2009 മാര്‍ച്ചിലായിരുന്നു ആ യാത്ര. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍നിന്ന വൈകീട്ട് അഞ്ചിന് സൗദിയിലെ റിയാദിലേക്ക് പുറപ്പെട്ടതാണ്. ഈ യാത്രക്ക് വേണ്ടി ഡല്‍ഹിയില്‍ വിസയടിക്കാന്‍ പോയതായിരുന്നു. മുംബൈ വഴിയോ മറ്റേതെങ്കിലും സെക്ടര്‍ മാര്‍ഗമോ സൗദിയാത്ര ഒരാഴ്ചക്കിടയില്‍ അസാധ്യമാണെന്ന് ഡല്‍ഹിയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന തലശ്ശേരി സ്വദേശി ജമാല്‍ സാഹിബ് അറിയിച്ചപ്പോള്‍ ഒരു പോംവഴി പറഞ്ഞുതാ എന്ന് കേണപേക്ഷിച്ചു. ഒന്നുകില്‍ പാകിസ്ഥാന്‍ വഴി അല്ലെങ്കില്‍ അഫ്ഗാന്‍. രണ്ടും വേണ്ടാ, പിന്നീട് വല്ല പൊല്ലാപ്പും ഉണ്ടായാലോ എന്ന് ആശങ്ക അറിയിച്ചപ്പോള്‍ റോയല്‍ ജോര്‍ദാന്‍ ഫ്‌ളൈറ്റാണ് നല്ലതെന്നും പുലര്‍ച്ചെ അമ്മാനിലെത്തിയാല്‍ ട്രാന്‍സിറ്റില്‍ ഹോട്ടലില്‍ തങ്ങി വൈകുന്നേരത്തോടെ യാത്ര തുടരാമെന്നും ആശ്വസിപ്പിച്ചു. അങ്ങനെയാണ് അമ്മാനില്‍നിന്ന് ഒരു കൊച്ചുവിമാനത്തില്‍ യാത്ര പുറപ്പെടുന്നത്. താമസിയാതെ അമേരിക്കന്‍ പ്രസിഡണ്ട് ആകാന്‍ പോകുന്ന ബറാക് ഹുസൈന്‍ ഒബായുടെ ആത്മകഥ , ‘ഒഡാസിറ്റി ഓഫ് ഹോപി’ ന്റെ അവസാന അധ്യായമെടുത്ത് മറിച്ചു. തൊട്ടുരുമ്മിയിരിക്കുന്ന പ്രായമുള്ള അറബ് വംശജന്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇങ്ങോട്ടാണ് പരിചയപ്പെട്ടത്. ഇന്ത്യക്കാരനാണെന്നും പത്രപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ ബാഗില്‍നിന്ന് അത്തിപ്പഴമെടുത്ത് സല്‍ക്കരിച്ചു. രണ്ടുമണിക്കൂര്‍ യാത്രയിലുടനീളം സംസാരിച്ചത് പശ്ചിമേഷ്യയുടെ രാഷ്ട്രീയമാണ്. പടിഞ്ഞാറന്‍ യൂനിവേഴ്‌സിറ്റികളില്‍ വിസിറ്റിങ് പ്രഫസറാണ് അദ്ദേഹം. ഫലസ്തീന്‍- ഇസ്രയേല്‍ തര്‍ക്കം, ഈജിപ്ത്, ജോര്‍ദാന്‍ , സിറിയ എന്നീ രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഫലസ്തീനികളുടെ തലവിധി , അറബ് രാഷ്ട്രങ്ങളുടെ കള്ളക്കളി, പി.എല്‍.ഒ, ഹമാസ് നേതാക്കളുടെ സ്വകാര്യജീവിതം തുടങ്ങി എല്ലാം ആധികാരികമായാണ് അദ്ദേഹം സംസാരിക്കുന്നത്. എനിക്കാണെങ്കില്‍ കുറെ അറിവുകള്‍ നേടിയെടുത്ത സന്തോഷം. ലാന്‍ഡിങ് സിഗ്‌നല്‍ കത്തിയപ്പോള്‍ അല്‍പം വൈമനസ്യത്തോടെയാണെങ്കിലും ആ പണ്ഡിതന്റെ മുന്നില്‍ മനസ് തുറന്നു: ‘ഞാന്‍ ഒരു ചരിത്രവിദ്യാര്‍ഥി കൂടിയാണ്. എനിക്ക് ഫലസ്തീനെ കുറിച്ച് ഒരു പുസ്തകമെഴുതണം.’ എന്റെ കൈ രണ്ടും മുറുകെ പിടിച്ചുകൊണ്ട് മുഖത്ത് നോക്കി ചിരിച്ചു. അല്‍പനേരത്തെ മൗനത്തിന് ശേഷം ഗൗരവസ്വരത്തിലാണ് പ്രതികരിച്ചത്: ‘ഒരു ഗ്രന്ഥരചനക്ക് ആവശ്യം ആധികാരികവും സത്യസന്ധവുമായ വസ്തുതകളാണ്. എന്റെ കൊച്ചനുജാ, താങ്കള്‍ എത്ര കിണഞ്ഞുശ്രമിച്ചാലും ഈ വിഷയത്തില്‍ അത് കിട്ടാന്‍ പോകുന്നില്ല. നിങ്ങളെപോലുള്ളവര്‍ക്ക് കിട്ടുന്നതില്‍ പലതും സത്യസന്ധമായ വാര്‍ത്തകളല്ല. മാത്രമല്ല, ഫലസ്തീന്‍ പ്രശ്‌നത്തെ അധികരിച്ച് എഴുതുമ്പോള്‍ എവിടെനിന്നാരംഭിക്കും?. എവിടെ ചെന്നവസാനിക്കും? . ഓരോ ദിവസവും പശ്ചിമേഷ്യയുടെ വിധി സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അന്ത്യനാള്‍ വരെ അത് തുടരും. ഫലസ്തീന്‍ ഇന്ന് കേവലമൊരു സങ്കല്‍പമാണ്. 