ഇസ്ലാമിക നിയമപ്രകാരമുള്ള നോമ്പിന് അറബി ഭാഷയില്‍ സൗമ് എന്നാണ് പ്രയോഗം. പിടിച്ചുനിര്‍ത്തുക, അടക്കിനിര്‍ത്തുക എന്നൊക്കെയാണ് ഭാഷാന്തരം. ഈയര്‍ത്തിലുള്ള ഒരു വാക്കുകൊണ്ട് ഇസ്ലാമിലെ നോമ്പിനെ പരാമര്‍ശിക്കാനുള്ള കാരണം നോമ്പിന്റെ ആന്തരിക ചൈതന്യമുള്‍കൊണ്ടിട്ടുള്ളവര്‍ക്ക് അജ്ഞാതമല്ല. ലോക്ക്ഡൗണ്‍ കാലത്ത് നോമ്പു വരുമ്പോള്‍ മുസ്ലിംകളല്ലാത്ത ഏതാണ്ടെല്ലാവര്‍ക്കും ഇത് എളുപ്പം ഗ്രഹിക്കാനാവും. സാമൂഹ്യ സുരക്ഷക്കായി പലപ്പോഴായി കൊണ്ടുവരുന്ന നിയന്ത്രണങ്ങളെ ചങ്ങലകളായി കണ്ട് പുഛിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. എല്ലാത്തരം നിയന്ത്രണങ്ങളുടെയും വിലങ്ങുകളുടെയും ആകെത്തുകയാണ് മതമെന്ന് അത്തരക്കാര്‍ നിരീക്ഷിക്കാറുമുണ്ട്. ആ നിരീക്ഷണം ശുഷ്‌ക്കമായ ആലോചനകളില്‍ നിന്ന് പുറത്ത് വരുന്നതാണ്.കടുത്ത നിയന്ത്രണങ്ങള്‍ ഈ ലോകം ആപത്തുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉതകുമെന്ന് ലോക്ക്ഡൗണ്‍ കാലം നമ്മെ പഠിപ്പിച്ചു. എത്ര കടുപ്പത്തില്‍ സ്വയം നിയന്ത്രിക്കുന്നുവോ, അത്ര എളുപ്പത്തില്‍ വ്യാധിയുടെ പിടിയില്‍ പെടാതെ കഴിയാമെന്നും നാം കണ്ടു.
ജീവിതം തന്നെ സമരങ്ങളും നിയന്ത്രണങ്ങളുമാണെന്നാണ് സത്യവിശ്വാസിയുടെ വീക്ഷണവും വിചാരവും. പലതിനോടും പൊരുതി ജയിക്കണമെന്ന് നിശ്ചയിച്ചാണ് വിശ്വാസി ജീവിതനൗക തുഴയുന്നത്. സത്യവിശ്വാസിയുടെ സമരപ്രവര്‍ത്തനങ്ങള്‍ക്ക് ആയുസ്സിന്റെ പഴക്കമുണ്ട്. നവജാത ശിശുവായി ജീവിതത്തില്‍ പ്രവേശിക്കുമ്പോഴേ അവന്‍ സമരാഹ്വാനം മുഴക്കി തുടങ്ങി. അല്ലാഹു അക്ബര്‍ എന്നായിരുന്നു ആ സമരഘോഷം. ഞാനല്ല, മറ്റാരും വലിയവരല്ല, അല്ലാഹുവാണ് ഉന്നതന്‍. ഏതെങ്കിലും ഒരു നിലയിലല്ല, എല്ലാ നിലയിലും അവന്‍ തന്നെയാണ് വലിയവന്‍. അറിവടക്കമുള്ള പലതും മനുഷ്യന്‍ ആര്‍ജ്ജിക്കുന്നുണ്ട്. കഴിവുകളുണ്ട്, പ്രതാപമുണ്ട്, ഉദാരതയും സ്‌നേഹവും ദയാവായ്പുമുണ്ട്. അധികാരങ്ങളുണ്ട്, പിന്നാലെ ആള്‍ക്കൂട്ടമുണ്ട്. അങ്ങനെ പലതുമുണ്ട്. എന്നാല്‍ അതിനെല്ലാം നിയന്ത്രണങ്ങളുമുണ്ട്. പരിമിതികളുണ്ട്, പരാജയങ്ങളുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് നാം നമ്മള്‍ക്ക് തന്നെ പൂട്ടിട്ടു. ചങ്ങലകളില്‍ ബന്ധിച്ചു; നാം നമ്മളെത്തന്നെ! ദൈവമാണ് പൂട്ടിയത് എന്ന് വിശ്വസിക്കാത്ത കാലത്തോളം ആര്‍ക്കും പരാതികളൊന്നുമില്ലെന്ന് മാത്രം!
