രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ വടക്കു കിഴക്കന്‍ പ്രദേശം കൊടിയ അക്രമങ്ങളുടെ ദിനങ്ങള്‍ പിന്നിട്ട് അധികമായില്ല. ഭാരതീയ ജനതാ പാര്‍ട്ടിയുടെ അനുയായികളും ആ പാര്‍ട്ടി പിന്തുടരുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നവരും അക്രമികളെ പ്രതിരോധിക്കാനിറങ്ങിയ പ്രദേശവാസികളായ മുസ്ലിംകളുടെ ചെറുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. മുസ്ലിംകളും ഹിന്ദുക്കളുമടക്കം 53 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവഴികളെ ലക്ഷ്യമിട്ടായിരുന്നു അക്രമങ്ങളില്‍ ഏറെയും. മുസ്ലിംകളുടെ വീടുകളും വാണിജ്യ – വ്യാപാര – വ്യവസായ സ്ഥാപനങ്ങളുമാണ് ആക്രമിക്കപ്പെട്ടതില്‍ ഏറെയും. ഈ വീടുകളും സ്ഥാപനങ്ങളും മുന്‍കൂട്ടി നോട്ടമിട്ടു തന്നെ ആക്രമിക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയുമാണ് ചെയ്തിരിക്കുന്നത്. മുസ്ലിംകളല്ലാത്ത ചിലരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്, കത്തിച്ചിട്ടുമുണ്ട്. പക്ഷേ, ഇത് തുലോം കുറവാണ്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് കൊടിയ അതിക്രമങ്ങളുണ്ടായത്. അതില്‍ തന്നെ മുസ്ലിംകള്‍ താമസിക്കുന്ന വീടുകളും അവര്‍ നടത്തുന്ന സ്ഥാപനങ്ങളും താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ അതി രൂക്ഷമായിരുന്നു. വര്‍ഗീയവിഷത്താല്‍ സ്വാധീനിക്കപ്പെട്ട അയല്‍പക്കക്കാരുടെയോ മുസ്ലിംകളുടെ വസ്തുവകകള്‍ ചൂണ്ടിക്കാണിക്കാന്‍ അറിയാവുന്ന പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ സഹകരണമില്ലാതെ ഇത്തരം ആക്രമണം സാധ്യമല്ല. ഇതേ പ്രദേശങ്ങളില്‍ നിന്ന് തന്നെ അക്രമം തടയാന്‍ ഹിന്ദുക്കളും മുസ്ലിംകളും രംഗത്തിറങ്ങിയതിന്റെ കഥകളുമുണ്ട്. രണ്ട് വിഭാഗങ്ങളും ചേരുന്ന വളണ്ടിയര്‍ സേന അക്രമം തടയാന്‍ രംഗത്തിറങ്ങിയതിന്റെയും മുസ്ലിംകളെ സ്വന്തം വീടുകളില്‍ പാര്‍പ്പിച്ച് സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ തയാറായതിന്റെയും കഥകള്‍. ഇത്തരം പ്രവൃത്തികളുണ്ടായിരുന്നില്ലെങ്കില്‍ ജീവനും സ്വത്തിനുമുണ്ടായ നഷ്ടം ഇപ്പോഴുണ്ടായതിനേക്കാള്‍ അധികമാകുമായിരുന്നു.
അക്രമങ്ങളുണ്ടായ പ്രദേശങ്ങളിലെ പൊതുവായ കാഴ്ച മുസ്ലിം പള്ളികള്‍ ആക്രമണത്തിന്റെ മുഖ്യ ലക്ഷ്യമായിരുന്നുവെന്നതാണ്. ആസൂത്രിതമായ അക്രമം ആരംഭിച്ച് 48 മണിക്കൂറിനകം 18 പള്ളികളും ഒരു സൂഫി മസാറും അഗ്നിക്കിരയാക്കപ്പെട്ടു. ഇവയില്‍ ചിലത് ആ പ്രദേശവാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നതല്ല. അതേസമയം ഈ പ്രദേശങ്ങളിലെ ഒരു ഹിന്ദു ആരാധനാലയം പോലും ആക്രമിക്കപ്പെട്ടിട്ടില്ല. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വലിയ വാണിജ്യ കേന്ദ്രമായ ഗോകുല്‍ പുരിയിലെ ജന്നതി മസ്ജിദാണ് ആക്രമിക്കപ്പെട്ടതില്‍ ഏറ്റവും വലുത്. 1970കളില്‍ നിര്‍മിച്ച ഈ പള്ളി മൂന്ന് നിലയുള്ളതാണ്. സ്‌ഫോടകവസ്തുക്കളുപയോഗിച്ചാണ് പള്ളി തകര്‍ത്തത് എന്ന് വേണം പരിസരവാസികള്‍ പറയുന്നതില്‍ നിന്ന് മനസ്സിലാക്കാന്‍. വലിയ ശബ്ദം കേട്ട് ഭൂചലനമാണോ എന്ന് സംശയിച്ചാണ് സമീപവാസികളായ ഹിന്ദുക്കള്‍ അര്‍ധരാത്രിയില്‍ ഉണര്‍ന്നത്. പുറത്തിറങ്ങി നോക്കിയവര്‍ കണ്ടത് കത്തിയമരുന്ന പള്ളിയാണ്. മിലന്‍ ഗാര്‍ഡന്‍സിലെ മദീന മസ്ജിദ് പോലുള്ള ചെറു പള്ളികള്‍ ആക്രമിക്കപ്പെട്ടത് പകലാണ്. പത്തോ ഇരുപതോ പേരടങ്ങുന്ന ചെറു സംഘങ്ങളെത്തി പള്ളികള്‍ക്ക് തീയിടുകയായിരുന്നു.
