എങ്ങനെ ഇതൊക്കെ ലോകമറിഞ്ഞു?

എങ്ങനെ ഇതൊക്കെ ലോകമറിഞ്ഞു?

അവയിലധികവും ലോകം കേള്‍ക്കുന്നത് വേദക്കാര്‍ താമസിച്ചിരുന്ന മദീനത്ത് തിരുപ്രവാചകന്‍ എത്തുന്നതിന് മുമ്പ്! പലതും ബൈബിള്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിത്തന്നെ. ബൈബിള്‍ പറഞ്ഞതുപോലെ പറഞ്ഞാല്‍ അത് പകര്‍പ്പ്! വ്യത്യസ്തമായിപ്പറഞ്ഞാലോ, അത് അബദ്ധം ഇപ്പോള്‍ ചിലര്‍ ഇതും പറഞ്ഞ് ഇറങ്ങിയിരിക്കുന്നു. അവരുണ്ടാക്കുന്ന ചില ആശയക്കുഴപ്പങ്ങള്‍ക്ക് നിവാരണമാണ് ഈ പഠനം.

സ്വര്‍ണ പശുക്കുട്ടിയെ ഉണ്ടാക്കിയത് സാമിരിയോ ഹാറൂനോ?
…മോശെയുടെ സഹോദരന്‍ അഹറോന്‍ (ഹാറൂന്‍)ആണ് ഇസ്റാഈല്യര്‍ക്ക് പശുക്കുട്ടിയുടെ സ്വര്‍ണ്ണവിഗ്രഹം നിര്‍മിച്ച് കൊടുത്തതെന്ന് ബൈബിള്‍. എന്നാല്‍, ഇതു ചെയ്തത് സാമിരി (ശമരിയക്കാരന്‍ ) ആണെന്ന് ഖുര്‍ആന്‍. ബൈബിള്‍ പറഞ്ഞതിന് വിരുദ്ധമായി പില്‍ക്കാലത്ത് വന്ന ഗ്രന്ഥം പറയുമ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് തെറ്റാണെന്നല്ലേ മനസ്സിലാകുന്നത്? ഇതാണൊരു ചോദ്യം.
ഉത്തരത്തിലേക്ക് പോകാം.ബൈബിളില്‍ (പുറപ്പാട് 32:1-6)ആണ് പശുക്കുട്ടിയെ ഉണ്ടാക്കിയതിന്റെ പാപം ഹാറൂന് മേല്‍ ചുമത്തുന്നത്. ഖുര്‍ആനില്‍ (20:88) ഇത് സാമിരിയുടെ തെറ്റാണ്.

ബൈബിളില്‍ പറഞ്ഞതു പോലെയല്ല ഖുര്‍ആനിലുള്ളത്. അതു കൊണ്ട് ഖുര്‍ആനിലുള്ളത് തെറ്റാകുന്നതെങ്ങനെ?
അഹരോന്‍ ആണ് പശുക്കുട്ടിയെ ഉണ്ടാക്കിയതെന്ന് ബൈബിള്‍ പറയുന്നു. ഇത് ശരിയാകണമെങ്കില്‍ ഒന്നുകില്‍ ദൈവം തന്നെ അതു പറയണം. അല്ലെങ്കില്‍ അഹറോന്‍ അത് നിര്‍മിക്കുന്നത് കണ്ടയാള്‍ പറയണം. അങ്ങനെ വരുമ്പോള്‍ ബൈബിള്‍ ആരുടെ രചനയാണ് എന്ന് ചോദിക്കണം. ആരായാലും അയാള്‍ മോശയുടെ കാലത്ത് ജീവിച്ചയാളാണോ? തെളിവുണ്ടോ?
ഉണ്ടെങ്കില്‍ തന്നെ ഈ സംഭവത്തിന് അദ്ദേഹം സാക്ഷിയായിരുന്നോ? അല്ലെങ്കില്‍ സാക്ഷികളെ അദ്ദേഹം കണ്ടിരുന്നോ? കണ്ടവരെ കണ്ടവരെ കണ്ടിരുന്നോ ? ആരൊക്കെയാണവര്‍? അവരൊക്കെ സത്യസന്ധരാണോ? അതല്ല പുറപ്പാട് ദൈവം അവതരിപ്പിച്ച് കൊടുത്ത തോറയാണെന്നാണോ വാദം? അങ്ങനെയെങ്കില്‍ തോറ വാങ്ങാന്‍ പോയതും വന്നതും ശേഷമുള്ള സംഭവങ്ങളും ഇടയില്‍ നടന്ന സംഭവങ്ങളും ( ഇത് അത്തരം ഒരു സംഭവമാണ്) എങ്ങനെയാണ് തോറയില്‍ ഉണ്ടാവുന്നത്? മോശ മരിച്ച് കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ ഖബറ് എവിടെ എന്നതിന്നെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും പഴയ നിയമത്തില്‍ കാണാം – പിന്നെ അതെങ്ങനെയാണ് മോശക്ക് അവതരിച്ച ഗ്രന്ഥമാകുന്നത്?

