ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. ദ്രുതഗതിയില്‍ ചലിച്ച് കൊണ്ടിരുന്ന മനുഷ്യവംശം സഡന്‍ ബ്രേക്കിട്ട പോലെ നിശ്ചലമായിപ്പോയി. നിത്യജീവിതത്തിലെ വരുമാനമാര്‍ഗങ്ങളും തൊഴിലിടങ്ങളും നിലച്ചു. മനുഷ്യന്റെ ബലഹീനതയും ദീനതയും പരിപൂര്‍ണാര്‍ത്ഥത്തില്‍ വെളിവായി. ഇത്തരമൊരു ഘട്ടത്തിലേക്കാണ് വിശ്വാസിയുടെ വസന്തകാലമായ റമളാന്‍ കടന്നുവരുന്നത്. അപ്പോഴും വിശ്വാസി നിരാശനല്ല. ഏതവസരവും അനുകൂലമാക്കി മാറ്റാനുള്ള ഇസ്ലാമിക ദര്‍ശനത്തിന്റെ കാലിക ക്ഷമത മുസ്ലിമിനെ അത്ഭുതാവഹമായി അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നു.
വിശ്വാസി എല്ലായ്‌പോഴും നന്മ വിളയിക്കുന്നു. ദുരന്തമോ അപകടമോ സംഭവിച്ചാല്‍ അവന്‍ കൈകൊള്ളുന്ന ക്ഷമയും സഹനവും നന്മയാണ്. ആനന്ദനിമിഷങ്ങളിലെ കൃതജ്ഞതാര്‍പ്പണത്തിനും അവന് പ്രതിഫലമുണ്ട്. ഇതാണല്ലോ ഹദീസ് പാഠം. നന്മയുടെ പൂക്കാലമായ വിശുദ്ധ റമളാന്‍ ലോക്ക് ഡൗണ്‍ കാലത്ത് സംജാതമാവുമ്പോള്‍ മികച്ച ആസൂത്രണ ത്തോടെ വിളവെടുപ്പിന് തയാറാകേണ്ടതുണ്ട്.
റമളാന്‍ എന്നതിന്റെ ഭാഷാര്‍ത്ഥം തന്നെ കരിച്ചു കളയുന്നത് എന്നാണ്. ദുര്‍ബലതയില്‍ പാപങ്ങളിലേക്ക്എടുത്തെറിയപ്പെടുന്ന അടിമകളുടെ പാപങ്ങളെ ചാരമാക്കി കളയുന്ന ദിനങ്ങളാണിത്. അതിനാല്‍ പ്രഥമമായും പാപങ്ങളില്‍ നിന്ന് മുക്തനാവുകയെന്ന ശ്രേഷ്ഠമായ പദവി ആര്‍ജിക്കുകയാണ് വേണ്ടത്. അതിനുള്ള ആത്മീയ വഴികള്‍ അവലംബിക്കുകയാണ് ചെയ്യേണ്ടത്. മുസ്ലിംകളുടെ ആത്മീയ രക്ഷാകവചവും ഇലാഹി സരണിയിലെ കെടാ ചിരാതുമായ വിശുദ്ധ ഖുര്‍ആനിന്റെ മാസവും കൂടിയാണിത്. ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലെ ബൈത്തുല്‍ ഇസ്സയിലേക്ക്ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം. സൂറത്തുല്‍ ബഖറയിലെ നൂറ്റിയമ്പത്തിയഞ്ചാമത്തെ ആയത്തില്‍ കാണാം. ‘വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമാക്കപ്പെട്ട മാസമാണ് റമളാന്‍.’ ഇതിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി. റമളാനെ ഇതര മാസങ്ങളേക്കാള്‍ ആരാധനാകര്‍മങ്ങളാല്‍ സമൃദ്ധമാക്കപെട്ടതിന്റെകാരണം ഈ ആയത്തിലൂടെ വിശദമാക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തങ്ങളിലെ അത്യുന്നതമായ ദൃഷ്ടാന്തം വിശുദ്ധഖുര്‍ആന്‍അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നതാണത്.
