ലോക ചരിത്രത്തിന് പുതിയ വിഭജനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. Before Christ എന്നതിനു പുറമേ BC ക്ക് Before Corona എന്നൊരു വ്യാഖ്യാനം കൂടെ വന്നു കഴിഞ്ഞു. കൊറോണാ കാലഘട്ടം, കൊറോണക്കു മുന്‍പ്, ശേഷം (DC, BC, AC) എന്നിങ്ങനെ ഒരു കാല നിര്‍ണയം കൂടെ ഇനി നമുക്കിടയില്‍ പരിചിതമായിത്തീരും. കൊവിഡ് 19 നു മുമ്പുള്ള അവസ്ഥയില്‍ നിന്നും ലോക രാജ്യങ്ങള്‍ക്കു മുഴുവനും ഇനി സമൂലമായ മാറ്റങ്ങള്‍ സംഭവിക്കും എന്നതു തീര്‍ച്ചയാണ്. അതില്‍ ഏറെക്കുറെ ഉറപ്പുള്ള ഒരു പ്രതിഭാസമാണ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി.
ആഗോളവിപണിയിലെ വിതരണത്തിലുണ്ടായ തടസ്സങ്ങള്‍ (Supply Chain Crisis) രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചേക്കും. ഓഹരിവിപണിയിലും മാന്ദ്യത്തിന്റെ പരിണിതഫലങ്ങള്‍ കാണാം. സെന്‍സെക്‌സ്, നിഫ്റ്റിയിലെ ഓഹരി സൂചിക പല ഘട്ടങ്ങളിലായി താഴോട്ടുപോയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍, ഭാവിയില്‍ ഓഹരി സൂചിക മുകളിലേക്കുയരാനുള്ള സാധ്യത കണക്കിലെടുത്ത് ഓഹരി വിപണിയിലേക്ക് കണ്ണ് വെക്കുന്ന പലരുമുണ്ട്. മാത്രവുമല്ല, ക്വാറന്റൈന്‍ സമയമായത് കൊണ്ട് തന്നെ, ഓഹരി വിപണിയിലെ മറ്റു വാണിജ്യ സാധ്യതകള്‍ അന്വേഷിക്കുന്നവരുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇസ്ലാമിലെ ഷെയര്‍ മാര്‍ക്കറ്റിങ് സംവിധാനത്തെ കുറിച്ചും, നിലവിലെ ഓഹരി വിപണിയിലെ സാധ്യതകളെ കുറിച്ചും ചര്‍ച്ച ചെയ്യല്‍ അനിവാര്യമാണെന്നു തോന്നുന്നു. പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഈ ലക്കത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇസ്ലാമും കൂറ് കച്ചവടവും
കൂറ് കച്ചവടത്തെ (Share Business) ഏറെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്ലാം. വലിയ കച്ചവടങ്ങള്‍ നടത്താന്‍ ഒരുപാടാളുകളുടെ ധനവും അധ്വാനവും വേണ്ടി വരും. ഒരുപാടാളുകള്‍ ചേര്‍ന്നു നടത്തുന്ന കച്ചവടമായതുകൊണ്ട് വഞ്ചനയുണ്ടാകാനുള്ള സാധ്യതയും അതില്‍ കൂടുതലാണ്. അതുകൊണ്ട് തന്നെ കൂറ് കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ പൂര്‍ണമായും അനുസരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഖുദ്‌സിയ്യായ ഹദീസില്‍ ഇത്തരം സാധ്യതകളെ നബി തങ്ങള്‍ പരിചയപ്പെടുത്തിയതായി കാണാം. നബി തങ്ങള്‍ പറഞ്ഞു: ‘അല്ലാഹു പറയുന്നു: രണ്ട് പങ്കാളികള്‍ക്കിടയില്‍ വഞ്ചനയില്ലാത്ത കാലത്തോളം ഞാനവരോടൊപ്പം മൂന്നാമതൊരാളായി ഉണ്ടാകും. അവര്‍ പരസ്പരം വഞ്ചിക്കുന്ന സമയം, ഞാന്‍ അവരില്‍ നിന്നും പുറത്തു പോവുകയും ചെയ്യും’. ഇവിടെ അല്ലാഹുവിന്റെ പങ്കാളിത്തം കൊണ്ടുള്ള ഉദ്ദേശ്യം അവന്റെ അനുഗ്രഹമാണെന്ന് ഇമാം ഇബ്‌നു ഹജര്‍ (റ) തുഹ്ഫയില്‍ പറയുന്നുണ്ട് (282-283/5). നിബന്ധനകള്‍ പാലിച്ച് നടത്തുന്ന കൂറ് കച്ചവടത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകുമെന്ന് ചുരുക്കം.
