മറ്റൊരു ലോകം വരും അവിടെ നമ്മളുണ്ടാകും

മറ്റൊരു ലോകം വരും അവിടെ നമ്മളുണ്ടാകും

Humankind is now facing a global crisis. Perhaps the biggest crisis of our generation. The decisions people and governments take in the next few weeks will probably shape the world for years to come. They will shape not just our healthcare systems but also our economy, politics and culture.We must act quickly and decisively. We should also take into account the long-term consequences of our actions. When choosing between alternatives, we should ask ourselves not only how to overcome the immediate threat, but also what kind of world we will inhabit once the storm passes. Yes, the storm will pass, humankind will survive, most of us will still be alive – but we will inhabit a different world.
-യുവാന്‍ നോവ ഹരാരി

യുവാന്‍ നോവ ഹരാരി നമുക്ക് അപരിചിതനല്ല. പൊടുന്നനെ ഈ ലോകം ഇങ്ങനെ മാറിത്തീരുന്നതിന് മുന്‍പ് അക്കാദമികവും അക്കാദമികേതരവുമായ സംവാദങ്ങളില്‍ പലവുരു നാം കടന്നുപോയ പേരാണ്. ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ എന്ന് വിജൃംഭിച്ചുനിന്ന ഒരു ലോകമായിരുന്നല്ലോ ഇത്തിരി നാള്‍ മുന്നേ നമ്മുടേത്. ജീവിതം ജീവിതം എന്ന് നാം ആഘോഷിച്ച കാലം. അക്കാലത്താണ് സാപിയന്‍സിന്റെ കഥ ഹരാരി എഴുതുന്നത്. മനുഷ്യന്റെ ജീവിത കഥയായിരുന്നു അത്. ലോകത്തെ മനുഷ്യന്‍ രൂപപ്പെടുത്തിയത് എങ്ങനെയെന്നും ലോകം മനുഷ്യനെ നിര്‍ണയിച്ചത് എങ്ങനെയെന്നും ആരാഞ്ഞ പുസ്തകം. സുഭദ്രമെന്ന് നാം അടിവരയിട്ടുറപ്പിച്ച ഒരു ലോകത്തിരുന്നാണ് ലക്ഷോപലക്ഷം പേര്‍ ഹരാരിയെ വായിച്ചത്. അതി ദീര്‍ഘകാലത്തേക്കുള്ള ഊനം തട്ടാത്ത ഒരു പദ്ധതിയായി ലോകത്തെയും ലോകജീവിതത്തെയും അക്കാലങ്ങളില്‍ നാം വിഭാവനം ചെയ്തിരുന്നു എന്നത് ഇപ്പോള്‍ മറന്നുപോകരുത്. മനുഷ്യാ ഇതാണ് നീ എന്ന പാഠം ആ പുസ്തകത്തിന്റെ അടിത്തറ ആയിരുന്നു.

എന്തായിരുന്നു ആ ലോകം എന്ന്, ആ ലോകം നമ്മില്‍ നിന്ന് തെറിച്ച് പോയ, മനുഷ്യന്റെ ഉഗ്രഭാവനയില്‍ പോലും ഇടം പിടിക്കാതിരുന്ന ഒരു ഒറ്റയാവലിന്റെ, ഏറ്റവും ഭ്രാന്തമായ സ്വപ്നത്തിന് പോലും അന്യമായിരുന്ന സര്‍വനാശത്തിന്റെ വക്കില്‍ ഇരുന്ന് ഇപ്പോള്‍ നാം ആലോചിക്കുകയാണ്. മനുഷ്യന്റെ കഥയെഴുതിയ ഹരാരിയെപ്പോലെ.

