കൊവിഡ് അനന്തരകാലം എന്ന ഒന്ന് സമീപഭാവിയില്‍ ഇല്ല. ചരിത്രനിഷേധം എന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന ഒരു പ്രസ്താവമാണിത്. പക്ഷേ, ലോകം ഇപ്പോള്‍ അങ്ങനെ വിചാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ മഹാമാരികള്‍ മനുഷ്യര്‍ക്കെതിരെ നിലയെടുത്ത ഒട്ടനവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ നാളുകളില്‍ നാം അതിനെക്കുറിച്ച് പലവട്ടം സംസാരിക്കുകയും ആ സന്ദര്‍ഭങ്ങളെ ഓര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം മഹാമാരികളുടെ കാലത്തെ ലോകത്തിന്റെ വിചാരഗതികളുടെ സുവ്യക്ത ചിത്രം അനേകം പുസ്തകങ്ങളായും രേഖകളായും നമുക്ക് മുന്നിലുണ്ട്. പാന്‍ഡമിക് ആര്‍ക്കൈവുകള്‍ ഇന്ന് വലിയതോതില്‍ പഠനവസ്തുവാണ്. കലയുടെയും സാഹിത്യത്തിന്റെയും നിരവധിയായ ആവിഷ്‌കാരങ്ങളിലൂടെ അക്കാലങ്ങളുടെ സാമൂഹിക മനോനിലകളും നമുക്ക് വായിച്ചെടുക്കാം. മഹാമാരികള്‍ക്കെതിരില്‍ മനുഷ്യന്റെ വിജയത്തെയും മഹാമാരി അനന്തര കാലത്തിന്റെ ജീവിത ഘടനയെക്കുറിച്ചുമെല്ലാം അക്കാല വിചാരങ്ങള്‍ സംസാരിക്കുന്നുണ്ട്. തൊട്ടടുത്ത നിമിഷം മനുഷ്യബുദ്ധിയുടെ രാസശാലകളില്‍ നിന്ന് മഹാമാരിക്കെതിരില്‍ ആയുധം പുറപ്പെടും എന്ന ശുഭാപ്തിയാണ് ആ വിചാരങ്ങളുടെ അടിത്തറ. അതിനാല്‍തന്നെ മറ്റൊരു ലോകം നിര്‍മിക്കുന്നതിനെക്കുറിച്ചല്ല, മഹാമാരി ഒഴിഞ്ഞുപോയ ലോകത്തെക്കുറിച്ചാണ് ആ വിചാരങ്ങള്‍ ഒക്കെയും. അങ്ങനെ സംഭവിക്കുകയും ചെയ്തു. മഹാമാരി ഒഴിഞ്ഞിടത്ത് നിന്ന് പുതിയ ലോകമോ പുതിയ മനുഷ്യജീവിതമോ അല്ല ഉരുവായത്. മറിച്ച് മഹാമാരിക്ക് മുന്നേ ലോകം എങ്ങനെ ആയിരുന്നോ ജീവിതം എന്തായിരുന്നോ അതെല്ലാം അതേപടി പുനരാരംഭിക്കുകയാണ് ഉണ്ടായത്. ആ മാരികളുടെ കാലത്തിന് ശേഷവും രാജ്യങ്ങള്‍ യുദ്ധം ചെയ്യുകയും അതിശക്തര്‍ അധിനിവേശങ്ങള്‍ നടത്തുകയും ചെയ്തു എന്ന് ഓര്‍ക്കുക. കൊവിഡ് കാലം പക്ഷേ, അതല്ല. ലോകം ഇനിയൊരിക്കലും പഴയപോലെ ആവില്ല എന്ന് തീര്‍പ്പായിക്കഴിഞ്ഞു. കൊവിഡിനെ മരുന്നുകൊണ്ട് തുരത്തിയാലും ലോകം പഴയതാവില്ല. എന്തായിരിക്കാം ആ പുതിയ ലോകം എന്നത് പ്രവചനങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നല്ല. പക്ഷേ, എന്തായിരിക്കണം ആ ലോകം എന്ന ആലോചനകളിലേക്കുള്ള തുറവികളാവട്ടെ ധാരാളമുണ്ട് താനും.
