സൗഹൃദം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് രണ്ടാമത്തെ കര്‍ത്തവ്യം. കൂട്ടുകാരനുമായി സൗഹൃദം സ്ഥാപിച്ചാല്‍ അത് ഊട്ടിയുറപ്പിക്കുന്നതിനും നല്ല നിലയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും അവരോടുളള കടമകള്‍ നിറവേറ്റുകയും വേണം. തിരു നബി(സ്വ) പറഞ്ഞു: ‘ഇരുകരങ്ങള്‍ പോലെയാണ് രണ്ടുകൂട്ടുകാര്‍ . അതില്‍നിന്ന് ഒന്ന് മറ്റൊന്നിനെ കഴുകിവൃത്തിയാക്കുന്നു’. മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന ഒരിടത്തുകൂടി കടന്നുപോകുമ്പോള്‍ ദന്ത ശോധിനിയായി ഉപയോഗിക്കുന്നതിനായി അവിടെനിന്ന് രണ്ടുമരക്കമ്പുകള്‍ തിരുനബി(സ) ശേഖരിച്ചു. അതിലൊന്ന് ചുളിഞ്ഞതും മറ്റൊന്ന് നിവര്‍ന്നതുമായിരുന്നു. അതില്‍നിന്ന് ചുളിഞ്ഞത് തിരുനബി എടുക്കുകയും വളവില്ലാത്തത് അനുചരന് നല്‍കുകയും ചെയ്തു. അനുചരന്‍ പറഞ്ഞു. ‘അല്ലാഹു വിന്റെ തിരുദൂതരേ, വളവില്ലാത്തതിന് എന്നെക്കാള്‍ അര്‍ഹതപ്പെട്ടത് അങ്ങാണല്ലോ.’ തിരു നബി(സ) പറഞ്ഞു: ഒരാള്‍ തന്റെ കൂട്ടുകാരനുമായി ഒത്തുചേര്‍ന്ന സമയം തന്റെ കൂട്ടുകാരനോടുള്ള കടമ നിറവേറ്റിയോ, ഇല്ലേ എന്ന് അല്ലാഹു അവനോട് ചോദിക്കുന്നതാണ്. തിരുനബി പറഞ്ഞു: ‘രണ്ട് കൂട്ടുകാരില്‍ അല്ലാഹുവിനിഷ്ടം തന്റെ കൂട്ടുകാരനോട് മൃദുസമീപനം സ്വീകരിക്കുന്നവനോടാണ്’.
കൂട്ടുകാരന്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുമ്പോള്‍ ആവശ്യമായ ധനസഹായം നല്‍കുക, അതിന് സാധിക്കാത്ത പക്ഷം ആവശ്യമെങ്കില്‍ സ്വന്തം ചെലവുകള്‍ കഴിച്ച് മിച്ചമുള്ളത് നല്‍കുക, ശരീരം കൊണ്ടുള്ള സഹായം ആവശ്യമാകുന്ന സമയത്ത് ഒട്ടും അമാന്തം കൂടാതെ സുഹൃത്ത് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ വേണ്ട സഹായം ചെയ്തുകൊടുക്കുക, രഹസ്യങ്ങള്‍ പുറത്ത് പറയാതിരിക്കുക, ന്യൂനതകള്‍ മറച്ചുവെക്കുക, ജനങ്ങളുടെ ആക്ഷേപങ്ങള്‍ അവനെ അറിയിക്കാതിരിക്കുക, ജനപ്രശംസ പോലുള്ള സന്തോഷം പകരുന്ന കാര്യങ്ങള്‍ അവനെ അറിയിക്കുക, സംസാരിക്കുമ്പോള്‍ നല്ല കേള്‍വിക്കാരനാകുക, തര്‍ക്കിക്കാതിരിക്കുക, അവനേറ്റവും ഇഷ്ടപ്പെടുന്ന പേര് വിളിക്കുക, നന്മകള്‍ കണ്ടാല്‍ പുകഴ്ത്തുക, നല്ല പ്രവര്‍ത്തനങ്ങള്‍ നന്ദിയോടെ സ്മരിക്കുക, അസാന്നിധ്യത്തില്‍ അവന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക, ഗുണദോഷിക്കേണ്ട അവസരമുണ്ടായാല്‍ സൗമ്യമായി മാത്രം അവനെ ഗുണദോഷിക്കുക, തെറ്റുകുറ്റങ്ങള്‍ക്ക് മാപ്പ് നല്‍കുകയും അതിന്റെ പേരില്‍ ആക്ഷേപിക്കാതിരിക്കുകയും ചെയ്യുക, ജീവിതകാലത്തും മരണശേഷവും അവന്റെ അസാന്നിധ്യത്തില്‍ വെച്ച് അവനുവേണ്ടി പ്രാര്‍ഥിക്കുക, മരണശേഷം അവന്റെ കുടുംബത്തോടും അടുത്ത ബന്ധുക്കളോടുമുള്ള കടപ്പാടുകള്‍ നിറവേറ്റുക എന്നിവയെല്ലാം സുഹൃത്തുക്കളോടുള്ള കടമകളാണ്.
ആയാസരഹിതമായ കാര്യങ്ങളായിരിക്കണം അവന് വേണ്ടി നീ തിരഞ്ഞെടുക്കുന്നത്. നിര്‍ബന്ധപൂര്‍വം അവനെക്കൊണ്ട് ഒരു കാര്യവും നീ ചെയ്യിക്കരുത്. അത് സുപ്രധാന കാര്യങ്ങളില്‍ നിന്ന് അവന്റെ ശ്രദ്ധ തിരിക്കാന്‍ കാരണമാകും. അവന് സന്തോഷം പകരുന്ന കാര്യങ്ങളുണ്ടാകുമ്പോള്‍ സന്തോഷം പ്രകടിപ്പിക്കുകയും വിഷമിപ്പിക്കുന്ന കാര്യങ്ങളുണ്ടാകുമ്പോള്‍ ദുഃഖം പ്രകടിപ്പിക്കുകയും വേണം. നിന്റെ സ്‌നേഹപ്രകടനം ആത്മാര്‍ത്ഥമാകുന്നതിന് വേണ്ടി മനസ്സറിഞ്ഞ് കൊണ്ടുള്ള വികാര പ്രകടനമായിരിക്കണം നിന്റേത്. അവന്‍ കടന്നുവരുമ്പോള്‍ സലാം പറഞ്ഞുകൊണ്ട് നീ അവനെ സ്വീകരിക്കണം. സദസ്സില്‍ അവനുകൂടി ഇടം നല്‍കണം. അവന്‍ സദസ്സിലേക്ക് കയറിവരുമ്പോള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് ചെന്നുകൊണ്ട് നീ അവനെ സ്വീകരിക്കണം. സദസ്സില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ യാത്രയാക്കാനായി കൂടെപോകുകയും വേണം. അവന്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിക്കരുത്. സംസാരം തീരുന്നത് വരെ നിശബ്ദമായി കേട്ടിരിക്കണം. ചുരുക്കത്തില്‍ അവന്‍ നിന്നോട് എപ്രകാരം പെരുമാറണമെന്നാണ് നീ ആഗ്രഹിക്കുന്നത് അപ്രകാരമായിരിക്കണം അവനോടുള്ള നിന്റെ പെരുമാറ്റം. സ്വയം ഇഷ്ടപ്പെടുന്ന കാര്യം കൂട്ടുകാരനുകൂടി ഇഷ്ടപ്പെടണം. അല്ലാത്തപക്ഷം നിന്റെ സ്‌നേഹപ്രകടനം കാപട്യമാണ്. ഐഹികലോകത്തും പരലോകത്തും അത് നിനക്ക് ദോഷമായി ഭവിക്കും.