പ്രതീതികള്‍ ആവര്‍ത്തനം കൊണ്ട് യാഥാര്‍ത്ഥ്യത്തിന് സമം ആകുമെന്നതാണ് വിര്‍ച്വല്‍ കാലത്തിന്റെ ഒരു സവിശേഷത. നിരന്തരമായി നാം പ്രതീതികള്‍ക്കകത്ത് ജീവിക്കുമ്പോള്‍ ആ പ്രതീതി തന്നെയാണ് യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പോകും. ഉദാഹരണത്തിന് നിങ്ങളിപ്പോള്‍ സെന്‍സെക്‌സിനെക്കുറിച്ച് വെറുതേ ഓര്‍ക്കുക. നിങ്ങള്‍ ഒരു ഓഹരി ഇടപാടുകാരനോ സാമ്പത്തിക പ്രവര്‍ത്തകന്‍ പോലുമോ അല്ലെങ്കിലും സെന്‍സെക്‌സ് എന്ന വാക്ക് നിങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ഒരേ ടെംപ്ലെറ്റ് കൊണ്ട് മാധ്യമങ്ങള്‍ സെന്‍സെക്‌സ് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഓര്‍ക്കുക. സെന്‍സെക്‌സ് ഇടിയുക എന്നാല്‍ നിങ്ങളുടെ ജീവിതത്തിന് സാരമായ എന്തോ സംഭവിക്കുകയാണ് എന്ന് നമ്മെ വിശ്വസിപ്പിച്ചിരുന്നു. അതിനാല്‍ നാം നമുക്കൊരു സ്പര്‍ശനം പോലുമല്ലാത്ത സെന്‍സെക്‌സിനെക്കുറിച്ച് ചിലപ്പോഴെങ്കിലും വ്യാകുലപ്പെട്ടു. സെന്‍സെക്‌സ് എന്നാല്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടവയിലെ പ്രധാനപ്പെട്ട മുപ്പതോളം കമ്പനികളുടെ ഓഹരി വിലയുടെ തോത് മാത്രമാണെന്നും നമ്മുടെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷത്തില്‍ കാര്യമാത്രമായി സ്പര്‍ശിക്കുന്ന ഒന്നല്ല എന്നൊന്നും നാം ഓര്‍ത്തിട്ടില്ല. അങ്ങനെ നമ്മില്‍ നിന്ന് വ്യവഛേദിച്ച് നിന്നിരുന്ന ഒരു പ്രതീതിയെ നാം യാഥാര്‍ത്ഥ്യമായിക്കണ്ട് വേദനിച്ചിരുന്നു. ഇപ്പോള്‍ എവിടെപ്പോയി സെന്‍സെക്‌സ്. എങ്ങും പോയിട്ടില്ല. ഇതെഴുതുമ്പോഴും അതിന്റെ വിലനിലകള്‍ മാറുന്നുണ്ട്, മറിയുന്നുണ്ട്. അത് നമ്മെ സ്പര്‍ശിക്കുന്നില്ല. എന്താണ് ആ സ്പര്‍ശ നഷ്ടത്തിന്റെ പൊരുള്‍? സാമ്പത്തിക ജീവിതം എന്ന പേരില്‍ നമ്മിലേക്ക് പ്രവഹിച്ചിരുന്ന പലതും നമ്മുടെ ജീവിതത്തിന്റെ തൊലിപ്പുറം പോലുമായിരുന്നില്ല. നമ്മുടേതെന്ന് നമ്മെ വിശ്വസിപ്പിച്ചിരുന്ന ആടയാഭരണങ്ങള്‍ ഊരിത്തെറിച്ചുപോയിരിക്കുന്നു. നാം അടിസ്ഥാനത്തിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എറ്റവും അടിത്തട്ടിലെ കാഴ്ചകളെക്കുറിച്ച് മാത്രം സംസാരിക്കേണ്ട കാലമായിരിക്കുന്നു.

നമ്മെ വിഭജിക്കാന്‍ ശ്രമിച്ച വിധ്വംസകതകളെക്കുറിച്ച് ഓര്‍ക്കാന്‍ ശ്രമിക്കാമോ? അത്ര വിദൂരത്തിലല്ല അതൊന്നും. ജനാധിപത്യ ഇന്ത്യ അതിന്റെ അരനൂറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ജനാധിപത്യ നിരാസത്തിന്റെ നാളുകളിലൂടെ കടന്നുപോയിരുന്നു മൂന്ന് മാസങ്ങള്‍ക്ക് മുന്‍പു വരെ. അധികാരമെന്ന പ്രതീതിയെ അടിസ്ഥാന യാഥാര്‍ത്ഥ്യമെന്ന് കണ്ട് ഭ്രമിച്ച് വശായ ഒരു കൂട്ടര്‍ ഇന്ത്യയിലെ ഒരു വിഭാഗം ജനതയെ ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ നടത്തിയ ഗൂഢാലോചനകളുടെ കാലത്തെക്കുറിച്ചാണ് പറയുന്നത്. എവിടെപ്പോയി ആ വിദ്വേഷത്തിന്റെ വിളകള്‍? ആ ലോകം ദീര്‍ഘകാലത്തേക്ക് തീര്‍ന്നുപോയിരിക്കുന്നു. അവശേഷിക്കുന്നത് അപ്പോള്‍ ഏത് ലോകമാണ്? അത് പറയാനാണ് ഹരാരിയെ തുടക്കത്തില്‍ വായിച്ചത്. ഈ ലോകം ഇനി ഇങ്ങനെ ആയിരിക്കില്ല എന്നാണല്ലോ നാം ഇപ്പോള്‍ ജീവിതം കൊണ്ട് തിരിച്ചറിയുന്നത്. അതിനാല്‍ പുതിയ ലോകത്തിന്റെ പൊടിപ്പുകളെ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

