ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് – 19 ന്റെ വ്യാപനത്തില്‍ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഈ കലക്കുവെള്ളത്തില്‍ ചിലരെങ്കിലും മീന്‍ കിട്ടുമെന്ന് വെറുതെ ആശിക്കുന്നു. ദൈവനിഷേധികളാണ് ഇക്കാര്യത്തില്‍ ഏറെ ആശ വെക്കുന്നവര്‍. വൈറസ് ബാധയെ ചെറുക്കാന്‍ അവര്‍ക്കൊരു സംഭാവനയും ചെയ്യാനായിട്ടില്ല. ചിന്തോദ്ദീപകമായ ഒരു ആശയമെങ്കിലും സമര്‍പ്പിക്കാന്‍ അവര്‍ക്കായില്ല. എന്നാലോ, സമൂഹമാധ്യമങ്ങളിലിരുന്ന് ദൈവമില്ലെന്ന് ഊഹം പരത്തുകയാണവര്‍. ദൈവഭക്തര്‍ പോലും ഇങ്ങനെ നിരന്തരം ദൈവത്തെ ഓര്‍ക്കാറില്ല എന്നാലോചിക്കുമ്പോള്‍ നിങ്ങള്‍ക്കും അത്ഭുതം തോന്നും.
കൊറോണക്കു മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ന്‍ നടപടികള്‍ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെപ്പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിച്ചും 163 രാജ്യങ്ങളിലും സര്‍ക്കാറുകള്‍ കഠിനാധ്വാനം ചെയ്യുന്നു. മാസ്‌കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യമായി വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. അണുബാധയുള്ളവരെ പരിചരിക്കാനും നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുവാനും ഓവര്‍ടൈം ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാരും അനുബന്ധ സ്റ്റാഫും. ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ജനം കൂട്ടംകൂടുന്നതിനെ നിയന്ത്രിക്കുന്ന മത നേതൃത്വം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളും അവധി കൊടുത്തു. നിരത്തില്‍ വാഹനങ്ങള്‍ കുറഞ്ഞു. പലയിടത്തും കടകമ്പോളങ്ങളില്‍ ആളില്ല. ആശുപത്രികള്‍ പോലും വിജനം. എവിടെ ചെന്നാലും കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ എല്ലാവരും ഒത്തുപിടിക്കുന്നു.
എന്നാല്‍, മേല്‍ പറഞ്ഞവര്‍, പ്രളയം വന്നാലും പേമാരി വന്നാലും മഹാമാരി വന്നാലും ഒരേയൊരു മോഹം മാത്രമുള്ളവര്‍. മനുഷ്യര്‍ മുങ്ങിയോ പിടഞ്ഞോ ശ്വാസം മുട്ടിയോ ചാവണം. എന്നിട്ടാ ശവത്തില്‍ കുത്തി ചോദിക്കണം: കണ്ടോ, കണ്ടോ ചാവുന്നു, ദൈവം ഉണ്ടെങ്കിലെവിടെ? ആരെയും രക്ഷിക്കാത്തതെന്തേ? ഇവരാണ് പ്രാര്‍ഥന ഫലിക്കരുതേ എന്നു ‘പ്രാര്‍ഥിക്കുന്നവര്‍’!
എല്ലാ മതങ്ങളെയും അടച്ചാക്ഷേപിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് കവര്‍ സ്റ്റോറി ചെയ്തത്. മഹാമാരിയെ പിടിച്ചു നിര്‍ത്താനാവാത്തതു കൊണ്ടു പ്രാര്‍ഥനയും ആചാരങ്ങളും മതവിശ്വാസവും ദൈവവിശ്വാസം തന്നെയും അത്രയൊക്കേ ഉള്ളൂ, അവയൊന്നും വേണ്ടെന്നു വെച്ചതുകൊണ്ട് ഒന്നും വരാനില്ല എന്നായിരുന്നു തീര്‍പ്പ്.
ഇവര്‍ ഉന്നയിക്കുന്ന ഒരു ചോദ്യവും വാസ്തവത്തില്‍ നമ്മുടെ മറുപടി അര്‍ഹിക്കുന്നില്ല. ഇത് പറയാന്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്. മതം തെറ്റാണെന്നാണ് ഈ വക ചോദ്യങ്ങളുടെ ആകെത്തുക. ഇന്നുവരെ അതു സത്യസന്ധമായി സ്ഥാപിക്കാന്‍ അവര്‍ക്കായിട്ടില്ല, കുറെ ട്രോളുകളല്ലാതെ.
ജീവിതം ശാന്തവും സുന്ദരവും സ്വച്ഛന്ദവുമായി ഒഴുകണമെങ്കില്‍ നിയതമായ ഒരു ദര്‍ശനം കൂടിയേ തീരൂ. അതിനാല്‍ മതം / വിശ്വാസം ഒരു അനിവാര്യതയാണ്. മതമോ നിര്‍മതവാദമോ ശരി എന്ന തത്വചിന്താപരമായ ചോദ്യം മൗലിക പ്രാധാന്യമുള്ളതാകുന്നത് അതുകൊണ്ടാണ്.