1967ലെ ആറുദിവസത്തെ യുദ്ധത്തോട് കൂടിതന്നെ ഫലസ്തീന്‍ മരിച്ചിരുന്നു. അതിന്റെ മയ്യിത്ത് മുന്നില്‍വെച്ചാണ് ക്യാമ്പ്‌ഡേവിഡ് ഉടമ്പടിയും ഓസ്ലോ കരാറുമൊക്കെ ഒപ്പുവെച്ചത്. ഇനിയും ഒട്ടേറെ കരാറുകളുണ്ടാവും. പദ്ധതികളുണ്ടാവും. ഗുണകരമായ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ലോകത്ത് ഏതെങ്കിലുമൊരു ശക്തിക്ക് ഫലസ്തീനികള്‍ക്ക് അവരുടെ പിറന്നമണ്ണില്‍നിന്ന് അല്‍പമെങ്കിലും തിരിച്ചുകൊടുക്കാന്‍ കഴിയുമെങ്കില്‍ അത് അമേരിക്ക മാത്രമായിരിക്കും. ഒരുകാര്യം മനസ്സില്‍വെക്കുക! ബറാക് ഹുസൈന്‍ ഒബാമയല്ല, സാക്ഷാല്‍ അബ്രഹാം ലിങ്കണ്‍ തന്നെ എഴുന്നേറ്റുവന്നാലും ഇസ്രയേല്‍ എന്ന യഹൂദരാഷ്ട്രത്തെ മെരുക്കിയെടുക്കുക അസാധ്യമാണ്. അങ്ങനെ സാധിച്ചാല്‍ പിന്നെ വേദപുസ്തകത്തിലെ വിശുദ്ധവാക്യങ്ങള്‍ക്ക് എന്തുവില?’
നന്മകള്‍ നേര്‍ന്നുകൊണ്ട് ആ വയോധികന്‍ യാത്ര പറഞ്ഞപ്പോള്‍ ഒബാമയുടെ ‘ഒഡാസിറ്റി ഓഫ് ഹോപ്’ ബാഗില്‍ തിരുകിവെച്ച് വല്ലാത്ത മാനസിക പിരിമുറുക്കത്തോടെ എമിഗ്രേഷനിലേക്ക് നടന്നു. നാലുവര്‍ഷത്തെ സൗദി ജീവിതത്തിനിടയില്‍ ഫലസ്തീനെയും ഇസ്രയേലിനെയും കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളും എഴുത്തുകളും ശേഖരിച്ചു. എന്നിട്ടും ധൈഷണികമായ ഒരഭ്യാസത്തിന് മുതിരാതിരുന്നത്, ഇത്ര സങ്കീര്‍ണവും നിഗൂഢവുമായ വിഷയം ഭൂമുഖത്തുണ്ടോ എന്ന ചിന്ത നിരന്തരം വേട്ടയാടുന്നത് കൊണ്ടാണ്.
2020 ജൂണ്‍ ആറിന് വൈകീട്ട് ഇസ്രയേല്‍ തലസ്ഥാനമായ തെല്‍അവീവിലെ റാബിന്‍ സ്‌ക്വയറില്‍ അപൂര്‍വമായൊരു പ്രതിഷേധറാലി ഉണ്ടായി. ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ വംശവെറിയനായ വെള്ളപ്പൊലീസിന്റെ കാല്‍മുട്ടിന്നടിയില്‍ ശ്വാസം മുട്ടി മരിച്ച, ലോകത്തെ നടുക്കിയ മാനുഷിക ദുരന്തത്തോടുള്ള പ്രതികരണമായി അമേരിക്കയില്‍ ജനരോഷം ആളിക്കത്തുന്ന സന്ദര്‍ഭമായിരുന്നു അത്. വംശ വിവേചനത്തിനും ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അവകാശസംരക്ഷണത്തിനും വേണ്ടി ആളിപ്പടരുന്ന പ്രക്ഷോഭം സമീപകാല അമേരിക്കയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചപ്പോള്‍, പശ്ചിമേഷ്യയുടെ വര്‍ത്തമാനകാല സ്റ്റാറ്റസ്‌കോ തെറ്റിക്കാനുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചനക്കെതിരെയായിരുന്നു ജൂതരാഷ്ട്രത്തിനകത്ത് നടന്ന പ്രതിഷേധപ്രകടനം. പതിവിന് വിപരീതമായി ആയിരക്കണക്കിന് ഫലസ്തീനികളും യഹൂദരും പങ്കെടുത്ത ഈ പ്രക്ഷോഭത്തിനു പിന്നിലെ ചാലകശക്തി ഇടത്-മധ്യ ചിന്താഗതിക്കാരായിരുന്നു. സമീപകാലത്തൊന്നും കാണാത്ത ഈ ആവേശം സയണിസ്റ്റ് അനുകൂല മാധ്യമങ്ങള്‍ക്ക് പോലും കണ്ടില്ലെന്ന് നടിക്കാനായില്ല. മുന്‍കാലങ്ങളില്‍ നൂറുകണക്കിനാളുകളേ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നുള്ളൂ. അമേരിക്കയിലേതിന് സമാനമായ കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നേരെ ചൊവ്വേ ചിന്തിക്കുന്ന മനുഷ്യരെല്ലാം കൊവിഡ് ഭീഷണി മറന്ന് തെരുവിലിറങ്ങിയത്. ‘ ട്രംപ് പദ്ധതി ‘ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, പടിഞ്ഞാറെ കരയിലെ കുടിയേറ്റഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രയേലി ഭരണകൂടത്തിന്റെ പദ്ധതിക്കെതിരായിരുന്നു ജനവികാരം അണപൊട്ടിയത്. ഈ ‘നൂറ്റാണ്ടിലെ ഇടപാട് ‘എന്ന് യു.