കേട്ടറിഞ്ഞ കയ്‌റോ കണ്‍മുന്നില്‍

കേട്ടറിഞ്ഞ കയ്‌റോ കണ്‍മുന്നില്‍

സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്നതിന്റെ ഗരിമയോ അഹങ്കാരമോ കയ്റോ എയര്‍പോര്‍ട്ടിനില്ല. ആധുനികതയെ വാരിപ്പുണരാന്‍ മടിച്ചുനില്‍ക്കുന്ന പോലെ സംവിധാനങ്ങള്‍ പലതും. ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ സ്വദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നീണ്ട ക്യൂവും വിദേശികളുടെ കൗണ്ടറുകള്‍ ഒഴിഞ്ഞു കിടക്കുന്നതുമാണ് അനുഭവം. അത്തരമൊരു പ്രതീക്ഷയില്‍ തന്നെയായിരുന്നു ഞങ്ങളും വിമാനത്തില്‍നിന്നിറങ്ങി എമിഗ്രേഷന്‍ കൗണ്ടറുകളിലേക്ക് പാഞ്ഞടുത്തത്. പക്ഷേ കയ്‌റോ വിഭിന്നമായിരുന്നു. ലോകത്തെ നാനാജാതി ജനങ്ങളുടെ ഹൃദയങ്ങളില്‍ ഈ പുരാതന നാടിനോടുള്ള ഒടുങ്ങാത്ത അഭിനിവേശം പ്രകടമാകുന്ന നീണ്ട നീണ്ട വരികള്‍. എമിഗ്രേഷന്‍ കൗണ്ടറുകളിലെ വരികള്‍ അസ്വസ്ഥപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെങ്കിലും കയ്‌റോ എയര്‍പോര്‍ട്ടില്‍ അത്തരമൊരു അനുഭവമുണ്ടാവില്ല. ചിരിക്കുന്ന മുഖവുമായി വരവേല്‍ക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാത്രമല്ല അതിനുകാരണം. ലോകത്തിന്റെ അതിപുരാതന നാഗരികതയെ പുണരാനും പരിചയിക്കാനും വേണ്ടി ലോകത്തിന്റെ നാനാദേശങ്ങളില്‍നിന്നും വന്ന വ്യത്യസ്ത മനുഷ്യരാല്‍ കോര്‍ത്തിണക്കിയതായിരുന്നു ഓരോ വരിയും. എല്ലാവരുടെയും മുഖത്ത് നിര്‍വൃതിയും ചാരിതാര്‍ഥ്യവും നിറഞ്ഞുനില്‍ക്കുന്നത് കാണാം. ഏകദേശം മനുഷ്യചരിത്രത്തോളം തന്നെ കാലപ്പഴക്കമുള്ള വിശുദ്ധമണ്ണില്‍ കാലുകുത്തിയതിലുള്ള ചാരിതാര്‍ഥ്യം.
നീണ്ട മുപ്പതുമണിക്കൂര്‍ യാത്രക്കു ശേഷമാണ് കയ്‌റോയിലെത്തുന്നതെങ്കിലും ഞങ്ങളുടെ ആവേശം ക്ഷീണത്തെ അതിജയിക്കാന്‍ പോന്നതായിരുന്നു. ഓരോരുത്തരുടേയും മുഖത്ത് മാറിമാറി നോക്കി വിസ്മയം ചാലിച്ച മനസ്സുമായി പതിയെ കൗണ്ടറിനോടടുത്തുകൊണ്ടേയിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ആദ്യമായി വിദേശയാത്രയും വിമാനയാത്രയും നടത്തുന്ന ഒരാളുണ്ടായിരുന്നു. അയാളുടെ മുമ്പില്‍ എമിഗ്രേഷന്‍ -എയര്‍പോര്‍ട്ട് അറിവുകളും പൂര്‍വകാലസ്മരണകളും അയവിറക്കാനൊരവസരം കിട്ടുക ചെയ്തതോടുകൂടി എന്റെ മുഷിപ്പ് പറ്റെ അസ്തമിച്ചു. കൗണ്ടറുകളില്‍ സ്ത്രീകളാണ് കൂടുതലും. ഇന്ത്യയിലാകട്ടെ സ്ത്രീകളെ അപൂര്‍വമായേ എമിഗ്രെഷന്‍ കൗണ്ടറുകളില്‍ കാണാറുള്ളൂ. ഈജിപ്ഷ്യന്‍ പെണ്ണുങ്ങളുടെ ഗര്‍വിനെക്കുറിച്ചും തന്റേടത്തെക്കുറിച്ചും പാടിപ്പുകഴ്ത്തിയ കവിതകള്‍ പലപ്പോഴായി വായിച്ചത് ഓര്‍ത്തുപോയി. ഫിര്‍ഔനെയും കൂട്ടരെയും കടലില്‍ മുക്കിക്കൊന്നപ്പോള്‍ ആണുങ്ങള്‍ മാത്രമാണ് നശിച്ചുപോയതെന്നും പെണ്ണുങ്ങള്‍ ഇന്നും അതേ സ്വഭാവത്തിലിരിക്കുന്നുണ്ടെന്നും കവി തമാശക്ക് പറഞ്ഞതല്ലെന്നു തോന്നിപ്പോകുന്ന കൗണ്ടറുകളും സ്ത്രീ സാന്നിധ്യങ്ങളും. പക്ഷേ കവിയുടെ സ്ത്രീ സങ്കല്പങ്ങളെ മുഴുവന്‍ നിഷ്പ്രഭമാക്കുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട് ഈജിപ്തില്‍. ബീവി ആസിയ(റ). ഏകഛത്രാധിപതി ആയിരുന്ന ഫിര്‍ഔന്റെ മുന്നില്‍ പോലും കൂസാത്ത ആ മഹതിയുടെ പ്രകൃതം അനന്തരമെടുത്ത എത്രയോ സ്ത്രീകള്‍ ഇപ്പോഴും അന്നാട്ടിലുണ്ട്.

ഡല്‍ഹി എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ മണിക്കൂറുകള്‍ക്കു മുമ്പ് എനിക്കുണ്ടായ ചെറിയൊരു ദുരനുഭവത്തിന്റെ ഞെട്ടല്‍ മാറുന്നേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ചെറിയൊരു വിറയലുമുണ്ടായിരുന്നു. പി എച്ച് ഡി കാലത്ത് ജാമിഅ മില്ലിയയിലെ ഓഫീസിലിരിക്കുന്ന വനിതാ ജീവനക്കാരിയോട് കയര്‍ത്തുസംസാരിക്കേണ്ടിവന്നതൊഴിച്ചാല്‍ വീടിനു പുറത്ത് ഒരു സ്ത്രീയോടും കലഹിക്കേണ്ടി വന്നിട്ടില്ല. നാല്പതാം വയസ്സിന്റെ ഉമ്മറപ്പടിയില്‍ പഠിക്കാന്‍വന്ന മുഴുവന്‍ ആവേശവും തല്ലിക്കെടുത്തുമാറ് ഈ പെണ്ണിനോട് കയര്‍ക്കേണ്ടിവരുമോ എന്ന വേവലാതി തെല്ലൊന്നുമല്ല മനസ്സിനെ അലട്ടിയത്. ഡല്‍ഹിയില്‍ എമിഗ്രേഷന്‍ കൗണ്ടറിലിരിക്കുന്ന കഷണ്ടിക്ക് എന്റെ തലപ്പാവായിരുന്നു പ്രശ്നം. എന്നെക്കണ്ടാല്‍ സിഖുകാരനെപ്പോലെ തോന്നുന്നുവെന്നും ഫോട്ടോ ക്ലിയറല്ലെന്നും, പല ജാതി പ്രശ്നങ്ങള്‍ വേറെയും. അടുത്തുവന്ന മറ്റൊരു ഓഫീസര്‍ പാസ്പോര്‍ട്ട് വാങ്ങി പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞപ്പോഴും താടിയും മീശയും മുടിയുമില്ലാത്ത ഓഫീസര്‍ക്ക് എന്നെ തലപ്പാവ് നീക്കിക്കാണാന്‍ ആഗ്രഹം. മുടിയില്ലാത്തവര്‍ക്കല്ലേ അതിന്റെ വിലയറിയൂ എന്നാശ്വസിച്ച് ഞാന്‍ അനുസരിച്ചു. പിന്നെയും വിടാനൊരുക്കമല്ലെന്നു വന്നപ്പോള്‍ മുമ്പൊരിക്കല്‍ കൊച്ചിയില്‍ പയറ്റിയതു പോലെ എനിക്കറിയുന്ന മുഴുവന്‍ ഭാഷാശുദ്ധിയോടെയും ഇംഗ്ലീഷില്‍ പറയാനാരംഭിച്ചു. പാവം ഓഫീസര്‍ അതോടെ മുക്കാനും മൂളാനും തുടങ്ങി! എവിടെയാണ് പഠിച്ചതെന്നും എന്താണ് പഠിച്ചതെന്നും ഒരുവിധം ഇംഗ്ലീഷില്‍ അയാള്‍ ചോദിച്ചറിഞ്ഞതോടെ നീണ്ട ക്ഷമാപണമായി. കൂടെയുള്ളവര്‍ കാത്തിരിക്കുന്നുവെന്നു പറഞ്ഞു മുന്നോട്ട് നീങ്ങിയെങ്കിലും ആ കരട് മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലായിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ എല്ലാവരെയും എന്‍ട്രന്‍സ് സെക്യൂരിറ്റി ഓഫീസര്‍ കടത്തിവിട്ടപ്പോള്‍ എന്റെയും കൂടെയുള്ള മാലിക് അസ്ഹരിയുടെയും ലഗേജുകള്‍ മാത്രം പ്രത്യേകം ചെക്കുചെയ്യിച്ചതിലുള്ള മാനസിക സംഘര്‍ഷവുമുണ്ട്. യൂണിഫോമിട്ടവരുടെ ഇസ് ലാമോഫിബിയക്ക് കീഴടങ്ങുകതന്നെയേ നിര്‍വാഹമുള്ളൂവെങ്കിലും ഇംഗ്ലീഷ് ഭാഷാ പരിജഞാനം ഇസ് ലാമോഫോബിയയുടെ തീവ്രത കുറക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ അനുഭവങ്ങളെല്ലാം.
കയ്‌റോ എയര്‍പോര്‍ട്ടില്‍ എമിഗ്രെഷന്‍ കൗണ്ടറിലിരിക്കുന്ന സ്ത്രീ എന്നോട് ഒന്നും തന്നെ ചോദിച്ചില്ല. മിണ്ടിയതുമില്ല. മുഖത്തേക്കുതന്നെ നോക്കിയോ എന്ന് സംശയം. അത്ഭുതപരതന്ത്രനായി അല്പം മുന്നോട്ടുനടന്ന് എല്ലാ കൗണ്ടറുകളിലേക്കും നോക്കിയപ്പോള്‍ അവിടെയെല്ലാം പുഞ്ചിരിക്കുന്ന മുഖങ്ങള്‍ മാത്രം. എമിഗ്രേഷന്‍ ജാഡയില്ലാത്ത നാട്. വിസയനുവദിക്കുമ്പോള്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ പിന്നെയും പിന്നെയും ചോദിച്ച് അതിഥികളെ അലോസരപ്പെടുത്തുന്ന സ്വഭാവം ഇല്ലേയില്ല. പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് എത്രമാത്രം സത്യമാണ്: ‘നിങ്ങള്‍ മിസ്റില്‍ പ്രവേശിച്ചോളൂ; ഇന്‍ശാ അല്ലാഹ്, അവിടെ നിങ്ങള്‍ നിര്‍ഭയരും സുരക്ഷിതരമായിരിക്കും’. (സൂറത്തു യൂസുഫ്)

വിശ്വപ്രശസ്ത സര്‍വകലാശാലയായ അല്‍അസ്ഹറിലേക്ക് പുറപ്പെട്ടതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഒന്നുകൂടി ഉഷാറായി അറബി ഭാഷ പഠിക്കലായിരുന്നു. വിമാനത്തിലെ റെക്കോര്‍ഡഡ് അനൗണ്‍സ്‌മെന്റുകള്‍ അറബിയില്‍ കേട്ടതൊഴിച്ചാല്‍ മറ്റൊന്നും കേള്‍ക്കാനാവാത്ത നിരാശയിലായിരുന്നു പുറത്തേക്കുള്ള ഗമനം. പെട്ടെന്ന് സ്നേഹമസൃണമായ ഒരു ശബ്ദം. തിരിഞ്ഞുനോക്കുമ്പോള്‍ പുഞ്ചിരിക്കുന്ന പൊലീസുകാരന്‍ വഴികാണിച്ചുതരികയായിരുന്നു. ഒരു അറബിയെ സംസാരിക്കാന്‍ കിട്ടിയ അത്യാര്‍ത്തിയില്‍ വഴി ഒന്നുകൂടി ചോദിക്കാമെന്ന മട്ടില്‍ അയാളെ വാരിപ്പുണര്‍ന്നെങ്കിലും ഒരക്ഷരം പോലും മനസ്സിലാകാത്ത കാട്ടറബി. നിരാശ പടര്‍ന്നുപിടിച്ച മുഖവുമായി മുന്നോട്ടുതന്നെ നീങ്ങിയപ്പോള്‍ കസ്റ്റംസില്‍ അറബിക്കൂട്ടങ്ങള്‍ വീണ്ടും. പക്ഷേ എവിടെയും കാട്ടറബിക്കൂട്ടങ്ങള്‍ തന്നെ. രണ്ടു അറബി ഭാഷയുണ്ട് ഈജിപ്തില്‍. ആമ്മിയ്യും ഫുസ്ഹയും. അഥവാ കളോക്വിയലും സാഹിത്യവും. ഫുസ്ഹ അഥവാ സാഹിത്യ ഭാഷ മനസ്സിലാകുന്നവര്‍ അവിടെ തുലോം വിരളമാണെന്ന അറിവ് നിരാശ വര്‍ധിപ്പിച്ചു.

