ലോകം ഇപ്പോള്‍ ക്വാറന്റെയ്‌നെ കുറിച്ചും ഐസൊലേഷനെ കുറിച്ചും സംസാരിക്കുകയാണ്. വിമാന സര്‍വീസുകള്‍ റദ്ദാകുന്നു. ലോകരാജ്യങ്ങള്‍ അതിര്‍ത്തി അടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ മനുഷ്യന്റെ സാര്‍വത്രിക മോക്ഷം മുന്നോട്ട് വെക്കുന്ന ഇസ്ലാമിന് വലിയ ഉത്തരവാദിത്തമുണ്ട്. അതെന്ത് പറയുന്നു എന്നത് ഇപ്പോള്‍ ആലോചനകളുടെ തലവാചകം തന്നെയാണ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ) ഒരു ഹദീസ് വായിച്ചു കൊണ്ട് തുടങ്ങാം.
‘ഒരു നാട്ടില്‍ മഹാമാരി ബാധിച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് പോവരുത്. രോഗബാധിത പ്രദേശത്തുനിന്ന് ആരും പുറത്ത് കടക്കുകയും ചെയ്യരുത്’ (ബുഖാരി).
ഈ അധ്യാപനത്തിനപ്പുറത്തേക്ക് ഇപ്പോഴും ലോകത്തിന് മുന്നോട്ടു പോവാന്‍ സാധിച്ചിട്ടില്ല.
മഹാമാരിബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുത് എന്ന് പറഞ്ഞതിന്റെ യുക്തി എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പ്രസ്തുത പ്രദേശങ്ങളില്‍ നിന്ന് ആരും പുറത്ത് പോവാന്‍ പാടില്ല എന്ന് പറയുന്നതിന്റെ യുക്തി എന്തായിരിക്കും ?
ഒരു നാട്ടില്‍ പകര്‍ച്ചവ്യാധി പിടിപെട്ടാല്‍, രോഗം പിടിപെടാത്തവര്‍ ആ നാട്ടില്‍ നിന്ന് പുറത്ത് പോവാതെ എല്ലാ പ്രയാസങ്ങളും രോഗവും മരണമടക്കം ഏറ്റുവാങ്ങി അവിടെ തന്നെ തങ്ങിക്കൊള്ളണം എന്ന് പറയുന്നതിലെ യുക്തി പെട്ടെന്നൊരാള്‍ക്ക് പിടികിട്ടിയെന്ന് വരില്ല.
മാരക വൈറസുകള്‍ വഴി രോഗം ലോകമാകെ വ്യാപിക്കുന്നത് തടയുകയാണ് പ്രവാചകന്‍. ഇപ്പോഴാണ് ലോകത്തിന് അതിന്റെ യുക്തിഭദ്രത മനസ്സിലാക്കാന്‍ സാധിക്കുന്നത് .
രോഗാണു ബാധിച്ച ഒരാളില്‍ യാതൊരു രോഗലക്ഷണങ്ങളും പ്രകടമാക്കാതെ തന്നെ രോഗാണുവിന് ദിവസങ്ങളോ മാസങ്ങളോ ശരീരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും. ഈ സമയത്ത് രോഗം മറ്റുള്ളവരിലേക്ക് പകരാം. ഇന്‍കുബേഷന്‍ പീരീഡ്(incubation period) എന്നാണതിന് പറയുക. ഒരു രോഗാണു ബാധിക്കുന്നത് മുതല്‍ അവ ഉണ്ടാക്കിയ രോഗബാധയുടെ ആദ്യ രോഗലക്ഷണങ്ങള്‍ തെളിയുന്നത് വരെയുള്ള സമയം.
ഈ സമയത്ത് പരിശോധനക്ക് വിധേയമാക്കിയെങ്കില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ പറ്റൂ.
മാത്രമല്ല, രോഗം ബാധിച്ചവര്‍ എല്ലാവരും മരണപ്പെട്ടുകൊള്ളണമെന്നില്ല. മരണപ്പെടുന്നവരെക്കാള്‍ സുഖപ്പെടുന്നവരാണ് ധാരാളമുള്ളത്.
