ഇന്ത്യയിലെ മുസ്ലിം സംസ്‌കാരം

ഇന്ത്യയിലെ മുസ്ലിം സംസ്‌കാരം

തുര്‍ക്കുമാനികളും അഫ്ഗാനികളും ഇന്ത്യയില്‍ ഭരണത്തിന് തുടക്കമിട്ടത് ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക വ്യവസ്ഥകളെ പാടെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത, തികച്ചും അന്യമായ ഒരു സംസ്‌കാരവുമായാണ് പുതിയ ഭരണാധികാരികള്‍ക്ക് സംവദിക്കേണ്ടിവന്നത്. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളും വ്യത്യസ്തം. തുര്‍ക്കുമാനികള്‍ക്കോ അഫ്ഗാനികള്‍ക്കോ പരിചിതമല്ലാത്ത ഒരു സംസ്‌കാരം. പലപ്പോഴും പരസ്പര വിരുദ്ധമായ വിശ്വാസാചാരങ്ങള്‍. എല്ലാംകൂടി സമന്വയിപ്പിച്ച് ഒരു പുതിയ സംസ്‌കൃതി സൃഷ്ടിച്ചെടുക്കുകയല്ല ഭരണാധികാരികള്‍ ചെയ്തത്. വ്യത്യസ്ത മനോഭാവങ്ങള്‍ സ്വമേധയാ ഒട്ടിച്ചേരുകയായിരുന്നു. ബഹുദൈവ വിശാസത്തിലധിഷ്ഠിതമായ ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങളുമായി ഏകദൈവവിശ്വാസം സമന്വയിക്കുന്നത് തികച്ചും രസകരമായ കാഴ്ച തന്നെ. ഭരണാധികാരിയുടെ മതം വിശ്വസിച്ചാല്‍ തന്നെ പഴയ വിശ്വാസങ്ങളെ കൈയൊഴിക്കാനാവാതെ രണ്ടിനേയും ഒരുമിച്ചു കൊണ്ടു പോകാനുള്ള വ്യഗ്രത പുതുവിശ്വാസികളില്‍ പ്രകടമായിരുന്നു. പുതിയ വിശ്വാസത്തിലേക്ക് എത്ര മാത്രം പരിവര്‍ത്തനം ചെയ്യപ്പെട്ടാലും നിലവിലെ സംസ്‌കാരത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാവാന്‍ സാധ്യമല്ല എന്നതിന്റെ തെളിവാണ് ഇന്ത്യന്‍ മുസ്ലിം എന്ന പ്രയോഗം തന്നെ. ഇന്ത്യയിലെ മുസ്ലിം മറ്റിടങ്ങളിലെ മുസ്ലിം സമൂഹങ്ങളില്‍ നിന്ന് വേറിട്ടുനില്ക്കുന്നത് അവര്‍ ഇന്നാട്ടിലെ സംസ്‌കാരത്തെ വലിയൊരളവ് സ്വീകരിച്ചത് കൊണ്ടാണ്. വേഷ ഭൂഷാദികളിലോ ഭക്ഷണ രീതികളിലോ ആചാരങ്ങളിലോ ഇന്ത്യന്‍ മുസ്ലിം തദ്ദേശീയ സംസ്‌കാരത്തോട് കടപ്പെട്ടിരിക്കും. ഈ വസ്തുത അംഗീകരിക്കാതെ ഇന്ത്യയിലെ മുസ്ലിം സംസ്‌കൃതി പഠിക്കാനാവില്ല. ഇസ്ലാമിക വിശ്വാസത്തെ തദ്ദേശീയ സംസ്‌കാരവുമായി സമരസപ്പെടുത്തി അതിനെ കൂടുതല്‍ ഇണക്കമുള്ളതാക്കാന്‍ ശ്രമിച്ചത് സൂഫികളായിരുന്നു. അവര്‍ ഇന്ത്യയുടെ സംസ്‌കാരത്തെ മനസ്സിലാക്കുകയും അതനുസരിച്ച് മുസ്ലിംകളുടെ ജീവിതം ചിട്ടപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പലപ്പോഴും ഇവരുടെ അധ്യാപനങ്ങള്‍ക്കപ്പുറവും തദ്ദേശീയ സംസ്‌കാരം പരിവര്‍ത്തനം ചെയ്യപ്പെട്ട മുസ്ലിംകളെ സ്വാധീനിച്ചതായി കാണാം.

