സുന്ദരമാണ് നമ്മുടെ പ്രപഞ്ചം. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും കൂടപ്പിറപ്പാണ് സൗന്ദര്യം. ‘അവന്‍ എല്ലാ വസ്തുക്കളെയും സുന്ദരമായി സൃഷ്ടിച്ചു’ (സജ്ദ 7). മണ്ണിലും വിണ്ണിലും കരയിലും കടലിലും കവിഞ്ഞൊഴുകുന്ന ഈ നിര്‍മാണ ചാരുതയെ സ്രഷ്ടാവ് തന്നെ വിശദീകരിക്കുന്നു. ‘തീര്‍ച്ചയായും അടുത്തുനില്‍ക്കുന്ന ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു’ (സ്വാഫ്ഫാത്ത് 6). ‘നിശ്ചയമായും ഭൂമുഖത്തുള്ള വസ്തുക്കളെ നാം അതിന് അലങ്കാരമാക്കിയിരിക്കുന്നു'(അല്‍കഹ്ഫ് 7). പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ മതകീയ വായനയില്‍ മാത്രം ഉരുത്തിരിയുന്ന ഒരു സങ്കല്പമല്ല ഇത്. തെളിഞ്ഞ മനോദര്‍പ്പണങ്ങളിലേക്ക് നഗ്‌നേന്ദ്രിയങ്ങളുപയോഗിച്ച് അണ്ഡകടാഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയവരെല്ലാം അനുഭവിച്ചറിഞ്ഞ പരമ യാഥാര്‍ത്ഥ്യമാണിത്. മത-ദേശ-ഭാഷാ സീമകള്‍ക്കതീതമായി സുസമ്മതി നേടിയ ആത്യന്തിക സത്യമാണിത്. നാലപ്പാട്ടു നാരായണമേനോന്‍ ഇങ്ങനെ എഴുതി:
അനന്തമജ്ഞാതം അവര്‍ണനീയ
മീലോക ഗോളം തിരിയുന്ന മാര്‍ഗം
അതിലെങ്ങാണ്ടൊരിടത്തിരുന്ന്
നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.
ആംഗലേയ കവി ജയിംസ് തോംസണ്‍ ഹൃദയഭാഷയില്‍ കുറിച്ചതും ഇതിന് സമാനമായ വരികളാണ്:
But who can paint like Nature? canbotsa,
A mid sti gay creation, hues Like hers!
(The seasons spring)
സകല സൃഷ്ടികളെയും ചൂഴ്ന്നുനില്‍ക്കുന്ന സൗന്ദര്യമെന്ന സമസ്യയെ ഏകമാനകം കൊണ്ട് അളന്ന് നിര്‍വചിക്കുക സാധ്യമല്ല. പ്രത്യുത ഓരോ വര്‍ഗത്തിനും അല്ലാഹു തനതായ സൗന്ദര്യമാണ് നല്‍കിയിട്ടുള്ളത്. വ്യത്യസ്ത വര്‍ഗങ്ങള്‍ തമ്മിലുള്ള താരതമ്യങ്ങള്‍ ആപേക്ഷികമായി സൗന്ദര്യ സൂചികയില്‍ വ്യതിയാനങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വാഭാവികം മാത്രം. ഉദാഹരണമായി, സൗന്ദര്യത്തില്‍ പ്രഥമ സ്ഥാനീയന്‍ മനുഷ്യനാണ്. ‘മനുഷ്യനെ നാം ഏറ്റവും സുന്ദരമായ രൂപത്തില്‍ സൃഷ്ടിച്ചു’ (അത്തീന്‍ 4, ഗാഫിര്‍ 64, തഗാബുന്‍ 3) എന്ന ഖുര്‍ആനിക പ്രസ്താവന അത് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതര ജീവജാലങ്ങള്‍ക്ക് മനുഷ്യന്റെ ഭംഗിയും അഴകും ഇല്ലെങ്കിലും അവയ്ക്കെല്ലാം തനതായ ആകര്‍ഷണീയതയുണ്ട്. ഖുര്‍ആന്‍ തന്നെ അത് വിശദീകരിച്ചു. ‘കുതിരകളെയും കഴുതകളെയും കോവര്‍കഴുതകളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു. അവയെ നിങ്ങള്‍ക്ക് വാഹനമായി ഉപയോഗിക്കാനും അലങ്കാരത്തിനും വേണ്ടി’ (അന്നഹ് ല് 8).
