Your nation has always been admired around the Earth as the place where millions upon millions of Hindus and Muslims and Sikhs and Jains, Budhists,Christians, and Jews worship side by side in harmony….Your unity is an inspiration to the world’- Donald Trump
കോടിക്കണക്കിന് ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ജൈന, ബുദ്ധ, ക്രൈസ്തവ, ജൂത വിശ്വാസികളും ഒരുമയോടെ അടുത്തടുത്ത് ആരാധിക്കുന്ന സ്ഥലം എന്ന കീര്‍ത്തിയില്‍ , ലോകമാകമാനം നിങ്ങളുടെ രാജ്യത്തെ ആദരവോടെയാണ് കാണുന്നത്. നിങ്ങളുടെ ഐക്യം ലോകത്തിന് പ്രചോദനമാണ്. 2020 ഫെബ്രുവരി 24ന് ഉച്ചക്ക് 1.30ന് അലഹബാദിലെ മോര്‍ട്ടെറ സ്റ്റേഡിയത്തില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പത്നി മെലാനിയയെ അടുത്തിരുത്തി ഇങ്ങനെപറയുമ്പോള്‍, അങ്ങ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജഅ്ഫറാബാദില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സ്ത്രീകള്‍ക്കുനേരെ ഹിന്ദുത്വ ഗുണ്ടകള്‍ കല്ലെറിയുകയായിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന നിഷ്ഠുര ആക്രമണങ്ങളുടെയും കൂട്ടക്കൊലകളുടെയും കൊടിയ നശീകരണത്തിന്റെയും ഉദ്ഘാടനച്ചടങ്ങായിരുന്നു അത്. ‘ഡല്‍ഹി കലാപം’ എന്ന വിളിപ്പേരില്‍ മൂന്നാലു ദിവസം അറച്ചറച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, കൊറോണയുടെ മറവില്‍ മറവിയിലേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ പ്രക്ഷുബ്ധമുഖം നേരില്‍ കാണാനും ദുരിതഭൂമിയില്‍ കൈകാലിട്ടടിച്ച് കേഴുന്നവര്‍ക്ക് തങ്ങളാലാവുന്നത് നല്‍കാനുമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. കേരളത്തില്‍നിന്നുള്ള എട്ട് പ്രതിനിധികളടക്കം പതിനഞ്ചംഗ സംഘം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഇറങ്ങുമ്പോള്‍ മാധ്യമങ്ങളിലൂടെ അതുവരെ ലഭിച്ചുകൊണ്ടിരുന്ന കുറെ ധാരണകളാണ് മനസ്സിലുണ്ടായിരുന്നത്. സ്ഥിതിഗതികള്‍ ശാന്തമാവുകയും ജനജീവിതം പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുവരുകയും ചെയ്തുവെന്ന് ഭരണത്തലവന്മാര്‍ പുറമേക്ക് അവകാശവാദം ഉന്നയിക്കുന്ന ഘട്ടത്തിലായിരുന്നു ഞങ്ങളുടെ യാത്ര. വഴികാണിക്കാന്‍ ഒപ്പം വന്ന മധ്യവയസ്‌കനോട് പേര് ചോദിച്ചപ്പോള്‍ ‘ഖാലിഖുസ്സമാന്‍’ എന്ന് മറുപടി കിട്ടി. ചൗധരി ഖാലിഖുസ്സമാന്റെ പേരാണല്ലോ എന്ന കമന്റ് കേള്‍ക്കേണ്ട താമസം ‘ഞാന്‍ വഞ്ചകനല്ല’ എന്നായിരുന്നു പ്രതികരണം. (വിഭജനാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ പാകിസ്ഥാനിലേക്ക് പോയി അവിടെ തന്നെ പച്ചപ്പ് തേടിയ അവസരവാദിയായ ചൗധരി ഖാലിഖുസ്സമാനെയാണ് അദ്ദേഹം സൂചിപ്പിച്ചത്).
