തിരുനബി(സ) അരുള്‍ ചെയ്തു: ‘ശഅ്ബാന്‍ എന്റെ മാസമാണ്. റജബ് അല്ലാഹുവിന്റെ മാസവും റമളാന്‍ എന്റെ സമുദായത്തിന്റെ മാസവുമാണ്.’ ശഅ്ബാന്‍ പാപങ്ങള്‍ പൊറുപ്പിക്കുന്ന മാസവും റമളാന്‍ ശുദ്ധീകരിക്കപ്പെടുന്ന മാസവുമാണ്. റമളാനിന്റെയും റജബിന്റെയും ഇടയില്‍ വരുന്നതിനാല്‍ പലരും ഈ മാസത്തെ അത്ര ശ്രദ്ധിക്കാറില്ല. മഹത്വമേറിയ ഒരുമാസത്തെ വിശ്വാസി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കാനാണ് നബി തങ്ങള്‍ ഇപ്രകാരം ചെയ്തത്. നബി(സ്വ) പ്രസ്തുത മാസത്തെ നല്ലതുപോലെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം നബി തങ്ങള്‍ തന്നെ പ്രസ്താവിക്കുന്നു: റജബിന്റെയും റമളാനിന്റെയും ഇടയിലുള്ള മാസമാണ് ശഅ്ബാന്‍, ജനങ്ങള്‍ അതില്‍ അശ്രദ്ധരാകുന്നു, അതിലാണ് അടിമകളുടെ അമലുകള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത്. എന്റെ അമലുകള്‍ നോമ്പുകാരനായിരിക്കേ ഉയര്‍ത്തപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. വീണ്ടും പറയുന്നു: ‘റമളാന്‍ വ്രതത്തിന് വേണ്ടി ശഅ്ബാന്‍ നോമ്പുകൊണ്ട് ശരീരങ്ങളെ നിങ്ങള്‍ ശുദ്ധീകരണം നടത്തുക.’ ആയതിനാല്‍ വിശുദ്ധമാസത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് തൊട്ടുമുന്നേയുള്ള ശഅ്ബാന്‍ മാസം . ആഇശാബീവി (റ) പറയുന്നു: നബി(സ) ശഅ്ബാനില്‍ വ്രതമനുഷ്ഠിക്കുന്നതിനേക്കാള്‍ ഉപരി മറ്റൊരു മാസത്തിലും ഞാന്‍ ദര്‍ശിച്ചിട്ടില്ല.
തിരുഅധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തിയ മുന്‍കാലക്കാര്‍ റജബ് മാസം വന്നണയുമ്പോള്‍ തന്നെ പുണ്യങ്ങളുടെ പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമായിരുന്നു. ഖുര്‍ആന്‍പാരായണം കൊണ്ടും മറ്റു ശ്രേഷ്ഠകര്‍മങ്ങള്‍ കൊണ്ടും രണ്ടുമാസം സ്വശരീരത്തെ പാകപ്പെടുത്തിക്കൊണ്ടാണ് അവര്‍ വ്രതകാലത്തെ വരവേറ്റിരുന്നത്. അംറുബ്നു ഖൈസ്(റ) ശഅ്ബാന്‍ മാസം വന്നണയുമ്പോള്‍ തന്റെ കട അടക്കുകയും ശഅ്ബാനിലും റമളാനിലും ഖുര്‍ആന്‍ പരായണത്തിനായി ഒഴിഞ്ഞിരിക്കലും പതിവായിരുന്നു. അനസ് ബിന്‍ മാലികില്‍(റ) നിന്ന് ഉദ്ധരണി:
ശഅ്ബാന്‍ മാസം വന്നാല്‍ സ്വഹാബികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയും റമളാനിനു ആവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ വേണ്ടി മുസ്ലിംകള്‍ അവരുടെ സകാത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ഭരണാധികാരികള്‍ തടവിലാക്കപ്പെട്ടവരെ വിളിക്കുകയും പ്രതിക്രിയ ചെയ്യാനുള്ളവരെ അങ്ങനെ ചെയ്യുകയും അല്ലാത്തവരെ വിട്ടയക്കുകയും കച്ചവടക്കാര്‍ അവരുടെ കടങ്ങള്‍ വീട്ടുകയും കിട്ടാനുള്ളത് വാങ്ങുകയും ചെയ്യുമായിരുന്നു അങ്ങനെ റമളാന്‍ മാസപ്പിറ കണ്ടാല്‍ അവര്‍ കുളിച്ചു വൃത്തിയായി ഇഅ്തികാഫിരിക്കുകയും ചെയ്യുമായിരുന്നു(ഗുന്‍യത്). അമ്മാര്‍(റ)വിന്റെ അടിമ അവരെക്കുറിച്ച് പ്രസ്താവിക്കുന്നു: ‘റമളാന്‍ നോമ്പിനു തയാറാവുന്നത് പ്രകാരം ശഅ്ബാന്‍ നോമ്പിനും ഒരുങ്ങാറുണ്ടായിരുന്നു.’ ഇപ്രകാരം നിരവധി ഓര്‍മകള്‍ മഹത്തുക്കളുടെ ശ്രേഷ്ഠജീവിതത്തില്‍ നിന്ന് അടയാളപ്പെടുത്താന്‍ സാധിക്കും. പ്രസ്തുത മാസത്തിന്റെ മഹത്വമാണ് അവരെ ഇത്തരണത്തില്‍ ആരാധനാനിമഗ്‌നരാവാന്‍ പ്രേരിപ്പിച്ചത്. അബൂബക്കറുല്‍ വാരിഖ്(റ) പറഞ്ഞുവല്ലോ, റജബ് കൃഷിയുടെ മാസവും ശഅ്ബാന്‍ നനവിന്റെയും റമളാന്‍ കൃഷി കൊയ്ത്തിന്റെയും കാലമാണ്. അഥവാ റജബ് മാസത്തില്‍ പ്രത്യേകം ഇബാദത്തുകള്‍ ചെയ്ത് ശഅ്ബാന്‍ മാസത്തില്‍ അതിനെ പാകപ്പെടുത്തിയെടുത്താല്‍ മാത്രമേ വിശുദ്ധ റമദാനില്‍ കൊയ്ത്ത് നടക്കുകയുള്ളു. ശൈഖ് അബ്ദുര്‍റഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബ്മാസം സല്‍കര്‍മങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാന്‍ ആ വിത്തിനു വെള്ളം നല്‍കേണ്ട മാസവും റമളാന്‍ കൃഷി കൊയ്തെടുക്കാനുളള മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചിടാതെ, ശഅ്ബാനില്‍ വെള്ളം നല്‍കാതെ എങ്ങനെയാണ് റമളാനില്‍ റഹ്മത്താകുന്ന വിള കൊയ്തെടുക്കാന്‍ സാധിക്കുക. റജബ് ശാരീരിക ശുദ്ധീകരണത്തിന്റെയും ശഅ്ബാന്‍ ഹൃദയശുദ്ധീകരണത്തിന്റെയും റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്(നുസ്ഹതുല്‍ മജാലിസ്). മറ്റു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു: റജബ് കാറ്റുപോലെയും ശഅ്ബാന്‍ മേഘം പോലെയും റമളാന്‍ മഴ പോലെയുമാണ്. അതായത് പേമാരിയോടാണ് റമളാനിനെ ഉപമിക്കുന്നത്. പേമാരി വര്‍ഷിക്കുന്നത് നമുക്ക് തിരിച്ചറിയാം. അതിന് മുന്നേ ശക്തിയാര്‍ജിച്ച കാറ്റടിക്കും കാര്‍മേഘം ഇരുണ്ടു മൂടും ഇതിന് ശേഷമാണ് മഴ വര്‍ഷിക്കുന്നത്. പെട്ടെന്നു മഴ പെയ്യല്‍ അപൂര്‍വമാണ്. മറ്റു സമയങ്ങളില്‍ ഇങ്ങനെ ഒരുങ്ങിയതിന് ശേഷമേ ഉണ്ടാവാറുള്ളൂ. ഇപ്രകാരം നന്മക്കാലമായ റമളാനിലേക്ക് മുന്‍കൂട്ടി ഒരുങ്ങി തയാറാവണമെന്നാണ് ഉപര്യുക്ത സൂചകങ്ങള്‍ നല്‍കുന്ന സന്ദേശം. അതുകൊണ്ട് തന്നെ മഹാന്മാര്‍ വ്യക്തമാക്കി, റജബ് ഇസ്തിഗ്ഫാറിന്റെ മാസമാണ്. ശഅ്ബാന്‍ നബിയുടെ(സ) പേരില്‍ സ്വലാത്ത് ചൊല്ലാനുള്ള മാസമാണ്. റമളാന്‍ ഖുര്‍ആന്റെ മാസം. എന്റെ മാസമെന്ന് പ്രത്യേകം ഇതിനെ അഭിസംബോധന ചെയ്തതിനാല്‍ മൂത്ത് നബിയുടെ മാസത്തില്‍ സ്വലാത്ത് വര്‍ധിപ്പിക്കേണ്ടതാണ്. ഏതുസമയവും നിര്‍വഹിക്കാന്‍ കഴിയുന്ന ആരാധനയാണ് സ്വലാത്ത്. പ്രത്യേക സമയ സന്ദര്‍ഭങ്ങള്‍ അതിനില്ല. മാത്രവുമല്ല സ്വലാത്തിന്റെ ആയത്ത് (നിശ്ചയമായും, അല്ലാഹുവും, അവന്റെ മലക്കുകളും നബിയുടെമേല്‍ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വസികളെ, നബിയുടെ മേല്‍ നിങ്ങള്‍ സ്വലാത്തും സ്വലാമും ചൊല്ലുവിന്‍- അഹ്സാബ് 56) ഇറങ്ങിയത് തന്നെ പ്രസ്തുത മാസത്തിലായതിനാല്‍ സ്വലാത്ത് ചെല്ലാന്‍ ഏറ്റവും ബന്ധപ്പെട്ട മാസവും ശഅ്ബാന്‍ തന്നെ. അതുകൊണ്ടുമാണ് പ്രസ്തുത മാസത്തിനെ മുത്തുനബിയുടെ മാസമെന്ന് വിളിപ്പേരിട്ടതും .
ലൈലതുല്‍ ബറാഅത്
ശഅ്ബാന്‍ പതിനഞ്ചിലെ വിശുദ്ധ രാവിന്റെ നാമമാണ് ലൈലത്തുല്‍ ബറാഅത്. ലൈലത്തുല്‍ മുബാറക, ലൈലത്തുല്‍ ഇജാബ, ലൈലത്തുല്‍ ഹയാത്, ലൈലത്തുല്‍ ഖിസ്മതി വത്തഖ്ദീര്‍, ലൈലതുല്‍ ഗുഫ്റാന്‍ എന്നിങ്ങനെ നിരവധി നാമങ്ങള്‍ ഈ രാവിനുണ്ട്. ഏറെ ശ്രേഷ്ഠതകള്‍ നിറഞ്ഞ ചില പ്രത്യേകരാവുകളിലൊന്നാണിത്. അല്ലാഹുവിന്റെ കാരുണ്യം അടിമകള്‍ക്ക് ചൊരിഞ്ഞുകൊടുക്കുന്ന നാലുരാത്രികളെ മഹാന്‍മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. അവ ശഅ്ബാന്‍ പതിനഞ്ച്, റജബിലെ പ്രഥമ രാത്രി, റജബ് ഇരുപത്തിയേഴ്, ചെറിയ പെരുന്നാള്‍ രാത്രി എന്നിവയാണത്. അല്ലാഹു പറയുന്നു: ‘നിശ്ചയമായും, നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു(സൂറത്തു ദുഖാന്‍). പ്രസ്തുതവാക്യം ഈ രാവിനെ സംബന്ധിച്ചാണെന്ന് ഒട്ടുമിക്ക ഖുര്‍ആന്‍ മുഫസ്സിറുകളും