ഝാന്‍സിയിലെ റാണി ലക്ഷ്മിബായി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ചപ്പോള്‍ അതിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കൂട്ടുനിന്നയാളാണ് ഗ്വാളിയോറിലെ ജിവാജിറാവു സിന്ധ്യ മഹാരാജാവ്. ബ്രിട്ടീഷുകാര്‍ കോട്ട വളഞ്ഞപ്പോള്‍ കുതിരപ്പുറത്തേറി കോട്ടമതില്‍ ചാടിക്കടന്ന് ഗ്വാളിയോറിലെത്തിയ ഝാന്‍സി റാണിയെ അന്നത്തെ സിന്ധ്യ രാജാവ് ചാവാലിക്കുതിരയെ നല്‍കി ചതിച്ചെന്നാണ് ചരിത്രം പറയുന്നത്. സിന്ധ്യ രാജകുടുംബത്തിന്റെ ഈ ചതിയാണ് ലക്ഷ്മി ബായിയുടെ രക്തസാക്ഷിത്വത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംവരെ അവരുടെ സാമന്തന്‍മാരായി നാടു ഭരിച്ച സിന്ധ്യ രാജവംശം ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ദേശീയവാദികളായി രാഷ്ട്രീയത്തിലിറങ്ങി. രാജമാതായും പെണ്‍മക്കളും സംഘപരിവാറിലും രാജകുമാരനും കുടുംബവും കോണ്‍ഗ്രസിലുമായിരുന്നതുകൊണ്ട്, അധികാരത്തില്‍ ആരു വന്നാലും സിന്ധ്യ കുടുംബം അതില്‍ പങ്കാളിത്തമുറപ്പാക്കിപ്പോന്നു. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ സിന്ധ്യ കുടുംബം പൂര്‍ണമായി ബി ജെ പിയിലായിരിക്കുകയാണ്.
ഝാന്‍സി റാണിയെ മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ റാണിയുടെ പങ്കാളിയായിരുന്ന താത്യാ ടോപ്പെയെ(താന്തിയ തോപ്പി)പിടികൂടി വധിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് സഹായം നല്‍കിയതും സിന്ധ്യ രാജാവാണെന്ന് പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍ പ്രൊഫസര്‍ ഷംസുല്‍ ഇസ്ലാം ചൂണ്ടിക്കാണിക്കുന്നു. കൊല്‍ക്കത്തയില്‍ 1808ല്‍ അച്ചടിച്ച ഗ്വാളിയോര്‍ സ്റ്റേറ്റ് ഗസറ്റിയറില്‍ ഇതിന് തെളിവുകളുണ്ടെന്ന് പ്രൊഫസര്‍ ഷംസുലിന്റെ ഇ-മെയില്‍ സന്ദേശം ഉദ്ധരിച്ച് ‘കൗണ്ടര്‍ വ്യൂ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്വാളിയോര്‍ ഭരിച്ച സിന്ധ്യ കുടുംബത്തിന്റെ പടയാളികളാണ് താത്യാ ടോപ്പെയെ പിടികൂടാന്‍ ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചത്. ഗ്വാളിയോറിന്റെ ഭാഗമായിരുന്ന ശിവ്പുരിയില്‍വെച്ചാണ് 1859 ഏപ്രില്‍ 18ന് ടോപ്പെയുടെ വധശിക്ഷ നടപ്പാക്കിയത്.