നമ്മുടെ വീടിന്റെ ഉമ്മറപ്പടിയാണ് ലക്ഷ്മണരേഖയെന്ന് നാം പ്രഖ്യാപിച്ചു. നാമത് പാലിച്ചു. എന്നാല്‍ തൊടരുത് എന്നുരിയാടാന്‍ പോലുമാവാതെ വൈറസിന്റെ മുന്നില്‍ നാം പരാജയപ്പെട്ടു. ഇപ്പോഴും നാം തോറ്റിട്ടില്ലെന്ന് വിളംബരപ്പെടുത്തുന്നു. ശരിയാണ്. നമ്മള്‍ ജയിക്കണം. ജയിക്കാനാണ് കഷ്ടതകള്‍ സഹിച്ച് ജീവിക്കുന്നത്. തോല്‍ക്കാനല്ലല്ലോ. അത് തുടരട്ടെ. എന്നാല്‍ അല്ലാഹുഅക്ബര്‍ മുഴക്കുന്ന വിശ്വാസിക്ക് സമാധാനിക്കാന്‍ ഏറെ വിചാരങ്ങളുണ്ട്. പഠിക്കാന്‍ പാഠങ്ങളുണ്ട്. പകര്‍ത്തിവെക്കാനും കരുതിവെക്കാനും അനുഭവങ്ങളുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്താണ് നമ്മളിന്നും ജീവിക്കുന്നത്. നമ്മുടെ ഉപഭോഗാസക്തിയെ വില്പനച്ചരക്കാക്കിയാണ് ലോകവിപണി പിടിച്ചുനില്ക്കുന്നത്. ഭയപ്പെടുത്തുന്ന സങ്കല്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് കമ്പോളങ്ങളിലെ കാളക്കൂറ്റന്‍ കയര്‍ പൊട്ടിക്കാറുള്ളത്. ഇവിടെ ലോകം സ്തംഭിച്ചിരിക്കുന്നുവെന്ന് നാം കണ്ണുള്ളവര്‍ കാണുന്നു. പണമുള്ളവനാണ് മോഡല്‍ എന്ന വിചാരം വ്യാജമാണെന്ന് കൊവിഡ് കാലം നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. ലക്ഷങ്ങളുള്ളവനെ പ്രഭുവും കോടികളുള്ളവനെ ഈശ്വരനുമാക്കിയുള്ള ഭാഷാപ്രയോഗങ്ങളോട് പുച്ഛം തോന്നാനുള്ള സമയമായിരിക്കുന്നു. അധികാര പദവികളുടെ ആധികാരികത ശരിയായിരിക്കാം. എന്നാല്‍ അതും താല്കാലികമാണെന്ന് നാം തിരിച്ചറിയുന്നു. ഒന്നുകൂടി പറയട്ടെ; സത്യവിശ്വാസികളോടാണ് സംവദിക്കുന്നത്. നാം തിരുത്താനും തിരിച്ചറിയാനും സന്നദ്ധമാകണം. കടലിലെ തിരയിളക്കം പോലെത്തന്നെയാണ് കൊവിഡ് കാലത്തെ ആകുലതകള്‍, അത് ഇനിയുമുണ്ടാകും. ശാന്തമാകും. തിരയിളക്കത്തില്‍ കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന ഭിത്തികളും കുടിലുകളും ആലകളുമെല്ലാം ഇളകും. അത് ചിലപ്പോള്‍ തകര്‍ന്നടിഞ്ഞുവെന്നും വരും. തിരക്കൊപ്പം ഇളകിയാടിയതിനെക്കുറിച്ച് നമുക്ക് നേരത്തെ ധാരണയുണ്ട്. എന്നെങ്കിലും അത് സംഭവിക്കുമെന്നാണ് ആ ധാരണ. ഇത്രയേ ഐഹിക ലോകത്തിന് നമുക്ക് നല്‍കാനുള്ളൂ എന്ന് നാം ഉറപ്പിക്കുക. ഏത് തിരയിളക്കത്തിലും ഇളകാത്തൊരു ഭാഗം കടലിലുണ്ട്. അതിനോടാണ് സത്യവിശ്വാസി താദാത്മ്യപ്പെടുന്നത്. നാം ഇതൊക്കെ പ്രതീക്ഷിക്കണം. ആരുറപ്പുള്ള വിശ്വാസത്തിന്റെ ബലത്തില്‍ പിടിച്ചുനില്‍ക്കണം. തവക്കുല്‍, ഇസ്തിഖാമത്ത് ഇത്യാദി