കൊവിഡ് നമ്മുടെ പരിസ്ഥിതി സങ്കല്‍പങ്ങളെ മാറ്റിമറിക്കുമോ?

കൊവിഡ് നമ്മുടെ പരിസ്ഥിതി സങ്കല്‍പങ്ങളെ മാറ്റിമറിക്കുമോ?

വെള്ള പുതച്ചു മാത്രം കണ്ടിരുന്ന ഹിമാലയന്‍ മലനിരകള്‍ മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായി പഞ്ചാബിലെ ജലന്തര്‍ നിവാസികള്‍ക്ക് കണ്‍നിറയെ കാണാന്‍ പറ്റി. മലനിരയെ മൂടിയിരുന്ന വെള്ളപ്പുക ഇല്ലാതായ ശുഭവാര്‍ത്ത അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ദേശീയ ലോക്ഡൗണ്‍ കാരണം ഫാക്ടറികള്‍ തുറക്കാതായതോടെ അന്തരീക്ഷത്തിലെ മലിനമറ നീങ്ങിപ്പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹിമാലയത്തിലെ ധൗലധര്‍ റേഞ്ചിന്റെ നീണ്ടനിര പ്രദേശവാസികള്‍ക്ക് കാണാനായി. റോഡ് മാര്‍ഗം ജലന്തറില്‍നിന്ന് 213 കിലോമീറ്റര്‍ അകലെയുള്ള ഹിമാചലിലെ ഈ പര്‍വതനിര പതിറ്റാണ്ടുകള്‍ക്ക് ശേഷം ദൃശ്യമായ സന്തോഷത്തില്‍ ജനങ്ങള്‍ വീടിനുമുകളില്‍കയറി മതിവരുവോളം ചിത്രങ്ങള്‍ പകര്‍ത്തിയത്രേ.
വ്യവസായശാലകള്‍ ധാരാളമുള്ള ജലന്തറില്‍ അവയ്‌ക്കെല്ലാം പൂട്ടുവീണപ്പോള്‍, വാഹനങ്ങള്‍ നിരത്തിലിറങ്ങാതായപ്പോള്‍, തെരുവില്‍ പൊടിപടലങ്ങള്‍ ഇല്ലാതായപ്പോള്‍ അന്തരീക്ഷം തെളിയുകയും വായു ശുദ്ധമാവുകയും ചെയ്തതാണ് കാരണം. അന്നാട്ടിലെ മുതിര്‍ന്നവര്‍ക്ക് ഇതൊരു പുതിയ കാഴ്ചയായിരുന്നില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കപ്പുറം അവരുടെ പതിവു ദൃശ്യമായിരുന്നു ഇത്. മനുഷ്യന്റെ കൈകടത്തലുകള്‍ എങ്ങനെയാണ് ഭൂമിയുടെ താളം തെറ്റിക്കുന്നതെന്നും, ലക്കു തെറ്റിയ മനുഷ്യന്റെ താത്കാലിക പിന്മാറ്റം പോലും ഭൂമിയെ എത്രമേല്‍ മനോഹരിയാ ക്കുമെന്നും മനസ്സിലാക്കാന്‍ ജലന്തര്‍ അനുഭവം തന്നെ ധാരാളം.
രാജ്യമൊട്ടാകെയുള്ള ഒരുപാട് നദികള്‍ ഇപ്പോള്‍ തെളിഞ്ഞൊഴുകുകയാണ്. ലോക്ഡൗണ്‍ കാലയളവില്‍, മാലിന്യപ്പുകയില്‍ മൂടിയ ഡല്‍ഹിയിലടക്കം വായുമലിനീകരണം നന്നേ കുറഞ്ഞു. തെരുവുകളിലെ ജന, വാഹനാധിക്യം കൊണ്ട് അപ്രത്യക്ഷമായിരുന്ന പക്ഷികളും ചെറുജീവികളും, ജലമലിനീകരണം നിമിത്തം വേരറ്റുപോവാനിരുന്ന ജലജീവികളും ഇപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുകയാണ്. ഭൂമിക്കും ഭൂമിയുടെ അവകാശികള്‍കൂടിയായ ഇതര ജീവജാലങ്ങള്‍ക്കുമിടയില്‍ മനുഷ്യനുണ്ടാക്കിയ ശ്വാസംമുട്ട് ഒന്നയഞ്ഞപ്പോഴേക്കും സുന്ദരിയായി ഈ ഭൂമി മാറി. ഭൂമിക്കുണ്ടായ ഈ മാറ്റം എല്ലാവരും കണ്ടതാണ്. കൊവിഡിനും ലോക്ഡൗണിനും ഉള്ളില്‍ ജീവിക്കുന്ന മനുഷ്യര്‍ ഇനിയെങ്കിലും മാറിച്ചിന്തിക്കുമോ?
കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതാണെന്നാണ് പ്രാഥമികമായി ഇപ്പോഴും അനുമാനിക്കപ്പെടുന്നത്. വന്യമൃഗങ്ങളോട് ഇടപെടുന്ന കാര്യത്തില്‍, അവയെ കൊന്നുതിന്നുന്ന കാര്യത്തില്‍ മനുഷ്യരെത്രത്തോളം ജാഗ്രത പാലിക്കണമെന്നും പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും ഇടപെടുമ്പോള്‍ എത്രകണ്ട് സൗമ്യത വേണമെന്നും വിലയിരുത്തേണ്ടതും ഇപ്പോള്‍ തന്നെയാണ്. കണ്ണും പൂട്ടിയുള്ള മനുഷ്യക്കുതിപ്പിന്റെ ഇരയാണ് രോഗങ്ങളുടെ പിടിയിലമര്‍ന്നു പോയ ഈ ലോകം.

