മഹാവ്യാധികള്‍ വിശ്വാസിയെ ഭയപ്പെടുത്തില്ല

മഹാവ്യാധികള്‍ വിശ്വാസിയെ ഭയപ്പെടുത്തില്ല

 

ലോകം മുഴുവന്‍ ഇപ്പോള്‍ ഉപവാസത്തിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുതലാളിത്ത വ്യവസ്ഥിതി കെട്ടു പോയിരിക്കുന്നു, റമളാന്‍ വ്രതത്തിനെപറ്റിയുള്ള ഹദീസില്‍ പറയുന്നത് പോലെ പിശാചിനെ ചങ്ങലകളില്‍ തളച്ചിരിക്കുന്നു. അതീവ ജാഗരൂകരായ ഉപഭോക്താക്കള്‍ നല്ല വസ്തുക്കള്‍ക്ക് പകരം അതിജീവനത്തിലാണ് ശ്രദ്ധയൂന്നുന്നത്. കാണുന്നതൊക്കെ വലിച്ചു വാരി തിന്നുന്ന ശീലം അയുക്തിയാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രധാനമന്ത്രി നാട്ടിലെ പുസ്തകശാലകള്‍ അടക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. അതേസമയം മദ്യശാലകള്‍ ഇവിടെ തുറന്നിട്ടിരിക്കുന്നു. മദ്യശാലകള്‍ക്ക് മുമ്പിലും ആള്‍ പെരുമാറ്റം നന്നേ കുറവ്. അധികപേരും വിനയശീലമുള്ളവരും ശ്രദ്ധാലുക്കളുമായി തീര്‍ന്നിരിക്കുന്നു. നഗരത്തിലുള്ളവരെല്ലാം നിയന്ത്രണ വിധേയരായിരിക്കുന്നു എന്നതാണ് സത്യം.
ഈയൊരു അവസ്ഥ പലര്‍ക്കും പലരീതിയിലാണ് അനുഭവപ്പെടുന്നത്. പ്രായമായവര്‍ തന്റെ ഒരു തുമ്മല്‍ പോലും ഭയാനകമായ മരണത്തിലേക്ക് കൊണ്ടെത്തിച്ചേക്കാം എന്ന ഭയത്തിലാണ്. യുവാക്കളാകട്ടെ തങ്ങള്‍ക്കിതൊന്നും ബാധിക്കില്ലെന്ന മട്ടില്‍ കൂട്ടം കൂടിയിരുന്ന് ചിരിക്കുന്നു. അവര്‍ അപായസൂചനകള്‍ വകവെക്കാതെ ബസുകള്‍ കാത്തുനില്‍ക്കുന്നു. അവരെല്ലാം തങ്ങള്‍ അനശ്വരരാണെന്ന ആത്മവിശ്വാസത്തിലാണ്; അടുത്ത വര്‍ഷം അവരവിടെ ബസ് കാത്തുനില്‍ക്കുമോയെന്ന് അവര്‍ക്ക് തന്നെ ഉറപ്പില്ലെങ്കിലും.
ഉദ്വേഗഭരിതമാണിപ്പോള്‍ നമ്മുടെ ജീവിതം. ലോകത്ത് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധി രൂപം കൊണ്ടിരിക്കുന്നു. നമുക്ക് ചിന്തിച്ച് സ്വയം പുതിയൊരു ജീവിതം തുടങ്ങാനുള്ള സുവര്‍ണാവസരമാണിത് . അതിന് മുന്നോടിയായി നാം ഈ രോഗത്തില്‍ നിന്നും അതോടൊപ്പം വിദ്വേഷം പരത്തുന്ന മാധ്യമങ്ങളില്‍ നിന്നും അകന്നുനില്‍ക്കണം. രാഷ്ട്രീയ മുതലെടുപ്പുകളില്‍ നിന്നും നാം അകലം പാലിക്കേണ്ടതുണ്ട്. വീടിന്റെ തുറന്നു കിടക്കുന്ന ജനാല വഴി ഒഴിഞ്ഞുകിടക്കുന്ന തെരുവുകളെ നോക്കി നാം ചിന്തിക്കണം, സര്‍വശക്തന്‍ ഇതു കൊണ്ട് എന്തായിരിക്കും ഉദ്ദേശിക്കുന്നത് എന്ന്. യുക്തിവാദികള്‍ പോലും ആശങ്കാകുലരായി മാറിയിരിക്കുന്നു. നമ്മള്‍ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും നശിപ്പിച്ചുകഴിഞ്ഞ് ചന്ദ്രനിലേക്ക് നടക്കുകയായിരുന്നു. ആവാസവ്യവസ്ഥ നശിക്കുമ്പോള്‍ മറ്റു ജീവജാലങ്ങള്‍ നമ്മില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു.