അതുപോലെ, ഉപര്യുക്ത വര്‍ഗങ്ങളുടെ ആകാരസ്വരൂപങ്ങളില്‍ നിന്ന് വ്യത്യാസമുള്ള മറ്റിനം സമ്പാദ്യങ്ങളെ കുറിച്ചും അലങ്കാരവസ്തുക്കള്‍ എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നുണ്ട്. ‘സന്താനങ്ങളും സമ്പാദ്യങ്ങളും ഭൗതികജീവിതത്തിലെ അലങ്കാരവസ്തുക്കളാകുന്നു’ (അല്‍ കഹ്ഫ് 23). അപ്പോള്‍ വ്യത്യസ്ത വസ്തുക്കളുടെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങള്‍ വ്യതിരക്തങ്ങളാണെന്ന് വളരെ വ്യക്തം. സൗന്ദര്യാവിഷ്‌കാരത്തിലെന്തിനാണ് ഈ വൈവിധ്യം? എല്ലാ വര്‍ഗങ്ങള്‍ക്കും സമാന ഭംഗിയായിക്കൂടെ? വൈവിധ്യം വൈചിത്ര്യമാണെന്നതിലുപരി വൈജാത്യം മേല്‍വിലാസങ്ങള്‍ക്ക് അനിവാര്യവുമാണ്. കാരണം ഓരോ വസ്തുവിന്റെയും ഐഡന്റിറ്റി ഇതര വസ്തുക്കളില്‍ നിന്നുള്ള വ്യത്യസ്തതയാണ്.
മനുഷ്യനെന്തുകൊണ്ട് മയിലിന്റെ ശരീരഘടനയില്‍ സൃഷ്ടിക്കപ്പെട്ടില്ല? സര്‍പ്പങ്ങള്‍ക്കെന്തുകൊണ്ട് മത്സ്യപ്രകൃതം കാണപ്പെടുന്നില്ല? മറുപടി ലളിതമാണ്. പ്രപഞ്ചത്തിന്റെ സന്തുലിതമായ നിലനില്‍പ്പിന്ന് വ്യത്യസ്ത പ്രകൃതങ്ങളോട് കൂടിയ ഒട്ടനവധി സൃഷ്ടികള്‍ ആവശ്യമുണ്ട്. ഓരോന്നിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യം മറ്റൊന്നുകൊണ്ട് സാക്ഷാത്കരിക്കപ്പെട്ടുകൊള്ളണമെന്നില്ല. മനുഷ്യന്റെ കര്‍മവിഹാര മേഖലയല്ല മയിലിന്റേത്. മയിലിന്റേതോ, മനുഷ്യന്റേതുമല്ല. അതുപോലെ സര്‍പ്പത്തിന്റെ സഞ്ചാരം കരയിലാണ്. മത്സ്യത്തിന്റെ വിഹാരം കടലിലുമാണ്. കരമാര്‍ഗം യാത്രചെയ്യാനുള്ള സംവിധാനങ്ങളല്ലല്ലോ കടല്‍യാത്രക്കാരനാവശ്യം. അപ്രകാരം തന്നെ മണ്‍വെട്ടുകാരന്റെ ഉപകരണങ്ങള്‍ ബഹിരാകാശയാത്രികനു ലഭിച്ചിട്ടെന്തു പ്രയോജനം? അതിനാല്‍ ഓരോ വിഭാഗത്തിന്റെയും ജീവിതസാഹചര്യത്തിന് അഭികാമ്യവും അനിവാര്യവുമായ ശരീരപ്രകൃതിയും അവയവ വൈശിഷ്ട്യവുമാണ് ഓരോരുത്തര്‍ക്കും സ്രഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്.