ആഘാതത്തിന്റെയും ജീവനാശത്തിന്റെയും ഘടന പരിശോധിച്ചാല്‍ വസൂരി മുതല്‍ സ്പാനിഷ് ഫ്ളൂ വരെയുള്ള കൊടുംമാരികളോളം പ്രഹരശേഷി കൊവിഡിനോ കൊറോണ വൈറസിനോ ഇല്ല. പക്ഷേ, പകര്‍ച്ചയുടെ ഘടനയും അത്തരം മഹാമാരികളുടെ കാലത്ത് നിന്നും ഇപ്പോഴത്തെ ലോകത്തിനുള്ള അടിസ്ഥാനപരമായ മാറ്റവും പരിഗണിക്കുമ്പോഴാകട്ടെ അത്തരം മഹാമാരികളെക്കാള്‍ ലോകത്തെ മാറ്റിയെഴുതാനുള്ള ശേഷിയില്‍ മറ്റെല്ലാ മഹാമാരിക്കാലത്തെയും ബഹുദൂരം പിന്നിലാക്കുന്നു കൊവിഡ്. ഇതേ താളുകളില്‍ നാം സംസാരിച്ച ഒന്നാണത്. എങ്ങനെയാണ് ലോകത്തെ കൊവിഡ് മാറ്റിയെഴുതുന്നത് എന്ന ആലോചനകളിലേക്കുള്ള താക്കോല്‍ വാചകമാണ് തുടക്കത്തില്‍ പറഞ്ഞ ചരിത്രവിരുദ്ധമെന്ന് തോന്നാവുന്ന പ്രസ്താവന. കൊവിഡ് അനന്തര കാലം എന്ന ഒന്ന് സമീപഭാവിയില്‍ ഇല്ല എന്നത്. മറിച്ച് കൊവിഡിനൊപ്പമോ കൊവിഡിനാല്‍ നിര്‍മിതമായ പുതിയ ലോകക്രമത്തിന് ഒപ്പമോ മാത്രമാവും ഇനി ലോകജീവിതം. ആ ലോകക്രമത്തെ നിര്‍ണയിക്കുന്നതും നിര്‍വചിക്കുന്നതും എന്തുതരം രാഷ്ട്രീയമായിരിക്കും? പാന്‍ഡെമിക് അക്കാദമിക്സ് എന്ന് വിളിക്കാവുന്ന ആലോചനകള്‍ ഇപ്പോള്‍ തുടരുന്നത് ആ വഴിയിലാണ്. തെളിഞ്ഞുവരുന്ന ചില ചിത്രങ്ങളെ അടുക്കിപ്പെറുക്കുമ്പോള്‍ ലഭിച്ചുകഴിഞ്ഞ ചില വ്യക്തതകളെക്കുറിച്ച് നമുക്ക് സംസാരിക്കാം.
ഒന്നാമതായി കൊവിഡ് സൃഷ്ടിച്ചുകഴിഞ്ഞ പുതിയ ലോകം ഒരു നവപാരിസ്ഥിതിക അവബോധത്താല്‍ നയിക്കപ്പെടുന്ന ഒന്നാകും. രാഷ്ട്രീയം സംബന്ധിച്ച് ഇന്ന് നാം മനസ്സിലാക്കിപ്പോരുന്ന, കണ്ടുപോരുന്ന എല്ലാം അട്ടിമറിക്കപ്പെടും. പഴയമട്ടില്‍ തുടരാന്‍ ശ്രമിക്കുന്ന രാഷ്ട്രീയവും രാഷ്ട്രങ്ങള്‍ തന്നെയും തരിപ്പണമാകും. രണ്ടാമതായി ബലവത്തായ രാഷ്ട്രം എന്ന സങ്കല്‍പം അടിമുടി മാറും. എന്താണ് രാഷ്ട്രത്തിന്റെ ബലമായി നാം ഇപ്പോള്‍ മനസ്സിലാക്കുന്നത് അതെല്ലാം കാലഹരണപ്പെടും. ദുര്‍ബലനോട് തോറ്റമ്പിയ കരുത്തന്‍ ഗുസ്തിക്കാരന്‍ ഗോദയില്‍ നിന്ന് തലകുനിച്ച് നടത്തുന്ന വിലാപയാത്രയെ അനുസ്മരിപ്പിച്ചുകൊണ്ട് പ്രബലശക്തികള്‍ വിളറി നില്‍ക്കും. മൂന്നാമതായി പ്രബലശക്തി എന്ന രാഷ്ട്ര ആശയം മാറുകയോ അപ്രസക്തമാവുകയോ ചെയ്യും. പ്രബലതക്ക് ഇപ്പോള്‍ നാം കൊടുക്കുന്ന നിര്‍വചനങ്ങള്‍ കാലഹരണപ്പെടും.