മാനുഷിക പരിപ്രേക്ഷ്യത്തിലൂടെ നോക്കുകയാണെങ്കില്‍ കൊവിഡ്19 ലോകഘടനയെ മാറ്റിമറിക്കുന്ന ഒരു അണുബാധ മാത്രമാണ്. എന്നാല്‍ സാമൂഹിക പരിപ്രേക്ഷ്യത്തിലൂടെ നോക്കുകയാണെങ്കില്‍ അത് മനുഷ്യരാശിക്കാകമാനം നഷ്ടങ്ങള്‍ വിധിക്കുന്ന ഒരു മാരകരോഗമാണ്. നാം ജീവിക്കുന്ന ഭൂമി അടക്കം ഇവിടെ ഉള്ള മുഴുവന്‍ ആവാസവ്യവസ്ഥയും നശിപ്പിക്കാന്‍ കെല്‍പ്പുള്ള വൈറസുകളാണവ. മനുഷ്യകുലത്തിന്റെ അതിരുകടന്ന കയ്യേറ്റങ്ങളും മറ്റും പ്രകൃതിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അതിന് മറ്റൊരു തരത്തില്‍ തിരിച്ചടി നല്‍കുകയാണ് പ്രകൃതി ഇപ്പോള്‍. നഗ്നനേത്രം കൊണ്ട് കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള വൈറസുകള്‍, മനുഷ്യന് ശ്വസനം പോലും ബുദ്ധിമുട്ടാക്കുകയാണ്.
ആണവായുധ കോപ്പുകള്‍ക്ക് പേരുകേട്ട പുട്ടിനും ട്രമ്പും കൊവിഡ് 19 നു മുന്നില്‍ കാലിടറി വീഴുന്നു. ശ്വാസനിശ്വാസങ്ങളില്‍ ഓരോരുത്തരും വളരെ ശ്രദ്ധാലുക്കളാണ്. കാഴ്ചയില്‍ പോലുമില്ലാത്ത ചെറിയ ഒരു ശത്രു നമ്മുടെ രാജ്യങ്ങളെ തോല്‍പിച്ചുകൊണ്ടിരിക്കുന്നു, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. നശ്വരമായ ലോകത്തോടുള്ള ആര്‍ത്തി കുറക്കാനും ഇഹലോകത്തേക്ക് സ്വരുക്കൂട്ടിവെക്കാനും നമ്മെ പഠിപ്പിച്ച പ്രവാചകര്‍ ജനിച്ചത് ആനക്കലഹ വര്‍ഷത്തിലാണ്. ആ കാലത്തെ സ്വേച്ഛാധിപതിയായ അബ്റഹത്തിനെ പരാമര്‍ശിക്കുന്ന അധ്യായത്തില്‍ അയാള്‍ ദൈവിക നിശ്ചയങ്ങള്‍ക്കെതിരു പ്രവര്‍ത്തിച്ചതായി പറയുന്നുണ്ട്. അബ്റഹത്തിനും കൂട്ടര്‍ക്കും ഇറങ്ങിയ ശിക്ഷയെ വിശദീകരിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ അവരെ ബാധിച്ച ഒരു മാരകമായ അസുഖത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ ദേഹത്തിലെ ഇറച്ചി ചീഞ്ഞളിയുന്ന, ശരീരമാസകലം പൊട്ടിയൊലിക്കുന്ന മാരകമായ ഒരു രോഗം. അതൊരു ഭയാനകമായ അവസ്തയാണ്.
അല്ലാഹു പാവപ്പെട്ടവരുടെയും അശരണരുടെയും കൂടെയാണെന്ന് ഖുര്‍ആന്‍ പറയുന്നു. പൂഴ്ത്തിവെപ്പിനെതിരെയും ഗര്‍വിനെതിരെയുമുള്ള പ്രവാചക പാഠങ്ങള്‍ ഉദ്ധരിക്കുക വഴി ഖുര്‍ആന്‍ നമ്മെ നിരന്തരം ബോധവന്മാരാക്കുന്നുണ്ട്. സകാത് സംവിധാനം, സ്വത്ത് പിന്തുടര്‍ച്ച നിയമം വഴി ഇസ്ലാമിക ശരീഅത്ത് സമ്പത്തും വിഭവങ്ങളും എല്ലാവരിലേക്കും എത്തിക്കലാണ് ലക്ഷ്യം വെക്കുന്നത്. ലോകത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വം നിറഞ്ഞ ഹോമോ എക്കണോമിക്‌സിന് ഒരുത്തമ ബദല്‍ കൂടിയാണ് ഇസ്ലാമിക ശരീഅത്തിലെ ഈ നിയമങ്ങള്‍.