പദങ്ങളെ നാം പരിചയപ്പെടണം; ജീവിതത്തോട് ചേര്‍ത്തുപിടിക്കണം. അതായിരിക്കണം നമ്മുടെ ആത്മവീര്യം. കൊവിഡ് കാലം നല്‍കുന്ന ആത്മവീര്യം. ഒരുദിവസം തിരുനബി(സ്വ) അബൂഹുറയ്‌റയെ(റ) വിളിച്ചുകൊണ്ടുപോയി. മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള കുന്നിന്‍ചരിവിലേക്കാണ് കൊണ്ടുപോയത്. തങ്ങള്‍ ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്ക് ഐഹിക ലോകവും അതിലുള്ള വിഭവങ്ങളത്രയും കാണിച്ചുതന്നാലോ? അപ്പോള്‍ അബൂഹുറയ്‌റ പറഞ്ഞു: അതേ നബിയേ. അപ്പോള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരുനബി പറഞ്ഞു: നോക്കൂ, മനുഷ്യരുടെ തലയോട്ടികള്‍ കാണുന്നുണ്ടോ? വിസര്‍ജ്യാവശിഷ്ടങ്ങള്‍ കാണാമോ? എല്ലിന്‍ കഷണങ്ങള്‍ കാണുന്നുണ്ടോ? കീറത്തുണികള്‍ കാണുന്നുണ്ടോ? അതേ നബിയേ- അബൂഹുറയ്‌റ പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: അബൂഹുറയ്‌റാ, നിങ്ങളെപ്പോലെ ആഗ്രഹങ്ങളും കൊതികളും നിറഞ്ഞുനിന്നിരുന്ന മനുഷ്യരുടെ തലയോട്ടികള്‍ തന്നെയാണത്. ഇന്നത് വെറും നുരുമ്പിയ എല്ലുകളായിരിക്കുന്നു. ഇനിയത് ചാരമാകാനിരിക്കുന്നു. ആ വിസര്‍ജ്യങ്ങളും അങ്ങനെത്തന്നെ. വിവിധയിനം ഭക്ഷ്യവസ്തുക്കളുടെ രൂപാന്തരങ്ങളാണത്. നിങ്ങള്‍ക്കതിനോട് അറപ്പുതോന്നുന്നില്ലേ? കീറത്തുണികള്‍ കണ്ടില്ലേ? ആവേശപൂര്‍വം പലരും ധരിച്ചുവന്നിരുന്നവയാണവയത്രയും. മനുഷ്യജീവിതത്തിലെ സ്വപ്നങ്ങളും പൂതിവെച്ച് കിട്ടിയതിന്റെ അറപ്പുളവാക്കുന്ന ബാക്കിപത്രമാണിതെല്ലാം. ഐഹികജീവിതം ഇത്രയേയുള്ളൂ. ഇതിനുവേണ്ടി നോവുന്നവനും നൊമ്പരപ്പെടുന്നവനും ഇതായിരിക്കും സ്ഥിതിയെന്നോര്‍ക്കുക(ബുഖാരി). കൊവിഡ് കാലം നമ്മെ ഇരുത്തി ചിന്തിപ്പിക്കണം.
നേരത്തെ പറഞ്ഞല്ലോ നോമ്പെന്നാല്‍ പിടിച്ചുനിര്‍ത്തലാണെന്ന്. നാം നമ്മെ നന്നായി പിടിച്ചുനിര്‍ത്തിക്കൊണ്ടാണ് 2020 ലെ നോമ്പിലെത്തിയിരിക്കുന്നത്. ഈ നോമ്പുകാലം ആത്മനിയന്ത്രണത്തിന് തയാറെടുക്കുക. ദുരയും ദുരഭിമാനവും വെടിയാന്‍ ലോക്ക്ഡൗണ്‍ കാലത്തെ നോമ്പ് നമ്മെ നിര്‍ബന്ധിക്കും. ആ സന്ദേശം തിരിച്ചറിയാന്‍ കൊവിഡ് കാലത്ത് നമുക്ക് സാധിച്ചെങ്കില്‍, നമുക്കും സമൂഹത്തിനും വേണ്ടി നാം സാമൂഹിക അകലം പാലിച്ചെങ്കില്‍, നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നമുക്കാകുമെന്നതിന് ഇതിലപ്പുറം മറ്റെന്ത് ദൃഷ്ടാന്തമാണ് നമുക്ക് വേണ്ടത്.