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെടുമ്പോള്‍ ഗ്വാളിയോറിലെ അവസാനത്തെ രാജാവായ ജിവാജിറാവു സിന്ധ്യ തീരേ ചെറുപ്പമായിരുന്നു. ജനങ്ങളും കൊട്ടാരത്തിലെ ഉപദേഷ്ടാക്കളില്‍ ഭൂരിപക്ഷവും ബ്രിട്ടനെതിരായ സമരത്തില്‍ ഗ്വാളിയോര്‍ പങ്കാളിയാകണമെന്ന അഭിപ്രായക്കാരായിരുന്നെങ്കിലും അതു നഷ്ടക്കച്ചവടമാണെന്ന് അദ്ദേഹം മനസ്സിലാക്കി. യുദ്ധത്തില്‍ ജയം ബ്രിട്ടന്റെ പക്ഷത്താവുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് മെച്ചമെന്നും അദ്ദേഹം കണക്കുകൂട്ടി. 1858 മെയ് മാസം 30ന് ഗ്വാളിയോറിലെത്തി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ അഭ്യര്‍ഥിച്ച റാണി ലക്ഷ്മിബായിയെയും താത്യാ ടോപ്പെയെയും അദ്ദേഹം കൈയൊഴിഞ്ഞു. പ്രതിവര്‍ഷം മൂന്നുലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഭൂമിയും സേനാബലം വര്‍ധിപ്പിക്കാനുള്ള അനുമതിയുമാണ് ഈ സേവനത്തിന് ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്ന് അദ്ദേഹത്തിന് പാരിതോഷികമായി ലഭിച്ചത്. സിന്ധ്യ കുടുംബത്തെ കൊണ്ടുനടക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ഈ ചരിത്രം വിസ്മരിക്കരുതെന്ന് പ്രൊഫസര്‍ ഷംസുല്‍ ഇസ്ലാം പറയുന്നു.
ജിവാജിറാവു സിന്ധ്യയുടെ പത്നി രാജമാതാ വിജയരാജെ സിന്ധ്യയിലൂടെയാണ് ഗ്വാളിയോര്‍ രാജകുടുംബം രാഷ്ട്രീയത്തിലിറങ്ങിയത്. രാഷ്ട്രീയ സ്വയം സേവക് സംഘവുമായും ഇന്നത്തെ ബി.ജെ.പിയുടെ പൂര്‍വ മാതൃകയായ ഭാരതീയ ജനസംഘവുമായും അടുത്ത ബന്ധം പുലര്‍ത്തിയവരാണ് സിന്ധ്യ കുടുംബം. എന്നാല്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമ്മര്‍ദത്തിനു വഴങ്ങി കോണ്‍ഗ്രസ് ടിക്കറ്റിലാണ് 1957ലും 1962ലും വിജയരാജ സിന്ധ്യ ലോക്സഭയിലെത്തിയത്. 1964ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു മരിച്ചതോടെ സിന്ധ്യ കുടുംബം കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ജനിച്ച 1971ലെ തിരഞ്ഞെടുപ്പില്‍ അച്ഛന്‍ മാധവറാവു സിന്ധ്യയും അച്ഛന്റെ അമ്മ വിജയരാജെ സിന്ധ്യയും ജനസംഘത്തിന്റെ സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. ബി ജെ പിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ വിജയരാജെ സിന്ധ്യയെ അനുയായികള്‍ രാജമാത എന്നേ വിളിക്കാറുള്ളൂ. സംഘകുടുംബത്തില്‍ ജനിച്ച ജ്യോതിരാദിത്യ സിന്ധ്യയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ബി ജെ പി പ്രവേശം യഥാര്‍ഥത്തില്‍ ഘര്‍ വാപ്പസി തന്നെയാണെന്ന് ഇന്ത്യാടുഡേയുടെ വെബ് സൈറ്റില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പ്രഭാഷ് കെ. ദത്ത പറയുന്നു.
വിജയരാജെ സിന്ധ്യയുടെ ഇളയ മകള്‍ യശോധര മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറുകളില്‍ മന്ത്രിയായിരുന്നു. രാജസ്ഥാനിലെ ധോല്‍പുര്‍ രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ച മൂത്തമകള്‍ വസുന്ധര രാജെ സിന്ധ്യ അവിടെ ബി ജെ പിയുടെ മുഖ്യമന്ത്രിയായി. ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ മാധവറാവു സിന്ധ്യ കോണ്‍ഗ്രസിലേക്ക് മാറിയത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലൊന്നുമായിരുന്നില്ലെന്ന് സഹോദരി യശോധരയെ ഉദ്ധരിച്ച് റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഘപരിവാറിന്റെ സഹയാത്രികരായിരുന്ന സിന്ധ്യ കുടുംബത്തെ അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഭരണകൂടം വേട്ടയാടി. ആദായനികുതി റെയ്ഡുകളും സാമ്പത്തികകുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളും ധാരാളമുണ്ടായി. വിജയരാജെ സിന്ധ്യയെ തടങ്കലിലാക്കി. മാധവറാവു വിദേശത്തേക്ക് രക്ഷപ്പെട്ടു. തിരിച്ചെത്തിയ മാധവറാവുവും അമ്മയും തമ്മില്‍ സ്വത്തിന്റെ പേരില്‍ ഇടഞ്ഞു. ഇന്ദിരാഗാന്ധിയുടെ മക്കളുടെ അടുത്ത സുഹൃത്തായി മാറിയ മാധവറാവു കോണ്‍ഗ്രസില്‍ ചേര്‍ന്നു. അങ്ങനെ നെഹ്‌റു കുടുംബത്തിന്റെ ഏറ്റവുമടുത്തയാളും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായി മാറി. അടിയന്തരാവസ്ഥയിലെ പേടിയാണ് മാധവറാവുവിനെ കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ബന്ധിതനാക്കിയതെന്ന് യശോധര പറയുന്നു. ഇടയ്ക്ക് കോണ്‍ഗ്രസ് വിട്ടു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയ മാധവറാവു സോണിയാ ഗാന്ധി പാര്‍ട്ടിയുടെ നേതായപ്പോള്‍ തിരിച്ച് കോണ്‍ഗ്രസില്‍ത്തന്നെയെത്തി.
ഡൂണ്‍ സ്‌കൂളിലും അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലകളിലും പഠിച്ച് ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുകയായിരുന്ന ജ്യോതിരാദിത്യ അച്ഛന്‍ മാധവറാവുവിന്റെ മരണത്തെത്തുടര്‍ന്നാണ് രാഷ്ട്രീയത്തിലിറങ്ങിയത്. അച്ഛന്റെ ഗുണ മണ്ഡലത്തില്‍ 2001 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുവരാജാവ് ജയിച്ചു. അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ഥികളില്‍ ഒരാളായ ജ്യോതിരാദിത്യ ഓരോ തിരഞ്ഞെടുപ്പിലും പണമെറിഞ്ഞ് സ്വന്തം സ്ഥാനാര്‍ഥികളെ ജയിപ്പിച്ച് കോണ്‍ഗ്രസിലെ പ്രബല സ്വാധീനമായി. എന്നാല്‍, നീണ്ട ഇടവേളയ്ക്കു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഷ്ടിച്ച് ഭരണത്തിലെത്തിയപ്പോള്‍ രാജകുടുംബാംഗമൊന്നുമല്ലാത്ത കമല്‍നാഥിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. യുവരാജാവിന്റെ കൂറുമാറ്റം അതിന്റെ തുടര്‍ച്ചയായിരുന്നു.
