തകരുകയാണ് വന്‍രാഷ്ട്രങ്ങള്‍ പിറക്കുകയാണ് പുതുലോകക്രമം

തകരുകയാണ് വന്‍രാഷ്ട്രങ്ങള്‍ പിറക്കുകയാണ് പുതുലോകക്രമം

ഇന്നീ കാണുന്ന ലോകക്രമം രണ്ടുലോകയുദ്ധങ്ങള്‍ക്ക് ശേഷം പാശ്ചാത്യശക്തികള്‍ കെട്ടിപ്പടുത്തതാണ്. കഴിഞ്ഞ അഞ്ചുനൂറ്റാണ്ടിലേറെ ലോകസമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും അനന്തരഫലമായുണ്ടായ വ്യവസ്ഥിതി നിലനിര്‍ത്താന്‍ പഴയ കടല്‍ക്കൊള്ളക്കാരും ക്രൈസ്തവ മതഭ്രാന്തന്മാരും രൂപം കൊടുത്ത പദ്ധതികളാണ് ഭൂമിയുടെയും വിഭവങ്ങളുടെയും മേല്‍ നിതാന്ത ആധിപത്യം സ്ഥാപിച്ചത്. വന്‍ശക്തികള്‍ എന്ന വിളിപ്പേരില്‍ സ്വയം അഭിരമിച്ച ഇക്കൂട്ടര്‍, ചൂഷണോപാധികള്‍ക്ക് സാധൂകരണവും നൈരന്തര്യവും കണ്ടെത്താന്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ഗാലന്‍ കണക്കിന് ചോര ഭുമുഖത്തൂടെ ഒഴുക്കുകയും ചെയ്തു. ആ നിഷ്ഠുരതകള്‍ക്ക് യുദ്ധമെന്ന് അവര്‍ പേരിട്ടു. ഭൂഖണ്ഠങ്ങളെ ഇവര്‍ പകുത്തെടുത്ത് മനുഷ്യരെ ചണ്ടിപണ്ഡാരങ്ങളായി ദാരിദ്ര്യത്തിനും കൊടുംപട്ടിണിക്കും പകര്‍ച്ചവ്യാധിക്കും വിട്ടുകൊടുത്തു. വെളുത്ത തൊലിയുള്ള തങ്ങള്‍ മാത്രമാണ് ജീവിക്കാന്‍ അര്‍ഹര്‍ എന്ന ചിന്താഗതി പ്രചരിപ്പിച്ചുവെന്ന് മാത്രമല്ല, ചൂഷിതരെ കൊണ്ട് ഇത് അംഗീകരിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും കരുപ്പിടിപ്പിച്ചു. കൊടുംവഞ്ചനയില്‍ മുക്കിയെടുത്ത അന്താരാഷ്ട്ര കരാറുകളുടെയും ഉടമ്പടികളുടെയും മറവില്‍ പടിഞ്ഞാറ് കിഴക്കിനുമേല്‍ മേധാവിത്തം സ്ഥാപിച്ചെടുക്കുകയും അനീതിയുടെ ഭയാനകമായ ഒരു വ്യവസ്ഥിതി വികസിപ്പിച്ചെടുക്കുകയും ചെയ്തു. ‘പരിഷ്‌കൃതര്‍’ എന്ന് സ്വയം അവകാശപ്പെട്ട യൂറോപ്പാണ് അന്ന് എല്ലാ കുടിലതകള്‍ക്കും നേതൃത്വം വഹിച്ചത്. 1914-18ലെ ഒന്നാം ലോകയുദ്ധം അതുവരെ ലോകത്തിലെ ഏറ്റവും സമ്പന്നവും പ്രവിശാലവുമായ ഓട്ടോമന്‍ സാമ്രാജ്യത്തിന് (ഉസ്മാനിയ്യ ഖിലാഫത്ത്) അന്ത്യം കുറിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഒടുവിലത്തെ മുസ്ലിം സാമ്രാജ്യം വീതം വെച്ചെടുത്തു. ഫലസ്തീന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍ എന്നീ പ്രദേശങ്ങള്‍ ഭരിച്ചുകൊള്ളാന്‍ ‘ലീഗ് ഓഫ് നേഷന്‍സ്’ എന്ന രാഷ്ട്രാന്തരീയ തട്ടിക്കൂട്ടല്‍ ഇവര്‍ക്ക് അധികാരം