മൂന്നുതരം കൂറ് കച്ചവടങ്ങളാണ് ഇസ്ലാമിലുള്ളത്. ആധുനിക സമ്പദ് വ്യവസ്ഥയില്‍ നാം അവയെ വ്യത്യസ്ത പേരിട്ട് വിളിക്കുമെങ്കിലും അവയെ മൂന്ന് ഇനങ്ങളായി തിരിക്കാം.
1. ശിര്‍കത്ത് (കൂറ് കച്ചവടം)
കൂറ് കച്ചവടത്തില്‍ വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാല് മദ്ഹബുകളിലും സ്വീകാര്യമായ ഇനം ശിര്‍കത്ത് ഇനാനാണ്. രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ പണമിറക്കുകയും ഒരുമിച്ച് കച്ചവടം നടത്തുകയും ചെയ്യുന്ന രൂപമാണിത് (തുഹ്ഫ-283/5). ഇവിടെ, നിക്ഷേപിച്ച വിഹിതമനുസരിച്ചാണ് ലാഭവും നഷ്ടവും കണക്കാക്കേണ്ടത്. മാത്രവുമല്ല, നിക്ഷേപിച്ച ആളുകള്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സമയത്ത് കച്ചവടത്തില്‍ നിന്നും പുറത്തു പോകാനുള്ള അവകാശവുമുണ്ടാകും (തുഹ്ഫ 290/5).
2. ഖിറാള് (നിക്ഷേപം)
ഒരു കച്ചവടത്തിലേക്ക് നേരിട്ട് ഭാഗവാക്കാകാതെ പണം മാത്രം നല്‍കുന്ന ഇടപാടാണ് ഖിറാള്. ഇവിടെ പണം ഒരാളുടേത് മാത്രമാണ്. ജോലി മറ്റൊരാളുടേതും. ചില ഘട്ടങ്ങളില്‍ ആളുകളുടെ കയ്യില്‍ പണമുണ്ടെങ്കിലും കച്ചവടം നടത്താനുള്ള ആരോഗ്യമുണ്ടായിക്കൊള്ളണമെന്നില്ല. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് കച്ചവടം നടത്താനുള്ള പണം ഇല്ലാതെയും വരും. ഈയൊരു പ്രശ്‌നം പരിഹരിക്കാന്‍ ‘ഖിറാളി’ ലൂടെ സാധിക്കുന്നതാണ്. മതം പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടപാടല്ല ഖിറാള്‍. മറിച്ച്, ഇത്തരം ബുദ്ധിമുട്ടുകളെ പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ഇസ്ലാം ഖിറാളിനെ അനുവദിച്ചിട്ടുള്ളത്. ഇവിടെ ലാഭ വിഹിതമാണ് നിശ്ചയിക്കേണ്ടത്. ഇന്ന് നടന്നുവരുന്ന പല നിക്ഷേപ രൂപങ്ങളിലും, തിരിച്ചു ലഭിക്കുന്നത് നിശ്ചിത വരുമാനമോ നിക്ഷേപത്തിന്റെ ഇത്ര ശതമാനമോ ആണെന്ന് നേരത്തേ പറയാറുണ്ട്. ഇത് തെറ്റായ ഖിറാളാണ്.
3. ശിര്‍കത്തും ഖിറാളും
കൂറ് കച്ചവടം വികസിപ്പിക്കാന്‍ വേണ്ടി ജനങ്ങളുടെ കയ്യില്‍ നിന്നും കൂടുതല്‍ പണം ആവശ്യമായി വരും. പ്രസ്തുത സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ കച്ചവടം തുടങ്ങിയ വ്യക്തികള്‍ തമ്മില്‍ ശിര്‍കത്തും പുതിയ നിക്ഷേപകരുമായുള്ള ഇടപാട് ഖിറാളുമാകും. ഇത്തരം അവസരങ്ങളില്‍ നേരത്തെ തീരുമാനിച്ച ശതമാനക്കണക്കനുസരിച്ച് രണ്ട് ഇടപാടും തീര്‍പ്പാക്കുകയാണ് വേണ്ടത് (ഫതാവല്‍ കുബ്റാ-3/27).