വിശ്വാസത്തിന്റെ മനഃശാസ്ത്രമറിയാത്തവനു അതിന്റെ സൗന്ദര്യമറിയില്ല. വിശ്വാസി അനുഭവിക്കുന്ന ആത്മവിശ്വാസവും മനഃസംതൃപ്തിയും ധൈര്യവും ശുഭ പ്രതീക്ഷയും മനസ്സിലാകില്ല. അമ്മയ്ക്കു മക്കളോടുള്ള വികാരം പേറ്റുനോവറിയാത്തവള്‍ക്കറിയില്ല. അതൊന്നും പുസ്തകത്താളുകളില്‍ നിന്നല്ല ആസ്വദിക്കേണ്ടത്, അനുഭവത്തില്‍ നിന്നാണ്.
രണ്ട്. മതങ്ങള്‍ എന്ന് പൊതുവില്‍ പറഞ്ഞാല്‍ അതില്‍ പലതും ഉണ്ട്. യുക്തിഹീനമായ പലതും പല മതങ്ങളിലുമുണ്ട്. അതിനെയെല്ലാം കൂടി ന്യായീകരിക്കാനോ ഇസ്ലാമിനോടു സമീകരിക്കാനോ കഴിയില്ല. ഇസ്ലാം ഭദ്രമാണ്. സംതൃപ്തമായ ന്യായങ്ങളില്ലാത്ത ഒന്നും അതിലില്ല. ഏതു കാലത്തെയും സാഹചര്യത്തെയും സ്വീകരിക്കാന്‍ ക്ഷമതയുണ്ടതിന്. അറിവിന്റെ വികാസങ്ങളെ ഉള്‍ക്കൊള്ളുന്നതാണത്. അതിശയകരമാം വിധം കാലേക്കൂട്ടി കാര്യങ്ങളെ വ്യവഹരിച്ചതുമാണ്. അവിടെ നിന്നാണ് നാം സംസാരിക്കുന്നത്. കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍ക്ക് വര്‍ണരാജികള്‍ കാണാനാകില്ല. അതു മനസ്സിലാക്കാന്‍ അറിവല്ല, ബോധമാണു വേണ്ടത്.
കൊറോണയെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിനു അല്ലാഹു?
അല്ലാഹു ആരാണെന്നറിയാത്തതിന്റെ കുഴപ്പമാണീ ചോദ്യം. വാച്ചുണ്ടാക്കിയ ആളെ കാണാന്‍ അത് പൊളിച്ചു നോക്കുകയാണിവര്‍. ഇതു മാതിരി പ്രപഞ്ചകര്‍ത്താവിനെ കാണാന്‍ അതിനുള്ളില്‍ നോക്കുന്നവര്‍ക്കെന്ത് കൊറോണ ! എന്ത് അല്ലാഹു? മനസ്സിലാകില്ല. ചില മിത്തുകളില്‍ കാണുന്നതുപോലെ മനുഷ്യന്‍ ആവശ്യപ്പെടുന്നതെല്ലാം അപ്പടി ഒരുക്കി തയാറാക്കി തരേണ്ട/ തരുന്ന ഒരാളല്ല സൃഷ്ടികര്‍ത്താവ്. ഇങ്ങനെ പടപ്പുകള്‍ വിചാരിക്കുന്ന പോലെയെല്ലാം ഇടപെട്ടു കാണിക്കാന്‍ അല്ലാഹു ആരുടെയും വീട്ടുവേലക്കാരനല്ല. യാക്കോബിനോടു ഗുസ്തിമത്സരത്തില്‍ തോറ്റുപോയ ദൈവമുണ്ട് ബൈബിളിലെ ഉത്പത്തി പുസ്തകത്തില്‍. അങ്ങനെയാണത്രെ അദ്ദേഹത്തിനു യിസ്രയേല്‍ എന്നു പേരു വന്നത്?! എന്നാല്‍, അല്ലാഹു അങ്ങനെയല്ല. അവന്‍ പരമാധികാരിയാണ്. സ്വന്തം ഇച്ഛക്കൊത്തു അധികാരം വിനിയോഗിക്കുന്നവന്‍. നിങ്ങളുടെ ഹിതമല്ല, അവന്റെ ഹിതം.അതത്രെ അവന്‍ നടപ്പാക്കുന്നത്.
ഇസ്ലാമിക വിശ്വാസത്തിന്റെ മൗലിക പ്രമാണമായ തത്വമത്രെ നന്‍മയും തിന്‍മയും അല്ലാഹുവിന്റെ അധികാരത്തിലാണ് എന്നത്. ഇതംഗീകരിക്കാത്തയാള്‍ മുസ്ലിമേ അല്ല! അല്ലാഹു ഏകനാണെന്നും അവന്‍ സര്‍വ്വശക്തനും എല്ലാത്തിനും മീതെ അധികാരിയുമാണ് എന്നു പറയുന്നതിന്റെ ആവിഷ്‌കരണമാണത്.
