തിരുവനന്തപുരം സ്വദേശിയായ പത്താം ക്ലാസുകാരി സിജി ഫ്രാന്‍സിസ് തന്റെ ഇക്കൊല്ലത്തെ അധ്യയനവര്‍ഷം ആരംഭിച്ചത് ഒരുകൂട്ടം ആശങ്കകള്‍ക്ക് നടുവിലാണ്. ഈ മാസം മുതലാരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ അപഗ്രഥിക്കാന്‍ തന്നെപ്പോലെ മലയാളം മീഡിയം പഠിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് സിജിയുടെ അഭിപ്രായം. ഇംഗ്ലീഷ്, ഹിന്ദി പോലുള്ള ഭാഷാവിഷയങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ലഭിക്കുന്ന ക്ലാസുകളില്‍ നിന്ന് മനസ്സിലാവുന്നില്ലെന്നത് ഉള്‍പ്പെടെ ഗൗരവതരമായ പരാതികള്‍ ഈ വിദ്യാര്‍ഥിക്ക് പറയാനുണ്ട്. പത്താംക്ലാസും എസ് എസ് എല്‍ സി പരീക്ഷയും ഗൗരവത്തോടെ പരിഗണിക്കുന്ന കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി ഇക്കൊല്ലം പത്താംക്ലാസിലേക്ക് പ്രവേശിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതിനിധിയാണ് സിജിയും. കൊവിഡ്-19 ന്റെ വരവോടെ അടിതെറ്റിപ്പോയ നിരവധി മേഖലകളില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വിദ്യാഭ്യാസ മേഖല. ഭാവിയുടെ സാങ്കേതികവിദ്യ എന്ന സങ്കല്പമാക്കി മാത്രം പലരും ഇതുവരെ മാറ്റിനിര്‍ത്തിയിരുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത വിദ്യാഭ്യാസം നടപ്പില്‍ വരുത്താന്‍ ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം പൗരന്റെ അവകാശമാക്കിയ ഇന്ത്യയില്‍ പുതുതായി നടപ്പിലാക്കിയ/ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പഠന പരിഷ്‌കാരങ്ങള്‍ ജനസംഖ്യയുടെ നല്ലൊരു ശതമാനം സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ ഗേറ്റിന് പുറത്ത് നിര്‍ത്തുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൊവിഡ് മൂലം സ്‌കൂളുകള്‍ അടച്ചതോടെ പ്രതിസന്ധിയിലായിപ്പോയ 1.26 ബില്ല്യണ്‍ കുട്ടികള്‍ ലോകമെമ്പാടുമായി ഉണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക സംഘടനയായ യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം 32 കോടിയാണ്. ഇന്ത്യയിലാദ്യമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24 മുതല്‍ വീട്ടില്‍ തന്നെ ഇരിക്കേണ്ടിവന്ന കുട്ടികളില്‍ പലരും ഈ മാസമാദ്യം മുതലാണ് വീട്ടിലിരുന്ന് പഠിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് രീതികളിലേക്ക് ഭാഗികമായെങ്കിലും മാറിത്തുടങ്ങിയത്. സമ്പൂര്‍ണ സാക്ഷരതയ്ക്ക് പേരുകേട്ട കേരളത്തിലെ സര്‍ക്കാരും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മുന്‍പിലേക്ക് കുട്ടികളെ പിടിച്ചിരുത്താന്‍ ഒട്ടും വൈകിയില്ല. എല്ലാ വര്‍ഷവും പുതിയ അധ്യന വര്‍ഷത്തിനായി സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ ഒന്നാം തിയതി തന്നെ ഇക്കൊല്ലത്തെ അധ്യയനവര്‍ഷവും തുടങ്ങി. പക്ഷേ മധുരവും പാട്ടും മഴയുമായി എത്താറുള്ള സാധാരണ പ്രവേശനോത്സവത്തിന് പകരം ഇക്കൊല്ലം കുട്ടികള്‍ ടെലിവിഷനും കംപ്യൂട്ടര്‍-സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകള്‍ക്കും മുന്‍പിലേക്കാണ് എത്തിയതെന്ന് മാത്രം.