അതിനാല്‍ ധാരാളമായി ഖുര്‍ആന്‍ ഓതേണ്ട സയമാണിത്. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, ഖിയാമത് നാളില്‍ നിങ്ങള്‍ക്ക് ശുപാര്‍ശകനായി അത് വരുമെന്നാണല്ലോ ഹദീസിന്റെ പാഠം. ജീവവായുവിനെ പോലെ ഖുര്‍ആനിനെ പരിഗണിച്ചിരുന്ന സ്വഹാബത്ത് ഇതര മാസങ്ങളില്‍ ആഴ്ചയിലൊരു തവണയും റമളാന്‍ ആഗതമായാല്‍ അതിലധികവും ഖത്മുകള്‍ തീര്‍ത്തിരുന്നു. പിന്മഗാമികളും ഈ വഴി തന്നെ അനുധാവനം ചെയ്തു. ഇമാം ശാഫിഈ (റ) ഈ മാസത്തില്‍ നിത്യവും രണ്ട് ഖത്മുകള്‍ തീര്‍ക്കാറുണ്ടായിരുന്നു. ഇമാം ബുഖാരി(റ) പകലുകളില്‍ ഒരു ഖത്മും മൂന്നു രാത്രികള്‍ കൂടുമ്പോള്‍ ഒരു ഖത്മും പൂര്‍ത്തിയാക്കും. ഈ സരണി മുറുകെപ്പിടിച്ച് നാം ഖുര്‍ആന്‍ ഓതുകയും കുടുംബാംഗങ്ങളെ ഓതാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ശരിയാം വിധത്തില്‍ ഖുര്‍ആന്‍ പാരായണം നടത്താന്‍ സഹായകമാം വിധം തജ് വീദ് പഠനത്തിന് റമളാനില്‍ എസ് എസ് എഫ് അവസരമൊരുക്കുന്നുണ്ട്. ശ്രവണ സുന്ദരവും, ഹൃദയാവര്‍ജകവുമായ രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെ വശ്യതയില്‍ മനുഷ്യര്‍ ലയിച്ചു പോകും. നല്ല ആസ്വാദന ശേഷിയുണ്ടായിരുന്ന അറബികളില്‍ പലരും ശ്രുതി മധുരമായ ഖുര്‍ആന്‍ പാരായണം കേട്ട് ഇസ്ലാം സ്വീകരിച്ച ചരിത്രം സുവിദിതമാണല്ലോ. ഖുര്‍ആന്‍ രാഗാത്മകമായി പാരായണം ചെയ്യാത്തവര്‍ നമ്മുടെ കൂട്ടത്തില്‍ പെട്ടവനല്ലെന്നാണ് തിരുവചനം. മധുര മനോഹരമായ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രകാശനമാണ് എസ് എസ് എഫിന്റെ ഖുര്‍ആന്‍ പാരായണ മത്സരം- തര്‍ ത്തീലിലുള്ളത്. അറിയും തോറും ആഴമേറുന്ന വിജ്ഞാനക്കടലാണ് ഖുര്‍ആന്‍. പഠനത്തിന് പ്രാധാന്യം നല്‍കി ഖുര്‍ആന്‍ വൈജ്ഞാനിക മത്സരവുമുണ്ട്. ഇത്തരം ആരാധനാകര്‍മങ്ങളോടൊപ്പം ചില സാമൂഹിക ധര്‍മവും കൂടി വിശ്വാസി നിര്‍വഹിക്കേണ്ടതുണ്ട്.
നന്മകള്‍ക്ക് ഇതര സമയങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന മാസമാണല്ലോയിത്. നാമാണെങ്കില്‍ കുടുംബത്തോടൊപ്പം വീടുകളില്‍ ഒതുങ്ങിക്കഴിയുകയുമാണ്. പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ അശ്രദ്ധമായി പോകുന്ന മേഖലയാണ് കുടുംബം. ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലോ, മാതാപിതാക്കളോടോ അല്‍പനേരം മനസ്സ് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാറില്ല. ആ ന്യൂനത പരിഹരിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കണം. ഇണയോട് സംസാരിക്കുന്നതും മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതുമെല്ലാം ആരാധനാകര്‍മമാണ്. മാത്രമല്ല, അത് ശ്രേഷ്ഠമായ കാര്യവുമാണ്. തിരുനബി പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ കുടുംബത്തിന് ഉത്തമരായവരാണ്.