മുസ്ലിം വിശ്വാസി എത്തിച്ചേരേണ്ട ദീപ്തവും ശുദ്ധവുമായ ആത്മീയാവസ്ഥയാണ് സൂഫിയുടേത്. ലോകത്തിന് വേണ്ടി ഉയിര്‍ക്കൊണ്ടവരാണ് മുസ്ലിംകള്‍. ഒളിഞ്ഞൊതുങ്ങിയ ജീവിതമല്ല അവരുടേത്. സാമൂഹിക ജീവിതത്തില്‍ അവരുടെ ഇടപെടലുണ്ടാവും. സുഖ ദുഃഖങ്ങളില്‍ പങ്ക് കൊള്ളും. നിസ്വാര്‍ത്ഥരും ത്യാഗിവര്യരുമായ പുണ്യവാളന്മാരാണ് സൂഫികള്‍.
സൂഫി എന്ന വാക്കിന്റെ ഉത്ഭവം വിശുദ്ധി എന്നര്‍ഥം വരുന്ന ‘സഫ’ എന്ന അറബി വാക്കില്‍ നിന്നാണ്. പ്രവാചകന്റെ കാലത്ത് മദീന പള്ളിയുടെ ചെരുവില്‍ വിദ്യയും ധ്യാനവുമായിക്കഴിഞ്ഞ അസ്ഹാബുസ്സുഫ്ഫ എന്ന വാക്കിലും ഇതിന്റെ വേര് കാണുന്നവരുണ്ട്. ഇബ്നു ഖല്‍ദൂന്‍ അടക്കം വലിയൊരു വിഭാഗം പണ്ഡിതര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാണിക്കുന്നത്. സൂഫിയെ ഗ്രീക്ക് ഭാഷയിലെ ‘സോഫിയ’യോട്(വിവേകം, വിജ്ഞാനം) ചേര്‍ത്തുവായിച്ചവരും ഉണ്ട്.
ശൈഖുല്‍ ഇസ്ലാം സകരിയ്യ(റ) രേഖപ്പെടുത്തുന്നു: ‘ഒരാളുടെ ഹൃദയത്തെ എങ്ങനെ ശുദ്ധമാക്കാമെന്നും സദാചാരത്തെ എങ്ങനെ സമൃദ്ധമാക്കാമെന്നും നിത്യമായ മോക്ഷം ലഭിക്കും വിധം ജീവിതത്തിന്റെ അകവും പുറവും എങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള വിചാരമാണ് സൂഫിസം’. ഇത് പ്രത്യേകം ചിലര്‍ക്കുള്ള അവസ്ഥയല്ല. ഓരോ വിശ്വാസിക്കുമുണ്ടായിരിക്കേണ്ട സവിശേഷതയാണ്. ഓരോ വിശ്വാസിയും ആ ഒരു തലത്തിലേക്ക് ആസകലം എത്തിച്ചേരേണ്ടതുണ്ട്. അതിന്റെ കാതല്‍ ആത്മാവിന്റെ ശുദ്ധിയും ശാശ്വതമായ പരമാനന്ദവുമാണ്.
ഇസ്ലാമിനു രണ്ടുതലങ്ങളുണ്ട്. ബാഹ്യവും(ശരീഅത്) ആന്തരികവും(ഹഖീഖത്ത്). ഒരു വൃത്തത്തോടുപമിക്കാം; അതിന്റെ ഉപരിതലം ശരീഅത്താണ്. അതിലൂടെ കേന്ദ്രബിന്ദുവായ ഹഖീഖത്തിലെത്താനാണ് സമര്‍പ്പിതരായ സൂഫികള്‍ ശ്രമിക്കുന്നത്.
കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുക്കുമ്പോള്‍ അല്ലാഹു സമീപസ്ഥനാകും. കണ്ഠനാളിയേക്കാളും അടുത്ത് വരും. ഇങ്ങനെ അല്ലാഹുവിന്റെ സാമീപ്യം നേടിയവരെയാണ് ഖുര്‍ആന്‍ മുഖര്‍റബ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ മുഖര്‍റബുകളാണ് സൂഫികള്‍ എന്ന് അറിയപ്പെട്ടത്.
എന്താണ് സ്രഷ്ടാവിന്റെ സത്ത? ദൈവസത്തയും സൃഷ്ടികളുടെ സത്തയും തമ്മിലുള്ള ബന്ധമെന്ത്? ആത്മാവിന്റെ രഹസ്യമെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഖുര്‍ആന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തില്‍ ഉത്തരം കണ്ടെത്താനാണ് നിരന്തര ആത്മതപസ്യയിലൂടെ സൂഫികള്‍ ശ്രമിക്കുന്നത്. തത്വചിന്ത കൊണ്ട് മാത്രം ഇത് സാധ്യമാവുകയില്ല.