സൗന്ദര്യഭ്രമവും പ്രകടനപരതയും
ഭംഗിയും സൗന്ദര്യവും പ്രപഞ്ച സൃഷ്ടിപ്പിലെ അവിഭാജ്യഘടകമാണെന്നപോലെ സൗന്ദര്യപ്രേമവും ആസ്വാദനഭ്രമവും മനുഷ്യന് ജന്മസിദ്ധമാണ്. ‘ഭാര്യമാര്‍, സന്താനങ്ങള്‍, കൂമ്പാരമാക്കിയിട്ട സ്വര്‍ണ- വെള്ളികള്‍, മേത്തരം കുതിരകള്‍, നാല്‍ക്കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ ഇഷ്ടവസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു ‘(ആലു ഇംറാന്‍ – 14). ഈ നൈസര്‍ഗിക ചോദന ശമിപ്പിക്കാനുള്ള ദാഹം ഒരു അപരാധമായി ഇസ്ലാം വിലയിരുത്തുന്നില്ല. അബ്ദുല്ലാഹിബ്നു മസ്ഊദില്‍നിന്ന്(റ) നിവേദനം: നബി(സ) പറഞ്ഞു: ‘ഹൃദയത്തില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’. അപ്പോള്‍ ഒരാള്‍ ചോദിച്ചു: തീര്‍ച്ചയായും ഒരു വ്യക്തി അദ്ദേഹത്തിന്റെ വസ്ത്രവും പാദരക്ഷയുമെല്ലാം ഭംഗിയുളളതാവാന്‍ താല്‍പര്യപ്പെടുകയില്ലേ? നബി(സ) പ്രതിവചിച്ചു: ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്. അഹങ്കാരമെന്നാല്‍ (ഭംഗിയാവലല്ല)സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിസ്സാരമാക്കലുമാകുന്നു'(മുസ്ലിം, മിശ്കാത്ത്- 5108). ഒരു സൗന്ദര്യമത്സരത്തിലെ ജേതാവിനെപ്പോലെ ഒരു സൗന്ദര്യനായകനായി വിരാചിക്കണമെന്നാഗ്രഹം പ്രകടിപ്പിച്ച ശിഷ്യനെ പോലും കുറ്റപ്പെടുത്താന്‍ പ്രവാചകന്‍ തയാറായില്ല. അബൂഹുറയ്‌റ(റ) പറയുന്നു: സുന്ദരനായ ഒരു വ്യക്തി നബിയുടെ(സ) സമീപത്ത് വന്നിട്ടു ചോദിച്ചു: ‘തിരുദൂതരേ, ഞാന്‍ സൗന്ദര്യത്തില്‍ ആകൃഷ്ടനാണ്. അങ്ങ് കാണുന്ന ഈ ഭംഗിയെല്ലാം എനിക്കുണ്ട്. മറ്റൊരാള്‍ എന്റെ സൗന്ദര്യത്തെ ഒരു ചെരിപ്പിന്റെ വാറുകൊണ്ടെങ്കിലും മറികടക്കുന്നത് എനിക്കിഷ്ടമില്ല. അത് അഹങ്കാരത്തില്‍പെടുമോ?’ നബി(സ) പ്രതിവചിച്ചു: ‘ഇല്ല; മറിച്ച് അഹങ്കാരമെന്നാല്‍ സത്യത്തെ തിരസ്‌കരിക്കലും ജനങ്ങളെ തൃണവല്‍ഗണിക്കലുമാകുന്നു'(അബൂ ദാവൂദ് – 4092).
അലങ്കാരങ്ങളോടുള്ള പ്രിയം നിരുപാധികം അഹങ്കാരവും അഹന്തയുമായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. മാത്രമല്ല, ഭൗതികാഡംബരങ്ങളില്‍ വിരക്തരായ പ്രവാചകാനുചരന്മാരുടെ വേഷഭാവങ്ങളിലെ നിലവാരം ഇടിഞ്ഞുപോവാതെ നിലനിര്‍ത്താന്‍ പ്രവാചകന്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതായാണ് ചരിത്രപാഠം. അഹവസ്വ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക. തിരുദൂതര്‍ എന്നെ കണ്ടുമുട്ടി. അപ്പോള്‍ ഞാന്‍ ഒരു താഴ്ന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. തദവസരത്തില്‍ അവിടുന്ന് എന്നോട് ചോദിച്ചു: ‘നിനക്ക് സമ്പത്തില്ലേ?’ ഞാന്‍ മറുപടി പറഞ്ഞു: ‘അതെ’. പ്രവാചകര്‍ വീണ്ടും ചോദിച്ചു: ‘എന്തെല്ലാം സമ്പത്താണുള്ളത്?’ ഞാന്‍ വിശദീകരിച്ചു: ‘എല്ലാ സമ്പത്തുമുണ്ട്. ആട്, മാട്, ഒട്ടകം, കുതിര, അടിമകള്‍ എല്ലാം അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്’. നബി (സ) പറഞ്ഞു: ‘അല്ലാഹു നിനക്ക് സമ്പത്ത് തന്നാല്‍ അവന്റെ അനുഗ്രഹങ്ങളുടെയും ഔദാര്യത്തിന്റെയും അടയാളങ്ങള്‍ നിന്റെ മേല്‍ ദൃശ്യമാവട്ടെ’ (അഹ്മദ്, നസാഈ, മിശ്കാത്ത് – 4352).