മൂന്നാം വിഭാഗക്കാരോട് വളരെയേറെ ജാഗ്രതയോടെ വേണം ഇടപഴകാന്‍. പരിചിതരായ ആളുകളില്‍ നിന്നാണ് നിനക്ക് ഉപദ്രവമുണ്ടായേക്കുക. ചങ്ങാതിയാണങ്കില്‍ അവന്‍ നിന്നെ സഹായിക്കും. അപരിചിതനാവട്ടെ നിന്റെ കാര്യത്തില്‍ ഇടപഴകുകയുമില്ല. ഉപദ്രവങ്ങളെല്ലാം കൂട്ടുകാരനാണെന്ന് പറഞ്ഞുനടക്കുന്ന പരിചിതരായ ആളുകളില്‍ നിന്നാണ് ഉണ്ടാവുന്നത്. അതുകൊണ്ട് സാധ്യമാകും വിധം അവരോടുള്ള ബന്ധം നീ കുറച്ചേക്കുക. പാഠശാലയില്‍ വെച്ചോ, മസ്ജിദില്‍ വെച്ചോ, അങ്ങാടിയില്‍ വെച്ചോ, രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ വെച്ചോ അത്തരം ആളുകളെ അഭിമുഖീകരിക്കേണ്ടിവന്നാല്‍ നീയൊരിക്കലും അവരെ കൊച്ചാക്കിക്കാണരുത്. ഒരുപക്ഷേ അവര്‍ നിന്നെക്കാള്‍ ഉത്തമരായിരിക്കും. അവരുടെ ഭൗതികനിലവാരം നോക്കി ആദരവോടെ നോക്കിക്കാണാനും പോകരുത്. അത് നിന്റെ നാശത്തിന് കാരണമാകും. കാരണം ഭൗതികലോകവും അതിലുള്ള വസ്തുക്കളുമെല്ലാം അല്ലാഹുവിന്റെ പക്കല്‍ വളരെ നിസ്സാരമാണ്. ഭൗതികരായ ആളുകളെ നിനക്ക് ശ്രേഷ്ഠരായി തോന്നുന്നുവെങ്കില്‍ അതിനര്‍ഥം അല്ലാഹുവിന്റെ അനുഗ്രഹ ദര്‍ശത്തില്‍ നിന്ന് നീ ഒഴിവായിരിക്കുന്നുവെന്നാണ്. അതിനാല്‍ അവരുടെ പക്കലുള്ള ഭൗതിക വിഭവങ്ങള്‍ നേടിയെടുക്കുന്നതിനായി നിന്റെ വിശ്വാസത്തെ (ദീന്‍ ) അവര്‍ക്ക് മുമ്പില്‍ നീ സമര്‍പ്പിക്കരുത്. അവര്‍ നിന്നെ നിന്ദ്യനായി കാണാനും അവരുടെ പക്കലുള്ളത് തടയപ്പെടാനും മാത്രമേ അതുപകരിക്കൂ.