ഇത് വരെ നാം മനസ്സിലാക്കിയ ലോകമല്ല ഇപ്പോഴുള്ളതെന്നും ഇനി വരാനുള്ളതെന്നും നമുക്ക് ഇപ്പോഴറിയാം. പലയാവര്‍ത്തി മനുഷ്യര്‍ കടന്നുപോയ നാനാതരം പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള ഒന്നല്ല കൊറോണ. അത്തരം ദുരന്തങ്ങള്‍ പ്രതീക്ഷിതവും അതിന്റെ ആഘാതങ്ങള്‍ പ്രവചിക്കാന്‍ കഴിയുന്നതുമായിരുന്നല്ലോ? കോവിഡ് അത്തരത്തില്‍ ഒന്നല്ല. നിശ്ചയമായും ഇത് മനുഷ്യരാശി നേരിടുന്ന ഒരു നിര്‍ഭാഗ്യകരമായ അപകടമല്ല. കാരണം മനുഷ്യരെ കൊന്നൊടുക്കുകയോ വസ്തുവകകള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്ന അപകടങ്ങളെയാണ് നാം ഇതിന് മുന്‍പ് അഭിമുഖീകരിച്ചിട്ടുള്ളത്. ഒരു പ്രദേശത്തെ അപ്പാടെ കടപുഴക്കുന്ന പ്രകൃതി ദുരന്തങ്ങള്‍. പക്ഷേ, ആ ദുരന്തം കടന്നുപോവുകയും സമ്പദ് ബലം കൊണ്ട്, ചിലപ്പോള്‍ സൈനിക ബലം കൊണ്ടുപോലും അവിടങ്ങളില്‍ ജീവിതം പഴയപടി സ്ഥാപിക്കുകയും ചെയ്തിരുന്നു. മനുഷ്യനിര്‍മിതമായ മഹാദുരന്തങ്ങളില്‍ പോലും അങ്ങനെ ആയിരുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നടത്തിയ സൈനിക കയ്യേറ്റങ്ങളേയും മാരകായുധ പ്രഹരത്താല്‍ സൃഷ്ടിച്ച കൊടും ദുരന്തങ്ങളേയും ഓര്‍ക്കുക. താറുമാറായ ദേശങ്ങളെ ഓര്‍ക്കുക. അവയെല്ലാം, അല്ലെങ്കില്‍ പലതെങ്കിലും പുനര്‍ നിര്‍മിക്കപ്പെട്ടു. ആ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍, അല്ലെങ്കില്‍ അത്തരം ദുരന്തങ്ങള്‍ സംഭവിപ്പിക്കുമ്പോള്‍ ലോകം പുറത്തുണ്ടായിരുന്നു. അഥവാ പുറത്തേ ലോകത്ത് ജീവിതം തിരയടിച്ചിരുന്നു.