നംറൂദിനെതിരെ ഇബ്‌റാഹീം നബി നടത്തിയ സമരത്തെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു: ‘ഇബ്‌റാഹിമിനോട് തന്റെ നാഥന്റെ കാര്യത്തെ പറ്റി തര്‍ക്കിച്ചവനെ നിങ്ങള്‍ കണ്ടതല്ലേ, അല്ലാഹു അവന് അധികാരം നല്‍കിയതിനാലാണ് അവന്‍ അതിന് മുതിര്‍ന്നത്. ഇബ്‌റാഹിം നബി എന്റെ സ്രഷ്ടാവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് എന്ന് പറഞ്ഞപ്പോള്‍ നംറൂദ് പറഞ്ഞത് താനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും എന്നാണ്. തല്‍ക്ഷണം തന്റെ അധികാരം വിനിയോഗിച്ച് രണ്ടു പ്രജകളെ കൊണ്ടുവരികയും ഒരാളെ തൂക്കിലേറ്റുകയും മറ്റൊരാളെ വെറുതെ വിടുകയും ചെയ്യുക വഴി തനിക്കും ദൈവിക ശക്തി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ഇബ്‌റാഹിം നബി എന്റെ സ്രഷ്ടാവ് സൂര്യനെ കിഴക്കുനിന്നാണ് ഉദിപ്പിക്കുന്നത് നീയതിനെ പടിഞ്ഞാറു നിന്നും കൊണ്ടുവരിക എന്നു വെല്ലുവിളിച്ചു. സത്യനിഷേധിയായ നംറൂദിന് ഉത്തരം മുട്ടി’. നംറൂദിന്റെ പ്രജകളായ ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടണമെങ്കില്‍ നംറൂദ് ആണ് ദൈവം എന്ന് ശപഥം ചെയ്യണമായിരുന്നു എന്ന് ഖുര്‍ആന്‍ വ്യാഖ്യാനിച്ച പണ്ഡിതന്മാര്‍ വിവരിക്കുന്നുണ്ട്. ഇബ്രാഹിം നബി അയാളുടെ അടുത്ത് എത്തുകയും, ശപഥത്തിനുള്ള ആവശ്യം ഉന്നയിച്ചപ്പോഴാണ് ഇബ്‌റാഹിം നബി എന്റെ സ്രഷ്ടാവാണ് ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് എന്ന ഉത്തരം നല്‍കിയത്. നംറൂദിന്റെ കൊട്ടാരത്തില്‍ നിന്നും തല്‍ക്ഷണം ആട്ടിയോടിക്കപ്പെട്ട ഇബ്‌റാഹിം നബി ഭക്ഷണത്തിനായുള്ള ചാക്കില്‍ മണ്ണ് നിറച്ചാണ് തിരിച്ചുപോയത്. ഒരുവേള ഭക്ഷണം കാത്തുനില്‍ക്കുന്ന തന്റെ കുടുംബാംഗങ്ങള്‍ക്ക് സമാധാനം കിട്ടട്ടെ എന്നാണ് നബി കരുതിയത്. കുറച്ചു കഴിഞ്ഞു നബി ഉറക്കത്തിലേക്ക് വഴുതിവീണ നേരത്ത് ഭാര്യ സാറ ബീവി വന്നു ചാക്ക് പരിശോധിക്കുമ്പോള്‍ മണ്ണ് മുഴുവന്‍ ധാന്യമായി മാറിയ അത്ഭുതകാഴ്ചയുണ്ടായി. നംറൂദിന്റെ കാര്യത്തില്‍ ചരിത്രകാരന്മാര്‍ പറയുന്നത്, അയാളുടെ മൂക്കിലേക്ക് ചെറിയ ഒരു പ്രാണി കയറുകയും കടിക്കുകയും ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അയാള്‍ അസഹ്യമായ വേദന മൂലം കൊട്ടാരത്തിന്റെ ഭിത്തികളില്‍ തലയടിച്ചു കരയുകയും വര്‍ഷങ്ങളോളം വേദന അനുഭവിച്ചശേഷം മരിക്കുകയാണുണ്ടായത്.
