അതിലാഭ മോഹത്തിനാണ് അമേരിക്ക പിഴയൊടുക്കുന്നത്

അതിലാഭ മോഹത്തിനാണ് അമേരിക്ക പിഴയൊടുക്കുന്നത്

‘It’s more profitable to make new body creams than finding a vaccine that will protect people from total destruction. The threat of polio ended with the Salk vaccine, by a government institution, no patents, available to everyone. ‘That could have been done this time, but the neoliberal plague has blocked that.’
നോം ചോംസ്‌കിയുടെ വാക്കുകളാണ്. എന്തുകൊണ്ട് കൊറോണ അമേരിക്കയെപ്പോലെ ഒരു സര്‍വസജ്ജ രാജ്യത്തിന് നേരെ വാപിളര്‍ന്നടുക്കുന്നു, എന്തുകൊണ്ട് ലോകത്തിന്റെ സര്‍വസൈന്യാധിപനെന്ന് മേനി നടിക്കുന്ന സായുധ രാഷ്ട്രം കൊറോണ എന്ന വൈറസിനുമുന്നില്‍ ചകിതമായി മുട്ടിലിഴയുന്നു എന്നുമുള്ള ചോദ്യങ്ങളുടെ മറുപടി ചോംസ്‌കിയിലുണ്ട്. ഒരു വാക്‌സിന്‍ കണ്ടെത്തുന്നതിനേക്കാള്‍ ലാഭകരമാണല്ലോ ഒരു ബോഡി ക്രീം നിര്‍മിക്കുന്നത്?
എല്ലാ അത്യുക്തികളും യുക്തിസഹമാവുന്ന ഒരു ലോകസന്ദര്‍ഭമാണിത്. മനുഷ്യരാശി ഇന്ന് നേരിടുന്ന അതിഭയാനകമായ ഈ പ്രതിസന്ധിയെ എത്രവലിയ അത്യുക്തിയാല്‍ വിശേഷിപ്പിക്കാന്‍ ശ്രമിക്കുന്നോ അതിനേക്കാള്‍ വലുതാണ് സാഹചര്യത്തിന്റെ കാഠിന്യം. മഹാമാരികളുടെ ലോകചരിത്രം വായിക്കുന്നവര്‍ കൊറോണക്ക് മുന്നില്‍ സ്വാഭാവികമായും നടുങ്ങും. കാരണം മുന്‍ ലക്കത്തില്‍ ഇതേ പംക്തിയില്‍ നാം സംസാരിച്ച, ലോകത്തെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മഹാവ്യാധികളൊക്കെയും അതിന്റെ പുറപ്പാടില്‍ തന്നെ വ്യാപ്തിയും ശക്തിയും വെളിപ്പെടുത്തിയിരുന്നു. ഇത്രമാത്രമൊന്നും ആധുനികമല്ലാതിരുന്ന വൈദ്യലോകമായിട്ടുകൂടി എന്തുചെയ്യണം എന്നതില്‍ ചില തെളിച്ചങ്ങള്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. വൈറസിന്റെയും അതുണ്ടാക്കുന്ന വ്യാധിയുടെയും വ്യാപനം സംബന്ധിച്ച ചില കണക്കുകൂട്ടലുകള്‍ സാധ്യമായിരുന്നു. പ്രദേശം അത്തരം വൈറസുകള്‍ക്ക് ഒരു വേലി ആയിരുന്നു. കൊറോണ പക്ഷേ, നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല. അക്കാര്യങ്ങള്‍ ഇന്നാളുകളില്‍ നമ്മള്‍ ദീര്‍ഘമായി കേട്ടതാണ്.
അപകടകരവും രഹസ്യാത്മകവുമായ പെരുക്കമാണല്ലോ കൊറോണയുടെ കാതല്‍. ചതുരംഗത്തിലെ നെല്‍മണിപ്പെരുക്കത്തിന്റെ കഥ നിങ്ങള്‍ കേട്ടിരിക്കും. ഒരു കളത്തില്‍ ഒരു മണി, അടുത്തകളത്തില്‍ അത് രണ്ട്, അടുത്തതില്‍ നാല്, അടുത്തതില്‍ പതിനാറ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പെരുക്കങ്ങള്‍. തുടക്കത്തില്‍ ഓ ഒരു കളത്തിന് ഒരു നെല്‍മണി അല്ലേ എന്ന് നിസ്സാരീകരിച്ച അമ്പലപ്പുഴ രാജാവ് അറുപത്തിനാലാം കളത്തിന്റെ ഓര്‍മയില്‍ തന്നെ മോഹാലസ്യപ്പെട്ടതാണ് കഥാസാരം. അത്തരമൊരു പെരുക്കമാണ് കൊറോണയുടേത്. നിങ്ങള്‍ രോഗിയാണോ എന്ന് വിദൂര സൂചനയാലെങ്കിലും അറിയുന്നതിന് എത്രയോ മുന്നേ നിങ്ങളില്‍ നിന്ന് പലരിലേക്ക് രോഗം സഞ്ചരിച്ചുകഴിഞ്ഞിരിക്കും. ആദ്യ കേസ് മുതല്‍ ഒരുലക്ഷം വരെ എത്താന്‍ വേണ്ടി വന്നത് ഏകദേശം മൂന്നു മാസമാണെങ്കില്‍ ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷം ആകാന്‍ വേണ്ടി വന്നത് 12 ദിവസങ്ങള്‍ മാത്രമാണ്. രണ്ടു ലക്ഷത്തില്‍ നിന്ന് മൂന്നുലക്ഷം ആകാന്‍ വേണ്ടി വന്നതോ വെറും നാലു ദിവസം. മൂന്നുലക്ഷത്തില്‍ നിന്ന് നാലുലക്ഷം ആകാന്‍ വേണ്ടി വന്നതാകട്ടെ മൂന്നേ മൂന്ന് ദിവസങ്ങളും. നാലുലക്ഷം എന്നത് അഞ്ചുലക്ഷം ആകാന്‍ വേണ്ടി വന്നതും മൂന്ന് ദിവസങ്ങള്‍, അഞ്ച് ലക്ഷത്തില്‍ നിന്ന് ആറുലക്ഷം ആകാന്‍ രണ്ടുദിവസം…അങ്ങനെയാണല്ലോ കൊറോണയുടെ പെരുക്കം.