ചീത്ത വാക്കുകള്‍, ദുഷിച്ച പ്രവൃത്തികള്‍ ഇതിനോടൊന്നും അകല്‍ച്ച പാലിക്കുന്നില്ലെങ്കില്‍ നിന്റെ നോമ്പെനിക്ക് ആവശ്യമില്ലെന്നാണ് അല്ലാഹു പറഞ്ഞത്. നോമ്പ് എനിക്ക് വേണ്ടതാണെന്നും ഞാന്‍ തന്നെയാണ് അതിന് പ്രതിഫലം നല്‍കുന്നതെന്നും അല്ലാഹു പറഞ്ഞത് നാം മറക്കരുത്. ചേര്‍ത്തുപിടിക്കേണ്ടതിനെ ചേര്‍ത്തുപിടിക്കാനും അകറ്റിനിര്‍ത്തേണ്ടതിനെ അകറ്റിനിര്‍ത്താനുമാണ് ഹറാം, ഹലാല്‍ എന്നിങ്ങനെ നമ്മുടെ മുന്നില്‍ ലക്ഷ്മണരേഖ വരച്ചത്. ഇപ്പോള്‍ നമ്മുടെ മുന്നില്‍ ചില സിഗ്നലുകളുണ്ട്. അലര്‍ട്ടുകളുണ്ട്. ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകളുണ്ട്.നാമത് പാലിക്കുന്നു. പാലിക്കണം. അല്ലാഹുവിനെ വിശ്വസിച്ചവരെന്ന ഈ സിഗ്നലുകളും സോണുകളുമൊക്കെ വിശ്വാസികള്‍ക്ക് മുന്നില്‍ നേരത്തെയുള്ളതാണ്; ഹലാലും ഹറാമും. മതപരമായി ആ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കടമപ്പെട്ടവരാണ് നാം.
നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ശക്തി അല്ലാഹു തരും. ശാരീരിക കരുത്തില്‍ മാത്രം സാധിക്കുന്നതല്ല ഇത്. ആത്മബലം കൂടി വേണം. ശരീരവും ആത്മാവും തമ്മിലുള്ള മല്‍പിടുത്തമാണ് ജീവിതത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്നത്. ആത്മജ്ഞാനികള്‍ ഇത് നമ്മോട് പറഞ്ഞിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ ശരീരം ജയിക്കും. ആത്മാവ് വീണുപോവും. ഇത് വഴിതെറ്റിയ ജീവിതമാണെന്ന് സത്യവിശ്വാസിക്കറിയാം. എന്നാലും വിജയം വീണ്ടെടുക്കാനുള്ള അവസരത്തിനായി കാത്തിരിക്കും. തിരുത്തും. പശ്ചാതപിക്കും. പിന്നിട്ട കാലത്തെ പരാജയങ്ങളോര്‍ത്ത്, പരിമിതികളോര്‍ത്ത് പൊട്ടിക്കരയും. ആരുടെ മുമ്പിലുമല്ല, ലോകത്തിന്റെ അധിപനായ അല്ലാഹുവിന്റെ മുമ്പില്‍. ലോക രക്ഷിതാവിന്റെ കാരുണ്യ വര്‍ഷം എനിക്ക് തുണയാകുമെന്ന് ആത്മഗതം ചെയ്യും.