എസ്. പ്രസിഡണ്ട് സ്വമേധയാ വിശേഷിപ്പിക്കുന്ന ഗൂഢപദ്ധതിക്ക് ജൂലൈ ഒന്നോടെ നിയമപ്രാബല്യം വാഗ്ദാനം ചെയ്താണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേറിയത്. അമേരിക്കയിലെ മിനിയപൊലിസില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന 46കാരനായ കറുത്തവര്‍ഗക്കാരന്‍ അതിക്രൂരമായി കൊല്ലപ്പെട്ടതാണ് ജനരോഷത്തിന്റെ ഉറവിടമെങ്കില്‍ ഈസ്റ്റ് ജറൂസലമില്‍ ഓട്ടിസം പിടിപെട്ട ഇയ്യാദ് ഹല്ലാഖ് എന്ന ഫലസ്തീന്‍ യുവാവ് ബോര്‍ഡര്‍ സെക്യുരിറ്റി പോലിസിന്റെ വെടിയേറ്റ് മരിച്ചതാണ് ജനങ്ങളെ ഇളക്കിവിട്ടത്. വര്‍ണവിവേചനത്തിന്റെ ക്രൂരമായ വകഭേദമാണ് ഫലസ്തീനികള്‍ അവരുടെ പിറന്ന മണ്ണില്‍ അനുഭവിക്കുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു; സയണിസ്റ്റുകളും യജമാനന്മാരായ അങ്കിള്‍ സാമും ഒഴികെ. 1960കളില്‍ തുടക്കമിട്ട ‘ബ്‌ളാക് ലൈവ്‌സ് മാറ്റര്‍’ എന്ന പ്രസ്ഥാനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ‘ഫലസ്തീനിയന്‍ ലൈവ്‌സ് മാറ്റര്‍’ (Palestinian Lives Matter-ഫലസ്തീനികളുടെ ജീവനും വിലപ്പെട്ടതാണ്) എന്നെഴുതിയ പ്‌ളക്കാര്‍ഡുമായാണ് യുവതീയുവാക്കള്‍ റാബിന്‍ സ്‌ക്വയറില്‍ എത്തിയത്. ഫ്‌ളോയ്ഡിന് നീതി തേടിയാണ് അമേരിക്ക ആഴ്ചകളോളം രോഷാഗ്‌നിയില്‍ കത്തിയാളിയതെങ്കില്‍ ‘ജസ്റ്റിസ് ഫോര്‍ ഇയ്യാദ് ‘( ഇയ്യാദിന് നീതി ) എന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ നെതന്യാഹു ഭരണകൂടത്തെ നേരിട്ടത്. വരാനിരിക്കുന്ന ജനകീയ വിസ്‌ഫോടനങ്ങളുടെ വിളംബരമായിരുന്നു അണപൊട്ടിയൊഴുകിയ ഈ ജനരോഷം. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞേറക്കര പിടിച്ചെടുത്ത് ജൂത താവളങ്ങള്‍ സ്ഥാപിക്കാനും 10 ശതമാനം മാത്രം വരുന്ന ഫലസ്തീന്‍ ഭൂമിയില്‍ പരിമിതമായ സ്വാതന്ത്ര്യം മാത്രം വകവെച്ചുനല്‍കാനുമുള്ള അമേരിക്കന്‍ പ്രസിഡണ്ടിന്റെ പദ്ധതി പശ്ചിമേഷ്യയെ വീണ്ടും വിസ്‌ഫോടനത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പായിരുന്നു ഈ പ്രതിഷേധ പരിപാടി. ഫലസ്തീനികള്‍ വിവേചനങ്ങളും ക്രൂരതകളും അനുഭവിക്കാന്‍ തുടങ്ങിയിട്ട് നൂറുവര്‍ഷമാവുകയാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം അന്നത്തെ വന്‍ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയുമെല്ലാം ചേര്‍ന്ന് മെനഞ്ഞെടുത്ത ഒരു ഗൂഢപദ്ധതിയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഇസ്രയേലികള്‍ക്ക് സ്വന്തമായ ഒരു രാജ്യം എന്ന പരികല്‍പന. അന്ന് തൊട്ട് യാതനകളും വേദനകളും അനുഭവിക്കുന്ന ഫലസ്തീനികള്‍ പോരാട്ടത്തിന്റെ കനല്‍പഥങ്ങളിലൂടെ കഴിഞ്ഞ 70വര്‍ഷം സഞ്ചരിച്ചിട്ടും നീതി പുലരുന്നതിന്റെ ലക്ഷണം പോലും ചക്രവാളത്തില്‍ കാണാനില്ല. എന്നാല്‍, അടിമക്കച്ചവടത്തിന്റെ അവശിഷ്ടമായ അമേരിക്കന്‍ വന്‍കരയിലെ ആഫ്രിക്കന്‍ വംശജരുടെ ദൈന്യതയാര്‍ന്ന ജീവിതം കഴിഞ്ഞ 400വര്‍ഷമായി അനുഭവിച്ചുതീര്‍ത്ത കഷ്ടപ്പാടുകളും വിവേചനങ്ങളും പരിഷ്‌കൃത ജനാധിപത്യമൂല്യങ്ങളോട് ഒട്ടും പൊരുത്തപ്പെട്ടുപോകുന്നതല്ലെന്ന് ബോധ്യമുണ്ടായിട്ടും ആ ദിശയില്‍ മൂര്‍ത്തമായ ചുവടുവെപ്പുകള്‍ അകന്നുപോകുന്നതാണ് കറുത്തവര്‍ഗക്കാരെയും മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കുന്ന നല്ലവരായ വെളുത്തവര്‍ഗക്കാരെയും വ്യവസ്ഥിതിക്ക് എതിരെ പോരാടാന്‍ പ്രേരണ നല്‍കുന്നത്. എന്നാല്‍ ഫലസ്തീനികള്‍ക്ക് ഇസ്രയേലികളില്‍നിന്ന് ലഭിക്കുന്ന പിന്തുണ പരിമിതവും ശുഷ്‌ക്കവുമാണ്.