വിഗ്രഹാരാധനക്ക് വേണ്ടി പശുക്കുട്ടിയെ ഉണ്ടാക്കിയത് ഹാറൂന്‍ ആണെന്ന് ബൈബിളില്‍ ഉണ്ടെങ്കില്‍, ബൈബിളില്‍ അബദ്ധങ്ങളുണ്ടെന്നല്ലേ വരുന്നത്? അത് ദൈവികമല്ല എന്നല്ലേ മനസ്സിലാകുന്നത്? എന്തുകൊണ്ടെന്നാല്‍ ജനതയെ നന്മയിലേക്ക് നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത ദാസനാണ് ഹാറൂന്‍. ഖുര്‍ആനും ബൈബിളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട് (പുറപ്പാട് 28: 1). പാപങ്ങളില്‍ ഏറ്റവും നികൃഷ്ടമാണ് വിഗ്രഹാരാധന എന്നും ഇരുവേദങ്ങളും പറയുന്നുണ്ട്. ജനങ്ങളെ നന്നാക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍തന്നെ ആ വൃത്തികേട് ചെയ്യുന്നു എന്നാല്‍, അത് പ്രവാചകന് മാത്രമല്ല, ദൈവത്തിന് തന്നെയും കുറച്ചിലല്ലേ?
ഹാറൂന്‍ ആ പണി ചെയ്തു എന്നാണെങ്കില്‍ ബൈബിളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്നതിനും അത് തെളിവാണ്. കാരണം, എനിക്കെതിരെ പാപം ചെയ്തവന്റെ പേര് തന്റെ പുസ്തകത്തില്‍ നിന്ന് തുടച്ച് നീക്കും എന്ന് ബൈബിളില്‍ ( പുറപ്പാട് 32:33) കാണാം. അഹറോനാണ് തെറ്റുകാരനെങ്കില്‍ ദൈവം പുസ്തകത്തില്‍ നിന്ന് അഹറോന്റെ പേര് നീക്കിയോ? ഇല്ല ! മാത്രമോ, ഈ സംഭവത്തിന് ശേഷം കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ കിട്ടിയ പ്രവാചകനായാണ് ഹാറൂനിനെ നാം ബൈബിളില്‍ കാണുന്നത്.

പശുക്കുട്ടിയുടെ കാര്യത്തില്‍ ക്ഷുഭിതനായ മോശെ പ്രവാചകന്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കാര്യം ബൈബിളില്‍ കാണാം
( 3 2:25-28). എന്നിട്ട് അഹരോന്‍ ശിക്ഷിക്കപ്പെട്ടോ? പശുക്കുട്ടിയെ നിര്‍മിച്ച വനല്ലേ ഏറ്റവും കൊടിയ ശിക്ഷ നല്‍കേണ്ടിയിരുന്നത്? എന്ത്കൊണ്ട് നല്‍കിയില്ല ?
ഒന്നുകില്‍ മോശെ പക്ഷപാതിത്വം കാണിച്ചു.അഥവാ ദൈവം അനീതി ചെയ്തു എന്ന് പറയേണ്ടി വരും.അതുമല്ലെങ്കില്‍ ബൈബിളില്‍ പറഞ്ഞ പശുക്കുട്ടി നിര്‍മാണത്തില്‍ ഹാറൂനിനെ കര്‍തൃത്വം ഏല്‍പ്പിക്കുന്ന പ്രസ്താവന ശരിയല്ലെന്ന് പറയേണ്ടി വരും.
ലേവിയരാണ് വധശിക്ഷ നടപ്പാക്കുന്നത്. തങ്ങളുടെ ഉടപ്പിറപ്പുകളെയാണ് കൊല്ലാനുള്ളത്. എന്നിട്ടും ആരും ഹാറൂനിനെ കൊല്ലാതിരുന്നത് എന്ത്? അല്ലെങ്കില്‍ ഹാറൂനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാതിരുന്നത് എന്ത് കൊണ്ടാണ്?