പള്ളികളും മുസ്ലിംകളുടെ ഇതര ആരാധനാ കേന്ദ്രങ്ങളും ബി ജെ പിയുടെയും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും (ആര്‍ എസ് എസ്) നേരത്തെ മുതലുള്ള ലക്ഷ്യങ്ങളാണ്, ആര്‍ എസ് എസ് സ്ഥാപിക്കപ്പെട്ട കാലം മുതലുള്ള ലക്ഷ്യങ്ങള്‍. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന് മേല്‍ അവകാശവാദമുന്നയിച്ച്, അതിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തി, ആ മസ്ജിദ് ആസൂത്രിതമായി തകര്‍ത്ത് ഒക്കെയാണ് അധികാരത്തിലേക്കുള്ള പാത അവര്‍ സുഗമമാക്കിയത്. ബാബ്രി മസ്ജിദ് നിലനിന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്ന് പ്രചരിപ്പിച്ച്, മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച്, ഒടുവില്‍ തികച്ചും ആസൂത്രിതമായി 1992ല്‍ മസ്ജിദ് തകര്‍ത്ത് രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ് സംഘപരിവാരം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായുണ്ടായ വര്‍ഗീയ കലാപം നിരവധി പേരുടെ ജീവനെടുക്കുക മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യമെന്ന ഇന്ത്യയുടെ അടിസ്ഥാന ആശയത്തെ ഗുരുതരമായ അപകടത്തിലേക്ക് നയിക്കുക കൂടിയാണ് ചെയ്തത്. ഇതിന് ശേഷം 1996ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പി അവരുടെ എം പിമാരുടെ എണ്ണം 85ല്‍ നിന്ന് 161 ലേക്ക് ഉയര്‍ത്തുന്ന കാഴ്ചയും കണ്ടു.
നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യാ ശ്രമത്തിന്റെ പിന്നണിയിലും ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് അമ്പലം പണിയുക എന്ന പ്രചാരണമുണ്ടായിരുന്നു. അന്ന് ഗുജറാത്തില്‍ കുരുതിചെയ്യപ്പെട്ട ആയിരത്തിലധികം മനുഷ്യരില്‍ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. ഗുജറാത്തിലും മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടു, ഇപ്പോള്‍ ഡല്‍ഹിയിലുണ്ടായത് പോലെ തന്നെ. അഞ്ഞൂറോളം മുസ്ലിം പള്ളികളും പ്രാര്‍ഥനാകേന്ദ്രങ്ങളുമാണ് അന്ന് തകര്‍ക്കപ്പെട്ടത്. അഹമ്മദാബാദിലെ ചരിത്രപ്രാധാന്യമുള്ള ദര്‍ഗ തകര്‍ക്കപ്പെട്ടു, 36 മണിക്കൂറിനകം അതിലൂടെ ഒരു റോഡ് നിര്‍മിക്കപ്പെടുകയും ചെയ്തു. 2002 അവസാനത്തില്‍ ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോഡി അധികാരത്തില്‍ തിരിച്ചെത്തി. മുസ്ലിം വിരുദ്ധത, രാഷ്ട്രീയമായി മുതലെടുക്കാന്‍ ബി ജെ പിക്ക് എളുപ്പത്തില്‍ കഴിയുമെന്നതിന്റെ മറ്റൊരു തെളിവ് കൂടിയായിരുന്നു ഗുജറാത്ത്.
