മദീന: ഇസ്ലാമിക നാഗരികതയുടെ അടിപ്പടവുകള്‍

മദീന: ഇസ്ലാമിക നാഗരികതയുടെ അടിപ്പടവുകള്‍

ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു ജന്മദേശത്തുനിന്നുള്ള പ്രവാചകരുടെ പലായനം. ഹിജ്റ എന്നാണ് ഇസ്ലാമിക ചരിത്രത്തില്‍ ഇതറിയപ്പെടുന്നത്. മദീനയിലേക്കായിരുന്നു ഈ പലായനം. പ്രതിയോഗികളായ ഖുറൈശികളുടെ കണ്ണുവെട്ടിച്ച് അല്ലാഹുവിന്റെ സംരക്ഷണത്തില്‍ തിരുപ്രവാചകന്‍ സുരക്ഷിതമായി മദീനയിലെത്തി. കൃത്യമായ ആസൂത്രണങ്ങളുണ്ടായിരുന്നു തിരുപ്രവാചകന്. പ്രവാചകനെത്തുമ്പോള്‍ മദീന അത്രമേല്‍ ശാന്തമായിരുന്നില്ല.ഗോത്ര സംഘട്ടനങ്ങളും യുദ്ധങ്ങളും പതിവാണ്. പരമ്പരാഗതമായി നിലനിന്നിരുന്ന സാമ്പത്തിക സാമൂഹിക പ്രശ്നങ്ങള്‍ അതുപോലെ തന്നെ തുടരുന്നു. മക്കയില്‍ നിന്ന് എത്തിയ മുഹാജിറുകള്‍ക്കുള്ള പുനരധിവാസമായിരുന്നു മറ്റൊരു പ്രധാന വെല്ലുവിളി. അതോടൊപ്പം പ്രവാചകനെക്കുറിച്ചുള്ള മദീനക്കാരുടെ അമിതമായ പ്രതീക്ഷയും. ഓരോ ചുവടുവെപ്പുകളും കരുതലോടെ വേണം.

രണ്ട് പള്ളികള്‍ പണിതു കൊണ്ടായിരുന്നു പ്രവാചകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഒന്ന് ഖുബാഇലും മറ്റൊന്ന് മദീനയിലും. ആരാധനാലയം എന്നതിനെക്കാളുപരി ആസ്ഥാനമായിട്ടായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ലമെന്റ്, കോടതി, പുനരധിവാസ കേന്ദ്രം തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്താവശ്യങ്ങളെ പ്രതിനിധീകരിക്കുന്നവയായിരുന്നു ആ മസ്ജിദുകള്‍. പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക സ്ഥലം തന്നെ ക്ലിപ്തപ്പെടുത്തിയിരുന്നു. മദീന രാഷ്ട്ര നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ആരംഭിച്ചത് ഇവിടങ്ങളില്‍ നിന്നായിരുന്നു. മസ്ജിദുകളുടെ സാമൂഹിക ബാധ്യതകളെന്താണെന്ന് ഈ ആദ്യകാല പള്ളികള്‍ പറയുന്നുണ്ട്.

പള്ളികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ പങ്കാളിയായിരുന്നു തിരു നബി(സ്വ). മദീന പള്ളി നിലനിന്നിരുന്ന സ്ഥലം സഹല്‍, സുഹൈല്‍ എന്നീ അനാഥ സഹോദരന്മാരുടേതായിരുന്നു. അവര്‍ സൗജന്യമായി സ്ഥലം നല്‍കാന്‍ തയാറായെങ്കിലും പത്ത് സ്വര്‍ണനാണയങ്ങള്‍ നല്‍കി പ്രവാചകര്‍ സ്ഥലം വാങ്ങിക്കുകയായിരുന്നു. ആദ്യ കല്ല് യഥാസ്ഥാനത്ത് വെച്ചു കൊണ്ട് നബിതങ്ങള്‍തന്നെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. പിന്നീട് തുടര്‍ പ്രവര്‍ത്തനങ്ങളിലും അവിടുത്തെ സാന്നിധ്യമുണ്ടായിരുന്നു. തന്റെ കയ്യിലുള്ള കല്ല് ചുമക്കാന്‍ വന്ന സ്വഹാബിയോട് ‘നീ മറ്റൊന്ന് എടുത്തോളൂ, എന്നെക്കാള്‍ അല്ലാഹുവിലേക്ക് ആവശ്യമായവനാണ് നീ’ എന്നായിരുന്നു മറുപടി. ഒരു നേതാവ് എന്ന നിലയില്‍ വെറും കാഴ്ച്ചക്കാരനായി നില്‍ക്കാതെ അനുയായികളുടെ കൂടെ ചേര്‍ന്ന് അവര്‍ക്ക് ഉത്തേജനം നല്‍കി. നേതൃത്വത്തിന്റെ ഏറ്റവും മികച്ച സ്വഭാവത്തെ പരിചയപ്പെടുത്തുകയായിരുന്നു ഈ നേതാവ്. പള്ളിക്ക് വേണ്ടി മുറിക്കേണ്ടി വന്ന ഈന്തപ്പനകള്‍ കൊണ്ട് തന്നെ മേല്‍ക്കൂരകള്‍ നിര്‍മ്മിച്ച് പാരിസ്ഥിതിക വിഭവങ്ങളുടെ വിനിയോഗത്തിലെ ഉത്തമ മാതൃകയും പ്രവാചകന്‍ പകര്‍ന്നു നല്‍കി.