ഇതേ സ്വാധീനം പുതിയ ഭരണകൂടത്തിന്റെയും പുതിയ ജനതയുടെയും സംസര്‍ഗത്തിന് പാത്രമാവേണ്ടിവന്ന തദ്ദേശീയരിലും പ്രകടമായി. മതം മാറാതെത്തന്നെ തുര്‍ക്കുമാനികളുടെ ആചാരവും ഭാഷയും വേഷ ഭൂഷാദികളുമെല്ലാം ഇന്ത്യക്കാരെ വേണ്ടുവോളം സ്വാധീനിച്ചു. ഒരു ഭാഗത്ത് ബ്രാഹ്മണര്‍ ജാതിചിന്ത കര്‍ശനമാക്കുമ്പോള്‍ തന്നെ സാധാരണക്കാര്‍ വേദ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ മുന്നോട്ട് വരികയും ബ്രാഹ്മണ മേധാവിത്തത്തെ ചോദ്യം ചെയ്യുകയും ചെയ്തത് മധ്യകാലത്തെ പ്രധാന സംഭവവികാസമാണ്. അങ്ങനെയാണ് ഭക്തിപ്രസ്ഥാനം തന്നെ തുടങ്ങുന്നത്. ജാതിചിന്തകള്‍ മാഞ്ഞുപോവുന്നതും മുസ്ലിം സൂഫികളില്‍ സാധാരണ ഇന്ത്യക്കാര്‍ അഭയം തേടുന്നതും സാമൂഹിക പരിവര്‍ത്തനത്തിന് വഴിയൊരുക്കി. മുസ്ലിംകളുമായി ബന്ധപ്പെട്ട അധഃസ്ഥിത വിഭാഗം കൂട്ടമായി മതം മാറുന്നതും മുസ്ലിം ആചാരങ്ങള്‍ സ്വീകരിക്കുന്നതും ജാതിചിന്തകള്‍ വലിച്ചെറിഞ്ഞ് പുത്തന്‍ സമൂഹ സൃഷ്ടിയുടെ ഭാഗമാവുന്നതും നാം കാണുന്നു. പട്ടണങ്ങളില്‍ കരകൗശലക്കാരനും വ്യവസായിയും മത ഭേദങ്ങള്‍ക്കപ്പുറം ഒന്നിക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വിവിധ മതക്കാരാണെങ്കിലും ഒരേ തൊഴിലെടുക്കുന്നവര്‍ ഒന്നിച്ചു ജീവിക്കുന്നതും കാണാനായി. ഒരായിരം ജാതി വിഭാഗങ്ങള്‍ അധിവസിച്ച ഇന്ത്യയില്‍ തുര്‍ക്കുമാനിയുടെ പുതിയ ഭരണം എങ്ങനെയൊക്കെ വിജയിപ്പിച്ചെടുത്തു എന്നറിയാന്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ അവസ്ഥകളെ പരിശോധിക്കുക തന്നെ വേണം.