ധന സമ്പാദന മാര്‍ഗങ്ങളില്‍ ഏറ്റവും ഉത്കൃഷ്ടമായി കണക്കാക്കപ്പെടുന്നത് കൈത്തൊഴിലാണ്. അധ്വാനിച്ച് നേടുന്ന സമ്പത്താണത്. മുകളില്‍ പറഞ്ഞ മൂന്ന് ഇനങ്ങളില്‍, അധ്വാനമേറിയത് ശിര്‍കത് ഇടപാടാണ് എന്നതിനാല്‍ അതാണ് ഏറ്റവും ഉല്‍കൃ ഷ്ടമായത്. നമ്മുടെ അധ്വാനം, പണം കാരണത്താല്‍ മൂല്യമുള്ള ഒരു ആസ്തിയോ ഉത്പന്നമോ നിര്‍മിക്കപ്പെടുന്നുണ്ടെങ്കില്‍ അതിലൂടെ ലഭിക്കുന്ന പണം റിയലിസ്റ്റിക്കാണെന്നാണ് സാമ്പത്തികവശം. ഈ നിര്‍മാണത്തിന് കാരണക്കാരായ വ്യക്തികള്‍ക്ക് തന്നെ അതിന്റെ ലാഭം കിട്ടേണ്ടതുമുണ്ട്. ഈയൊരു സൈദ്ധാന്തിക അടിത്തറയെ അടിസ്ഥാനമാക്കിയാണ് ഇസ്ലാം അതിന്റെ ഷെയര്‍ ബിസിനസ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നു പറഞ്ഞാല്‍ അതൊരു തെറ്റാകില്ല. അതുകൊണ്ടൊക്കെയാണ് വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ ഇസ്ലാമികയിടങ്ങളില്‍ കുറവായത്.
ഓഹരി വിപണി: ഒരു ആമുഖം
വലിയ നിക്ഷേപം ആവശ്യമായ വ്യവസായ പദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്നത് ഇക്കാലത്ത് ഒരു ശ്രമകരമായ ദൗത്യമാണ്. 500 കോടി രൂപയുടെ പദ്ധതി മുന്നിലുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം, കയ്യില്‍ 250 കോടി രൂപ മാത്രമാണുള്ളതെങ്കില്‍ ബാക്കി 250 കോടിയും നേരിട്ട് ജനങ്ങളുടെ കയ്യില്‍ നിന്ന് സംഭരിക്കുക എന്നത് പ്രയാസകരമാണ്. ഇനി, ഒരു കച്ചവടം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, സ്ഥാപനത്തിന്റെ വിപുലീകരണത്തിന് വേണ്ടി പണം കണ്ടെത്തുക എന്നതും ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഏറെ ഉപകാരമുള്ള ഒരു ഇടമാണ് ഓഹരി വിപണി. Publicly Listed ആയ കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഇടമാണ് ഓഹരിവിപണി. രാജ്യത്ത് ഏറ്റവും മികവ് പുലര്‍ത്തുന്ന കമ്പനിയുടെ ഓഹരി സ്വീകരിക്കാന്‍ പോലും ഓഹരി വിപണിയിലൂടെ സാധ്യമാണ്.
മാര്‍ക്കറ്റിംഗ് സംവിധാനങ്ങളെ പ്രൈമറി, സെക്കണ്ടറി എന്നു വിഭജിക്കാം. കമ്പനിയുടെ ഓഹരികള്‍ പ്രാഥമികമായി വില്‍ക്കപ്പെടുന്ന ഇടത്തിന് പ്രൈമറി മാര്‍ക്കറ്റ് എന്നും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം നടക്കുന്ന പരസ്പര ഇടപാടുകള്‍ നിയന്ത്രിക്കുന്ന വിപണിയെ സെക്കണ്ടറി മാര്‍ക്കറ്റ് എന്നും പറയും.