പള്ളിയുടെ ഒരു വശത്ത് അസ്സുഫ്ഫ എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലം നീക്കിവെച്ചിരുന്നു. മദീനയിലെ വിശ്വാസികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയായിരുന്നു ഇത്. ധാരാളം നവോത്ഥാന നായകന്‍മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഈ പാഠശാലയില്‍ നിന്നും ഉയന്നുവന്നു.വ്യത്യസ്ത മേഖലകളില്‍ മികച്ച പ്രതിഭകളെ ഈ വിദ്യാലയം നാടിന് സമ്മാനിച്ചു. ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളായ ഖുലഫാഉ റാഷിദുകള്‍ ഈ വിദ്യാലയത്തിലെ കണ്ണികളായിരുന്നു. ധര്‍മ്മവും സദാചാരവും ജീവിതവൃത്തിയാക്കിയ ഒന്നരലക്ഷത്തോളം അനുചരന്മാരെ വാര്‍ത്തെടുത്തു. സുഫ്ഫയില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കി. അജ്ഞരായ സമൂഹത്തിനിടയില്‍ ഒരു വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ചെടുത്തു. ഒരേസമയത്ത് എഴുന്നൂറ് വിദ്യാര്‍ഥികള്‍ വരെ ആ പാഠശാലയില്‍ പഠിച്ചിരുന്നു. ആദ്യ റെസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റി എന്നും ആദ്യ ഓപ്പണ്‍ യൂണിവേഴ്സിറ്റി എന്നും ചരിത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.മദീനയില്‍ ദാരിദ്ര്യമനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ അഭയകേന്ദ്രം കൂടിയായിരുന്നു ഇത്. സുഫ്ഫയിലെ വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കും സമൂഹത്തില്‍ താഴെകിടയിലുള്ളവരായിരുന്നു.

രാത്രിയില്‍ മുഴുസമയ ധ്യാനവും പകല്‍ പാഠവും പോരാട്ടവും എന്നതായിരുന്നു പതിവ്. അന്നം വല്ലപ്പോഴുമേ ആ പാഠശാലയുടെ പടി കടന്നെത്തിയുള്ളൂ.
മുഹാജിറുകളുടെ പുനരധിവാസം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. വെറും കയ്യോടെ പലായനത്തിനു പുറപ്പെട്ടവരെ സ്വീകരിക്കാന്‍ മാത്രം മദീന സ്വയംപര്യാപ്തമായിരുന്നില്ല. എന്നിട്ടും മദീനയുടെ പുനരധിവാസ പദ്ധതികള്‍ ലോകത്തിന് മുന്‍ മാതൃകയില്ലാത്തതായി. അത്ര കനിവോടെ ലോകത്തൊരു ജനതക്കും പിന്നീട് ദേശം കടന്നു വന്നവരെ ഉള്‍ക്കൊള്ളാനായില്ല. അതിര്‍ത്തി കടന്നെത്തുന്ന അഭയാര്‍ഥികളെ മതില്‍കെട്ടി മറയ്ക്കുന്ന ആധുനിക സമൂഹം തല കുനിച്ച് നില്‍ക്കണം. മദീന സര്‍വ്വതും മക്കയുടെ ശൂന്യമായ കാല്‍ക്കല്‍ സമര്‍പ്പിച്ചു. മുആഖാത് അഥവാ സംഘ ബന്ധുത്വം എന്ന പേരിലായിരുന്നു പുനരധിവാസപദ്ധതി ആസൂത്രണം ചെയ്തത്. മുസ്ലിം സാമൂഹിക വികാസത്തിലെ പ്രാഥമിക ഘട്ടമായി ചരിത്രകാരനായ വെല്‍ ഹോസന്‍ ഇതിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇബ്നു ഖല്‍ദൂന്റെ സംഘബോധ സിദ്ധാന്തം ഇതില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നാണ് പൊതുവില്‍ നിരീക്ഷിക്കപ്പെടുന്നത്. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ അനുയോജ്യമല്ലാതിരുന്നിട്ടു പോലും അന്യദേശക്കാരെ സ്വന്തം കുടുംബത്തേക്കാള്‍ പരിഗണന നല്‍കിയായിരുന്നു മദീനക്കാര്‍ സ്വീകരിച്ചത്.

