അസം ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ എന്ന അര്‍ധ ജുഡീഷ്യറി സംവിധാനത്തെക്കുറിച്ച് അസമിന് പുറത്തുള്ളവര്‍ക്കും ഇപ്പോള്‍ നന്നായി അറിയാം. ദേശീയ പൗരത്വപ്പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെട്ട് ഇന്ത്യന്‍ പൗരത്വം നിഷേധിക്കപ്പെടുന്നവര്‍ക്ക് നീതിതേടി മുട്ടാനുള്ള വാതിലാണത്. തങ്ങളുടെ മുന്നിലെത്തുന്ന അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ച് അവര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ആണോ എന്ന് വിധി കല്‍പിക്കാന്‍ അതിലെ അംഗങ്ങള്‍ക്ക് അധികാരമുണ്ട്.
രണ്ടു വര്‍ഷത്തോളം ഈ സമിതിയില്‍ അംഗമായിരുന്നു മാമോണി രാജ്കുമാരി എന്ന അഭിഭാഷക. പൗരത്വപ്പട്ടികയുടെ കോലാഹലങ്ങള്‍ക്കിടയില്‍ തന്റെ മുന്നിലെത്തുന്ന ആവലാതികള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാന്‍ രാപ്പകല്‍ കഷ്ടപ്പെട്ട രാജ്കുമാരിയെ ഒരു സുപ്രഭാതത്തില്‍ മേലധികാരികള്‍ പിരിച്ചുവിട്ടു. വേണ്ടത്ര മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചില്ല എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം. ‘അതൊരു ശിക്ഷയായിരുന്നു,’ ന്യൂയോര്‍ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ രാജ്കുമാരി പറഞ്ഞു. രാജ്കുമാരി ഉള്‍പ്പെടെ, വിദേശികളെ കണ്ടെത്താനുള്ള അസം ട്രിബ്യൂണലുകളില്‍ അംഗങ്ങളായിരുന്ന അഞ്ചുപേരോടാണ് ന്യൂയോര്‍ക് ടൈംസിനു വേണ്ടി കരണ്‍ദീപ് സിങ്ങും സുഹാസിനി രാജും സംസാരിച്ചത്. മുസ്ലിംകളെ വിദേശികളായി മുദ്രകുത്താന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് അവരെല്ലാം പറഞ്ഞു. അതില്‍ രാജ്കുമാരി ഉള്‍പ്പെടെ മൂന്നുപേര്‍ കരുതുന്നത്, ഈ ആവശ്യത്തിന് വഴങ്ങാതിരുന്നതുകൊണ്ടാണ് തങ്ങള്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടത് എന്നാണ്.
ഈ കൊവിഡ് കാലത്ത് ട്രിബ്യൂണല്‍ വീണ്ടും വാര്‍ത്തയായി. അസം ഫോറിനേഴ്‌സ് ട്രിബ്യൂണലിലെ 12 അംഗങ്ങള്‍ ചേര്‍ന്ന് കൊവിഡ് വൈറസ് ബാധ തടയുന്നതിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് 60,000 രൂപ സംഭാവന ചെയ്തു. അവര്‍ നല്‍കിയ പണത്തിനൊപ്പം അസം ആരോഗ്യമന്ത്രിയ്ക്കുള്ള ഒരു കത്തുമുണ്ടായിരുന്നു. ‘ഈ പണം തബ്‌ലീഗി ജിഹാദികളെ സഹായിക്കാന്‍ ഉപയോഗിക്കരുത്,’ എന്ന ഉപാധിയാണ് ട്രിബ്യൂണല്‍ അംഗമായ കമലേഷ് കുമാര്‍ ഗുപ്തയുടെ ഒപ്പോടുകൂടിയ കത്തിലുണ്ടായിരുന്നത്. അസമിലെ ബക്‌സ ജില്ലാതല ട്രിബ്യൂണലിലെ അംഗമാണ് ഗുപ്ത. പ്രാദേശിക പത്രത്തില്‍ വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയും ചെയ്തപ്പോള്‍ ഗുപ്ത കത്ത് പിന്‍വലിച്ചെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനു വേണ്ടി അഭിഷേക് സാഹ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ഗുപ്ത കത്തെഴുതിയതെന്ന് സംഭാവന നല്‍കിയ മറ്റ് 11 പേര്‍ പറഞ്ഞിട്ടുമുണ്ട്. കത്ത് പിന്‍വലിച്ചെങ്കിലും തങ്ങളുടെ കൂറ് വെളിപ്പെടുത്താന്‍ ട്രിബ്യൂണല്‍ അംഗങ്ങള്‍ക്കു കഴിഞ്ഞു. പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്നിലെത്തുന്ന അപേക്ഷകളിന്‍മേല്‍ എന്തു നിലപാടായിരിക്കും അവര്‍ സ്വീകരിക്കുകയെന്ന് മുസ്ലിംവിരോധം നിറഞ്ഞുനില്‍ക്കുന്ന ഈ കത്ത് വെളിപ്പെടുത്തുന്നു.