ഓഹരിവിപണിയെ, അതിന്റെ സാമ്പത്തിക ഉപകരണങ്ങള്‍ അടിസ്ഥാനമാക്കി, രണ്ടായി തിരിക്കാം. നിലവിലെ വിലക്കനുസരിച്ച് Equity ഷെയറുകള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വിപണിയെ ഇക്വിറ്റി മാര്‍ക്കറ്റ് (Equity Market) എന്നും ഡെറിവേറ്റീവുകള്‍ വില്‍ക്കപ്പെടുന്ന വിപണിയെ ഡെറിവേറ്റീവ് മാര്‍ക്കറ്റ് (Derivative Market) എന്നും പറയും (കൂടുതല്‍ വിശദീകരണം ഡെറിവേറ്റീവുകള്‍ ചര്‍ച്ചചെയ്യുന്ന അവസരത്തില്‍ പറയാം). ഇക്വിറ്റി മാര്‍ക്കറ്റിലെ ഉപകരണങ്ങളെ വീണ്ടും രണ്ടായി തിരിക്കാം.
1. ദീര്‍ഘകാല നിക്ഷേപങ്ങള്‍ (Long Term Investment)
2. ഹ്രസ്വകാല നിക്ഷേപങ്ങള്‍ (Short Term Investment)
ദീര്‍ഘകാല നിക്ഷേപങ്ങള്‍
(Long Term Investment)
ഓഹരി വാങ്ങുന്നതിലൂടെ, കമ്പനിയുടെ ലാഭത്തില്‍ (Dividend) നിന്നും ലഭിക്കുന്ന വിഹിതമാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അതിന് ദീര്‍ഘകാല നിക്ഷേപങ്ങളാണ് സ്വീകരിക്കേണ്ടത്. അത് നമുക്ക് വേണ്ടത്ര വര്‍ഷം കയ്യില്‍ വെക്കാവുന്നതാണ്. ഇത്തരം ഇടപാടുകളുടെ കര്‍മശാസ്ത്ര വായനയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. കമ്പനിയുടെ ഇടപാടുകളിലെ സ്വീകാര്യത: പൂര്‍ണമായും ഇസ്ലാമിക നിയമങ്ങളനുസരിച്ചു കൊണ്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ ഓഹരി സ്വീകരിക്കാവുന്നതാണ്. കമ്പനിയുടെ ഉത്പന്നം, സാമ്പത്തിക സ്രോതസ്സ്, ലഭിക്കുന്ന വരുമാനം എന്നീ മൂന്ന് മേഖലകളിലും അനുവദനീയമായ മാര്‍ഗങ്ങള്‍ മാത്രമായിരിക്കണം കമ്പനി സ്വീകരിക്കുന്നത്. കള്ള്, കഞ്ചാവ് തുടങ്ങിയ മതം വിലക്കിയ ഉത്പന്നങ്ങള്‍ കച്ചവട വസ്തുക്കളില്‍ ഉണ്ടാകാന്‍ പാടില്ല. മൂലധന സ്വരൂപണത്തിന് വേണ്ടി പലിശ വരുന്ന വായ്പാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ലഭിക്കുന്ന വരുമാനവും പലിശയില്‍ നിന്നും മുക്തമാകേണ്ടതുണ്ട്.
ഇന്ന് ഇന്ത്യയിലെ രണ്ട് ഓഹരി വിപണിയിലും ‘ശരീഅ ഓഹരികള്‍’ ലഭ്യമാണ്. അത്തരം ഓഹരികളുടെ ആധികാരികതയാണ് മറ്റൊരു വിഷയം. ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമല്ലാത്തതുകൊണ്ട് തന്നെ, പൂര്‍ണമായും മതത്തിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ധനമിടപാടുകള്‍ നടത്താന്‍ സാധിച്ചുകൊള്ളണമെന്നില്ല. മാത്രവുമല്ല, സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആനുകൂല്യങ്ങള്‍ (Subsidy) ബാങ്ക് വായ്പകള്‍ മുഖേനെ മാത്രമേ ലഭ്യമാവുകയുള്ളൂ. ഈയൊരു അനിവാര്യതയെ പരിഗണിച്ചുകൊണ്ട് ചില അതിരുകള്‍ (ഉദാഹരണത്തിന് 10 ശതമാനം വരെ പലിശവായ്പ) നിര്‍ണയിക്കുകയും അതിന്റെ താഴെ വരുന്ന കമ്പനികള്‍ Sharia Based കമ്പനിയായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ന് ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും പിന്തുടര്‍ന്നു വരുന്നത്. യു എസ്സിലെ Dow Jones ഓഹരി സൂചികയും, മലേഷ്യയിലെ Security and Exchange Commision ഉം പാകിസ്ഥാനിലെ മീസാനുമെല്ലാം ഇത്തരം അതിരുകള്‍ നിശ്ചയിച്ച് കൊണ്ടാണ് ശരീഅ ഓഹരികളെ കണക്കാക്കുന്നത്.