രാഷ്ട്രീയം
ഇന്ത്യാ ഉപഭൂഖണ്ഡമെന്നത് ഏഷ്യയുടെ ചെറിയൊരു രൂപമാണ്. ഇവിടത്തെ നദികള്‍, മലകള്‍, സമതലങ്ങള്‍ എന്നിവ കാലവസ്ഥയിലും ഭൂപ്രകൃതിയിലുമൊക്കെ വ്യത്യസ്തതകളുണ്ടാക്കുന്നു. ജനങ്ങളുടെ ജീവിതവും ഭാഷയും വേഷവുമൊക്കെ വ്യത്യസ്തം. അതുകൊണ്ടാണ് ഇന്ത്യയെ അറിഞ്ഞാല്‍ ഏഷ്യയെ മുഴുവനും അറിഞ്ഞു എന്ന് പറയുന്നത്. ഇന്ത്യ തന്നെ പല പേരുകളിലറിയപ്പെടുന്നുണ്ട്. ഭരതവര്‍ഷ, ഭാരത്, ഇന്ത്യ, ഹിന്ദ്, ഹിന്ദുസ്ഥാന്‍ എന്നൊക്കെ. ഋഗ്വേദത്തില്‍ ഭരതന്മാര്‍ ഒരു ഗോത്രമാണ്. മഹാഭാരതത്തിലെ ആദി പര്‍വത്തിലാണ് ഭാരത ചക്രവര്‍ത്തിയെ കുറിച്ച് പറയുന്നത്. ദുഷ്യന്തന്റേയും ശകുന്തളയുടേയും മകന്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തില്‍ ഭരതന്റെ രാജ്യത്തെ ഭരതവര്‍ഷ എന്നാണ് വിളിക്കുന്നത്. വര്‍ഷ എന്നാല്‍ നാട്. വിഷ്ണു പുരാണത്തിലും ഈ രാജ്യത്തെ ഭാരതം എന്ന് വിളിച്ചിരിക്കുന്നു. പേര്‍ഷ്യക്കാര്‍ ഈ രാജ്യത്തെ ഹിന്ദുസ്താന്‍ എന്നാണ് വിളിച്ചത്. സംസ്‌കൃതത്തിലെ സിന്ധുവില്‍ നിന്നാണ് ഹിന്ദു ഉദ്ഭവിച്ചത്. പഹ്ലവി ഭാഷയില്‍ ‘സ’ എന്നക്ഷരത്തിന് ‘ഹ’ എന്നാണ് ഉച്ചരിക്കുക. സിന്ധു നദിയുടെ പടിഞ്ഞാറുള്ള പ്രദേശങ്ങളാണ് സിന്ധുസ്ഥാനം. ഇതിനെ പേര്‍ഷ്യക്കാരും അറബികളും ഹിന്ദുസ്താന്‍ എന്ന് വിളിച്ചു. ‘സ്ഥാ’നത്തിലെ ‘ഥ’ എന്ന അതിഖരാക്ഷരം അറബി, ഉര്‍ദു പേര്‍ഷ്യന്‍ ഭാഷയില്‍ ഉപയോഗിക്കാറില്ല. പകരം ത എന്ന ഖരാക്ഷരമാണ് ഉപയോഗിക്കുന്നത്. അതാണ് പലരും ഹിന്ദു’സ്താ’ന്‍ എന്നെഴുതുന്നത്. മലയാളത്തില്‍ ഹിന്ദുസ്ഥാനമെന്നതാണ് ശരി. അറബികളും പേര്‍ഷ്യക്കാരും ഹിന്ദ് എന്നും ഈ രാജ്യത്തെവിളിച്ചു. അതില്‍ നിന്നാണ് ഇന്ത്യ വന്നതെന്ന് ചിലര്‍. എന്നാല്‍ ഗ്രീക്കുകാരും റോമക്കാരും ഇന്ത്യ എന്ന് നേരത്തെ വിളിച്ചിട്ടുണ്ടെന്ന് ചിലര്‍. എന്തായാലും സുല്‍ത്താന്‍മാരുടെ കാലത്ത് ലോകത്തെങ്ങും ഈ രാജ്യം അറിയപ്പെട്ടത് ഹിന്ദുസ്ഥാന്‍ എന്ന് തന്നെ. അതേ സമയം ഹിന്ദുസ്ഥാനത്തിന്റെ അതിര്‍ത്തി ഉത്തരേന്ത്യയില്‍ മാത്രമൊതുങ്ങി. ദക്ഷിണേന്ത്യ മറ്റു പേരുകളിലാണറിയപ്പെട്ടത്.