ലോകത്തെവിടെയും വിജ്ഞാനം വിരല്‍ത്തുമ്പില്‍
കൊവിഡിനും ലോക്ഡൗണിനും മുന്‍പേ തന്നെ ഇന്റര്‍നെറ്റ് അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ടുള്ള മുതല്‍മുടക്കുകളുമായി വിവിധ ലേണിങ് ആപ്ലിക്കേഷനുകള്‍ രംഗത്തെത്തിയിരുന്നു. ബംഗ്ലൂര്‍ ആസ്ഥാനമായി ആരംഭിച്ച ബൈജൂസ് ലേണിങ് ആപ് ഇന്ന് സാങ്കേതികവിദ്യയിലൂന്നിയ വിദ്യാഭ്യാസ സേവനം ചെയ്യുന്ന കമ്പനികളില്‍ വെച്ച് ലോകത്ത് ഏറ്റവുമധികം മൂല്യമുള്ള കമ്പനിയായി മാറിക്കഴിഞ്ഞു. ബൈജു രവീന്ദ്രന്‍ എന്ന മലയാളി സി ഇ ഒ ആയിരിക്കുന്ന ഈ സംരംഭം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ആദ്യമായി പരിജ്ഞാനം ഉണ്ടാക്കിയവരാണ്. ലോക്ഡൗണിന് ശേഷം ബൈജൂസ് ഉപയോഗിച്ച് പഠിക്കാന്‍ തുടങ്ങിയ കുട്ടികളുടെ എണ്ണത്തില്‍ 200% വര്‍ധനയുണ്ടായതായി കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ മൃണാള്‍ മൊഹിത് പറയുന്നു. സിംഗപ്പൂര്‍ കമ്പനിയായ ലാര്‍ക്കിനും ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ലഭിച്ചത് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ്. ചൈനയില്‍ നിന്നുള്ള ഇ-കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയും ഡിങ് ടോക്ക് എന്ന പേരില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സഹായിയുമായി രംഗത്തുണ്ട്. യുഎസിലെ ലോസ്ആഞ്ചലസ് സംസ്ഥാനത്തെ സ്‌കൂളുകളുടെ കൂട്ടായ്മ അവിടുത്തെ പൊതുജന മാധ്യമശൃംഖലയുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളിലെത്തിക്കാന്‍ ശ്രമിച്ച മാതൃക നമുക്ക് മുന്നിലുണ്ട്. ബ്രിട്ടനിലെ ബി ബി സിയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ പഠനസഹായികള്‍ ഒരുക്കുന്നുണ്ട്. ഇക്കൊല്ലം ഏപ്രില്‍ 20ന് ആരംഭിച്ച ബൈറ്റ്‌സൈസ് ഡെയ്‌ലി എന്ന ബി ബി സി സംരംഭത്തിലൂടെ, കരിക്കുലം അടിസ്ഥാനമാക്കിയുള്ള പാഠഭാഗങ്ങള്‍ 14 ആഴ്ചകൊണ്ട് കുട്ടികള്‍ക്ക് നല്‍കുന്ന രീതിയാണുള്ളത്. ഈ സംവിധാനത്തിന്റെ ഭാഗമായി കുട്ടികളെ പഠിപ്പിച്ചവരുടെ കൂട്ടത്തില്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം സെര്‍ജിയോ അഗ്യൂറോയും എത്തിയത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പരാഗത രീതികളില്‍ നിന്നുമാറിയുള്ള അധ്യാപന രീതികള്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയ പരിമിതിയില്ലാതെ എത്രനേരം വേണമെങ്കിലും വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനുള്ള സൗകര്യം, ഉള്ളടക്കം സ്വയം തര്‍ജ്ജമ ചെയ്തുകിട്ടുമെന്ന സൗകര്യം, സ്‌കൂള്‍ തലത്തിലെ പ്രോജക്ടുകളും മറ്റും എഡിറ്റ് ചെയ്ത് മോടി കൂട്ടാന്‍ സഹായിക്കുന്നത്, ക്ലാസ് ടെസ്റ്റുകളും അസൈന്‍മെന്റുകളും കൃത്യമായി ഓര്‍മിപ്പിക്കുന്ന കലണ്ടറുകള്‍ എന്നിങ്ങനെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉപകാരപ്പെടുന്നതും കുട്ടികളെ ‘സ്മാര്‍ട്ട്’ ആക്കുന്നതുമായ നിരവധി സൗകര്യങ്ങളാണ് ഇത്തരം ഓണ്‍ലൈന്‍ പഠനസഹായികള്‍ നല്‍കുന്നത്.