മഹാമാരികളുടെ ചരിത്രവും വ്യത്യസ്തമല്ല. ഏഷ്യാമൈനറിലും ഈജിപ്തിലും ഗ്രീസിലും ഇറ്റലിയിലുമായി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ പ്ലേഗ് പലതരം ആഖ്യാനങ്ങളിലൂടെ നമുക്ക് പരിചിതമായിത്തീര്‍ന്ന മഹാമാരിയാണ്. ലക്ഷങ്ങള്‍ മരിച്ചു വീണ ദാരുണ കാലം. പിന്നീട് ജസ്റ്റീനിയന്‍ പ്ലേഗ് വന്നു. 1852-ല്‍ കോളറയുടെ മൂന്നാംവരവുണ്ടായി. പിന്നീട് എബോളയും സാര്‍സും വന്നു. ഈ വ്യാധികള്‍ ഒക്കെയും പ്രകട ലക്ഷണങ്ങളോടെ വ്യക്തിയില്‍ പൊട്ടിമുളക്കുന്നവയാണ്. അതിനാല്‍ തികച്ചും സ്വാഭാവികമായി അവര്‍ വിട്ടുനില്‍ക്കും. ഇവയോടൊന്നും ഒരു നിലയിലും സാമ്യമില്ലല്ലോ കോവിഡിന്. ഒന്നാമതായി അത് വ്യക്തിയില്‍ തിരിച്ചറിയും വിധം, ഭയമുളവാക്കും വിധം മുളക്കുന്നില്ല. മറിച്ച് അതിനിശബ്ദമായി പാര്‍പ്പുറപ്പിച്ച് കളയും. ഒരു രോഗവാഹിക്ക് ഒട്ടുപലപ്പോഴും താന്‍ അത്തരം രോഗവാഹിയാണെന്ന് തിരിച്ചറിയുക സാധ്യമാകാതെ പോലും വരും. മരണനിരക്ക് മറ്റ് മഹാമാരികളേക്കാള്‍ തുലോം കുറവാണുതാനും. മറ്റ് മഹാമാരികള്‍ വ്യക്തികളെ അതിവേഗം കൊന്നൊടുക്കിയപ്പോള്‍ കൊറോണ സാമൂഹിക ക്രമത്തെ കൊന്നൊടുക്കുകയാണ് എന്ന് പറയാം.

പറഞ്ഞു വന്നത് അതാണ്. സാമൂഹികതക്ക് മേല്‍ ഭവിച്ച മഹാമാരിയാണ് കോവിഡ് എന്ന്. വ്യക്തി ശരീരത്തെ കാര്‍ന്നെടുത്ത മുന്‍കാല മാരികള്‍ക്ക് വ്യക്തിതലത്തിലും ഏറിയാല്‍ ചെറിയ മട്ടിലുള്ള സാമൂഹികതലത്തിലും പരിഹാരം സാധ്യമായിരുന്നു. കോവിഡില്‍ പക്ഷേ, ആ സാധ്യത തരിമ്പും ഇല്ല. എന്തെന്നാല്‍ കോവിഡ് പ്രാഥമികമായി ബാധിക്കുക സാമൂഹികതയെ ആണ്. അതിനാലാണ് കോവിഡിനുള്ള പ്രതിവിധി വ്യക്തിയില്‍ അല്ല സാമൂഹികതയില്‍ ആണെന്ന് പോയ മാസം ഇതേ പംക്തിയില്‍ നാം ആശയപ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിലും കോവിഡ് സമാശ്വാസത്തിലും കേരളം ലോകത്തിന് മാതൃകയായതിനും അമേരിക്കന്‍ ഐക്യനാടുകള്‍ ആ മാതൃക പകര്‍ത്തിയതിനും കാരണം ഇതേ സാമൂഹികതയുടെ സാന്നിധ്യവും അസാന്നിധ്യവുമാണ്. കോവിഡ് പ്രതിരോധത്തിലും സമാശ്വാസത്തിലും ഇന്ത്യ ഭേദപ്പെട്ട നില കൈവരിച്ചതും ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് തുടങ്ങിയ അത്യാധുനിക രാഷ്ട്രങ്ങള്‍ അമ്പേ തകര്‍ന്നടിഞ്ഞതിനും കാരണം ഇതേ സാമൂഹികതയുടെ ബലവും ബലമില്ലായ്മയും കൊണ്ടാണ്. ഈ ബലത്തിനും ബലമില്ലായ്മക്കും ഉത്തരമുള്ളത് ചരിത്രത്തിലാണ്.