കേരളഹൗസില്‍നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്തു കിഴക്കുമാറി സഞ്ചരിച്ചപ്പോള്‍ ആദ്യമെത്തിയത് കര്‍ദംപുരിയിലാണ്. വര്‍ഗീയവിസ്ഫോടനങ്ങളുടെ പ്രഭവകേന്ദ്രം അവിടമായിരുന്നു. സമീപപ്രദേശങ്ങളായ ചാന്ദ്ബാഗ്, ജഅ്ഫറാബാദ്, മുസ്തഫാബാദ് എന്നിടങ്ങളില്‍നിന്ന് പൗരത്വപ്രക്ഷോഭകരെ ആട്ടിയോടിക്കാനുള്ള ശ്രമം അക്രമത്തിലേക്ക് വഴിമാറിയപ്പോഴാണ് അത് വര്‍ഗീയാഗ്നിയായി ആളിക്കത്തിയതും അമ്പതിലേറെ പേരുടെ ജീവനെടുക്കുകയും അഞ്ഞൂറിലേറെപേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തത്. അവിടെവെച്ചാണ് കപില്‍ മിശ്ര എന്ന വര്‍ഗീയവാദി അക്രമത്തിന് ആഹ്വാനം ചെയ്തതെന്ന് എല്ലാവരും പറയുന്നു. ഫെബ്രുവരി 23ന് ഉച്ചക്ക് ശേഷം 3.30ന് മൗജ്പുരിയിലെത്തിയ കപില്‍ മിശ്ര സി എ എ അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഴക്കിയ ഭീഷണിയാണത്രെ സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാന്‍ അരങ്ങൊരുക്കിക്കൊടുത്തത്. മൂന്നുദിവസത്തിനുള്ളില്‍ സമരക്കാര്‍ സ്ഥലം വിട്ടുപോവുന്നില്ലെങ്കില്‍ അവരെയെല്ലാം ഞങ്ങളുടെ ആള്‍ക്കാര്‍ വേണ്ടവിധം കൈകാര്യം ചെയ്തുകൊള്ളും എന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണറെ സാക്ഷിനിറുത്തി കപില്‍ മിശ്ര ആക്രോശിക്കുമ്പോള്‍ ചുറ്റുംകൂടിയ സംഘികള്‍ കൈയടിക്കുന്നുണ്ടായിരുന്നുവത്രെ. ആ വര്‍ഗീയാവേശമാണ് സമീപപ്രദേശത്തുനിന്ന് സംഘ്പരിവാര്‍ ഗുണ്ടകളെ ഇറക്കുമതി ചെയ്യുന്നതിനും വ്യാപകമായ മുസ്ലിംവിരുദ്ധ കലാപത്തിന് തിരികൊളുത്തുന്നതിനും പ്രചോദനമായതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ‘യഹി സഹി മൗകാ ഹായ്. ഇസെ ഭുനാ ലോ. അബ് ചൂക് ഗയാ ഥോ ദുബാരാ മൗകാ നഹീ മിലേഗാ..'( ഇത് നല്ല അവസരമാണ്! ഇത് ഉപയോഗപ്പെടുത്തിക്കോ. ഇത് നഷ്ടപ്പെടുകയാണെങ്കില്‍ ഇത്രയും നല്ല വേറൊരു അവസരം കിട്ടിയെന്ന് വരില്ല). പിന്നീട് സംഘ്പരിവാര്‍ കൂട്ടങ്ങള്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറി. ആളും ആയുധങ്ങളും മേഖലയിലേക്ക് ഒഴുകി. മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞവരെ മുഴുവന്‍ ഒന്നുകില്‍ തല്ലിക്കൊന്നു. അല്ലെങ്കില്‍ പൊലീസ് വെടിവെച്ചിട്ടു. മുസ്ലിംകളുടെ വീടുകളും കടകളും ഗ്യാരേജ് പോലുള്ള സ്ഥാപനങ്ങളും ആദ്യം കൊള്ളയടിച്ചു. എല്ലാംകഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ തീയിട്ട് ചാമ്പലാക്കി. ചാരം കുമിഞ്ഞുകൂടിയ നിരത്തുകളിലൂടെ, ആവാസകേന്ദ്രങ്ങളിലൂടെ ഞങ്ങള്‍ നടന്നുനീങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നതും ഹൃദയഭേദകവുമാണ്. ലോകം ആശ്ചര്യത്തോടെ നോക്കിക്കാണുന്നുണ്ട് എന്ന് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ച ഒരു നാടിന്റെ ഹൃദയം ഇത്രമാത്രം കത്തിയാളുകയാണോ എന്ന് സ്വയം ചോദിച്ചുപോയ കാഴ്ചകള്‍.