ഞാന്‍ എന്റെ കുടുംബത്തിന് സദ് ഗുണവാനായയാളാണ്. കുടുംബത്തോടൊന്നിച്ച് നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കുകയും സ്വാലിഹീങ്ങളെ അനുസ്മരിക്കുകയും ചെയ്യണം. ഇതിലൂടെ സ്നേഹവും ഐക്യവും ശക്തിപ്പെടുകയും ദീനീബോധത്തിലധിഷ്ഠിതമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്യും. നിങ്ങളെയും കുടുംബത്തേയും നരകത്തില്‍നിന്ന് സംരക്ഷിക്കണമെന്നാല്ലോ ഖുര്‍ആനിന്റെ ഉദ്‌ബോധനം. ചൈനയടക്കുള്ള വിദേശ രാജ്യങ്ങളില്‍ കൊറോണക്കാലം കുടുംബങ്ങളുടെ കലികാലവും കൂടിയായാണ് കാണപ്പെടുന്നത്. ഗാര്‍ഹിക പീഡനം കൂടുന്നതും അനന്തരം വിവാഹമോചനങ്ങള്‍ പെരുകുന്നതുമാണ് വിശേഷം. വിശ്വാസിയുടെ ഗൃഹാന്തരീക്ഷം കലഹങ്ങളുടേതായിക്കൂടാ. പരസ്പരം മനസിലാക്കലും വിട്ടുവീഴ്ചയുമാവണം ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ രസതന്ത്രം. ഭാര്യമാരെ ആദരിക്കാനാണ് തിരുനബി ചര്യ പഠിപ്പിക്കുന്നത്. ആഇശബീവി(റ) കടന്ന് വരുമ്പോള്‍ സ്നേഹപൂര്‍വം എഴുന്നേറ്റ് നിന്ന് സ്വീകരിക്കലായിരുന്നു നബിയുടെ പതിവെന്ന് ഹദീസില്‍ കാണാം.
കുടുംബാന്തരീക്ഷത്തില്‍ സൂക്ഷ്മമായ ശ്രദ്ധ കടന്ന് ചെല്ലേണ്ട മേഖലയാണ് സന്താന പരിപാലനം. യുവതലമുറയുടെ വഴിപിഴക്കലില്‍ മാതാപിതാക്കള്‍ പലപ്പോഴും പ്രതിചേര്‍ക്കപ്പെടാറുണ്ട്. അവരുടെ ദൃഷ്ടി വലയത്തില്‍ മക്കള്‍ ഒതുങ്ങുന്നില്ലയെന്നതാ ണിതിന്റെ പ്രധാന കാരണം. ആധുനിക ടെക്നോളജി സൃഷ്ടിക്കുന്ന അതിരില്ലാത്ത സ്വാതന്ത്ര്യവും ന്യൂ ക്ലിയര്‍ ഫാമിലിയില്‍ ലഭിക്കുന്ന അമിതമായ പരിലാളനകളുമാണ് ഇതിലേക്ക് വഴിവെക്കുന്നത്. കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന അധികാരിയെന്ന രൂപകത്തില്‍ നിന്ന് രക്ഷിതാക്കള്‍ പുറത്ത് കടക്കേണ്ടതുണ്ട്. മക്കളുടെ പ്രായത്തിനനുസൃതമായി അവരോട് ഇടപഴകാന്‍ ശീലിക്കണം. അങ്ങനെ സന്താനങ്ങളില്‍ നന്മയുടെ വിത്ത് പാകുവാന്‍ അനുയോജ്യമായ സമയമാണിത്. ഇലാഹീ സ്മരണ പകര്‍ന്നു നല്‍കിയും ആരാധനാകര്‍മങ്ങള്‍ ശീലിപ്പിച്ചും നിത്യജീവിതത്തിലെ മര്യാദകള്‍ പരിചയപ്പെടുത്തിയും ഗുരുനാഥനായും രക്ഷിതാവായും സുഹൃത്തായും അവരോട് ഇടപഴകുക. കുട്ടികളുടെ നിത്യജീവിതത്തെ ആരാധനയിലധിഷ്ഠിതമായി ക്രമപ്പെടുത്താന്‍ എസ് എസ് എഫ് പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ സഹായകമാണ്. ബോധവല്‍ക്കരണത്തെക്കാള്‍ ശീലവല്‍ക്കരണം ഗുണം ചെയ്യും. ഉമറ്ബ്നു അബ്ദുല്‍ അസീസ് (റ) പറഞ്ഞതായി കാണാം. സദ് വൃത്തി അല്ലാഹുവിന്റെ വരദാനമാണ്. എന്നാല്‍ അദബ് മാതാപിതാക്കള്‍ മുഖേനയാണ് നല്‍കപ്പെടുക.