ശിഥിലമായ രാജ്യം
തുര്‍ക്കുമാനികള്‍ വരുമ്പോള്‍ ഹിന്ദുസ്ഥാന്‍ ശിഥിലമായിരുന്നു. പരസ്പരം പോരടിക്കുന്ന രജപുത്ര രാജ്യങ്ങള്‍. അതുകൊണ്ടുതന്നെ പുറത്ത് നിന്നുള്ള ശക്തികള്‍ക്ക് ഈ രാജ്യം കീഴടക്കാനെളുപ്പം. വടക്കുഭാഗത്തെ വ്യാപാര പാതയായ സില്‍ക്ക് റോഡുമായും തെക്ക് സമുദ്രങ്ങളുമായും ബന്ധപ്പെടുന്ന രാജ്യമായത് കൊണ്ട് ഇന്ത്യ ആദ്യകാലം മുതലേ വ്യാപാര രാജ്യമാണ്. ഒപ്പം കാര്‍ഷിക രാജ്യവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരി സമൂഹങ്ങള്‍ ആദിമ കാലം തൊട്ടേ ഇന്ത്യയുമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അങ്ങനെ ഇന്ത്യ സാമ്പത്തികമായി വളരേ മുന്നിലായിരുന്നു. ഇന്ത്യയെ ആക്രമിക്കാന്‍ വിദേശികളെ പ്രേരിപ്പിച്ചതും ഈ വസ്തുതയാണ്. ആദ്യ നാഗരികതകളൊക്കെ പട്ടണ സംസ്‌കാരവുമായി ബന്ധപ്പെട്ടതായിരുന്നു. സൈന്ധവ നാഗരികത ഉന്നതമായ പട്ടണ സംസ്‌കാരം പ്രദാനംചെയ്തു. പേര്‍ഷ്യയുമായും ഗ്രീസുമായുമെല്ലാം വ്യാപാരബന്ധങ്ങള്‍ അക്കാലത്തുതന്നെ പുഷ്ടിപ്പെട്ടു. ആര്യന്‍മാരുടെ വരവോടെ കാര്‍ഷികവൃത്തിയും നാടോടിസംസ്‌കാരവും വ്യാപകമാവുകയും ഫ്യൂഡല്‍ വ്യവസ്ഥയിലേക്ക് രാജ്യം മാറുകയും ചെയ്തു. ഇത് ജാതി- വര്‍ണ ചിന്തകള്‍ കൊണ്ടുവന്നു. ചെറിയൊരു വിഭാഗം സമ്പന്നരാവുകയും സമ്പത്തിന്റെയും മതത്തിന്റെയും സഹായത്തോടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെ അടിമകളാക്കുകയും ചെയ്തു. ബുദ്ധ ജൈന മതങ്ങള്‍ പുതിയൊരു ഉണര്‍വുണ്ടാക്കിയെങ്കിലും ആര്യനിസം ഈ മതങ്ങളെയൊക്കെ കൈപിടിയിലൊതുക്കി. ഗുപ്തന്മാരും മൗര്യന്മാരും ക്ഷയിച്ചതോടെ രജപുത്രന്മാര്‍ ശക്തിപ്പെട്ടു. അതോടെ രാജ്യം കൂടുതല്‍ ശിഥിലമാവുകയും ചെയ്തു. രാജ്യവും ഭരണവും ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഏകാധിപപത്യത്തിന് കീഴില്‍ വരികയും ബഹുഭൂരിപക്ഷം ജനങ്ങളെ താണജാതിക്കാരും ശൂദ്രരുമാക്കി സമൂഹത്തില്‍ നിന്ന് മാറ്റിനിറുത്തുകയും ചെയ്തു. രജപുത്രരുടെ പരസ്പര പോരുമൂലം രാജ്യം ക്ഷയിച്ചു കൊണ്ടിരുന്നപ്പോഴാണ് തുര്‍ക്കുമാനികള്‍ ഇന്ത്യയിലേക്ക് ഭരണക്കണ്ണുമായി വരാന്‍ തുടങ്ങിയത്. പേര്‍ഷ്യയും മധ്യേഷ്യയുമായിരുന്നു മധ്യകാലത്തെ വന്‍ ശക്തികള്‍. ഇന്ത്യയിലെ കണക്കറ്റ സമ്പത്തും രാഷ്ട്രീയ ദൗര്‍ബല്യങ്ങളും ജാതിചിന്തകളും മധ്യേഷ്യയില്‍ നിന്നുള്ള മുസ്ലിം സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വഴിയൊരുക്കി.