നല്‍കി. ഈ കൂട്ടായ്മയും പിന്നീടുണ്ടാക്കിയ ഐക്യരാഷ്ട്ര സഭയും (യു എന്‍) ചൂഷണത്തിനും കൊള്ളരുതായ്മകള്‍ക്കും ഒത്താശ ചെയ്തുകൊടുക്കുന്ന ദല്ലാള്‍പണി കരാറെടുത്ത വന്‍ തട്ടിപ്പ് സംഘമാണെന്ന് ലോകം മനസ്സിലാക്കിയിട്ടും അത് തിരുത്താന്‍ ആരുമിതുവരെ മുന്നോട്ടുവന്നിട്ടില്ല. ഭൂമുഖം മനുഷ്യകുലത്തിന് ജീവിക്കാന്‍ പറ്റാത്തവിധം വിഷമയവും മലീമസവും പാരിസ്ഥിതിക ദുരന്തകേന്ദ്രവുമാക്കി മാറ്റിയിട്ടും വന്‍ശക്തികളുടെ മനോഘടനയില്‍ നന്മയോ മാനവികമൂല്യങ്ങളോ കടന്നുചെല്ലുന്നില്ലല്ലോ എന്ന ചിന്ത പൊട്ടിമുളക്കുന്നത് കൊേറാണ വൈറസിന്റെ മുന്നില്‍ ഭയവിഹ്വലരും നിസ്സഹായരുമായി ഓച്ഛാനിച്ചുനില്‍ക്കുന്ന ആഗോളസമൂഹത്തിന്റെ ദാരുണാവസ്ഥ കാണുമ്പോഴാണ്.

ദുരൂഹത മാറാത്ത കൊറോണ
വീണ പ്രതലത്തില്‍ ജീവനറ്റ് കിടക്കുന്ന, പൊടിപടലങ്ങളെക്കാള്‍ സൂക്ഷ്മമായ കോവിഡ്-19 എന്ന വൈറസ് 780കോടി വരുന്ന മനുഷ്യരെ ഇത്രക്കും നിസ്സഹായരും ദുര്‍ബലരുമാക്കി മാറ്റുമ്പോള്‍, നാഗരികതകളെ വെല്ലുവിളിച്ച് താണ്ഡവമാടിയ വസൂരി, കോളറ , പ്ലേഗ് തുടങ്ങിയ മഹാമാരികളില്‍നിന്ന് ഈ വൈറസുകള്‍ എങ്ങനെ ഇത്രക്കും അപകടകാരികളാകുന്നുവെന്ന ചോദ്യം വൈദ്യശാസ്ത്രത്തിലും ചികിത്സാരംഗത്തും 21ാം നൂറ്റാണ്ടിലെ മനുഷ്യര്‍ നേടിയെടുത്തതെല്ലാം നിഷ്ഫലമോ നിര്‍വീര്യമോ ആവുന്ന ഒരാഗോള അവസ്ഥാവിശേഷം മനുഷ്യകുലത്തിന്റെ ഭാവിയെക്കുറിച്ച്തന്നെ അശുഭചിന്തകളുണര്‍ത്തുന്നു. കൊറോണ വൈറസ് തന്നെ, മനുഷ്യനിര്‍മിതമാണെന്നും വന്‍ശക്തികള്‍ തമ്മിലുള്ള പ്രത്യയശാസ്ത്രപരവും സാമ്പത്തികവുമായ സംഘര്‍ഷത്തിന്റെ ഉപോല്‍പന്നമായ മാരകമാരിയാണെന്നുമുള്ള വാദങ്ങള്‍ ദിവസംകഴിയുന്തോറും കൂടുതല്‍ സ്വീകാര്യത നേടുമ്പോള്‍ അമ്പരന്നുനില്‍ക്കുന്നത് ഈ രോഗത്തിന്റെ ഇരകള്‍ മാത്രമല്ല, വൈറസ് പരത്തിയ വിഭ്രാന്തിയില്‍ സിവില്‍സമൂഹത്തിന്റെ ചലനങ്ങള്‍ പോലും നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായ ഭരണകൂടങ്ങള്‍ കൂടിയാണ്. ഇമ്മട്ടില്‍ മാരകമായ ഒരു രോഗാണു 21ാംനൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പത്തി വിടര്‍ത്തി വരുമെന്ന് ഏതെങ്കിലും ആരോഗ്യശാസ്ത്രജ്ഞനോ വൈദ്യശാസ്ത്ര ഗവേഷകരോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ? ഇല്ല.

