സ്രഷ്ടാവിലേക്ക് മുഖം തിരിക്കാം

സ്രഷ്ടാവിലേക്ക് മുഖം തിരിക്കാം

‘നീയാണ് സൂര്യന്‍
നീ ആ മലയ്ക്കപ്പുറത്തുനിന്ന്
മെല്ലെ ഉയരുക
ഞങ്ങള്‍
ഒന്നുദിച്ചോട്ടെ’
സൂര്യശോഭയില്‍ നമ്മള്‍ നമ്മെ പുറത്തു കാണിക്കുമ്പോള്‍ നമ്മുടെ അസ്തിത്വം ഇരുട്ടില്‍ നിന്ന് മോചിതമാവുന്നു! അതുപോലെയാണ് അല്ലാഹു വിന്റെ മുമ്പില്‍ ഒരു മനുഷ്യന്‍ വന്നു നില്‍ക്കുമ്പോള്‍. സ്വന്തത്തിന് പദാര്‍ഥികമായ ജഢാന്ധതയില്‍ നിന്ന് ആത്മീയതയുടെ വെളിച്ചത്തില്‍ മറ്റെന്തോ ഒരര്‍ഥം കിട്ടുന്നത് അപ്പോഴായിരിക്കും. നിസ്‌കാരം എന്ന ഉപാസന ആ നിലക്ക് അസ്തിത്വത്തിന്റെ അര്‍ഥം അനുഭവിക്കലായി ബോധ്യപ്പെടുന്നതായിരിക്കും. ഈ സത്യത്തെ നിസ്‌കാരത്തിന്റെ പ്രാരംഭ പ്രാര്‍ഥന – ദുആഉല്‍ ഇഫ്തിതാഹ് – എങ്ങനെ നിവൃത്തിയാക്കുന്നു എന്നന്വേഷിക്കുന്നത് കൗതുകകരമായിരിക്കും
ദുആഉല്‍ ഇഫ്തിതാഹ് ഇങ്ങനെ:
‘ഞാന്‍ ആകാശഭൂമികളെ പടച്ച ഒരുവനെ അഭിമുഖീകരിക്കുന്നു
ഋജുമാനസനായിക്കൊണ്ട്;
സ്വത്വസമര്‍പ്പിതനായിക്കൊണ്ട് ഞാന്‍ ദിവ്യത്വത്തില്‍ അന്യമായതിനെ അധ്യാരോപിക്കുന്നവരില്‍ പെട്ടവനല്ല
എന്റെ നിസ്‌കാരവും
എന്റെ ബലിയര്‍പ്പണവും
എന്റെ ജീവിതവും
എന്റെ മരണവും
അഖിലചരാചര പാലകനായ
അല്ലാഹുവിനാകുന്നു.
അവന് പങ്കുകാരാരുമില്ല.
ആ വിശുദ്ധ തൗഹീദ് അനുവര്‍ത്തിക്കാന്‍ ഞാന്‍ കല്പിതനാകുന്നു
ഞാന്‍ സ്വത്വസമര്‍പ്പണം ചെയ്തവരില്‍ പെട്ടവനുമാകുന്നു.’