കോവിഡിന് മുന്‍പുള്ള കാലത്ത് അതിശക്തിയുടെ രാഷ്ട്രരൂപമായിരുന്നല്ലോ അമേരിക്കന്‍ ഐക്യനാടുകള്‍. അതിസമ്പന്നം. സൈനികബലത്തില്‍ ലോകോത്തരം. ആരോഗ്യമേഖലക്ക് വന്‍തുക നീക്കിവെക്കുന്ന രാഷ്ട്രം. പ്രതിശീര്‍ഷ ആരോഗ്യ നീക്കിയിരിപ്പ് മറ്റ് രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. ആധുനിക ജനാധിപത്യമാണ് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ കാതല്‍. പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കും. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയാകട്ടെ ഫെഡറലിസത്തിന് ഊന്നല്‍ കൊടുത്തും തിരഞ്ഞെടുക്കപ്പെടും. രണ്ടാം ലോക യുദ്ധാനന്തരം ഉരുവായ സാമ്പത്തിക ആധുനികത പടര്‍ന്നുപന്തലിച്ച ദേശമാണ് അമേരിക്ക. അധിനിവേശം ഒരു വ്യാപാരതന്ത്രമാക്കി മാറ്റിയ ഒന്നാണ് ആ സാമ്പത്തിക ആധുനികത. വ്യാപാരത്തിലേക്ക് അധിനിവേശം ഒരു പ്രത്യക്ഷ ഉപകരണമായി കടന്നുവരുമ്പോള്‍ വ്യാപാരം ഹിംസാത്മകമാകും. കാരണം അധിനിവേശം എല്ലായ് പ്പോഴും ഹിംസയാണ്. നിങ്ങള്‍ ഉല്‍പന്നം വിറ്റഴിക്കാന്‍, അല്ലെങ്കില്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍, അല്ലെങ്കില്‍ എണ്ണ കവര്‍ന്നെടുക്കാന്‍ മറ്റൊരു ദേശത്തേക്ക് അധിനിവേശം നടത്തുക എന്നാല്‍ മിനിമം ഭാഷയില്‍ കവര്‍ച്ചക്ക് ചെല്ലുക എന്നാണര്‍ഥം. കവര്‍ച്ചക്കാര്‍ക്ക് ഒരിക്കലും ജനാധിപത്യത്തിന്റെ ഭാഷയോ മനുഷ്യസ്‌നേഹത്തിന്റെ ഭാഷയോ മര്യാദയുടെ ഭാഷയോ സംസാരിക്കാന്‍ കഴിയില്ല. കാരണം കവര്‍ച്ച എന്ന പ്രയോഗത്തിന്റെ ഉള്ളടക്കം ഹിംസയാണ്. ഹിംസയോട് ഒരിക്കലും ചേര്‍ന്നുപോകുന്ന ഒന്നല്ല മേല്‍പ്പറഞ്ഞവ. അപ്പോള്‍ ഹിംസ അടിസ്ഥാന സ്വഭാവമായി മാറിയ ഒരു സാമ്പത്തിക ആധുനികതയാണ് അമേരിക്കയില്‍ സംജാതമായത് എന്ന് കാണാം. വ്യാപാരം പ്രധാനമായി മാറിയ, ലാഭം ഭാഷയായി മാറിയ സമൂഹത്തേയാണ് സാമ്പത്തിക ആധുനികത സൃഷ്ടിക്കുക. അമേരിക്കയും അങ്ങനെയുള്ള ഒന്നായാണ് തീര്‍ന്നത്. ആ സമൂഹത്തില്‍ നിന്ന് ആദ്യം പടിയിറങ്ങുക സാമൂഹികത എന്ന പ്രമേയമാണ്. ഇറ്റലി, ജര്‍മനി, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നിങ്ങനെ ഏത് രാഷ്ട്രത്തെയും നമുക്ക് ഇങ്ങനെ മനസ്സിലാക്കാം.

എന്തുകൊണ്ടാണത് എന്ന് പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഹിംസ അടിത്തറയാകുന്നതോടെ ജീവിതപദ്ധതി ആത്മീയതാരഹിതമാകും. ഇവിടെ ആത്മീയത എന്ന് വ്യവഹരിക്കുന്നത് അതിന്റെ പ്രത്യക്ഷ മതാത്മക അനുഭവത്തില്‍ അല്ല. മതാത്മക അനുഭവം കൂടി ഉള്‍ച്ചേര്‍ന്ന അതിവിശാലമായ ഒന്നാണ് സാമൂഹിക ആത്മീയത. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരു ദുരന്തം സംഭവിക്കുന്നു എന്ന് കരുതുക. ഒരു പ്രത്യേക പ്രദേശത്ത് വന്‍തോതില്‍ നാശനഷ്ടമുണ്ടാകുന്നു. സാമ്പത്തിക ആധുനികത അടിത്തറയായുള്ള രാഷ്ട്രങ്ങള്‍ ആ സാഹചര്യത്തെ എങ്ങനെയാണ് നേരിടുക എന്ന് പരിശോധിക്കാം.

