‘പ്രവാചകനെ അനുസരിച്ചവര്‍ അല്ലാഹുവിനെ അനുസരിച്ചു’ (ആലുഇംറാന്‍/ 80). ‘പ്രവാചകന്‍ നല്‍കിയത് സ്വീകരിക്കുക, വിലക്കിയത് ഉപേക്ഷിക്കുകയും ചെയ്യുക (ഹശ്ര്‍/ 7). ഇതുപോലുള്ള ഖുര്‍ആന്‍ സൂക്താശയങ്ങള്‍ ഖുര്‍ആനില്‍ കാണാം. അഹ്‌സാബ്/21, നഹ്ല്‍/44, ജുമുഅ/3. ഇതൊക്കെ ഉദാഹരണങ്ങളാണ്. ഇവയൊക്കെ ഇസ്ലാമിക ജ്ഞാന വ്യവസ്ഥിതിയില്‍ ഹദീസുകളുടെ പ്രാധാന്യവും പ്രാമാണികതയും ഊന്നിപ്പറയുന്നവയാണ്.
ഹദീസുകളെ മാറ്റിനിര്‍ത്തിയുള്ള ഇസ്ലാം വായന അപൂര്‍ണമാണ്. അതിന്റെ അടിസ്ഥാന കര്‍മങ്ങള്‍ പോലും ഹദീസുകളില്‍ നിന്നാണ് സമ്പൂര്‍ണത പ്രാപിക്കുന്നത്. നിസ്‌കരിക്കണമെന്ന് ഖുര്‍ആനിലുണ്ട്. എങ്ങനെ എന്നത് പ്രവാചകനാണ് പഠിപ്പിച്ചത്. സകാതും മറിച്ചല്ല. ഖുര്‍ആന്‍ പറഞ്ഞുവെച്ചു, ഹദീസ് അതിന്റെ തോതും കണക്കും വിശദമാക്കി. ഹജ്ജായാലും മയ്യിത്ത് നിസ്‌കാരമായാലും ശിക്ഷാനിയമങ്ങളായാലും വിശദരൂപം ഹദീസുകളിലാണ്. മോഷ്ടാവിന്റെ കൈ മുറിക്കണമെന്ന് ഖുര്‍ആന്‍. അതു നടപ്പാക്കേണ്ട സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ ഹദീസുകള്‍ വേണം. വ്യഭിചാരക്കുറ്റം എന്താണെന്നും എത്ര സാക്ഷികള്‍ വേണമെന്നും ഖുര്‍ആനിലുണ്ട്. സാക്ഷിമൊഴി എങ്ങനെ വേണമെന്ന് പ്രവാചകനാണു പഠിപ്പിച്ചത്.
ഇത്തരത്തില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച പലതും പ്രയോഗവല്‍ക്കരിച്ചു കാണിച്ചു തന്നത് പ്രവാചകനാണ്. എന്നിട്ടും നബിചര്യ പ്രമാണ യോഗ്യമല്ലെന്നുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ചരിത്രത്തിലെമ്പാടും ഉണ്ടായിട്ടുണ്ട്. അവയെ വസ്തുതാപരമായി നിരൂപിക്കുകയാണ് ഈ പ്രബന്ധം.
പ്രാരംഭം, സ്വഭാവം(nature)
ഹദീസ് വിമര്‍ശനങ്ങള്‍ രൂപപ്പെട്ടത് ഹദീസുകളുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടാണ്. കൃത്യമായി പറഞ്ഞാല്‍ മതനവീന പ്രസ്ഥാനങ്ങളുടെ ഉത്ഭവം മുതല്‍ തന്നെ ഹദീസ് വിമര്‍ശനങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് ചരിത്രത്തിലുടനീളം ശ്രദ്ധിക്കുമ്പോള്‍ പൂര്‍ണമായതും ഭാഗികമായതുമായ വിമര്‍ശനസ്വഭാവങ്ങള്‍ (natures of criticism) കണ്ടെത്താന്‍ കഴിയും. ഹദീസുകളെമാത്രം പ്രമാണമാക്കുന്നതിനെ വിമര്‍ശിക്കുന്ന പ്രവണതകളും കഴിഞ്ഞുപോയിട്ടുണ്ട്.