മറിച്ച്, ദൈവവിശ്വാസികളായ ചിലര്‍ തന്നെ വിശ്വസിച്ചു വരുന്നതു പോലെ, തിന്‍മകള്‍ / രോഗങ്ങള്‍ / ദുരിതങ്ങള്‍ / പരീക്ഷണങ്ങള്‍ സൃഷ്ടിക്കുന്നതു ദൈവമല്ല എന്നു വിശ്വസിക്കുന്നത് ഇസ്ലാമികമല്ല. അത് ദൈവാസ്തിക്യ തത്വത്തിന് ക്ഷതമേല്‍പിക്കും. ലോകത്ത് സുഖിക്കുന്നവരെക്കാളേറെ ദുഃഖിക്കുന്നവരെ കാണുന്നു. അരോഗദൃഢ ഗാത്രരെക്കാളേറെ രോഗികളാണുള്ളത്. ധനികരുടെ എത്രയോ ഇരട്ടി ദരിദ്രര്‍. സുഭിക്ഷമായി ഭുജിക്കുന്നവരെക്കാള്‍ ശതകോടി പട്ടിണിപ്പാവങ്ങള്‍. നന്മയും തിന്മയും ത്രാസിലിട്ടാല്‍ തിന്മ തന്നെ മുന്‍പന്തിയില്‍. അവയൊന്നും അല്ലാഹുവിന്റെ സൃഷ്ടിയല്ലെങ്കില്‍ അവയുണ്ടാക്കിയ കര്‍ത്താവ് വേറെയാണെന്നു പറയണം. അതു അല്ലാഹുവിന്റെ ഏകത്വത്തെ മാത്രമല്ല, ആസ്തിക്യത്തെ തന്നെ നിഷേധിക്കുന്നതാണ്. അതിനാല്‍ സന്തോഷങ്ങളാവട്ടെ, സന്താപങ്ങളാവട്ടെ – എല്ലാം അല്ലാഹുവില്‍ നിന്നാണ് , ഇതാണ് യഥാര്‍ത്ഥ നിലപാട്. അതവന്റെ അധികാര വാഴ്ചയുടെ പ്രകാശനമാണ്. ആരുടെയെങ്കിലും സാമൂഹിക പദവിയോ സാമ്പത്തിക നിലയോ വാക്ചാതുരിയോ അവന്റെ ഇച്ഛകളെ തിരുത്തില്ല എന്നാണ് മുസ്ലിം വിശ്വാസം. അതു കൊണ്ടാണ്, പ്രളയമോ പേമാരിയോ മഹാമാരിയോ വിശ്വാസത്തെ ഉലയ്ക്കാതിരിക്കുന്നത്.
ഫലം കാണുന്നില്ലെങ്കില്‍ പിന്നെയെന്തിനു പ്രാര്‍ഥിക്കണം?
മനുഷ്യര്‍ അറിവില്ലാത്തതിന്റെ ശത്രുവാണെന്നു പറഞ്ഞതിന്റെ മറ്റൊരു ഉദാഹരണമാണീ ചോദ്യവും. പ്രാര്‍ഥന എന്നാല്‍ എന്താണ്, അതിന്റെ ലക്ഷ്യം എന്ത്, അതിന്റെ ഫലം എന്ത് എന്നീ കാര്യങ്ങളിലെല്ലാം വിശ്വാസിക്കു കൃത്യമായ കാഴ്ചപ്പാടുണ്ട്.
പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും ഓരോരുത്തരുടെയും ആവശ്യങ്ങളും അവസ്ഥാന്തരങ്ങളും അറിയുന്നവനത്രെ അല്ലാഹു. ഖുഥുബുല്‍ ഇര്‍ശാദ് ഇമാം ഹദ്ദാദിന്റെ(റ) ഈയര്‍ഥത്തിലുള്ള ഒരു കവിത ലോകപ്രശസ്തമാണ്. ‘ഖദ് കഫാനീ ഇല്‍മു റബ്ബീ, മിന്‍ സുആലീ വഖ്തിയാരീ – ‘എന്റെ പ്രാര്‍ഥനകളെക്കാളും ഇഷ്ടപ്രകടനങ്ങളെക്കാളും എന്റെ നാഥന്റെ പരമജ്ഞാനം മതിയെനിക്ക്’ എന്നാണതിന്റെ തുടക്കം. താന്‍ യാചിച്ചില്ലെങ്കിലും തന്നെ കാക്കാന്‍ അല്ലാഹുവുണ്ടെന്നു തന്നെയാണ് വിശ്വാസിയുടെ മനസ്. എന്നാലും അവന്‍ പ്രാര്‍ഥിക്കും. കാരണം, പ്രാര്‍ഥന ആരാധനയാണ്. നുഅ്മാനു ബ്നു ബശീര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ‘പ്രാര്‍ഥന തന്നെയാണ് ആരാധന’ എന്നു കാണാം (അഹ്മദ്). പ്രത്യക്ഷത്തില്‍ ഫലം കണ്ടാലും ഇല്ലെങ്കിലും വിശ്വാസി പ്രാര്‍ഥന തുടരും. അവനതൊരു സാധനയാണ്. സ്രഷ്ടാവിന്റെ മുമ്പിലുള്ള സമര്‍പ്പണത്തിന്റെ ആനന്ദവും ആസ്വാദനവുമാണ്!