ഒന്നാമതായി അവിടെ രാഷ്ട്രം അതിന്റെ സമ്പത്തുകൊണ്ട് എത്തിച്ചേരും. നാശനഷ്ടങ്ങളെ സാമ്പത്തിക ബലം കൊണ്ട് പരിഹരിക്കും. രണ്ടാമതായി സന്നദ്ധ സംഘടനകള്‍, പ്രൊഫഷണല്‍ സന്നദ്ധ സംഘടനകള്‍ സര്‍ക്കാരില്‍ നിന്നും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും പണം വാങ്ങി അവിടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. നടത്തിയ ഓരോ പ്രവര്‍ത്തനവും കൃത്യമായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. അവരെ സംബന്ധിച്ച് ആ റെക്കോര്‍ഡ് എന്നത് വരും കാല പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു വിഭവമാണ്. സാമ്പത്തിക ആധുനികതയുടെ പ്രധാന ഉല്‍പന്നങ്ങളില്‍ ഒന്നാണ് ഇത്തരം ലാഭകേന്ദ്രിത സന്നദ്ധ പ്രവര്‍ത്തനം. അവിടെ റിലീഫ് അഥവാ സേവനം എന്ന പ്രക്രിയയെ നയിക്കുന്നത് ലാഭം എന്ന ആശയമാണ്. സാമ്പത്തിക ആധുനികതയില്‍ ലാഭം എന്നാല്‍ ഹിംസാത്മക ലാഭമാണെന്ന് നാം കണ്ടു. അപ്പോള്‍ റിലീഫ് അഥവാ സേവനം എന്നത് ഹിംസാത്മകമായ ഒന്നായി തീരുന്നു. ഭൗതികതയില്‍ വേരുകളുള്ള ഒന്നാണ് ഹിംസ എന്ന് നമുക്കറിയാം. അഥവാ ഭൗതികതയില്‍ മാത്രം വേരുകള്‍ ഉള്ള ഒന്നാണത്. ആത്മീയതയുടെ എതിര്‍ പദം. അതിനാലാണ് സാമ്പത്തിക ആധുനികതയുടെ ഗുണഭോക്തൃ രാജ്യങ്ങള്‍ ആത്മീയതയുടെ അഭാവമുള്ളിടങ്ങളാണ് എന്ന് പറഞ്ഞത്. അതിനാലാണ് അവിടങ്ങളിലെ ആരാധനാലയങ്ങള്‍ മാളുകളും ഹാളുകളുമായി തീര്‍ന്ന വാര്‍ത്ത നിങ്ങള്‍ വായിച്ചത്. സാമൂഹികതയില്ലാത്തിടത്ത് ആരാധനാലയങ്ങള്‍ക്കെന്ത്?
ആത്മീയത ഹിംസാത്മകമല്ലാത്ത മനുഷ്യോന്മുഖമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളിലും അടിവേരായി പടര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. സാമ്പത്തിക ലാഭം എന്നത് പരിണഗന അല്ലാത്ത ഒന്ന്.