അഭിപ്രായപ്പെടുന്നു. എന്നാല്‍ സൂറതുല്‍ഖദ്റില്‍ ലൈലത്തുല്‍ഖദ്റിലാണ് എന്നുമുള്ളതിനാല്‍ ഈ പറഞ്ഞതും ലൈലതുല്‍ ഖദ്റിനെ സംബന്ധിച്ചാണെന്ന് ചില വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: ഒന്നാം ആകാശത്തേക്കുള്ള ഇറക്കമാണ് ഇപ്പറഞ്ഞത്. തുടര്‍ന്നുള്ള ഇറക്കമാണ് സൂറത്തുല്‍ ഖദ്റില്‍ പ്രതിപാദിച്ചത്. മാത്രമല്ല മനുഷ്യജീവിതത്തിലെ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് ഈ ദിനത്തിലാണ്. അത് ഹദീസുകളാല്‍ തെളിയിക്കപ്പെട്ടതാണ്. നബി (സ) പറയുന്നു: ബറാഅത് രാത്രിയില്‍ അല്ലാഹു വിധികള്‍ തീരുമാനിക്കപ്പെടും. ഖദ്റിന്റെ രാത്രിയില്‍ അവ ചുമതലാവിഭാഗത്തിന് ഏല്‍പ്പിക്കപ്പെടും. തദ്്വാക്യത്തില്‍ നിന്ന് വ്യക്തമാവുന്നത്, ജയപരാജയങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ അല്ലാഹു മായ്ച്ചുകളഞ്ഞ് അവിടെ പുതിയ വിധികള്‍ എഴുതപ്പെടും. ഇക്കാര്യം തീരുമാനിക്കപ്പെടുന്നത് പ്രസ്തുത രാത്രിയിലാണ്.
ഇമാം സുബ്കി(റ) പറയുന്നു: വെള്ളിയാഴ്ച രാവിനെ ആരാധനകള്‍ കൊണ്ട് ഹയാത്താക്കല്‍ ആ ആഴ്ചയിലെയും ബറാഅത് രാവിനെ ഹയാത്താക്കല്‍ പ്രസ്തുത വര്‍ഷത്തിലെയും ലൈലതുല്‍ഖദ്‌റിനെ ഹയാത്താക്കല്‍ അവന്റെ ആയുസ്സിലെയും പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്. അതായത് മാനവകുലത്തിന് ചെയ്തുപോയ തെറ്റുകള്‍ക്ക് വിടുതി ലഭിക്കാന്‍ സ്രഷ്ടാവായ പ്രപഞ്ചനാഥനോട് കണ്ണീര്‍ പൊഴിച്ച് രാവിനെ പകലാക്കി മാറ്റി പൊറുക്കലിനെ ചോദിക്കാന്‍ മുസ്ലിംകള്‍ക്ക് നാഥന്‍ നല്‍കിയ നല്ലൊരു അവസരമാണ് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവ്. നബി (സ) പറയുന്നു: ”ഒരിക്കല്‍ ബറാഅത് രാവില്‍ ജിബ്്രീല്‍(അ) വന്നുപറഞ്ഞു: നബിയേ, അങ്ങ് തലയുയര്‍ത്തിയാലും. ഞാന്‍ ചോദിച്ചു: ഇത് ഏതുരാത്രിയാണ്. ജിബ്്രീല്‍ മറുപടി പറഞ്ഞു: ഈ രാത്രി അല്ലാഹു കാരുണ്യത്തിന്റെ മുന്നൂറു കവാടങ്ങള്‍ തുറന്നിടുന്നതാണ്. ശിര്‍ക് ചെയ്യാത്ത, ആഭിചാരം ചെയ്യാത്ത, പ്രശ്നം വെക്കാത്ത, മദ്യപാനം ശീലമാക്കാത്ത, പലിശക്കും വ്യഭിചാരത്തിനും അടിമപ്പെടാത്ത സര്‍വര്‍ക്കും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. ഈ പറയപ്പെട്ടവര്‍ക്ക് ഖേദിച്ചുമടങ്ങാതെ പൊറുക്കപ്പെടില്ല.