മഹാമാരിയുടെ വ്യാപനത്തെ ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗി ജമാഅത്ത് സംഗമവുമായി കൂട്ടിയിണക്കുക വഴി ഇന്ത്യയില്‍ ഇസ്ലാം വിദ്വേഷ പ്രചാരണത്തിന്റെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയൂബ് ചൂണ്ടിക്കാണിക്കുന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച രാജ്യ വ്യാപക ലോക്ഡൗണ്‍ കൊവിഡ് വൈറസിന്റെ വ്യാപനത്തെ തടയാന്‍ സഹായിച്ചേക്കും. പക്ഷേ, ഇന്ത്യയിലെ ഇസ്ലാമോഫോബിയ വൈറസിനെ ചെറുക്കാന്‍ അതിനു കഴിയില്ല,’ ദ പ്രിന്റില്‍ പ്രിയ രമണി എഴുതുന്നു. ‘ഇന്ത്യയില്‍ മുസ്ലിമായി ജീവിക്കുന്നത് അല്ലെങ്കിലേ എളുപ്പമല്ല, അപ്പോഴാണ് കൊറോണ വൈറസിന്റെ വരവ്,’ ടൈം വാരികയില്‍ ബില്ലി പെരിഗോ എഴുതിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ടുതന്നെ ഇങ്ങനെയാണ്. ‘രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട പ്രതിസന്ധി ഘട്ടത്തില്‍പോലും മതത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ വിഭജിക്കാനാണ് ശ്രമം,’ എന്ന് ‘ഫോറിന്‍ പോളിസി’ മാഗസിനില്‍ രവി അഗര്‍വാള്‍ എഴുതുന്നു.
‘നമ്മളീ യുദ്ധത്തില്‍ ജയിക്കാന്‍ പോവുകയായിരുന്നു, അപ്പോഴാണ് അതിനെ പരാജയപ്പെടുത്താന്‍ ആവുന്നതെല്ലാം അവര്‍ ചെയ്തത്,’ റിപ്പബ്ലിക് ടി.വിയുടെ പ്രൈം ടൈം ഡിബേറ്റില്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമി അലറി. നമ്മള്‍ എന്നു പറഞ്ഞാല്‍ ഇന്ത്യ. അവര്‍ എന്നു പറയുന്നത് തബ് ലീഗ് ജമാഅത്ത്. എന്നാല്‍, ഗോസ്വാമി യഥാര്‍ഥത്തില്‍ ഞങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ത്യയിലെ 110 കോടിവരുന്ന ഹിന്ദു സമൂഹത്തെയാണെന്നും അവര്‍ എന്നുവിളിച്ച് അപരവത്കരിക്കുന്നത് ഇരുപതു കോടി മുസ്ലിംകളെയാണെന്നുമാണ് അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടികള്‍ പതിവായി കാണുന്നവര്‍ മനസ്സിലാക്കുകയെന്ന് ‘ഫോറിന്‍ പോളിസി’യിലെ റിപ്പോര്‍ട്ടില്‍ രവി അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതിനു ശേഷം വിവിധ മതസ്ഥര്‍ നടത്തിയ അസംഖ്യം സംഗമങ്ങളില്‍ ഒന്നുമാത്രമാണ് തബ് ലീഗ് ജമാഅത്തിന്റേത്. എന്നാല്‍, അവര്‍ മാത്രമേ എന്ന രീതിയിലാണ് പ്രചാരണം. ‘കൊറോണ വൈറസ് വ്യാപനമെന്ന വിഷയത്തിലേക്ക് ഇസ്ലാമോഫോബിയയെ തിരുകിക്കയറ്റിക്കഴിഞ്ഞു,’ ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസറായ അമീര്‍ അലി വ്യക്തമാക്കുന്നു.