ഓരോ അന്‍സാരിക്കും ഓരോ മുഹാജിറിനെ വീതം നല്‍കി. തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും യഥാര്‍ത്ഥ വിശ്വാസിയാവുകയില്ലെന്ന തിരുവരുളായിരുന്നു എല്ലാത്തിനും കാരണം. യൂണിവേഴ്സല്‍ ഗോള്‍ഡന്‍ റൂള്‍ എന്ന പേരില്‍ ലോകത്ത് ഈ ഹദീസ് പ്രചാരം നേടിയിട്ടുണ്ട്. തനിക്കുള്ളതെല്ലാം തന്റെ കൂട്ടുകാരനും നല്‍കാന്‍ അവര്‍ തയാറായി. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ ഒരു ഭാര്യയെ സഹോദരന് വിവാഹം ചെയ്തു കൊടുത്തു. ഇത്തരം സഹായങ്ങളൊന്നും മക്കക്കാര്‍ ചൂഷണം ചെയ്തിരുന്നില്ല. തന്റെ കൃഷി സ്ഥലവും ഭാര്യമാരിലൊരാളെയും പകുത്തുനല്‍കാന്‍ തയാറായ അന്‍സാരിയോട് എനിക്ക് അങ്ങാടിയിലേക്കുള്ള വഴി കാണിച്ചു തന്നാല്‍ മതി എന്ന് മക്കയുടെ മക്കള്‍ പറഞ്ഞു. ഞാന്‍ പോയി കച്ചവടം ചെയ്ത് ജീവിച്ചു കൊള്ളാം എന്നായിരുന്നു അഭിമാനമുള്ള ആ മറുപടിയുടെ ആകത്തുക. മദീനയുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് വേണ്ടിയായിരുന്നു മദീനക്കാര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തതെന്ന് വിമര്‍ശിക്കുന്നവരുണ്ട്. സ്വന്തം കുടുംബവും സമ്പത്തും വിട്ടെറിഞ്ഞു എത്തിയവരായിരുന്നു മുഹാജിറുകള്‍. അതുകൊണ്ടുതന്നെ അവരില്‍ നിന്ന് ഇത്തരം നേട്ടങ്ങള്‍ പ്രതീക്ഷിക്കുക എന്നത് തീര്‍ത്തും അസ്ഥാനത്താണ്.
ഘടനയിലും പ്രവര്‍ത്തനത്തിലും ഒരടഞ്ഞ സമൂഹമായിട്ടാണ് ഗോത്രങ്ങളെ നരവംശ പണ്ഡിതര്‍ പരിചയപ്പെടുത്തുന്നത്. മക്ക മദീനയില്‍ ഇടം തേടുമ്പോള്‍ നാല്പത്തിനാല് ഗോത്രസമൂഹങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നു. ഔസ്-ഖസ്റജ് എന്നീ ഗോത്രങ്ങളായിരുന്നു പ്രമുഖര്‍. വര്‍ഷങ്ങളായി വിദ്വേഷത്തിലും പകയിലും കഴിഞ്ഞിരുന്ന ഈ സഹോദര കുടുംബങ്ങളെ രഞ്ജിപ്പിലാക്കുക എന്നത് ഭരണാധികാരി എന്ന നിലയില്‍ പ്രവാചകന്റെ ഉത്തരവാദിത്തമായിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന ബുആത് യുദ്ധം അവരെ കൂടുതല്‍ പ്രകോപിതരാക്കി. ഔസ് ഗോത്രത്തിനായിരുന്നു മദീനയില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പ്രവാചകരെ സ്വീകരിച്ചതും ഔസില്‍ നിന്നുള്ളവരായിരുന്നു. മദീനയിലെത്തിയ ശേഷം ഖസ്‌റജ് ഗോത്രത്തിലെ അസദ് ബ്നു സുറാറയെ പ്രവാചകന്‍ അന്വേഷിച്ചു. അദ്ദേഹത്തിന് ഈ പ്രവിശ്യയിലേക്ക് പ്രവേശനാനുമതിയില്ലെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. പക്ഷേ പ്രവാചകന്‍ വിട്ടില്ല.അസദ് എന്റെ സംരക്ഷണത്തിലാണെന്നും അവനെ ഇങ്ങോട്ടെത്തിക്കണമെന്നും അവിടുന്ന് കല്‍പ്പിച്ചു. പിറ്റേദിവസം അന്‍പത് അനുയായികളുമായി അദ്ദേഹം മസ്ജിദ് ഖുബാഇലെത്തി. അവരോട് സാഹോദര്യത്തിന്റെയും സമ്പര്‍ക്കത്തിന്റെയും അനിവാര്യതയെക്കുറിച്ച് അവിടുന്ന് സംസാരിച്ചു. ഖസ്‌റജ് ഗോത്രവുമായി സന്ധിയിലാവാന്‍ ഔസ് പ്രതിനിധികളും തയാറായിരുന്നു. ഇസ്ലാമിക സംസ്‌കാരങ്ങളും മൂല്യങ്ങളും പകര്‍ന്നു നല്‍കി പ്രവാചകന്‍ അവരെ ഒരു കണ്ണിയില്‍ ഇണക്കിച്ചേര്‍ത്തു. അവര്‍ ആദ്യമായി ഒരുമിച്ചു നിസ്‌കരിച്ച പള്ളിയും മസ്ജിദ് ഖുബാ ആയിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ചെയ്ത ഈ പ്രവൃത്തി ഇസ്ലാമിക നാഗരികത കെട്ടിപ്പടുക്കുന്നതില്‍ ഏറെ സഹായകമായി.