കൊവിഡ് 19നെ തുടര്‍ന്ന് ജീവിത ചിട്ടകള്‍ മാറി. മനുഷ്യന്‍ സ്വയം നിയന്ത്രിതനായി. സാമ്പത്തിക അച്ചടക്കം കൈവന്നു. പ്രകൃതിയെയും അതിലെ വിഭവങ്ങളെയും ഗുണപരമായി വിനിയോഗിക്കാന്‍ നിര്‍ബന്ധിതരായി. വിഭവങ്ങള്‍ അനാവശ്യമായി വിനിയോഗിക്കാതിരിക്കാനും തന്നാലാവുന്നത് ഉത്പാദിപ്പിക്കാനും ഇക്കാലം നിദാനമായെന്നത് സന്തോഷകരം തന്നെ.
മൂന്നുതരത്തിലുള്ള പാരിസ്ഥിതിക ആലോചനകളിലേക്കാണ് കൊവിഡ്-19 നമ്മെ എത്തിക്കുന്നത്.
ഒന്ന്, പരിസ്ഥിതിയിലെ മനുഷ്യന്റെ ഇടപെടല്‍ ഇത്തരം സാംക്രമിക രോഗങ്ങള്‍ക്ക് വഴിവെക്കുമെന്നതും അതിലെങ്ങനെയെല്ലാം മാറ്റങ്ങള്‍ വരുത്താമെന്നതും. രണ്ടാമത്തേത്, ഇടപെടലുകളില്‍നിന്നുള്ള താത്കാലിക പിന്മാറ്റം പോലും മലിനീകരിക്കപ്പെട്ട പരിസ്ഥിതിയെ ശോഭനമായ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുന്നുവെന്ന പാഠം. പ്രകൃതിയെ സംരക്ഷിക്കാന്‍ വേണമെങ്കില്‍ വരുംകാലത്തും ഇത്തരം താത്കാലിക പാരിസ്ഥിതിക അടിയന്തരാവസ്ഥകള്‍ അജണ്ടയായി നടപ്പിലാക്കാം എന്നുള്ള സാധ്യതയിലേക്ക് വരെ പുതിയ ലോകാവസ്ഥ നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള പ്രകൃതി വിഭവങ്ങള്‍ പ്രകൃതിക്ക് ആഘാതമേല്‍പിക്കാതെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നതും ചെലവു കുറഞ്ഞ, പരിസ്ഥിതി സൗഹൃദ ജീവിതം എങ്ങനെയെല്ലാം സാധ്യമാക്കാം എന്നതുമാണ് മൂന്നാമത്തേത്. പ്രകൃതിയുടെ സ്വസ്ഥമായ നിലനില്‍പാണ് മനുഷ്യന്റെ ആരോഗ്യപരമായ ജീവിതത്തിനാധാരം. ഇത് തിരിച്ചറിയുന്നിടത്തോളം ഇത്തരം ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രസക്തിയുണ്ട്. പ്രകൃതിയും പച്ചപ്പും വിഭവങ്ങളും സംരക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒരു ദര്‍ശനമെന്ന നിലയില്‍ ഈ ആലോചനകളില്‍ ഇസ്ലാമിന്റെ പങ്കും വിശ്വാസിയുടെ ധര്‍മവും വളരെ വലുതാണ്.