പൂര്‍ണമായും ഇന്റര്‍നെറ്റിനെ ആശ്രയിച്ചുള്ള വിദ്യാഭ്യാസരീതിയിലേക്ക് മാറാന്‍ പ്രാപ്തിയാര്‍ജിക്കാത്ത രാജ്യമാണ് ഇപ്പോഴും ഇന്ത്യ. പ്രൈമറി തലത്തിലെ കുട്ടികള്‍ക്ക് പോലും അതിനൂതന സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം പ്രയോഗത്തില്‍ വരുത്തുന്നതിനെപ്പറ്റി ഒരു വശത്ത് ചര്‍ച്ച കൊഴുക്കുമ്പോള്‍, ഇനിയും സ്‌കൂള്‍ ഗേറ്റ് കടക്കാനാവാതെ വരണ്ട കൃഷിഭൂമിയിലും ഓലയും ടാര്‍പൊളിനും മൂടിയ കൂരകള്‍ നിറഞ്ഞ ചേരിയിലും ആദിവാസി – മത്സ്യത്തൊഴിലാളി കോളനികളിലും ജീവിക്കുന്ന കുട്ടികള്‍ മറുവശത്ത് അദൃശ്യരാണെന്നതാണ് വാസ്തവം. ബൈജൂസ് പോലുള്ള സംവിധാനങ്ങള്‍ സമൂഹത്തിലെ മേല്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രം പ്രാപ്തമായതു കൊണ്ടുതന്നെ നിലവില്‍ കേരളം പോലുള്ളൊരു സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കുന്നത് കുറേക്കൂടി ഉപഭോക്തൃ സൗഹൃദപരമായ സൂം ആപ്ലിക്കേഷന്‍, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്, വാട്‌സാപ്പ് എന്നിവ പോലുള്ള സൗകര്യങ്ങളുപയോഗിച്ചാണ്. അധ്യാപകരിലും രക്ഷിതാക്കളിലും ഏറെപ്പേരും ഇത്തരം ആപ്ലിക്കേഷനുകള്‍ മുന്‍പ് ഉപയോഗിച്ച് പരിചയമില്ലാത്തവരാണ്. അതുകൊണ്ട് തന്നെ ഈ പുതു സാധാരണത്വത്തെ (New Normal) ജീവിതത്തിന്റെ ഭാഗമാക്കാനും അവര്‍ക്ക് സമയം വേണ്ടിവരും. ജൂണ്‍ ഒന്നിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഒന്നു മുതല്‍ ഏഴാംക്ലാസ് വരെയുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത് മെയ് 14 മുതലായിരുന്നു. ഈ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തം വിദ്യാര്‍ഥികളെ സ്മാര്‍ട്ട്‌ഫോണ്‍, കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ പിടിച്ചിരുത്താനുള്ള കഴിവ് അധ്യാപകര്‍ നേടിയെടുത്തോ എന്ന് സംശയമാണ്. പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതാത് വിഷയങ്ങളിലെ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് നിലവില്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഈ ക്ലാസുകളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ അധ്യാപകരും കുട്ടികളും അംഗമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നു. വാട്‌സാപ്പിലൂടെ തന്നെ അധ്യാപകര്‍ കുട്ടികള്‍ക്ക് ഗൃഹപാഠവും അസൈന്‍മെന്റുകളും നല്‍കുന്നു. ഗൂഗിള്‍ ഡോക്യുമെന്റ് സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ ക്ലാസ് ടെസ്റ്റുകളും നടത്താനുള്ള തയ്യാറെടുപ്പിലാണ് കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതെങ്ങനെയെന്ന് പല അധ്യാപകരും അതിലേറെ രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം തന്നെ ചെയ്ത് പഠിക്കുന്ന കാഴ്ച്ചയാണ് കാണാനാവുക.