ജലാലുദ്ധീന്‍ റൂമിയെ(റ) കേള്‍ക്കുക: താങ്കളൊരു തത്വ ചിന്തകനായിരുന്നു. പക്ഷേ താങ്കള്‍ക്കറിയില്ല, താങ്കള്‍ എവിടെയാണെന്ന്. എവിടെ നിന്നാണ് വന്നതെന്ന്. താങ്കളെന്താണെന്ന്. ഹേ, സത്യമറിയാത്തവനേ, താങ്കള്‍ക്ക് തന്നെത്തന്നെ അറിയില്ല, പിന്നെന്തിനാണ് നിങ്ങള്‍ക്കുണ്ടെന്ന് വിചാരിക്കുന്ന ജ്ഞാനം കൊണ്ട് നിങ്ങള്‍ അഹങ്കരിക്കുന്നത്?
സ്രഷ്ടാവിനെ കുറിച്ച് ആഴത്തില്‍ പഠിക്കുന്ന സൂഫി, സൃഷ്ടിയുടെ ദൗര്‍ബല്യങ്ങളെ പറ്റി കൂടുതല്‍ ബോധവാനാകുന്നു. അധികാരവും ശക്തിയും നിലനില്‍പ്പും പ്രവര്‍ത്തനവും എല്ലാം പരമമായ് അല്ലാഹുവിന്റെത് മാത്രമാണെന്നും സൃഷ്ടി അല്ലാഹുവിനെ ആശ്രയിക്കുന്ന ഒരു യാചകന്‍ മാത്രമാണെന്നും അയാള്‍ ബോധ്യപ്പെടുന്നു. ഖുര്‍ആന്‍ വായിക്കുക: ‘ഹേ മനുഷ്യ സമൂഹമേ, അല്ലാഹുവുമായുള്ള ബന്ധത്തില്‍ നിങ്ങള്‍ യാചകരാണ്. അല്ലാഹു സര്‍വസ്വനും സ്തുത്യര്‍ഹനുമാണ് ‘(35:15).
ഉത്ഭവം തേടി
സൂഫിസത്തിന്റെ ഉത്ഭവം തേടി പലരും കാടു കയറി. കാട്ടിലല്ല, ഖുര്‍ആനിലും തിരുപ്രവാചകന്റെ സ്പന്ദനങ്ങളിലുമാണ് സൂഫിസത്തിന്റെ ഉറവ പൊടിയുന്നത്. സൂഫിയായ ജുനൈദ് ബഗ്ദാദിയുടെ(റ) മൊഴി കേള്‍ക്കാം: ‘സൂഫികളുടെ തത്വങ്ങളും വിശ്വാസവും ഖുര്‍ആനും നബി ചര്യകളുമായി ബന്ധപ്പെട്ടതാണ് ‘.
മക്കയില്‍ അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങള്‍ പൊതുവെ ആത്മീയ ചിന്തയ്ക്ക് പ്രാധാന്യം നല്‍കുന്നവയാണ്. സൂഫികളുപയോഗിക്കുന്ന ഉപമകളും പ്രതീകങ്ങളും നോക്കിയാലറിയാം; എല്ലാം ഖുര്‍ആനിലുള്ളതാണ്. ദൈവിക വിശുദ്ധിയുടെ പ്രതീകമായ ‘അഗ്നിയും'(28:29) ആത്മാവിന്റെ അനശ്വര തയെ ചൂണ്ടുന്ന ‘പക്ഷിയും'(2:262, 3:43)മനുഷ്യന്റെ തൊഴിലും വിധിയും പ്രതിനിധാനം ചെയ്യുന്ന ‘മരവും'(14:29, 28:30) ഉദാഹരണങ്ങളാണ്. ഹസന്‍ ബസരി(റ) വിഭാവനം ചെയ്ത ദൈവ മര്യാദ(അദ് ല്)സംതൃപ്തി(രിള)ദുന്നൂന്‍ മിസ് രിയുടെ സൂഫി അവസ്ഥകള്‍ (അഹ് വാല്‍)മന്‍സൂര്‍ ഹല്ലാജ്, അല്‍ ഖര്‍റാസ് , അല്‍ മുഹാസിബി, തുസ്തരി തുടങ്ങിയവര്‍ വിവരിച്ച ദൈവത്തിന്റെ ഏകത(വഹ്ദത്), ദൈവത്തോട് ചേരല്‍(ഇത്തിസ്വാല്‍), പശ്ചാത്താപം(തൗബ), യുക്തി(അഖ്ല്‍), മനസ്സ്(ഖല്‍ബ്) ആത്മജ്ഞാനം(മഅരിഫത്), ദൈവസ്മരണ(ദിക്‌റ്) എന്നിവയെല്ലാം ഖുര്‍ആനിലുള്ളതാണ്.