പുറത്ത് രണ്ട് സാധുക്കള്‍ മണിക്കൂറുകളായി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു; അഹ്മദ് സഈദ് നൂറാനിയും അന്‍ഷിദ് സഖാഫിയും. അതും എല്ലുകള്‍ കോച്ചുന്ന കഠിനമായ ശൈത്യനാളില്‍. അഞ്ചു ഡിഗ്രി മുതല്‍ പൂജ്യം ഡിഗ്രി വരെയാണ് ചൂട് അന്ന് കയ്‌റോവില്‍. അത്രയൊന്നും തണുപ്പ് പ്രതീക്ഷിച്ചല്ല ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയത്. രണ്ടു പേരും മര്‍കസില്‍ പഠനം കഴിഞ്ഞു മാസ്റ്റര്‍ ലെവല്‍ ഉപരിപഠനം നടത്തുന്ന മിടുക്കരായ വിദ്യാര്‍ഥികളാണ്. എല്ലാ കാട്ടറബിയും വശത്താക്കിയ അവര്‍ ഞങ്ങളെ ആലിംഗനം ചെയ്തു ആദ്യം തന്ന ഉപദേശം: മൊബൈല്‍ ഫോണും കാശും ശ്രദ്ധിക്കണം..!. ഈജിപ്തിലോ എന്റെ മനസ്സ് ആകുലപ്പെട്ടു. ഉപദേശം വളരെ കൃത്യമായിരുന്നുവെന്ന് പിന്നീട് പലപ്പോഴും, അന്നുതന്നെയും, ബോധ്യപ്പെട്ടു.
മൂസ നബിയും ഫറോവ ചക്രവര്‍ത്തിമാരും യൂസുഫ് നബിയും സലീഖയും ഇമാം ശാഫിഈയും നഫീസത്തുല്‍ മിസ്്രിയ്യയും ലക്ഷക്കണക്കിന് മറ്റു ഔലിയാക്കളും വളര്‍ന്നു പന്തലിച്ച അതേ മണ്ണില്‍ ചവിട്ടാനായതിലുള്ള സന്തോഷം തെല്ലൊന്നുമായിരുന്നില്ല ഞങ്ങള്‍ക്ക്. മങ്ങിയ വെളിച്ചത്തില്‍ ഞങ്ങള്‍ മിസ്‌റിനെ കണ്ടു.

ഈജിപ്ത് ചരിത്രത്തിന്റെ കളിത്തൊട്ടിലാണ്. െകയ്റോ എയര്‍പോര്‍ട്ടിനു തന്നെയുണ്ട് ധാരാളം കഥകള്‍ പറയാന്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ സഖ്യസേനയാണ് കയ്‌റോ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നത്. 1940 കളുടെ തുടക്കത്തിലായിരുന്നു ഇത്. യുദ്ധം അവസാനിച്ചതോടെ അമേരിക്കക്ക് എയര്‍പോര്‍ട്ട് ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. കിംഗ് ഫാറൂഖ് എയര്‍പോര്‍ട്ട് എന്ന് നാമകരണം ചെയ്തു അല്പകാലം അതുപയോഗിച്ചെങ്കിലും തൊട്ടടുത്ത് മറ്റൊരു വിശാലമായ വിമാനാത്താവളം നിര്‍മിച്ച് ഈജിപ്ത് സഞ്ചാരികളുടെ സൗകര്യം വര്‍ധിപ്പിക്കുകയായിരുന്നു.