മാര്‍ച്ച് 28നു ശേഷം അഞ്ചു ദിവസത്തിനിടെ കൊറോണ ജിഹാദ് എന്ന ഹാഷ് ടാഗ് ടിറ്ററില്‍ 300,000 തവണ പ്രത്യക്ഷപ്പെട്ടതായി ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ‘ഇക്വാലിറ്റി ലാബ്‌സി’-ന്റെ കണക്കില്‍ പറയുന്നു. 16.5 കോടിയാളുകളാണത് കണ്ടത്. ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തബ്‌ലീഗ് സമ്മേളനം താലിബാനി കുറ്റമാണെന്നാണ് മോഡി മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്്വിപറഞ്ഞത്. തബ് ലീഗ് കൊവിഡ് കേരളത്തിലും എന്ന് മനോരമ ന്യൂസ്, 24 ന്യൂസ് ചാനലുകളില്‍ തലക്കെട്ടുവന്നു. കൊറോണ വൈറസിന്റെ ചിത്രമുള്ള നിസ്‌കാരത്തൊപ്പിയും മുഖംമൂടിയും വരച്ച് ഇന്ത്യാ ടുഡേ ചാനല്‍ പോലും ഗ്രാഫിക്‌സ് പ്രസിദ്ധീകരിച്ചു. അതിന്റെ ഫലവുമുണ്ടായി. രാജസ്ഥാനിലെ സിക്രിയില്‍ മുസ്ലിമാണെന്ന കാരണത്താല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തബ്‌ലീഗ് ബന്ധമാരോപിച്ച് അയല്‍വാസികള്‍ ഒറ്റപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇസ്ലാം മതവിശ്വാസി ആത്മഹത്യ ചെയ്തു. ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയത്തുല്‍ ഉലമ ഇ ഹിന്ദിന് സുപ്രീംകോടതിയില്‍ പോകേണ്ടിവന്നു.
തബ്‌ലീഗ് സമ്മേളനം വഴിയുള്ള കൊറോണ വ്യാപനത്തിന്റെ വാര്‍ത്ത വന്നയുടന്‍ വര്‍ഗീയവിദ്വേഷമുയര്‍ത്തിവിടുന്ന വ്യാജ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതായി ‘ബസ്ഫീഡ്’ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്തരം അഞ്ചു വീഡിയോകളുടെ യാഥാര്‍ഥ്യം ‘ദ ലോജിക്കല്‍ ഇന്ത്യനി’ല്‍ അദിതി ചട്ടോപാധ്യായ തുറന്നുകാണിക്കുന്നുണ്ട്. കൊവിഡ് വൈറസ് പരത്താനായി ഒരു മുസ്ലിം വേഷധാരി മറ്റൊരാളുടെ മുഖത്ത് ഊതുന്നതിന്റെയും വേറൊരാള്‍ പൊലീസുകാരന്റെ മുഖത്ത് തുപ്പുന്നതിന്റെയും ഒരു സംഘമാളുകള്‍ പാത്രങ്ങള്‍ നക്കുന്നതിന്റെയും വിഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കൊറോണ വൈറസുമായി ഒരു ബന്ധവുമില്ലാത്ത, മാസങ്ങള്‍ക്കു മുമ്പെടുത്ത വീഡിയോകളായിരുന്നു അവയെന്ന് മനസ്സിലാക്കിയത് അവ കണ്ടവരില്‍ ചെറിയൊരു ശതമാനം മാത്രമായിരിക്കും. രോഗം പരത്തുന്നതിനായി പഴങ്ങളില്‍ ഉമിനീരു പുരട്ടുന്ന ഒരു വഴിയോരക്കച്ചവടക്കാരന്റെ വീഡിയോയായിരുന്നു മറ്റൊന്ന്. മധ്യപ്രദേശിലെ റെയ്‌സെന്‍ ജില്ലയില്‍ നിന്ന് ഇയാളെ അറസ്റ്റു ചെയ്തു. മനോദൗര്‍ബല്യമുള്ളയാളാണ് വീഡിയോയില്‍ കാണുന്ന തന്റെ പിതാവെന്ന് അറസ്റ്റിലായയാളുടെ മകള്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ സംസാരവിഷയമാവും മുമ്പ് ഫെബ്രുവരി 16-ന് ചിത്രീകരിച്ച ദൃശ്യമാണതെന്ന് ‘ദ ലോജിക്കല്‍ ഇന്ത്യന്‍’ വ്യക്തമാക്കുന്നു. റെയ്‌സെനില്‍ ഇതുവരെ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.