അനിവാര്യതയുടെ (ളറൂറത്ത്) ഘട്ടത്തില്‍ മാത്രമാണ് നിഷിദ്ധമായ കാര്യങ്ങള്‍ അനുവദിക്കപ്പെടുന്നത്. അതിന്റെ പരിധി മതം പഠിപ്പിക്കുന്നുണ്ട്. ളറൂറത്തിന്റെ മാനദണ്ഡം ഇമാം ജലാലുദ്ദീന്‍ സുയൂത്വി (റ) വിശദീകരിക്കുന്നു: ‘നിരോധിക്കപ്പെട്ടത് ഉപയോഗിച്ചില്ലെങ്കില്‍ മരിക്കുകയോ മരണത്തോട് അടുക്കുകയോ ചെയ്യുന്ന അവസ്ഥയെയാണ് ളറൂറത് അര്‍ഥമാക്കുന്നത്. ഒരു ബുദ്ധിമുട്ട് ഉണ്ടാവുക എന്നത് അനിവാര്യതയിലേക്ക് ചെന്നെത്തിക്കില്ല. അത് ആവശ്യം മാത്രമാണ്. അത് വിരോധിക്കപ്പെട്ടതിനെ അനുവദനീയമാക്കുകയുമില്ല’ (അല്‍ അശ്ബാഹ് വന്നളാഇര്‍-85).
ക്യാഷ് ലെസ് ഇക്കോണമിയിലേക്ക് ലോകം ചുവടുവെക്കുന്ന കാരണത്താല്‍, ബാങ്കുകള്‍ വഴിയല്ലാതെ നമുക്ക് ഇടപാടുകള്‍ നടത്താന്‍ സാധിച്ചു കൊള്ളണമെന്നില്ല. എന്നാല്‍, ചില ഘട്ടങ്ങളില്‍ shut down (അടച്ചു പൂട്ടുക) പോയിന്റിലേക്കെത്തുന്ന അവസ്ഥ കച്ചവട സ്ഥാപനങ്ങള്‍ക്കുണ്ടാവാറുണ്ട്. അതിനെ പെട്ടെന്നു തന്നെ വീണ്ടെടുക്കാന്‍ ബാങ്ക് വായ്പയെ ആശ്രയിക്കുന്ന ഒരു പതിവും വാണിജ്യ രംഗത്തുണ്ട്. ഇത് മുകളില്‍ പറഞ്ഞ അനിവാര്യതയാണോ എന്ന് മനസ്സിരുത്തി ചിന്തിക്കേണ്ട കാര്യമാണ്. ഒരു ബുദ്ധിമുട്ട് എന്നത് അനിവാര്യതയിലെത്തിക്കില്ലെന്ന് നേരത്തെ ഉദ്ധരിച്ചുവല്ലോ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലിശ വരുന്ന വായ്പാസംവിധാനങ്ങളിലൂടെയാണെങ്കില്‍, അത്തരം ആനുകൂല്യങ്ങള്‍ വേണ്ടെന്നു വെക്കണം. എന്നാല്‍, ബാങ്കുമായി പലിശേതര ഇടപാട് നടത്തുന്നതും, പണം കൈമാറാന്‍ വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതും തെറ്റായി കണക്കാക്കാന്‍ സാധിക്കുകയില്ല. ഇനി നമ്മുടെ ഉദ്ദേശ്യമില്ലാതെ വല്ല തുകയും പലിശയായി വന്നതാണെങ്കില്‍, അത് പൊതു നന്മക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്.