എന്താണ് കൊവിഡ് സൃഷ്ടിച്ചുകഴിഞ്ഞ നവപാരിസ്ഥിതികത? പരിസ്ഥിതി സംബന്ധിച്ച നിലനില്‍ക്കുന്ന ധാരണകള്‍ റദ്ദാക്കപ്പെട്ടു എന്നതാണ് ഒന്നാമത്. ജൂണ്‍ അഞ്ചിന്റെ മരം നടലായും പന്നിപ്പടക്കം കടിച്ച് ആന ചരിഞ്ഞതില്‍ സുവര്‍ണാവസരം തിരയുന്ന കരച്ചിലുകളായും നാം പരിചയിച്ചുപോന്ന സര്‍വതും മാറിത്തീര്‍ന്നു. പകരമോ? ഗാര്‍ഡിയന്റെ ഇക്കണോമിക് എഡിറ്റര്‍ ലാരി എലിയറ്റ് എഴുതിയ The world wans’t ready for a Green New Deal in 2009. Today, it may be ലെ നിരീക്ഷണങ്ങള്‍ പകരമെന്ത് എന്നതിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്. അനിവാര്യമായിത്തീര്‍ന്ന ലോക്ഡൗണ്‍ സാമ്പത്തിക ശക്തികളില്‍ സൃഷ്ടിക്കാവുന്ന പുനര്‍ ചിന്തകളെ എലിയറ്റ് അക്കമിടുന്നുണ്ട്. ഹരിതോന്മുഖമായ ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് എളുപ്പവഴികളില്ല, പക്ഷേ, കൊവിഡ് ആഘാതം രാഷ്ട്രീയത്തെയും സമ്പദ്ചിന്തകളെയും അതിലേക്ക് കൂടുതല്‍ അടുപ്പിച്ചുതുടങ്ങി എന്ന ആമുഖത്തോടെ നിരത്തുന്ന വാദങ്ങള്‍ Those who want a different sort of economy need to start somewhere. And they should start with a simple question: if not now, when? (ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍) എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. എലിയറ്റിനെ വായിക്കാം: ”Governments are creating, borrowing and spending money like never before in peacetime, in an attempt to mitigate the impact of the Covid-19 pandemic. They have the opportunity to reshape their economies in a way that would be consistent with preventing catastrophic increases in global temperatures. Businesses are already learning lessons from the lockdown, such as that modern technology no longer makes it essential for an executive to travel half way round the world for a business meeting, and that employees can be just as productive working from home as they can when sat in expensive set-piece city centre offices”. ലോകം മാറിയതിന്റെ ചെറു ചിത്രമാണിത്. കൊവിഡിനെ നേരിടാന്‍, സമാധാനകാലത്ത് ഒരിക്കലും പതിവില്ലാത്ത വിധം, സര്‍ക്കാറുകള്‍ പണമൊഴുക്കുന്നു. അതിനായി കടം വാങ്ങുന്നു. ഇതരൊവസരമാണ്. ആഗോള താപനത്തെ ചെറുക്കുന്ന വിധത്തില്‍ അവരുടെ സമ്പദ് വ്യവസ്ഥയെ ക്രമീകരിക്കാന്‍ ലഭിക്കുന്ന അവസരം. യോഗങ്ങള്‍ക്കുവേണ്ടി എക്സിക്യൂട്ടീവുകള്‍ ലോകം ചുറ്റേണ്ട കാര്യമൊന്നുമില്ലെന്ന് ബിസിനസ് സമൂഹം പഠിച്ചുകഴിഞ്ഞു. ജോലിചെയ്യാന്‍ നഗരകേന്ദ്രിത ഓഫീസുകള്‍ വേണ്ടെന്നും. ലോകം ചുറ്റലും നഗരകേന്ദ്രിത ഓഫീസുകളും ആഗോളതാപനവും തമ്മിലെ ബന്ധം നമുക്ക് ബാലപാഠമാണല്ലോ? ആ ബാലപാഠം തന്നെയാണ് ലോകത്തെ മുന്തിയ സാമ്പത്തിക മസ്തിഷ്‌കങ്ങള്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് എന്നോര്‍ക്കുക. കൊറോണ ലോകത്തെ കഴുകിയെടുക്കുകയാണ് എന്നും വായിക്കാം.