ഇക്കാര്യം ദീര്‍ഘദൃക്കുകളായ ഇസ്ലാമിക പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഗസാലി(റ) പറയുന്നു: പകര്‍ച്ചവ്യാധി ബാധിത പ്രദേശങ്ങളിലെ വിഷലിപ്ത വായു ഒരാളുടെ ശരീരത്തിന്റെ ബാഹ്യഭാഗത്ത് സ്പര്‍ശിക്കുന്നത് കൊണ്ടല്ല രോഗം പിടിപെടുന്നത് , മറിച്ച് ആ വായു ശ്വസിക്കുന്നതിലൂടെ രോഗാണു ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും എത്തുന്നു. ഇതോടുകൂടെയാണ് ഒരാള്‍ രോഗബാധിതനാകുന്നത് .
ആന്തരീക അവയവങ്ങള്‍ക്ക് ബാധിച്ച ശേഷമാണ് പുറമെക്ക് രോഗലക്ഷണം പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്ത് പോവുന്നവര്‍ മിക്കവാറും രോഗലക്ഷണങ്ങളില്‍ നിന്ന് മുക്തമായിരിക്കില്ല. ഇതുകൊണ്ടാണ് മഹാമാരിബാധിത പ്രദേശത്ത് നിന്ന് ജനം പുറത്ത് കടക്കാന്‍ പാടില്ല എന്ന് പറയുന്നത്’ (ഫത്ഹുല്‍ ബാരി 181 \ 10).
വായുവില്‍ അടങ്ങിയ വൈറസിനെ കുറിച്ച് അന്ന് ധാരണയില്ലെങ്കിലും വായുവിലൂടെ പ്ലേഗ് പകരുമെന്നവര്‍ക്ക് നിരീക്ഷിക്കാന്‍ സാധിച്ചിരുന്നു . 900 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വരികള്‍ ഇമാം ഗസാലി (റ) രേഖപ്പെടുത്തുന്നത്.
ലോകാരോഗ്യ സംഘടന കര്‍ശനമായി നടപ്പില്‍ വരുത്താന്‍ നിര്‍ദേശിക്കുന്ന ക്വാറന്റെയിനും ഐസൊലേഷനുമെല്ലാം ഇസ്ലാമിക ലോകത്ത് അത്ഭുത വിഷയമല്ലാതാവുന്നത് ഇതുകൊണ്ടാണ്.
ഇതുകൊണ്ടാണ് മുസ്ലിം രാജ്യങ്ങളായ സഊദി ,ഖത്തര്‍, ഒമാന്‍, എമിറേറ്റ്സ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍, മക്കയിലും മദീനയിലും ബൈതുല്‍ മുഖദ്ദസ് എന്നിവയടക്കമുള്ള പള്ളികളിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിലും രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ വളരെ വേഗത്തില്‍ ക്വാറന്റെയ്ന്‍ പ്രഖ്യാപിച്ചത്.
കേരളത്തിലെ മുസ്ലിം പണ്ഡിതന്മാര്‍ സംഘടനാ ഭേദമില്ലാതെ പള്ളികളിലെ സംഘടിത പ്രാര്‍ഥനകള്‍ നിര്‍ത്തിവെക്കണമെന്ന് പറഞ്ഞതും ഇക്കാരണത്താലാണ്. മതത്തിന്റെ അധ്യാപനങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തത് കൊണ്ടോ അല്ലെങ്കില്‍ തെറ്റായി മനസ്സിലാക്കിയത് കാരണമായോ ഒരു ചെറിയ വിഭാഗമാളുകള്‍ എക്കാലത്തും മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ മുഖ്യകാരണക്കാരാവാറുണ്ട്. അത് ഈ ചര്‍ച്ചയുടെ ഭാഗമല്ല.
മതവിധികള്‍ ശരിക്കും ഉള്‍ക്കൊണ്ട കര്‍മശാസ്ത്രജ്ഞര്‍ ജനങ്ങളുടെ ജീവനും ശരീരത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് കര്‍മശാസ്ത്ര വിധികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത് ഓരോ വിഷയത്തിലുമുള്ള തീരുമാനങ്ങളും വിശദാംശങ്ങളും അതില്‍ വൈദഗ്ധ്യമുള്ളവരാണ് പറയേണ്ടത്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് രോഗത്തെ കുറിച്ചും എപ്പോള്‍ എങ്ങിനെ എന്തെല്ലാം തരത്തിലുള്ള മുന്‍കരുതലാണ് എടുക്കേണ്ടത് എന്നതിനെ കുറിച്ചുമൊക്കെ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത്.