പഴയ നാട്ടുരാജാക്കന്‍മാരുടെ പിന്‍തലമുറകള്‍ അരങ്ങുവാഴുന്ന മധ്യപ്രദേശില്‍ സ്വന്തം വാഹനത്തിലെ എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കാത്ത രണ്ടു നേതാക്കളേ ഉള്ളൂ എന്ന് ബി ജെ പിയില്‍ ചേര്‍ന്നയുടനെ ഭോപ്പാലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ വെളിപ്പെടുത്തിയിരുന്നു. അതില്‍ ഒരാള്‍ ജ്യോതിരാദിത്യ തന്നെ; രണ്ടാമത്തെയാള്‍ ബി ജെ പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍. കോടികള്‍ വിലവരുന്ന ആഢംബര വാഹനത്തില്‍ സഞ്ചരിക്കുന്ന നേതാവ് അതിലെ എ സി പ്രവര്‍ത്തിപ്പിക്കാറില്ലെന്നത് ലളിത ജീവിതത്തിന്റെ തെളിവായി അവകാശപ്പെടാന്‍മാത്രം കാപട്യം നിറഞ്ഞതാണ് സമകാലീന രാഷ്ട്രീയമെന്ന് ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത ചൂണ്ടിക്കാണിക്കുന്നു. രാഹുല്‍ഗാന്ധിക്ക് ദളിതരുടെ വീടുകളില്‍ നിന്നും ഢാബകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. ഈ കാപട്യത്തിന്റെ പരകോടിയാണ് ചായ്വാലയായിരുന്നു എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെന്ന് അദ്ദേഹം പറയുന്നു.
ജ്യോതിരാദിത്യയുടെ ചതിയെ കോണ്‍ഗ്രസിനോട് ഇഷ്ടമുള്ള മതനിരപേക്ഷ, പുരോഗമന, ജനാധിപത്യവാദികളെല്ലാം സ്വാഗതം ചെയ്യണമെന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഹരീഷ് ഖരേ പറയുന്നത്. ഗാന്ധികുടുംബത്തിന്റെ പിന്തുടര്‍ച്ചാ നേതൃത്വം അലിഞ്ഞില്ലാതെയായി കോണ്‍ഗ്രസില്‍ ജനാധിപത്യനേതൃത്വം രൂപപ്പെടുന്നതിന്റെ തുടക്കമായി വേണം ഇതിനെ കാണാന്‍. രാഹുല്‍ ഗാന്ധിയുടെ വലം കൈയായി അറിയപ്പെടുന്ന, ഒരുവേള കോണ്‍ഗ്രസിന്റെ അടുത്ത ദേശീയ നേതാവായിപ്പോലും പരിഗണിക്കപ്പെട്ടയാളാണ് സ്വാര്‍ഥലാഭത്തിനായി നിര്‍ദ്ദയം എതിര്‍ചേരിയിലേക്ക് മാറിയത്. രാഹുലിന്റെ മൗനാനുവാദത്തോടുകൂടിയാണ് ഈ കൂറുമാറ്റം എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റില്ല. അങ്ങനെയല്ലെങ്കില്‍, രാഹുലിന് തന്റെ വലംകൈയ്ക്കു മേലെപ്പോലും നിയന്ത്രണം ഇല്ലെന്ന് കരുതേണ്ടിവരും. രണ്ടായാലും കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ അപ്രമാദിത്വമാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ താന്‍ അപ്രസക്തനായെന്ന തോന്നലില്‍ ജ്യോതിരാദിത്യ ചെയ്ത ഈ കടുംകൈ ഫലത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഗാന്ധികുടുംബത്തെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടിയുടെ താത്ക്കാലിക പ്രസിഡന്റായി തുടരുന്ന സോണിയാഗാന്ധിക്ക് സ്വന്തം സംഘടനയ്ക്കുമേല്‍ ധാര്‍മികമായോ സംഘടനാപരമായോ ഒരു മേല്‍ക്കൈയും ഇല്ലെന്ന് തെളിയുന്നു. എന്നിട്ടും കോണ്‍ഗ്രിസിന് ഗാന്ധി കുടുംബമല്ലാതെ വേറെ ആശ്രയമില്ലെന്ന് കോണ്‍ഗ്രസുകാര്‍ കരുതുകയും ചെയ്യുന്നു.