മുസ്ലിം സംസ്‌കാരവുമായി ഇന്ത്യയിലെത്തിയ തുര്‍ക്കുമാനികള്‍ക്ക് ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക അവസ്ഥകള്‍ വിസ്മയമുളവാക്കി. ജാതീയതയുടെ ഒരു പാഠവും അവര്‍ക്കറിയില്ലായിരുന്നു. അതേസമയം ജാതിവ്യവസ്ഥയെ അറിഞ്ഞും അറിയാതെയും ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരുന്നു. പട്ടണങ്ങളിലും തെരുവുകളിലും കെട്ടിയിരുന്ന ജാതീയ മതില്‍കെട്ടുകള്‍ അവര്‍ തകര്‍ത്തു. താണജാതിക്കാരായ കരകൗശല വിദഗ്ധരുമായി അടുത്തിടപഴകാന്‍ കഴിഞ്ഞത് വ്യവസായവും വ്യാപാരവും അഭിവൃദ്ധിപ്പെടാന്‍ കാരണമായി. മതം മാറ്റത്തിലൂടെ അധഃസ്ഥിതര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും ലഭിച്ചു. നിലവിലുള്ള സാഹചര്യവുമായി ഇണങ്ങും വിധം തുര്‍ക്കുമാനി രാഷ്ട്രീയ വ്യവസ്ഥയെ സമന്വയിപ്പിച്ചെടുക്കാനും സുല്‍ത്താന്മാര്‍ ശ്രമിച്ചു.

യുദ്ധം ചെയ്യുക എന്നത് രജപുത്രരുടെ സമ്പ്രദായമായിരുന്നു. അയലത്തെ രാജാവ് സ്വന്തക്കാരനായാലും അവരുമായുള്ള യുദ്ധം ഒഴിച്ചുകൂടാത്തതായി. യുദ്ധത്തില്‍ ജയിച്ചാല്‍ തോല്പിച്ച രാജാവിന്റെ ഏതെങ്കിലും ബന്ധുവിനെ രാജാവാക്കി നിശ്ചയിക്കും. അല്ലെങ്കില്‍ സ്വന്തം ബന്ധുക്കളെയാരെയെങ്കിലും ഗവര്‍ണരാക്കും. അതിനപ്പുറമുള്ള രാഷ്ട്രീയവ്യവസ്ഥയിലൊന്നും ഒരു മാറ്റവും അക്കാലത്ത് ഇന്ത്യയിലുണ്ടായില്ല. യൂറോപ്പിലെ ഫ്യൂഡലിസത്തെപ്പോലെ പ്രഭുക്കളും ഇടപ്രഭുക്കളുമായി തീര്‍ത്ത വ്യവസ്ഥ തന്നെയായിരുന്നു രജപുത്രരുടേത്. യുദ്ധരംഗത്ത് ഇവര്‍ കാണിച്ചിരുന്ന പാടവത്തേയും ശൗര്യത്തേയും തദ്ദേശീയ ചരിത്രകാരന്മാര്‍ വാനോളം വാഴ്ത്തുന്നുണ്ട്. എന്നാല്‍ പൊതുശത്രുവിനെ പ്രതിരോധിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടത് പരസ്പര ശത്രുതയും ജാതിവ്യവസ്ഥയെ അന്ധമായി പുണരുകയും ചെയ്തതാണ്. യുദ്ധം ക്ഷത്രിയരുടെ മാത്രം ഏര്‍പ്പാടാക്കിയതുകൊണ്ടുതന്നെ സാധാരണക്കാരെ ഒന്നും ബാധിച്ചില്ല. രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനതയെ ഭരണവുമായോ സാമൂഹിക ജീവിതവുമായോ സഹകരിപ്പിക്കാനും തയാറായില്ല. രാജ്യത്തിന്റെ ഒരു നേട്ടവും സാധാരണക്കാരുമായി പങ്കുവച്ചതുമില്ല. നികുതിയുടെ കാര്യത്തിലാവട്ടെ, അധഃസ്ഥിതന് ആനുകൂല്യങ്ങള്‍ നല്കിയതുമില്ല. ബ്രാഹ്മണരും രജപുത്രരും നികുതിയില്‍ നിന്നൊഴിവായിരുന്നുതാനും.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login