മതപണ്ഡിതന്മാര്‍ ആരോഗ്യ രംഗത്തുള്ളവരുടെ ആജ്ഞകള്‍ ജനം ചെവികൊള്ളേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുകയാണ് ചെയ്യുന്നത് .
അത് അനുസരിക്കാത്തവര്‍ സാമൂഹ്യദ്രോഹികളാണ്. സ്വന്തം കുടുംബത്തെയും സമൂഹത്തെയും അപകടത്തില്‍ പെടുത്തുന്ന അത്തരക്കാരെ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമുണ്ട്.
രോഗലക്ഷണമുള്ളവരും നിരീക്ഷണത്തിലുള്ളവരുമായ പല ആളുകളും നിരുത്തരവാദപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വളരെയധികം അപലപനീയമായ ഒരു നടപടിയാണിത്.
എല്ലാ സമൂഹത്തിലെയും മത പണ്ഡിതരാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുള്ളത്/ പ്രവര്‍ത്തിക്കേണ്ടത്.
ലോകത്ത് മതസമൂഹങ്ങളാണ് കൂടുതല്‍ എന്നതുകൊണ്ടും മതപണ്ഡിതന്മാര്‍ക്ക് ഈ സമൂഹങ്ങളിലുള്ള സ്വാധീനം മറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാര്‍ക്കുമില്ല എന്നതുമാണ് കാരണം.
അമിതമായ ആത്മവിശ്വാസം
എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന ധാര്‍ഷ്ട്യമനോഭാവം, തനിക്ക് രോഗമുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആവട്ടെ എന്ന ദുഷ്ടചിന്താഗതി, പൊതു സ്ഥലങ്ങളിലും ജനങ്ങള്‍ സംഗമിക്കുന്ന ഇടങ്ങളിലും വൈറസ് പടര്‍ത്തുക തുടങ്ങിയ പൈശാചിക സ്വഭാവങ്ങളുള്ള മനുഷ്യര്‍ സൃഷ്ടിക്കുന്ന വിപത്തുകള്‍ എത്ര എത്ര നാടുകളെയാണ് ദുരിതത്തിലാഴ്ത്തിയത്.
വൈറസിനേക്കാള്‍ ഭയപ്പെടേണ്ടത് സമനില തെറ്റിയ വിഭാഗത്തെയാണ്
കാര്യബോധമുള്ളവര്‍ എക്കാലത്തും മനുഷ്യവര്‍ഗത്തിന് മഹാഭീഷണി സൃഷ്ടിക്കുന്ന ഇത്തരം മഹാമാരിക്കെതിരില്‍ ജനങ്ങളെ യഥാസമയം ഉല്‍ബോധവല്‍ക്കരിക്കുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഉള്‍കൊള്ളുന്നതിന് പകരം ഇത്തരം കാര്യങ്ങളോടൊക്കെ ഒരു തരം നിസംഗ മനോഭാവം പുലര്‍ത്തി പോരുന്ന ഒരു വിഭാഗം എക്കാലത്തും ഉണ്ടായിട്ടുണ്ട്.
‘രോഗങ്ങള്‍ പകരില്ല, വൈറസ് എന്ന ഒരു സാധനമില്ല ‘എന്നൊക്കെ പറയുന്ന ജേക്കബ് വടക്കാഞ്ചേരിയേയും മോഹന്‍വൈദ്യരെയുമൊക്കെയേ സമകാലീന ലോകത്ത് നമ്മള്‍ കേട്ടിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇക്കൂട്ടത്തില്‍ ചില ‘ഉത്പതിഷ്ണുക്കളും’ ഉണ്ടെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന വിവരം.
‘രോഗം പകരുമോ’ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്.
സാംക്രമിക രോഗങ്ങള്‍ ഉണ്ടാകുമ്പോഴേക്കും അത് ബാക്ടീരിയയാണോ വൈറസാണോ എന്ന് വേര്‍തിരിക്കാനും അതിന്റെ ജനിതക ഘടന കണ്ടുപിടിക്കാനുമുള്ള സംവിധാനം വ്യാപകമാണ്. അത് കൊണ്ടാണ് ലോകത്ത് ഏകദേശം 5000 ത്തോളം വൈറസുകള്‍ ഇന്നേവരെ കണ്ടെത്താന്‍ സാധിച്ചത്.