കൊവിഡ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന നവപാരിസ്ഥിതികത ഏറ്റവും കൂടുതല്‍ കണക്കുചോദിക്കുന്നത് വ്യാവസായിക മുതലാളിത്തത്തോടും അതിന്റെ ദയനീയ അനുകര്‍ത്താക്കളോടുമാണ്. പുതിയലോകം രൂപപ്പെട്ടേ മതിയാവൂ എന്ന പ്രഖ്യാപനമാണ് മുഖരിതമാവുന്നത്. വ്യവസായിക മുതലാളിത്തം നടത്തിയ കണ്ണടച്ചോട്ടങ്ങള്‍ ഭൂമിക്ക് നല്‍കിയ അമിത ഭാരം കൂടുതല്‍ ഓര്‍മിക്കപ്പെടുന്നു. സഹവര്‍ത്തിത്തം എന്ന പദത്തെ അപ്രത്യക്ഷമാക്കി അധിനിവേശം എന്നതിനെ മുദ്രാവാക്യമാക്കിയാണല്ലോ വ്യാവസായിക മുതലാളിത്തം പന്തലിച്ചത്. ആ പന്തലിന്റെ കാലുകള്‍ ഇളകുകയാണ്. ഒറ്റയ്ക്ക് നിങ്ങള്‍ക്ക് അതിജീവിക്കാനാവില്ല എന്ന് കൊറോണ പഠിപ്പിച്ചു. അതിജീവനത്തിന് സഹവര്‍ത്തിത്തം അനിവാര്യമാണ്. സഹവര്‍ത്തിത്തം അപരത്വത്തോടുള്ള കരുതല്‍ എന്ന അതിമഹത്തായ ആശയത്തെ സൃഷ്ടിക്കും. നവപാരിസ്ഥിതികതയുടെ അടിസ്ഥാന പ്രമാണം ഈ കരുതലാണ്. മാസ്‌ക് ശീലമാക്കുന്നത് സ്വയം രോഗം വരാതിരിക്കാന്‍ എന്നതിലുപരി അപരര്‍ക്ക് രോഗം വരുത്താതിരിക്കാന്‍ കൂടിയാണല്ലോ? ഈ കരുതലിന്റെ വികാസ രൂപമായിരിക്കും കൊവിഡ് സൃഷ്ടിക്കുന്ന നവപാരിസ്ഥിതികത.
തലങ്ങും വിലങ്ങുമുള്ള സഞ്ചാരങ്ങളെ എന്നേക്കുമായി നിയന്ത്രിച്ചുകൊണ്ട് ഒരു സവിശേഷമായ ഭാരരാഹിത്യം അത് ഭൂമിക്ക് മേല്‍ നടപ്പാക്കിക്കഴിഞ്ഞുവല്ലോ? അതിലുപരിയായി വ്യാസായിക മുതലാളിത്തത്തിന്റെ കണ്ണടച്ചോട്ടങ്ങളുടെ വന്‍ ഭൂമികകളാണ് കൊവിഡിന് മുന്നില്‍ പരാജിതരാവുന്നതെന്ന യാഥാര്‍ത്ഥ്യവും തെളിഞ്ഞുവന്നുവല്ലോ? രണ്ടാം ലോകയുദ്ധാനന്തരം വന്‍ ശക്തിയായി മാറിയ അമേരിക്ക ഒന്നാം തരം ഉദാഹരണമാണ്. അപരരോടുള്ള കരുതല്‍ ഇന്‍ഷുറന്‍സ് എന്ന ഒറ്റക്കുറ്റിയില്‍ തളച്ച രാഷ്ട്രമാണ് അമേരിക്ക. നിരവധി ഘട്ടങ്ങളില്‍ കാലാവസ്ഥ ഉച്ചകോടികളെ പരിഹസിച്ച രാഷ്ട്രം. കാര്‍ബണ്‍ എമിഷന്‍ എന്ന ആഗോള പ്രശ്നത്തെ ആയുധവും പണക്കൊഴുപ്പും കാട്ടി വിരട്ടാന്‍ നോക്കിയ രാഷ്ട്രം. കഠിന