങ്ങളെ മല്‍ഫൂസാതുകളിലൂടെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്നു.
മല്‍ഫൂസിന്റെ (Malfuz) ബഹുവചനമാണ് മല്‍ഫൂസാത് (Malfuzat). ഉച്ചരിച്ചത് അല്ലെങ്കില്‍ ഉച്ചാരണം എന്നൊക്കെയാണ് ഇതിനര്‍ഥം. അതുകൊണ്ട് തന്നെ ശിഷ്യന്മാര്‍ സ്വയം നിര്‍മിച്ചെടുത്ത സാഹിത്യഗ്രന്ഥങ്ങളല്ല ഇതെന്നും ആദരണീയരായ ഗുരുക്കന്മാരില്‍ നിന്നുള്ള വാമൊഴികളാണിതെന്നും ഈ ശാഖയുടെ പേരുതന്നെ വ്യക്തമായി അവകാശപ്പെടുന്നു. ഗുരുവിന്റെയും (ശൈഖ്)ശിഷ്യന്റെയും(മുരീദ്) ഒരു സഹകരണ പദ്ധതിയായി ഇതിനെ അവതരിപ്പിക്കാം. സാഹിത്യത്തിന്റെ നിഗൂഢതകള്‍ മറഞ്ഞിരിക്കുന്ന സൂഫീ പ്രയോഗങ്ങളും വാക്യഘടനയും ചേര്‍ത്ത് നോക്കുമ്പോള്‍ ബൗദ്ധികമായ പരിപ്രേഷ്യത്തില്‍ സാമൂഹികസ്ഥാപനങ്ങളും വ്യവഹാരങ്ങളും എങ്ങനെ കയറിവരുന്നു എന്ന ചോദ്യം ഒറ്റനോട്ടത്തില്‍ ഉയര്‍ന്നു വന്നേക്കാം. എന്നാല്‍ ജാതിമത ഭേദമന്യേ ഒരുമിച്ചുകൂടിയിരുന്ന ഖാന്‍ഗാഹുകളില്‍ നിന്നുത്ഭവിച്ച ഇത്തരം സാഹിത്യ കൃതികളില്‍ സാമൂഹിക ജീവിതം അന്യംനില്‍ക്കുമെന്നത് അചിന്തനീയമാണ്. അതുകൊണ്ട് തന്നെ മധ്യകാല ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന വ്യവഹാരങ്ങളെ നിരീക്ഷിക്കുന്നതിനുള്ള രീതിശാസ്ത്രമായി ഈ കൃതികളെ നമുക്ക് ഉപയോഗിക്കാമെന്ന് പറയുന്നതില്‍ തെറ്റില്ല.

പ്രവാചകന്റെ(സ്വ) ജീവിതവും ജീവിതപാഠങ്ങളും സംരക്ഷിക്കുന്നതിനായി ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ആരംഭിച്ച സീറയുടെയും ഹദീസിന്റെയും രീതിശാസ്ത്രങ്ങളെ പിന്തുടര്‍ന്നുണ്ടായ, യുക്തിസഹമായ അവയുടെ വികസിത രൂപമായിട്ടാണ് ചരിത്രകാരന്മാര്‍ മല്‍ഫൂസാതുകളെ കണക്കാക്കുന്നത്. അബ്ദുറഹ്മാന്‍ അല്‍സുലൈമാനിയുടെ ത്വബഖാതുസ്സൂഫിയ്യ, അബൂയസീദ് ബിസ്താമിയുടെ സൂഫീ സംസാരങ്ങള്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ മോണോഗ്രാഫി മോഡലില്‍ എഴുതപ്പെട്ട കൃതികള്‍ക്ക് ഉദാഹരണങ്ങളാണ്. പ്രേക്ഷകരുടെ വാക്കുകളും അഭിപ്രായങ്ങളും പ്രതിപാദിക്കപ്പെടുന്ന രചനകളും ഉണ്ടായിട്ടുണ്ട്. മിക്കതും പണ്ഡിതന്മാരുടെ ചോദ്യോത്തര സെഷനുകളാണ്. ഇവ ‘മജ്ലൂസാത്’ എന്നാണ് അറിയപ്പെടുന്നത്. ഹസ്റത് അലിയുടെ (റ) പ്രഭാഷണങ്ങള്‍ സമാഹരിച്ച് നഹ്ജുല്‍ ബലാഗ് എന്ന ഗ്രന്ഥം സയ്യിദ് റാസി എഴുതിയിട്ടുണ്ട്.
സൂഫീ ജീവിതങ്ങളെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന മല്‍ഫൂസാതുകള്‍ വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും വൈപുല്യം കൊണ്ടും ഏറെ പ്രസിദ്ധമാണ്. ഡയറി രൂപത്തിലുള്ള ജാമിഉല്‍ ഉലൂം, ചിശ്തിയ്യ, സൂഫീ ശാഖയിലെ പ്രധാന കൃതികളിലൊന്നായ കിസാനതുല്‍ ഫവാഇദുല്‍ ജലാലിയ്യ തുടങ്ങിയവ ഉദാഹരണം.