‘ഇമ്മാതിരി കാലത്താണ് വൈദ്യശാസ്ത്ര രംഗത്ത് ആറ് ഏഴ് എട്ട് നൂറ്റാണ്ട് മുമ്പ് കേട്ടിരുന്ന കാര്യങ്ങള്‍ മാത്രം ചിലര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.
പഴയതെല്ലാം ശരിയും പുതിയതെല്ലാം തെറ്റുമാണെന്ന ഒരു മനോഭാവമാണിവരെ നയിക്കുന്നതെന്ന് തോന്നുന്നു.
ഇത്തരക്കാര്‍ വരുത്തിവെച്ച വിനയാണ് ചരിത്രത്തില്‍ എ.ഡി 748 ല്‍ യൂറോപ്പില്‍ സംഹാര താണ്ഡവമാടിയ ബ്ലാക് ഡെത്ത് – (കറുത്ത മരണം) പോലെയുള്ള ലോക മഹാമാരികളില്‍ മരണ സംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായത് .
അന്നത്തെ മത പണ്ഡിതന്മാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്നൊരു പേരുദോഷവും പൊതുവില്‍ ആ ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്.പണ്ഡിതന്മാരുടെ നിലപാട് രോഗപ്പകര്‍ച്ച തടയുന്ന തരത്തിലായില്ലെന്നും പൊതുഭരണ സംവിധാനങ്ങളും പണ്ഡിത നേതൃത്വവും കാര്യമായൊന്നും ചെയ്തില്ല എന്നുമാണ് ആരോപണം.
മഹാമാരി ദൈവകോപമാണെന്നും പകര്‍ച്ചവ്യാധിയല്ലെന്നും ചികില്‍സ തേടേണ്ടതില്ലെന്നുള്ള ചില പണ്ഡിതന്മാരുടെ പ്രതിലോമകരമായ നിലപാട് മതത്തിന്റെ പേരിലായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.
എന്നാല്‍ കാര്യം മറിച്ചാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴുക്കിനെതിരെ നീന്താന്‍ തയ്യാറായ മത പണ്ഡിതന്മാര്‍ അക്കാലത്തുമുണ്ട്.
രോഗം പകരുമെന്നതാണ് മതാദ്ധ്യാപനമെന്നും മനുഷ്യന്റെ നിരീക്ഷണവും പരീക്ഷണവും വിശ്വാസയോഗ്യമായ വാര്‍ത്തകളും അതിന്റെ സാധുത വിളിച്ചോതുന്നുണ്ട് എന്നും അവര്‍ സമര്‍ത്ഥിച്ചു, ഗ്രന്ഥങ്ങളെഴുതി .
ലിസാനുദ്ദീന്‍ ഇബ്ന്‍ ഖത്വീബ് എന്ന പണ്ഡിതനെ ഉദാഹരിക്കാം.(എഡി: 1374 ഹിജ്റ 776 ല്‍ മരണം). 700 വര്‍ഷങ്ങള്‍ക്ക് മുമ്പാണിദ്ദേഹം ജീവിച്ചത്. കറുത്ത മരണം എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ച സമയത്ത് സ്പെയിനിലെ ഗ്രാനഡയിലായിരുന്നു ഇദ്ദേഹം.
സ്പെയിന്‍ ചരിത്ര ഗ്രന്ഥമായ ‘അല്‍ ഇഹാത്വ ബി അഖ്ബാരി ഗുര്‍നാത്വ ‘ എന്ന ഗ്രന്ഥമടക്കം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെതായുണ്ട്. എല്ലാം കൂടി അറുപതോളം ഗ്രന്ഥങ്ങളുണ്ട്. അക്കാലത്തെ പ്രസിദ്ധ ഭിഷഗ്വരനും കൂടിയായ ലിസാനുദ്ദീന് (റ ).
അന്ന് ചില പണ്ഡിതമാര്‍ രോഗം പകരില്ല എന്ന് തെറ്റായി ഗ്രഹിച്ചു വെച്ചിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം ചില തെറ്റായ ഫത് വകള്‍ ജനങ്ങള്‍ക്കിടയില്‍ പ്ലേഗ് പകരാനും മരണസംഖ്യ വര്‍ദ്ധിക്കാനും കാരണമായി എന്നദ്ദേഹം എഴുതിയിട്ടുണ്ട്.