രാത്രിയുടെ നാലിലൊരുഭാഗം പിന്നിട്ടപ്പോള്‍ ജിബ്്രീല്‍ വീണ്ടും വന്നു പറഞ്ഞു: നബിയേ, തല ഉയര്‍ത്തിയാലും. അവിടുന്ന് തല ഉയര്‍ത്തിയപ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നു. ഒന്നാം കവാടത്തിലെ മലക്ക് വിളിച്ചുപറഞ്ഞു: ഈ രാത്രി റുകൂഅ് ചെയ്തവന് സന്തോഷം. രണ്ടാം കവാടത്തിലും മലക്കിന്റെ അശരീരി ഈ രാത്രിയില്‍ സുജൂദ് ചെയ്തുവനു സന്തോഷം. മൂന്നാം കവാടത്തിലെ മലക്ക് പറയുന്നു: ഈ രാത്രി പ്രാര്‍ഥിച്ചവന് സന്തോഷം. നാലാം കവാടത്തിലെ മലക്കില്‍ നിന്ന് കേള്‍ക്കുന്നു, ഈ രാത്രി ദിക്‌റ് ചൊല്ലുന്നവന് സന്തോഷം. അഞ്ചാം കവാടത്തിലെ മലക്ക് പറഞ്ഞു: ഈ രാത്രിയില്‍ അല്ലാഹുവിനെ ഭയന്ന് കരഞ്ഞവനു സന്തോഷം. ആറാം കവാടത്തിലെ മലക്ക് പറഞ്ഞു: ഈ രാത്രി മുസ്ലിംകള്‍ക്ക് സന്തോഷം. ഏഴാം കവാടത്തിലെ മലക്ക് പറയുന്നു: ഈ രാത്രി വല്ലതും ചോദിക്കുന്നവര്‍ക്ക് അത് നല്‍കപ്പെടുന്നതാണ്. എട്ടാം കവാടത്തിലെ മലക്ക് പറയുന്നു: പൊറുക്കലിനെ തേടുന്നവരുണ്ടോ അവര്‍ക്ക് പൊറുക്കപ്പെടുന്നതാണ്.