മല്‍ഫൂസാതുകളെ പിന്തുടര്‍ന്ന് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രത്യേക സാഹിതീയ രൂപം തന്നെ ജന്മം കൊണ്ടു. ദില്ലി സുല്‍ത്താനേറ്റ് സ്ഥാപിച്ചതിന് ശേഷമാണ് പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഗദ്യവും പദ്യവും കൂടുതല്‍ ജനകീയമാകുന്നതും നിരവധി വാള്യങ്ങളിലായി ധാരാളം സാഹിത്യ ഗ്രന്ഥങ്ങള്‍ വിരചിതമാവുകയും ചെയ്യുന്നത്. അമീര്‍ ഖുസ്രു, ഫിര്‍ദൗസി തുടങ്ങിയ പേര്‍ഷ്യന്‍ സാഹിത്യകാരന്മാര്‍ ഉദയം ചെയ്തു. ആധുനിക ഹിന്ദി, ഉറുദു ഭാഷകളുടെ പ്രാഗ്്രൂപമായ ഹിന്ദാവി കൂടി പിറന്നത് ഖാന്‍ഗാഹുകളിള്‍ ഭാഷാവൈവിധ്യം സൃഷ്ടിക്കുകയും ഇത് അതിഥികളുടെ ആശയവിനിമയം സുഗമമാക്കുകയും ചെയ്തു.
ഇന്ത്യയില്‍ സൂഫിസത്തിന് തുടക്കം കുറിച്ചത് ചിശ്തികളായതുകൊണ്ടാവണം മല്‍ഫൂസാത് സാഹിത്യങ്ങളുടെ കീര്‍ത്തി ചിശ്തി സൂഫീ ശാഖയോട് ചേര്‍ന്നുനില്‍ക്കുന്നത്. അമീര്‍ ഹസന്‍ ഹലാസിജിയുടെ ഫവാഇദുല്‍ ഫുആദ്, ഖിവാനുല്‍ അഖാഇദു ദുററേ നിസാമുദ്ദീന്‍ (ശൈഖ് ഖിവാമുദ്ദീന്‍ സമാഹരിച്ച ഹസ്റത് നിസാമുദ്ദീന്‍ ഔലിയയുടെ മൊഴിമുത്തുകള്‍, മൗലാന അലി ബിന്‍ മഹ്മൂദ് ജന്ദര്‍), അസ്സുറൂറു വസുദൂര്‍ (ശൈഖ് സഈദ് സമാഹരിച്ച ശൈഖ് ഹിമാദുദ്ദീന്‍ നാഗുരിയുടെ മഹത്്വചനങ്ങള്‍), അനീസുല്‍ അര്‍വാഹ് (ഖാജ മുഈനുദ്ദീന്‍ ചിശ്തി രചിച്ച തന്റെ ആത്മീയഗുരുവായ ഉസ്മാനെ ഹറോനിയുടെ ഇരുപത്തിയെട്ട് പ്രഭാഷണങ്ങള്‍), ഖിസാനതുല്‍ ഫവാഇദു ജലാലിയ്യ, ജാമിഉല്‍ ഉലൂം (രണ്ടും സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി എന്നവരുടെ വചനങ്ങളാണ്). 13-17 നൂറ്റാണ്ടുകളിലെ ഇരുപത്തിയൊന്‍പത് മല്‍ഫൂസാത് രചനകളെക്കുറിച്ച് മുഹമ്മദ് അസ്ലം സംഗ്രഹിച്ച് എഴുതിയ ചരിത്രപഠനം ഏറെ പ്രസിദ്ധമാണ്.