ഇത്തരം ആളുകളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനും അന്ധവിശ്വാസങ്ങള്‍ക്ക് തടയിടാനും വേണ്ടിയാണ് അദ്ദേഹം മുഖ്‌നിഅത്തുസ്സാഇല്‍ അന്‍ മറളില്‍ ഹാഇല്‍ എന്ന ഗ്രന്ഥമെഴുതിയത് .
കറുത്ത മരണം
ഇന്ന് ഇരുന്നൂറിനടുത്ത് രാഷ്ട്രങ്ങളില്‍ മനുഷ്യരെ മുള്‍മുനയില്‍ നിര്‍ത്തി താണ്ഡവമാടുന്ന കോവിഡ് 19 നെക്കാള്‍ ഭീകരമായിരുന്ന ഒരു വൈറസ് മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയിരുന്നു ; കറുത്ത മരണം – Black Death എന്നും പേരുണ്ട് . അറബിഗ്രന്ഥങ്ങളില്‍ ത്വാഊനുല്‍ അസ് വദ് എന്നും കാണാം.
ആ കറുത്ത മരണത്തിന്റെ ഇരുണ്ട അദ്ധ്യായങ്ങള്‍ വരച്ചു വച്ച പണ്ഡിതനാണ് മേല്‍ പരാമര്‍ശിച്ച സ്പെയിനിലെ ഗ്രാനഡ സ്വദേശിയായ ലിസാനുദ്ദീന്‍ ബിന്‍ ഖതീബ് (റ).
ഹിജ്റ 747ല്‍ എ ഡി 1347ല്‍ തുടങ്ങിയ ആ മഹാമാരി നീണ്ട അഞ്ചു വര്‍ഷം ക്രൈസ്തവ യൂറോപ്പിനെയും ചില ഇസ്ലാമിക രാജ്യങ്ങളെയും കയ്യിലെടുത്ത് അമ്മാനമാടി .
ഇന്നത്തെ കോവിഡ് 19 ന്റെ പ്രഭവകേന്ദ്രം ചൈനയായത് പോലെ അന്നത്തെ പ്ലേഗ് പടര്‍ന്നു തുടങ്ങിയതും ചൈനയില്‍ നിന്ന് തന്നെയായിരുന്നു.
ലിസാനുദ്ദീന്‍ ബിന്‍ ഖതീബ് അക്കാര്യം തന്റെ ‘മുഖ്നിഅതുസ്സാഇല്‍ അന്‍ മറള്വില്‍ ആഇല്‍’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹം പറയുന്നു: ഈ മഹാമാരി പ്രത്യക്ഷപ്പെട്ട സമയവും പ്രഭവകേന്ദ്രവും ചൈനീസ് പ്രദേശങ്ങളായിരുന്നുവെ ന്ന് വിശ്വാസയോഗ്യരായ ഇബ്നു ബതൂത്വയെ പോലുള്ളവര്‍ പറഞ്ഞിട്ടുണ്ട്.
എലി, പഴുതാര, വവ്വാല്‍, പാമ്പ്, നായ തുടങ്ങിയ കണ്ടാല്‍ അറുപ്പുളവാക്കുന്നതും വൃത്തികെട്ടതുമായ ജീവികളെ ഭക്ഷണമാക്കുന്ന ചൈനയിലെ ചിലരുടെ ഭക്ഷണ സംസ്‌കാരവും ഇത്തരം മാരകമായ വൈറസുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വളരെ ഗൗരവത്തോടെ ഇന്ന് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട് .
ലിസാനുദ്ദീനുല്‍ ഖത്വീബ് (റ) അന്ന് അഭിമുഖീകരിച്ചിരുന്ന ഒരു വന്‍ പ്രശ്നമായിരുന്നു രോഗം പകരില്ല എന്ന അപകടകരമായ വാദം.
ഇതേ വാദം ഇന്നും ഏറ്റുപിടിച്ച് നടക്കാന്‍ ആളുണ്ട് എന്നത് എത്രമാത്രം വിചിത്രമാണ്!