‘നൂറ്റാണ്ടിലെ ഇടപാടി’ല്‍ ഒളിഞ്ഞിരിക്കുന്ന കൊലച്ചതി
ലോകം വീര്‍പ്പടക്കി നോക്കിക്കാണുന്ന ട്രംപ് പദ്ധതിയുടെ ഉള്ളടക്കമെന്താണ്? ഫലസ്തീന്‍-ഇസ്രയേലി പ്രശ്‌നത്തില്‍ സമീപകാലത്തൊന്നും പ്രശ്‌നപരിഹാരം അല്ലെങ്കില്‍ തര്‍ക്കമൊത്തുതീര്‍പ്പാക്കല്‍ തുടങ്ങിയ സാമാന്യ രാഷ്ട്രീയ വ്യവഹാര സംജ്ഞകളൊന്നും കേള്‍ക്കാറില്ല. മറിച്ച്; പശ്ചിമേഷ്യന്‍ ‘സമാധാന കരാര്‍’ എന്ന ഓമനപ്പേരിലാണ് ഫലസ്തീനികളെ അടിച്ചമര്‍ത്തി ഇസ്രയേലികള്‍ക്ക് സുരക്ഷിതത്വവും സമാധാനവും നല്‍കുന്ന ഏകപക്ഷീയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറാറ്. ഫലസ്തീന്‍- ഇസ്രയേല്‍ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടാന്‍ പ്രയോജനപ്പെടുന്ന ഒറ്റമൂലി എന്ന വിശേഷണത്തോടെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ യു.എസ് പ്രസിഡണ്ട് തന്റെ പദ്ധതി മുന്നോട്ടുവെക്കുന്നത്. ‘Peace to Prosperity: A vision to Improve the Lives of the Palestinian and Israel People ‘-സമാധാനത്തില്‍നിന്ന് അഭിവൃദ്ധിയിലേക്ക് : ഫലസ്തീനി, ഇസ്രായേലി ജനതയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മാര്‍ഗരേഖ’ എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള ഒരു പദ്ധതിയാണ് ലോകത്തിനു മുന്നില്‍വെക്കുന്നത്. വട്ടമേശക്കു ചുറ്റുമിരുന്ന് ഇരുരാജ്യങ്ങളുടെയും രാഷ്ട്രീയ- ഭരണ നേതൃത്വമോ പ്രതിനിധികളോ ചര്‍ച്ചകളിലുടെ എത്തിയ ധാരണയോ കരാറോ അല്ല ഇത്. നേരെ മറിച്ച് ട്രംപിന്റെ മരുമകനും സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവനാഡിയുമായ ജരദ് കുഷ്‌നര്‍ അണിയറയില്‍ ചുട്ടെടുത്ത കൊലച്ചതിയടങ്ങിയ ഒരു പാക്കേജിന് മധുരമുള്ള പേര് നല്‍കിയതാണെന്ന് പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ ഏത് മരപ്പൊട്ടനും മനസ്സിലാക്കാനാവും. കഴിഞ്ഞ 70വര്‍ഷമായി സമാധാനത്തോടെ കിടന്നുറങ്ങാന്‍ ഭാഗ്യമില്ലാത്ത ഫലസ്തീനികളുടെ ജീവിതത്തെ ‘സമാധാനത്തില്‍നിന്ന് അഭിവൃദ്ധി’യിലേക്ക് നയിക്കുന്ന പദ്ധതി പ്രകാരം, ഇടപാടില്‍ ഒപ്പുവെക്കുകയാണെങ്കില്‍ അമേരിക്ക 50 ബില്യന്‍ ഡോളര്‍ ഫലസ്തീന് നല്‍കും. ഈ പണം യു.എസ് ഖജനാവില്‍നിന്ന് എടുത്തുകൊടുക്കുന്നതല്ല. പിന്നെയോ, എണ്ണസമ്പന്ന ശൈഖ്മാരില്‍നിന്നും മറ്റു കോര്‍പ്പറേറ്റ് ഭീമന്മാരില്‍നിന്നും സംഭരിക്കുന്നതായിക്കും. ഫലസ്തീനുമായി വിപുലമായ വ്യാപാര കരാര്‍, ഗസ്സയില്‍ പുതിയ തുറമുഖം തുടങ്ങിയ പ്രലോഭനങ്ങളും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനു പകരമായി ഫലസ്തീനികള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയുമ്പോഴാണ് നാം ഞെട്ടുന്നത്. പുരാതന പുണ്യപട്ടണമായ ജറൂസലം മുഴുവനായും പടിഞ്ഞാറെ കരയുടെ ഭൂരിഭാഗവും ഇസ്രയേലിന് ദാനം ചെയ്യാന്‍ തയാറാവണം. 1967ലെ യുദ്ധത്തിനു ശേഷം ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയില്‍നിന്ന് കവര്‍ന്നെടുത്ത ഭൂമി മുഴുവനും ഇസ്രയേലിന്റെ ഭാഗമായി മാറും. ജൂത കുടിയേറ്റകേന്ദ്രമായി അതിനെ രൂപാന്തരപ്പെടുത്തും. ഫലസ്തീന്‍ രാഷ്ട്രമോ? പരമാധികാരമില്ലാതെ, ഇസ്രായേലിന്റെ കരങ്ങളില്‍ തന്നെയായിരിക്കും. ജോര്‍ദാന്‍ നദി മുതല്‍ കടല്‍ വരെയുള്ള ജൂത രാഷ്ട്രം എന്ന സയണിസ്റ്റുകളുടെ ചിരകാല സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും അതോടെ മേഖലയില്‍ സമാധാനം സ്ഥാപിതമാകുമെന്നുമാണ് ട്രംപ് പറയുന്നത്.