സഈദ് നൂറാനി ഞങ്ങളുടെ കൂടെ നിന്നു, അന്‍ഷിദ് സഖാഫി കാര്‍ വിളിക്കാന്‍ പോയിരുന്നു. ഈജിപ്ത് ഒരു വികസിത നാടല്ലെന്നും ഇന്ത്യയുടെ മറ്റൊരു പകര്‍പ്പാണെന്നും എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോള്‍ തന്നെ മനസ്സിലായി. യാതൊരു നിലവാരവുമില്ലാതെ ടാക്സി ഡ്രൈവര്‍മാര്‍ പിന്നാലെക്കൂടുന്നു. എല്ലാവരും തോന്നിയ വാടകയും പറയുന്നു. കൂട്ടത്തില്‍ രണ്ടുപേര്‍ വന്നു സലാം പറഞ്ഞു. ആലിംഗനം ചെയ്തു. വെറുപ്പിക്കുന്ന സിഗരറ്റ് മണക്കുന്ന ശരീരം. ചുണ്ടുകള്‍ കറുത്തുപോയിട്ടുണ്ട്. തണുപ്പ് കാലമായതിനാല്‍ കുളിച്ചിട്ടില്ലെന്നുറപ്പ്. മുപ്പത് ജുനൈഹാക്ക് (ഈജിപ്ഷ്യന്‍ കറന്‍സി) ഞങ്ങള്‍ക്ക് എത്തേണ്ട അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയുടെ മദീനത്തുല്‍ ബുഊസില്‍ എത്തിക്കാമെന്ന് വാക്കുതരുന്നു. പറയുന്നത് സഈദിന് മനസ്സിലായെങ്കിലും അന്‍ഷിദിനെ വിളിക്കാന്‍ തീരുമാനിച്ചു. സന്തോഷത്തോടെ ഓടിക്കിതച്ചെത്തിയ അന്‍ഷിദിനെ കണ്ടതോടുകൂടി അവര്‍ മുഴുവന്‍ പരിചയവും പുറത്തെടുത്ത് തോളില്‍ കൈവെച്ച് അന്‍ഷിദിനെക്കൂട്ടി മുമ്പോട്ടു നീങ്ങി. കാര്യം അത്ര പന്തിയെല്ലെന്നു മനസ്സിലാക്കി ഞങ്ങളും പിന്തുടര്‍ന്നു. സ്വഭാവം പിടികിട്ടിയ രൂപത്തില്‍ പെട്ടെന്ന് അന്‍ഷിദ് അവരില്‍ നിന്നും കുതറിമാറി ഞങ്ങളുടെയടുത്തേക്ക് തന്നെ വന്നു. ഞങ്ങളുടെ പാസ്പോര്‍ട്ടുകള്‍ അവരെ ഏല്പിക്കണമെന്നായിരുന്നു അവരുടെ ഉപാധി. പാസ്പോര്‍ട്ട് കയ്യില്‍ കിട്ടിയാല്‍ പിന്നെ എല്ലാ വിലപേശലും നടക്കുമല്ലോ. ആദ്യാനുഭവം തന്നെ ഇങ്ങനെയായത് നന്നായിയെന്ന് ഞാന്‍ മറ്റുള്ളവരെ പറഞ്ഞാശ്വസിപ്പിച്ചു. ഇനിയങ്ങോട്ട് ശ്രദ്ധിച്ചേപറ്റൂവെന്ന തിരിച്ചറിവിനാണ് ഈ ദുരനുഭവമെന്നു ഞങ്ങള്‍ സമാധാനിച്ചു. ഏതായാലും ഡ്രൈവര്‍മാരായണല്ലോ അവര്‍ വന്നത്, പൊലീസുകാരായിട്ടാണ് വന്നിരുന്നെങ്കിലോ. മുമ്പ് ക്വാലാലംപുരില്‍ വെച്ച് അത്തരമൊരനുഭവം എനിക്കുണ്ടായതാണ്. അന്ന് തീരുമാനിച്ചതുമാണ്, ഇനി പാസ്പോര്ട്ട് ആര്‍ക്കും കൊടുക്കില്ലെന്ന്.