വികസനം സത്താ നഷ്ടം വരുത്തിയ ദേശം. വര്‍ണവെറിയിലേക്ക് കൂസലില്ലാതെ നിലം പൊത്താന്‍ മടികാട്ടാതിരുന്ന രാഷ്ട്രം. കറുപ്പിന് ശ്വാസം മുട്ടുന്ന രാഷ്ട്രം. അതേ, സമ്പത്തിന്റെ തിളപ്പില്‍ ജനാധിപത്യവും രാഷ്ട്രീയവും ചോര്‍ന്നുപോയ രാഷ്ട്രം. ആ ചോര്‍ച്ചയുണ്ടാക്കിയ കൂറ്റന്‍ വിടവിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് എന്ന അരാഷ്ട്രീയ മനുഷ്യന്‍ കടന്നിരുന്നത് എന്നോര്‍ക്കുക. ആ ഒറ്റമനുഷ്യന്റെ കോമാളിത്തത്തോളം ദയനീയമായ പ്രസിഡന്‍സിയാണ് അമേരിക്കയെ കൊലക്കളമാക്കിയത് എന്നും ഓര്‍ക്കുക. ജോര്‍ജ് ഫ്‌ളോയിഡിന്റെ അരുംകൊലക്കെതിരില്‍ അമേരിക്കയില്‍ ആകെ പടര്‍ന്ന രോഷം ട്രംപിനും അയാളുടെ ജനാധിപത്യവിരുദ്ധതക്കും എതിരായ ബലമായി മാറുമെന്ന നിരീക്ഷണങ്ങള്‍ ഓര്‍ക്കുക. കൊവിഡിന് മുന്‍പായിരുന്നെങ്കില്‍ ആ കൊലപാതകം ഇത്ര രോഷമുയര്‍ത്തുമായിരുന്നില്ല. അമേരിക്കയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അരും കൊല ചെയ്യപ്പെടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനല്ല ഫ്‌ളോയിഡ്. ഈ രീതിയില്‍ ഇനി മുന്നോട്ട് പോകാനാവില്ല എന്ന തോന്നല്‍ അമേരിക്കന്‍ സിവില്‍ സമൂഹത്തില്‍ വ്യാപകമാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി മുന്‍നിര മാധ്യമങ്ങള്‍ ശുദ്ധവായുവിനെക്കുറിച്ച്, അത് സുഗമമായി പരക്കേണ്ടതിനെക്കുറിച്ച് പ്രബന്ധങ്ങളെഴുതുന്നതും കാണാതിരിക്കരുത്. അമേരിക്കക്ക് മാത്രമായി ഇനി നില്‍ക്കാനാവില്ല എന്നും അമേരിക്കക്ക് മാത്രമായി കൊവിഡ് മുക്തത ഇല്ലെന്നുമുള്ള തിരിച്ചറിവുകള്‍ ഉണ്ടായിവരുന്നു. ശ്വാസം മുട്ടരുത് എന്ന മുദ്രാവാക്യം കൂടി ഉയര്‍ന്നുവരുന്നു. സര്‍ക്കാര്‍ വിലാസം തട്ടിപ്പുകള്‍ക്കപ്പുറം അമേരിക്ക പാരിസ്ഥിതികത എന്ന ആശയത്തെ അഭിമുഖീകരിച്ച് തുടങ്ങുന്നു. ഭൂമിയോടും അപരരോടുമുള്ള കരുതല്‍ എന്ന നവപാരിസ്ഥിതിക ദര്‍ശനം അമേരിക്കയില്‍ വേരുപിടിക്കുന്നു.