ഇത്തരത്തില്‍, മതത്തിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് ഓഹരി സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല. ഇന്ത്യന്‍ ഓഹരി വിപണികളില്‍ പോലും ചില അതിരുകളെ അടിസ്ഥാനപ്പെടുത്തിയാണ് ശരീഅ ഓഹരിയെ നിര്‍ണയിക്കുന്നത് എന്ന് വായിച്ചറിയാന്‍ സാധിച്ചു. ഇവിടെ കൃത്യമായി കമ്പനികളുടെ അക്കൗണ്ടിംഗ് രംഗം പരിശോധിച്ചതിന് ശേഷം മാത്രമാണ് ഓഹരി സ്വീകരിക്കേണ്ടത്. ഓഹരിവിപണി മുന്നോട്ടുവെക്കുന്ന ‘3 ശതമാനം വരെ പലിശ’ എന്ന് തുടങ്ങിയ അതിരുകള്‍ പലിശയെ കാലഘട്ടത്തിന്റെ അനിവാര്യതയായി കണക്കാക്കുകയും ചെറിയ ശതമാനം അനുവദിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത് ഇസ്ലാമികമായി അംഗീകരിക്കാന്‍ സാധിക്കുകയില്ല. ഇത്തരത്തിലുള്ള ആശയ വ്യതിയാനമാണ് 1400 കളില്‍, ക്രിസ്തുമതത്തിലുണ്ടായത്.
2. നമുക്ക് ലഭിക്കുന്ന വരുമാനം (Dividend) ലാഭ-നഷ്ടത്തെ അടിസ്ഥാനമാക്കിയാകണം :
നിശ്ചിത വരുമാനം ഓരോ വര്‍ഷവും ലഭിക്കുന്ന debenture പോലുള്ള ഉപകരണങ്ങള്‍ ഓഹരി വിപണിയില്‍ ലഭ്യമാണ്. ഇത്തരത്തില്‍ നിശ്ചിത ലാഭം ഈടാക്കുന്നത് വലിയ തെറ്റാണെന്നും, അത് മറ്റുള്ളവരില്‍ നിന്ന് പണം അപഹരിക്കുന്നതിന് തുല്യമാണെന്നും ഇമാം ഇബ്‌നു ഹജര്‍ (റ) ഫതാവല്‍ കുബ്‌റയില്‍ പറയുന്നുണ്ട്(3/111). ഇനി അത് കടമാണ് (ഖര്‍ള്) എന്ന് ഗണിക്കുകയാണെങ്കില്‍, അത് ഇസ്ലാം നിരോധിച്ച പലിശയിടപാടാകും. അതുകൊണ്ടുതന്നെ, ലാഭത്തെയും നഷ്ടത്തെയും അടിസ്ഥാനമാക്കി ഇത്ര ശതമാനമെന്ന് വരുമാനം കണക്കാക്കുന്ന ഇക്വിറ്റി ഷെയറുകള്‍ മാത്രമേ ഓഹരി വിപണിയില്‍ നിന്ന് നമുക്ക് അനുവദനീയമാവുകയുള്ളൂ.
3. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് വരുന്ന ചര്‍ച്ചകള്‍: കൂറ് കച്ചവടത്തില്‍ നമ്മുടെ വിഹിതം നമുക്ക് ഇഷ്ടമുള്ള സമയത്ത് പിന്‍വലിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, പ്രസ്തുത സമയത്ത് മറ്റു പങ്കാളികളോട് സമ്മതം ചോദിക്കല്‍ പുണ്യമുള്ള കാര്യമാണ്. പങ്കാളികളുടെ സമ്മതമില്ലാതെ വില്‍ക്കാന്‍ പാടില്ല എന്ന തിരുവചനം അതൊരു പുണ്യമുള്ള കാര്യമാണ് (സുന്നത്താണ്) എന്നറിയിക്കുന്നതാണെന്ന് ഇമാം നവവി (റ) ഈ ഹദീസിന്റെ വ്യഖ്യാനത്തില്‍ ‘ശറഹ് മുസ്ലിമില്‍’ പറയുന്നുണ്ട് (50\6).