ഖവാരിജുകളും ശിയാക്കളും
അലിയുടെ (റ) ഭരണകാലത്ത് ജമല്‍-സ്വഫീന്‍ യുദ്ധങ്ങള്‍ ഒത്തുതീര്‍പ്പായതില്‍ പ്രതിഷേധിച്ച് വിഘടിച്ചു നിന്ന ആദ്യ അവാന്തര പ്രസ്ഥാനമായിരുന്നു ഖവാരിജുകള്‍. അതീവ മതതീവ്രത പുലര്‍ത്തിയ ഇവര്‍ അലി(റ) അടക്കമുള്ള പ്രമുഖ സ്വഹാബിമാരെ മഹാപാപികളെന്ന് മുദ്രകുത്തുകയും, അതുവഴി അവരുടെ ഹദീസ് നിവേദനങ്ങളെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട് (അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖ്/244). ഇവര്‍ ഹദീസുകള്‍ വ്യാജമായി നിര്‍മിച്ചതായി (forgery) അറിയാന്‍ കഴിഞ്ഞിട്ടില്ല.
പിന്നീടു വന്ന ശീഈകള്‍ ഇങ്ങനെയായിരുന്നില്ല, അവര്‍ വ്യാജ ഹദീസ് നിര്‍മാണത്തിലും ഹദീസ് നിഷേധത്തിലും ഒരുപോലെ മുന്‍പന്തിയിലായിരുന്നു. ആദ്യകാല ശിയാക്കള്‍ വ്യാജഹദീസുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് ശിയാ പണ്ഡിതനായ ഇബ്‌നു അബില്‍ ഹദീഥ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. (നഹ്ജുല്‍ ബലാഗ: പേജ്: 254, 263). അഹ്ലുസുന്നയിലെ പണ്ഡിതര്‍ക്കിടയില്‍ സ്വീകാര്യമായ നിവേദക ശ്രേണികള്‍ അടര്‍ത്തിയെടുത്ത ശേഷം വ്യാജ ഹദീസുകളെ അവയിലേക്ക് തിരുകിച്ചേര്‍ക്കുകയാണ് ശിയാക്കള്‍ ചെയ്തത്. ഇബ്‌നു ഖുതൈബ, സദിയ്യ് തുടങ്ങിയ വിശ്വസ്തരായ നിവേദകരുടെ അതേപേരില്‍ ‘വ്യാജ’ ഇബ്‌നു ഖുതൈബയും സദിയ്യുമെല്ലാം ശിയാക്കളുടെ നിവേദകപരമ്പരകളില്‍ കാണാന്‍ കഴിയും. അതിനെല്ലാം പുറമെ, വ്യാജ ഹദീസുകള്‍ എഴുതിനിറച്ച പല ഗ്രന്ഥങ്ങളും അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ പേരിലേക്ക് ചേര്‍ത്തിപ്പറയുന്ന പ്രവണതകളും ശിയാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇമാം ഗസ്സാലിയിലേക്ക് ചേര്‍ക്കപ്പെട്ട ‘സിര്‍റുല്‍ ആരിഫീന്‍’ എന്ന ഗ്രന്ഥം ഉദാഹരണം (താരീഖുത്തശ് രീഅ് അല്‍ ഇസ്ലാമി 12/2).
ഹദീസുകളെ ദുര്‍വ്യാഖ്യാനം ചെയ്യാനും ശിയാക്കള്‍ വലിയ കൗശലം കാണിച്ചു. പ്രസിദ്ധമായ ഹദീസ് ‘ഖും’ (ഹജ്ജത്തുല്‍ വദാഅ് കഴിഞ്ഞ് മടങ്ങവേ ‘ഖും’ തടാകത്തിനടുത്ത് വെച്ച് നബി (സ്വ) അലിയെ(റ) മഹത്വപ്പെടുത്തിപ്പറഞ്ഞത്) ദുര്‍വ്യാഖ്യാനിച്ചാണ് അലിയില്‍(റ) അവര്‍ ‘ഇമാമത്ത്’ പരികല്‍പിക്കാറുള്ളത്.