പരിസ്ഥിതിയും രോഗ സാധ്യതയും
ലോകത്ത് ആദ്യമായുണ്ടാകുന്ന സാംക്രമിക രോഗമല്ല കൊവിഡ് 19. ഇത് അവസാനത്തേതും ആയിരിക്കില്ല. ഓരോ വര്‍ഷവും ഒരു പുത്തന്‍ സാംക്രമിക രോഗംതലപൊക്കുമെന്നാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന എപിഡെമിയോളജിസ്റ്റുകള്‍ പ്രവചിക്കുന്നത്. പ്രധാനമായും മൂന്ന് രൂപത്തിലാണ് പരിസ്ഥിതിയിലെ താളപ്പിഴകള്‍ പുതിയ രോഗങ്ങളായിത്തീരുന്നതും മനുഷ്യരിലേക്ക് പടരുന്നതും.

1. ജന്തുജന്യരോഗങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തിലെ വന്യജീവി വ്യാപാര കേന്ദ്രത്തില്‍നിന്നാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നാണ് ലോകാരോഗ്യ സംഘടന അടക്കമുള്ളവരുടെ ഇപ്പോഴുള്ള നിഗമനം. മനുഷ്യരും വന്യമൃഗങ്ങളും വേണ്ടാത്ത ഇടപെടലുകളുണ്ടാവുന്നിടത്ത് മനുഷ്യരിലേക്ക് വൈറസുകള്‍ എത്താനുള്ള സാധ്യതയേറെയാണെന്നാണ് പഠനങ്ങളും അനുഭവങ്ങളും ബോധ്യപ്പെടുത്തുന്നത്. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥകളിലേക്ക് മനുഷ്യര്‍ ചേക്കേറുന്നതും ഔഷധാവശ്യങ്ങള്‍ക്കും, വളര്‍ത്താന്‍ വേണ്ടിയും ഇറച്ചിക്കായും അവയെ വേട്ടയാടുന്നതും തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങളെ പുതിയതായി താമസിപ്പിക്കാന്‍ തുടങ്ങുന്നതുമെല്ലാം രോഗവ്യാപനത്തിന്റെ സാധ്യതയേറ്റുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ആഫ്രിക്കയില്‍ കാണപ്പെട്ട എബോള, അമേരിക്കയില്‍ ചെള്ളുകളിലൂടെ സംക്രമിക്കുന്ന ലിം രോഗം, വെസ്റ്റ് നൈല്‍ രോഗാണു, സിക തുടങ്ങിയ സാംക്രമിക രോഗങ്ങളെല്ലാം ഉണ്ടായത് വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സമ്പര്‍ക്കത്തില്‍വന്ന പിശകുകൊണ്ടാണ്.