ബഹളങ്ങള്‍ക്കിടയില്‍ അശാന്തമായ മനസ്സുകള്‍
പ്രത്യക്ഷത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹി ആള്‍ത്തിരിക്കും പുരുഷാരവവും കൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുപോയിരിക്കുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോഴാണ് രണ്ടാഴ്ചകള്‍ക്കു മുമ്പ് നടന്ന വ്യാപക ആക്രമണങ്ങളുടെ അടയാളങ്ങളും അത് സൃഷ്ടിച്ച ആഘാതങ്ങളും ആര്‍ക്കും അനുഭവഗോചരമാകുന്നത്. റോഡിന്റെ ഒരുവശത്ത് കടകമ്പോളങ്ങള്‍ തുറന്നുവെച്ചിരിക്കുന്നു. ആളുകള്‍ വന്നുംപോയിക്കൊണ്ടിരിക്കുന്നുമുണ്ട്. മറുവശത്ത് ശ്മശാന മൂകത. കടകള്‍ കത്തിക്കരിഞ്ഞനിലയില്‍. അസ്ഥിപഞ്ജരങ്ങള്‍ പോലെ കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗം മാത്രമാണ് ബാക്കി. കണ്ണുകള്‍ ചുറ്റും പായിച്ചാല്‍ നടുക്കുന്ന കാഴ്ചകള്‍ അതില്‍ കുടുങ്ങും. കരിക്കട്ടപോലെ കത്തിക്കരിഞ്ഞ കാറുകളുടെ നിര. ഒരു മുസ്ലിം ബിസിനസ്മാന്‍ നടത്തിയ ഗ്യാരേജ് ആണത്രെ അത്. തുണ്ടംതുണ്ടമായ ബൈക്കുകള്‍. അവയ്ക്കു മുന്നില്‍ വിഷണ്ണരായിരിക്കുന്ന കുറെ മനുഷ്യക്കോലങ്ങള്‍. അവയൊന്നും ഗൗനിക്കാതെ ചീറിപ്പായുന്ന വണ്ടികള്‍. അതിലിരുന്ന് ഗൗരവമാര്‍ന്ന മുഖവുമായി ചുറ്റും അറപ്പോടെ നോക്കിക്കാണുന്ന വേറെ ചില കൂട്ടര്‍. മെയിന്റോഡ് കടന്ന് ഇടവഴികളിലേക്ക് തിരിയുന്ന കവലയില്‍ കാര്‍ നിറുത്തി ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും ഞങ്ങളിലേക്ക് പതിഞ്ഞു. സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. ഞങ്ങളുടെ സംഘത്തലവന്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ അധ്യക്ഷന്‍ പ്രഫ മുഹമ്മദ്സുലൈമാന്‍ സാഹിബിന്റെ നീണ്ട താടിയും തൊപ്പിയും കോട്ടുമെല്ലാം മോഡി പറഞ്ഞ ‘വേഷം കൊണ്ട്’ അവര്‍ക്ക് ചിലത് മനസ്സിലാക്കികൊടുത്തുവെന്നുറപ്പ്. പൊലീസുകാര്‍ പരസ്പരം കുശുകുശുക്കുന്നുണ്ട്. അതൊന്നും കാര്യമായെടുക്കാതെ ഞങ്ങള്‍ മുന്നോട്ടുനടന്നു. തിരക്കുപിടിച്ച ഒരു ഗല്ലിയിലൂടെ. ഞങ്ങളുടെ വരവറിഞ്ഞ് കാത്തുനില്‍ക്കുന്ന ചെറിയ ജനക്കൂട്ടവുമായി മുന്നോട്ടുനീങ്ങി. ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി പിരിഞ്ഞ നല്ലൊരു മനുഷ്യന്റെ കൊച്ചുവീട്ടില്‍ ഞങ്ങള്‍ക്ക് ചായയും ബിസ്‌കറ്റും ഒരുക്കിയിട്ടുണ്ട്. എങ്ങനെ പ്രദേശം വര്‍ഗീയാഗ്നിയില്‍നിന്ന് രക്ഷപ്പെട്ടുവെന്ന ചോദ്യത്തിനു ആശ്വാസത്തിന്റെ വാക്കുകളാണ് പുറത്തുവന്നത്. ”ഈ ഗല്ലിയിലേക്ക് അക്രമികള്‍ കടന്നില്ല. പ്രദേശത്തെ ചെറുപ്പക്കാരാരും കലാപമേഖലയിലേക്ക് പോകാതിരുന്നത് ഭാഗ്യം. വാരകള്‍ക്ക് അകലെ കണ്‍മുമ്പില്‍വെച്ചാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഞങ്ങളെ ദൈവം കാത്തു.”