നാം വാങ്ങുന്നത് എന്താണെന്നാണ് മറ്റൊരു ചര്‍ച്ച. കമ്പനിയുടെ ആസ്തിയാണ് വാങ്ങുന്നത് എന്ന് അനുമാനിക്കുമ്പോള്‍, അവിടെ ആസ്തിയില്‍, ലിക്വിഡിറ്റി അസറ്റായ പണവും ഉണ്ടാകാം. ശാഫിഈ മദ്ഹബ് പ്രകാരം, പണം പരസ്പരം കൈമാറ്റം ചെയ്യുമ്പോള്‍ പണത്തോടൊപ്പം പണമേതര ഉത്പന്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിയമമുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖമായ ‘മുദ്ദുന്‍ അജ് വാ’ നിയമപ്രകാരമാണ് അത് പാടില്ല എന്നു പറയുന്നത്. എന്നാല്‍ ഹനഫീ മദ്ഹബില്‍ ചില ഉപാധികളോടെയും മാലികീ മദ്ഹബില്‍ നിരുപാധികവും പ്രസ്തുത ഇടപാട് അനുവദനീയമാണ്. കമ്പനിയുടെ ആസ്തിയില്‍ പണവും ഉത്പന്നവുമുണ്ടാകുമല്ലോ. അതുകൊണ്ട് തന്നെ ഈയൊരു വ്യാഖ്യാന പ്രകാരം ശാഫിഈ മദ്ഹബില്‍ ഓഹരി വില്‍പന പാടില്ല എന്നാണു വരിക. പണത്തെയും ഉത്പന്നത്തെയും രണ്ടായി വില്‍ക്കുമ്പോള്‍ മാത്രമാണ് പ്രസ്തുത ഇടപാട് അനുവദനീയമാകുന്നത്.
മാത്രവുമല്ല, കമ്പനിയുടെ മൊത്തം ആസ്തിയില്‍ 51 ശതമാനം സ്ഥിരാസ്തി(illiquid asset) വേണമെന്ന് ശാഫിഈ മദ്ഹബില്‍ നിയമമുണ്ടെന്ന് മലയാളത്തിലടക്കം അച്ചടിച്ചുവന്നത് കണ്ടു. യഥാര്‍ത്ഥത്തില്‍ ആസ്തിയാണ് വില്‍ക്കുന്നതെന്ന് വെക്കുമ്പോള്‍, അവിടെ പണത്തോടൊപ്പം സ്ഥിരാസ്തിയുമുണ്ടെങ്കില്‍ നിരുപാധികം പറ്റില്ല എന്നാണ് ശാഫിഈ മദ്ഹബില്‍ ഉള്ളത്.
ഇവിടെ മറ്റൊരു സാധ്യത കൂടിയുണ്ട്. ഒരാള്‍ക്കുള്ള അവകാശത്തെ മറ്റൊരാളിലേക്ക് നീക്കം ചെയ്യുന്ന രൂപം ഇമാം ശര്‍വാനി (റ) ഹാശിയതു തുഹ്ഫയില്‍ പരിചയപ്പെടുത്തുന്നുണ്ട് (235\4). ഓഹരി വില്‍പ്പന കമ്പനിയുടെ നിശ്ചിത ശതമാനത്തോളം വരുന്ന അവകാശത്തിലാണ് എന്നു വെക്കുമ്പോള്‍, മുകളില്‍ പറഞ്ഞ പ്രശ്‌നം ഉടലെടുക്കുന്നില്ല. ശാഫിഈ മദ്ഹബ് പ്രകാരവും അത് അനുവദനീയമാകും.
ദീര്‍ഘ കാല നിക്ഷേപങ്ങള്‍ (Long Term Investment) സ്വീകരിക്കുമ്പോള്‍ ഉപര്യുക്ത കര്‍മശാസ്ത്ര വശങ്ങള്‍ കൂടെ മനസ്സിലാക്കിയതിന് ശേഷം മാത്രമാണ് നാം ഇടപെടേണ്ടത്. ഹ്രസ്വകാല നിക്ഷേപത്തെ കുറിച്ചും ഡെറിവേറ്റീവ് മാര്‍ക്കറ്റിനെ കുറിച്ചും വരും ലക്കങ്ങളില്‍ സംസാരിക്കാം. ഹലാലായ മാര്‍ഗങ്ങളിലൂടെ മാത്രം ധനം സമ്പാദിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. തെറ്റായ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ധനം കൊണ്ട് നാം ഉപഭോഗം നടത്തുമ്പോള്‍ അത് നമ്മുടെ സ്വഭാവത്തെയും ആത്മീയ ചൈതന്യത്തെയും സാരമായി ബാധിക്കുമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നുണ്ട്.
സി എം ശഫീഖ് നൂറാനി
You must be logged in to post a comment Login