കൊറോണയ്ക്കു ശേഷമുള്ള ലോകം ഇപ്പോഴത്തേതില്‍ നിന്ന് തീര്‍ത്തും ഭിന്നമാകുമെന്നാണ് പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ യുവാല്‍ നോഹ ഹരാരി പറയുന്നത്. ആരോഗ്യമേഖലയെ മാത്രമല്ല, സാമ്പത്തിക, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളെയും അത് മാറ്റിമറിക്കും. രോഗബാധ നേരിടുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന അടിയന്തര നടപടികളാവും ഭാവിയിലെ ലോകത്തിന്റെ ഗതി നിര്‍ണയിക്കുകയെന്ന് അദ്ദേഹം ‘ഫിനാന്‍ഷ്യല്‍ ടൈംസി’ല്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയുടെ ഒരു പ്രത്യേകത, താല്‍ക്കാലിക പ്രശ്നങ്ങള്‍ നേരിടാന്‍ അവിടെയെടുക്കുന്ന തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ താത്ക്കാലികമായിരിക്കില്ല എന്നതാണ്. ആരോഗ്യ അടിയന്തരാവസ്ഥ ആണെങ്കിലും അതങ്ങനെത്തന്നെയാണ്. സാധാരണകാലത്ത് നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം കൈക്കൊള്ളാവുന്ന തീരുമാനങ്ങള്‍ ഒരു വിധത്തിലുള്ള ആലോചനയും കൂടാതെ അടിച്ചേല്‍പ്പിക്കാന്‍ ഭരണാധികാരികള്‍ക്കു കിട്ടുന്ന അവസരമാണത്. അപക്വവും ചിലപ്പോള്‍ അപകടകരവുമായേക്കാവുന്ന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാനുള്ള അവസരം. ജനതയെ മൊത്തത്തില്‍ സാമൂഹിക പരീക്ഷണങ്ങള്‍ക്കുള്ള ഗിനിപ്പന്നികളാക്കാനുള്ള അവസരം. ഒന്നും ചെയ്യാതിരിക്കുന്നത് കൂടുതല്‍ അപകടമാവും എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സ് ആയി മാറും.
പൗരനുമേല്‍ നടത്തുന്ന ചുഴിഞ്ഞുനോട്ടം ശക്തമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് ലഭിക്കുന്ന അധികാരമായിരിക്കും ഇത്തരമൊരു പ്രതിസന്ധിയുടെ പ്രധാനഫലം എന്ന് ഹരാരി പറയുന്നു. പകര്‍ച്ച വ്യാധി തടയുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങളാകെ അനുസരിക്കേണ്ടതുണ്ട്. അവര്‍ അനുസരിക്കുന്നുണ്ടോ എന്നറിയണമെങ്കില്‍ അവരുടെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. മുന്‍കാലങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ ചാരന്‍മാര്‍ക്ക് മുഴുവനാളുകളെയും നിരീക്ഷിക്കാനുള്ള ശേഷിയില്ലായിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമായി ഇപ്പോള്‍ ഭരണകൂടത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേസമയം മുഴുവനാളുകളെയും നിരീക്ഷിക്കാന്‍ കഴിയുമെന്ന് ഹരാരി പറയുന്നു. അതിന് ചാരന്‍മാരുടെ ആവശ്യമില്ല, സെന്‍സറുകളും ശക്തിയേറിയ കമ്പ്യൂട്ടര്‍ ആല്‍ഗരിതവും മതി.
കൊറോണ പടരുന്നത് തടയാന്‍ വേണ്ടി ചുഴിഞ്ഞുനോട്ടത്തിനുള്ള സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ചൈനയാണ്. ജനങ്ങളുടെ കൈയിലുള്ള സ്മാര്‍ട് ഫോണിന്റെയും നാടിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിട്ടുള്ള മുഖം തിരിച്ചറിയാന്‍ കഴിവുള്ള ക്യാമറകളുടെയും സഹായത്തോടയായിരുന്നു അത്. സ്മാര്‍ട് ഫോണിലെ ആപ്പില്‍ ഓരോരുത്തരുടെയും ശരീര താപനിലയും ആരോഗ്യവിവരവും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാക്കുക വഴി രോഗലക്ഷണമുള്ളവരുടെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കാനും രോഗികളുടെ സമീപത്തെത്തുമ്പോള്‍ രോഗമില്ലാത്തവര്‍ക്ക് മുന്നറിയിപ്പു നല്‍കാനും ചൈനീസ് അധികൃതര്‍ക്കു കഴിഞ്ഞു. ഇത്തരം നടപടികള്‍ ചൈനയില്‍ മാത്രം ഒതുങ്ങുന്നില്ല. ഭീകരാക്രമണത്തെ നേരിടുന്നതിന് മാത്രം ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്ന സുരക്ഷാ നിരീക്ഷണ സംവിധാനം കൊറോണ വൈറസിനെ നേരിടുന്നതിന് ഉപയോഗിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാവിഭാഗത്തിന് അനുമതി നല്‍കി.