വസ്ത്രങ്ങള്‍ക്ക് പുറമേ ആഭരണങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളിലെല്ലാം ആവശ്യാനുസൃതം ഈ അലങ്കാര സ്വാതന്ത്ര്യം നിബന്ധനകള്‍ക്ക് വിധേയമായി പ്രവാചകന്‍ അനുവദിച്ചിട്ടുണ്ട്. അതുപോലെ താടി, മീശ, മുടി, നഖം, പല്ലുകള്‍, ശരീരരോമങ്ങള്‍, കൈ കാലുകള്‍, മുഖം തുടങ്ങിയ അവയുടെ അഴകും വൃത്തിയും സംരക്ഷിക്കാനാവശ്യമായ പരിചരണങ്ങള്‍ പ്രസ്തുത അവയവങ്ങളോടുള്ള കടപ്പാടായിട്ടാണ് മതഗ്രന്ഥങ്ങള്‍ വിലയിരുത്തുന്നത്. മാത്രമല്ല മാനഹാനിക്കിടയാക്കുന്ന വേഷഭാവങ്ങളോടെ സമൂഹമേധ്യ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് വ്യക്തികള്‍ക്ക് മതം വിലക്കേര്‍പ്പെടുത്തി. മാന്യത(മുറൂഅത്ത്) എന്ന സാമൂഹിക യോഗ്യത നഷ്ടപ്പെടുത്തിയവനായി ഇസ്ലാം അവനെ മുദ്രകുത്തുകയും ചെയ്തു.
ആശയ സംവേദനങ്ങള്‍ ആകര്‍ഷകമാക്കുന്നതിനും ഇസ്ലാം അവഗണിക്കാനാവാത്ത പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രവാചക ശിഷ്യനായ അമ്മാര്‍(റ) ഉദ്ധരിക്കുന്നു. തിരുദൂതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ‘തീര്‍ച്ചയായും വാഗ് വൈഭവത്തില്‍ മാസ്മരികതയുണ്ട്’ (മുസ്ലിം, മിശ്കാത്ത്- 1406). ഖാളി ഇയാളില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തുന്നു: ”സാഹിത്യകലയുടെ സഭ്യവും സഹ്യവുമായ വശങ്ങള്‍ സ്വായത്തമാക്കുന്നവര്‍ക്കുള്ള അനുമോദനമാണ് ഈ തിരുമൊഴി”(മിര്‍ഖാത്തുല്‍ മഫാത്തീഹ് 3/1043). കൂടാതെ വിശ്വാസിയുടെ ഇടപെടലുകളിലെല്ലാം പകിട്ടാര്‍ന്ന പരിവേഷത്തോടെ പ്രത്യക്ഷപ്പെടണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘ആദം സന്തതികളേ, സുജൂദിന്റെ എല്ലാ സ്ഥലങ്ങളിലും നിങ്ങള്‍ ഭംഗി മുറുകെപ്പിടിക്കുക'(അഅ്റാഫ്-31). നിസ്‌കാരം, കഅ്ബ പ്രദക്ഷിണം തുടങ്ങിയ സുകൃതങ്ങളിലെല്ലാം വസ്ത്രത്തിന്റെ ഭംഗി നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന വിളംബരമാണ് ഈ സൂക്തം(ഹാശിയത്തുസ്സ്വാവീ-2/66). വെള്ളിയാഴ്ച, രണ്ടു പെരുന്നാളുകള്‍ തുടങ്ങിയ വാരാന്ത – വാര്‍ഷിക സുദിനങ്ങളിലെ നിര്‍ദിഷ്ട അലങ്കാരപ്രകടനങ്ങള്‍ പ്രതിഫലാര്‍ഹമായ സല്‍കര്‍മങ്ങളുടെ പദവിയിലേക്കുയര്‍ത്തപ്പെട്ടതും പ്രസ്തുത കോണിലൂടെ തന്നെ കാണേണ്ടതാണ്.
അണിഞ്ഞൊരുങ്ങാനുള്ള ഈ ആജ്ഞകള്‍ പുറപ്പെടുവിക്കുക മാത്രമല്ല, അലങ്കാരവസ്തുക്കളുടെ ഉറവിടങ്ങള്‍ പരിചയപ്പെടുത്തി കൊടുക്കുകകൂടി ഖുര്‍ആന്‍ ചെയ്തിട്ടുണ്ട്: ‘നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കാനും പാകത്തില്‍ കടലിനെ വിധേയപ്പെടുത്തി തന്നവനാണ് അവന്‍’ (അന്നഹ് ല് : 14), ‘അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തുവരുന്നു’ (അറഹ്മാന്‍ 22).
