റമളാന്‍: വിശുദ്ധിക്കപ്പുറത്തെ സാംസ്‌കാരിക മാനങ്ങള്‍

റമളാന്‍: വിശുദ്ധിക്കപ്പുറത്തെ സാംസ്‌കാരിക മാനങ്ങള്‍

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ജൂതപക്ഷപാതിയും ഫലസ്തീനികളുടെ പ്രഖ്യാപിത ശത്രുവുമാണെന്ന് ലോകത്തിന് നന്നായറിയാം. എന്നിട്ടും റമളാന്‍ ആശംസകള്‍ നേരാന്‍ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പറഞ്ഞ നല്ല വാക്കുകള്‍ കേട്ട് ലോകം ആശ്ചര്യം കൊണ്ടു. ഇസ്രയേല്‍ ഒരു ജുതരാഷ്ട്രമാണെങ്കിലും രാജ്യത്ത് ഒരുദശലക്ഷം മുസ്ലിംകളുണ്ടെന്നും അവരില്‍ പ്രമുഖരായ ഡോക്ടര്‍മാരും ജഡ്ജിമാരും പ്രഫസര്‍മാരും പ്രഫഷനലുകളും നിയമനിര്‍മാതാക്കളുമെല്ലാം ഉള്‍പ്പെടുമെന്നും രാജ്യത്തിന്റെ വിജയഗാഥയില്‍ എല്ലാ വിഭാഗങ്ങളും അവരവരുടെ സംഭാവനകള്‍ അര്‍പ്പിച്ച് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന സന്ദര്‍ഭമാണ് ഏറ്റവും സന്തോഷദായകമെന്നും നെതന്യാഹു മനസ്സ് തുറന്നു. ഇസ്രയേല്‍ ഇസ്ലാം വിരുദ്ധമല്ല എന്നു കാണിക്കാന്‍ ഒരുകാര്യം കൂടി ഉണര്‍ത്തി. പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് ജൂതദേവാലയത്തിന് (സിനഗോഗ്) തൊട്ടുരുമ്മി ഒരു മുസ്ലിം ആരാധനാലയം ഉണ്ട് എന്ന കാര്യം നിങ്ങള്‍ അദ്ഭുതപ്പെട്ടേക്കാം എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. മുസ്ലിം നിയമനിര്‍മാതാക്കള്‍ക്ക് പ്രാര്‍ഥിക്കാനുള്ളതാണീ പ്രാര്‍ഥനാഹാളെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ‘റമളാന്‍ കരീം’ ആശംസിച്ചുകൊണ്ടാണ് തീവ്രവലതുപക്ഷ നേതാവ് സംസാരം തുടങ്ങിയത് തന്നെ. റമളാന്‍ മാസപ്പിറവിയോടെ യഹൂദ ഭരണാധിപന് മനംമാറ്റം സംഭവിച്ചുവെന്ന് ആരും കരുതുന്നില്ല. എങ്കിലും മാറ്റത്തിന്റെ ലക്ഷണങ്ങളല്ലേ ഇത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഗസ്സ മുനമ്പില്‍ എല്ലാ വ്രതമാസത്തിലും ഇസ്രയേല്‍ ബോംബുകള്‍ വര്‍ഷിക്കാറുണ്ട്. ആ തുറന്ന ജയിലിനകത്ത് ജീവിക്കുന്ന 1.75 ദശലക്ഷം ഹതഭാഗ്യരുടെ ജീവിതം ദുസ്സഹമാക്കുന്ന വിഷയത്തില്‍ റമളാനില്‍ ഒരു ഇളവും ചെയ്യാന്‍ തെല്‍അവീവ് ഭരണകൂടം തയാറാവാറില്ല. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച് നിയന്ത്രണാതീതമാകുമ്പോള്‍, മനുഷ്യത്വത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും ചിന്തിക്കാന്‍ സാഹചര്യങ്ങള്‍ നെതന്യാഹുവിനെ പോലുള്ളവരെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം പോലും അപ്രസക്തമാണ് എന്നാണ് സയണിസ്റ്റുകളെ അറിയുന്നവര്‍ ഓര്‍മപ്പെടുത്തുന്നത്. സമീപകാലത്ത് പശ്ചിമേഷ്യയില്‍ യുദ്ധം ഒഴിഞ്ഞ ഒരുകാലഘട്ടം ഇതുപോലെ മുമ്പൊരിക്കലുമുണ്ടായിട്ടില്ല എന്ന് കൂടി ഇതോടു ചേര്‍ത്തുപറയണം. അമേരിക്കന്‍ ബോംബറുകള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും തലക്കുമുകളില്‍ ബോംബുകള്‍ വര്‍ഷിക്കാത്ത ഒരുറമളാനാണ് കടന്നുപോവുന്നതെന്നു വിളിച്ചുപറയേണ്ടിവരുന്നത് പോയകാല അനുഭവങ്ങളിലെ നിഷ്ഠുരതകളാണ്.