ചായ കുടിച്ച് പുറത്തിറങ്ങിയ ഞങ്ങള്‍ പൊലീസിന്റെ നിഷ്ഠുരതയില്‍ ജീവന്‍ വെടിഞ്ഞ ഫര്‍സാന എന്ന ചെറുപ്പക്കാരന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും പത്തമ്പത് പേര്‍ ഞങ്ങളെ അനുഗമിക്കാനുണ്ടായിരുന്നു. ഭൂരിഭാഗവും ചെറുപ്പക്കാര്‍. പണിക്കുപോകാതെ, എവിടെയും ബൈക്കെടുത്ത് കറങ്ങാതെ അവര്‍ ആ ഗല്ലിയില്‍തന്നെ തങ്ങുകയാണ്. നിങ്ങളുടെ സഹോദരങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും കൂട്ടനശീകരണത്തിന് ഇരയാവുകയും ചെയ്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ഒരുത്തരമേ അവരുടെ പക്കലുണ്ടായിരുന്നുള്ളൂ. ”ഞങ്ങള്‍ ഈ ഗല്ലികളില്‍ കാവല്‍ നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് അക്രമികളും പൊലീസും കടന്നുവരാതിരുന്നത്. മറ്റിടങ്ങളില്‍ നടമാടിയ അക്രമങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടിരുന്നുവെങ്കില്‍ ആയിരങ്ങള്‍ മരിച്ചുവീണേനെ. നൂറുകണക്കിന് പെണ്‍കുട്ടികളുടെ മാനം പിച്ചിച്ചീന്തിയേനെ. ഈ ഗല്ലികളില്‍ മുസ്ലിംകള്‍ മാത്രമാണ് ജീവിക്കുന്നത്.” യുവാക്കളുടെ സംസാരം നീണ്ടപ്പോള്‍, പ്രദേശത്ത് കാവല്‍നിന്ന പൊലീസുകാരുടെ മട്ട് മാറുന്നതുപോലെ. ഞങ്ങള്‍ ഓരോരുത്തരെയും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഫര്‍സാന എന്ന ഹതഭാഗ്യന്റെ കുടുംബത്തിനുള്ള സഹായം നല്‍കാന്‍ അകത്തുകടന്നപ്പോള്‍ ആ ഒറ്റമുറി വീട്ടിനകത്ത് സ്ത്രീകളുടെ ഒരു കൂട്ടം തന്നെ കാണാമായിരുന്നു ചുറ്റുമിരുന്ന് അവര്‍ മരണവീട്ടിന്റെ നെടുവീര്‍പ്പില്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കയാണ്. വിറയാര്‍ന്ന കൈകളില്‍ സഹായമടങ്ങുന്ന കവര്‍ വെച്ചുകൊടുത്തപ്പോള്‍ ആദ്യം കണ്ണുനനഞ്ഞു. പിന്നീട് തേങ്ങാന്‍ തുടങ്ങി. എത്ര തുക കൊടുത്താലും തിരിച്ചുകിട്ടാന്‍ സാധ്യതയില്ലാത്ത മകന്റെ ഓര്‍മ ആ മാതൃഹൃദയത്തെ വെട്ടിനുറുക്കുന്നുണ്ടാവണം. സ്വതന്ത്രഇന്ത്യയുടെ ഇതഃപര്യന്ത ചരിത്രത്തില്‍ അകാലത്തില്‍ തട്ടിയെടുക്കപ്പെട്ട മക്കളുടെ വിധിയോര്‍ത്ത് എത്ര ഗാലന്‍ കണ്ണീരാണ് ഗാന്ധിജിയുടെ മണ്ണില്‍ ഒഴുക്കേണ്ടിവന്നത്.
വീണ്ടും മറ്റൊരു മരണവീട്ടിലേക്ക്. കുറെ ചെറുപ്പക്കാര്‍ വന്ന് ഗല്ലിയുടെ ഒരുഭാഗത്ത് ഞങ്ങള്‍ക്ക് കസേരയിട്ട് തന്നു. ആ വീട്ടിലേക്ക് കയറിപ്പോവാന്‍ ആണ്‍പിറന്നവരായി ആരുമില്ലവിടെ. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരനെ കാത്തിരുന്നു ഞങ്ങള്‍. അതിനിടെ ബൈക്കുകളില്‍ ചീറിപ്പാഞ്ഞുവന്ന രണ്ടു ചെറുപ്പക്കാര്‍ ഞങ്ങളെ തുറിച്ചുനോക്കി.കൈത്തണ്ടയിലെ ചുവന്ന ചരടുകള്‍ അവര്‍ ആരാണെന്ന് മനസ്സിലാക്കിത്തന്നു. കൊല്ലപ്പെട്ട അനുജന്റെ മക്കളെ അവരുടെ മാതൃവീട്ടില്‍ കൊണ്ടാക്കിവന്ന ആ സഹോദരന് കൂടുതലൊന്നും സംസാരിക്കാന്‍ കഴിയുന്നില്ല. വല്ല സഹായവുമുണ്ടെങ്കില്‍ അവിടെയുള്ള സഹോദരിയുടെ കൈയില്‍ കൊടുത്താല്‍ മതിയെന്ന് മാത്രം പറഞ്ഞു. വീണ്ടും വിറയാര്‍ന്ന കൈകള്‍!