ജീവിതത്തില്‍ ഇത്തരത്തിലുള്ള വിചാരങ്ങള്‍ നട്ടുവളര്‍ത്താന്‍ നാം ഇനി വൈകരുത്. ചരിത്രത്തിലെവിടെയോ വായിച്ചതും കേട്ടതും നമ്മുടെ മുന്നില്‍ വലിയ മുന്നറിയിപ്പുകളുമായി വന്നു നില്‍ക്കുന്നു. നിങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഒരുനാള്‍ നിങ്ങളെ നിര്‍ത്തിക്കും! അത് നാം കണ്ടു. ലോകം നിശ്ചലമായിരിക്കുന്നു എല്ലായിടത്തും അടച്ചുപൂട്ടിയിരിക്കുന്നു. ഡാന്‍സുകളില്ല, ഷോകളും ഷൂട്ടിംഗുകളുമില്ല, ടറഫുകളില്ല, റെസ്റ്റോറന്റുകളില്ല, മദ്യശാലകളില്ല- എല്ലാം നിശ്ചലം. പരീക്ഷണങ്ങളും ദുരിതകാലവും വിശ്വാസികള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. മുന്നറിയിപ്പുകളാണ്, സന്ദേശങ്ങളാണ്. വേണ്ടപോലെ വിലയിരുത്തുന്നവര്‍ക്ക് അനുഗ്രഹങ്ങളുമാണ്. പരലോകമാണ് സുനിശ്ചിതമെന്ന് നേരത്തെ വിശ്വസിച്ചുറപ്പിച്ച് പോന്നവര്‍ പറ്റിയ പാകപ്പിഴകളില്‍ പശ്ചാതപിക്കും. അവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും. പരീക്ഷണ കാലം അനേകം നഷ്ടങ്ങള്‍ വരുത്തിവെക്കും. ആള്‍നാശവും സാമ്പത്തിക തകര്‍ച്ചയുമുറപ്പ്. എല്ലാം അല്ലാഹുവില്‍ നിന്നുള്ളത്. നാമെല്ലാം അവനിലേക്ക് മടങ്ങാനുള്ളവര്‍, അവന്‍ നല്‍കിയത് അവന് തിരിച്ചുകൊടുക്കണമെന്ന് വിചാരിക്കാനുള്ള സമയം.
നിശ്ചയം ക്ഷമിക്കുന്നവര്‍ക്ക് അളവറ്റ പ്രതിഫലം ലഭിക്കും. ഖുര്‍ആന്‍ നല്‍കുന്ന സന്ദേശമാണിത്. അറിയുക, അല്ലാഹുവിന്റെ അനുഗ്രഹം വിദൂരമല്ല, നല്ല മനോഗതിയുള്ളവരുടെ അടുത്തുണ്ടത്.
നഷ്ടങ്ങള്‍ താല്‍കാലികമാണെന്ന് കരുതുക. ഐഹിക ജീവിതം തന്നെ താല്‍കാലികമാണല്ലോ. റമളാനിന്റെ രാപ്പകലുകള്‍ അനുഗ്രഹത്തിന്റേത് കൂടെയാണ്. നാം അടുക്കാനുള്ളതിനോട് അടുക്കുകയും അകലാനുള്ളതിനോട് അകന്നുനില്‍ക്കുകയും ചെയ്യുക. ഇതാണ് നല്ല മനസ്സ്. അത്തരക്കാര്‍ക്ക് അനുഗ്രഹം കിട്ടിക്കൊണ്ടിരിക്കും. പ്രതീക്ഷയോടെ നാം സുകൃതങ്ങളിലേര്‍പ്പെടുക. ദുഷ്‌ചെയ്തികള്‍ മനം കറുപ്പിക്കും. ഖല്‍ബില്‍ ഇരുട്ട് പരത്തും. അല്ലാഹുവിന്റെ നൂറില്‍ നിന്ന് അകറ്റിക്കളയും! പാപങ്ങളുടെ കടും കറകള്‍ കഴുകിയേ പറ്റു. അതിനായി അല്ലാഹുവിനോട് ഇരക്കുക.
പാപമോചനത്തിന്റെ വാതിലുകള്‍ നമുക്ക് മുമ്പില്‍ തുറക്കുമെന്ന് ഉറപ്പിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുക. ശാശ്വത ജീവിതം പരലോക ജീവിതമാണ്. അത് നമുക്കുള്ളതാണ്. മേന്മ നടിക്കാതെ വിനയത്തോടെ ജീവിക്കുന്നവര്‍ക്കാണ് ശാശ്വത വിജയമെന്ന് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അതിനുവേണ്ടി പരിശ്രമിക്കാനുള്ള ഉത്തമ സമയമെന്ന നിലയില്‍ നിയന്ത്രണങ്ങള്‍ പരിശീലിച്ച് 2020 ലെ റമളാനെ നാം വാരിപ്പുണരുക.
എന്‍ എം സ്വാദിഖ് സഖാഫി
You must be logged in to post a comment Login