എന്നാല്‍ 2020ല്‍ ചൈനയിലെ വുഹാനില്‍നിന്ന് കൊറോണവൈറസ് എന്ന മാരകമരോഗം വരുമെന്നും മാനവരാശിയുടെമേല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും സ്വന്തം കഥാപാത്രങ്ങളിലൂടെ ലോകത്തെ ഉണര്‍ത്തിയവരുണ്ട്. 1981ല്‍ രചിക്കപ്പെട്ട ‘The eyes of darkness’ ( ഇരുട്ടിന്റെ കണ്ണുകള്‍ ) എന്ന നോവലില്‍ ഡീന്‍ കൂന്‍ട്സ് ( Dean Koonts)2020ല്‍ ലോകജനതയെ പിടികൂടുന്ന മാരക ന്യൂമോണിയ പോലുള്ള ഒരു രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ആരും ആശ്ചര്യപ്പെടാം.

ഒരു ലാബില്‍ ഉല്‍പാദിപ്പിച്ച ഈ വൈറസിനെ ‘വൂഹാന്‍ 400’എന്നാണ് വിളിക്കുന്നത്. വുഹാനില്‍ ജന്മമെടുത്തത് കൊണ്ടാണീ പേര്. മനുഷ്യരാശിയെ മാത്രമേ ഈ വൈറസ് ആക്രമിക്കുകയുള്ളൂവത്രേ.

ഒരു നോവലിസ്റ്റിന് ഇത്രക്കും കൃത്യമായും കണിശമായും ഭാവി പ്രവചിക്കാനും മുന്നോട്ടുള്ള ഗമനത്തെ അടയാളപ്പെടുത്താനും സാധിക്കുമോ?
എങ്ങനെ വുഹാനില്‍ ഈ രോഗാണു കടന്നുവന്നു. ആദ്യം പിടികൂടിയത് ഒരു മത്സ്യത്തൊഴിലാളിയെയാണെന്ന് പറയപ്പെടുന്നുണ്ട്. ചൈനക്കാരുടെ ഭക്ഷണക്രമമാണ് അത്യപൂര്‍വ വൈറസിന് പിറവികൊള്ളാന്‍ സാഹചര്യമൊരുക്കിക്കൊടുത്തതെന്ന സിദ്ധാന്തവും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വന്യമൃഗങ്ങളെ ലക്കും ലഗാനുമില്ലാതെ ഭക്ഷിക്കുന്ന സ്വഭാവം വവ്വാലില്‍നിന്ന് ഉറുമ്പ് തീനിയിലേക്കും അവിടെനിന്ന് മനുഷ്യരിലേക്കും വൈറസുകളെ കൈമാറി എന്ന ശാസ്ത്രനിഗമനം തള്ളിക്കളയാനാവില്ല. പാമ്പും തേളും വവ്വാലും മരപ്പട്ടിയും ഉറുമ്പ്തീനിയുമൊക്കെ ചൈനക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പട്ടികളെ ജീവനോട് ചുട്ടുതിന്നുന്ന ക്രൂരമായ ദൃശ്യങ്ങള്‍ കാണിച്ചാണ് വുഹാനിലെ ഇറച്ചിമാര്‍ക്കറ്റിനെ യൂട്യൂബിലൂടെ ഇന്ന് പരിചയപ്പെടുത്തുന്നത്. അതേസമയം, വുഹാന്‍ നഗരത്തിന്റെ ആഡംബരജീവിത ചുറ്റുപാടും മനോജ്ഞമായ പ്രകൃതികാഴ്ചയും ദുബൈ മഹാനഗരത്തെപോലും അസൂയപ്പെടുത്തുന്നതാണ്. ഇവിടെ വേറെയും ചില സന്ദേഹങ്ങള്‍ ഉയരുന്നുണ്ട്. മാനവരാശി കഴിഞ്ഞ രണ്ടുനൂറ്റാണ്ടുകളില്‍ അഭിമുഖീകരിക്കേണ്ടിവന്ന ലക്ഷങ്ങള്‍ മരിച്ചുവീണ പകര്‍ച്ചവ്യാധികളുടെയെല്ലാം പ്രഭവകേന്ദ്രം എന്തുകൊണ്ട് ചൈനയാവുന്നു? അതും ഒരു പാശ്ചാത്യ പ്രൊപ്പഗാണ്ട മാത്രമാണോ? ഡീന്‍ കൂന്‍ട്സ് 1981ല്‍ ഇരുട്ടിന്റെ കണ്ണുകള്‍ എഴുതിയപ്പോള്‍ കൊറോണ ജൈവായുധത്തിന്റെ ഉത്പാദനാസ്ഥാനം സോവിയറ്റ് റഷ്യയിലെ ഗോര്‍ക്കിയായിരുന്നു. 39ാം അധ്യായത്തില്‍ ‘ഗോര്‍ക്കി-400’ എന്ന് വിളിക്കുന്ന ബയോവെപ്പണിന്റെ പിന്നിലെ തലച്ചോറ് റഷ്യന്‍ ശാസ്ത്രജ്ഞനായിരുന്നു. 1996ല്‍ നോവല്‍ പുനപ്രസിദ്ധീകരിച്ചപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ തകര്‍ന്നുകഴിഞ്ഞിരുന്നു. അതോടെ, ചൈനയിലേക്ക് രംഗം മാറുകയും ന്യൂമോണിയ പോലുള്ള രോഗം പടര്‍ത്തുന്ന വൈറസിന് ‘വുഹാന്‍ 400’എന്ന് നാമകരണം ചെയ്യുകയുമായിരുന്നു. നൂറുശതമാനം മാരകശേഷിയുള്ള ജൈവായുധമായാണ് അതില്‍ ഈ വൈറസിനെ അടയാളപ്പെടുത്തുന്നത്.