ഖാന്‍ഗാഹ് / ജമാഅത് ഖാനകള്‍ അന്തേവാസികളെ സംരക്ഷിക്കുകയും വിശക്കുന്നവന് ഭക്ഷണം നല്‍കുകയും ചെയ്തു. ഈ രണ്ട് പദങ്ങളും (ഖാന്‍കാഹ്, ജമാഅത് ഖാന) പര്യായപദങ്ങളായി ഉപയോഗിക്കുന്നുവെങ്കിലും ചിശ്തി കേന്ദ്രങ്ങളെ ജമാഅത് ഖാന എന്ന് മാത്രമാണ് വിളിച്ചിരുന്നത്. ഇതിന് പുറമെ ‘സാവിയ’ (കോര്‍ണര്‍) എന്ന് വിളിക്കപ്പെട്ടിരുന്ന ചെറിയ ഇടങ്ങളും ഉണ്ടായിരുന്നു. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു പറ്റം സൂഫികള്‍ ജീവിച്ചുപോന്നു. ഈ സാവിയ എന്ന പദം ലോപിച്ചാണ് നമ്മുടെ നാടുകളില്‍ കാണപ്പെടുന്ന ഗ്രാമങ്ങളിലെ ചെറിയ നിസ്‌കാരപള്ളികളെ വിളിക്കുന്ന ‘സ്രാമ്പ്യ’ എന്ന പദമുണ്ടായതന്ന് ചില ഭാഷാപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ആത്മീയ ഗുരുക്കന്മാര്‍ തങ്ങളുടെ ആരാധനാസൗകര്യത്തിനും സ്വസ്ഥതക്കും ചെറിയ കൂരകള്‍ കെട്ടി. ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് ഭൂരിഭാഗം സൂഫീ മന്ദിരങ്ങളും കാണപ്പെടുന്നത്. പില്‍ക്കാലത്ത് അവരുടെ പ്രസിദ്ധി സമൂഹത്തില്‍ വ്യാപകമാവുമ്പോള്‍ ആ മന്ദിരങ്ങള്‍ക്ക് ചുറ്റും മനുഷ്യവാസം ആരംഭിക്കുകയും പുതിയ സംസ്‌കാരങ്ങളും സമൂഹങ്ങളും രൂപം കൊള്ളുകയും സാംസ്‌കാരിക സൗഹൃദങ്ങളുടെ വേദിയാവുകയും ചെയ്തു.

പിന്നീട് ശൈഖുകളുടെ മഖ്ബറകള്‍ (അന്ത്യവിശ്രമ കേന്ദ്രങ്ങള്‍) അവരുടെ ശിഷ്യന്മാരുടെ ആത്മീയ കേന്ദ്രങ്ങളാവുകയും കാലക്രമേണ അവിടങ്ങളില്‍ ഖാന്‍ഗാഹുകള്‍ ഉരുവം പ്രാപിക്കുകയും ചെയ്തു.
ഖാന്‍ഗാഹുകളുടെ വലിയ കേന്ദ്രമായിരുന്നു ഡല്‍ഹി. ധാരാളം സൂഫികളും സൂഫീ മന്ദിരങ്ങളും ഇവിടെ നിലനിന്നിരുന്നു. സുല്‍ത്താനേറ്റ് ഭരണത്തിലെ പന്ത്രണ്ട് സുല്‍ത്താന്മാരെ ചിശ്തി ത്വരീഖത്തിലെ ഉന്നത ശീര്‍ഷരായ ശൈഖ് ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാക്കി ദഹ്‌ലവി, ശൈഖ് നിസാമുദ്ദീന്‍ ഔലിയ, ശൈഖ് നാസ്വിറുദ്ദീന്‍ ചിരാഗി തുടങ്ങിയവരായിരുന്നു നിയന്ത്രിച്ചിരുന്നത്. നഗരവത്കരണത്തിന്റെ ഭാഗമായി ഈ ആത്മീയ ഗുരുക്കന്മാരിലേക്ക് അഭയം തേടി ഒഴുകിയെത്തിയ ജനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു.