ഉത്തരം ലളിതമാണ്; ഹാറൂന്‍ പ്രതിയല്ല. ബൈബിളിനാണ് അബദ്ധം സംഭവിച്ചത്. ഹേ,പിന്നെ ആരാണ് പ്രതി?
ബൈബിള്‍ വാസ്തവ വിരുദ്ധമായി ഉദ്ധരിച്ച കാര്യത്തിന്റെ നേര് ഖുര്‍ആന്‍ പുറത്ത് പറയുകയാണ്.
അതെ, സാമിരിയെയാണ് കൊന്നത്. ഖുര്‍ആനിക പ്രസ്താവനയില്‍ മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നുമേ ഇല്ല.
അപ്പോള്‍ ഒരു ചോദ്യം: എവിടെ നിന്ന് കിട്ടി തിരു പ്രവാചകന് ഇതെല്ലാം? എഴുത്തോ വായനയോ ആ പ്രവാചകന് അറിയാമായിരുന്നില്ലല്ലോ? മറുപടിയുണ്ട് ;
ഈ ഖുര്‍ആന്‍ കരുണാവാരിധിയും പ്രതാപിയുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണമായതത്രെ.
ചുരുക്കത്തില്‍:
സാമിരിയാണ് പശുക്കുട്ടിയെ നിര്‍മിച്ചതെന്ന ഖുര്‍ആനിലെ പ്രസ്താവന അബദ്ധമല്ല; നേരു പറഞ്ഞാല്‍, ബൈബിളില്‍ ചിലര്‍ എഴുതി ചേര്‍ത്ത അബദ്ധത്തിന്റെ കൃത്യമായ ചിത്രമാണത്.
‘തുഛമായ കാര്യലാഭങ്ങള്‍ക്ക് വേണ്ടി സ്വന്തമായി ഗ്രന്ഥങ്ങള്‍ എഴുതി ഉണ്ടാക്കുകയും എന്നിട്ട് ഇത് അല്ലാഹുവിങ്കല്‍ നിന്നാണെന്ന് പറയുകയും ചെയ്യുന്നയാളാണ് മഹാ നാശം'(വി.ഖു 2:79).
യോഹന്നാന്‍ സ്നാപകന് മുമ്പ് യോഹന്നാന്‍ എന്ന് പേരുള്ളവര്‍ ഇല്ലെന്നോ?
ഖുര്‍ആനിലെ മൂസ മോസസ് എന്നും നൂഹ് നോഹ് (അതായത് മൂസ എന്നതിന്റെ വകഭേദമാണ് മോസസ്, അങ്ങനെ ഓരോന്നും) എന്നുമാണെങ്കില്‍ യഹ് യ ‘യോഹന്നാന്‍’ എന്നാണല്ലോ.

ഖുര്‍ആന്‍ യഹ്യ (യോഹന്നാന്‍)എന്ന പ്രവാചകനെ കുറിച്ച് പറയുന്നു: ‘ഇതേ പേരുള്ള ആള്‍ കഴിഞ്ഞകാലത്ത് ഉണ്ടായിട്ടില്ല’.

ഈ ഖുര്‍ആനിക പ്രസ്താവത്തിന്റെ ചരിത്രപരമായ സാധുതയെ ചിലര്‍ (ഉദാ: A. Geiger, Judaism And Islam (English Translation Of Was hat Mohammed aus dem Judenthume aufgenommen?), 1970, Ktav Publishing House Inc.: New York, pp. 19.) ചോദ്യം ചെയ്തിട്ടുണ്ടല്ലോ. സകരിയ്യാവിന്റെയും എലിസബതിന്റെയും പുത്രനായ ബൈബിളിലെ യോഹന്നാന്‍ തന്നെയാണ് ഖുര്‍ആനിലെ യഹ് യയും. അപ്പോള്‍ യോഹന്നാന്‍ എന്ന് പേരുള്ളവര്‍ മുമ്പ് കഴിഞ്ഞ് പോയിട്ടില്ല എന്ന് വരില്ലേ? എന്നാല്‍ ഇത് ചരിത്രാബദ്ധമല്ലേ?. യോഹന്നാന്‍മാര്‍ ധാരാളം കഴിഞ്ഞ് പോയിട്ടുണ്ടല്ലോ?

ഉത്തരം: മൂസ എന്നതിന്റെ വകഭേദമാണ് മോസസ്, പക്ഷെ യഹ്്യ യോഹന്നാന്‍ എന്നതിന്റെ വകഭേദമല്ല, കാരണം അറബിക് ബൈബിളില്‍ തന്നെ ‘യോഹന്നാ’ കാണാം: ‘ളഹറ നബിയ്യുന്‍ ഇസ്മുഹു യൂഹന’
വകഭേദമാണെങ്കില്‍ ഇവിടെ യഹ്യ എന്നായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
മാത്രമല്ല, യോഹന്നാന്‍ സുവിശേഷത്തിന് അറബിയില്‍ ‘ബിശാറതു യൂഹന ‘
എന്നാണ് പ്രയോഗം .ഇതില്‍ നിന്നും യഹ് യയുടെ വകഭേദമല്ല യോഹന്നാന്‍ എന്ന് മനസ്സിലായി.