ശിവ് വിഹാറില്‍ കണ്ട ഭീകരദൃശ്യങ്ങള്‍
ശിവന്‍ വിഹരിച്ച ഇടമായിരിക്കണം ശിവ് വിഹാര്‍. അല്പദൂരം കൂടി കാറില്‍ സഞ്ചരിച്ച് മറ്റൊരു കവലയില്‍ ഇറങ്ങിയാണ് പിശാചുക്കള്‍ നൃത്തമാടിയ ശിവ്വിഹാറിലേക്ക് ഞങ്ങള്‍ ചെന്നെത്തുന്നത്. ഒരുപക്ഷേ, ഈ വര്‍ഗീയ താണ്ഡവത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ച പ്രദേശമാവാമിത്. ഇപ്പോഴും റാപിഡ് ആക്ഷന്‍ ഫോഴ്സ് തോക്കുമേന്തി നില്പുണ്ടവിടെ. ഡല്‍ഹി വംശഹത്യ വളരെ ആസൂത്രിതവും നിഷ്ഠുരവുമാണെന്ന് സമര്‍ഥിക്കുന്ന തെളിവുകള്‍ ബാക്കിവെച്ചിട്ടുണ്ട് ഇവിടെ. മുസ്ലിംകളുടെ വീടുകളും കടകളും തിരഞ്ഞുപിടിച്ച് കത്തിച്ചാമ്പലാക്കാന്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് പ്രദേശം സന്ദര്‍ശിക്കുന്നവരെ എതിരേല്‍ക്കുന്നത്. ഷോപ്പുകളുടെ നീണ്ട നിരയില്‍ ചിലത് മാത്രം കത്തിച്ചുകളഞ്ഞിരിക്കുന്നു. ശേഷിക്കുന്നവ ഭദ്രമാണ് എന്നല്ല, തുറന്നുപ്രവര്‍ത്തിക്കുന്നുമുണ്ട്. പുറമെനിന്ന് വന്നവരാണ് അക്രമങ്ങളും കൊലയും നടത്തിയതെന്ന സിദ്ധാന്തം പൊളിയുന്നത് ഇവിടെയാണ്. യു പിയില്‍നിന്നോ ഹരിയാനയില്‍നിന്നോ ഓടിവന്ന അക്രമികള്‍ക്ക് എങ്ങനെ മുസ്ലിമിന്റെയും ഹിന്ദുവിന്റെയും കടകളും വീടുകളും തിരിച്ചറിയാന്‍ കഴിഞ്ഞു? പ്രദേശത്തുകാരുടെ പൂര്‍ണ ഒത്താശയിലാണ് എല്ലാ ആസുരതകളും അരങ്ങേറിയതെന്ന് ചുരുക്കം. പുറമെനിന്ന് അക്രമികളെ തദ്ദേശീയര്‍ വിളിച്ചുവരുത്തിയിട്ടുണ്ട് എന്നത് നേരാണ്. ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍ ഇത് അടിവരയിടുന്നുണ്ട്. ശിവ്വിഹാറിലെ രാജധാനി പബ്ലിക് സ്‌കൂള്‍, വി പി ആര്‍ കോണ്‍വെന്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം പേര്‍ 24 മണിക്കൂര്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഹെല്‍മറ്റോ മുഖംമൂടിയോ ധരിച്ചാണത്രെ അക്രമികള്‍ പുറത്തിറങ്ങി നടന്നതും കാപാലികത പുറത്തെടുത്തതും. കണ്ണില്‍പെടുന്നവരെ മതം നോക്കി വേര്‍തിരിച്ചാണ് കൊല്ലുകയോ കൈകാല്‍ വെട്ടുകയോ തല്ലിച്ചതയ്ക്കുകയോ ചെയ്തത്. കെട്ടിടത്തിനു മുകളില്‍ സുരക്ഷിതമാണെന്ന് കരുതി അഭയം തേടിയവരെ പോലും വെറുതെവിട്ടില്ല. പുരുഷന്മാരെ താഴേക്ക് വലിച്ചിട്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. പൊട്ടിത്തെറി സൃഷ്ടിക്കാന്‍ വ്യാപകമായി ഉപയോഗിച്ചത് ഗ്യാസ് സിലിണ്ടറുകളാണ്. അക്രമിക്കപ്പെട്ട വീടുകളുടെ മോന്തായം കറുത്തിരുണ്ട് കിടക്കുകയാണ്. കത്തിയെരിഞ്ഞ്, ശ്വാസം മുട്ടി പുറത്തേക്ക് ഓടുകയായിരുന്നു സ്ത്രീകളും കുട്ടികളും. രക്ഷപ്പെടാന്‍ കഴിയാത്തവരുടെ കഥ കഴിച്ചു. പൗത്രിയുടെ പ്രസവം കാത്തുകഴിയുന്ന ഒരു എണ്‍പതുകാരിയെ ചുട്ടുകൊല്ലാന്‍ അക്രമികാരികള്‍ക്ക് കയ്യറപ്പുണ്ടായില്ല. ആ രംഗം വിവരിക്കുമ്പോള്‍ സ്ത്രീകള്‍ ഞെട്ടിവിറക്കുകയാണ്. കലാപം തുടങ്ങിയ ഉടന്‍ റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചാന്ദ്ബാഗിലെ മുഹമ്മദ് സുബൈര്‍ എന്ന 37കാരന്‍ നേരിട്ട ജീവിതദുരന്തം ഹിന്ദുത്വ പടര്‍ത്തിയ വിദ്വേഷത്തിന്റെ രാഷ്ട്രീയം രാജ്യത്തെ എവിടെവരെ എത്തിച്ചുവെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. തബ്ലീഗ് ജമാഅത്ത് സമ്മേളനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് ഇദ്ദേഹം അക്രമികളുടെ മുന്നില്‍ പെടുന്നത്. തലയിലെ തൊപ്പിയും അല്പം നീട്ടിവളര്‍ത്തിയ താടിയും ഇദ്ദേഹത്തിന്റെ മുസ്ലിം ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോള്‍, അക്രമികള്‍ അശേഷം കാത്തുനിന്നില്ല. നീണ്ടവടിയും ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് പത്തിരുപത് പേര്‍ തല്ലിക്കൊല്ലാന്‍ തുടങ്ങി. തലയില്‍നിന്നും കൈകാലുകളില്‍നിന്നും ചോര വാര്‍ന്ന് ഇദ്ദേഹം ബോധമറ്റ് വീണു. കഥകഴിഞ്ഞുവെന്ന ധാരണയില്‍ വഴിയില്‍ ഉപേക്ഷിച്ച് അവര്‍ സ്ഥലംവിട്ടു. ആരോ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ട് ജീവന്‍ ബാക്കിയായി. ഇത്രക്കും മാരകമായ പരിക്കേറ്റിട്ടും ആശുപത്രി അധികൃതര്‍ ബാന്‍ഡേജിട്ട് പറഞ്ഞുവിടുകയായിരുന്നു .