പ്രാര്‍ഥിച്ചാല്‍ ഫലം കാണുകയില്ലെന്നു വിശ്വാസി കരുതുന്നില്ല. ഉത്തരം ലഭിക്കുമെന്നത് അവനു കിട്ടിയ വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ.ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം’ (ഗാഫിര്‍ : 60 ).
പ്രാര്‍ഥനയെ പ്രോത്സാഹിപ്പിക്കുന്ന ഹദീസുകളും ധാരാളം. അബ്ദുല്ലാഹി ബ്നു മസ്ഊദിന്റെ(റ)നിവേദനം: നബി (സ്വ) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് ചോദിക്കുക. അല്ലാഹു ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു എന്നത് സത്യം” (തിര്‍മിദി).
പ്രാര്‍ഥിച്ചാല്‍ ഉത്തരം നല്‍കുമെന്നത് വാഗ്ദാനമാണ്; അതവന്‍ ലംഘിക്കില്ല. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയാണ് സത്യവിശ്വാസി പ്രാര്‍ഥിക്കുന്നത്. അബൂ ഹുറയ്റ(റ) പറയുന്നു: നബി ? പറഞ്ഞു: ”ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)
എന്നിട്ടെന്തേ, കൊറോണ നശിച്ചില്ല? പ്രാര്‍ഥനയുടെ ഫലം കാണുന്നില്ലെങ്കില്‍ അല്ലാഹു വാഗ്ദാനം ലംഘിച്ചുവെന്നല്ലേ അര്‍ഥം? എന്ന ചോദ്യങ്ങളൊന്നും വിശ്വാസികള്‍ മുഖവിലക്കെടുക്കില്ല. അവന്‍ വില കല്പിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിനാണ്. പ്രാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ച ശരീഅതു തന്നെ അതിന്റെ വാഗ്ദത്ത ഫലം എപ്പടിയായിരിക്കും പറഞ്ഞിട്ടുണ്ട്. മൂസബ്നു ഹാറൂനില്‍നിന്ന് (റ) ഇമാം ത്വബ് രി(റ) ജാമിഉല്‍ ബയാനില്‍ നിവേദനം ചെയ്യുന്നു: ‘ഒരാള്‍ പ്രാര്‍ഥിക്കുന്നതിന്റെ ആത്യന്തിക ഗുണഫലം ഇഹലോകത്തു വെച്ചു നല്‍കലാണെങ്കില്‍ അങ്ങനെ. ഇഹലോകത്തു കിട്ടുന്നില്ലെങ്കിലോ ആ സദ്കര്‍മം ഒരു നിധിയായി പാരത്രിക ലോകത്ത് കിട്ടും. മാത്രമല്ല, പ്രാര്‍ഥനയുടെ ഫലമായി മറ്റെന്തെങ്കിലും ദുരിതം അവനില്‍ നിന്ന് അകറ്റിക്കൊടുക്കും’. സമാനവും അതിലധികവും വിശദീകരണങ്ങള്‍ വന്നിട്ടുള്ള ധാരാളം ഹദീസുകള്‍ ഉണ്ട്. ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു. ചുരുക്കത്തില്‍, പ്രാര്‍ഥനയുടെ ഫലം ഏറ്റവും ഉചിതമായ വിധത്തില്‍ തനിക്കു ലഭിക്കുമെന്നു തന്നെയാണ് ഓരോ ഘട്ടത്തിലും വിശ്വാസിയുടെ പ്രതീക്ഷ.
ഫലം പ്രത്യക്ഷത്തില്‍ കണ്ടില്ലെങ്കിലും വിശ്വാസികള്‍ പ്രാര്‍ഥന നിര്‍ത്തില്ലെങ്കില്‍ പിന്നെയെന്തിനു പള്ളികളടച്ചു? ഉംറയടക്കമുള്ള തീര്‍ഥാടനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി?
പ്രാര്‍ഥന ആരാധനയാണെന്നു പറഞ്ഞല്ലോ. ആരാധന എന്നതു കൊണ്ടു ഒരു മുസ്ലിം അര്‍ഥമാക്കുന്നത് എന്താണെന്നു കൂടി മനസ്സിലാക്കിയാല്‍ ഈ സംശയത്തിനു സ്ഥാനമുണ്ടാവില്ല.