ചരിത്രത്തിലെ വഞ്ചനക്ക് നൂറുവയസ്സ് തികയുമ്പോള്‍ വേദപുസ്തകത്തിലെ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ 90ശതമാനവും പിടിച്ചെടുക്കുന്ന ഒരു ക്രൂരപദ്ധതിക്കാണ് യു.എസ് പ്രസിഡണ്ട് ഈ നൂറ്റാണ്ടിലെ മഹത്തായ ഇടപാടെന്ന് വിശേഷം പറഞ്ഞിരിക്കുന്നത്. ഫലസ്തീനികളുടെ താല്‍പര്യങ്ങള്‍ ഇത്രമാത്രം ഹനിക്കുന്ന ഒരു ഫോര്‍മുലയുമായി ട്രംപ് ധൈര്യപൂര്‍വം എങ്ങനെ മുന്നോട്ടുവന്നു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടില്ലെങ്കിലും സൗദി അറേബ്യയടക്കമുള്ള അറബ് രാഷ്ട്രങ്ങളുടെ രഹസ്യപിന്തുണ ഇതിനുണ്ടാവുമെന്നാണ് രാഷ്ട്രീയനീരിക്ഷകര്‍ കരുതുന്നത്. ജൂതരാഷ്ട്രം ( Jewish State) എന്ന പരികല്‍പന അംഗീകരിക്കണമെന്ന് അമേരിക്ക നിര്‍ബന്ധിക്കുമെന്നുറപ്പാണ്. ഘടികാരസൂചി വളരെ പിറകിലോട്ട് തിരിക്കുന്ന, പശ്ചിമേഷ്യയെ കൂടുതല്‍ പ്രക്ഷുബ്ധതയിലേക്ക് വലിച്ചെറിയുന്ന ഇത്തരമൊരു സംവിധാനം അടിസ്ഥാനപരമായി പിറന്നമണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ലക്ഷക്കണക്കിന് ഫലസ്തീനികളോടുള്ള കൊടും ക്രൂരത കൂടിയാണെന്ന് മനസ്സിലാക്കുമ്പോഴാണ് സയണിസ്റ്റുകളും ക്രൈസ്തവ തീവ്രവലതുപക്ഷവും ചേര്‍ന്ന് എത്ര കിരാതമായ ഒരു ലോകവ്യവസ്ഥയാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നത്. ട്രംപിന്റെ സ്വപ്നപദ്ധതിയില്‍ ക്രൂരമായ മറ്റൊരു ഇനവും കൂടിയുണ്ട്. പടിഞ്ഞാറെകരയുടെ അതിര്‍ത്തിയില്‍ ജീവിക്കുന്ന ഇസ്രായേലി പൗരത്വമുള്ള 3, 50, 000 ഫലസ്തീനികളെ മറ്റൊരിടത്ത് മാറ്റിത്താമസിപ്പിച്ച് ആ സ്ഥലവും കൂടി പിടിച്ചെടുക്കുക. വടക്കന്‍ ഇസ്രയേലില്‍നിന്ന് അവസാനത്തെ മുസ്ലിമിനെയും നാട് കടത്തുക എന്ന തീവ്രസയണിസ്റ്റുകളുടെ ചിരകാല സ്വപ്നമാണ് ഈ ശുദ്ധീകരണം. അതുകൊണ്ട് ഫലസ്തീനികള്‍ ഇതിനെ ‘വെറുപ്പിന്റെ പദ്ധതി’ ( Hate Plan) എന്നാണ് വിശേഷിപ്പിക്കുന്നത്. പടിഞ്ഞാറെകരയിലെ അധിനിവേശവും തുടര്‍ന്നുള്ള കുടിയേറ്റവും 1967ലെ ആറുദിവസ യുദ്ധത്തിന്റെ ബാക്കിപത്രമാണ്.