ഭൂമിയില്‍ അഹങ്കരിച്ചു നടക്കുന്ന ഏത് വലിയ മനുഷ്യനായാലും ചെറിയ ജീവിയെകൊണ്ട് അവരെ നിലക്ക് നിര്‍ത്താം എന്നാണ് ഇത്തരം ചരിത്രങ്ങളുടെയൊക്കെ സാരാംശം. നമ്മുടെ കാര്യം എടുത്തു നോക്കുകയാണെങ്കിലും ഇതു തന്നെയാണ് അവസ്ഥ. യൂറോപ്പിലാകെ ഇസ്ലാമിക പാരമ്പര്യത്തെ പുച്ഛിച്ചു തള്ളിയവരാണ് ഇപ്പോള്‍ മുഖം മറച്ചു നടക്കുന്നത്. പ്ലേഗും അതുപോലുള്ള സാംക്രമിക രോഗങ്ങളും ഇസ്ലാമില്‍ പുതിയതല്ല. നമ്മുടെ ഗ്രന്ഥങ്ങളില്‍ പകര്‍ച്ച വ്യാധികളെയും സാംക്രമിക രോഗങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മധ്യകാല മുസ്ലിംകള്‍ ഇതിന്റെ പരിണിത ഫലം കൂട്ടമരണം ആണെന്ന് അറിഞ്ഞവരാണ്. കയ്റോയില്‍ പ്ലേഗ് ബാധയെത്തുടര്‍ന്ന് ഒരു ദിവസം ഇരുപതിനായിരത്തോളം പേര്‍ മരിക്കുന്ന ഭയാനകമായ അവസ്ഥയെപ്പറ്റി ഇബ്നു ബത്തൂത്ത വിശദീകരിക്കുന്നുണ്ട്. ഈ അവസരത്തില്‍ നാം ഏവരും സ്വഹീഹ് ബുഖാരി ഉദ്ധരിച്ച ഹദീസ് ഓര്‍ക്കേണ്ടതുണ്ട്; പ്ലേഗ് ബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ തങ്ങള്‍ക്ക് അല്ലാഹുവിന്റെ വിധിയല്ലാതെ ഒന്നും സംഭവിക്കില്ല എന്ന് വിശ്വസിക്കുന്നവര്‍ക്ക് ശഹീദിന്റെ പ്രതിഫലം ഉണ്ട്. മുസ്ലിംകള്‍ മരുന്നുകളെ വിലമതിക്കുന്നവരായത് കൊണ്ടും പ്രവാചകന്‍ അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദേശിച്ചിരുന്നത് കൊണ്ടും അവര്‍ക്കുള്ള ആരോഗ്യപരിരക്ഷകള്‍ അവരുടെ വഖ്ഫ് തന്നെ ഉദാരമായി നല്‍കിയിരുന്നു. മധ്യകാല ഈജിപ്തിലെ പ്ലേഗ് കാലഘട്ടത്തെ ചരിത്രകാരനായ ലാന്‍ പൂള്‍ ഇങ്ങനെ വിവരിക്കുന്നത് കാണാം: ‘പ്ലേഗ് ബാധിച്ചു കിടപ്പിലായവര്‍ക്ക് അവശ്യ സാധനങ്ങള്‍ മുഴുവന്‍ അവിടത്തെ ഹോസ്പിറ്റലുകളില്‍ ലഭ്യമായിരുന്നു. വായിക്കാനാവശ്യമായ പുസ്തകങ്ങള്‍, കുളിസ്ഥലം, ലെക്ചര്‍ റൂമുകള്‍ എന്നിവ പ്രത്യേകം തയാറാക്കിയിരുന്നു. രോഗികള്‍ക്ക് ഉന്മേഷം പകരാനായി ഗാനങ്ങള്‍ ശ്രവിക്കാനുള്ള സംവിധാനം വരെ ഉണ്ടായിരുന്നു. പാവപ്പെട്ടവനും പണക്കാരനും ഒരേ രീതിയിലായിരുന്നു ചികിത്സിക്കപ്പെട്ടത്. ആരില്‍ നിന്നും ഒരു ഫീസും വാങ്ങിയിട്ടില്ല’. ആധുനിക ചികിത്സ സമ്പ്രദായത്തിന്റെ ഉത്ഭവമായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഇസ്ലാമിക ലോകത്തെയാണ്. ഇതിനെപ്പറ്റി പ്രതിപാദിക്കുന്ന ഒരു എഴുത്ത് അരാംകോ വേള്‍ഡ് എന്ന മാഗസിനില്‍ ‘ആധുനിക ആശുപത്രികളുടെ ഇസ്ലാമിക വേരുകള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ആ ലേഖനം ആരംഭിക്കുന്നത് സുല്‍ത്താന്‍ ഖാലൂനിന്റെ ഒരു ഉദ്ധരണി