തീവ്രവലതുപക്ഷ, പ്രതിലോമകാരിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊണ്ട് ‘റമളാന്‍ കരീം’ പറയിപ്പിക്കുന്ന ഒരു വികാരമുണ്ടല്ലോ, അതാണ് വ്രതത്തിന്റെ ആരും കാണാതെ പോകുന്ന സാംസ്‌കാരിക മാനം. എല്ലാ മതവിശ്വാസികളും വ്രതമനുഷ്ഠിക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ത്ഥ അര്‍ഥത്തിലുള്ള വ്രതം മുസ്ലിംകളുടേത് മാത്രമാണെന്ന് ലോകം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. മുസ്‌ലിമേതര സമൂഹങ്ങളില്‍ പലരുടെയും വ്രതങ്ങള്‍ അനുഷ്ഠാനങ്ങളില്‍നിന്നും ആചാരങ്ങളായി പരിണമിച്ചപ്പോള്‍ നഷ്ടപ്പെട്ട അതിന്റെ ചൈതന്യം ഇസ്ലാമിലെ വ്രതം ഇന്നും നിലനിര്‍ത്തുന്നുവെന്ന സത്യത്തിനു മുന്നില്‍ സെമിറ്റിക് മതങ്ങളെ കുറിച്ച് അറിയാത്ത കേരളത്തിലെ ഒരു ഹിന്ദുസ്ത്രീ പോലും സാക്ഷ്യം പറയുന്നത് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയി. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ജീവിതത്തിന്റെ കാമനകളെ നിരാകരിക്കുന്ന ഒരു വിശ്വാസിയുടെ സഹനവും ക്ഷമയും നിശ്ചയദാര്‍ഢ്യവുമാണ് ഏത് സാഹസികതയും ഏറ്റെടുക്കാന്‍ അയാള്‍ക്ക് മനക്കരുത്ത് പകരുന്നത് എന്ന സാധാരണക്കാരിയായ ആ സ്ത്രീയുടെ നിരീക്ഷണം കഴമ്പുള്ളതായി തോന്നി. അതെന്തുമാവട്ടെ, മുസ്ലിംകളുടെ റമളാന്‍ നോമ്പുകാലത്തെ അറിയാനും മനസ്സിലാക്കാനും ഇതര സമൂഹങ്ങള്‍ കാണിക്കുന്ന താല്‍പര്യം, പുതിയൊരു സാമൂഹിക ഉണര്‍വിന്റെ ലക്ഷണമായി വേണം വിലയിരുത്താന്‍. കോവിഡ് കാലത്ത് മുഖ്യമന്ത്രി വൈകുന്നേരങ്ങളില്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ പോലും റമളാന്‍ വ്രതവും വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളും ഇങ്ങനെ വിപുലമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതാദ്യമായിരിക്കാം. ഒരു മൂന്നുപതിറ്റാണ്ടിന് മുമ്പ് റമളാന്‍ വന്നതും പോയതും ഇവിടെ ആരുമറിയാറില്ല. അതിന്റെ സാംസ്‌കാരിക മാനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലും ചേപ്രയായാണ് കണക്കാക്കാറ്. എന്നാല്‍, ഇന്ന് സ്ഥിതിയാകെ മാറി. ഇന്ന് റമളാന്‍ വ്രതം പൊതുഇടങ്ങളിലെ ചര്‍ച്ചാവിഷയമാണ്. കുഞ്ഞുങ്ങള്‍ക്ക് പോലും റമളാനും വ്രതാനുഷ്ഠാനവും അതോടനുബന്ധിച്ചുള്ള ജീവിതക്രമങ്ങളും സുപരിചിതമാണ്. വാര്‍ത്താവിനിമയരംഗത്തെ കുതിച്ചുചാട്ടവും സാമൂഹിക മാധ്യമങ്ങളുടെ ഇരച്ചുകയറ്റവും അറബ് ഇസ്ലാമിക ലോകവുമായുള്ള