2014ല്‍ നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ശേഷം ആര്‍ എസ് എസ്സുമായി ബന്ധമുള്ള സംഘടനകളിലെ അംഗങ്ങള്‍ രാജ്യ തലസ്ഥാനത്തെയും തലസ്ഥാനമുള്‍ക്കൊള്ളുന്ന പ്രദേശത്തെയും പള്ളികളെ ലക്ഷ്യമിട്ടു. പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുമുണ്ടായി. പ്രാര്‍ഥനയ്ക്ക് മൂന്നോടിയായുള്ള ബാങ്ക് വിളികള്‍ക്ക് ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഈ സംഘടനകള്‍ കോടതിയെ സമീപിച്ചു. ചെറിയ പള്ളികളില്‍ പലപ്പോഴും വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തുന്നവര്‍ പുറത്തുള്ള പൊതുസ്ഥലങ്ങള്‍ നിസ്‌കാരത്തിനായി ഉപയോഗിച്ചിരുന്നു. ഇത് തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി, വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ നടക്കുമ്പോള്‍ പള്ളിക്ക് സമീപം പടക്കങ്ങള്‍ പൊട്ടിച്ച് പ്രകോപനം സൃഷ്ടിക്കാനും സംഘ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ മടിച്ചില്ല.
ബാബരി മസ്ജിദ് തകര്‍ത്തത് നിയമ വിരുദ്ധമാണെങ്കിലും മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയണമെന്നാണ് സുപ്രീം കോടതി അടുത്തിടെ വിധിച്ചത്. മസ്ജിദ് തകര്‍ത്ത് ക്ഷേത്രം നിര്‍മിക്കുക എന്ന ബി ജെ പിയുടെ അജണ്ടയെ അംഗീകരിക്കുന്നതായിരുന്നു കോടതി വിധി. ഇത് അനുയായികള്‍ക്കിടയില്‍ ബി ജെ പിയുടെ കീര്‍ത്തി വര്‍ധിപ്പിക്കുകയും ചെയ്തു. രാജ്യത്താകെയുള്ള മുസ്ലിംകള്‍ കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനിച്ചത്. മത നേതാക്കള്‍ സമുദായത്തിനുള്ളില്‍ നടത്തിയ ആശയവിനിമയം കോടതി വിധി അംഗീകരിച്ച് മുന്നോട്ടുപോകുക എന്നത് തന്നെയായിരുന്നു.
ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച കോടതി വിധിയെത്തുടര്‍ന്നുണ്ടായ അന്തരീക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണ് മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ചെയ്തത്. ഒരു മാസത്തിന് ശേഷം പൗരത്വ നിയമം ഭേദഗതി ചെയ്ത് മുസ്ലിംകളോട് പ്രത്യക്ഷത്തില്‍ വിവേചനം കാണിക്കാന്‍ അവര്‍ തയാറായി. പക്ഷേ ഇതിനോടുള്ള പ്രതികരണം ഭിന്നമായിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധമുയര്‍ന്നു, അതിനെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ഭരണകൂടം മടിച്ചതുമില്ല. ഇത് രാജ്യത്താകെ വിദ്യാര്‍ഥികളുടെ പ്രതിഷേധമുയരാന്‍ കാരണമായി. ഷഹീന്‍ ബാഗ് പോലുള്ള സമരമുഖങ്ങള്‍ ഉയര്‍ന്നുവന്നു. പ്രായഭേദമില്ലാതെ സ്ത്രീകള്‍ സമരത്തിന്റെ മുന്നണിയില്‍ നിന്നു. പൗരന് തുല്യതയും സ്വന്തം മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന ഭരണഘടനയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഈ സമരങ്ങളൊക്കെ.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഈ സമരങ്ങളെ ‘ദേശവിരുദ്ധം’ എന്ന് മുദ്രകുത്തി നേരിടാനാണ് ബി ജെ പിയും മോഡി സര്‍ക്കാറും തയാറായത്. പ്രതിഷേധക്കാരെ രാജ്യദ്രോഹികളും അരാജകവാദികളുമായി ചിത്രീകരിക്കുകയും ചെയ്തു. ഈ പ്രതിഷേധങ്ങളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രചാരണം നടത്തിയത്. രാജ്യദ്രോഹികളുടെ നേര്‍ക്ക് വെടിയുതിര്‍ക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ ആഹ്വാനം ചെയ്യുന്നത് ആ പ്രചാരണത്തിനിടെ കേട്ടു. ഷഹീന്‍ ബാഗ് പോലുള്ള സമരങ്ങളെ തകര്‍ക്കാന്‍ പാകത്തില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ ആവശ്യപ്പെടുന്നതും കേട്ടു. പക്ഷേ, തിരഞ്ഞെടുപ്പില്‍ ബി ജെ പി അമ്പേ പരാജയപ്പെട്ടു. അവര്‍ക്ക് ലഭിച്ച എട്ട് സീറ്റുകളില്‍ രണ്ടെണ്ണം വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ്.