മുന്‍കാലങ്ങളില്‍ ചില പണ്ഡിതന്മാര്‍ ചില ഹദീസുകളുടെ ബാഹ്യം പിടിച്ച് ഇത്തരം വാദം മുന്നോട്ടു വെച്ചിരുന്നുവെങ്കിലും അവരില്‍ എത്രയോ ആളുകള്‍ ഇത്തരം വാദം തെറ്റാണെന്ന് ബോധ്യം വന്ന് തിരിച്ചുവന്നു എന്നദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് .
‘ലാ അദ് വാ’പോലെ ചില ഹദീസ് വചനങ്ങളുടെ ബാഹ്യാര്‍ത്ഥം പിടിച്ച് രോഗം പകരില്ല എന്ന വാദം ഉന്നയിച്ചവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും ജനങ്ങളെ ദുരിതത്തിലാഴ്ത്താനും മരണത്തിന്റെ ഗ്രാഫ് ഉയരാനും അന്നത്തെ ഇത്തരം ഫത് വകള്‍ കാരണമായിട്ടുണ്ട് എന്നദ്ദേഹം പറയുന്നുണ്ട്.
മോഡേണ്‍ മെഡിസിനെയും അതിന്റെ നേട്ടങ്ങളെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ ഈ മഹാനായ മുസ് ലിം പണ്ഡിതന്റെ വാക്കുകളെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ ! വളരെ യുക്തിപരമായും ശാസ്ത്രീയമായും രോഗം പകരുമെന്ന് കാര്യകാരണസഹിതം അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുണ്ട് .
ബാക്ടീരിയയും വൈറസുകളും മൈക്രോസ്‌കോപ്പുപയോഗിച്ചു കണ്ടെത്തുന്നതിന്റെയും പ്ലേഗ് വൈറസ് കണ്ടെത്തുന്നതിന്റെയും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഈ ശാസ്ത്രീയ വിശകലനം എന്നതാണ് അടയാളപ്പെടുത്തേണ്ടത്.
കറുത്ത മരണം യൂറോപ്പില്‍ സംഹാര താണ്ഡവമാടുമ്പോള്‍ ഈ രോഗത്തിന്റെ കാരണമെന്താണെന്നോ അതെങ്ങിനെ പകരുന്നു എന്നോ ആളുകള്‍ക്കൊരു നിശ്ചയവുമില്ലായിരുന്നു.
ചിലര്‍പറഞ്ഞു ആകാശഗ്രഹനില തകരാറായത് കൊണ്ടാണെന്ന്.
മറ്റു ചിലര്‍ ഗാലന്റെ (ജാലീനൂസ്) പഴയ വൈദ്യഗ്രന്ഥത്തില്‍ പരിഹാരം കാണുമെന്ന് പ്രതീക്ഷിച്ച് പരതി നോക്കി. കണ്ടില്ല.
മറ്റു ചിലര്‍ യൂറോപ്പിലൊക്കെ ഉണ്ടായിരുന്ന ജൂതരാണ് മഹാമാരിക്ക് കാരണമെന്ന് കരുതി. അവര്‍ കിണറുകള്‍ മലിനമാക്കിയത് കൊണ്ടാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അത് കാരണമായി ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൂതന്മാരെ കൊന്നൊടുക്കുക യുണ്ടായി. മറ്റു ചിലര്‍ നായകളും പൂച്ചകളുമാണ് കാരണമെന്ന് തെറ്റിദ്ധരിച്ചു അവയെ കൂട്ടത്തോടെ വക വരുത്തി.അപ്പോഴും യഥാര്‍ത്ഥ വില്ലന്‍മാര്‍ നാടൊട്ടുക്കും വിലസുകയായിരുന്നു
ചെള്ളുകളും എലികളും
പ്ലേഗ് എന്നത് ചെള്ളുകള്‍ വഹിച്ചുകൊണ്ട് നടക്കുന്ന ഒരു തരം വൈറസാണ് എന്നും അവ എലികളെ കടിക്കുമ്പോള്‍ എലികളിലേക്കും എലികളില്‍ നിന്ന് മനുഷ്യനിലേക്കും പകരുന്നു എന്ന് കണ്ടെത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ്.
രോഗം പകരുന്നില്ല എന്നു പറഞ്ഞവര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ ഇതാണ്: ‘പ്ലേഗ് പിടിച്ചവരുമായി അവരുടെ ബന്ധുക്കളും മറ്റും അടുത്തിടപഴകിയിട്ടും ചിലര്‍ക്കൊന്നും രോഗം ബാധിച്ചതായി കണ്ടിട്ടില്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയാണെങ്കില്‍ എന്ത് കൊണ്ടാണ് എല്ലാവര്‍ക്കും ഇത് ബാധിക്കാത്തത് എന്നതായിരുന്നു ഒരു ചോദ്യം.