ലോകത്തിന്റെ നിരന്തര സമ്പര്‍ക്കവും മതനാഗരികതകള്‍ തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നപ്പോള്‍ വ്രതമാസം ഒരു പ്രത്യേക സമൂഹത്തിന്റേതല്ലാതായി മാറി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും റമളാന് അര്‍ഹമായ കവറേജ് നല്‍കുന്നതില്‍ മത്സരിക്കുകയാണിന്ന്. വിപണി കൂടുതല്‍ ഉണരുന്ന കാലഘട്ടമെന്നതിനാല്‍ ബിസിനസ് മേഖലയില്‍ റമളാന്‍ വിശേഷങ്ങള്‍ ഉന്നത തലങ്ങളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നു. . ഈ പുണ്യമാസത്തെ കാര്‍ണിവല്‍ കാലമായി കണ്ട്, അതിനനുസൃതമായ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്. കൊറോണ വൈറസ് പരത്തിയ സംഭ്രാന്തി ഈ വര്‍ഷം വിപണികളെ സാരമായി ബാധിച്ചെങ്കിലും അതൊരു അപവാദമായി എണ്ണിത്തള്ളാനാണ് കോര്‍പ്പറേറ്റ് മേഖല ശ്രമിക്കുന്നത്.

റമളാന്റെ ഗീതങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം എന്ന നിലയില്‍ റമളാന്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ ആത്മീയമായ ആ ചോദനക്കപ്പുറം വ്രതമാസം മാനുഷികഭാവങ്ങളെ അഗാധമായി സ്പര്‍ശിക്കുന്നുണ്ട്. എല്ലാ ജനപദങ്ങളിലും റമളാന് ഒരു ഗീതമുണ്ട്. ഭക്തിസാന്ദ്രമായ ഒരന്തരീക്ഷം ഒരുക്കുന്ന സാമൂഹിക ഇടപെടലുകള്‍ അനിര്‍വചനീയവും വിവരണാതീതവുമാണ്. നോമ്പ് അനുഷ്ഠിക്കാത്തവര്‍ക്കുപോലും അനുഭവവേദ്യമാകുന്ന സുഗന്ധം നിറഞ്ഞ സാമൂഹിക പരിസരം സൃഷ്ടിക്കപ്പെടുന്നത് ഒരുപക്ഷേ, റമളാനില്‍ മാത്രം ചന്തയില്‍ പ്രത്യക്ഷപ്പെടുന്ന പഴവര്‍ഗങ്ങള്‍ കൊണ്ടോ ഇഫ്താറോട് അനുബന്ധിച്ച് കഴിക്കുന്ന ഭക്ഷണപാനീയങ്ങളുടെ മണവും രുചിയും കൊണ്ടോ ആവാം. മരുഭൂമിയുടെ വന്യതകള്‍ താണ്ടി ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന വിഖ്യാത എഴുത്തുകാരന്‍ മുഹമ്മദ് അസദ് നോമ്പ് മണക്കുന്ന സായാഹ്നങ്ങളെക്കുറിച്ചെഴുതിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് ഇറാന്റെ അതിര്‍ത്തികളിലൂടെ നടന്നുപോയ സായന്തനങ്ങളില്‍ റമളാന്റെ സുഗന്ധം ആസ്വദിച്ചതും കുഗ്രാമത്തിലെ ചെറ്റക്കുടിലില്‍ അതിഥിയായി ചെന്ന് നോമ്പ് മുറിച്ചതും വലിയ അനുഭവങ്ങളായാണ് അദ്ദേഹം കാണുന്നത്. അറബ്-ഇസ്ലാമിക ലോകത്ത് (ക്രസന്റ് ബെല്‍റ്റില്‍) റമളാന് പ്രത്യേക വേഷവിധാനങ്ങളുണ്ട് എന്ന് നാമറിയുന്നത് പള്ളിയിലേക്ക് വിശ്വാസികള്‍ ഒഴുകുമ്പോഴും വീടകങ്ങളില്‍ അതിഥികളായി ചെല്ലുമ്പോഴുമാണ്. മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ (ഒരു തലമുറയുടെ കാലപരിധി) എല്ലാ ഋതുഭേദങ്ങളെയും പരിചയപ്പെടാന്‍ വ്രതമാസത്തിന് അവസരം കൈവരുന്നുവെന്നത് ചന്ദ്രമാസം ആസ്പദമാക്കിയുള്ള ആരാധനയുടെ മാത്രം സവിശേഷതയാണ്. കടുത്ത വേനലിലും അതികഠിനമായ ശൈത്യത്തിലും നോമ്പെടുക്കേണ്ടിവരുന്ന വിശ്വാസിസമൂഹത്തിന് വസന്തത്തിലും ഗ്രീഷ്മത്തിലും അതിനു അവസരം സിദ്ധിക്കുന്നുവെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. നോമ്പ് പകരുന്ന കരുത്തും ഇത് തന്നെയാണ്. മറ്റേതെങ്കിലും ആചാരാനുഷ്ഠാനങ്ങള്‍ക്ക് മനഷ്യന്റെ ശാരീരിക -മാനസിക ഘടനയെ ഇത്ര കണ്ട് സ്വാധീനിക്കാനാവില്ല എന്ന് നിഷ്പ്രയാസം കണ്ടെത്താം. നോമ്പ് സംഭരിച്ചുവെക്കുന്ന ജൈവികമായ ഉന്മേഷവും മാനസികാനന്ദവും പകര്‍ന്നുനല്‍കുന്ന ഊര്‍ജവും ഒരുവര്‍ഷത്തേക്ക് നന്മകള്‍ ചെയ്യാന്‍ അവനെ പ്രാപ്തമാക്കുന്നു. മുസ്ലിം നാഗരികത പ്രദര്‍ശിപ്പിക്കുന്ന ഊര്‍ജസ്വലതയുടെ നിദാനം മറ്റൊന്നല്ല. നോമ്പിന്റെ സാമൂഹിക പരിസരം ഇതരജനവിഭാഗങ്ങള്‍ക്ക് കൂടി ആഹ്ളാദം ചൊരിയുന്ന അനുഭവങ്ങളായി പരിണമിക്കുന്നതില്‍ ആത്മീയവും ഭൗതികവുമായ ഘടകങ്ങളുണ്ട്.

റമളാന്‍ മാസം ആഗതമാകുന്നതോടെ കേള്‍ക്കാന്‍ കഴിയുന്ന ഈണങ്ങള്‍ക്ക് പ്രാദേശിക വൈവിധ്യങ്ങളുണ്ട്. അറബ് ഇസ്ലാമിക ലോകത്ത് ‘റമളാന്‍ കരീം’ എന്ന അറബിപദങ്ങളാണ് അഭിസംബോധനയില്‍ വരുന്നതെങ്കില്‍ ലോകമുസ്ലിംകളുടെ മൂന്നിലൊന്ന് ജീവിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ‘റമളാന്‍ മുബാറക് ‘ ആണ് പരമ്പരാഗതമായി കൈമാറപ്പെടുന്നത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ നിസാം പാഷ റമളാന്റെ ഇന്ത്യന്‍ സാംസ്‌കാരിക പരിസരത്തെ കുറിച്ച് എഴുതിയ പഠനാര്‍ഹമായ ഒരു കുറിപ്പില്‍ ( ദി വയര്‍ ഓണ്‍ലൈന്‍ പത്രത്തില്‍ ) ഈ വിഷയം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ചില ഭാഷാപ്രയോഗങ്ങളില്‍ ഇന്ത്യന്‍ തനിമ (Indianess) സ്ഫുരിക്കുന്നുണ്ടെന്നും ഗംഗ-യമുന സങ്കര സംസ്‌കാരത്തിന്റെ അംശങ്ങള്‍ അതില്‍ ലീനമായിട്ടുണ്ടെന്നുമാണ് അദ്ദേഹം എടുത്തുപറയുന്നത്. അതേസമയം, ഇതര സമൂഹങ്ങളെക്കൂടി മുന്നില്‍ കണ്ടുള്ള അഭിസംബോധന രീതികളും പൈതൃകങ്ങളും പാരസ്പര്യത്തിന്റെ ജീവിതഭൂമിക സൃഷ്ടിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കാനാവില്ല. സാധാരണക്കാരുടെ വീടുകളില്‍ ഘടികാരങ്ങള്‍ ഇല്ലാത്ത ഒരു കാലഘട്ടത്തില്‍ അത്താഴത്തിന് വിശ്വാസികളെ ഉറക്കില്‍നിന്നുണര്‍ത്താന്‍ ദഫോ തബലയോ മുട്ടി, പാട്ട് പാടി ഉണര്‍ത്തുന്ന ആചാരം റമളാന്റെ രാവാഘോഷമായിരുന്നു അടുത്ത കാലം വരെ. ഈ ഉണര്‍ത്തുപാട്ടിന് എണ്ണമറ്റ പ്രദേശിക വകഭേദങ്ങളുണ്ട്. ഈജിപ്ത് റമളാന്‍ ആഗതമായാല്‍ ഉറങ്ങാറില്ല. നൈല്‍ നദിയിലുടെ ഒഴുകിനടക്കുന്ന, ദീപാലംകൃത വഞ്ചികളില്‍ പുലര്‍ച്ചവരെ പാട്ടുപാടി രാവിനെ സജീവമാക്കുന്ന സംഘങ്ങള്‍ എക്കാലത്തേയും കാഴ്ചയാണ്. ബെയ്റൂത്തിലും റമളാന് പ്രത്യേക ഗീതങ്ങളുണ്ട്. യുദ്ധം കൊടുമ്പിരിക്കൊണ്ടപ്പോഴും ഇറാഖിന്റെയും സിറിയയുടെയും നഗരപ്രാന്തങ്ങളിലെ ഉള്‍വഴികളിലൂടെ, വിളക്കുകള്‍ തൂക്കിപ്പിടിച്ച്, അറബന മുട്ടി നീങ്ങുന്ന കുട്ടികളുടെയും വയോധികരുടെയും പാട്ടുകൂട്ടം, ഒരു പുരാതന നാഗരികതയുടെ ശേഷിപ്പായാണ് ലോകമീഡിയ ഒപ്പിയെടുക്കാറ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹജ്ജിന്നായി സുഊദിലേക്ക് പുറപ്പെട്ട ഭോപ്പാല്‍ നവാബുമാര്‍ (രണ്ടു സഹോദരിമാര്‍) ജിദ്ദയിലും മക്കയിലും മദീനയിലുമൊക്കെ കണ്ട അറബികളുടെ ജീവിതം കുറിച്ചിട്ടപ്പോള്‍, പുണ്യഭൂമിയിലെ റമളാനെക്കുറിച്ച് സൂക്ഷ്മമായി പ്രതിപാദിക്കുന്നുണ്ട്. ശഅബാന്‍ 15ന് ജിദ്ദ തുറമുഖത്ത് കപ്പലിറങ്ങിയപ്പോള്‍ കടകമ്പോളങ്ങളും വീടുകളും ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചുകണ്ടതിനാല്‍ കാരണം ചോദിച്ചത്രെ. ഇന്ന് ബറാഅത്ത് രാവാണെന്നും റമളാന്‍ കഴിയുന്നത് വരെ ഈ വിളക്കുകള്‍ അണക്കുകയില്ലെന്നുമാണ് മറുപടി കിട്ടിയത്. രാവേറും വരെ പുരുഷന്മാര്‍ പള്ളികളിലും സ്ത്രീകള്‍ അങ്ങാടികളിലും കഴിച്ചുകൂട്ടുന്നതിനെക്കുറിച്ച് ഭോപ്പാല്‍ നവാബ് സൂക്ഷ്മമായി വിവരിക്കുന്നുണ്ട്. ഇതിന്റെ മറ്റൊരു രൂപമെന്നോണം, യമനികളടക്കമുള്ള അറബികളുടെ പാരമ്പര്യം രക്തത്തിലോടുന്ന കോഴിക്കോട്ടുകാര്‍ മിഠായി തെരുവില്‍ റമളാന്റെ രാവുകളില്‍ ചുറ്റുന്നത് കാണാന്‍ സാധിക്കുും. തുര്‍ക്കിയിലും ഇറാനിലും പാകിസ്താനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലുമെല്ലാം റമളാന്‍ രാവുകള്‍ക്ക് ഇതിന്റെ വകഭേദങ്ങള്‍ പരിചിതമാണ്. മുഗിള കാലഘട്ടത്തിന്റെ അസ്തമയവേളയില്‍ പോലും റമളാന്‍ കാലത്ത് ഡല്‍ഹി ഉറങ്ങാറില്ല. ഡല്‍ഹി ജുമാമസ്ജിദ് പരിസരം, കശ്മീര്‍ ഗെയ്റ്റ്, ചാന്ദ്നിചൗക്ക്, ഓഖ്ല, മുസ്തഫാബാദ്, ജാഫറാബാദ് തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ റമളാന്‍ രാവുകള്‍ പലര്‍ക്കും ഗൃഹാതുരത്വം പകരുന്ന ഓര്‍മകളാണ്.