മന്‍സൂര്‍ ഹല്ലാജിന്റെ ദൈവവുമായി കൂടിച്ചേരലിനും (ഇത്തിസ്വാല്‍), അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഏകത്വത്തിനും(വഹ്ദത്) വേദന്തത്തില്‍ അടിസ്ഥാനം കണ്ടെത്തിയ യൂറോപ്യരുണ്ട്. രാജകുമാരനായ ഇബ്രാഹിം ബ്‌ന് അദ്ഹം കൊട്ടാരം വിട്ട് പോയത് കപില വസ്തുവിലെ ശ്രീ ബുദ്ധനെ അനുകരിച്ചാണെന്ന് ഗോള്‍ഡ് സിംഹര്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു യൂറോപ്പ്യനായ സെഹ്നര്‍ ഇതിനെ ചോദ്യം ചെയ്തതും കാണാം(hindu muslim mistiscm).
ഇസ്ലാമിന് ആധ്യാത്മികവശമില്ലെന്ന് ധരിച്ചവരോ, ഇസ്ലാമിക ആധ്യാത്മികത അറിയാത്തവരോ ആണ് സൂഫിസത്തെക്കുറിച്ച് ഇസ്ലാമിന്റെ പരിധിക്കുള്ളില്‍ നിന്ന് പുറത്ത് കടന്ന് കാടുകയറിയത്.
സൂഫി എന്ന വാക്കിന്റെ ചരിത്ര പശ്ചാത്തലത്തിലേക്ക് കടന്നാല്‍ ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആ പദം പ്രചാരത്തില്‍ വന്നത്. വേരുകള്‍ പ്രവാചകന്മാരുടെ ദിവ്യസന്ദേശങ്ങളില്‍ വേരാഴ്ത്തിയ ഒരു മഹദ് ജീവിത ദര്‍ശനത്തിന്റെ പേര് മാത്രമാണ് സൂഫി എന്ന വാക്ക് എന്നോര്‍ക്കുക. ഹിറാഗുഹയില്‍ ധ്യാനമിരിക്കുന്ന തിരു പ്രവാചകന്റെ സ്പന്ദനങ്ങളില്‍ സൂഫിസമാണ് തിരയടിക്കുന്നത്. മലീമസമായ ചുറ്റുപാടുകളില്‍ നിന്ന് മുക്തമായി യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള ഉല്‍ക്കടമായ അഭിലാഷമാണ് തിരുപ്രവാചകനെ ആ കുന്നിന്‍മുകളിലെത്തിച്ചത്. ഗുഹയിലേക്ക് വഴി കാണിച്ചത്. അവിടെ വെച്ചാണ് പ്രവാചകന് ദിവ്യബോധനമുണ്ടാകുന്നത്.
പ്രവാചകന്മാരല്ലാത്തവര്‍ക്കും ധ്യാനത്തിലൂടെ ആധ്യാത്മിക പദവി കൈവരിക്കാം. അവര്‍ക്ക് ദിവ്യബോധനം ലഭിക്കില്ലെന്ന് മാത്രം. പകരം പ്രത്യേക തരം വെളിപാട് ലഭിച്ചേക്കാം. ഇതിന് ഇല്‍ഹാം എന്ന് പറയുന്നു.
അമവി ഭരണകാലത്ത് ഇസ്ലാമിന്റെ പവിത്രതക്ക് ഏറ്റ പ്രഹരമാണ് സൂഫിസത്തിന് ജനകീയത നല്‍കിയത്. ഇമാം ഖുശൈരി(റ) പറയുന്നു: തിരുപ്രവാചകന്റെ തലമുറക്ക് ശേഷം സമുദായത്തില്‍ വിഭാഗീയമായ പ്രശ്നങ്ങള്‍ തല പൊക്കിയിരുന്നു. ഒപ്പം ഭരണവര്‍ഗം മതത്തോട് അകലുകയും ചെയ്തു. അമവികളുടെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. മുആവിയക്ക്(റ) ശേഷം ഖിലാഫത്ത് പട്ടം അണിഞ്ഞ യസീദ് മത താല്പര്യങ്ങള്‍ മറികടന്നു. പഴയ ഗോത്ര ചിന്തകള്‍ തല പൊക്കി. ഈ അധപതനത്തില്‍ മനംനൊന്ത ഒരു കൂട്ടം നല്ല മനുഷ്യര്‍ മലീമസമായ ചുറ്റുപാടുകളില്‍ നിന്ന് മാറി ദീര്‍ഘ പരിചിന്തനത്തിലാണ്ടു. നിരന്തരമായ പ്രാര്‍ഥനകളിലൂടെ ദൈവിക ചൈതന്യം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ദൈവ സാമീപ്യം അറിഞ്ഞ ഈ സൂഫികള്‍ പുതിയ പ്രതിജ്ഞയുമായ് സമൂഹത്തിലേക്കിറങ്ങി. അങ്ങനെ പതനത്തിന്റെ പാതാളത്തില്‍ എത്തിയ മുസ്ലിം സമൂഹത്തിന് സൂഫികള്‍ രക്ഷകരായി.