അലങ്കാരങ്ങളുടെ പിന്നാമ്പുറങ്ങള്‍
‘അവരുടെ മുകളിലുള്ള ആകാശത്തിലേക്കവര്‍ നോക്കിയിട്ടില്ലേ? വിടവുകളൊന്നുമില്ലാത്ത രൂപത്തില്‍ എങ്ങനെയാണ് നാം അതിനെ സൃഷ്ടിക്കുകയും അലങ്കരിക്കുകയും ചെയ്തതെന്ന്? ഭൂമിയിലേക്കവര്‍ കണ്ണോടിക്കുന്നില്ലേ? നാം അതിനെ വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ സ്ഥാപിക്കുകയും എല്ലാ കൗതുകകരമായ സസ്യങ്ങളെയും മുളപ്പിക്കുകയും ചെയ്തത് എങ്ങനെയാണെന്ന്? അതെല്ലാം നമ്മിലേക്ക് മടങ്ങുന്ന ഏതൊരടിമയ്ക്കും ഉണര്‍ത്തലും ഉദ്ബോധനവുമാവാന്‍ വേണ്ടിയാണ്'(ഖാഫ്: 6-8).
ഭൂഗോളത്തെയും തണല്‍ വിരിച്ചുനില്‍ക്കുന്ന ആകാശഗംഗയെയും വിസ്മയാവഹമായ മാദകസൗന്ദര്യത്തിന്റെ പ്രദര്‍ശനനഗരിയായി രൂപകല്‍പന ചെയ്യപ്പെട്ടതിനു പിന്നിലുളള അണിയറ രഹസ്യമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു അനാവരണം ചെയ്യുന്നത്. മനുഷ്യ മനസ്സുകളില്‍ അല്ലാഹുവിലുള്ള വിശ്വാസം അനായാസം അരക്കിട്ടുറപ്പിക്കുക എന്നതാണത്. ശരവേഗത്തില്‍ തുളച്ചുകയറുന്ന രണ്ടു ചോദ്യങ്ങളായാണ് അല്ലാഹുവിന്റെ പ്രമേയാവതരണം. മനോഹര പ്രപഞ്ചം തന്നെ പ്രസ്തുത സംശയങ്ങള്‍ക്കുള്ള നിവാരണം നമ്മുടെ ബുദ്ധിക്ക് കൈമാറും. കാരണം പ്രകൃതിരമണീയതയില്‍ നിന്ന് സര്‍വശക്തനായ ഏക ദൈവത്തിന്റെ നിറസാന്നിധ്യം നമ്മുടെ ബുദ്ധിയും ചിന്തയും കണ്ടെത്തുന്നു. അങ്ങനെ റബ്ബിനെ അനുഭവിച്ചും ആസ്വദിച്ചും വിശ്വസിക്കാനുള്ള വേദി പ്രകൃതിയുടെ മടിത്തട്ടില്‍ തന്നെ ഒരുങ്ങുകയാണ്. ‘ആകാശത്തെ നക്ഷത്രമണ്ഡലങ്ങള്‍ നാം നിശ്ചയിക്കുകയും ചിന്തിക്കുന്നവര്‍ക്ക് വേണ്ടി നാം അതിനെ അലങ്കരിക്കുകയും ചെയ്തു’ (ഹിജര്‍- 16) എന്ന സൂക്തം അക്കാര്യം ഒന്നുകൂടെ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്ര സമൂഹം തന്നെ ഈ സത്യം ലോകത്തോട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിദ്ധ ശാസ്ത്രജ്ഞനായ ഹര്‍ഷല്‍ പറയുന്നത് നോക്കൂ: ‘ശാസ്ത്രത്തിന്റെ ചക്രവാളം വികസിച്ചപ്പോഴൊക്കെ സര്‍വശക്തനായ ദൈവത്തിന്റെ ആസ്തിക്യം ബോധ്യമായിക്കൊണ്ടേയിരിക്കുന്നു’ (ദൈവാസ്തിക്യം പേജ് : 66).