മാറിയ ശാക്തിക ബലാബലം
എല്ലാ കാലത്തും സയന്‍സ് ഫിക്ഷനുകള്‍ക്കും യക്ഷിക്കഥകള്‍ക്കും ക്രൈം ത്രില്ലറുകള്‍ക്കും ലോകത്തോട് പറയാനുണ്ടായിരുന്നത് പടിഞ്ഞാറിന്റെ ശത്രുപക്ഷത്തുള്ള ആസുരശക്തികളെക്കുറിച്ചും അവ ഉയര്‍ത്തുന്ന പര്‍വതീകരിച്ച ഭീഷണികളെ സംബന്ധിച്ചുമാണ്. സോവിയറ്റ് റഷ്യയെ ശത്രുപക്ഷത്ത് നിറുത്തി നടത്തിയ ആശയപോരാട്ടങ്ങള്‍ ശീതസമര കാലത്ത് ആഗോളസമൂഹത്തിന്റെ ചിന്തകളെയും ജീവിതകാമനകളെയും വന്‍ശക്തികള്‍ ഇച്ഛിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ശാക്തികബലാബലം തെറ്റാതെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അതിനിടയില്‍പെട്ട് മൂന്നാംലോക രാജ്യങ്ങള്‍ ശരിക്കും അനുഭവിച്ചു. ഒന്നുകില്‍ ഞങ്ങളുടെ കൂടെ, അല്ലെങ്കില്‍ ഞങ്ങളുടെ ശത്രുക്കളോടൊപ്പം എന്ന സിദ്ധാന്തം പുതുക്കിപ്പുതുക്കി പ്രയോഗത്തില്‍ കൊണ്ടുവന്നപ്പോള്‍, വന്‍ശക്തികള്‍ യുദ്ധങ്ങളിലൂടെയും രോഗങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും നടപ്പാക്കിയ കിങ്കരപദ്ധതികള്‍ക്ക് കീഴൊപ്പ് ചാര്‍ത്താന്‍ ആശ്രിത രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, രാഷ്ട്രാന്തരീയ കോടതി തുടങ്ങിയ സാമ്രാജ്യത്വ സ്ഥാപനങ്ങളും അടിമപ്പെട്ടുനിന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഇസ്ലാമായി പടിഞ്ഞാറിന്റെ പ്രഖ്യാപിത ശത്രു. ഇതുവരെ ആണവപരീക്ഷണത്തിന്റെ വാതില്‍പ്പടിയില്‍ പോലുമെത്താത്ത ഇറാഖിനെയും പിന്നെ ഇറാനെയും ലോകം ചുട്ടുഭസ്മാക്കാന്‍ ശേഷിയുള്ള ദുഷ്ടശക്തികളായി ഉയര്‍ത്തിക്കാട്ടിയാണ് ഗള്‍ഫ് മേഖലയില്‍ യുദ്ധം വിതച്ചത്. തുടര്‍ന്നങ്ങോട്ട് സദ്ദാം ഹുസൈനെയും മുഅമ്മര്‍ ഗദ്ദാഫിയെയും ഭീകരന്മാരായി മുദ്ര കുത്തി നിഷ്ഠുരമായി കൊന്നു. അതോടെ, പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിച്ചേക്കുമെന്നു ഭയന്ന പടിഞ്ഞാറന്‍ ആസുരത ഉസാമാ ബിന്‍ ലാദന്‍മാരെ സൃഷ്ടിച്ചു. അവസാനിച്ചില്ല. തുടര്‍ന്ന്, ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന രൂപവത്കരിക്കുകയും അബൂബക്കര്‍ ബഗ്ദാദി എന്ന സാങ്കല്‍പികമോ ദുരൂഹമോ ആയ ഒരു കഥാപാത്രത്തെ പടച്ചുവിടുകയും ചെയ്തു. അതിന്റെ ദുരന്തഫലമായി മനുഷ്യനാഗരികതയുടെ കളിത്തൊട്ടിലായ ഇറാഖും സിറിയയും ലിബിയയും യമനുമൊക്കെ ബോംബിട്ട് തകര്‍ത്തു. മനുഷ്യകുലത്തിന് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും കൊടിയ ക്രൂരതകളും കൂട്ടക്കൊലകളും കൂട്ടനശീകരണവും വന്‍ശക്തികള്‍ ഹോബിയാക്കിയപ്പോള്‍ ഏറ്റവും പൗരാണികമായ ജനപഥങ്ങള്‍ ധൂമപടലങ്ങളായി മാറി. അതോടെ, യുദ്ധമുഖങ്ങളില്‍നിന്ന് പ്രാണരക്ഷാര്‍ഥം ഓടിപ്പോയ മനുഷ്യര്‍ അഭയാര്‍ഥികളായി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഇറ്റലിയും സ്പെയിനും ഫ്രാന്‍സും ആസ്ട്രിയയും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും അതിര്‍ത്തികളടച്ച് മുസ്ലിംകളെ പടിക്കു പുറത്തുനിറുത്തി. ജര്‍മനി അല്‍പം മനുഷ്യത്വം കാട്ടിയപ്പോള്‍ ചാന്‍സലര്‍ക്കെതിരെ തീവ്രവലതുപക്ഷം വില്ല് കുലച്ചു. തിരഞ്ഞെടുപ്പില്‍ പോലും അത് പ്രതിഫലിച്ചു.

2020 ന്റെ പിറവി പുതിയൊരുലോകക്രമത്തിന് വേദിയൊരുക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത് കൊറോണ വൈറസിന്റെ ലോകവ്യാപനം കണ്ട് ഞെട്ടിത്തരിച്ച മനുഷ്യരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരിക്കുമ്പോഴാണ്. പടിഞ്ഞാറും കിഴക്കും തമ്മിലുള്ള അന്തരം കുറഞ്ഞുകുറഞ്ഞുവരുന്നു എന്നല്ല, സൂപ്പര്‍പവറുകള്‍ ഇതുപോലുള്ള മാനുഷിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കേവലം ചവറുകളാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ പിടിപെട്ട് ചൈന നശിച്ചുതീരുമെന്ന് സ്വപ്നം കണ്ടവര്‍ ചാരത്തില്‍നിന്ന് ആ രാജ്യം ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും ലോകമാകെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റപ്പെടുമ്പോള്‍ അവര്‍ക്കു വേണ്ട ആരോഗ്യസാമഗ്രികള്‍ ഉല്‍പാദിപ്പിക്കുന്ന ശരിയായ കോര്‍പ്പറേറ്റ് ശക്തിയായി മാറുകയും ചെയ്യുന്ന അമ്പരപ്പിക്കുന്ന കാഴ്ചക്ക് പുതിയ വ്യാഖ്യാനം ചമക്കാന്‍ രാഷ്ട്രീയനീരിക്ഷകര്‍ക്ക് സമയംകിട്ടുന്നില്ല എന്നതാണ് കൗതുകകരമായി തോന്നുന്നത്. പനിപിടിച്ചു മരിക്കുമെന്ന് ലോകം വിധിയെഴുതിയ ചൈന, രോഗശയ്യ വിട്ട് കുളിച്ചെണീറ്റ് വരുമ്പോഴേക്കും അമേരിക്കയടക്കമുള്ള