സന്താനങ്ങളോടും, കുടുംബാംഗങ്ങളോടുമുള്ളത് പോലെ ബന്ധുമിത്രാദികളോടും നമുക്ക് ബാധ്യതകളുണ്ട്. കൊറോണ കാലത്ത് പാലിക്കുന്ന അകലം കേവലം ശാരീരികം മാത്രമാകണം. മാനസികമായ അടുപ്പം സൃഷ്ടിക്കപ്പെടേണ്ടതുമുണ്ട്. സാധ്യമായ വഴികളിലൂടെയെല്ലാം കൂട്ടുകുടുംബങ്ങളെ ചേര്‍ത്ത് പിടിക്കണം. കണ്ണിയറ്റ് പോയ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കണം. കുടുംബ ബന്ധം ചേര്‍ക്കുന്നവന് എന്റെ പ്രത്യേക കാരുണ്യമുണ്ടാകുമെന്ന് അല്ലാഹു കരാര്‍ ചെയ്തതാണ്. കുടുംബങ്ങളിലെ അശരണര്‍ക്ക് അഭയമാവണം. അടുപ്പില്‍ തീ കത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ബൈറുഹാഅ* തോട്ടം ദാനം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ അബൂത്വല്‍ഹയോട്(റ) കുടുംബാംഗങ്ങളിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യൂ വെന്നാണ് തിരുനബി ഉദ്‌ബോധിപ്പിച്ചത്. വരുമാനങ്ങള്‍ നിലച്ച ഈ ഘട്ടത്തില്‍ കുടുംബങ്ങളിലേക്ക് ശ്രദ്ധ ചെലുത്താന്‍ നാം ബാധ്യസ്ഥരാണ്. സാമൂഹ്യ ഉത്തരവാദിത്തവുമാണ്. വിശപ്പിന്റെ മുന്നില്‍ പകച്ച് അഞ്ച് മക്കളെ നദിയില്‍ എറിഞ്ഞ മാതാവ് രാജ്യത്തെ വര്‍ത്തമാനമാണ്. ഇത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കരുതെന്ന വികാരം വിശ്വാസിയിലുണ്ടാകണം. നമ്മുടെ ഇല്ലായ്മകള്‍ക്കിടയിലും മറ്റുള്ളവരുടെ ദുരിതങ്ങള്‍ക്ക് നിവാരണം കാണാന്‍ സാധ്യമായത് ചെയ്യണം. ആഇശബീവിയുടെ(റ) ചരിത്രം സുപരിചിതമാണല്ലോ. തനിക്കും ഭര്‍ത്താവായ തിരുനബിക്കും വേണ്ടി കരുതി വെച്ച കാരക്ക വിശന്ന് വലഞ്ഞ മാതാവിനും മക്കള്‍ക്കും നല്‍കി അവര്‍ പട്ടിണികിടക്കുകയായിരുന്നു. ജീവിത ചെലവുകള്‍ പരമാവധി നിയന്ത്രിക്കുകയും, കഷ്ടതയനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കുകയുമാണ് കരണീയം. സുന്നത്തുകള്‍ക്ക് നിര്‍ബന്ധ കര്‍മത്തിന്റെ പ്രതിഫലം ലഭിക്കുന്ന ദിനങ്ങളില്‍ ഇതില്‍നിന്ന് നാം മുഖം തിരിച്ചുകൂടാ.
മനുഷ്യനോടെന്ന പോലെ ഇതര വസ്തുക്കളോടും വിശ്വാസിക്ക് കടപ്പാടുണ്ട്. പൂച്ചയ്ക്ക് ഭക്ഷണവും വെള്ളവും തടഞ്ഞ് വെച്ച കാരണത്താല്‍ നരകാവകാശിയായ സ്ത്രീയുടെ ചരിത്രവും ദാഹപരവശനായ നായക്ക് വെള്ളം കുടിപ്പിച്ചതിന്റെ പേരില്‍ സ്വര്‍ഗാവകാശിയായ വ്യക്തിയുടെ വൃത്താന്തവും സുപ്രസിദ്ധമാണല്ലോ. സസ്യലതാദികളോടും പക്ഷിമൃഗാദികളോടും കരുണകാണിക്കണമെന്നാണ് ദീന്‍ കല്‍പ്പിക്കുന്നത്. ഉഷ്ണകാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. നദികളും കുളങ്ങളും വറ്റിവരണ്ട് പോകുന്നു. പക്ഷിമൃഗാദികള്‍ ദാഹജലത്തിനായി ക്ലേശിക്കുന്നു. പരിഹാരമായി നമുക്ക് തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. തളളക്കിളിയുടെ രോദനം കേട്ട് അനുചരനോട് കുഞ്ഞിക്കിളിയെ മോചിപ്പിക്കാന്‍ കല്‍പ്പിച്ച നബിയുടെ അധ്യാപനം ഇത്തരം കാരുണ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വളക്കൂറുള്ള മണ്ണ് കൃഷി ചെയ്യാതെ പാഴാക്കി കളയുന്നതും ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മണ്ണില്‍ വിത്തിറക്കുന്നത് പോലും പുണ്യകര്‍മമാണ്. മുസ്ലിമിന്റെ(റ) ഹദീസ് കാണാം. ഒരാള്‍ ചെടി നടുകയും ഫലം കായ്ക്കുകയും അത് പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിക്കുകയും ചെയ്താല്‍ പ്രതിഫലമുണ്ട്. കൂടാതെ ചില്ലകളും ഇലകളും അല്ലാഹുവിന് ദിക്റ് ചൊല്ലുമ്പോള്‍ ലഭിക്കുന്ന നന്മ വേറെയും. അതിനാല്‍ കൃഷി ചെയ്യാനും മരങ്ങള്‍ വെച്ച് പിടിപ്പിക്കാനും നാം തയാറാകണം. വൈറ്റ് കോളര്‍ സംസ്‌കാരം കേരളത്തില്‍ പടര്‍ന്ന് പിടിച്ചതോടെ മണ്ണിനെ മറക്കാന്‍ തുടങ്ങി. കൃഷി രണ്ടാം തരം ജോലിയായി. വിഷാംശമുള്ള ഭക്ഷണങ്ങളാണ് തീന്‍ മേശകളില്‍ വിളമ്പുന്നതെന്ന് വിദഗ്ധര്‍ തുറന്ന് പറഞ്ഞിട്ടും നാം മാറിചിന്തിച്ചിട്ടില്ല. അനന്തരം ജീവിത ശൈലി രോഗങ്ങള്‍ നമ്മുടെ കൂടെപ്പിറപ്പായി മാറി. മരം നട്ട് പിടിപ്പിക്കല്‍ പ്രകൃതിസംരക്ഷണ ദിനത്തിലെ ചടങ്ങായി ചുരുങ്ങി. ഒരു തിരിഞ്ഞ് നടത്തത്തിന്റെ വേള കൂടിയാണിത്.
കര്‍മങ്ങളിലെ ജാഗ്രതയേക്കാളേറെ തിന്മകളെ വെടിയുന്നതില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. അധികമാളുകളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളുണ്ട്. അരോഗ്യവും ഒഴിവ് സമയവുമാണത്. ലോക് ഡൗണ്‍ കാലത്ത്മനസ്സില്‍ സൂക്ഷിക്കേണ്ട ഹദീസാണിത്. ഇന്ന് തിന്മയുടെ സഞ്ചാരപഥം വിശാലമാണ്. സോഷ്യല്‍ മീഡിയകളില്‍ മിന്നിമറയുന്ന സന്ദേശങ്ങളും ചര്‍ച്ചകളിലെ വാക്കുകളും ഗൗരവമായി തന്നെ സമീപിക്കപ്പെടേണ്ടതാണ്. കേട്ടതെല്ലാം പറയുന്ന ശീലം തന്നെ ഒരു വ്യക്തിയെ കളവ് പറയുന്നവനാക്കി തീര്‍ക്കാന്‍ മതിയെന്നാണല്ലോ തിരുനബി പറഞ്ഞിട്ടുള്ളത്. അനാവശ്യമായി ധാരാളം സമയം ചെലവഴിക്കപ്പെടുകയെന്ന വിപത്തും സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ സംഭവിക്കാം. നിര്‍ഗുണ ഗെയ്മുകളിലും വീഡിയോകളിലും സമയം കൊല്ലുന്നതും അപകടം തന്നെ.സമയത്തെ വൈജ്ഞാനിക വര്‍ദ്ധനവിന് വിനിയോഗിക്കുക. എസ് എസ് എഫിന്റെ റമളാന്‍ ദര്‍സ്, പഠന പരിപാടികള്‍ അറിവിന്റെ വലിയ ലോകം തുറന്നുതരുന്നു. അറിവ് വിശ്വാസിയുടെ കളഞ്ഞു പോയ സമ്പത്താണ് അതെവിടെ കണ്ടാലും പെറുക്കിയെടുക്കുക എന്നാണ് പ്രവാചക വചനം.
(എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍).
സി കെ റാശിദ് ബുഖാരി
You must be logged in to post a comment Login