നാഗരിക ബുദ്ധിജീവികളുടെയും ഗ്രാമീണ മനുഷ്യരുടെയും കൂടിച്ചേരലുകള്‍, സാംസ്‌കാരികമായ ഉള്‍ച്ചേരലുകള്‍ എന്നിവക്ക് ഖാന്‍ഗാഹുകളുടെ വളര്‍ച്ച ആക്കം കൂട്ടി. പ്രഭുക്കന്മാര്‍, അമീറുമാര്‍, രാജകുമാരന്മാര്‍, സാധാരണക്കാര്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ വിഭാഗങ്ങളിലെയും ആളുകള്‍ ശൈഖില്‍ നിന്ന് ആശ്വാസവും അനുഗ്രഹവും മാര്‍ഗനിര്‍ദേശവും തേടി അവിടെയെത്തി. ഇത് വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും ബഹുമാനവും സഹകരണവും വളര്‍ത്താന്‍ സഹായകമായി.

ചിശ്തി ഖാന്‍ഗാഹുകളുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത കമ്മ്യൂണിറ്റി കിച്ചണ്‍ അെല്ലങ്കില്‍ ലങ്കാര്‍ ഖാനകളായിരുന്നു. ആദ്യം അഭിവാദ്യം (സ്വീകരണം) പിന്നെ ഭക്ഷണം, പിന്നീട് സംസാരം എന്നതായിരുന്നു അവിടുത്തെ പതിവ്. ഏത് ഉയര്‍ന്ന പദവിയിലുള്ള ശിഷ്യന്മാരും അടുക്കളയില്‍ പണിയെടുക്കേണ്ടിവന്നു. സമൂഹത്തിന് വേണ്ടി ഏതുരീതിയിലും സേവനം ചെയ്യുന്ന തരത്തിലേക്ക് മനസ്സുകളെ പരിവര്‍ത്തനപ്പെടുത്തുക എന്നത് തന്നെയായിരുന്നു ഇതിന്റെ മുഖ്യലക്ഷ്യം. സൂഫീ പര്‍ണശാലകളില്‍ പ്രാചീന കാലം മുതല്‍ക്ക് തന്നെ ഇത്തരം ചര്യകള്‍ പതിവായിരുന്നു. ജലാലുദ്ദീന്‍ റൂമിയുടെ സൂഫീപാഠശാലയില്‍ അംഗത്വം ലഭിക്കാന്‍ വേണ്ടി നാല്പത് ദിവസം പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കല്‍ നിര്‍ബന്ധമായിരുന്നു.
ഇന്ത്യന്‍ സൂഫികള്‍ നാഗരികവത്കരണത്തോടൊപ്പം നാനാത്വത്തില്‍ ഏകത്വം എന്നതിന്റെ പ്രയോഗവത്കരണം എങ്ങനെ ഇന്ത്യന്‍ മണ്ണില്‍ സാധ്യമാക്കാമെന്ന് തെളിയിച്ചു തന്നു. ഖാന്‍ഗാഹുകളില്‍ നിലനിന്ന മതേതര അന്തരീക്ഷം ഇന്ത്യയുടെ സാമൂഹികക്രമത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ഹിന്ദുവും മുസല്‍മാനും തോളോട് തോള്‍ ചേര്‍ന്ന് ഐക്യത്തോടെ ജീവിച്ചു. മല്‍ഫൂസാതുകള്‍ അതിന് വേഗം കൂട്ടി.

റഫറന്‍സ്:
1- അറിയപ്പെടാത്ത ഇന്ത്യ, ഹുസൈന്‍ രണ്ടത്താണി
2- Malfuzat: An analysis of the criticism on Aneesul Arwah by Atif Kazmi
3- His Master’s Voice: The genre of malfuzat in osuth asian sufism by Amina strinfels

ശാക്കിര്‍ കെ മജീദി

You must be logged in to post a comment Login