പ്രപഞ്ചത്തിന്റെ കൗതുകജാലകങ്ങളിലൂടെ റബ്ബിന്റെ ദിവ്യത്വവും ഏകത്വവും തിരിച്ചറിഞ്ഞ മനുഷ്യര്‍ അവന് മുമ്പില്‍ സമ്പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കാന്‍ സര്‍വാത്മനാ സന്നദ്ധനാകുമെന്നത് തീര്‍ച്ചയാണ്. സ്വന്തം ശരീരത്തിന്റെ അത്ഭുതഘടന തന്നെ അവനോടോപ്പം നിത്യോപദേശകനായി നിലനില്‍ക്കുമ്പോള്‍ ഒരു നിമിഷം പോലും അതില്‍ നിന്ന് പിന്‍മാറാന്‍ നന്ദിബോധമുള്ള അടിമക്ക് സാധ്യമാവുകയില്ല. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നുണ്ട്. ‘ഹേ മനുഷ്യാ, ഉദാരനായ നിന്റെ റബ്ബിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്? സര്‍വാംഗ സൗന്ദര്യവും സന്തുലിതത്വവും നല്‍കി അവനുദ്ദേശിച്ച രൂപത്തില്‍ നിന്നെ സൃഷ്ടിച്ചവനത്രെ അവന്‍’ (ഇന്‍ഫിത്വാര്‍ 6-8). ‘സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനായ അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിച്ചവനാകുന്നു (അല്‍ മുഅ്മിനൂന്‍- 14) എന്ന സൂക്തവും നമുക്കിവിടെ ചേര്‍ത്തുവായിക്കാം.
ഭംഗിയും സൗന്ദര്യവും മനുഷ്യന്റെ സല്‍ബുദ്ധിയും സജീവ ചിന്തയും ഉയര്‍ത്താനുള്ള രാസത്വരകങ്ങളാണ്. ദൈവഭക്തിയും നന്ദിബോധവും വളര്‍ത്താനുള്ള ആത്മീയപോഷകങ്ങളുമാണ്. അതിനാല്‍ ഈ ഗുണഫലമുളവാക്കുന്ന സൗന്ദര്യവല്‍ക്കരണങ്ങള്‍ക്ക് വിരോധമില്ല. ലക്ഷ്യസാക്ഷാത്കാരത്തിനുതകുന്ന ആഡംബരവും വിമര്‍ശിക്കപ്പെടേണ്ടതില്ല. ‘നബിയേ പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് വേണ്ടി ഉല്‍പ്പാദിപ്പിച്ചിട്ടുള്ള അലങ്കാരവസ്തുക്കളും വിശിഷ്ടാഹാരങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക, അവയെല്ലാം ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കര്‍ഹതപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവര്‍ക്ക് മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്നവര്‍ക്ക് അപ്രകാരം നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു’ (അഅ്റാഫ് -7).
ഇസ്ലാം ഒരു കാര്യം കൂടി ശ്രദ്ധാപൂര്‍വം നമ്മെ തര്യപ്പെടുത്തി: ഭൗതികാഡംബരങ്ങളോടുള്ള നിങ്ങളുടെ സമീപനം ജാഗ്രതയോടെയാവണം. കാരണം അവയ്ക്ക് പിന്നില്‍ അഗാധമായ ചതിക്കുഴികള്‍ പതിയിരിക്കുന്നുണ്ട്. അതിനാല്‍ ഈ ഭൗതികലോകത്തെ സുഖാഡംബരങ്ങളോട് നിശ്ചിത അകലംപാലിക്കലാണ് വിശ്വാസികള്‍ക്ക് ഭൂഷണം. ഐഹികാലങ്കാരങ്ങളോട് മുന്‍ധാരണയോടെയുള്ള സൗഹൃദമാണ് വിജയികളുടെ ലക്ഷണം. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നു: ‘ഭൂമുഖത്തുള്ള വസ്തുക്കളെ നാം ഭൂമിക്ക് അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് സല്‍കര്‍മങ്ങള്‍ ചെയ്യുന്നവരെന്ന് പരീക്ഷിക്കാന്‍ വേണ്ടി'( അല്‍ കഹ്ഫ് : 7). ‘തീര്‍ച്ചയായും നിങ്ങളുടെ സന്താനങ്ങളും സമ്പാദ്യങ്ങളും പരീക്ഷണവസ്തുക്കളാണ്’. (തഗാബുന്‍ -15). ഉദ്ധൃത സൂക്തങ്ങളുടെ വ്യഖ്യാനമെന്നോണം പ്രവാചകന്‍ അരുളി: ‘തീര്‍ച്ചയായും ഭൗതികലോകം മധുരോദാത്തമാണ്. ഹരിതാഭവുമാണ്. അല്ലാഹു നിങ്ങളെ അവിടെ പ്രതിനിധിയാക്കിയിരിക്കുകയാണ്; നിങ്ങള്‍ എങ്ങനെ പ്രവൃത്തിക്കുന്നുവെന്ന് നിരീക്ഷിക്കാന്‍ വേണ്ടി. അതിനാല്‍ ഐഹികലോകത്തെ നിങ്ങള്‍ സൂക്ഷിക്കുക. സ്ത്രീകളെ നിങ്ങള്‍ (വിശേഷിച്ചും) സൂക്ഷിക്കുക. കാരണം ബനൂഇസ്റാഈലിലെ ഒന്നാമത്തെ കുഴപ്പം സ്ത്രീകളിലാണ് വെളിപ്പെട്ടത്’ (മുസ്ലിം, മിശ്കാത്ത്-3086).