നോക്കൂ, അമേരിക്കയുടെ ദയനീയ അനുകര്‍ത്താവായിത്തീര്‍ന്ന ബ്രസീല്‍ എത്ര ഭീകരമായ നാളുകളിലൂടെയാണ് കടന്നുപോകുന്നത്? ബ്രസീലിയന്‍ ട്രംപ് എന്ന് കുപ്രസിദ്ധനായിത്തീര്‍ന്ന ബൊള്‍സനാരോയുടെ വിഡ്ഢിത്തങ്ങളാണ് ആ രാജ്യത്തെ കുഴപ്പിച്ചത്. ബൊള്‍സാനരോ സൃഷ്ടിക്കപ്പെട്ടത് ട്രംപിന്റെ അതേ വഴിയിലാണ്. ആമസോണിന് നേരെയുള്ള ഭയാനക കയ്യേറ്റങ്ങളെക്കുറിച്ച് നമുക്കറിയാം. അത് പുറത്തുവന്ന ചെറിയ തീ മാത്രമാണ്. തീവ്ര ലതു രാഷ്ട്രീയം അടിസ്ഥാനപരമായി പരിസ്ഥിതി വിരുദ്ധമാണ്. അഡോള്‍ഫ് ഹിറ്റ്ലര്‍ മുതല്‍ ഇങ്ങോട്ട് അതിന്റെ മുഴുവന്‍ വക്താക്കളും അടിസ്ഥാനപരമായി മനുഷ്യര്‍, അതും ഭൂരിപക്ഷ മനുഷ്യര്‍ എന്ന് മാത്രം പറയുന്നവരാണ്. അപരത്വം എന്നാല്‍ വലതുരാഷ്ട്രീയത്തെ സംബന്ധിച്ച് ശത്രുവാണ്. ഹിംസിക്കപ്പെടേണ്ടവരാണ്. അപരത്വത്തോടുള്ള കരുതല്‍ എന്ന ഒന്നില്ല വലതുപക്ഷത്ത്. സ്വാഭാവികമായും മഹാമാരിയോടുള്ള യുദ്ധത്തില്‍ വലതുപക്ഷത്തിന് തോല്‍ക്കേണ്ടിവരും. അപരരെക്കൂടി സ്വാംശീകരിക്കുന്ന സമഗ്രദര്‍ശനത്തിന് മാത്രമേ, ഭൂമിയോട് കരുതലുള്ള സമീപനത്തിന് മാത്രമേ കൊവിഡിനെ പ്രതിരോധിക്കാനാവൂ. ബ്രസീല്‍ തോറ്റുപോയത് അങ്ങനെയാണ്. ബ്രസീലിലെ ജനത ആ തോല്‍വിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബൊള്‍സനാരോയോട് പുറത്തുപോകൂ എന്ന് ആ രാഷ്ട്രം ആവശ്യപ്പെടുകയാണ്. അവര്‍ നദികളിലേക്ക്, കത്താതെ ബാക്കി നില്‍ക്കുന്ന കാടുകളിലേക്ക് നോക്കുകയാണ്. കൊവിഡിനെ സമര്‍ഥമായി പ്രതിരോധിച്ച ന്യൂസിലന്‍ഡ് നമുക്ക് മുന്നിലുണ്ട്. പ്രാണവായുവിന്റെ രാഷ്ട്രീയം കാലങ്ങളായി പറയുന്ന ദേശമാണത്. അതിതീവ്രവികസനമല്ല അന്തസായ മനുഷ്യജീവിതമാണ് ആ ദേശം എക്കാലവും ഉയര്‍ത്തിപ്പിടിച്ചത്. പശുവും വയലും വീടും ചേര്‍ന്ന ഒന്ന്. ചിന്തിച്ചാല്‍ ദൃഷ്ടാന്തമുണ്ട്. ഇന്ത്യയെക്കുറിച്ച് അധികം പറയേണ്ടല്ലോ?
ഇത്തരത്തില്‍ രൂപപ്പെട്ടുകഴിഞ്ഞ ഭൗമോന്‍മുഖ രാഷ്ട്രീയത്തെ അവഗണിച്ചുകൊണ്ട്, പരമ്പരാഗതമായ ചക്കളത്തിപ്പോരാട്ടങ്ങളാണ് തുടരുന്നതെങ്കില്‍ കൊവിഡ് ശാരീരികമായും മാനസികമായും ബാധിച്ച ഒരു ദേശമാകും ബാക്കിയുണ്ടാവുക. ഇനിയും ഭൂമിയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയിട്ടില്ല എങ്കില്‍ കൊവിഡ് നമ്മുടെ വിചാരങ്ങളെ കീഴടക്കി എന്നാണ് വായിക്കേണ്ടത്. കാരണം കൊവിഡ് അനന്തരകാലം എന്ന ഒന്ന് ഇനിയില്ല.
കെ കെ ജോഷി
You must be logged in to post a comment Login