ഈ കുറിപ്പ് നിങ്ങളിലേക്കെത്തുന്ന നിമിഷത്തില്‍ ലോകത്തെ ഏറ്റവും ചകിതമായ രാജ്യം അമേരിക്ക ആയിരിക്കും. മനുഷ്യര്‍ കീഴടക്കിയ സര്‍വ ഭൂഖണ്ഡങ്ങളിലും വൈറസ് ബാധയുണ്ട്. കൂട്ടമരണങ്ങള്‍ ഉണ്ട്. എന്നിട്ടും എന്താണ് അമേരിക്ക കൂടുതല്‍ ഭയപ്പെടുന്നത് എന്നാണോ? പറയാം. ഈ വര്‍ഷം ജനുവരി ഒമ്പതിനാണ് വുഹാനില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 23 ന് വുഹാന്‍ അടച്ചിട്ടു. ലോകമെമ്പാടും അസാധാരണമായ ഒരു സംഭവവികാസം നടക്കാന്‍ പോകുന്നു എന്ന പരിഭ്രാന്തി ഉയര്‍ന്നു. വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രലോകം പലവട്ടം ആധികാരികമായി പുറത്തുവിട്ടു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരാനുള്ള സാധ്യതകള്‍ എമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. ആഗോളീകരണത്തിന്റെ കാലത്ത് സമ്പത്ത് എന്നതുപോലെ രോഗങ്ങളും ആഗോളീകരിക്കപ്പെടും എന്ന യാഥാര്‍ത്ഥ്യം പലവട്ടം പറയപ്പെട്ടു. വുഹാന്‍ ലോകത്തിന് മുന്നില്‍ പരിഭ്രാന്തിയുടെ അടയാളമായി. സഞ്ചാരികള്‍ ഏറെയെത്തുന്ന, സഞ്ചാരം വ്യാപാരമായ രാഷ്ട്രങ്ങള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഉണ്ടായി. ജനുവരി 21 ന്, അതായത് ഇന്ത്യയില്‍ ആദ്യരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ഒമ്പത് ദിവസം മുന്‍പ് അമേരിക്കയില്‍ കൊറോണ എത്തി. ജനുവരി മുപ്പതിനാണ് കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളം അതിവേഗം ഉണര്‍ന്നു. ചരിത്രമായിത്തീര്‍ന്ന നടപടികളുടെ കാലം. വിദേശത്ത് നിന്നെത്തിയ ഒരോരുത്തരുടേയും യാത്രാപഥങ്ങള്‍ നിരീക്ഷിക്കപ്പെട്ടു. വൈറസ് വാഹകരുമായി വിദൂരബന്ധമുള്ളവരെ പോലും ഏകാന്തവാസത്തിലേക്ക് വിട്ടു. അപ്പോഴും അമേരിക്കയില്‍ വൈറസ് പടരുന്നുണ്ടായിരുന്നു. വൈറസോ, എന്തു വൈറസ് എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കാല ജല്‍പനങ്ങള്‍. ഇതിനിടെ കേരളത്തിലെ മൂന്ന് രോഗബാധിതര്‍ സുഖപ്പെട്ടു. കേരളത്തില്‍ സമൂഹവ്യാപനമുണ്ടായില്ല. അല്‍പം വൈകിയെങ്കിലും കേരളത്തിന്റെ അതേ ചുവടിലാണ് ഇന്ത്യയും നീങ്ങിയത്. അനന്തവൈചിത്ര്യങ്ങളുള്ള ഇന്ത്യ, അതീവ ദരിദ്രമായ സാഹചര്യങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ഇന്ത്യ സമൂഹവ്യാപനമെന്ന ഭീഷണിക്കെതിരില്‍ പല നടപടികളും കൈക്കൊണ്ടു. അപ്പോഴും ട്രംപിന്റെ അമേരിക്കയില്‍ കോവിഡ് പടരുകയായിരുന്നു. പക്ഷേ, വാര്‍ത്തകള്‍ മറച്ചുവെച്ചും വൈറസിനെ പരിഹസിച്ചും ട്രംപ് കാലം കഴിച്ചു. എന്നിട്ടോ?