പുതിയ അനുഭവങ്ങള്‍
പടിഞ്ഞാറന്‍ ക്രൈസ്തവ ലോകം അടുത്ത കാലത്താണ് ഇസ്ലാമിനെയും മുസ്ലിം നാഗരിക ചിഹ്നങ്ങളെയും കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും താല്‍പര്യപൂര്‍വം മുന്നോട്ടുവന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കുടിയേറ്റക്കാരില്‍ വലിയ വിഭാഗം മുസ്ലിംകളാണെന്നതാണ് ഈ ജിജ്ഞാസ വര്‍ധിക്കാന്‍ കാരണം. പടിഞ്ഞാറന്‍ സമൂഹങ്ങളില്‍ , വിശിഷ്യാ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ ‘പഴയ യൂറോപ്പില്‍’ മുസ്ലിം പ്രതിനിധാനം ഇന്ന് ഗണനീയമാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലടക്കം ആഫ്രോ -ഏഷ്യന്‍ വംശജരുടെ കുടിയേറ്റം തുടര്‍ന്നപ്പോള്‍ എണ്ണമറ്റ മുസ്ലിം വിദ്യാര്‍ഥികള്‍ കാമ്പസുകളില്‍ പുതിയൊരു സംസ്‌കാരികാന്തരീക്ഷം സൃഷ്ടിച്ചു. റമളാന്‍ വ്രതവും അതോടനുബന്ധിച്ചുള്ള ആരാധകളും ദിനചര്യകളും കൂടുതല്‍ മനസ്സിലാക്കാന്‍ പൊതുസമൂഹം കാണിക്കുന്ന താല്‍പര്യം മീഡിയക്ക് കാണാതിരിക്കാനാവുന്നില്ല. റമളാന്‍ ചര്‍ച്ചകളില്‍ 18 മണിക്കൂര്‍ പകലും ആറ് മണിക്കൂര്‍ മാത്രം രാത്രിയുമുള്ള ഏതാനും രാജ്യങ്ങളിലെ ഇഫ്താറും അത്താഴവുമൊക്കെ നിര്‍ണയിക്കുന്ന സമയക്രമത്തെക്കുറിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ട്. ബെല്‍ജിയത്തെ ഒരു യൂനിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തുന്ന മലയാളി വിദ്യാര്‍ഥിനി അയച്ച കത്തില്‍ അവളുടെ വ്രതാനുഷ്ഠാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാമ്പസ് മുഴുവന്‍ ഒരുദിവസം നോമ്പെടുത്തതും വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചതും ഹൃദയസ്പൃക്കായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന പോപ്പ് ഗായിക മുഖ്യാതിഥിയായി എത്തിയാണത്രെ ഖുര്‍ആന്‍ പാരായണത്തോടെ റമളാന്‍ ഭാഷണം നടത്തിയത്.

ഈ മാറ്റം ചിന്താപരമായ ഒരു വിപ്ലവത്തിന്റെ നാന്ദിയാണ്. ഏതെങ്കിലും മതത്തിന്റെ വിജയമായല്ല, മാനവരാശിയുടെ സാംസ്‌കാരിക സമേകതയിലേക്കുള്ള യാത്രയുടെ തുടക്കമായാണ് നാമതിനെ കാണേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. അപ്പോഴാണ് നോമ്പിന്റെ സാംസ്‌കാരിക പരിസരം കൂടുതല്‍ അനുഭവവേദ്യമാകുന്നതും ചൈതന്യവത്താവുന്നതും.

KASIM IRIKKOOR

You must be logged in to post a comment Login