എത്രയെത്ര ബാബരിധ്വംസനങ്ങള്‍?
ഇത്രയധികം പള്ളികള്‍ ആക്രമിക്കപ്പെട്ട കലാപം സമീപകാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. ചുരുങ്ങിയത് ഒരു ഡസന്‍ പള്ളികള്‍ അഗ്നിക്കിരയാവുകയോ തച്ചുതകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഗൈഡ് ആദ്യംതന്നെ കൂട്ടിപ്പോയത് മുസ്തഫാബാദിനടുത്ത് ബ്രിജ്പുരി പുലിയയിലെ ഫാറൂഖിയ ജമാമസ്ജിദിലേക്കാണ്. ആര്‍ എസ് എസുകാരും പൊലീസും ചേര്‍ന്ന് കത്തിച്ചാമ്പലാക്കാന്‍ ശ്രമിച്ച വലിയൊരു പള്ളിയാണിത്. റോഡരികില്‍ മൂന്നുനില ഉയരത്തിലുള്ള ചുമരുകള്‍ പുറത്തുനിന്നുനോക്കുമ്പോള്‍ ഭദ്രമാണ്. കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ കവാടംതുറന്നു അകത്തുകടന്നപ്പോള്‍ ഞെട്ടി. ഗ്യാസ് സിലിണ്ടറുകളും പെട്രോള്‍ ബോംബുകളും മുകളില്‍നിന്ന് എറിഞ്ഞു മിമ്പറും മിഹ്റാബുമടക്കം കത്തിച്ചുകളഞ്ഞിരിക്കുന്നു. തീപിടിച്ച ചുമരുകള്‍ കറുത്തിരുണ്ട് കിടക്കുകയാണ്. വലതുഭാഗത്തുള്ള കോണ്‍ക്രീറ്റ് അലമാരയില്‍ സൂക്ഷിച്ച മുസ്ഹഫുകള്‍ മുഴുവന്‍ കത്തിച്ചുകളഞ്ഞു. തൊട്ടാല്‍ പൊടിയുന്ന രൂപത്തില്‍ അവ ചാമ്പലായി കിടക്കുന്നുണ്ട് അതുവെച്ച സ്ഥാനത്ത് തന്നെ. മതഭേദമന്യേ, വിശുദ്ധഗ്രന്ഥത്തിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശകരുടെ ഹൃദയം ഉലയ്ക്കുന്ന കാഴ്ചയാണ്. ഒരു സമുദായത്തോടുള്ള ഒടുങ്ങാത്ത വിദ്വേഷവും അടങ്ങാത്ത പകയും ഒരു നാഗരികതയുടെ പ്രാമാണികവേദഗ്രന്ഥത്തോട് പോലും പക തീര്‍ക്കാന്‍ ഒരുകൂട്ടം മനുഷ്യരെ പ്രാപ്തമാക്കുന്നുവെങ്കില്‍ എത്ര ആസുരമാണ് അവരുടെ പ്രത്യയശാസ്ത്ര ചിന്തയെന്ന് ആരും ചിന്തിച്ചുപോകുന്ന ദൃശ്യങ്ങള്‍! 500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മദ്രസയുണ്ടവിടെ. അതും നശിപ്പിച്ചിട്ടുണ്ട്. ഇമാമിനെ പിടിച്ച് ആസിഡൊഴിച്ച് മര്‍ദിച്ചത് പൊലീസാണത്രെ. പള്ളിയുടെ പിന്‍ഭാഗത്തൂടെ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ പോലും പരാജയപ്പെടുത്തിയത് നിയമപാലകരാണെന്ന് പറയുമ്പോള്‍ ജമാഅത്ത് സെക്രട്ടറിയുടെ മുഖത്ത് വല്ലാത്തൊരു ഉത്കണ്ഠ. ലോകത്തെവിടെയെങ്കിലും ഇമ്മാതിരി പൊലീസുകാരെ കണ്ടിട്ടുണ്ടോ? എന്തുകൊണ്ട് അവര്‍ മുസ്ലിംകളെ ശത്രുക്കളായി കാണുന്നു? ആര്‍ എസ് എസ് പ്രസരിപ്പിക്കുന്ന വിദ്വേഷധൂളികള്‍ അത്രയ്ക്കും വിഷലിപ്തമാണെന്ന് ചുരുക്കം.