ഫെബ്രുവരി 26-ന് അമേരിക്കയിലെ ഓറിഗണിലും വാഷിങ്ടണിലും സമൂഹവ്യാപനം സ്ഥിരീകരിച്ചു. അപ്പോഴും ചൈനീസ് വൈറസ് എന്ന ഗ്വാഗ്വാകളില്‍ അഭിരമിച്ചു ട്രംപും സംഘവും. മാര്‍ച്ച് തുടക്കമായതോടെ സ്ഥിതിഗതികള്‍ ട്രംപിന്റെ കയ്യും കണക്കും വിട്ടു. മാര്‍ച്ച് 13-ന് ഞങ്ങള്‍ അല്‍പം കുഴപ്പത്തിലാണെന്ന് പറയാതെ പറഞ്ഞു ട്രംപ്. അന്നേദിവസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈ കുറിപ്പെഴുതുമ്പോള്‍ 4700 മനുഷ്യരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, ഇസ്രയേല്‍ എന്നിങ്ങനെയാണ് പടര്‍ച്ച. ഇസ്രയേലില്‍ നിന്ന് വാര്‍ത്തകളേ വരാതുള്ളൂ. കൊറോണ പടരാതിരുന്നിട്ടില്ല.

ലോകം മുഴുവന്‍ മരണമുഖത്ത് നില്‍ക്കുമ്പോള്‍ അമേരിക്കയെക്കുറിച്ച് മാത്രമുള്ള ഈ കുറ്റം പറച്ചിലില്‍ ദുഷ്ടലാക്കുണ്ടോ? ഇല്ല. കാലാവസ്ഥയെയും ഭൂമിയുടെ നിലനില്‍പിനെയും സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാവുമല്ലോ? അതിനാല്‍തന്നെ ഒരു മഹാമാരി എന്നത് അത്ര അപ്രതീക്ഷിതമല്ല നമുക്ക്. ഈ വിധത്തില്‍ ഒരു കൊടുംവരവ് പ്രതീക്ഷിച്ചില്ല എങ്കിലും മറ്റൊരു വിധത്തില്‍ ഭൂമിയില്‍ ഒരു കുഴമറിച്ചില്‍ നാം പ്രതീക്ഷിച്ചിരുന്നു. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ വാട്ടര്‍വേള്‍ഡ് എന്ന തട്ടുപൊളിപ്പന്‍ ഹോളിവുഡ് മസാല നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ശാസ്ത്രലോകത്തിന്റെ ആശങ്കകളുടെ ആഖ്യാനമായിരുന്നു അത്. ആഗോളതാപനം അന്റാര്‍ട്ടിക്കയെ ഉരുക്കുമെന്നും കടല്‍ നിറഞ്ഞുകവിയുമെന്നും നാം ഭയന്നു. അങ്ങനെ സംഭവിച്ചില്ല. അന്നുമുതല്‍ പക്ഷേ, ശാസ്ത്രലോകവും പരിസ്ഥിതി ജാഗ്രതയുള്ളവരും മനുഷ്യരാശി നേരിടേണ്ടി വന്നേക്കാവുന്ന ആരോഗ്യ അടിയന്തിരാവസ്ഥയെക്കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. മാറുന്ന ജീവിതശൈലി, പെരുകുന്ന മനുഷ്യര്‍ എന്നിങ്ങനെ ഒരു മഹാമാരിക്ക് തച്ചുടക്കാന്‍ പോന്ന മട്ടിലായിരുന്നല്ലോ മനുഷ്യരുടെ അതിവേഗക്കുതിപ്പ്. അത്തരം ചര്‍ച്ചകളോട് തീവ്രമുതലാളിത്ത രാജ്യങ്ങള്‍ പ്രതികരിച്ചിരുന്നത് എങ്ങനെയെന്ന് നമുക്ക് ഇപ്പോള്‍ ഓര്‍ക്കാം. ആഫ്രിക്കയെ മുക്കിയ എബോളക്കാലത്തേക്ക് നമുക്ക് പോകാം.