ഏത് വിഷയവും ലോജിക് കൊണ്ട് സമര്‍ത്ഥിച്ച് കളയാം എന്നത് നമ്മുടെ ഒരു വ്യാമോഹമാണ്.
ഇതിനും കൂടിയുള്ള ഒരു മറുപടിയാണ് അദ്ദേഹം നല്‍കിയിട്ടുള്ളത് . അതിന്റെ സംക്ഷിപ്തമാണ് താഴെ :
‘രോഗിയുമായി അടുത്തിടപഴകുന്ന ആളുകള്‍ രോഗം ബാധിച്ചു മരണപ്പെടുന്നതും ഇടപഴകാത്തവര്‍ക്ക് രോഗബാധ എല്‍ക്കാത്തതും മനുഷ്യന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ,അവന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ , അവന്‍ കാതിലണിയുന്ന കൊളുത്തുകള്‍ വരെയുള്ള വസ്തുക്കള്‍ വഴി രോഗം വീട്ടില്‍ താമസിക്കുന്നവരിലേക്ക് പകരുന്നു അങ്ങനെ അവര്‍ മുഴുവനും മരണത്തിന് കീഴടങ്ങുന്നു.
അപ്രകാരം പട്ടണങ്ങളിലെ ഏതെങ്കിലും ഒരു വീട്ടില്‍ രോഗമുണ്ടാവുന്നു. പിന്നീട് അവരുമായി ഇടപഴകുന്ന വിട്ടിലുള്ള മറ്റുള്ളവര്‍ക്കും അവര്‍ മുഖേന അയല്‍പക്കങ്ങളിലേക്കും പിന്നീട് അവരുടെ കുടുംബങ്ങളിലേക്കും, പിന്നീട് അവരുടെ വീടുകളില്‍ വരുന്ന വിരുന്നുകാര്‍ വഴി നാടും നഗരവും മുഴുവന്‍ രോഗം വ്യാപിക്കുന്നു. അനന്തരം നാടും വീടും നഗരങ്ങളും നാശത്തില്‍ കൂപ്പ് കുത്തുകയും ജനങ്ങള്‍ മരിച്ചൊടുങ്ങുകയും ചെയ്യുന്നത് കണ്ണുള്ളവര്‍ക്ക് കാണാതിരിക്കാന്‍ കഴിയില്ല.’
അദ്ദേഹം തുടരുന്നു: ‘അതെ സമയം ഒരു രോഗബാധയും ഏല്‍ക്കാത്ത സമുദ്രതീരപ്രദേശങ്ങളിലേക്ക് മറുകരയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് രോഗബാധിതര്‍ വന്നതുമുതലാണ് ഈ രാജ്യങ്ങളില്‍ മഹാമാരി സ്ഥീരികരിക്കുന്നത് എന്നതും മനുഷ്യരിലൂടെ ഈ രോഗം പകരുമെന്നതിന് തെളിവാണ് .’
( 2020 ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നും വന്ന വിദ്യാര്‍ത്ഥിയിലൂടെ കേരള സംസ്ഥാനത്ത് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച കാര്യവും, 2020 ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിലെ രണ്ടാം ഘട്ടം തുടങ്ങിയ കാര്യവും സമാനമായി നമുക്കും പറയാന്‍ കഴിയും).
ഹൗസ് ക്വാറന്റെയ്ന്‍ പ്രതിവിധി
ഇബ്നുല്‍ ഖത്വീബ് ( റ ) തുടരുന്നു: പ്രസിദ്ധ സൂഫിവര്യന്‍ ഇബ്നു അബീ മദ് യന്‍ (റ) രോഗം പകരുമെന്ന് പറയുന്നവരായിരുന്നു . അദ്ദേഹം കുറച്ച് കാലത്തേക്കുള്ള ഭക്ഷണമെല്ലാം ശേഖരിച്ച് തന്റെ വലിയ അംഗ സംഖ്യയുള്ള കുടുംബവുമൊത്ത് സ്വദേശമായ മൊറോക്കോയിലെ ‘സലാ’ പട്ടണത്തിലെ തന്റെ വീട്ടില്‍ ജനങ്ങളുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ അകന്ന് താമസിച്ചു.അതിനാല്‍ ആ നാട് മൊത്തം നശിച്ചിട്ടും തന്റെ കുടുംബം രക്ഷപ്പെട്ട സംഭവം മുന്‍നിര്‍ത്തി രോഗം പകരുമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. (ആധുനിക വൈദ്യശാസ്ത്രഭാഷയില്‍ ക്വാറന്റെയ്ന്‍ ആചരിച്ചു എന്ന് നമുക്ക് പറയാം.