ഈ സാങ്കേതികവിദ്യയെല്ലാം നേരത്തേയുള്ളതുതന്നെയാണ്. എന്നാല്‍ അവയുടെ വ്യാപകമായ ഉപയോഗത്തിന് സാധുത ലഭിച്ചിരിക്കുകയാണിപ്പോള്‍. അതു മാത്രമല്ല പ്രശ്നം. തൊലിപ്പുറമേ മാത്രം നടന്നിരുന്ന നിരീക്ഷണം, ഉള്ളിലേക്ക് തുളച്ചുകയറാന്‍ പോവുകയാണ്. ഹൃദയമിടിപ്പും ശരീര താപനിലയും 24 മണിക്കൂറും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൈച്ചങ്ങല മുഴുവനാളുകളും ധരിക്കണമെന്ന് ഏതെങ്കിലുമൊരു ഭരണാധികാരി ഭാവിയില്‍ ഉത്തരവിട്ടുകൂടെന്നില്ലെന്ന് ഹരാരി പറയുന്നു. അങ്ങനെ വന്നാല്‍ നമുക്ക് അസുഖം വരുന്ന കാര്യം നമുക്കുമുമ്പേ ഭരണകൂടം മനസ്സിലാക്കും. അത്തൊരമൊരു സംവിധാനത്തിന് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെ ഫലപ്രദമായി തടയാനാവും എന്നതു ശരിയാണ്. എന്നാല്‍, നമ്മുടെ ഓരോ ചലനത്തെയും വികാരവിചാരങ്ങളെപ്പോലും മനസ്സിലാക്കാന്‍ അതുപയോഗിക്കാനാവും. ഒരു സംഭവം, ഒരു വാര്‍ത്ത, ഒരു പ്രസംഗം അതു നിങ്ങളുടെ ഹൃദയമിടിപ്പിലുണ്ടാക്കുന്ന മാറ്റമളന്നാല്‍ നിങ്ങളുടെ നിലപാട് എന്താണെന്ന് അധികാരികള്‍ക്ക് അളന്നെടുക്കാം. അടിയന്തരാവസ്ഥക്കാലത്തു തുടങ്ങിവെക്കുന്ന പല നടപടികളും അടിയന്തരാവസ്ഥ കഴിഞ്ഞെന്നുവെച്ച് പിന്‍വലിക്കപ്പെടാറില്ലെന്ന് ഹരാരി മുന്നറിയിപ്പു നല്‍കുന്നു.
കൊറോണയൊക്കെ വരുന്നതിനു മുമ്പുതന്നെ ഇന്ത്യയിലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇത്തരമൊരു നിരീക്ഷണ സംവിധാനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെന്ന ഞെട്ടിക്കുന്ന വിവരം അന്താരാഷ്ട്ര ഓണ്‍ലൈന്‍ മാധ്യമായ ഹഫ്പോസ്റ്റ് ഒരാഴ്ച മുമ്പ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ 120 കോടിയാളുകളുടെയും സമസ്ത കാര്യങ്ങളും സദാസമയം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബൃഹദ് വിവര ശൃംഖല രൂപപ്പെടുത്തുന്നതിനുള്ള അവസാനഘട്ടത്തിലാണ് മോഡി സര്‍ക്കാര്‍ എന്ന് വിവരാവകാശ രേഖകള്‍ ഉദ്ധരിച്ച് കുമാര്‍ സംഭവ് ശ്രീവാസ്തവ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമാകുന്ന ഓരോ വ്യക്തിയും ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നതും ഉദ്യോഗം മാറുന്നതും വിവാഹം കഴിക്കുന്നതും കുട്ടിയുണ്ടാകുന്നതുമെല്ലാം വിവരശേഖരത്തില്‍ രേഖപ്പെടുത്തപ്പെടും. രാജ്യത്തെ മുഴുവന്‍ വീടുകളെയും ജിയോ ടാഗു വഴി ഉപഗ്രഹ ഭൂപട സംവിധാനമായ ഭൂവനുമായി ബന്ധപ്പെടുത്തണമെന്നുപോലും നീതി ആയോഗിലെ ഒരു സ്പെഷ്യല്‍ സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നാഷണല്‍ സോഷ്യല്‍ രജിസ്ട്രി അഥവാ ദേശീയ സാമൂഹികപ്പട്ടിക (എന്‍.എസ്.ആര്‍.) എന്നു പേരിട്ട ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസി(എസ്.ഇ.സി.സി.)ന്റെ തുടര്‍പ്രവര്‍ത്തനം എന്ന നിലയിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത്. ദുര്‍ബലവിഭാഗങ്ങള്‍ക്ക് സര്‍ക്കാറുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ സമയത്താണ് ദേശീയ സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടന്നത്. ഇതിലെ സാമൂഹിക, സാമ്പത്തിക വിവരങ്ങള്‍ പിന്നീടുവന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ പുറത്തുവിട്ടെങ്കിലും ജാതിവിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല. എസ്.ഇ.സി.സി. വിവരങ്ങള്‍ ഒന്നുകൂടി ഫലപ്രദമാകുന്നതിന് സോഷ്യല്‍ രജിസ്ട്രിക്കു രൂപം നല്‍കണമെന്ന് 2015 ഒക്ടോബറില്‍ ഗ്രാമ വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സര്‍വേയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരുന്നാല്‍, അപ്പോഴത്തെ സാമ്പത്തിക സാമൂഹികാവസ്ഥ പരിഗണിച്ച് സഹായം എത്തിക്കാന്‍ കഴിയും എന്നതാണ് ഇതിന് ന്യായമായി പറഞ്ഞത്. പല തലങ്ങളില്‍ ചര്‍ച്ചകള്‍ മുന്നേറിയപ്പോള്‍ പൗരന്റെ സ്വകാര്യതയിലേക്കുള്ള ചുഴിഞ്ഞുനോട്ടം എന്നതിലേക്ക് അതിന്റെ ലക്ഷ്യം പരിണമിക്കുകയാണുണ്ടായത്.