വജ്ജഹ്തുവജ്ഹിയ
ഞാന്‍ എന്റെ മുഖം തിരിച്ചിരിക്കുന്നു എന്നര്‍ഥം. മുഖം വിശിഷ്ടമായ ഒരവയവമാകുന്നു. മുഖത്തിന് ആ പദവി എല്ലാ ഭാഷയിലുമുണ്ട്. കൈക്കും കാലിനുമില്ലാത്ത ഒരര്‍ഥം മുഖത്തിന് കിട്ടുന്നു. മനസ്സിന്‍ കണ്ണാടി മുഖമെന്ന പഴമൊഴി വെറുതെ പറഞ്ഞതല്ല. അല്ലെങ്കിലും പഴമൊഴിക്ക് സാമൂഹികാംഗീകാരത്തിന്റെ ഒരു ശക്തിയുണ്ട്. കേള്‍ക്കുന്നവരോട് സംശയിക്കണ്ട, ചോദ്യം ചെയ്യേണ്ട; അംഗീകരിച്ചാല്‍ മതി എന്നിങ്ങനെ ഗുരുശാസനയുടെ ഒരധികാര ഭാഷയാണ് പഴമൊഴിയുടേത്. അങ്ങനെയെങ്കില്‍ നമുക്കും മുഖത്തിന്റെ മഹത്വം അംഗീകരിക്കാം. അറബികള്‍ മുഖത്തെ – അശ്‌റഫുല്‍ അഅ്‌ളാഅ- വിശിഷ്ടാവയവം എന്നാണ് പരിചയപ്പെടുത്താനുള്ളത്. ഒരാള്‍ മുഖം തന്നു എന്നുള്ളത് ഹിതകരമായിരിക്കുമ്പോള്‍ തന്നെ മുഖം തന്നില്ല എന്നത് അഹിതകരമായിരിക്കുന്നത് മറ്റൊന്നും കൊണ്ടല്ല; മുഖത്തിന്റെ ശ്രേഷ്ഠതയൊന്നുകൊണ്ടു തന്നെ. അപ്പോള്‍ മുഖം തിരിച്ചിരിക്കുന്നു എന്നു പറയുന്നതില്‍ ഒരനുഭവമുണ്ട് ഹൃദ്യമായ ഒരനുഭവം. അതു ഗ്രഹിക്കാന്‍ ഈ പാട്ടിന്റെ പല്ലവി ഒന്നു മനസ്സുകൊണ്ട് വായിച്ചു നോക്കൂ:
‘കപ്പലോ വിമാനമോ
കടലിനിട്ട പാലമോ
കയറിയെന്‍ കിനാക്കള്‍
യാത്ര പോകും
കഅ്ബയെന്ന വീട്ടിലെത്തി
കദനമൊക്കെയും പറഞ്ഞ്
ഖല്‍ബ് പറിച്ചെന്റെ റബ്ബിനേകും
ഞാനൊരു കണ്ണുനീര്‍ തുള്ളി മാത്രമാകും’
ഖല്‍ബ് പറിച്ചെന്റെ റബ്ബിനേകും എന്ന വരി കണ്ടോ? എന്താണതിന്റെയൊരു ഫീലിംഗ്! തത്തുല്യമായ ഒരു ഫീലിംഗുണ്ട് വജ്ജഹ്തുവജ്ഹിയക്ക്!
ഇനി മറ്റൊരു രസം പറയാം. മുഖം തിരിച്ചിരിക്കുന്നു എന്നതിന്റെ അര്‍ഥം ശരീരം തിരിച്ചു നിറുത്തിയിരിക്കുന്നു എന്നാണ്. മുഖത്തെ പറയുകയും ആകെ ദേഹത്തെയും അതുകൊണ്ട് ഉദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. ഇത് അറബീസൗന്ദര്യശാസത്ര ത്തിലെ ഒരു സങ്കേതമാണ്. മജാസ് മുര്‍സല്‍ എന്നാണ് പേര്. മലയാളത്തില്‍ രൂപകം എന്നു പറയാം. എന്താണ് ഈ രൂപകത്തിന്റെ പൊരുള്‍? ആകെ ദേഹത്തെയും മുഖം പോലെ കരുതുന്നു എന്നതാണത്. ഇവിടെ മുഖം ശരീരത്തിന്റെ വിശാലതയിലേക്ക് വളരുന്നു. അല്ലെങ്കില്‍ ആകെ ശരീരവും ഒരു മുഖത്തിലേക്ക് ചുരുങ്ങുന്നു. ആ നിലക്ക് വിശിഷ്ടമായ മുഖം തിരിക്കലിന് വിശിഷ്ടമായ ദേഹത്തെത്തന്നെ തിരിക്കുക എന്നാണര്‍ഥം കിട്ടുക. മുഖം പോലെത്തന്നെ പ്രധാനമാണ് മറ്റ് അവയവങ്ങളും എന്നാകയാല്‍ ഈ രൂപ കത്തില്‍ ഉപാസകന്റെ ദേഹത്തിന് ആകെമാനം ഒരു സവിശേഷ പ്രാധാന്യം കല്പിച്ചു കൊടുക്കുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

ഈ പ്രയോഗത്തിന്റെ അര്‍ഥോത്കര്‍ഷം തീര്‍ന്നിട്ടില്ല. ഇനിയുമുണ്ട്. നിസ്‌കാരത്തിന് നില്‍ക്കുന്നവന്‍ മുഖം തിരിച്ചു എന്നാണോ പറയേണ്ടത്? ഹൃദയം – മനസ്സ് തിരിച്ചിരിക്കുന്നു എന്നല്ലേ? ന്യായമായ ചോദ്യമാണ്. ഉത്തരമിതാണ്: അങ്ങനെത്തന്നെയാണ് പറയേണ്ടത്. മുഖം തിരിച്ചിരിക്കുന്നു എന്നു ഈ പറഞ്ഞതിന്റെ അര്‍ഥം അതു തന്നെയാണ്. അതായത്ഹൃദയം തിരിച്ചിരിക്കുന്നു എന്ന്! മുഖം പറയുകയും ഈ സന്ദര്‍ഭത്തില്‍ എന്തായാലും പരാമര്‍ശിക്കപ്പെടേണ്ട ഹൃദയത്തെ / മനസ്സിനെ മറയ്ക്കു പിന്നില്‍ നിര്‍ത്തുകയും ചെയ്തതില്‍ കറുത്ത സൗന്ദര്യം പോലെ ഒന്നുണ്ട്. ഹൃദയം / മനസ്സ് എന്തായാലും തിരിയണം. അതോട് കൂടെ ഒട്ടും അവഗണിക്കാവതല്ല സ്വന്തം ദേഹം! ദേഹത്തെ അവഗണിച്ച് മനസ്സില്‍ വിചാരിച്ചാല്‍ കിട്ടുന്നതല്ല ആത്മ മോക്ഷം. ഹൃദയത്തോടൊപ്പം മനസ്സിനോടൊപ്പം ശരീരവും പരമപ്രധാനമാണെന്ന തിരിച്ചറിവുള്ള ഒരുപാസകന്‍ ചെയ്യുന്ന ഏറ്റുപറച്ചിലായി അപ്പോള്‍ ‘വജ്ജഹ്തുവജ് ഹിയ’ മാറുന്നു. അങ്ങനെ വജ്ജഹ്തുവജ്ഹിയ എന്ന വചനം ഞാന്‍ എന്റെ ഹൃദയത്തെ / മനസ്സിനെപ്പോലെത്തന്നെ എന്റെ ശരീരമാസകലത്തെയും ഒരു വിശിഷ്ടമുഖമെന്നപോലെ ഗണിച്ച് ഞാന്‍ നിന്റെ മുമ്പില്‍ വെക്കുന്നു എന്ന സമര്‍പ്പണത്തിന്റെ ആവിഷകാരമായി നാം ഗ്രഹിക്കേണ്ടതുണ്ട്.

അറബിസൗന്ദര്യശാസത്ര നിയമമനുസരിച്ച് പറഞ്ഞതിനേക്കാള്‍ പറയാത്തതിന് പരിഗണന കിട്ടുന്ന ഒരു സങ്കേതമുണ്ട്. അതിന്റെ പേര് തഗ്‌ലീബ് അഥവാ അര്‍ഥോല്‍ക്കര്‍ഷം എന്നാണ്. ഉമറൈനി എന്നു പറയും. ഉമര്‍ (റ) അബുബക്കര്‍ (റ) എന്നിവരെയാണ് ഉദ്ദേശ്യം. പരാമര്‍ശിക്കപ്പെട്ടത് ഉമറാണ്. ഒളിഞ്ഞിരിക്കുന്നത് അബൂബക്കറും. പറഞ്ഞതിനേക്കാള്‍ മികവുള്ളത് പറയപ്പെടാത്തതിനാണല്ലോ. ഉമറിനേക്കാള്‍ അബൂബക്കറിനാണല്ലോ മികവ്. അപ്പോള്‍ ഉമറൈനിയെന്നാല്‍ പറഞ്ഞ ഉമറിനെ അപരാമര്‍ശിതമായ അബൂബക്കറോളം ഉയര്‍ത്തുക എന്നു തന്നെയാണര്‍ഥം. ഇനി ഇവിടേക്ക് വരാം ഹൃദയത്തിനാണ് പവര്‍. പറയേണ്ടത് ഹൃദയത്തെത്തന്നെയാണ്. മഹത്വമുള്ള അതിനെ മറയ്ക്കു പിന്നില്‍ ഒളിപ്പിച്ച് മുഖത്തെ പറയുകയാണ് ചെയ്തത്. മുഖത്തെ അഥവാ ബാഹ്യശരീരത്തെ ആരാധനാ സന്ദര്‍ഭത്തില്‍ ഹൃദയത്തോളം പരിഗണിച്ചാണ് ഞാന്‍ നില്ക്കുന്നത് എന്നാണ് സാധകന്‍ വജ്ജഹ്തുവിലൂടെ അല്ലാഹുവിനോട് പറയുന്നത്. മറ്റൊന്നുകൂടിയുണ്ട്: ഹൃദയം/ മനസ്സ് പറയേണ്ടതില്ലാത്ത വിധം ശരീരത്തോട് ഈ സന്ദര്‍ഭത്തില്‍ ബന്ധിതമാണ് എന്നുകൂടി സാധകന്‍ കരുതുന്നുണ്ട്! അങ്ങനെ പ്രാരംഭപ്രാര്‍ഥനയിലെ ആദ്യ വചനം ദേഹത്തിന്റെയും ദേഹിയുടെയും സമര്‍പ്പണവ ചനമായിത്തീരുന്നുവെന്ന് നാം ഗ്രഹിക്കേണ്ടതാണ്