പടഞ്ഞാറന്‍ ശക്തികള്‍ ഡെത്ബെഡിലേക്ക് നീങ്ങുകയാണോഎന്നാണ് ലോകം ഉറ്റുനോക്കുന്നത്. സാമ്പത്തികരംഗത്തെ മുന്നേറ്റമോ ശാസ്ത്ര, സാങ്കേതിക മേഖലയിലെ കുതിപ്പോ അല്ല, പ്രത്യുത, മനുഷ്യത്വത്തിലധിഷ്ഠിതമായ രാഷ്ട്രീയ കാഴ്ചപ്പാടും ജീവിതശൈലിയുമാണ് സുരക്ഷിതത്വത്തിന്റെ ഏറ്റവും വലിയ ഗ്യാരണ്ടി എന്ന് കൊറോണ കാലത്തെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. അമേരിക്ക പതിറ്റാണ്ടുകളായി തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന കൊച്ചു ക്യൂബയാണ് ഈ ദുരന്തനാളില്‍ ലോകത്തിന് വഴി കാട്ടിയത്. കൊവിഡ്-19 ന്റെ മുന്നില്‍ പരാജയം സമ്മതിച്ച് പൗരന്മാരെ മരണത്തിനു വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരായ ഇറ്റലി നിസ്സഹായരായി കൈകൂപ്പി നിന്നപ്പോള്‍, ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ലംബാര്‍ഡി പ്രവിശ്യയിലേക്ക് 52 അംഗ ‘വെള്ളക്കുപ്പായക്കാരുടെ സേന’യെ അയച്ച ക്യൂബ മനുഷ്യത്വമാണ് നാളെയുടെ രാഷ്ട്രീയമെന്ന് വിളംബരം ചെയ്യുകയായിരുന്നു. സംഘത്തലവന്‍ 68കാരനായ ഡോ. ലിയാന്‍ഡോ ഫെര്‍ണാണ്ടസ് ചോദിക്കുന്നവരോട് പറഞ്ഞു: ‘ഭയമില്ല എന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. ഞങ്ങള്‍ക്ക് ഭയമുണ്ട്. പക്ഷേ, വിപ്ലവാനന്തര ദൗത്യം നിറവേറ്റാനാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ്. ഭയം അരികില്‍ മാറ്റിവെച്ച് ഞങ്ങള്‍ യാത്രയാവുകയാണ്’. വിപ്ലവാനന്തര ക്യൂബയില്‍ വ്യവസായ മന്ത്രിയായിരിക്കെ ചെഗുവേര എന്ന ഡോക്ടര്‍ കോംഗോയിലേക്ക് പോയത് പകര്‍ച്ചവ്യാധി പിടിപെട്ട് മരണവക്രത്തില്‍ കൈകാലിട്ടടിക്കുന്ന മനുഷ്യരെ രക്ഷിക്കാനാണ്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാരകമായ എബോള വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോഴും 461 ഡോക്ടര്‍മാരുമായി ക്യൂബന്‍ ‘പട്ടാളം’ സിയേറലിയോണയില്‍ വിമാനമിറങ്ങിയപ്പോള്‍, അമേരിക്കയടക്കമുള്ള വന്‍ശക്തികള്‍ മൂക്കത്ത് കൈവെച്ചത് ഭൂമിക്കടിയില്‍ ഒരിറ്റ് എണ്ണപോലുമില്ലാത്ത ഒരു നാട്ടില്‍ എന്തിനവര്‍ ഇത്ര സാഹസപ്പെട്ട് മനുഷ്യസേവനത്തിന് ഇറങ്ങുന്നു എന്ന ചോദ്യവുമായാണ്.