അപ്പോള്‍ ക്രിസ്ത്യാനികള്‍ യോഹന്നാന്‍ എന്നും മുസ് ലിംകള്‍ യഹ്്യ എന്നും വിളിക്കുന്ന പ്രവാചകന്റെ യഥാര്‍ത്ഥ പേരെന്താണ്?

ഈ പ്രവാചകന്റെ അനുയായികളായി അറിയപ്പെടുന്ന മാന്‍ഡിയന്‍സിന്റെ രേഖകള്‍ ഈ അന്വേഷണത്തില്‍ പ്രസക്തമാണ്. അവരുടെ പുണ്യ ഗ്രന്ഥമായ Drasha d Yahia (The book of Yahia)യില്‍ യഹ്്യ യോ ഹന്നാന്‍ എന്നാണ് പ്രവാചകനെ വിളിക്കുന്നത്! അപ്പോള്‍ ഈ പ്രവാചകന് രണ്ട് പേരുമുണ്ട്. യഥാര്‍ത്ഥ പേരേത് എന്ന ചോദ്യം ഒരു പ്രഹേളികയായി തുടരുന്നു.

മാന്‍ഡിയന്‍സ് സ്പെഷ്യലിസ്റ്റ് ആയ ES ഡ്രോവര്‍ എഴുതിയ ‘മാന്‍ഡിയന്‍സ്’ (Christians of John the bapist) എന്ന വിഭാഗത്തിന്റെ ഡിക്ഷണറിയില്‍ യഹ് യയെകുറിച്ച് അത് ‘മാല്‍വാഷാ നാമ ‘ (യഥാര്‍ത്ഥ പേര്) ആണെന്ന് പറയുന്നു. യോഹന്നാന്‍ എന്നത് ലഖബ് ( സ്ഥാനപ്പേര്) ആണത്രെ! ( E. S. Drower & R. Macuch, A Mandaic Dictionary, 1963, Oxford At The Clarendon Press, see p. 185 for ‘iahia’ and p. 190 for ‘iuhana’.) ദൈവത്തിന്റെ വാത്സല്യം ലഭിച്ചയാളായതിനാല്‍ ആളുകള്‍ അദ്ദേഹത്തെ യോഹന്നാന്‍ എന്ന് വിളിച്ചു. ഇപ്പേരിലാണ് യഹ് യ പ്രവാചകന്‍ പ്രസിദ്ധനായത്. യഹ്്യ നബിയെ കേട്ടറിഞ്ഞവര്‍ ഈ സ്ഥാനപ്പേര് കൊണ്ട് പരിചയപ്പെടുത്തി. മനുഷ്യരായ സുവിശേഷ എഴുത്തുകാരും തഥൈവ ! എന്നാല്‍ പേര് നല്‍കിയവന്‍ (അല്ലാഹു) യഥാര്‍ത്ഥ പേര് കൊണ്ട് പരിചയപ്പെടുത്തി; യഹ്യാ.

ഇനിയൊരു ചോദ്യം: എന്തുകൊണ്ട് ഖുര്‍ആനില്‍ യോഹന്നാന്‍ എന്ന സ്ഥാനപേര് പറഞ്ഞില്ല?

ഉത്തരം: യോഹന്നാന്‍ (യൂ- ഹനാന്‍) എന്നാല്‍ ‘യഹോവ (അതിന്റെ ചുരുക്കമാണ് യൂ)ഹനാന്‍ ( വാത്സല്യം ) ചെയ്തു’ എന്നാണ് അര്‍ത്ഥം. ഈ പേരിലേക്ക് ഖുര്‍ആനില്‍ സൂചനയുണ്ട്. മര്‍യം സൂറഃയില്‍ തന്നെ യഹ്്യ നബിയെ പരാമര്‍ശിക്കുമ്പോള്‍
‘നമ്മുടെ വല്‍സല്യം ലഭിച്ചവന്‍’ – ഹനാന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.’യൂ’ യഹോവയെയാണ് സൂചിപ്പിക്കുന്നത്. ഇത് ദൈവത്തിന്റെ യഥാര്‍ത്ഥ നാമമല്ല. അത് കൊണ്ടായിരിക്കാം ആ വാക്ക് ഖുര്‍ആനില്‍ വരാതിരുന്നത്!
അത്ഭുതം അവസാനിക്കുന്നില്ല, ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങള്‍ തന്നെ!

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login