ഇതിലൂടെ അലിക്ക്(റ) മുന്നേ ഭരണത്തിലേറിയ ഖലീഫമാര്‍ തെറ്റുകാരാണെന്ന് ഏകദേശ ശിയാവിഭാഗങ്ങളും സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. (ശീഇകളിലെ മിതവാദികളായ ‘സൈദിയ്യത്ത്’ ഒഴികെ). വിഖ്യാതമായ അസ്വിഹാഹുസ്സിത്ത് (ആറ് സ്വീകാര്യ ഹദീസ് ഗ്രന്ഥങ്ങള്‍) പോലും അംഗീകരിക്കാത്ത ശിയാക്കള്‍ അബൂബക്കര്‍ (റ), ഉമര്‍(റ), ഉസ്മാന്‍(റ), മുആവിയ(റ) തുടങ്ങിയ ഒട്ടനേകം പ്രമുഖ പ്രവാചക സഹചാരികളുടെ ഹദീസ് നിവേദനങ്ങളെ പൂര്‍ണമായും നിഷേധിക്കുന്നു.
തീവ്ര ശിയാ വിഭാഗമായ റാഫിളികള്‍ വ്യാജ ഹദീസ് നിര്‍മിതിയിലൂടെ പ്രവാചകത്വം തന്നെ അലിക്ക് (റ) ലഭിക്കേണ്ടതായിരുന്നുവെന്നും ദൈവദൂതനായ മാലാഖ ജിബ് രീലിന് അബദ്ധം പിണഞ്ഞതാണെന്നും വരെ പറഞ്ഞിട്ടുണ്ട്. പ്രബലമായ ഹദീസുകള്‍ നിഷേധിക്കുകയും, വ്യാജ ഹദീസുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന റാഫിളികള്‍ പ്രവാചകചര്യയുടെ നിഷേധകരാണെന്ന് ഇമാം സുയൂത്വി രേഖപ്പെടുത്തിയിട്ടുണ്ട് (മിഫ്താഹുല്‍ ജന്ന: 3). ഇമാം മാലിക് മറിച്ചല്ല പറഞ്ഞത്: ‘റാഫിളികളുമായി സഹവസിക്കരുത്, അവരില്‍നിന്ന് ഹദീസ് ഉദ്ധരിക്കുകയും അരുത്, അവര്‍ കളവു പറയുന്നവരാണ്’. ‘റാഫിളികളെക്കാള്‍ കള്ളസാക്ഷ്യം വഹിക്കുന്നവരെ ഞാന്‍ കണ്ടിട്ടില്ല’ എന്ന് ഇമാം ശാഫിഈയും (റ) പ്രസ്താവിച്ചിട്ടുണ്ട് (അസ്സുനനുല്‍ കുബ്‌റ ലില്‍ ബൈഹഖി 352/10).
സുന്നി പണ്ഡിതന്മാര്‍ ക്രോഡീകരിച്ച ഹദീസ് ഗ്രന്ഥങ്ങള്‍ അംഗീകരിക്കാത്ത ശിയാക്കള്‍, ശിഈ പണ്ഡിതന്മാര്‍ തന്നെ രചിച്ച ഹദീസ് ഗ്രന്ഥങ്ങളെയാണ് അവലംബമാക്കിപ്പോരുന്നത്. ശിഈ പണ്ഡിതന്‍ കുലൈനിയുടെ ‘അല്‍കാഫി’ അവയില്‍ എടുത്തുപറയേണ്ട ഗ്രന്ഥമാണ്.
മുഅ്തസിലുകള്‍ക്കിടയില്‍ ഹദീസ് സംബന്ധിയായി വ്യത്യസ്ത സമീപനങ്ങളുണ്ട്. അബുല്‍ ഹുസൈന്‍ അല്‍ ബസ്വരിയുടെ പക്ഷക്കാര്‍ ‘ആഹാദുകളെ’ (ഏകനിവേദക ശ്രേണിയിലുള്ള ഹദീസുകള്‍ ) അംഗീകരിക്കുന്നതായി ഇമാം ആമുദി ‘അല്‍ ഇഹ്കാം ഫീ ഉസൂലില്‍ അഹ്കാമി’ല്‍ (2/75) രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ അബൂ അലി അല്‍ ജുബ്ബാഇയുടെ പക്ഷം ‘ആഹാദുകളെ’ അംഗീകരിക്കുന്നില്ലെന്ന് ഇമാം ആമുദിക്കു പുറമെ ഇമാം ഇബ്‌നു ഹസ്മും(റ) പ്രസ്താവിച്ചിട്ടുണ്ട് (ഇഹ്കാമുല്‍ അഹ്കാം ഫീ ഉസൂലില്‍ അഹ്കാം 1/199). തീവ്ര മുഅ്തസിലികളായ ‘നള്ളാമികള്‍’ ‘മുതവാതിറായ'(നിവേദക ശ്രേണിയിലെ ഓരോ ഘട്ടത്തിലും അനേകം നിവേദകരുള്ള) ഹദീസുകളുടെ പ്രമാണികതപോലും നിഷേധിച്ചതായി ഇമാം ബഗ്ദാദി ‘അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖിലും’ ഇമാം ശഹ്‌റസ്താനി(വഫാത് ഹി.548) ‘അല്‍ മിലലു വന്നിഹലി’ലും പ്രസ്താവിച്ചിട്ടുണ്ട്.