കൊണ്ടാണ്. ‘ആശുപത്രിയില്‍ വരുന്ന എല്ലാ രോഗികളെയും രോഗം മാറുന്നത് വരെ ശുശ്രൂഷിക്കേണ്ടത് അതാത് ഹോസ്പിറ്റലുകളുടെ ചുമതലയാണ്. വരുന്ന രോഗികള്‍ ആരാണെങ്കിലും എങ്ങനെ ഉള്ളവരാണെങ്കിലും ചെലവുകള്‍ വഹിക്കേണ്ടത് ആശുപത്രി അധികൃതര്‍ തന്നെയാണ്’. പില്‍കാലത്ത് ‘ദാറുശ്ശിഫാ’ ആയും ‘ബിമാരിസ്ഥാന്‍’ ആയും അറിയപ്പെട്ട ഹോസ്പിറ്റലുകള്‍ ഇസ്ലാമിക നാഗരികത പടിഞ്ഞാറിന് സമ്മാനിച്ച അമൂല്യനിധിയാണ്. സാംക്രമിക രോഗങ്ങളെ കുറിച്ച് പണ്ട് മുതലേ ചിന്തിച്ചു തുടങ്ങിയ മധ്യകാല മുസ്ലിം പണ്ഡിതന്മാരും ചികിത്സകരും അതിനുള്ള പ്രതിവിധിയും കല്പിക്കുന്നുണ്ട്. മരണത്തെ കുറിച്ചുള്ള ഉഗ്രഭയവും ധാരാളിത്തത്തോടുള്ള കൊതിയുമായിരുന്നു ഫറോവയുടെയും നംറൂദിന്റെയും മുഖമുദ്ര. അവര്‍ അബൂജഹ് ലിന്റെ പാതയിലാണ് വഴി നടന്നത്. മരണത്തെ കുറിച്ചുള്ള മോഡേണ്‍ സങ്കല്പങ്ങള്‍ വളരെ അപ്രായോഗികമാണ്. സമൂഹത്തില്‍ വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന യുക്തിവാദം എന്ന വൈറസ് ആവാഹിച്ചവര്‍ കരുതുന്നത് മരണത്തിന് ശേഷം എല്ലാം അവസാനിച്ചെന്നാണ്. അവരെ ഖുര്‍ആന്‍ വ്യക്തമായി അധിക്ഷേപിക്കുന്നുമുണ്ട്. മനുഷ്യജീവിതത്തിലെ തള്ളിക്കളയാനാവാത്ത സത്യമാണ് മരണം. മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷികമായ മരണത്തെ സര്‍വശക്തന്‍ സമ്മാനിക്കുന്നത് അല്‍ മുമീത് എന്ന ദൈവിക നാമം കൊണ്ടാണ്. മരണത്തെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് പ്രവാചകര്‍ നമുക്ക് കാണിച്ചുതന്നതാണ്. ദൈവിക കാരുണ്യങ്ങളെയും ദൈവിക സത്യങ്ങളെയും അറിഞ്ഞുകൊണ്ടുള്ള നന്മകളാണ് മരണത്തെ ലഘൂകരിക്കുന്നത്. ഒരു വിശ്വാസിയുടെ ഏറ്റവും നല്ല സമ്മാനമാണ് മരണം എന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. തിന്മകള്‍ നിറഞ്ഞ ലോകത്തു നിന്നും സന്തോഷത്തിന്റെ ലോകത്തേക്ക് വഴി നടക്കുന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണമെന്ന് പറയുന്നത്. എങ്കില്‍ കൂടി ഇസ്ലാമിക നിയമത്തില്‍ ഒരാള്‍ക്ക് സ്വയം മരണം പുല്‍കാനോ ആഗ്രഹിക്കാനോ ഉള്ള സമ്മതമില്ല. മരണം ദൈവിക നിശ്ചയമായി ഭവിക്കേണ്ടതാണ്. ഇതു കൊണ്ടൊക്കെ തന്നെയാണ് വിശ്വാസികള്‍ക്ക് യുക്തിവാദികളെക്കാള്‍ മാനസിക ആരോഗ്യം ഉള്ളത്. 2013 ലെ ദി ടെലിഗ്രാഫ് കണക്കു പ്രകാരം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലും യുക്തിവാദികള്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇതൊരുതരം എളുപ്പം പടര്‍ന്നുപിടിക്കുന്ന മാനസിക പ്രശ്നവുമാണ്.
ഇസ്ലാം തീര്‍ച്ചയായും ഭരമേല്‍പ്പിക്കുന്നതിന്റെ മതമാണ്. യഥാര്‍ത്ഥ മുസ്ലിമിന് പേടിയോ സങ്കടമോ ഉണ്ടാവില്ല. അല്ലാഹു വിധിച്ചതല്ലാതെ ഞങ്ങള്‍ക്കൊന്നും സംഭവിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് അവര്‍. നാം മരണത്തില്‍ അനുശോചിക്കുന്നു, അത് നമുക്ക് ആശ്വാസം നല്‍കുന്നു. നാം മരുന്നുകളില്‍ വിശ്വസിക്കുന്നു, അതുകൊണ്ട് തന്നെ നാം സംഭ്രമിക്കുന്നില്ല. സര്‍വശക്തന്റെ അചഞ്ചലമായ വിധിയില്‍ പെട്ടതാണ് മരണം. അതുകൊണ്ട് തന്നെ ഒരു വിശ്വാസിയും ഭയപ്പെടേണ്ടതില്ല. തുര്‍ക്കിഷ് കവിയായ ഇബ്‌റാഹിം ഹഖ്ഖി എഴുതിയത് പോലെ;
‘നിന്നില്‍ നിന്നുള്ളതൊക്കെ നല്ലതിന്/ പനിനീറിന്റെ സൗകുമാര്യത ഉള്ളതാവട്ടെ/ അതിന്റെ മുള്ള് / അലങ്കാരത്തിന്റെ വസ്ത്രമാവട്ടെ, കഫന്‍പുടവ ആവട്ടെ/ നിന്റെ സൗമ്യതയും നിന്റെ കോപവും/ ഒരു പോലെ നല്ലതിന്’.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മക്കയിലും ജിദ്ദയിലും ടാക്സികളില്‍ യാത്ര ചെയ്തിട്ടുണ്ട്. ആ നഗരങ്ങള്‍ അധികവും യമനി തൊഴിലാളികളെ കൊണ്ട് തിങ്ങി നിറഞ്ഞതായിരുന്നു. ഒരുപാട് തവണ ഞാന്‍ മരണം മുമ്പില്‍ കണ്ടിട്ടുണ്ട്. ഒരു ദിവസം രാത്രി ടാക്സിയില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ മുമ്പില്‍ ഒട്ടകക്കൂട്ടം പ്രത്യക്ഷപ്പെട്ടു. ഞങ്ങള്‍ക്ക് അവിടെ നിന്ന് രക്ഷപ്പെടുമെന്ന് വെറും 10 ശതമാനം വിശ്വാസം മാത്രം. ഞൊടിയിടയില്‍ ഡ്രൈവര്‍ പ്രതികരിക്കുകയും അതിനിടയില്‍ കൂടി വളരെ വിദഗ്ദമായി രക്ഷപ്പെടുകയും ചെയ്തു. കൂട്ടത്തിലുള്ള എല്ലാരും അല്ലാഹ് എന്ന് പറഞ്ഞു. മരണം ഞങ്ങളിലേക്ക് ഒന്നാഞ്ഞു നോക്കിയ സമയം. അതിന് കുറച്ചു ശേഷം സൗദി മോട്ടോര്‍ സര്‍വിസ് സ്റ്റേഷന്റെ അടുത്ത് വണ്ടി നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ഒരു വൃദ്ധനെ കണ്ടത്. കോണ്‍ക്രീറ്റ് പടികളില്‍ ഇരിക്കുന്ന ആ വൃദ്ധന്‍ ഫ്രെയിം ചെയ്ത ഖുര്‍ആന്‍ കാലിഗ്രാഫികള്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ എല്ലാ ശരീരവും മരണത്തെ രുചിക്കും എന്ന ഒരൊറ്റ ഖുര്‍ആനിക വാക്യം മാത്രമേ ഉള്ളു. ഒരുപക്ഷേ അയാള്‍ക്കത് ഒരു നല്ല കച്ചവടം ആവാന്‍ തരമില്ല. പക്ഷേ വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം യാഥാര്‍ഥ്യമാണ്. അത് ഏത് സമയത്ത് എവിടെ വെച്ച് എന്നാണ് അവനെ വ്യാകുലനാക്കുന്നത്.