ആധാറിന്റെ തുടര്‍ച്ചയായി വരുന്ന സമഗ്രവും ബൃഹത്തുമായ വിവരശേഖരമായിരിക്കും ഇത് എന്നാണ് ഈ മേഖലയിലെ ഗവേഷകനായ ശ്രീനിവാസ് കൊഡലിക്ക് വിവരാവാകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ആധാര്‍ നമ്പറിനെ മതവുമായും ജാതിയുമായും വരുമാനവുമായും വസ്തുവകകളുമായും വിദ്യാഭ്യാസവുമായും ജോലിയുമായുമെല്ലാം കൂട്ടിയിണക്കുന്ന സമഗ്ര രേഖയായിരിക്കും ഇത്. വിവരം നല്‍കുന്നവരുടെ സ്വകാര്യത മാനിക്കും എന്ന് ഉറപ്പു നല്‍കുന്നതാണ് ദേശീയ ജനസംഖ്യാ സെന്‍സസ്. എന്നാല്‍ എസ്.ഇ.സി.സി അത്തരം ഉറപ്പുകളൊന്നും നല്‍കുന്നില്ല. സോഷ്യല്‍ രജിസ്ട്രിയുടെ രൂപവത്കരണക്കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞെന്നാണ് സര്‍ക്കാര്‍ ഫയലുകളും യോഗങ്ങളുടെ മിനുട്സും വിവിധ വകുപ്പുകള്‍ തമ്മിലുള്ള കത്തിടപാടുകളുടെ രേഖകളും ഉദ്ധരിച്ച് ഹഫ്പോസ്റ്റ് പറയുന്നത്. 2021ഓടെ പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതിക്കു പോലും രൂപം നല്‍കിക്കഴിഞ്ഞു. സാങ്കേതിക നൂലാമാലകളും നിയമ തടസ്സങ്ങളും മറികടന്ന് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന നിര്‍ദ്ദേശവും സമിതി സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ആധാറിന്റെ കാര്യത്തില്‍ 2018ലെ സുപ്രീംകോടതി വിധി മറികടക്കാനുതകുന്ന നിയഭേദഗതി തയാറായി വരികയാണെന്നാണ് സൂചന. ഇതിന് പ്രാഥമിക ധനസഹായമായി 20 ലക്ഷം ഡോളര്‍ നല്‍കാമെന്ന് ലോകബാങ്ക് സമ്മതിച്ചിട്ടുമുണ്ട്.
ഇത്തരമൊരു നിരീക്ഷണ സംവിധാനം പൗരന്റെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുളള അഭൂതപൂര്‍വമായ കടന്നുകയറ്റമായിരിക്കുമെന്ന് യേല്‍ ലോ സ്‌കൂളിലെ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി പ്രോജക്ട് ഫെലോ ചിന്‍മയി അരുണ്‍ പറയുന്നു. ഈ രീതിയില്‍ ഭരണകൂടം പൗരന്‍മാരെ നിരീക്ഷിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ ജനാധിപത്യം തന്നെ അപഹാസ്യമായി മാറുമെന്നാണ് ചിന്‍മയി അരുണിന്റെ അഭിപ്രായം. കൊറോണയ്ക്കു ശേഷമുള്ള കാലം ഭരണകൂടത്തിന്റെ ചുഴിഞ്ഞുനോട്ടങ്ങളുടെകൂടി കാലമായിരിക്കും എന്ന ഹരാരിയുടെ നിരീക്ഷണം ഇന്ത്യയില്‍ അക്ഷരാര്‍ഥത്തില്‍ ശരിയാവും എന്നാണ് ഹഫ്പോസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജോര്‍ജ് ഓര്‍വെലിന്റെ ‘1984’ ല്‍ പറയുന്ന എല്ലാം കാണുന്ന വല്യേട്ടനിലേക്കുള്ള ദൂരം അത്ര ദൂരെയല്ല എന്നര്‍ഥം
എസ് കുമാര്‍
You must be logged in to post a comment Login