ഇമാം അബൂഹനീഫയെ(റ) ഹദീസ് വിരോധിയായി ചിത്രീകരിച്ചതും മുഅതസിലുകളായിരുന്നു. ഇമാമിന്റെ ശിഷ്യന്‍ അബൂ യൂസഫിന്റെ (റ) ശിഷ്യത്വം സ്വീകരിച്ച ‘ബിഷ്ര്‍ അല്‍ മുറൈസി’ പിന്നീട് മുഅ്തസിലി നേതാവായി. അതിനു ശേഷമാണ് ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ നടന്നത്. ഈയൊരു കാലയളവില്‍ തന്നെ ‘ഖുര്‍ആന്‍ മാത്രം പ്രമാണയോഗ്യം’ എന്ന ഒരു പ്രവണത വന്‍ തോതില്‍ രൂപപ്പെട്ട് കഴിഞ്ഞിരുന്നു. മറ്റൊരു ഭാഗത്ത് ഹദീസുകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന മറ്റുചില ചിന്താധാരകളും സജീവമായി.
ധൈഷണിക കാലുഷ്യം നിറഞ്ഞ ഈയൊരു സവിശേഷ പശ്ചാത്തലത്തിലായിരുന്നു ഇമാം ശാഫിഈയുടെ (റ) രംഗപ്രവേശം. പ്രാമാണികമായും ബുദ്ധിപരമായും ധൈഷണിക പ്രതിരോധം രൂപപ്പെടുത്തുന്നതില്‍ ഇമാം വിജയിച്ചു. തന്റെ ‘അല്‍ രിസാല’ ‘കിതാബുല്‍ ഉമ്മ്’, ‘ജാമിഉല്‍ ഇല്‍മ്’ തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണെന്ന് ബുദ്ധിപരമായും പ്രാമാണികമായും സ്ഥാപിച്ചതോടെ പാരമ്പര്യ വിശ്വാസ ചിന്താധാര ശക്തിപ്പെടുകയും മറ്റു നവീന ചിന്താധാരകള്‍ ഒരു പരിധി വരെ ക്ഷയോന്മുഖമാവുകയും ചെയ്തു. ജോസഫ് സ്‌കാക്റ്റിനെ (Josaph Schacht) പോലെ ഓറിയന്റലിസ്റ്റുകളുടെ ഹദീസ് വിമര്‍ശനങ്ങളില്‍ ഇമാം ശാഫിഈ(റ) നിരന്തരം വിമര്‍ശിക്കപ്പെട്ടത് ഇക്കാരണം കൊണ്ടായിരുന്നു.
ഇല്‍മുല്‍ ഹദീസ്: രൂപീകരണ പശ്ചാത്തലം
ഹദീസ് ക്രോഡീകരണം പ്രവാചക സഹചാരികളുടെ കാലം തൊട്ടേ ആരംഭിച്ചിരുന്നു. അബ്ദുല്ലാഹി ബിന്‍ അംറ് ബിന്‍ ആസ് (റ) പറയുന്നു: ‘നബിതിരുമേനിയില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം ഹൃദിസ്ഥമാക്കാന്‍ വേണ്ടി ഞാന്‍ എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ചിലര്‍ എന്നോട് ചോദിച്ചു; ‘ദേഷ്യം, സംതൃപ്തി തുടങ്ങിയ വികാരങ്ങള്‍ക്കു വിധേയനായി സംസാരിക്കുന്ന മുഹമ്മദിന്റെ (സ്വ) വചനങ്ങളെല്ലാം നീ ഹൃദിസ്ഥമാക്കുകയും എഴുതിവെക്കുകയും ചെയ്യുകയാണോ..!’ അതോടെ ഞാന്‍ ഹദീസുകള്‍ എഴുതി സൂക്ഷിക്കുന്നത് നിര്‍ത്തി. വിഷയം നബിതിരുമേനി (സ്വ) യെ ധരിപ്പിക്കുകയും ചെയ്തു. കേട്ട ഉടനെ നബിതിരുമേനി തന്റെ അധരങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു; ‘നീ എഴുതുക, ഇതിലൂടെ സത്യം മാത്രമേ പുറത്തു വരികയുള്ളൂ ‘.