ശിവ് വിഹാറില്‍ അടുത്തടുത്ത രണ്ടു പള്ളികളാണ് അഗ്നിക്കിരയാക്കിയത്. മദീന മസ്ജിദും ഔലിയ മസ്ജിദും. പെട്രോള്‍ ബോംബും ഗ്യാസ് സിലിണ്ടറും തന്നെയായിരുന്നു നശീകരണായുധങ്ങള്‍. അവിടെയും ഖുര്‍ആന്‍ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്തു. പള്ളിക്കകത്ത് മദ്യപിച്ച് കൂത്താടുകയായിരുന്നുവത്രെ അക്രമികള്‍. യുവാക്കളടക്കമുള്ളവര്‍ പ്രാണഭയം കൊണ്ട് വീടുകളില്‍ കഴിഞ്ഞു. അതിനടിയില്‍ വ്യാപകമായി കൊള്ളയും കൊള്ളിവെപ്പും തുടര്‍ന്നു. മദീന മസ്ജിദിന് സമീപത്തെ ഒരൊറ്റ മുസ്ലിം വീടും നശിപ്പിക്കാതെ ബാക്കിവെച്ചില്ല. ആറുമാസംമുമ്പ് തുടങ്ങിയ ഒരു ബേക്കറിയില്‍ കയറി സകല സാധനങ്ങളും കൊള്ളയടിച്ചു. പിന്നീട് തീയിട്ടപ്പോള്‍ നോട്ടുകെട്ടുകള്‍ പോലും ചാമ്പലായത് അദ്ദേഹം കാണിച്ചുതന്നു. അഞ്ചാറു ലക്ഷത്തിന്റെ നഷ്ടം ആര് വകവെച്ചുതരും എന്നാണ് ആ ഹതഭാഗ്യന്‍ ചോദിക്കുന്നത്. അശോക്നഗറിലെ മൗലാബക്ഷ് മസ്ജിദ് ആക്രമിക്കപ്പെട്ടത് നട്ടുച്ചനേരത്താണ്. ‘ഹിന്ദുവോം കാ ഹിന്ദുസ്ഥാന്‍'( ഇന്ത്യ ഹിന്ദുക്കളുടേതാണ്) എന്ന മുദ്രാവാക്യം വിളിച്ച് പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘികളിലൊരുവന്‍ മിനാരത്തില്‍ പറ്റിപ്പിടിച്ച് കയറി കാവിക്കൊടി നാട്ടി വിജയം കൊണ്ടാടുകയായിരുന്നു. ബാബരി ധ്വംസനത്തിന്റെ ഓര്‍മകളാണ് അക്രമികളെ നയിക്കുന്നതെന്ന് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍നിന്ന് വ്യക്തമാവുന്നു. ‘ഹര്‍ മസ്ജിദ് ബാബരി ബനേഗി’ (എല്ലാ പള്ളിയും ബാബരിയാക്കും) എന്നാണ് അക്രമിസംഘം ആക്രോശിച്ചതത്രെ. ‘ജയ് ശ്രീറാം’ എന്ന മന്ത്രത്തിന് കൊലവിളിയുടെ ഭാഷ്യം നല്‍കിയ ആര്‍ എസ് എസുകാര്‍ ശ്രീരാമ ഭഗവാനോട് കാട്ടുന്ന ക്രൂരതക്ക് സമാനമായി എന്തുണ്ട്?
പടരുന്ന വിഷാദ ചിന്തകള്‍
രാജ്യതലസ്ഥാന നഗരിയില്‍ അരങ്ങേറിയ വംശഹത്യയും ഏകപക്ഷീയ അക്രമങ്ങളും കലാപം എന്ന പതിവ് സംജ്ഞ കൊണ്ട് ചരിത്രത്തില്‍ കുറിച്ചിടപ്പെടാന്‍ പാടില്ലെന്ന് ചാരം കുമിഞ്ഞുകത്തുന്ന ചുടലക്കളത്തില്‍നിന്ന് സന്ധ്യയോടടുത്ത് മടങ്ങുമ്പോള്‍ മനസ്സ് താക്കീത് നല്‍കുന്നു. ഇത്രയും നാള്‍ പാരസ്പര്യത്തിന്റെ ലോലമായ കൈവരികള്‍ പിടിച്ചെങ്കിലും മുന്നോട്ടുനീങ്ങിയ ഒരുജനത എത്രപെട്ടെന്നാണ് കാട്ടാളവേഷമണിഞ്ഞ് കൂടെ നടന്നവരെയും ദിവസവും കാണുന്ന മുഖങ്ങളെയും തല്ലിക്കൊല്ലാനും കത്തിച്ചാമ്പലാക്കാനും ഒരുമ്പെട്ടത്?