എബോളക്കാലത്ത് ലോകം അത് ആഫ്രിക്കയില്‍ മാത്രം സംഭവിക്കാവുന്ന ഒന്നാണ് എന്ന മട്ടില്‍ പ്രതികരിച്ചു. എച്ച് ഐ വി വന്നപ്പോള്‍ ഓ, അത് ആരോഗ്യബോധമില്ലാത്ത ജനതയെ മാത്രമേ ബാധിക്കൂ എന്ന് ഗീര്‍വാണമടിച്ചു. അത് ഒരു പരിധിവരെ ശരിയായിരുന്നു. എക്‌സിക്യൂട്ടീവ് പെരുമാറ്റ രീതിയുള്ള, മറഞ്ഞിരിക്കാന്‍ വിദഗ്ധനായ, ആധുനിക ജീവിതശൈലിക്ക് മേല്‍ എളുപ്പം പിടിമുറുക്കുന്ന കൊറോണയുടെ ഈ പുതിയ ഉല്‍പന്നത്തെ അന്ന് നമുക്ക് അറിയില്ലായിരുന്നു. പക്ഷേ, നാം തുടക്കത്തില്‍ ഉദ്ധരിച്ച നോം ചോംസ്‌കിയെപ്പാലുള്ള ബുദ്ധിജീവികള്‍ അക്കാലം മുതല്‍ തീവ്രമുതലാളിത്തത്തിന് പൊതുവിലും അതിന്റെ ആഗോള അംബാസിഡറായ അമേരിക്കക്ക് പ്രത്യേകിച്ചും മുന്നറിയിപ്പ് കൊടുത്തിരുന്നു. മുതലാളിത്തവും മഹാമാരിയും എന്ന നിലയില്‍ കനപ്പെട്ട സംവാദങ്ങള്‍ പൊതുജനാരോഗ്യ സംവാദങ്ങളില്‍ ഇടം പിടിക്കുകയും ചെയ്തു. നമ്മള്‍ അത് കാര്യമായി ഗൗനിച്ചിരുന്നില്ല എങ്കിലും.

ആ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് നമ്മള്‍ കൊറോണക്കാലത്തെ അമേരിക്കയെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്. കാരണം കൊറോണ ഒരു സൂചനയാണെന്ന തോന്നല്‍ ശക്തമാണ്. ഒരു പ്രഭാതത്തില്‍ ഒരിടത്ത് പൊട്ടിപ്പുറപ്പെട്ട് മറ്റൊരു പ്രഭാതത്തില്‍ അസ്തമിച്ച് പോകുന്നതല്ല അതിന്റെ ജനിതകം. അസ്തമിക്കാന്‍ സാധ്യതകള്‍ വിരളവുമാണ്. അതിന്റെ പെരുക്കത്തിന്റെ ഗണിതം ഭയപ്പെടുത്തുന്ന ഒന്നാണ്. ഒരാളില്‍ ബാക്കിയുണ്ടെങ്കില്‍ ഒരു ലക്ഷത്തിലേക്ക് അതിവേഗമെത്തും. എത്ര ഒരാളെ നമുക്ക് കണ്ടെത്താന്‍ കഴിയും? നീണ്ടനാളത്തെ സാമൂഹിക അകലമല്ലാതെ താല്‍കാലികമായി പോലും അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത മഹാമാരിയാണ് കോവിഡ് എന്നര്‍ഥം. അതിനാല്‍ കൂടിയാണ് നാം അമേരിക്കയില്‍ എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്നത്. അമേരിക്കയില്‍ എന്തു സംഭവിച്ചു എന്ന അന്വേഷണം ലോകത്തില്‍ എന്ത് സംഭവിക്കരുത് എന്നുള്ള ഉത്തരത്തിലേക്കാണ് നമ്മെ എത്തിക്കേണ്ടത്.