മദീനയില്‍ എത്തിയ ഉടനെ പ്രവാചകന്‍ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. സലാം വ്യാപിപ്പിക്കുക, മറ്റുള്ളവരെ ഭക്ഷിപ്പിക്കുക, കുടുംബബന്ധങ്ങള്‍ ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുന്ന സമയത്ത് എഴുന്നേറ്റു നിസ്‌കരിക്കുക എന്നിവയായിരുന്നു ആദ്യമായി ഉണര്‍ത്തിയ നാല് കാര്യങ്ങള്‍. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇവ നാലിനും ഏറെ പ്രസക്തിയുണ്ട്. സലാം സമാധാനത്തെയാണ് കുറിക്കുന്നത്.ഒരു രാജ്യത്തിന്റെ നില നില്‍പ്പിന് സമാധാനാന്തരീക്ഷം അനിവാര്യമാണ്. പരസ്പര സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. ഇതായിരുന്നു ആദ്യ കല്‍പ്പനയില്‍ തെളിഞ്ഞു കണ്ടത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിയായിരുന്നു രണ്ടാമത്തേത്. രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുന്ന കാലത്തോളം ഏത് വികസനവും അനൗചിത്യമാണല്ലോ. പരസ്പര ബന്ധങ്ങളെ കൂട്ടിയിണക്കാനായിരുന്നു മൂന്നാമതായി അവിടുന്ന് കല്‍പ്പിച്ചത്. പരസ്പര വിദ്വേഷങ്ങളെ മറികടന്ന് ഒരൊറ്റ സമൂഹമായി നിലനില്‍ക്കാനുള്ള ആഹ്വാനമായിരുന്നു ഇത്. രാജ്യത്തെ ജനങ്ങളുടെ ഏകോപനം രാജ്യസുരക്ഷയ്ക്ക് ഏറ്റവും അനിവാര്യമായ താണ്. അതിനെല്ലാം ശേഷമായിരുന്നു പ്രവാചകന്‍ വിശ്വാസപരമായ കാര്യത്തിലേക്ക് പ്രവേശിച്ചത്. ഒരു മുസ്ലിം രാഷ്ട്രം എന്ന നിലയില്‍ ദിവ്യബോധത്തിനും പ്രാധാന്യം നല്‍കിയിരുന്നു. അതേ സമയം മറ്റ് മതങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. ഒരു രാഷ്ട്രം നിര്‍മ്മിതമാവാന്‍ പോകുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഈ വാക്യങ്ങളില്‍ കാണാം.അബ്ദുല്ലാ ഇബ്നു സലാം എന്ന ജൂത പണ്ഡിതന്‍ ഈ പ്രസ്താവനയുടെ വിപ്ലവ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇസ്ലാം സ്വീകരിച്ച വ്യക്തിയായിരുന്നു.

മര്‍ഹൂം ബൂത്വി മൂന്ന് കാര്യങ്ങളെയാണ് മദീനയുടെ രാഷ്ട്ര നിര്‍മ്മാണത്തിന്റെ അടിസ്ഥാനമായി പരിചയപ്പെടുത്തുന്നത്.മസ്ജിദ്, മുഹാജിറുകള്‍ക്കും അന്‍സാരികള്‍ക്കും ഇടയിലുള്ള പരസ്പര സാഹോദര്യം, മദീനയുടെ ഭരണഘടന എന്നിവയാണവ.മദീനയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ഭരണഘടന വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. ഇത്തരത്തില്‍ തുടക്ക സമയത്ത് തന്നെ കൃത്യമായ ആസൂത്രണങ്ങളിലൂടെ പ്രവാചകന്‍ ഇസ്ലാമിക നാഗരികത പണിതെടുത്തു.

ഫിര്‍ദൗസ് മന്‍സൂര്‍

You must be logged in to post a comment Login