താബിഉകളുടെ കാലത്താണ് ഹദീസ് ക്രോഡീകരണം സംഘടിത രൂപത്തില്‍ സജീവമായത്. അന്ന് ചില താബിഉകള്‍ നബി വചനങ്ങളോടു കൂടെ സ്വഹാബികളുടെ വാക്കുകളും ചേര്‍ത്തെഴുതുമായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ഉമവി ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) ഹദീസുകളുടെ ഗ്രന്ഥ രൂപത്തിലുള്ള സമഗ്രമായ ക്രോഡീകരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിവിധ ദിക്കുകളിലെ പണ്ഡിതന്മാര്‍ക്ക് എഴുത്തയച്ചു. അതനുസരിച്ച് മദീനയിലെ അബൂബക്കര്‍ ഇബ്‌നു ഹസമിനെ(റ) പോലെയുള്ളവര്‍ ഹദീസ് ക്രോഡീകരണ ഗ്രന്ഥങ്ങള്‍ എഴുതി തുടങ്ങി. ഈയൊരു കാലയളവില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത വ്യാജ ഹദീസുകള്‍ വലിയ തോതിലുള്ള വ്യാപനം നേടി.ഇത് ഹദീസ് പണ്ഡിതര്‍ക്കിടയില്‍ ധൈഷണിക പ്രതിരോധം തീര്‍ക്കാനുള്ള കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് നിദാനമായി. അങ്ങനെയാണ് എക്കാലത്തേക്കും പ്രയുക്തമാകും വിധം ഇല്‍മുല്‍ ഹദീസ് നിരൂപണ രീതിശാസ്ത്രം ഒരു വിജ്ഞാനീയമായി രൂപപ്പെട്ടുവന്നത്. തുടര്‍ന്ന് സ്വിഹാഹുകള്‍, മുസ്‌നദുകള്‍, സുനനുകള്‍, മുഅ്ജമുകള്‍ എന്നീ ഇനങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ക്കു പുറമേ, ഹദീസ് നിവേദകരെ നിരൂപണം ചെയ്യുന്ന ‘അസ്മാഉരിജാല്‍’, ‘ജര്‍ഹ് വത്തഅ്ദീല്‍’ തുടങ്ങിയ ഉപഘടകങ്ങളിലും അനേകം പഠനങ്ങളും വിശാല ഗ്രന്ഥങ്ങളും വന്നു. വ്യാജഹദീസുകളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ അവ സമാഹരിച്ച് ഇമാം സുയൂത്വിയടക്കമുള്ള പണ്ഡിതന്മാര്‍ ‘മൗളൂആത്തു’കള്‍ പുറത്തിറക്കി.
നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് ഇല്‍മുല്‍ ഹദീസ് രീതിശാസ്ത്രം മുന്നോട്ടുവെച്ച നിബന്ധനകളും മാനദണ്ഡങ്ങളും പരക്കെ അംഗീകരിക്കപ്പെട്ടു. അറബ് ചരിത്ര ക്രോഡീകരണങ്ങളില്‍ ഈ രീതിശാസ്ത്രം അവലംബിക്കപെട്ടത് ഉദാഹരണം(ഫില്‍ ഹദീസ് അന്നബവി 13-14/സഈദ് റമളാന്‍ ബൂത്വി).
ഹദീസ് വിജ്ഞാനീയത്തിലുണ്ടായ വിപ്ലവാത്മകപുരോഗതികള്‍ വ്യാജഹദീസ് നിര്‍മാണത്തെയും ഹദീസ് നിഷേധപ്രവണതയെയും പൂര്‍ണമായും പ്രതിരോധിച്ചു. മാത്രമല്ല, ഹദീസുകളുടെ ആധികാരികതയെ അത് ശാക്തീകരിക്കുകയുമുണ്ടായി. അതിലുപരി പാരമ്പര്യ മദ്ഹബീധാരയെ സാധൂകരിക്കുകയും ചെയ്തു.
സിനാന്‍ ബശീര്‍
You must be logged in to post a comment Login