കാട്ടില്‍ചെന്ന് ചിമ്പാന്‍സികളെ കൊന്നുകൊണ്ടുവന്ന ആളുകളിലാണ് ആഫ്രിക്കയില്‍ എബോള രോഗമുണ്ടായത്. അവരില്‍നിന്നാണ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത്. രോഗബാധയേറ്റ അമ്പത് ശതമാനവും മരിക്കാനിടയുള്ള ഈ രോഗം നിയന്ത്രണ വിധേയമാണെങ്കിലും പൂര്‍വാധികം ശക്തിയോടെ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ 35 ദശലക്ഷത്തോളം പേരെ ബാധിച്ചിട്ടുള്ള എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി വൈറസ് ചിമ്പാന്‍സികളില്‍നിന്ന് തന്നെയാണ് മനുഷ്യരിലേക്ക് പകര്‍ന്നത്.1920ല്‍ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എച്ച്‌ഐവി ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് ഇന്നേറെക്കുറെ നിയന്ത്രണവിധേയമായ ഈ രോഗം 2030 ആവുന്നതോടെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ യു എന്നിന്റെ സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് ഗോള്‍ ലക്ഷ്യമിടുന്നുണ്ട്.

2018ല്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ട നിപ വൈറസ് പഴംതീനി വവ്വാലുകളില്‍ന്നാണ് വന്നത്. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ ജൈവവൈവിധ്യ ശാസ്ത്രജ്ഞയായ കെയ്റ്റ് ജോണ്‍സിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം 2008ല്‍ നടത്തിയ പഠനത്തില്‍ 1960 – 2004 കാലഘട്ടത്തില്‍ ലോകത്തുണ്ടായ 335 പുതിയ രോഗങ്ങളില്‍ അറുപത് ശതമാനവും മൃഗങ്ങളില്‍നിന്നാണെന്ന് കണ്ടെത്തുകയുണ്ടായി. ആധുനിക കാലത്തുണ്ടാവുന്ന പുതിയ രോഗങ്ങളില്‍ ഇത് അറുപത് ശതമാനത്തിനും മുകളില്‍ വരും.

പാരിസ്ഥിതിക തകര്‍ച്ചമൂലം ജീവികള്‍ മനുഷ്യരുടെ വാസസ്ഥലങ്ങളിലേക്ക് ചേക്കേറിയതും മൃഗങ്ങളുടെയും മറ്റും ആവാസവ്യവസ്ഥയായ കാടുകളും വനപ്രദേശങ്ങളും മനുഷ്യര്‍ കയ്യേറിയതും ഇത്തരം രോഗാണുക്കള്‍ മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യതയേറ്റുന്നുണ്ട്. വന്യജീവികളാണ് രോഗം പടര്‍ത്തുന്നതെന്ന വിവരം അറിയുമ്പോഴുള്ള നമ്മുടെ സമീപനങ്ങള്‍ ഫലപ്രാപ്തിക്ക് തടസ്സം നില്‍ക്കുന്നുണ്ടെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. നിപ ഭീതി നിലനിന്ന കാലത്ത് വവ്വാലുകള്‍ ചേക്കേറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചിരുന്നു. ഇത് കാരണം മനുഷ്യവാസമുള്ള മറ്റുസ്ഥലങ്ങളിലേക്ക് വവ്വാലുകള്‍ വ്യാപിക്കാനാണ് ഇടയാക്കുക.