പുതിയ ലോകം ട്രംപിനെ തള്ളിപ്പറയുന്നു
കൊറോണയുടെ ദുരന്തമുഖത്ത് ചില രാജ്യങ്ങള്‍ പിടിച്ചുനില്‍ക്കുമ്പോള്‍ ചിലത് മുഖം കുത്തിവീഴുകയാണ്. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങി കിഴക്കന്‍ ശക്തികള്‍ കൊവിഡ്-19 നു മുന്നില്‍ ഒരുപരിധി വരെ പിടിച്ചുനില്‍ക്കുമ്പോള്‍ സ്വയംരക്ഷയ്ക്കായി പോംവഴി കാണാതെ, കൈകാലിട്ടടിക്കുന്ന ഭൗതിക പ്രമത്തരും മുതലാളിത്ത ദാസന്മാരുമായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ തങ്ങളുടെ വ്യവസ്ഥിതിയുടെ പൊള്ളത്തരം തുറന്നുസമ്മതിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. സമ്പന്നരുടെ മെഗാക്ലബ്ബായ ജി-20യില്‍ അംഗമായിട്ടും നാറ്റോ സഖ്യത്തിന്റെ ഭാഗമായിട്ടും ഇതുവരെ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാതെ പുറത്തുനിര്‍ത്തപ്പെട്ട തുര്‍ക്കി, ഈ ദുരന്തകാലത്ത് യൂറോപ്പില്‍ തങ്ങളാണ് കേമന്മാരെന്നും കോര്‍പ്പറേറ്റ് ദാസ്യമല്ല, പൗരന്മാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നയനിലപാടുകളാണ് പ്രധാനമെന്നും തെളിയിച്ചത് ബ്രെക്‌സിറ്റിന്റെ കാലത്തെ വലിയൊരു സന്ദേശമാണ്. മുസ്ലിംകളെ ശത്രുക്കളായി മാത്രം കാണുന്ന പഴയ യൂറോപ്പ് മരിച്ചുകഴിഞ്ഞു. ആരോഗ്യരംഗം സ്വകാര്യവത്കരണത്തിന് വിട്ടുകൊടുക്കാതെ, പൊതുമേഖലയില്‍ നിലനിറുത്തി ബജറ്റിന്റെ വലിയൊരു ശതമാനം വകയിരുത്തുന്ന റജബ് ഉര്‍ദുഗാന്റെ തുര്‍ക്കി ഇറ്റലിയും സ്പെയിനും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ കൊറോണക്കു മുന്നില്‍ വാവിട്ടുകരയുമ്പോള്‍, ആത്മവിശ്വാസത്തോടെ പ്രജകളെ ചിറകിനടിയില്‍ സംരക്ഷിക്കുകയാണ്. ഇവിടെ ലോകത്തിന് പഠിക്കാന്‍ ഒരു ഇസ്ലാമിക മാതൃകയുണ്ട്. സ്വദേശികളെയും പുറംനാട്ടുകാരെയും ഒരേ അളവുകോല്‍ കൊണ്ട് സമന്മാരായി കാണുന്ന ഖത്തര്‍ എന്ന കൊച്ചുരാഷ്ട്രം വേറിട്ടുനില്‍ക്കുന്നത് മാനവികതയിലൂന്നിയ ഭരണനിലപാട് കൊണ്ടാണ്. ഇതിനിടയില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അകപ്പെട്ട ആശയക്കുഴപ്പവും അമേരിക്കന്‍ ഫെഡറല്‍ സമ്പ്രദായം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും യു എസ് മാതൃക ഒന്നിനും പ്രതിവിധിയല്ലെന്ന് പഠിപ്പിക്കുന്നു. 135 കോടി ജനത അധിവസിക്കുന്ന ഇന്ത്യ, 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്, കോവിഡ്-19 നെ പ്രതിരോധിക്കാന്‍ അകല്‍ച്ചയുടെയും ക്വാറന്റയിനിന്റെയും ഒറ്റമൂലികള്‍ പ്രയോഗിക്കുമ്പോള്‍, ഞങ്ങള്‍ക്ക് ബിസിനസാണ് വലുത് എന്ന ദുശ്ശാഠ്യത്തോടെ, ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടാന്‍ ട്രംപ് കാണിക്കുന്ന ഭ്രാന്തമായ ആവേശം, ജീവന് വില കല്‍പിക്കാതെ പണത്തിന് മുന്നില്‍ തലകുനിക്കുന്ന അധമമനുഷ്യരുടെ നേതാവാണോ ഇദ്ദേഹമെന്ന് ലോകത്തെ കൊണ്ട് ചോദിപ്പിക്കുന്നു. കാപിറ്റലിസം മനുഷ്യത്വത്തിന്റെ എതിര്‍പക്ഷത്താണ് നില്‍ക്കുന്നതെന്ന പരമാര്‍ഥമാണ് ഇവിടെ കൈയും കാലും വെച്ച് തിമിര്‍ത്താടുന്നത്.