അവര്‍ നിന്നോട് ശത്രുത കാണിച്ചാല്‍ തിരിച്ചവരോട് ശത്രുതാ മനോഭാവത്തോടെ നീ പെരുമാറരുത്. കാരണം ക്ഷമയോടെ അവരോട് ചെറുത്തുനില്‍ക്കാന്‍ നിനക്ക് സാധിച്ചുകൊള്ളണമെന്നില്ല. അവരോട് ശത്രുത വെക്കുന്നതു നിന്റെ മതപരമായ അസ്തിത്വം നഷ്ടപ്പെടുത്താന്‍ ഇടയാക്കും. അവരോട് ചെറുത്തുനിന്നുകൊണ്ട് നീ ക്ഷീണിച്ചവശനാകുകയും ചെയ്യും. അവര്‍ നിന്നെ ബഹുമാനിക്കുന്നത് കണ്ടും അവരുടെ മുഖസ്തുതി കേട്ടും അവരുടെ സ്‌നേഹപ്രകടനത്തില്‍ നീ വീണുപോകരുത്. സത്യാവസ്ഥ പരിശോധിക്കുകയാണങ്കില്‍ ആത്മാര്‍ത്ഥമായി അങ്ങനെ ചെയ്യുന്ന നൂറിലൊരാളെപ്പോലും നിനക്ക് കണ്ടെത്താനായെന്ന് വരില്ല. പുറമേ കാണിക്കുന്നത് തന്നെ അവരുടെ മനസ്സിലുമുണ്ടാകാന്‍ നീ ആഗ്രഹിക്കുകയുമരുത്. നിന്റെ അസാന്നിധ്യത്തില്‍ വെച്ച് അവര്‍ നിന്നെ കുറ്റപ്പെടുത്തിയാല്‍ നീ അത്ഭുതപ്പെടുകയോ അതിന്റെ പേരില്‍ അവരോട് ക്ഷോഭിക്കുകയോ ചെയ്യരുത്. കാരണം നിഷ്പക്ഷമായി ചിന്തിച്ചാല്‍, അത്തരം സ്വഭാവദൂഷ്യങ്ങള്‍ നിനക്കുതന്നെ നിന്നില്‍ കണ്ടെത്താനാകും. കൂട്ടുകാരെക്കുറിച്ചും ബന്ധുജനങ്ങളെക്കുറിച്ചും നീ ദൂഷ്യം പറഞ്ഞിട്ടുണ്ടാകും. ഗുരുനാഥന്മാരെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും അവരുടെ അസാന്നിധ്യത്തില്‍ നീ ഇകഴ്ത്തിപ്പറഞ്ഞിട്ടുണ്ടാകും.
അവരുടെ (പരിചിതരായ ആളുകളുടെ) ധനവും സ്വാധീനവും സഹായവും നീ ആഗ്രഹിക്കരുത്. തീര്‍ച്ചയായുമത് നിന്ദ്യതയാണ്. അങ്ങനെ ആഗ്രഹിക്കുന്നവരെല്ലാം അവസാനം ഇച്ഛാഭംഗം സംഭവിച്ചവരായി മാറലാണ് പതിവ്. നീ ഒരാളോട് സഹായം തേടുകയും അവന്‍ നിന്നെ സഹായിക്കുകയും ചെയ്താല്‍ അല്ലാഹുവിനുപുറമേ അവനും നീ നന്ദി പ്രകടിപ്പിക്കണം. നിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുതരുന്നതില്‍ അയാള്‍ വീഴ്ചവരുത്തിയാല്‍ അതിന്റെ പേരില്‍ അയാളെ കുറ്റപ്പെടുത്തരുത്. മറ്റുള്ളവരോട് അതേക്കുറിച്ച് ആവലാതി പറയുകയും ചെയ്യരുത്. അത് ശത്രുതക്ക് കാരണമാകും. നീ മാപ്പു നല്‍കുന്ന പ്രകൃതിക്കാരനാകണം. യഥാര്‍ത്ഥ വിശ്വാസികളുടെ സ്വഭാവമാണത്. കപടവിശ്വാസിയെപ്പോലെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ ശ്രമിക്കരുത്. നമുക്കറിഞ്ഞുകൂടാത്ത വല്ല ഒഴികഴിവുകളും ഉള്ളതുകൊണ്ടായിരിക്കാം അവനങ്ങനെ ചെയ്തത് എന്നാണ് നീ വിചാരിക്കേണ്ടത്. സ്വീകരിക്കുന്ന ലക്ഷണങ്ങളൊന്നുമില്ല എങ്കില്‍ അവരെ ഗുണദോഷിക്കാന്‍ പോകരുത്. അല്ലാത്തപക്ഷം അവര്‍ നിന്റെ ഉപദേശം നിരസിക്കുകയും നിന്റെ എതിരാളികളായി മാറുകയും ചെയ്യും.
ഇസ്ഹാഖ് അഹ്‌സനി
You must be logged in to post a comment Login