സ്വപ്നങ്ങള്‍ തകര്‍ത്ത ആറുദിവസം
1967 മേയ് 22ന് ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ജമാല്‍ അബ്ദുന്നാസര്‍ സിനായിലെ ബിര്‍ ഗഫ്ഗഫാ എയര്‍ബേയ്‌സില്‍ പൈലറ്റുമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു; യഹൂദര്‍ യുദ്ധത്തിന്റെ പേരില്‍ ഭീഷണി മുഴക്കുകയാണ്. നമുക്ക് അവരോട് പറയാനുള്ളത് ‘അഹ് ലന്‍ വ സഹ് ലന്‍’ എന്നാണ്. അതായത് നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന്. അതിനിടയില്‍ ശീതകാല വൈരികളായ ഈജിപ്തും ജോര്‍ദാനും എല്ലാം മറന്ന് പ്രതിരോധ കരാറില്‍ ഒപ്പുവെച്ചപ്പോള്‍ യുദ്ധമടുത്തെത്തി എന്ന് ധരിച്ച ഇസ്രയേല്‍ ആക്രമണം തുടങ്ങുകയായിരുന്നു. ജൂണ്‍ അഞ്ചിന് ഈജിപ്തിന്റെ വ്യോമതാവളം ഒറ്റദിവസം കൊണ്ട് തകര്‍ത്തു. ഹുസൈന്‍ രാജാവിന്റെ ജോര്‍ദാന്‍ അന്നേദിവസം തന്നെ യുദ്ധത്തിന് തുടക്കമിട്ടെങ്കിലും ശക്തമായ ഇസ്രയേലി മുന്നേറ്റത്തെ തുടര്‍ന്നു രാജ്യത്തിന്റെ കിഴക്ക് ഭാഗത്തേക്ക് പിന്‍വാങ്ങി. സിറിയയില്‍ സംഭവിച്ചതും മറ്റൊന്നല്ല. ജൂണ്‍ 10 ആയപ്പോഴേക്കും ഈജിപ്തില്‍നിന്ന് സീനായി താഴ്വരയും ഗസ്സ മുനമ്പും ജൂതപ്പട്ടാളം പിടിച്ചെടുത്തു. ജോര്‍ദാനില്‍നിന്ന് വെസ്റ്റ്ബാങ്കും ജറുസലമും കൈക്കലാക്കി. സിറിയയില്‍നിന്ന് ഗോലാന്‍ കുന്നുകളും. ആറുദിവസത്തെ യുദ്ധം കൊണ്ട് പശ്ചിമേഷ്യയുടെ ഭൂപടം തന്നെ മാറ്റിമറിച്ചു. അറബ് ഐക്യവും അബ്ദുന്നാസറിന്റെ പാന്‍അറബ് സ്വപ്നങ്ങളുമെല്ലാം തകര്‍ന്നുതരിപ്പണമായി. ഇസ്രയേലിനെ വെല്ലുന്ന ഒരു ശക്തി മേഖലയിലില്ല എന്ന് മനസ്സിലാക്കിയ യാങ്കികള്‍ സയണിസ്റ്റ് രാഷ്ട്രത്തെ വിലപിടിപ്പുള്ള അസെറ്റായി കണ്ടുവെച്ചു. യു.എസ്.പട്ടാളം അങ്ങ് വിയറ്റ്‌നാമില്‍ പരാജയപ്പെട്ട ഒരു യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന കാലസന്ധിയിലാണ് ഇസ്രയേല്‍ അറബ് ലോകത്തിനുമേല്‍ ഇങ്ങനെയൊരു വിജയം നേടുന്നത്. ലോകസമ്മര്‍ദത്തെത്തുടര്‍ന്ന് അറബികളുമായി വെടിനിര്‍ത്തലിനു തയാറായെങ്കിലും യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്മേല്‍ കടിഞ്ഞാണ്‍ മുറുക്കി. ആദ്യമായി ഈസ്റ്റ് ജറൂസലം ഇസ്രയേലിന്റെ ഭാഗമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.സീനായില്‍നിന്നും ഗോലാന്‍കുന്നില്‍നിന്നും പിന്‍വലിയാമെന്ന് വാഗ്ദാനം ചെയ്തുവെങ്കിലും അറബ് രാഷ്ട്രങ്ങളുമായി സമാധാനകരാര്‍ ഒപ്പിടുന്നത് വരെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും സൈനിക സാന്നിധ്യം ഉണ്ടാവുമെന്ന് തറപ്പിച്ചുപറഞ്ഞു. 53വര്‍ഷം കഴിഞ്ഞിട്ടും അധിനിവേശം തുടരുകയാണ്. നാലുഭാഗത്തുനിന്നും ഫലസ്തീനികളെ വരിഞ്ഞുമുറുകെ ശ്വാസം മുട്ടിച്ചുകൊല്ലുകയാണ് സയണിസ്റ്റ് രാജ്യത്തിന്റെ ലക്ഷ്യം. അധിനിവേശഭൂമിയില്‍നിന്ന് ഒരിക്കലും അവര്‍ പിന്മാറാന്‍ തയാറല്ല. യുദ്ധാനന്തരം അന്നത്തെ പ്രതിരോധമന്ത്രി മോഷെദയാന്‍ പുരാതനനഗരത്തിലെ ‘പടിഞ്ഞാറന്‍ ഭിത്തിക്കു’ (Western Wall) അഭിമുഖമായി നിന്നുകൊണ്ട് ഒരു ശപഥം ചെയ്തു.’