ലില്ലദീ ഫത്വറസ്സമാവാതി വല്‍ അര്‍ള്.
ആര്‍ക്കു മുമ്പിലാണ് ദേഹ ദേഹികളുടെ സമര്‍പണം എന്നാണ് തുടര്‍ന്നു വരുന്നത്. ആകാശങ്ങളെയും ഭൂമിയെയും പടച്ച ഒരുവനു മുമ്പാകെയാണ് ഞാന്‍ എന്റെ അസ്തിത്വത്തെ സമര്‍പ്പണം ചെയ്യുന്നതെന്നാണ് പരാമര്‍ശം. നോക്കൂ നിങ്ങള്‍. എത്ര യുക്തിസഹമായിട്ടാണ് ആ പ്രസ്താവനയെന്ന്! പ്രപഞ്ചം ആകെയും സൃഷ്ടിയാണ്. ഖഗോളങ്ങള്‍, ഭൂമി, ഇരവും പകലും അനേകായിരം പ്രതിഭാസങ്ങളഖിലവും സൃഷ്ടികളാണ്. മനുഷ്യനെപ്പോലെത്തന്നെ. മനുഷ്യനാകട്ടെ ആ സൃഷ്ടികളില്‍ എത്രയോ വിശിഷ്ടവുമാണ്. അപ്പോള്‍ ഈ സൃഷ്ടികള്‍ക്കു മുമ്പില്‍ വിധേയപ്പെടാന്‍ രണ്ടു കാരണങ്ങളാല്‍ സാധ്യമല്ല. ഒന്ന്: അവ അവനെപ്പോലെത്തന്നെ സൃഷ്ടികളാണ് രണ്ട്: അവന്‍ അവയേക്കാള്‍ എത്രയോ ശ്രേഷ്ഠതയുള്ളവനാണ്. പിന്നെങ്ങനെ അവയെ താണു വണങ്ങും? സൃഷ്ടി ആയതൊന്നും സ്രഷ്ടാവല്ല. സ്രഷ്ടാവല്ലാത്തവ ആരാധനക്കര്‍ഹമാകുന്നുമില്ല. ദേഹ / ദേഹികളെ സമര്‍പ്പിക്കേണ്ടത് യഥാര്‍ത്ഥ സ്രഷ്ടാവിന്റെ മുമ്പിലാണെന്ന് ബുദ്ധിപരമായ ഒരനിവാര്യതയായി മാറുന്നുണ്ടെന്ന് കാണാം. ഈ യുക്തിസഹമായ നേര്‍വിചാരത്തിന്റെ ആവിഷ്‌കാരമാണ് ഭൂവാനങ്ങളെ സൃഷ്ടിച്ച ഒരുത്തന് ഞാന്‍ എന്റെ മുഖം തിരിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം ഒരു തിരിച്ചറിവിന്റെ ശബ്ദം കൂടിയാണ് ഇത്. ഇമാം ഗസാലി (റ) പറഞ്ഞു തന്ന ഒരു ഉപമയെ ഉപയോഗപ്പെടുത്തി അതു വിശദീകരിക്കാം. ഒരു കുഞ്ഞനുറുമ്പ്, അത് പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു വെളുത്ത പ്രതലം കണ്ടു. ഒരു വെളുത്ത കടലാസായിരുന്നു. നോക്കിയപ്പോള്‍ അതാ ആ വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരങ്ങള്‍ ഇങ്ങനെ വീഴുന്നു. സംഗതി ആരോ എഴുതുകയായിരുന്നു. കുഞ്ഞനുറുമ്പിന് ഇതിനു പിന്നില്‍ എന്താണെന്നറിയാന്‍ ജിജ്ഞാസയായി. അത് ശ്രമിച്ചു. അപ്പോഴാണ് പേനയുടെ മുന കണ്ടത്. കണ്ടപാടെ അത് പ്രഖ്യാപിച്ചു – കറുത്ത അക്ഷര വീഴ്ചയുടെ കാരണം പേനയുടെ മുനയാണെന്ന്. പാവം! കുഞ്ഞനുറുമ്പിന് അത് ഒരു പേനയാണെന്ന് പോലും അറിയാമായിരുന്നില്ല! അതു വഴിയെ വന്ന മറ്റൊരു ഉറുമ്പും ഇതെല്ലാം കണ്ടു. കാരണമെന്താണെന്ന് ആ ഉറുമ്പും കണ്ടെത്താന്‍ ശ്രമിച്ചു. അത് മുനയ്ക്കു മുകളില്‍ ഒരു നീണ്ട പേന തന്നെ കണ്ടു. അതു പറഞ്ഞു അക്ഷര വീഴ്ചയ്ക്കു കാരണം പേനയാണെന്ന്. പക്ഷേ ആ ഉറുമ്പ് പേന പിടിച്ചത് ഒരു കൈവിരലുകള്‍ക്കിടയിലാണെന്ന സത്യം പോലും കണ്ടെത്തിയില്ല! മറ്റൊരു ഉറുമ്പ് ഇതേ പ്രതിഭാസത്തെ കണ്ടു. കാരണം കണ്ടെത്താന്‍ ശ്രമിച്ചു. അത് മുനയ്ക്കപ്പുറം പേനയും പേനയ്ക്കപ്പുറം കൈവിരലുകളും കണ്ടു. പക്ഷേ വിരലുകള്‍ ഒരു വ്യക്തിയുടേതാണെന്ന് കണ്ടില്ല! അത് പറഞ്ഞു അക്ഷര വീഴ്ചയുടെ കാരണം വിരലുകളാണെന്ന്. ഇതു പോലെയാണ് യഥാര്‍ത്ഥ സ്രഷ്ടാവിനെ കാണാതെ പോകുകയും മറ്റുകാരണങ്ങളെ യഥാര്‍ത്ഥ കാരണങ്ങളായി തെറ്റുധരിക്കുകയും ചെയ്യുന്നതിലൂടെ ഉണ്ടാകുന്നത്. ആ നിലക്ക് ചിന്തിച്ചു നോക്കൂ. എഴുത്തിന്റെ കാരണം ഒരു വ്യക്തിയാണ് എന്ന് ഒരു ഉറുമ്പ് പറയുന്നു എന്നിരിക്കട്ടെ. അത് വിളിച്ചു പറയുന്നത് പച്ചപരമാര്‍ഥമാണല്ലോ. ഏറ്റവും വലിയ ശരി. ഒരു സാധകന്‍ പ്രപഞ്ച സ്രഷ്ടാവായ ഒരുത്തന് ഞാന്‍ ദേഹ ദേഹികളെ തിരിച്ചു വെക്കുന്നു എന്നു പറയുമ്പോള്‍ സംഭവിക്കുന്നതും ഇതാണ്. പരമാര്‍ഥികമായ ഒരു സത്യത്തിന്റെ പ്രഘോഷണമാണത്. ഈ പ്രപഞ്ച വസ്തുക്കളെ ഒക്കെയും വസ്തുക്കളായിത്തന്നെ കാണുകയും അവയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണക്കാരനായ അല്ലാഹുവെ തിരിച്ചറിയുകയും ചെയ്തു കൊണ്ടുള്ള ഈ ഭാഷണം മനുഷ്യപ്രജ്ഞയുടെ ഔന്നത്യത്തിന്റെ കൂടി ആവിഷ്‌കാരമാണ്.

(തുടരും)

ഇ എം എ ആരിഫ് ബുഖാരി

You must be logged in to post a comment Login