മുതിലാളിത്ത വ്യവസ്ഥിതിയുടെ ക്രൂരമുഖവും പൊള്ളത്തരവും തുറന്നുകാട്ടാന്‍ കൊറോണ അനുഭവങ്ങള്‍ നിമിത്തമായത് നമുക്ക് പാഠമാവേണ്ടതുണ്ട്. കാലിഫോര്‍ണിയയിലെ ലങ്കാസ്റ്ററില്‍ ഒരു കൗമാരപ്രായക്കാരന്‍ കൊറോണ ബാധിച്ച് മരിച്ചത് കൃത്യസമയത്ത് ചികിത്സ കിട്ടാത്തത് മൂലമാണ്. ലോസ് ആഞ്ചല്‍സിലെ ആന്റലോപ് വാലി (Antelope Valley) ആശുപത്രിയില്‍ ചികിത്സക്കായി അവനെ എത്തിച്ചിരുന്നു. പക്ഷേ, നിര്‍ദാക്ഷിണ്യം അവിടുന്ന് മടക്കി. ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തതാണ് കാരണമെന്ന് മേയര്‍ ആര്‍ എക്സ് പാരീസ് വെളിപ്പെടുത്തി. ചികിത്സയും മരുന്നും ആശുപത്രിയും വെന്റിലേറ്ററും എന്നുവേണ്ട, കൂട്ടിരിപ്പുകാരുടെ ഭക്ഷണം പോലും സൗജന്യമായി നല്‍കുന്ന കൊച്ചുകേരളം അമേരിക്കയെക്കാള്‍ എത്ര കാതം മുന്നോട്ടുസഞ്ചരിച്ചുവെന്ന് ആലോചിക്കാവുന്നതാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കേണ്ട യു എസ് പ്രസിഡന്റും പ്രവിശ്യാഗവര്‍ണര്‍മാരും തമ്മില്‍ പൊരിഞ്ഞ തല്ലാണിപ്പോള്‍. കൊറോണ വൈറസ് തടയാനുള്ള തന്റെ ശ്രമങ്ങളോട് ഇക്കൂട്ടര്‍ വേണ്ടവിധം സഹകരിക്കുന്നില്ലെന്നും അഭിനന്ദിക്കുന്നില്ലെന്നുമാണ് ട്രംപിന്റെ പരാതി. മിഷിഗണും വാഷിങ്ടണുമാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗം സ്ഥീരികരിക്കപ്പെട്ട സംസ്ഥാനങ്ങള്‍. ആവശ്യത്തിന് സംവിധാനങ്ങളോ ആരോഗ്യ ഉപകരണങ്ങളോ ഇല്ല എന്നതാണ് സംസ്ഥാനങ്ങളുടെ മുഖ്യപരാതി. ആശുപത്രികള്‍ , വെന്റിലേറ്ററുകള്‍, പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (PPE) എന്നിവയുടെ അപര്യാപ്തത നന്നായുണ്ട്. പ്രതിരോധ നിര്‍മാണ നിയമം ഉപയോഗിച്ച് ജനറല്‍ മോട്ടോര്‍സിനോട് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. സ്വകാര്യ കമ്പനികള്‍ മൊത്തം 100 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മിക്കുമത്രേ. പതിനായിരക്കണക്കിന് വെന്റിലേറ്ററുകള്‍ തങ്ങള്‍ക്കാവശ്യമുണ്ട് എന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് ട്രംപിന്റെ മറുപടി. ഡോക്ടര്‍മാര്‍ ഇത്രയും ഫെയ്സ് മാസ്‌ക്കുകള്‍ എന്തുചെയ്യുകയാണ് എന്ന് വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ശകാരിച്ച്, ആരോഗ്യരംഗത്ത് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് യു എസ് പ്രസിഡന്റ്. അമേരിക്കയുടെ ഏകഛത്രാധിപത്യത്തിന് കൊറോണ വൈറസുകള്‍ അന്ത്യം കുറിക്കുമെന്നാണ് വിവരമുള്ളവര്‍ പ്രവചിക്കുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ ശിഥിലീകരണത്തിന് പോലും അത് വഴിവെച്ചേക്കാം. കൊറോണാനന്തര ലോകത്ത് ട്രംപുമാര്‍ക്ക് വലിയ ഇടമുണ്ടാവില്ല. മാനവികതയുടെ സന്ദേശമാണ് ഈ ദുരന്തകാലഘട്ടം ലോകത്തിന് കൈമാറുന്നത്. മുതലാളിത്തവും അത് സൃഷ്ടിക്കുന്ന ചൂഷണങ്ങളും ഇനിയും വെച്ചുപൊറുപ്പിക്കാന്‍ സാധ്യമല്ലെന്ന് ലോകം ഏകസ്വരത്തില്‍ പറയുന്ന കാലം ആഗതമായിരിക്കുന്നു. പ്രകൃതിയെ തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണിത്.

KASIM IRIKKOOR

You must be logged in to post a comment Login