പുണ്യസ്ഥലങ്ങളിലേക്ക് നമ്മള്‍ തിരിച്ചുവന്നിരിക്കുന്നു. ഇനി ഒരിക്കലും ഇവിടെനിന്ന് ഒഴിഞ്ഞുപോകില്ല’. അധിനിവേശമണ്ണില്‍നിന്ന് ആയുധമുഷ്‌ക്ക് കൊണ്ടോ തീവ്രമാര്‍ഗം കൊണ്ടോ അല്ലാതെ ഒരിഞ്ച്ഭൂമിയില്‍നിന്നും ഇസ്രായേല്‍ പിന്‍വാങ്ങില്ലെന്ന് ലോകത്തിന്നറിയാം. ഗസ്സയില്‍നിന്നും പടിഞ്ഞാറെകരയില്‍നിന്നും ഇസ്രയേലി സൈന്യം പിന്മാറുകയും ഫലസ്തീനികള്‍ക്ക് അവരുടെ രാജ്യത്തിനുമേല്‍ പരമാധികാരം വകവെച്ചുകൊടുക്കുകയും ചെയ്താല്‍ ഇസ്രയേലിന് സമാധാനപൂര്‍വം ജീവിക്കാമെന്ന് ഫലസ്തീന്‍ നേതാക്കള്‍ പലവട്ടം ഓര്‍മപ്പെടുത്തിയിട്ടും സയണിസ്റ്റ് നേതൃത്വം അതിനു തയാറായില്ല. കരുത്ത്‌കൊണ്ടേ യഹൂദരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിയൂ എന്ന് മനസിലാക്കിയാണ് ഈജിപ്ഷ്യന്‍ പ്രസിഷണ്ട് അന്‍വര്‍ സാദാത്ത് 1973ല്‍ യൗം കിപ്പുര്‍ യുദ്ധത്തിലൂടെ ഇസ്രായേലിനെ ഞെട്ടിച്ചത്. രഹസ്യാന്വേഷണ പരാജയം തെല്‍അവീവ് ഭരണകൂടത്തിന് തിരിച്ചടി വാങ്ങിക്കൊടുത്തു. ഈജിപ്ത് അത്ര പെട്ടെന്ന് കീഴടങ്ങുന്ന സൈനിക ശക്തിയല്ല എന്ന് മനസിലാക്കിയാണ് അഞ്ചുവര്‍ഷത്തിന് ശേഷം കേമ്പ് ഡേവിഡ് കരാര്‍ ഒപ്പുവെക്കുന്നതും സീനായി മേഖലയില്‍നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങുന്നതും. 1987ല്‍ ഫലസ്തീനികള്‍ ഒന്നാം ഇന്‍തിഫാദയിലൂടെ ഉയര്‍ന്നെഴുന്നേറ്റ് ഇസ്രയേലിന്റെ ഉറക്കം കെടുത്തിയപ്പോഴാണ് പടിഞ്ഞാറെ കരയിലും ഗസ്സമുനമ്പിലും ഫലസ്തിനീയന്‍ അതോറിറ്റി രൂപീകരിക്കാന്‍ വഴിയൊരുക്കിയ 1990ലെ ഓസ്ലോ കരാര്‍ ഒപ്പുവെക്കുന്നത്. കരാറിലൊപ്പിട്ട യിഷാക് റാബിന്‍ 1995ല്‍ കൊല്ലപ്പെട്ടതോടെ ഓസ്ലോ കരാറിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഇസ്രയേല്‍ ക്രൂരനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. 2000-2005വരെ തുടര്‍ന്ന രണ്ടാം ഇന്‍തിഫാദ ഇസ്രയേലിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചപ്പോള്‍ ഗസ്സയില്‍നിന്ന് പട്ടാളത്തെയും കുടിയേറ്റക്കാരെയും പിന്‍വലിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഏരിയല്‍ ഷറോണ്‍ നിര്‍ബന്ധിതനാവുകയായിരുന്നു. യുദ്ധം കഴിഞ്ഞ് 53വര്‍ഷം പിന്നിടുമ്പോഴും സിറിയയില്‍നിന്ന് പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ വിട്ടുകൊടുത്തിട്ടില്ല. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരിയായി കണ്ടുവെച്ച കിഴക്കന്‍ജറൂസലമിനെ അമേരിക്ക ഇസ്രയേലിന്റെ തലസ്ഥാനമായി കാണുന്നു എന്ന് മാത്രമല്ല, യു.എസ് എംബസി അവിടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.ഗസ്സ മുനമ്പ് 20ലക്ഷം മനുഷ്യരെ തിക്കിനിറച്ച ലോകത്തെ ഏറ്റവും ഭയാനകമായ തുറന്ന ജയിലാണ് ഇന്ന്. വെസ്റ്റ് ബാങ്ക് എന്ന് ലോകമാധ്യമങ്ങള്‍ വിളിക്കുന്ന ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറെ കരയില്‍ ഓരോദിവസവും പുതിയ പുതിയ ജൂത കോളനികള്‍ പണിതുകൊണ്ടിരിക്കയാണ്. 1967ല്‍ അഞ്ച് ജുത കുടുംബങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്നത് ലക്ഷങ്ങളാണ്. നിയമവിരുദ്ധ കുടിയേറ്റത്തിന് നിയമപ്രാബല്യം കൊണ്ടുവരാനാണ് പ്രസിഡണ്ട് ട്രംപ് നൂറ്റാണ്ടിലെ ഇടപാടുമായി വന്നിരിക്കുന്നത്. കാശ് കൊടുത്ത് ഒരുരാജ്യത്തെ തന്നെ കൈക്കലാക്കാനുളള ഈ വൃത്തികെട്ട കളി പരാജയപ്പെടുത്താന്‍ ലോകം മുന്നോട്ടുവരില്ല എന്നുറപ്പാണെങ്കിലും അവസാനത്തെ ഫലസ്തീനിയും പൊരുതിത്തോല്‍പ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
പ്രതികരണത്തില്‍നിന്ന് വായിച്ചെടുക്കേണ്ടത്