കേരളത്തിലേക്ക് വരാം. സമീപകാല കേരളം കടന്നുപോന്ന ദുരന്തങ്ങളെ നോക്കൂ. പ്രളയവും കോവിഡുമാണത്. മൂന്ന് സന്ദര്‍ഭങ്ങള്‍ എന്ന് എണ്ണിയെടുക്കാം. ഭരണകൂടം അതിന്റെ ഭരണനിര്‍വഹണപരമായ പങ്ക് നിര്‍വഹിച്ചു എന്ന് സമ്മതിക്കേണ്ട കാലമാണ് മൂന്നും. പക്ഷേ, ആ പ്രവൃത്തി മാത്രമല്ല മൂന്ന് സന്ദര്‍ഭങ്ങളിലും കേരളത്തെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയത്. മറിച്ച് സാമൂഹികമായ മുന്‍കൈയുകളാണ്. നിങ്ങള്‍ ഓര്‍ക്കുന്നുവോ? മൂന്ന് സന്ദര്‍ഭങ്ങളിലും ഭരണകൂടം അതിന്റെ ജനതയോട് സാമ്പത്തിക സഹായം ചോദിച്ചത്? സാമ്പത്തിക ആധുനികത വ്യവസ്ഥയായ രാഷ്ട്രങ്ങളെ സംബന്ധിച്ച് ചിന്തിക്കാനാവാത്തതാണ് അത്തരം അഭ്യര്‍ഥനകള്‍. ഭരണകൂടവും വ്യക്തികളും സമ്പൂര്‍ണമായി രണ്ട് സ്വത്വങ്ങളായാണ് അത്തരം ഇടങ്ങളില്‍ നിലനില്‍ക്കുന്നത്. ഭരണകൂടത്തിന് ഭരണകൂടത്തിന്റെ പണി; വ്യക്തിക്ക് വ്യക്തിയുടെ പണി എന്നതാണ് അവിടത്തെ നീതി. വ്യക്തിയേയും ഭരണകൂടത്തേയും തമ്മില്‍ കൂട്ടിയിണക്കുന്ന സാമൂഹികത അവിടെ ദൃശ്യമല്ല. ഭാഗ്യവശാല്‍ കേരളം സാമ്പത്തിക ആധുനികത കൈവരിച്ച സമൂഹമല്ല, ഇന്ത്യയും. അതിനാല്‍ കേരളത്തില്‍ സാമൂഹികത എന്ന സ്ഥാപനം സുദൃഢമായി നിലകൊള്ളുന്നുണ്ട്. ആ സാമൂഹികതയോടാണ് ഭരണകൂടം സഹായിക്കൂ എന്ന് അഭ്യര്‍ഥിച്ചത്.
എന്തുകൊണ്ടാണ് കേരളത്തില്‍ അതിപ്രബലമായ ഈ സാമൂഹികത ദുരന്തമുഖങ്ങളില്‍ ഇത്രയേറെ ഉദാരവും സേവന സജ്ജവുമാകുന്നത്. എന്തുകൊണ്ടാണ് ആ സാമൂഹികതയിലെ ചെറുപ്പക്കാര്‍ പരസ്പരം മത്സരിക്കും വിധം സേവന സജ്ജരായി വരുന്നത്. പ്രതിഫലം എന്നത് ഈ സേവനങ്ങള്‍ക്കിടയില്‍ ഒരു അശ്ലീലവാക്കായി മാറിയത്?

അതിന്റെ ഒരു ഉത്തരമാണ് നാം ആത്മീയത എന്ന വാക്കില്‍ കണ്ടത്. ഹിംസാത്മക ഭൗതികതയുടെ വിപരീത പദം എന്ന നിലയിലാണ് ആത്മീയതയെ വിവക്ഷിക്കുന്നത്. ദൈവവിശ്വാസിക്കും നിരീശ്വരവാദിക്കും ഒരേ നിലയില്‍ സാധ്യമാകുന്ന, അഥവാ ഒരേ നിലയില്‍ അംഗത്വമുള്ള ഒരു ആത്മീയതയാണത്. അതിന്റെ പതാകകള്‍ ആണ് കേരളത്തില്‍ ഈ കോവിഡ് കാലത്ത് പാറി നില്‍ക്കുന്നത്. അതിന്റെ നായകരാണ് ഞങ്ങളുണ്ട് ഞങ്ങളുണ്ട് എന്ന് തമ്മില്‍ മത്സരിച്ച് കെടുതികളില്‍ വലയുന്നവരിലേക്ക് സ്‌നേഹത്തോടെ കുതിച്ചെത്തുന്നത്. അത്രയൊന്നും ആധുനികരായി തീരാതിരുന്നതിന് നാം കാലത്തോട് നന്ദി പറയുക. ഹരാരി തുടക്കത്തില്‍ പറഞ്ഞതുപോലെ Yes, the storm will pass, humankind will survive, most of us will still be alive – but we will inhabit a different world. ഈ കൊടുങ്കാറ്റിനേയും മനുഷ്യരാശി അതിജീവിക്കും. പക്ഷേ, ബാക്കിയാവുക മറ്റൊരു ലോകമായിരിക്കും. ആ ലോകത്തിന്റെ വേരുകളെയാണ് നിങ്ങളിപ്പോള്‍ കേരളത്തില്‍ നിറഞ്ഞു പടരുന്ന ഈ സന്നദ്ധരില്‍ കാണുന്നത്. കോവിഡിന്റെ മരുന്ന് സാമൂഹികതയാണെന്നും പറഞ്ഞല്ലോ? കോവിഡിനുമുന്നില്‍ കേരളം ജയിക്കുന്നതും അമേരിക്ക തോല്‍ക്കുന്നതും അതിനാലാണ്.

കെ കെ ജോഷി

You must be logged in to post a comment Login