അമേരിക്കയും കൊറോണയും തമ്മില്‍ സംഭവിച്ചതെന്ത് എന്നതിന്റെ ഒരു ചിത്ര ഉത്തരം പങ്കുവെക്കാം. കാര്‍ട്ടൂണാണ്. സര്‍വസന്നാഹത്തോടെയും നില്‍ക്കുന്ന ഒരു അമേരിക്കന്‍ സൈനികന്റെ ചിത്രം. കയ്യില്‍ അത്യാധുനിക റോക്കറ്റാണ്. ആണവായുധം വഹിക്കാന്‍ കോപ്പുള്ള ഒന്നായിരിക്കണം. മൊത്തം അമേരിക്കന്‍ സൈന്യത്തിന്റെയും അവരുടെ ഭരണകൂടത്തിന്റെയും മനോനില ഉരുക്കിയൊഴിച്ച് വാര്‍ത്ത മുഖമാണ് അയാളുടേത്. പടച്ചട്ടകളാല്‍ സമ്പന്നമാണ് അയാളുടെ മുന്നാമ്പുറം. ചിത്രത്തില്‍ നമുക്ക് നഗ്‌നമായ അയാളുടെ പിന്നാമ്പുറവും ദൃശ്യമാണ്. പിന്‍ചന്തികളിലൊന്ന് കൊറോണ എന്ന് പേരിട്ട അമ്പ് തറച്ച നിലയിലാണ്. അയാളുടെ പിന്നാമ്പുറം നിലവിളിക്കുകയാണ്. മുന്നാമ്പുറത്തേക്ക് നമ്മള്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ ഒരുപാട് മനുഷ്യരുടെ, ദേശങ്ങളുടെ, രാഷ്ട്രങ്ങളുടെ കണ്ണീരും ജീവിതവും വീണുടഞ്ഞ് ഘനീഭവിച്ച ഒന്നാണ് അതെന്ന് കാണാം. അമിത ലാഭം കൊണ്ട് ചീര്‍ത്ത ഒരു വ്യവസ്ഥയെ ആയുധങ്ങളാല്‍ താങ്ങി നിര്‍ത്തുന്ന നിഷ്ഠുരനായ ഒരുവനാണ് മുന്നാമ്പുറം. ഇതാണ് സംഭവിച്ചത്.

അതിലാഭത്തിന്റെ പാഠമായാണ് അമേരിക്ക എക്കാലത്തും മുതലാളിത്തത്തെ മനസ്സിലാക്കിയത്. അത് നിശ്ചയമായും ആഡം സ്മിത്തിന്റെ സമ്പദ് ദര്‍ശനത്തിന്റെ സാക്ഷാത്കാരമല്ല. ജോണ്‍ മെയിനാര്‍ഡ് കെയിന്‍സിനോടാണ് അതിന് സാധര്‍മ്യം. കെയിന്‍സാണ് ബ്രെട്ടണ്‍ വുഡില്‍ ഐ എം എഫിനും ലോകബാങ്കിനും വിത്തിട്ടതെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെയാണ് അമേരിക്ക രാജ്യങ്ങളെ വാങ്ങിക്കൂട്ടിയത്. അതിലുപരി അമേരിക്കയുടേത് അക്രാമകമായ മുതലാളിത്തമായിരുന്നു. അധിനിവേശം അതിന്റെ പ്രകാശനമാണ്. കൊറോണയേക്കാള്‍ വേഗത്തില്‍ പെരുകുന്ന ഒന്നായാണ് അമേരിക്കന്‍ മുതലാളിത്തം ലാഭം എന്ന ആശയത്തെ വീക്ഷിച്ചത്. ലാഭത്താല്‍ ചീര്‍ത്ത കോര്‍പറേറ്റുകളാല്‍ നിയന്ത്രിതമായിരുന്നു അമേരിക്ക എല്ലാക്കാലത്തും. നാം പലപ്പോഴും ആഘോഷിച്ച അമേരിക്കന്‍ ജനാധിപത്യവും ഈ ലാഭമാത്ര കോര്‍പറേറ്റിസത്തിന്റെ രാഷ്ട്രീയ പ്രകാശനമായിരുന്നു. മനം മടുക്കുന്നത്ര വലുതായിരുന്നു അമേരിക്കന്‍ ലാഭത്തിന്റെ പെരുക്കം. ആ മനംമടുപ്പില്‍ നിന്നാണ് ബില്‍ഗേറ്റ്‌സ് ഉണ്ടാകുന്നത്. ഇനി വേണ്ട എന്ന് പറയുന്നത്ര അനധികൃതമായാണ് ലാഭം അമേരിക്കയില്‍ പെരുകിയത്. കൊറോണയോടാണ് അതിന് പ്രത്യക്ഷ സാമ്യം.