ഇക്കഴിഞ്ഞ റമളാനില്‍ വേള്‍ഡ് ജുവിഷ് കോണ്‍ഗ്രസ് (World Jewish Congress ) പ്രസിഡണ്ട് റൊണാള്‍ഡ് എസ്. ലൗഡറര്‍ എഴുതിയ ഒരു കുറിപ്പ് ‘അറബ്‌ന്യുസ്’ പത്രത്തില്‍ വായിക്കാനിടയായി. മുസ്ലിം രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ നല്ല മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം ആഹ്‌ളാദം പങ്കിടുന്നത്. ” A revolution is taking place in the Arab world that is quietly moving the Middle East’s tectonic plates in ways no one ever thought possible. The old broadside attacks against Israelis by almost all Arab countries have quietly dissipated and the evidence is as clear as the nightly television entertainment shows that people are watching.” സാധ്യമാകുമെന്ന് ഇതുവരെ ആരം പ്രതീക്ഷിക്കാത്ത വഴിയില്‍ അറബ് ലോകത്ത് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നും ഇസ്രയേലികള്‍ക്കെതിരായ വൈരം ബാഷ്പീകരിച്ചുപോയതായി അനുഭവപ്പെടുന്നുവെന്നുമാണ് അദ്ദേഹം എഴുതുന്നത്. യഹൂദ നേതാവിനെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച സംഭവങ്ങളിലൊന്ന് റമളാനില്‍ സൗദിയുടെ എംബിഎസ് സാറ്റലൈറ്റ് നെറ്റ് വര്‍ക്കില്‍ പ്രക്ഷേപണം ചെയ്ത ‘ഉമ്മു ഹാറൂണ്‍’ എന്ന സീരിയലാണത്രെ. മുസ്ലിംകളും ക്രിസ്ത്യാനികളും യഹൂദരും 1940കളില്‍ സ്‌നേഹസൗഭ്രാത്രത്തോടെ ജീവിച്ചുപോന്ന ബഹറൈന്‍ കുടുംബത്തിന്റെ ഗൃഹാതുരതയിലേക്കാണ് സീരിയല്‍ ദൃഷ്ടാക്കളെ തിരിച്ചുകൊണ്ടുപോവുന്നത്. ഈ സീരിയല്‍പ്രക്ഷേപണം പോലും സൗദി കിരീടവകാശി മുഹമ്മദ് സല്‍മാന്‍ കൊണ്ടുവന്ന മാറ്റത്തിന്റെ ലക്ഷണമാണെന്നും സയണിസ്റ്റ് ആശ്രിതത്വമാണ് രാജകുമാരനെ കൊണ്ട് ഇത് ചെയ്യിക്കുന്നതെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? പടിഞ്ഞാറെ കരയില്‍നിന്ന് മുസ്ലിംകളെ മുഴുവന്‍ കാശ് കൊടുത്ത് ഓടിക്കാനും അതുവഴി വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കാനുമുള്ള ഒരു ശ്രമം ആഗോളതലത്തില്‍ ആസൂത്രണം ചെയ്യുമ്പോള്‍ മതമൈത്രിയുടെ കഥ പറയുന്ന ജൂത കോണ്‍ഗ്രസ് നേതാവിനെ ആരാണ് ഗൗരവത്തിലെടുക്കുക. ആരെയാണ് അദ്ദേഹം വിഡ്ഡികളാക്കാന്‍ ശ്രമിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസ്, ട്രംപ് അവതരിപ്പിച്ച നൂറ്റാണ്ടിന്റെ ഇടപാടിനെ നൂറ്റാണ്ടിലെ തമാശ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിഷയത്തില്‍ ഫോണില്‍ ട്രംപുമായി സംസാരിക്കാന്‍ പോലും താന്‍ തയാറല്ലെന്നും അങ്ങനെ സംസാരിച്ചുപോയാല്‍ താനുമായി ആശയവിനിമയം നടത്തിട്ടുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ഇടയാക്കുമെന്നും മഹ്മൂദ് അബ്ബാസ് വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ട്രംപിന്റെ നീക്കം രാഷ്ട്രാന്തരീയ നിയമങ്ങളുടെ ലംഘനമാണെന്നും ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുകയേയുള്ളുവെന്നും മുന്‍ യു.എസ് പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍ താക്കീത് നല്‍കുകയുണ്ടായി.
മൂന്നുവര്‍ഷം മുമ്പ് ഫലസ്തീന്‍ പ്രശ്‌നവും ഇസ്രയേലിന്റെ ആജന്മ സ്വഭാവവും വിശകലനം ചെയ്തുകൊണ്ട്, നതന്‍ ത്രാള്‍ ( Nathan Thrall) എഴുതിയ ഒരു പുസ്തകം പുറത്തുവരുകയുണ്ടായി; ‘The only Language They understand: Forcing Compromise in Israel and Palastine ‘ എന്ന ശീര്‍ഷകത്തില്‍. നിര്‍ബന്ധിച്ച് ചെയ്യിക്കുകയല്ലാതെ ഇസ്രയേല്‍ വഴങ്ങില്ല എന്ന് അനുഭവങ്ങള്‍ നിരത്തി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒന്നുകില്‍ അമേരിക്ക നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ ശക്തിയോ മെയ്ക്കരുത്തോ കാട്ടി പേടിപ്പിക്കണം. മിക്കവാറും മറ്റൊരു ഇന്‍തിഫാദയിലായിരിക്കും ട്രംപിന്റെ ഇടപാട് കലാശിക്കാന്‍പോകുന്നത്.
Kasim Irikkoor
You must be logged in to post a comment Login