പുതിയ പുതിയ വന്യജീവികളെ ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുന്നതില്‍ മാറ്റം വരുത്തിയും ജീവികളുടെ ആവാസവ്യവസ്ഥകളെ നശിപ്പിക്കാതിരുന്നും മൃഗങ്ങളും മനുഷ്യര്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചും ഇത്തരം രോഗസാധ്യതകളെ ഒരുപരിധിവരെ നമുക്ക് തടയാനാവും.
ജീവികളെ കൊന്നുതിന്നുന്ന കാര്യത്തില്‍ വളരെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതാണ് ഇസ്ലാം. ഇസ്ലാം അനുവര്‍ത്തിക്കാത്തവര്‍ക്കു പോലും ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനാകും. ഭൂമുഖത്തുള്ള ഏതെല്ലാം ജീവികള്‍ ഭക്ഷ്യയോഗ്യമാണെന്നും ഏതെല്ലാം അയോഗ്യമാണെന്നും ഇസ്ലാമിക സംഹിതകളില്‍ കാണാം. ഭക്ഷ്യയോഗ്യമായ മൃഗങ്ങളെ തന്നെ ശരിയായ വിധം കശാപ്പുചെയ്താലേ ഉപയോഗിക്കാനാവൂ. കശാപ്പു ശരിയല്ലെങ്കില്‍ അത് ഉപയോഗിക്കാന്‍ അയോഗ്യമാകും. ഇസ്ലാമിന്റെ ആശയ പ്രതിയോഗികള്‍ക്ക് പോലും പിന്തുടരാനുള്ള സുതാര്യത ഈ നിയമങ്ങള്‍ക്കുണ്ട്. ജീവജാല ശരീരങ്ങളിലെ രോഗവാഹക സൂക്ഷ്മജീവികള്‍ മനുഷ്യ ശരീരത്തിലെത്തുന്നത് തടയാന്‍ ഈ നിയമങ്ങള്‍ പ്രാപ്തമാണ്. രുചിയല്ല, ഉപയോഗത്തിന്റെ മാനദണ്ഡം. പ്രപഞ്ച പരിപാലകനും സ്രഷ്ടാവുമായവന്റെ തീര്‍പ്പാണ് ഇക്കാര്യത്തില്‍ അംഗീകൃതം.മനുഷ്യനെന്തു തിന്നാലും ദൈവത്തിന് നഷ്ടം വരാനില്ല. തിന്നില്ലെങ്കിലുമില്ല.

എന്നാല്‍ മനുഷ്യന് ഇതിലൊക്കെ ലാഭഛേതങ്ങളുണ്ട്. മനുഷ്യാരംഭം മുതല്‍ തുടങ്ങിയ പ്രവാചക ശൃംഖലകളെ പിന്തുടരുകയാണ് മനുഷ്യന് ഇക്കാര്യത്തില്‍ കരണീയം. ആരോഗ്യവും ജീവിക്കുന്ന ലോകവും നിലനിര്‍ത്താന്‍ ഈ നിയമങ്ങള്‍ അനിവാര്യമാണ്. മനുഷ്യര്‍ ഇവ അനുവര്‍ത്തിക്കണമെന്ന് ഇസ്ലാമിന് ശാഠ്യമില്ല.എന്നാല്‍ മനുഷ്യന് ഇവയില്ലെങ്കില്‍ ശുഭജീവിതം അസാധ്യമാകും.
സ്രഷ്ടാവായ അല്ലാഹുവിനെ സംബന്ധിച്ച് മനുഷ്യര്‍ക്കു സമാനമായ സമൂഹങ്ങളാണ് ഇതര ജീവജാലങ്ങളും. ‘ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ടു ചിറകില്‍ പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലുള്ള സമൂഹങ്ങളാകുന്നു ‘ എന്ന് അന്‍ആം എന്ന ഖുര്‍ആന്‍ അധ്യായത്തിലുണ്ട്. മനുഷ്യര്‍ക്കൊപ്പം ഇണങ്ങി ജീവിക്കുന്ന ജീവികളോട് കാരുണ്യത്തില്‍ പെരുമാറിയും മറ്റുള്ളവയെ അക്രമിക്കാതിരുന്നും ആവാസവ്യവസ്ഥയെ നശിപ്പിക്കാതിരുന്നും ഇസ്ലാമിനെ ആര്‍ക്കും പിന്തുടരാവുന്നതാണ്. അത് പ്രപഞ്ചത്തിന്റെ താളമാണ്.