സൂഫിസത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമായി മൂന്നുഘട്ടങ്ങള്‍ ഉണ്ട്.
1 . പരിത്യാഗികളുടെ ഘട്ടം.
2. സൂഫീ തത്വചിന്തകരുടെ കാലം.
3. സില്‍സിലകളുടെ കാലം
ഒന്നാമത്തെ ഘട്ടം അമവി ഭരണത്തിന്റെ ആരംഭം തൊട്ട് (ക്രിവ 661) ക്രിവ 850 വരെ നീണ്ടു നിന്നു. മലീമസമായ ചുറ്റുപാടില്‍ വിരക്തി പൂണ്ട സജ്ജനം, ഭൗതിക ലോകത്തെ പരിത്യജിച്ചു. നിരന്തര പ്രാര്‍ഥനകളിലൂടെ അല്ലാഹുവിനോട് പ്രായശ്ചിത്തം ചെയ്തു. പരലോക ചിന്തയില്‍ മുഴുകി ആത്മശുദ്ധി നേടാന്‍ ശ്രമിച്ചു.
ഈ കാലത്ത് ജീവിച്ചവരാണ് ഇമാം ഹസന്‍ ബസ്വരി, ഇബ്രാഹിം ഇബ്ന്‍ അദ്ഹം, അബു ഹാഷിം എന്നിവര്‍.
ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ സൂഫിസത്തില്‍ തന്നെ വിവിധ ധാരകള്‍ വന്നു. മഅറൂഫ് ഖര്‍ഖിയുടെ പൂര്‍ണ പരിത്യാഗവും മന്‍സൂര്‍ ഹല്ലാജിന്റെ ‘ഹുലൂല്‍ ഇത്തിഹാദ്’ തുടങ്ങിയവയും ഉദാഹരണങ്ങളാണ്. ഇവരില്‍ ഓരോരുത്തരെയും ആത്മീയത ആഗ്രഹിച്ചവര്‍ പിന്‍പറ്റി. പതിനൊന്നാം നൂറ്റാണ്ടില്‍ ഇത്തരം 12 ധാരകളെങ്കിലും നിലനിന്നിരുന്നുവെന്ന് കശ്ഫുല്‍ മഹ്ജൂബില്‍ കാണാം.
സില്‍സിലകളുടെ അഥവാ ത്വരീഖത്തുകളുടെ ഉദയം സൂഫിസത്തിന്റെ വളര്‍ച്ചയില്‍ വഴിത്തിരിവ് കുറിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം മുസ്ലിം മനസ്സിനേറ്റ ജീര്‍ണ്ണതയാണ് ഇതിന്റെ ഉദയത്തിന് വഴി വെച്ചത്. മംഗോളിയരുടെ ആക്രമണം മൂലം ബാഗ്ദാദിനുണ്ടായ പതനം മുസ്ലിംകള്‍ക്കും സൂഫി ചിന്തകര്‍ക്കും കനത്ത തിരിച്ചടിയായി. ഈ അധപതനത്തില്‍ നിന്ന് മുസ്ലിം സമൂഹത്തെ മുഴുവന്‍ രക്ഷിക്കേണ്ട ഉത്തരവാദിത്വം സൂഫികള്‍ ഏറ്റെടുത്തു. സമൂഹത്തിന്റെ ഉദ്ധാരണത്തിന് മുഴുവന്‍ ഊര്‍ജ്ജവും അവര്‍ ഉപയോഗിച്ചു. മുസ്ലിം രാഷ്ട്രീയ ശക്തി ക്ഷയിച്ചത് മൂലം എങ്ങും അരാജകത്വം നടമാടിയ സന്ദര്‍ഭത്തിലാണ് സൂഫികള്‍ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നതും വിജയകരമായി വെല്ലുവിളികളെ അതിജീവിച്ചതും.
മുഹമ്മദ് മിദ്ലാജ് തച്ചംപൊയില്‍
You must be logged in to post a comment Login