‘അഖ്സാ ഗായതില്‍ ഖുളൂഇ വതദല്ലുല്‍’ – അല്ലാഹുവിന്റെ മുമ്പില്‍ പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നാണ് ആരാധന/ ഇബാദത് എന്നതിന്റെ നിര്‍വചനം. ഓരോ സന്ദര്‍ഭത്തിലും ശരീഅത് ആവശ്യപ്പെടുന്നതു പ്രകാരം ഇബാദത്തു ചെയ്യുമ്പോഴാണ് അതു യഥാര്‍ഥത്തില്‍ വിധേയത്വവും സമര്‍പ്പണവും ആകുന്നത്. ഇല്ലെങ്കില്‍, തന്നിഷ്ടമാവും. പകര്‍ച്ച വ്യാധികളുള്ളപ്പോള്‍ രോഗികളുമായുള്ള സമ്പര്‍ക്കത്തിന് വിലക്കേര്‍പ്പെടുത്തിയത് ശരീഅതാണ്. അതിനെ അനുസരിക്കലാണ് ആരാധന! അതിനാല്‍, വിശ്വാസി പള്ളി അടച്ചിടുന്നതും തീര്‍ഥാടനം നിര്‍ത്തിവെക്കുന്നതും പ്രതിഫലാര്‍ഹമാണ്, ആരാധനയുമാണ്.
അല്ലാഹു തന്നിരിക്കുന്ന അനുഗ്രഹങ്ങളെത്രയാണോ അതിനൊത്താണ് അവന്‍ വിധേയത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരോടാണ് റമളാന്‍ വ്രതം ആവശ്യപ്പെട്ടത്. നിശ്ചിത ധനരേഖയ്ക്കു മുകളില്‍ വര്‍ഷം മുഴുവന്‍ സമ്പാദ്യമുള്ളവരാണ് സകാത് കൊടുക്കേണ്ടത്. ശരീരം, സാമ്പത്തിക നില, യാത്രാസാധ്യതകള്‍, സംവിധാനങ്ങള്‍ എന്നിവ അനുകൂലമായിരുന്നാല്‍ മാത്രമേ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ഥാടനം വേണ്ടതുള്ളൂ. ഇപ്പറഞ്ഞവയെല്ലാം ഉപാധികളാണ്. പരമാവധി വിധേയത്വവും സമര്‍പ്പണവും കാണിക്കുക എന്നു പറഞ്ഞതിന്റെ വിധങ്ങളും പ്രകാരങ്ങളും നിശ്ചയിക്കുന്ന ഉപാധികള്‍. ഇവ ഒത്തു വന്നില്ലെങ്കിലും സാഹചര്യേണ വിധേയത്വവും സമര്‍പ്പണവും കാണിക്കാന്‍ വിശ്വാസിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. അവശത മൂലം ശരീരം കൊണ്ടു നിസ്‌കാരം സാധ്യമാവാതെ വന്നാല്‍ നിസ്‌കാരക്രമം അപ്പടി മനസില്‍ സങ്കല്പിക്കണമെന്നു അധ്യയനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ താത്പര്യം അതാണ്. തത്വത്തില്‍, ഏതു സാഹചര്യത്തിലും അല്ലാഹുവിനു കീഴടങ്ങുക എന്നര്‍ഥം.
കര്‍മശാസ്ത്രപരമായ ചില പ്രശ്നങ്ങളെ സമീപിക്കുന്നേടത്ത് നിദാനശാസ്ത്രം മുന്നോട്ടു വെക്കുന്ന ഒരു മൗലിക തത്വമാണ് ദര്‍ഉല്‍ മഫാസിദി മുഖദ്ദമുന്‍ അലാ ജല്‍ബില്‍ മസ്വാലിഹ്- ‘ആപത്തുകളെ പ്രതിരോധിക്കുന്നതിനു നന്മകള്‍ നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കണം’ എന്നത്. സമാനാര്‍ഥമുള്ള മറ്റൊരു തത്വത്തില്‍ യുതഹമ്മലു ള്ളററുല്‍ ഖാസ്സു ലിദഫ്ഇ ള്ളററില്‍ ആമ്മി: ‘വ്യാപകമായ നാശനഷ്ടങ്ങളെ തടയുന്നതിനു പ്രത്യേകമായ ചില നഷ്ടങ്ങള്‍ സഹിക്കാവുന്നതാണ്’ എന്നും പറയുന്നുണ്ട്. ഈ മൗലികതത്വങ്ങളില്‍ ഊന്നി നിന്നു ഇസ്ലാമിക ശരീഅത് നല്‍കിയിട്ടുള്ള ക്വാറന്റയ്ന്‍, ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും ഇപ്പോള്‍ വിശ്വാസി പ്രവേശം നിയന്ത്രിക്കുന്നത്.
ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൊറോണയോ നിപ്പയോ സ്പാനിഷ് ഫ്‌ളൂവോ കണ്ടപ്പോള്‍ ഉണ്ടായതുമല്ല. തിരുനബി യുടെ (സ്വ) കാലം തൊട്ടിന്നോളം മതപണ്ഡിതന്‍മാര്‍ പഠിപ്പിച്ചു തന്ന നിയമങ്ങളാണ്. മഹാമാരികളെക്കുറിച്ചും അവ ഉണ്ടായാല്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളെയും കുറിച്ചു മാത്രം ഇമാം ഇബ്നു അബിദ്ദുന്‍യാ, ഇമാം താജുദ്ദീനുസ്സുബ്കി, ഇമാം സര്‍കശി, ഇമാം സുയൂഥി, ഇമാം ഇബ്നു ഹജരില്‍ അസ്ഖലാനി(റ) തുടങ്ങി ഇരുപത്തഞ്ചിലധികം പണ്ഡിതരുടെ രചനകള്‍ എന്റെ കൈവശമുണ്ട്. ഐസൊലേഷനെ കുറിച്ചു മാത്രം ഗ്രന്ഥങ്ങളുണ്ട്. ഹി. 471 ല്‍ മരണപ്പെട്ട ഇമാം അബൂ അലീ ഹുസൈനുബ്നു അബ്ദില്ലാഹില്‍ ബഗ്ദാദിയുടെ(റ) അര്‍രിസാലതുല്‍ മുഗ്നിയ ഫിസ്സുകൂതി വ ലുസൂമില്‍ ബുയൂത് ഐസൊലേഷന്റെ ആത്മീയ ഗുണങ്ങള്‍ വിശദമാക്കുന്നതാണ്. അബ്ദുര്‍ റസ്സാഖി ബ്നു അബ്ദില്‍ മുഹ്സിന്‍(റ) അതിനെ വിശകലനം ചെയ്ത് മറ്റൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇങ്ങനെ പരശ്ശതം ഗ്രന്ഥങ്ങള്‍. അതിനാല്‍, ഇസ്ലാം വിമര്‍ശകര്‍ മനസ്സിലാക്കേണ്ടത് ഗവണ്‍മെന്റോ ആരോഗ്യ വിദഗ്ധരോ ഇപ്പോള്‍ ക്വാറന്റയ്നും ഐസൊലേഷനും നിര്‍ദ്ദേശിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും മുസ്ലിംകള്‍ അതു തന്നെ അനുവര്‍ത്തിച്ചിട്ടുണ്ടാവും. അതാണ് ഇസ്ലാം.
രോഗം പകരില്ലെന്നല്ലേ ഹദീസിലുള്ളത്? പിന്നെന്തിനാണ് ഐസൊലേഷനും ക്വാറന്റയ്നും?
വിശുദ്ധ ഇസ്ലാമിനെയും മുത്തുനബിയെയും(സ്വ) ചെറുതാക്കി കാണിക്കാന്‍ എല്ലാ കാലത്തും ദുര്‍വ്യാഖ്യാനം ചെയ്ത ഹദീസാണ് -ലാ അദ് വാ- എന്നത്. പകര്‍ച്ചവ്യാധികള്‍ വന്നതോടെ ഇസ്ലാം ആറാം നൂറ്റാണ്ടിലെ പഴഞ്ചന്‍പുരാണങ്ങളുടെ ഭാണ്ഡമാണെന്നു കൂടുതല്‍ വ്യക്തമാകുന്നുവെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഹദീസിന്റെ അര്‍ഥം പറയുന്നതിനു മുമ്പ് ഒരു ഉപോദ്ഘാതം പറയാം.
ശുചിത്വ സംവിധാനങ്ങളെ നടപ്പുശീലങ്ങളുടെ ഭാഗമാക്കുന്നതില്‍ ഇസ്ലാമോളം സക്രിയമായി ഇടപെട്ട ഒരു ദര്‍ശനവുമില്ല. ഉന്നതമായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സദ്കര്‍മങ്ങളായി പരിചയപ്പെടുത്തിയവയുടെ ലിസ്റ്റില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശുചിത്വം. ‘വൃത്തിയാണ് മതവിശ്വാസത്തിന്റെ പാതി’ എന്ന തിരുനബിവചനം മാത്രം ആലോചിച്ചു നോക്കൂ.