ഇത് ഇന്ത്യയിലെ മാത്രം സ്ഥിതിയല്ലെന്ന് ഹഫ്‌പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ റൊവൈദ അബ്ദല്‍ അസീസ് വ്യക്തമാക്കുന്നു. കൊവിഡ് ബാധയുടെ മറവില്‍ ഇസ്ലാം വിദ്വേഷം പ്രചരിപ്പിക്കാന്‍ തീവ്രവലതു സംഘടനകള്‍ ശ്രമിച്ച ഡസന്‍ കണക്കിന് സംഭവങ്ങള്‍ ബ്രിട്ടനിലെ കൗണ്ടര്‍ ടെററിസം പൊലീസ് അന്വേഷിക്കുകയാണ്. കൊവിഡ് ബാധ തടയാനുള്ള ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മനഃപൂര്‍വം ലംഘിക്കുകയാണ് മുസ്ലിംകളെന്ന് യു.കെയിലെ വെള്ളക്കാര്‍ പ്രത്യേകിച്ചു തെളിവൊന്നുമില്ലാതെ ആരോപിച്ചു. അമേരിക്കയില്‍ തീവ്രവലതു വിഭാഗങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴിയായിരുന്നു പ്രചാരണം. മഹാമാരി വ്യാപിക്കുന്നതോടെ എല്ലാ ക്രിസ്ത്യന്‍ പള്ളികളും അടച്ചിടുമെന്നും എന്നാല്‍ മുസ്ലിം പള്ളികള്‍ തുറക്കാന്‍ അനുമതി ലഭിക്കും എന്നുമായിരുന്നൂ പ്രചാരണം. അപര വിദ്വേഷത്തിന്റെ പ്രചാരകര്‍ നേരത്തേയുള്ള വെറുപ്പ് പ്രചരിപ്പിക്കാന്‍ കൊവിഡ് മഹാമാരിയെ ഉപയോഗപ്പെടുത്തുകയായിരുന്നെന്ന് വ്യാജവാര്‍ത്തകളെപ്പറ്റി അന്വേഷിക്കുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് ന്യൂസിന്റെ യു.എസ്. ഡയരക്ടര്‍ ക്ലയര്‍ വാര്‍ഡ്‌ലേ പറയുന്നു. ഇന്ത്യയില്‍ സ്ഥിതി ഒന്നുകൂടി രൂക്ഷമാണെന്നു മാത്രം. ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലെ അണുബാധയാണ് മുസ്ലിംകള്‍ എന്ന ചിന്താഗതി കുറേക്കാലമായി ഇവിടെയുണ്ട്. കൊറോണ വൈറസിനെ മുസ്ലിംകളുമായി ചേര്‍ത്തുവായിക്കാനുള്ള ശ്രമം ആ പ്രതിഛായയുമായി ചേര്‍ന്നുനില്‍ക്കുന്നുണ്ട്- ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ പ്രൊഫസര്‍ അര്‍ജുന്‍ അപ്പാദുരൈ പറയുന്നു.
കെ സതീഷ്
You must be logged in to post a comment Login