നമുക്ക് ഈ സമയത്തു പിടികൂടിയിരിക്കുന്ന ഭയവും സങ്കടങ്ങളും കേവലം മരണത്തെക്കുറിച്ചു മാത്രമുള്ളതല്ല. മറിച്ച് നമുക്ക് ഇഹലോകത്ത് സംഭവിക്കാന്‍ പോകുന്ന നഷ്ടങ്ങളെ സംബന്ധിച്ചു കൂടിയുള്ളതാണ്. എഫ് ടി എസ് ഇ ഷെയര്‍ ഇന്‍ഡക്സ് കുത്തനെ താഴോട്ട് പതിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നാളിതുവരെ കണ്ടിട്ടില്ലാത്ത തൊഴില്‍ രാഹിത്യത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. പാവങ്ങളും അശരണരും പട്ടിണിയെ നേരിട്ടുകൊണ്ടിരിക്കുന്നു. റെസ്റ്റോറന്റ് ബിസിനസുകളും ടാക്സി ബിസിനസും നിലംപൊത്തിക്കൊണ്ടിരിക്കുന്നു. സാധാരണ പോലെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ടവര്‍ തന്നെയാണ്. മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായത് അവന്റെ അവകാശമാണ്, പക്ഷേ അത് മതിയാകാതെ പണത്തോടുള്ള ആര്‍ത്തിയാണ് മനുഷ്യനെ ചീത്തയാക്കുന്നത്. ഖുര്‍ആന്‍ പറയുന്നത് പോലെ ഈ ലോകത്തെ ജീവിതം ഒരു കളി തമാശ പോലെയാണ്. ഇവിടെയുള്ള ആസ്വാദനങ്ങള്‍ വഞ്ചനയുടേതുമാണ്. നമ്മുടെ ഉത്പന്നങ്ങളോടുള്ള ആസക്തി ഭൂമിയെ കൊല്ലുകയാണ്. മറ്റു വൈറസുകള്‍ക്ക് പുറമെ മനുഷ്യന്‍ കൂടിയാണ് ഇതിന് ഉത്തരവാദി. നാം ഓരോരുത്തരും കൊറോണ വൈറസാണ്. നാം ഓരോരുത്തരും നമ്മുടെ ആത്മാവിനെയും സമൂഹത്തെയും നശിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് ഒരിക്കലും ധാരാളിത്തമുള്ളവന്‍ ആവാന്‍ കഴിയില്ല. അവന്‍ തന്റെ അതിഥികളെ സത്കരിച്ചുകൊണ്ടിരിക്കും. പ്രവാചകന്‍ വളരെ എളിമ ഉള്ളവരായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ മരപ്പലകക്ക് പകരം ചാക്ക് തുണികള്‍ കൊണ്ട് മറച്ചവയായിരുന്നു. നിങ്ങള്‍ ദുനിയാവില്‍ ഒരു സഞ്ചാരിയെ പോലെ ആവുക എന്നാണ് പ്രവാചകര്‍ പഠിപ്പിച്ചത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഐസോലേഷന്‍ ദുന്‍യാവിനെ പ്രിയം വെക്കുന്ന ജീവിതത്തില്‍ നിന്നു അകന്നുനില്‍ക്കലാണ്. അതിലൂടെ ഓരോ വിശ്വാസിക്കും ഹൃദയ ശുദ്ധീകരണം വരുത്താന്‍ സാധിക്കുന്നു. ഇനി നമുക്ക് ഹൃദയ ശുദ്ധീകരണത്തിന്റെ നാളുകളാണ് വരാന്‍ പോകുന്നത്. ദിവസങ്ങളോളം സ്വസ്ഥമായി ആരാധനയില്‍ കഴിയാനുള്ള സുവര്‍ണാവസരമാണ് വിശ്വാസിക്ക് കൈവന്നിരിക്കുന്നത്. ഒരു യുക്തിവാദിയെ സംബന്ധിച്ചിടത്തോളം ഇത് ഭയത്തിന്റെ ദിവസങ്ങളാണ്. വീടുകളില്‍ കഴിയുന്ന കാലത്തോളം രണ്ടു ഭയങ്ങള്‍ അവരെ വേട്ടയടിക്കൊണ്ടിരിക്കുന്നു. മരണത്തെ കുറിച്ചുള്ള ഭയവും സമ്പത്തിനെ കുറിച്ചുള്ള ഭയവും. നാം ഇതിനെ കുറിച്ചൊക്കെ മനനം നടത്തിയവരാണ്. ഒരു തരത്തിലുള്ള ഭയവും നമ്മെ അലട്ടുകയില്ല. ഓരോ കാര്യവും