2. മലിനീകരണം വഴിയുള്ള രോഗങ്ങള്‍
വായുമലിനീകരണം, ജലമലിനീകരണം, പരിസര മലിനീകരണം എന്നിവയെല്ലാം രോഗസാധ്യത കൂട്ടുന്നതാണ്. മലിനീകരണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് രോഗസാധ്യതയേറുകയും ചെയ്യും. മലിനീകരിക്കപ്പെട്ട അന്തരീക്ഷവും ജലവും പ്രതിരോധ ശേഷി തകര്‍ക്കും. നിസ്സാര വൈറസുകള്‍ക്ക് പോലും അക്രമിക്കാന്‍ കഴിയുന്ന വിധം മനുഷ്യശരീരം ദുര്‍ബലമാക്കും. അകാല മരണങ്ങളുടെ ഒരു പ്രധാനകാരണം മലിനീകരണമാണെന്ന് ഗ്ലോബല്‍ അലയന്‍സ് ഓണ്‍ ഹെല്‍ത്ത് ആന്റ് പൊലൂഷന്റെ(GAHP) 2019ലെ കണ്ടെത്തലുണ്ട്. പതിനഞ്ച് ശതമാനം അകാലമരണങ്ങളും ഇങ്ങനെ സംഭവിക്കുന്നതാണത്രെ. 2003ല്‍ സാര്‍സ് വിനാശം വിതച്ച ചൈനയില്‍ മലിനീകരണം കുറഞ്ഞ പ്രദേശത്തുള്ളവരെക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ മലിനപ്രദേശങ്ങളില്‍ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു.
മലേറിയ പോലുള്ള ജലജന്യരോഗങ്ങളെ പൂര്‍ണമായും നമുക്ക് തുരത്താനാവാത്തത് ജലസമ്പത്തിന്റെ വലിയ തോതും കെട്ടുപോയതുകൊണ്ടുതന്നെയാണ്. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ നോക്കുക; മലിനീകരണം വഴിയുള്ള രോഗങ്ങള്‍ വര്‍ഷം തോറും ഭൂമിയില്‍ 400 കോടിയോളം ജനങ്ങളെ ബാധിക്കുന്നുണ്ട്. ശരാശരി 2.2 ദശലക്ഷം മരണങ്ങള്‍ അക്കാരണത്താല്‍ മാത്രം ഭൂമിയില്‍ വിതയ്ക്കപ്പെടുന്നുണ്ട്.

വായു മലിനീകരണമാണ് മറ്റൊരു രോഗഹേതു. ലോകത്തിലെ എല്ലാ മഹാനഗരങ്ങളിലെയും അന്തരീക്ഷം വലിയ തോതില്‍ മലിനമായിരിക്കുകയാണ്. 90 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്. വായുമലിനീകരണം മൂലമുണ്ടാകുന്ന വിവിധ രോഗങ്ങള്‍ വികസിത രാജ്യങ്ങളില്‍ വര്‍ഷം തോറും 7 ദശലക്ഷത്തോളം ജനങ്ങളെ കൊന്നൊടുക്കുന്നുവെന്ന് അമേരിക്കന്‍ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തക ബെത്ത് ഗാര്‍ഡ്‌നര്‍ ‘Choked; Life and breath in the age of air pollution ‘എന്ന പുസ്തകത്തില്‍ പറയുന്നു. വായുമലിനീകരണത്തിനിരയായവരിലും പുകവലിക്കാരിലും കൊവിഡ് അപകടസാധ്യത കൂടുതലാണ് എന്ന് ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ കാലാവസ്ഥ, ആരോഗ്യ, ആഗോള പരിസ്ഥിതി വിഭാഗം തലവന്‍ ആരോണ്‍ ബര്‍ണസ്റ്റെനെ വാഷിങ്ടണ്‍ പോസ്റ്റ് ഉദ്ധരിക്കുന്നു.

പരിസര മലിനീകരണവും സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്നു. ചേരി പ്രദേശങ്ങളിലെല്ലാം രോഗ വ്യാപനം കൂടുന്നതിന്റെ പ്രധാന കാരണമിതാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമെല്ലാം ഒരേ പ്രാധാന്യത്തോടെ കണ്ടാല്‍ മാത്രമേ ഇവയെ പിടിച്ചുകെട്ടാനാവൂ.