ബോധപൂര്‍വം നിര്‍മിച്ചെടുത്ത മൂന്നു മിഥ്യാധാരണകള്‍ക്കു പുറത്താണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും നേതാക്കളായി ഗാന്ധി കുടുംബം അവരോധിക്കിക്കപ്പെട്ടതെന്ന് ഹരീഷ് ഖരേ പറയുന്നു. ഇന്ത്യയിലെവിടെയും കോണ്‍ഗ്രസിന് വോട്ടു നേടിക്കൊടുക്കാനുള്ള വിപണിമൂല്യമുള്ള ഒരേയൊരു കുടുംബം ഇതാണെന്ന വിശ്വാസമാണ് ഒന്ന്. ഭിന്നചേരികളിലായി തമ്മിലടിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ഒരുമിച്ചുനിര്‍ത്താന്‍ ഗാന്ധി കുടുംബത്തിനു മാത്രമേ കഴിയൂ എന്ന ധാരണയാണ് അടുത്തത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതനിരപേക്ഷത ഉള്‍പ്പെടെ കോണ്‍ഗ്രസിന് ഉള്ളതായി പറയുന്ന എല്ലാ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ള ഒരേയൊരു കുടുംബം ഇതാണ് എന്നതാണ് മൂന്നാമത്തെ വിശ്വാസം.
എ ബി വാജ്പേയിയുടെ ഭരണപരാജയത്തിന്റെ പശ്ചാത്തലത്തില്‍ 2004ലെ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിക്കാനും 2009ല്‍ അതു നിലനിര്‍ത്താനും ഈ ധാരണകള്‍ കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ 2009 നു ശേഷം സ്ഥിതി മാറി. സ്വാര്‍ഥതാല്‍പര്യങ്ങള്‍ മാത്രമുള്ള കുടുംബപാര്‍ട്ടിയായി കോണ്‍ഗ്രസ് അധപ്പതിച്ചു. കോണ്‍ഗ്രസിനെ പുറന്തള്ളാന്‍ കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ 2014ല്‍ ജനം നരേന്ദ്രമോഡിയെ അധികാരത്തിലേറ്റി. 2014 ലെപ്പോലെ 2019 ലും വോട്ടു പിടിക്കാന്‍ മോഡിക്കു കഴിയുമെന്നു മനസ്സിലാക്കാന്‍ പക്ഷേ കോണ്‍ഗ്രസിലെ യുവരാജാവായ രാഹുല്‍ ഗാന്ധിക്കു കഴിഞ്ഞില്ല. രാഹുലിനെ അക്കാര്യം ബോധ്യപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കളാരും ശ്രമിച്ചുമില്ല. ഹൈക്കമാന്‍ഡ് എന്ന സങ്കല്‍പത്തിന്റെ പിന്നില്‍ അവര്‍ അണിനിരന്നു.
കോണ്‍ഗ്രസ് നേതൃത്വം എന്നത് ഏതെങ്കിലും മഹത്തായ മൂല്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മുന്നേറുന്നതല്ലെന്നും അതിന് അപ്രമാദിത്വമൊന്നും അവകാശപ്പെടാനില്ലെന്നുമുള്ള വസ്തുതയാണ് സിന്ധ്യയുടെ കൂറുമാറ്റത്തിലൂടെ വെളിപ്പെടുന്നത്. ഹൈക്കമാന്‍ഡ് എന്ന സങ്കല്‍പ്പത്തിന്റെ തകര്‍ച്ചയ്ക്കാണിത് വഴിതുറക്കുക. രാജ്യം ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് സിന്ധ്യയുടെ ഈ ചതി വരുന്നത്. ഹൈക്കമാന്‍ഡിനോടുള്ള വിധേയത്വത്തിനപ്പുറം തങ്ങള്‍ക്കു കടമയുണ്ടെന്ന് മനസ്സിലാക്കാനും പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തയാറാവണം. അല്ലെങ്കില്‍ ഗാന്ധി കുടുംബത്തിനൊപ്പം കോണ്‍ഗ്രസും ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ തള്ളപ്പെടുമെന്ന് ദ വയറില്‍ എഴുതിയ ലേഖനത്തില്‍ ഹരീഷ് ഖരേ പറയുന്നു.
എസ് കുമാര്‍
You must be logged in to post a comment Login