അമിതമായ ആഡംബര ഭ്രമവും അനിയന്ത്രിതമായ ആസ്വാദനാസക്തിയും ഈ പരീക്ഷണങ്ങളിലെ പരാജയത്തിലേക്ക് മനുഷ്യനെ നയിക്കും. അവിശ്വാസികള്‍ക്ക് പിണഞ്ഞ ഒരു അബദ്ധം അതായിരുന്നു. ‘സത്യനിഷേധികള്‍ക്ക് ഐഹികജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷ്മതപാലിച്ചവരായിരിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഉന്നത സ്ഥാനീയര്‍’ (അല്‍ബഖറ-212).
സമൂഹത്തില്‍ ജന്മംകൊള്ളുന്ന അരുതായ്മകളുടെയും അശ്ലീലങ്ങളുടെയും അടിവേരുകള്‍ മനുഷ്യന്റെ കടിഞ്ഞാണില്ലാത്ത ഭോഗാസക്തിയിലാണ് ചെന്നവസാനിക്കുന്നത്. അതിനാല്‍ മനുഷ്യന്റെ ഭൗതികമോ പാരത്രികമോ ആയ ജീവിതത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആര്‍ഭാടങ്ങളും അലങ്കാരങ്ങളും ഇസ്ലാം നിരാകരിച്ചു. അഹങ്കാരത്തിന്റെ ഹീനചിഹ്നങ്ങളായി മുദ്രചാര്‍ത്തപ്പെട്ട വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും വെടിയാനുള്ള താക്കീതുകള്‍ ഈ സുരക്ഷാ നിര്‍ദേശത്തിന്റെ ഭാഗമാണ്. പ്രവാചകന്റെ പ്രസ്തുത വീക്ഷണം വിശദീകരിച്ചുകൊണ്ട് അബ്ദുല്ലാഹിബ്നു ഉമര്‍(റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: ‘അഹങ്കാരത്തോടെ വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവരിലേക്ക് പുനരുദ്ധാരണ നാളില്‍ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നോട്ടമുണ്ടാവുകയില്ല'(ബുഖാരി, മുസ്ലിം).
ദൈവത്തെ സ്മരിക്കുന്നതിനു പകരം വിസ്മരിക്കുന്നതിനു വഴിയൊരുക്കുന്ന ആര്‍ഭാടങ്ങളെയും ഇസ്ലാം പടിക്കു പുറത്തുനിര്‍ത്തിയിരിക്കുകയാണ്. അതിന് പ്രത്യക്ഷമായ ഉദാഹരണമാണ് ധൂര്‍ത്തിനോടുള്ള ഇസ്ലാമിന്റെ എതിര്‍പ്പ്. ‘നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുകയില്ല'(അന്‍ആം 141). ദുര്‍വിനിയോഗത്തോടുള്ള അല്ലാഹുവിന്റെ അനിഷ്ടത്തിന് കാരണം, അത് ദൈവിക മാര്‍ഗത്തില്‍ നിന്ന് മനുഷ്യനെ പൈശാചിക മാര്‍ഗത്തിലേക്ക് വ്യതിചലിപ്പിക്കുന്നു എന്നതാണ് എന്നുകൂടി ഖുര്‍ആന്‍ വ്യക്തമാക്കി. ‘തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരങ്ങളായി തീര്‍ന്നിരിക്കുന്നു’ (ഇസ്റാഅ ്- 27).