അല്ലാഹുവിലാണ്. അവനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതും. ജര്‍മന്‍ ഗ്രന്ഥകാരനായ മൈക്കേല്‍ ഒസില്‍സെലിന്റെ നാല്പത് ദിനങ്ങള്‍ എന്ന പുസ്തകത്തില്‍ സര്‍വശക്തനോടടുക്കുന്ന ഓരോ കാര്യങ്ങളും വിവരിക്കുന്നുണ്ട്. ഓരോ ദിനങ്ങളിലും ആത്മജ്ഞാനവും കൃതജ്ഞതയും അല്ലാഹുവിനോടുള്ള അടുപ്പവും കൂടി വരുന്നു. അവന്റെ സൃഷ്ടി വൈഭവം എത്ര വിശാലമാണെന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. പല ആളുകള്‍ക്കും ഐസോലാഷനും ക്വാറന്റൈനും പല തരത്തില്‍ വിഷമമുളവാക്കുന്നുണ്ട്. പലര്‍ക്കും അവരുടെ സൗഹൃദ വലയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിലേറെയായി റമളാനിലെ തറാവീഹുകളെ ഓര്‍ത്തു സങ്കടപ്പെടുന്നവരുമുണ്ട്. നമ്മുടെ ഹൃദയങ്ങള്‍ പള്ളികളില്‍ നിന്നും അകല്‍ച്ച അനുഭവപ്പെടുന്നു. ഈ അവസരത്തില്‍ ദൈവമില്ലെന്ന് വിശ്വസിക്കുന്നവര്‍ എത്ര സങ്കടങ്ങള്‍ ഒതുക്കുന്നു എന്ന് നമുക്കറിയാന്‍ കഴിയും. ഭൂമിയിലെ എല്ലാ സ്ഥലങ്ങളും നിങ്ങള്‍ക്ക് ആരാധന ചെയ്യാനുള്ള ഇടമാക്കി തന്നിരിക്കുന്നു എന്നാണ് അല്ലാഹുവിന്റെ വചനം. ഓരോ വീട്ടിലും ആരാധനകളെ നിയന്ത്രിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടാവും. ശരീഅത്ത് വിധിവിലക്കുകള്‍ അനുസരിച്ച് നോമ്പ് നോല്‍ക്കുന്നവരും ഫിത്‌റ് സകാത് കൊടുക്കന്നവരുമാവണം നമ്മള്‍. ഏത് വിജനതയിലും പ്രയോഗികവത്കരിക്കപ്പെടാന്‍ കഴിയുന്ന മതമാണ് ഇസ്ലാം. നാം അവധി ദിവസങ്ങളെ പ്രയോജനപ്പെടുത്തുന്നവര്‍ ആവണം. മുന്‍പ് ഒരിക്കലും വായിച്ചിട്ടില്ലാത്ത വിധം പുസ്തകങ്ങള്‍ വായിക്കണം. അതുപോലെ ആരാധനകര്‍മങ്ങള്‍ നമുക്ക് വീടുകളില്‍ നിന്നും നിര്‍വഹിക്കാന്‍ സാധിക്കണം. പ്രവാചകര്‍ പഠിപ്പിച്ചത് പോലെ നമ്മുടെ വീടുകള്‍ ശവപ്പറമ്പുപോലെ ആവാന്‍ പാടില്ല. നിരന്തരം സ്വലാത്തുകള്‍ കൊണ്ട് വീടിനെ ധന്യമാക്കണം. വാങ്കുകള്‍ സമയബന്ധിതമായി കൊടുക്കാന്‍ ശ്രമിക്കണം. ഖുര്‍ആന്‍ കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഓതാന്‍ ശ്രമിക്കണം. ഓണ്‍ലൈനായി ഇസ്ലാമിക ക്ലാസ്സുകള്‍ കേള്‍ക്കാന്‍ ശ്രമിക്കണം. നിര്‍ബന്ധമായും പഠിക്കേണ്ട കാര്യങ്ങള്‍ പഠിച്ചിരിക്കണം. ആരാധനകള്‍ വര്‍ധിപ്പിക്കാനും അറിവുകള്‍ സമ്പാദിക്കാനും കിട്ടുന്ന സുവര്‍ണവസരമാണ് ഇത്. ഈ കാലയളവില്‍ നാം അല്ലാഹുവിനോട് നന്നായി പ്രാര്‍ഥിക്കേണ്ടതുണ്ട്. നമ്മില്‍ നിന്നും മരണപ്പെട്ടുപോയവര്‍ക്കും നമ്മിലേക്ക് ക്ഷമ ചൊരിയാനും വേണ്ടി പ്രാര്‍ഥിക്കണം. വൈറസുകളില്‍ നിന്ന് മനുഷ്യരെ അല്ലാഹു രക്ഷിക്കട്ടെ.

വിവര്‍ത്തനം: മുബശിര്‍ ടി വി ചെമ്പിലോട്

ഡോ. അബ്ദുല്‍ ഹകീം മുറാദ്

You must be logged in to post a comment Login