രാഷ്ട്രീയലക്ഷ്യം മുന്നില്‍കണ്ട് ദുഷ്ടമനസ്സുകള്‍ ആസൂത്രണം ചെയ്തതാണെല്ലാം. ആര്‍ എസ് എസും പൊലീസും ഭരണകൂടവുമാണ് സര്‍വനാശത്തിന്റെയും പിന്നില്‍. സമുദായങ്ങളെ തമ്മില്‍ കൊല്ലിച്ച് മനുഷ്യരെ ഇരുധ്രുവങ്ങളിലേക്ക് തള്ളിവിട്ട് അന്തരീക്ഷം വര്‍ഗീയമയമാക്കുകയും വോട്ടുബാങ്ക് ശാശ്വതമാക്കുകയുമാണ് ലക്ഷ്യം. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നുവന്ന മതേതരചേരിയുടെ ശാക്തീകരണം തടയുകയും മുസ്ലിം- ദളിത് ഐക്യത്തിന്റെ പാശങ്ങള്‍ അറുത്തുമാറ്റുകയും ചെയ്യുക കലാപത്തിനു പിന്നിലെ ലക്ഷ്യമായിരുന്നു. രാജ്യത്ത് എവിടെയും മുസ്ലിംകള്‍ക്ക് സുരക്ഷിത താവളമോ രക്ഷകരോ ഇല്ലെന്ന പരമാര്‍ഥം ബോധ്യപ്പെടുത്തുക സംഘ്പരിവാറിന്റെ അജണ്ടയായിരുന്നു. സെക്യുലര്‍ നാട്യവുമായി വോട്ട് ചോദിച്ചെത്താറുള്ള ഒരുപാര്‍ട്ടിയും മുസ്ലിംകളെ രക്ഷിക്കാന്‍ ഈ മൂന്നുദിവസങ്ങളില്‍ മുന്നോട്ടുവന്നില്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നിലാണ് ‘മിലിറ്റന്റ് ഹിന്ദുത്വ’യുടെ ആശയമേധാവിത്തം സ്ഥാപിക്കപ്പെടുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച ന്യൂനപക്ഷവിഭാഗത്തില്‍പെട്ട യുവതയെ നിരാശരും നിസ്സംഗരുമാക്കുന്നു. ഇവരെ തീവ്രചിന്താഗതിക്കാര്‍ വല വീശിപ്പിടിച്ചേക്കുമെന്ന ഭയം പലരും പങ്കുവെച്ചു. കെജ്രിവാളിനെ വഞ്ചകനായാണ് ഇവര്‍ കാണുന്നത്. അമാനത്തുള്ള ഖാന്‍ എന്ന ഓഖ്ല എം എല്‍ എയെ പഴിക്കുകയാണിവര്‍. ദിശാബോധമില്ലാത്ത അധികാരമോഹി എന്നാണ് വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരാന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മതേതരത്വം ‘പുതിയ ഇന്ത്യയില്‍’ വോട്ട് തട്ടാനുള്ള ഒരു മുദ്രാവാക്യം മാത്രമാണെന്നും കോണ്‍ഗ്രസടക്കമുള്ള സെക്യുലര്‍ അപ്പോസ്തലന്മാര്‍ക്ക് ഇത്തരംഘട്ടത്തില്‍ ഒന്നും ചെയ്യാനില്ലെന്നും വരുമ്പോഴാണ് നമ്മുടെ വ്യവസ്ഥിതി തകര്‍ന്നതായി വിലയിരുത്തേണ്ടിവരുന്നത്. ഇരുളുറഞ്ഞ ഭാവിക്കുമുന്നില്‍ ഒരു രാജ്യം തപ്പിത്തടയുമ്പോള്‍ ആരുണ്ട് ഒരു വിളക്ക് കത്തിച്ചുവെക്കാന്‍? ഷഹീന്‍ബാഗിലെ വിശേഷങ്ങളറിയാന്‍ ഓഖ്ലയുടെ തിരക്കുപിടിച്ച നിരത്തിലൂടെ നടന്നുമുന്നോട്ടുപോയപ്പോള്‍, ഇത്തരം ഇടുങ്ങിയ വഴികളില്‍ മാത്രമാണോ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാസ്ഥ്യമുള്ളൂവെന്ന ചോദ്യം ഒരശരീരി പോലെ കാതുകളില്‍ വന്നലക്കുന്നുണ്ടായിരുന്നു.
KASIM IRIKKOOR
You must be logged in to post a comment Login