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാരെ അപേക്ഷിച്ച് ആഭരണങ്ങളിലും അലങ്കാരങ്ങളിലും സ്വതന്ത്രവും ഉദാരവുമായ നിയമ പരിധികളാണുള്ളത്. എങ്കിലും അപകടം മണക്കുന്ന രംഗങ്ങളിലെല്ലാം സൗന്ദര്യം സ്വകാര്യമായി സൂക്ഷിക്കാന്‍ സ്ത്രീകളോട് കര്‍ശന ശാസനയുണ്ട്. കഴുകക്കണ്ണുകളുമായി വട്ടമിട്ടു പറക്കുന്ന കാമവെറിയന്മാര്‍ക്ക് തന്റെ പച്ചമാംസം കൊത്തിവലിക്കാന്‍ അവസരം നല്‍കരുതെന്ന ജാഗ്രതാനിര്‍ദേശം സ്ത്രീസ്വാതന്ത്ര്യത്തിന്റെ ധ്വംസനമായി ചിത്രീകരിച്ചവര്‍ പ്രസ്തുത നിയമങ്ങളെ യഥാവിധി മനസ്സിലാക്കാത്തവരാണ്.
വര്‍ഗവീര്യം ചോര്‍ത്തിക്കളയുന്ന അലങ്കാരസംസ്‌കാരങ്ങള്‍ ഇസ്ലാമിക ദൃഷ്ട്യാ പരിവര്‍ജ്യമാണ്. സ്വര്‍ണം, പട്ട് തുടങ്ങിയവ പുരുഷന്മാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതിനു പിന്നിലെ യുക്തി, അവ പുരുഷന്മാരില്‍ അഹംഭാവഹേതുക്കളാണെന്നതിനു പുറമെ പൗരുഷത്തിനു ക്ഷതമേല്‍പ്പിക്കുന്നുവെന്നുകൂടി കര്‍മശാസ്ത്രം വിലയിരുത്തിയത് (ഇആനത്തുത്ത്വാലിബീന്‍ 1/84) അതുകൊണ്ടാണ്.
അന്യമതാനുയായികളുടെ പ്രത്യേക അടയാളങ്ങളായ വേഷവിധാനങ്ങളും ആഭരണാലങ്കാരങ്ങളും മുസ്ലിം സമൂഹം അന്ധമായി അനുകരിക്കുന്നതിനോടും മതമൂല്യങ്ങള്‍ക്ക് വിയോജിപ്പാണ്. കാരണം എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതചട്ടക്കൂടിനോട് പ്രതിബദ്ധതയുണ്ടാകുന്നതുപോലെ മുസ്ലിം സമൂഹവും അവരുടെ ശോഭനമായ സാംസ്‌കാരിക വ്യക്തിത്വം കളങ്കപ്പെടാതെ സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. മാത്രവുമല്ല, ഇതര മതസ്ഥര്‍ പരിശുദ്ധിയും പവിത്രതയും കല്‍പിക്കുന്ന അവരുടെ മതചിഹ്നങ്ങളെ അനര്‍ഹര്‍ അസ്ഥാനത്തുപയോഗപ്പെടുത്തി പരിഭ്രാന്തിയും വിദ്വേഷവും സൃഷ്ടിക്കാന്‍ പാടില്ലല്ലോ.
ചുരുക്കത്തില്‍ ഇസ്ലാമിക ദൃഷ്ട്യാ സൗന്ദര്യവും അലങ്കാരവും ജീവിതത്തിന്റെ ഭാഗമായി ചേര്‍ത്തുപിടിക്കപ്പെടേണ്ടത് തന്നെയാണ്. കേവലസായൂജ്യമെന്നതിലുപരി ദൈവാസ്തിക്യത്തിന്റെ രഹസ്യങ്ങള്‍ നുണഞ്ഞറിയാനും നന്ദിബോധത്തോടെ ദാസ്യജീവിതം നയിക്കാനും അതില്‍നിന്നവനു പ്രചോദനം ലഭിക്കേണ്ടതുമുണ്ട്. അതോടെ ലക്ഷ്യാധിഷ്ഠിത സൗന്ദര്യബോധത്തിലൂടെ സര്‍ഗാത്മക മതജീവിതം സാധ്യമാക്കുകയാണ് ഇസ് ലാം. അതേസമയം ദൂഷ്യഫലങ്ങളോ ജീവിതവൈകൃതങ്ങളോ വിളിച്ചുവരുത്തുന്ന അലങ്കാരം ഇസ്ലാം നിരാകരിക്കുകയും ചെയ്യുന്നു.
അബ്ദുല്‍ കരീം ശാമില്‍ ഇര്‍ഫാനി കോടമ്പുഴ
You must be logged in to post a comment Login