നബി തങ്ങള്‍ പറയുന്നു: ഞാന്‍ ജിബിരീലിനോട്(അ) ചോദിച്ചു : ഈ കവാടങ്ങള്‍ ഏതുവരെ തുറക്കപ്പെടും. മറുപടി: രാത്രിയുടെ ആദ്യം മുതല്‍ പ്രഭാതം പുലരുംവരെ ഈ രാത്രിയില്‍ കല്‍ബ് ഗോത്രക്കാരുടെ (അറേബ്യയിലെ ഒരു ഗോത്രമാണ് കല്‍ബ് ഗോത്രം) ആടിന്റെ രോമത്തിന്റെ എണ്ണമനുസരിച്ച് അല്ലാഹു നരകവാസികളെ മോചിതരാക്കും. അബൂഹുറൈറ(റ) ഉദ്ധരിച്ചതാണിത്(അല്‍ ഗുന്‍യത്). മറ്ററ്റൊരു ഹദീസില്‍ കാണാം, നബി (സ) പറയുന്നു: ശഅ്ബാന്‍ പകുതിയുടെ രാത്രിയായാല്‍ നിങ്ങള്‍ നിന്ന് നിസ്‌കരിക്കുകയും പകലില്‍ വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. നിശ്ചയം ആ ദിവസം സൂര്യന്‍ അസ്തമിച്ചാല്‍ അല്ലാഹുവിന്റെ കാരുണ്യം ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ്. അല്ലാഹു ചോദിക്കും പൊറുക്കലിനെ ചോദിക്കുന്നവനുണ്ടോ ഞാനവനു പൊറുക്കാം, ഭക്ഷണം ചോദിക്കുന്നവരുണ്ടോ ഞാനവര്‍ക്ക് നല്‍കാം, പരീക്ഷിക്കപ്പെട്ടവനുണ്ടോ ഞാനവന് സമാധാനം നല്‍കാം. അങ്ങനെ എന്തെല്ലാം ചോദിക്കുന്നുണ്ടോ അതെല്ലാംനല്‍കാം. പ്രഭാതം വരെ അല്ലാഹു ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും(ഇബ്നുമാജ).
യാസീനോത്ത്
ബറാഅത്ത് രാവില്‍ ഇശാ മഗ്്രിബിനിടയില്‍ മൂന്നു പ്രാവശ്യം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍ പുണ്യകര്‍മമാണ്. ആദ്യകാലം മുതല്‍ക്ക് തന്നെ മഹത്തുക്കള്‍ ഈ കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെല്ലുത്തിയിരുന്നു. ചുരുക്കം ചിലര്‍ ഈ കര്‍മം അസ്വറിന് ശേഷമാണ് നിര്‍വഹിക്കാറുള്ളത്. ആയുസ്സില്‍ ബറകത്ത് ലഭിക്കാനും, ഭക്ഷണ വിശാലതക്കും, സൗഭാഗ്യ സിദ്ധമായ അന്ത്യം (ഹുസ്നുല്‍ ഖാതിമ) ലഭിച്ച് വിജയികളില്‍ ഉള്‍പ്പെടാനുമാണ് യഥാക്രമം മൂന്ന് യാസീനുകള്‍ പാരായണം ചെയ്യുന്നത്.
ഇക്കാര്യം അല്ലാമാ മുര്‍തളസ്സബീദി(റ) പ്രസ്താവിക്കുന്നു: ഒരു യാസീന്‍ ഓതിയ ശേഷം പ്രസിദ്ധമായ ലൈലതുല്‍ ബറാഅതിന്റെ ദുആയും ആയുസ്സില്‍ ബറകതിനുവേണ്ടിയുള്ള ദുആയും നടത്തുക. രണ്ടാം യാസീന് ശേഷം ഭക്ഷണത്തില്‍ ബറകതിനുവേണ്ടിയും മൂന്നാം യാസീന് ശേഷം അന്ത്യം നന്നായിത്തീരുന്നതിനും പ്രാര്‍ഥിക്കുക (ഇത്ഹാഫ്). യാസീനുകള്‍ക്കിടയില്‍ അന്യസംസാരം പാടില്ല. പാരായണശേഷം പ്രത്യേക പ്രാര്‍ഥന നിര്‍വഹിക്കലും നല്ലതാണ്. നബി(സ) പറയുന്നു: പ്രാര്‍ഥനയല്ലാതെ ഖളാഇനെ തട്ടിക്കളയുകയില്ല. ഗുണം ചെയ്യലല്ലാതെ ആയുസ്സിനെ വര്‍ധിപ്പിക്കുകയില്ല. ആയുസ്സ്, ഭക്ഷണം, മറ്റനുഗ്രഹങ്ങള്‍ എന്നിവയെല്ലാം കണക്കാക്കപ്പെടുന്ന ബറാഅത് രാവില്‍ പ്രസ്തുത കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കല്‍ പ്രസക്തമാണ്. സ്വഹാബി പ്രമുഖരായ ഉമര്‍ (റ), ഇബ്നു മസ്ഊദ്(റ) തുടങ്ങിയവര്‍ ഈ രാവില്‍ ഇങ്ങനെ പ്രാര്‍ഥിച്ചിരുന്നു. ‘അല്ലാഹുവേ, നീ എന്നെ പരാജിതരിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് മാറ്റി വിജയികളില്‍ രേഖപ്പെടുത്തണേ. വിജയികളിലാണ് രേഖപ്പെടുത്തിയതെങ്കില്‍ അത് സ്ഥിരപ്പെടുത്തേണമേ’ (മിര്‍ഖാത്). അതിനാല്‍ ഇക്കാര്യങ്ങള്‍ക്കെല്ലാം വേണ്ടി പ്രസ്തുത ദിനത്തില്‍ പ്രാര്‍ഥിക്കല്‍ നല്ലതാണ്.