ഒരുദാഹരണം മാത്രം പറയാം; നിസ്‌കാരം. വിശ്വാസിയെയും അവിശ്വാസിയെയും വ്യവഛേദിക്കുന്ന ഏറ്റവും സുപ്രധാനമായ സംഗതിയാണ്.അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍. പുലര്‍ന്നെണീറ്റതു മുതല്‍ അന്തിമയങ്ങുന്നതു വരെയുള്ള നമ്മുടെ ആക്ടീവ് ടൈം സ്പാനിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കുളിച്ചും അംഗസ്നാനം ചെയ്തിട്ടുമല്ലാതെ നിസ്‌കാരം അനുവദനീയമല്ല. അംഗസ്നാനം മുമ്മൂന്ന് തവണ നിര്‍വഹിക്കണം. എല്ലാ അര്‍ഥത്തിലും മാലിന്യമുക്തമായ ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ഓരോ നിസ്‌കാരത്തിനും മുമ്പ് ദന്തശുദ്ധി നടത്തണം. ശരീരവും വസ്ത്രവും നിസ്‌കരിക്കുന്ന സ്ഥലവും ഉള്‍പ്പടെ എല്ലാം പൂര്‍ണമായും മാലിന്യമുക്തമാകണം – ഇല്ലെങ്കില്‍ നിസ്‌കാരം സ്വീകാര്യമല്ല. ഇപ്രകാരം ദിവസവും അഞ്ചു തവണ രോഗമുള്ളപ്പോഴും അല്ലാത്തപ്പോഴും ശരിയായ വിശ്വാസി ശുചീകരണം നടത്തുന്നു.
ഇനി, പകര്‍ച്ചവ്യാധികളിലേക്കു വരാം. ഇതു സംബന്ധിച്ച ക്വാറന്റയ്ന്‍ നടപടികളുടെ ഭാഗമായി ലോകത്താദ്യമായി ഗമനാഗമനവിലക്കും ഐസൊലേഷന്‍ നടപടിയും നിര്‍ദ്ദേശിച്ചിട്ടുള്ളത് നബിതിരുമേനി (സ്വ)യാണ്. ഇക്കാര്യം ഇക്കഴിഞ്ഞ മാര്‍ച്ച് 17 ന് പ്രസിദ്ധീകരിച്ച അമേരിക്കയിലെ ന്യൂസ് വീക്ക് മാഗസിനില്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ എഴുതിയ CAN THE POWER OF PRAYER ALONE STOP A PANDEMIC LIKE THE CORONAVIRUS? EVEN THE PROPHET MUHAMMAD THOUGHT OTHERWISE എന്ന ലേഖനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഊന്നിപ്പറയുന്നുണ്ട്. തിരുമേനി(സ്വ) നിര്‍ദ്ദേശിച്ച ക്വാറന്റയ്ന്‍ നടപടികളല്ലാതെ മറ്റൊരു പ്രതിരോധ മാര്‍ഗവും കൊവിഡ് -19ന്റെ കാര്യത്തില്‍ ഇതുവരെയും ഇല്ലെന്നതും ഓര്‍മിക്കണം.
ഈ വിഷയത്തില്‍ എടുത്തു പറയേണ്ട രണ്ടു ഹദീസുകള്‍ ഉദ്ധരിക്കാം. കൊവിഡ് – 19 പോലെയുള്ള ഭയാനകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ ജുമുഅ, ജമാഅതുകള്‍ക്കടക്കം നിയന്ത്രണമാകാമെന്നു കര്‍മശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തിയതും ഈ ഹദീസുകളുടെ വെളിച്ചത്തിലാണ്.
ഒന്ന്: പ്ലേഗ് – അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ – ഒരിടത്തുണ്ടെന്നറിഞ്ഞാല്‍ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കില്‍ പേടിച്ചോടി നിങ്ങളവിടം വിട്ടു പോകയുമരുത് (ബുഖാരി, മുസ്ലിം). രണ്ട്: സാംക്രമിക രോഗങ്ങള്‍ ഉള്ളവര്‍ അതു മറ്റുള്ളവരിലേക്കു പടര്‍ത്തരുത്. (ബുഖാരി, മുസ്ലിം).
സ്വന്തം സുരക്ഷയും ജനങ്ങളുടെ രക്ഷയും പരിഗണിച്ച് വീട്ടില്‍ അടങ്ങിയിരിക്കുന്നതിനെ പ്രശംസിച്ചു കൊണ്ടുള്ള ഒരു ഹദീസ് ഇമാം അഹ്മദ്, ത്വബ്റാനി, ബസ്സാര്‍, ഇബ്നു ഖുസയ്മ, ഇബ്നു ഹിബ്ബാന്‍, അബൂദാവൂദ്, അബൂ യഅ്‌ലാ, ഇമാം സുയൂഥി(റ) എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ നടപടിയെ കൃത്യമായി നിര്‍ദ്ദേശിക്കുന്ന ഏറ്റവും ആദ്യത്തെ പ്രസ്താവനയാണിത്.
അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ സുഖമോ അസുഖമോ ഉണ്ടാവുന്നില്ലെന്നാണ് ഇസ്ലാമിക വിശ്വാസം: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് – ചേതനവും അചേതനവുമായ സകലതിന്റെയും ചലന നിശ്ചലനങ്ങളോ പ്രവര്‍ത്തനശേഷിയോ ഒന്നും അവന്റെ അധികാരമോ നിയന്ത്രണമോ കൂടാതെ സംഭവിക്കുന്നില്ല. സ്വഭാവികമായും ആ വിശ്വാസത്തിന്റെ ഭാഗമാണ്, ഒരു രോഗാണുവിനും സ്വന്തമായി പടര്‍ന്നു പിടിക്കാനും വിപത്തു പരത്താനും സാധിക്കുകയില്ലെന്നത്. അതു അല്ലാഹുവിന്റെ നിശ്ചയമാണ്. അതിനാല്‍ ഏതു സാഹചര്യത്തിലും അവന്റെ ശാസനകള്‍ ശിരസ്സാവഹിച്ച് പുതിയ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ക്കായി ഗവേഷണങ്ങള്‍ നടത്തിയും ക്വാറന്റയ്ന്‍ നടപടികളോടു സഹകരിച്ചും മതപാഠങ്ങളെ അനുസരിക്കുക. അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും പ്രാര്‍ഥനാ നിരതരാവുകയും ചെയ്യുക. അവന്‍ രോഗാണുവിന്റെയും പ്രതിരോധാണുവിന്റെയും അധികാരിയാകുന്നു.
രക്ഷപ്പെടുത്താന്‍ ഒരാളുണ്ടെന്ന സനാഥത്വ ബോധമില്ലാത്തവനാകട്ടെ, രോഗ പ്രതിരോധത്തിനായുള്ള ഇമ്മാതിരി ശാസനകളെ അനുസരിക്കാന്‍ കൂട്ടാക്കാതെ പേടിച്ചോടുന്നു. രോഗാണു വന്നാല്‍ പടരാതിരിക്കില്ല എന്നാണവന്‍ കരുതുന്നത്. ഇസ്ലാം പൂര്‍വകാലത്ത് – ജാഹിലിയ്യാ കാലത്ത് ഇതായിരുന്നു ജനങ്ങളുടെ ധാരണ. ഇത്തരം വ്യാധികള്‍ ചില മൂര്‍ത്തികളിലൂടെ പടര്‍ന്നു പിടിക്കുന്ന ബാധകളാണ് എന്നവര്‍ ധരിച്ചിരുന്നു. അവ ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു ബാധയായി പടര്‍ന്നു കയറുന്നതു കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതെന്നായിരുന്നു വിശ്വാസം. ഇത്തരം അന്ധവിശ്വാസങ്ങള്‍ നിമിത്തം രോഗം പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നു ക്വാറന്റയ്ന്‍ നടപടികളെ അനുസരിക്കാതെ ആളുകള്‍ കൂട്ടത്തോടെ മാറിത്താമസിക്കാന്‍ ഒരുമ്പെട്ടാല്‍ അതു ഗുരുതരമായ ആരോഗ്യ, സാമൂഹിക, രാഷ്ട്രീയ, നയതന്ത്ര പ്രശ്നങ്ങള്‍ക്കു വഴിവെക്കും. ഉദാഹരണത്തിനു കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളക്കാരെല്ലാം നാടുവിട്ടോടിപ്പോയിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതു സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതും അതിവിദൂരവുമായിരിക്കും. അതിനാല്‍, കൃത്യമായ വസ്തുതകള്‍ ജനങ്ങളെ അറിയിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്യേണ്ട രംഗമാണിത്. നബിതിരുമേനി (സ്വ) ഓര്‍മപ്പെടുത്തി: ലാ അദ്്വാ…. രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല.
ഈ ഹദീസിലെ ‘ലാ…’ എന്ന പദം ഇംഗ്ലീഷിലെ NO എന്നതിനു സമാനമായ പദമാണ്. ഇവിടെ അതു നിഷേധാര്‍ഥത്തിലാണോ നിരോധനാര്‍ഥത്തിലാണോ പ്രയോഗിച്ചത് എന്ന കാര്യത്തില്‍ പണ്ഡിത ലോകത്ത് രണ്ടു നിലപാടുകളുണ്ട്. നിഷേധാര്‍ഥത്തിലാണെന്ന നിലപാടിലാണ് ‘ലാ അദ്്വാ’ക്ക് ‘രോഗം സ്വന്തമായി പടര്‍ന്നു പിടിക്കില്ല’ എന്നര്‍ഥം പറഞ്ഞത്. അതേ സമയം, നിരോധനാര്‍ഥത്തിലാണെങ്കില്‍ ‘സാംക്രമിക രോഗങ്ങള്‍ മറ്റുള്ളവരിലേക്കു പടര്‍ത്തരുത്’ എന്നാകും അര്‍ഥം. ആദ്യത്തേത് വസ്തുതാ കഥനത്തിലൂടെ വിശ്വാസമുറപ്പിക്കലും രണ്ടാമത്തേത് ക്വാറന്റയ്ന്‍ നടപടിക്കുള്ള ആഹ്വാനവുമാണ്. രണ്ടായാലും ഇസ്ലാമിനും വിശ്വാസിക്കും ഈ പ്രസ്താവന അഭിമാനമാണ്.
മുഹമ്മദ് സജീര്‍ ബുഖാരി
You must be logged in to post a comment Login