വൃത്തി പുണ്യമാണ്, ആരാധനയാണ്. ഇസ്ലാം, വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയായാണ് വൃത്തിയെ കാണുന്നത്. ‘വൃത്തി വിശ്വാസത്തിന്റെ പാതിയാണ്’ – പ്രവാചക വചനം ലോകം ഇപ്പോള്‍ കൂടുതലായി ഓര്‍ക്കുന്നു. സ്വശരീരവും പൊതുസ്ഥലവും അന്തരീക്ഷവും ജലാശയവും പരിസരവുമെല്ലാം വൃത്തിയായിരിക്കേണ്ടതുണ്ട്. ജലസ്രോതസുകളില്‍ വിസര്‍ജിക്കരുത് എന്ന സന്ദേശമുണ്ട് പ്രവാചകന്. ഇത് മുസ്ലിംകള്‍ക്ക് മാത്രമുള്ള സന്ദേശമല്ല, ലോകത്തിനുള്ളതാണ്. ശാപപ്രവൃത്തിയായാണ് പ്രവാചകന്‍ ഇത് വിലയിരുത്തുന്നത്.
അവ നീക്കം ചെയ്യല്‍ പുണ്യ പ്രവൃത്തിയാണെന്നും പ്രവാചകന്റെ സുവിശേഷമുണ്ട്.

3.കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷ താപനിലയിലെ വര്‍ധനവും
കാലാവസ്ഥാ വ്യതിയാനം പകര്‍ച്ചവ്യാധികളുടെ സംക്രമണ രീതികളില്‍ മാറ്റം വരുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഗോള താപനിലയില്‍ ഏകദേശം ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയരുന്നത്, ചില ജീവിവര്‍ഗങ്ങളുടെ ജനിതക ഘടന, സ്വഭാവം, നിലനില്‍പ്പ് എന്നിവയില്‍ മാറ്റം വരുത്തുമത്രേ. ബാക്ടീരിയകള്‍, വൈറസുകള്‍ പോലുള്ള രോഗവാഹക ജീവികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാനും അവയുടെ ഭൗമതല വിന്യാസം വര്‍ധിക്കാനുമുള്ള സാഹചര്യവും ആഗോള താപനം വഴിവെക്കുന്നുണ്ട്. താപവര്‍ധന കൊതുകുകള്‍ വഴി സംക്രമണം ചെയ്യപ്പെടുന്ന വിവിധ രോഗങ്ങള്‍ ലോകജനതയുടെ അമ്പത് ശതമാനത്തിലേക്ക് വരെ വ്യാപിക്കാമെന്ന് പഠനങ്ങള്‍ കാണുന്നു. വനനശീകരണം വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതിനും അതുവഴി പുതിയ വൈറസുകള്‍ മനുഷ്യര്‍ക്കിടയില്‍ വ്യാപിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.
അനാവശ്യമായി മരങ്ങള്‍ നശിപ്പിക്കുന്നതും മനുഷ്യന്റെ വിവിധ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കുറയുന്നതുമൊക്കെയാണ് അന്തരീക്ഷ താപനില വര്‍ധിക്കാന്‍ കാരണം. ജീവജാലങ്ങള്‍ക്കും ഭൂമിക്കും തണലും കുളിര്‍മയും നല്‍കുന്ന വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കുന്നത് വിലക്കുന്നുണ്ട് ഇസ്ലാം. ഇതും ശുഭ ലോകാവസ്ഥക്കായുള്ള നിയമമാണ്.മരങ്ങള്‍ അന്യായമായി മുറിക്കുന്നവരെ നരകത്തില്‍ തലകുത്തിനിര്‍ത്തുമെന്ന പ്രവാചകന്റെ താക്കീത് ഇപ്പോഴാണ് ലോകം അറിയേണ്ടത്. മുസ്ലിം ജനസംഖ്യാ വര്‍ധനവിനല്ല, ലോകം എല്ലാവര്‍ക്കുമായി നിലനിര്‍ത്താന്‍ മാത്രം. മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കുന്ന കാര്യങ്ങള്‍ പ്രവാചകനെ നോക്കുന്ന നേര്‍വിശ്വാസിയില്‍ നിന്നുണ്ടാവില്ല. മലിനാന്തരീക്ഷമുണ്ടാക്കുന്ന വ്യാവസായികാന്തരീക്ഷത്തിന് ബദല്‍ വഴി തേടണം.

(അവസാനിക്കുന്നില്ല)

മുബശ്ശിര്‍ മുഹമ്മദ്

You must be logged in to post a comment Login