അപ്രകാരം തന്നെ വിശുദ്ധ ഖുര്‍ആന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്തായ യാസീന്‍ കൂടി ഓതി പ്രാര്‍ഥിക്കുമ്പോള്‍ അതിന് മഹത്വം വര്‍ധിക്കുകയാണ്. ദിവസത്തിന്റെയും മാസത്തിന്റെയും ഒപ്പം സൂറത്തിന്റെയും പവിത്രത കൂടിച്ചേരുമ്പോള്‍ വിശ്വാസി എന്ത് ഉദ്ദേശ്യം വെച്ചാണോ നാഥനോടാവശ്യപ്പെട്ടത് അത് അപ്രകാരം കരസ്ഥമാവുകയും ചെയ്യും. യാസീന്‍ പാരായണശേഷം സൂറത്തു ദുഖാന്‍ പാരായണം ചെയ്യലും നല്ലതുതന്നെ. മാത്രമല്ല സജ്ജനങ്ങളായ മഹത്തുക്കള്‍ പറയുന്നു: ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനള്ളാലിമീന്‍ എന്നത് ശഅ്ബാന്‍ പകുതിയുടെ രാവില്‍ ഇതിന്റെ അക്ഷരകണക്കില്‍ (2375 പ്രാവശ്യം) ചൊല്ലിയാല്‍ അത്രയും വര്‍ഷത്തേക്ക് കാവലായിത്തീരും, ആ വര്‍ഷം പരീക്ഷണങ്ങളില്‍ നിന്നും ഭയങ്ങളില്‍ നിന്നും അവന് നിര്‍ഭയത്വം ലഭിക്കും. മത്സ്യവയറ്റിലകപ്പെട്ട യൂനുസ് നബി രക്ഷപ്രാപിച്ചതും ഇത് ചെല്ലിയിട്ടാണെന്നതും വ്യക്തമായ രേഖയാണ്. അപ്രകാരം തന്നെ പകലില്‍ നോമ്പ് നോല്‍ക്കലും സുന്നത്തുണ്ട്. ഇബ്നു മാജ(റ) ഉദ്ധരിച്ചു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക, അതിന്റെ പകലില്‍ നോമ്പെടുക്കുകയും ചെയ്യുക എന്ന ഹദീസിനെ സംബന്ധിച്ച് വന്ന ചോദ്യത്തിന് മറുപടിയായി ഇമാം റംലി (റ) പറയുന്നു: ശഅ്ബാന്‍ പകുതിയുടെ (ബറാഅത് രാവ്) നോമ്പ് സുന്നതാണ്. എന്നല്ല 13, 14 ന്റെ നോമ്പുകളും സുന്നതാണ്. അതു സംബന്ധമായി വന്ന ഹദീസ് തെളിവിന് പറ്റുന്നതാണ്. ( ഇമാം റംലി (റ) അല്‍ഫതാവാ 2/79)
മുനീര്‍ അഹ്സനി ഒമ്മല
You must be logged in to post a comment Login