അക്രമങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ബി ജെ പിയുടെ നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗമുണ്ടാകുന്നത്. ഡല്‍ഹിയിലെ പ്രക്ഷോഭകരെ നീക്കം ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായില്ലെങ്കില്‍ തങ്ങള്‍ മുന്‍കൈ എടുത്ത് അത് ചെയ്യുമെന്നും അപ്പോള്‍ തടയാന്‍ വരരുത് എന്നുമായിരുന്നു കപില്‍ മിശ്രയുടെ വാക്കുകള്‍. ഈ വാക്കുകളോട് തീവ്ര ഹിന്ദുത്വ അജണ്ടയോട് പ്രതിബദ്ധതയുള്ള ഹിന്ദു യുവാക്കള്‍ വേഗത്തില്‍ പ്രതികരിച്ചു. സി എ എ വിരുദ്ധ സമരം നടക്കുന്നതിന് തൊട്ടടുത്ത് അവര്‍ സംഘടിച്ചു. ക്ഷേത്രങ്ങള്‍ ആക്രമിച്ചു, ഹിന്ദു ആരാധനാലയങ്ങള്‍ അശുദ്ധമാക്കി തുടങ്ങിയ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച്, കപില്‍ മിശ്രയുടെ വാക്കുകള്‍ കൊളുത്തിയ തീയില്‍ എണ്ണ പകരുകയും ചെയ്തു. പോലീസും മറ്റ് ഭരണ സംവിധാനങ്ങളും കാഴ്ചക്കാരായി നിന്ന് അക്രമം പടരാന്‍ എല്ലാ അവസരവുമുണ്ടാക്കി.
സി എ എക്കെതിരെ സമാധാനപരമായി നടന്നുവന്ന സമരത്തെ ചെറുക്കാനെന്ന പേരില്‍ രംഗത്തെത്തിയവര്‍, ഒരു സമുദായത്തിനു നേര്‍ക്കുള്ള ആക്രമണമായി അതിനെ മാറ്റുന്ന കാഴ്ചയാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ യഥാര്‍ത്ഥത്തില്‍ കണ്ടത്. കൊള്ളയും കൊള്ളിവെപ്പും കൊലയും അരങ്ങേറുമ്പോള്‍ തന്നെ ആക്രമിക്കപ്പെട്ട പള്ളികള്‍ക്കു മുകളില്‍ ത്രികോണാകൃതിയിലുള്ള കാവിക്കൊടികള്‍ സ്ഥാപിക്കാന്‍ തീവ്ര ഹിന്ദുത്വത്തിന്റെ വക്താക്കള്‍ മടിച്ചിരുന്നില്ല.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പള്ളികള്‍, മിക്കവാറുമൊക്കെ ചെറിയ കെട്ടിടങ്ങളാണ്. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിലുണ്ടായിരുന്നത് പോലുള്ള മിനാരങ്ങള്‍ അവയില്‍ ഭൂരിഭാഗത്തിനുമില്ല. ഇവ തകര്‍ത്താണ് കാവിക്കൊടികള്‍ സ്ഥാപിക്കപ്പെട്ടത്. ബാബരി മസ്ജിദിന് മുകളില്‍ ആയുധങ്ങളുമായി തമ്പടിച്ച കര്‍വേസവകരുടെ ചിത്രത്തെയാണ് ഇതും ഓര്‍മിപ്പിക്കുന്നത്. രണ്ട് കൂട്ടരുടെയും മനസ്സില്‍ നശീകരണ വാസനയായിരുന്നു. പള്ളികള്‍ നശിപ്പിക്കുക എന്ന ചിന്ത മാത്രമല്ല, സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന ഇന്ത്യയെ നശിപ്പിക്കുക എന്ന ചിന്ത കൂടി അവരുടെ മനസ്സില്‍ വേരാഴ്ത്തിയിരിക്കുകയാണ് .
കടപ്പാട്: സ്‌ക്രോള്‍.ഇന്‍
അഞ്ജലി മോഡി
You must be logged in to post a comment Login