പ്രസിദ്ധ താബിഇ ആയിരുന്ന മസ്രൂഖ് (റ) ജനങ്ങളില്‍ നിന്നകന്ന് സ്വയം ക്വാറന്റെയ്ന്‍ സ്വീകരിച്ച് വീട്ടിലിരുന്ന കാര്യം ‘ത്വബഖാത് ഇബ്നുസഅദ് ‘ 81 \ 6 ല്‍ കാണാം. അദ്ദേഹം പഠനം തുടരുന്നു:
‘ജനസംമ്പര്‍ക്കമില്ലാത്ത സ്ഥലങ്ങളിലൊന്നും ഈ പ്ലേഗ് പിടിച്ചില്ല. ഇതുമായി ബന്ധപ്പെട്ടു വന്ന വിശ്വാസയോഗ്യമായ റിപ്പോര്‍ട്ടുകള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു .
ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലുള്ള ഇശ്ബീലിയിലെ സ്വന്‍അയില്‍ തടവിലിട്ടിരുന്ന മുസ്ലിം ബന്ധികള്‍ക്ക് പട്ടണം നശിച്ചിട്ടും പ്ലേഗ് ബാധിക്കാതിരുന്നത് മികച്ച ഉദാഹരണമാണ്. ‘
അദ്ദേഹം തുടര്‍ന്നു: ‘ഇത്തരം തെളിവുകളെ കേട്ടില്ലെന്ന് നടിക്കല്‍ ദുഃസ്വഭാവവും അല്ലാഹുവിനെ ധിക്കരിക്കലും മനുഷ്യജീവനെ അവമതിക്കലുമാണ്.’ രോഗം പകരുമെന്ന നിരവധി ഹദീസുകളുടെ ആശയത്തെ കണ്ടില്ലെന്ന് നടിച്ചതും ഇസ് ലാമിന്റെ ജ്ഞാന ശാസ്ത്രത്തെകുറിച്ച അജ്ഞതയുമാണ് ഇവര്‍ക്ക് പറ്റിയ അബദ്ധമെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത് .
‘നമ്മുടെ നിരീക്ഷണത്തിനും ഇന്ദ്രിയജന്യമായ അറിവിനും വിരുദ്ധമായ നിലയില്‍ പ്രമാണങ്ങളുടെ ബാഹ്യാര്‍ഥം വന്നാല്‍ അതിനെ രോഗം പകരുമെന്ന് സ്ഥാപിച്ചവരുടെ വിശദീകരണത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതാണ് .’
വാല്‍മുറി
മുന്‍കാലത്ത് ചില പണ്ഡിതരൊക്കെ ഇത്തരം നിലപാടെടുത്തിരുന്നത് രോഗം പകരുന്നു എന്നതിന് തക്കതായ ശാസ്ത്രീയ തെളിവ് ലഭ്യമല്ലാത്തത് കൊണ്ടായിരുന്നു എന്നത് വ്യക്തമാണ്.
അത് കൊണ്ടവര്‍ക്കതിന് ഒഴികഴിവുമുണ്ടായിരുന്നു.
എന്നാല്‍ ഇന്നങ്ങനെയല്ലല്ലൊ. ഇക്കാലത്ത് ഇത്തരം വാദത്തിന് യാതൊരു പ്രസക്തിയുമില്ല. എന്നല്ല അത് പിന്തിരിപ്പന്‍ ആശയമാണ്, അന്തവിശ്വാസമാണ്. ബന്ധപ്പെട്ടവര്‍ എത്രയും വേഗം അതില്‍ നിന്ന് പിന്തിരിയണം .
അശ്‌റഫ് ബാഖവി ചെറൂപ്പ
You must be logged in to post a comment Login