യൂബര്‍ ടക്സികള്‍ െകയ്‌റോയിലുമുണ്ട്. പക്ഷേ നോക്കുമ്പോള്‍ റേറ്റ് കൂടുതലാണ്. കരീംസ് ടാക്സികള്‍ ഈജിപ്തില്‍ മാത്രമുള്ളവയാണ്. താരതമ്യേന വാടക കുറഞ്ഞതുകൊണ്ട് അവയിലൊന്ന് വിളിച്ചു. ഞങ്ങളെയെല്ലാവരെയും ഒന്നില്‍ കൊള്ളില്ലെന്ന് വന്നപ്പോള്‍ ഡ്രൈവര്‍ തന്നെ മുന്‍കയ്യെടുത്ത് മറ്റൊരു ടാക്സി വിളിച്ചു. അതിലും ചതി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ഒരേ വാടകയെന്ന് പറഞ്ഞെങ്കിലും ഇറങ്ങിയപ്പോള്‍ മൂന്നിരട്ടി വാടക വാങ്ങിയെന്ന വിവരം സഈദും അന്‍ഷിദും ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് ഞങ്ങളോട് പറഞ്ഞത്. ഈജിപ്തിലെ ഡ്രൈവര്‍മാരോട് നീരസവും ഞങ്ങളെ സ്നേഹിച്ച് എല്ലാം മറച്ചുവെച്ച രണ്ടു വിദ്യാര്‍ഥികളോട് അങ്ങേയറ്റം സ്നേഹവും തോന്നാന്‍ മറ്റൊരു കാരണവും ആവശ്യമില്ലായിരുന്നു. സഹോദരങ്ങളെ വിശ്വസിച്ച് കൂടെപ്പോയ യൂസുഫ് നബിയെ അവര്‍ കിണറ്റിലെറിഞ്ഞു വഞ്ചിച്ചല്ലോ; കാലങ്ങളോളം കൂടെ യുദ്ധാവശ്യാര്‍ഥം സഞ്ചരിച്ച മൂസാനബിയുടെ അനുയായികള്‍ ശത്രുക്കളെ മുന്നില്‍ കണ്ടപ്പോള്‍ ഇനി നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്‌തോ, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണെന്ന് പറഞ്ഞുവല്ലോ- അവരുടെ ബാക്കിയല്ലേ. ഇത്ര പ്രതീക്ഷിച്ചാല്‍ മതി. പൈസപോയ വിഷമം മാറ്റാന്‍ ഞാന്‍ കഥയിലേക്ക് കടന്നുവെങ്കിലും ഈജിപ്തുകാര്‍ നല്ലവരാണെന്നു മാത്രമേ യാത്ര കഴിഞ്ഞുമടങ്ങുന്ന ഏതൊരാള്‍ക്കും പറയാനൊക്കൂ.
വലിയ ആളുകള്‍ ഈജിപ്തില്‍ ബാക്കിലാണ് ഇരിക്കാറ് എന്നു സഈദ് കളി പറഞ്ഞെങ്കിലും ഞാന്‍ കാറിന്റെ മുന്നില്‍ തന്നെയിരുന്നു-നഗരം മര്യാദക്ക് കാണാന്‍വേണ്ടി മാത്രം. അയ്യായിരം വര്‍ഷം പഴക്കമുള്ള അതിപുരാതന നഗരത്തെ മുറിച്ചുകടന്ന് ഞങ്ങളുടെ വാഹനം മുന്നോട്ടുപോയി. ചുറ്റുപാടും പഴമയുടെ അവശിഷ്ടങ്ങള്‍ ചെറുതായൊക്കെ കാണാം. രാത്രിയാണെങ്കിലും ചെറിയ വെളിച്ചം എല്ലായിടത്തുമുണ്ട്. റോഡ് നിറയെ വാഹനങ്ങളും. ഒരു ഉത്തരേന്ത്യന്‍ ഡ്രൈവറുടെ എല്ലാ അക്ഷമയും ഞങ്ങളുടെ ഡ്രൈവറിലും പ്രകടമായി.
ഏകദേശം ഒരുമണിക്കൂര്‍ സഞ്ചരിച്ചപ്പോള്‍ ഹൃദയത്തില്‍ സന്തോഷത്തിന്റെ പെരുമഴപ്പെയ്ത്തായി ആ ബോര്‍ഡ് ഞങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. മദീനത്തുല്‍ ബുഊസ് അല്‍ ഇസ്‌ലാമിയ്യ. അല്‍ അസ്ഹറിന്റെ വിദേശ വിദ്യാര്‍ഥികള്‍ക്കു മാത്രമായുള്ള അതിവിശാലമായ ഹോസ്റ്റല്‍ സമുച്ഛയങ്ങള്‍.

(തുടരും)

ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login