ഈ ലാഭമാത്രാ വ്യവഹാരത്തിന്റെ ആദ്യ ഇരകള്‍ പൊതുസമൂഹം എന്ന സങ്കല്‍പനം ആയിരുന്നു. അങ്ങനെയൊന്ന് അമേരിക്കയില്‍ അപ്രത്യക്ഷമായി. കസ്റ്റമേഴ്‌സും കച്ചവടക്കാരും മാത്രമുള്ള ഒരു വ്യവസ്ഥ ഉണ്ടായി വന്നു. വ്യക്തിപ്രധാനമായ ഒരു അയഞ്ഞ ഘടനയിലേക്ക് സമൂഹം എന്ന ഉറച്ച സങ്കല്‍പം വഴിമാറി. സമൂഹം അഥവാ പൊതുസമൂഹം എന്ന സാന്നിധ്യം ഇല്ലാതായതോടെ ഭരണകൂടത്തിന്റെ താല്‍പര്യങ്ങളില്‍ പൊതുജനം എന്ന സങ്കല്‍പവും ഇല്ലാതായി. ഭൗതികസമൃദ്ധിയാല്‍ കണ്‍മങ്ങിപ്പോയ, കസ്റ്റമര്‍വല്‍കരിക്കപ്പെട്ട പൗരന്മാരാകട്ടെ അതൊന്നും ഗൗനിച്ചതേയില്ല. ഫലം, പൊതുജനാരോഗ്യം എന്ന സുപ്രധാനമായ ആധുനിക ആശയം അമേരിക്കയില്‍ അപ്രത്യക്ഷമായി. രോഗം എന്നത് ഒരു വൈയക്തിക അവസ്ഥയാണെന്ന് വന്നു. അതിന് ഇന്‍ഷുറന്‍സാണ് ഏറ്റവും വലിയ സുരക്ഷിതത്വം എന്ന അപകടകരമായ ആശയം കുത്തിവെക്കപ്പെട്ടു. ഇന്‍ഷുറന്‍സ് വ്യാപാരം എന്നത് അമേരിക്കയുടെ മുഖമുദ്രയായി. വ്യക്തിക്ക് മാത്രമായി ബാധിക്കുന്ന ഒന്നാണ് രോഗം എന്ന ആശയത്തിന്റെ ഫലശ്രുതിയാണല്ലോ ഇന്‍ഷുറന്‍സ്. പൊതു ആരോഗ്യ സംവിധാനമോ പൊതു ആരോഗ്യനയമോ ഇല്ലാതായി.

മഹാമാരികള്‍ വ്യക്തികളെയാണ് ബാധിക്കുക. പക്ഷേ, വ്യക്തിക്ക് മാത്രമായി അതിനെ പ്രതിരോധിക്കാനാവില്ല. നമ്മള്‍ മുന്‍ലക്കത്തില്‍ ചര്‍ച്ച ചെയ്തതുപോലെ സാമൂഹികത എന്ന വലിയ ആശയത്തിനേ അതിനെ പ്രതിരോധിക്കാനാവൂ. തീവ്രമുതലാളിത്തം സാമൂഹികത എന്ന ആശയത്തെ റദ്ദാക്കി വ്യക്ത്യാത്മകതയെ പുണരുന്ന ഒന്നാണ്. ലോകത്തിന് മുന്നില്‍ ഇന്ന് അമേരിക്ക തലകുനിക്കാന്‍ കാരണവും അതാണ്. അതുതന്നെയാണ് തുടക്കത്തിലെ ഉദ്ധരണിയില്‍ ചോംസ്‌കിയും പറയുന്നത്. സമൂഹത്തിന് പകരം വ്യക്തിയെ സ്ഥാപിക്കുന്ന ഏത് വ്യവസ്ഥിതിയും മഹാമാരികളാല്‍ തുടച്ചുനീക്കപ്പെടും.

കെ കെ ജോഷി

You must be logged in to post a comment Login