അറിവിലെ വിടവും സാങ്കേതികവിദ്യയും
ഓണ്‍ലൈന്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ചര്‍ച്ചകളില്‍ ഏറ്റവും വ്യാപകമായി പറഞ്ഞുകേട്ട പദമാണ് ഡിജിറ്റല്‍ ഡിവൈഡ് അഥവാ അറിവിന്റെ ഡിജിറ്റല്‍ വിടവ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനാവുന്നവരും അതിന് ആവാത്തവരും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ലോയ്ഡ് മോറിസെറ്റാണ് ഡിജിറ്റല്‍ ഡിവൈഡ് എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു. 1998ല്‍ പുറത്തിറങ്ങിയ അമേരിക്കയിലെ നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ മൂന്നാമത് വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സാമ്പത്തികവും ഭൂമിശാസ്ത്രപരമായും നിലനില്‍ക്കുന്ന വിവരസാങ്കേതിക സാക്ഷരതയുടെ അഭാവത്തെയാണ് ഡിജിറ്റല്‍ ഡിവൈഡ് എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സമകാലിക സമൂഹത്തിലേക്ക് വന്നാല്‍ ഈ ഡിജിറ്റല്‍ വിടവിന്റെ ഉദാഹരണങ്ങള്‍ വേണ്ടുവോളം കാണാന്‍ കഴിയും. ഇന്റനെറ്റ് ഇന്ന് നമ്മുടെയെല്ലാവരുടെയും ജീവിതത്തിന്റെ അത്യന്താപേക്ഷിത ഘടകമാണ്. വിനോദത്തിനായി മാത്രം മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് ശീലിച്ചിരുന്നതില്‍ നിന്ന്, വിജ്ഞാനം നേടുന്നതിനായും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ശീലത്തിലേക്ക് നാം മാറുകയാണെന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വരവിലൂടെ മനസ്സിലാക്കാനാവുന്നത്.
എന്നാല്‍ ഇന്റനെറ്റ് ബന്ധിപ്പിച്ച് ഉപയോഗിക്കാനാവുന്ന സ്മാര്‍ട്ട് ഫോണുകളും വ്യക്തിഗത കംപ്യൂട്ടറുകളും വ്യാപകമായി ഉപയോഗിക്കാനുള്ള ശേഷി ഈ രാജ്യത്തിലെ ജനങ്ങള്‍ കൈവരിച്ചോ? ദേശീയ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ 2017-18ല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ 15 ശതമാനത്തില്‍ താഴെ വീടുകളില്‍ മാത്രമാണ് ഇന്റനെറ്റ് സൗകര്യമുള്ളത്. നഗരമേഖലയില്‍ ഇത് 42 ശതമാനത്തിന് അടുത്ത് വരും. ഗ്രാമങ്ങളില്‍ ആകെ 4.4 ശതമാനം വീടുകളിലും നഗരങ്ങളില്‍ 23.4 ശതമാനം വീടുകളിലുമാണ് ഒരു കംപ്യൂട്ടറോ ലാപ്‌ടോപ്പോ സ്വന്തമായുള്ളത്. മെച്ചപ്പെട്ട സാമൂഹിക സാഹചര്യങ്ങളുള്ള കേരളത്തില്‍ പോലും ടെലിവിഷന്‍ ഇല്ലാത്തതിന്റെ പേരില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ക്ലാസ് കാണാനാവാതെ പോയതില്‍ മനംനൊന്ത് ദളിത് സമുദായത്തില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവിക ആത്മഹത്യ ചെയ്തത് അടുത്ത കാലത്തായിരുന്നു. ടെലിവിഷനും കംപ്യൂട്ടറും പോലുള്ള സംവിധാനങ്ങള്‍ ഇല്ലാതെപോവുന്ന ഇത്തരം വീടുകളെയും കുടുംബങ്ങളെയും ഏറെ കാണാനാവുക ഒരുപക്ഷേ ലക്ഷംവീട് കോളനികളിലും തോട്ടം തൊളിലാളികളുടെ ലയങ്ങളിലും ആദിവാസി ഊരുകളിലുമൊക്കെയാവാം. സാമൂഹികശ്രേണിയിലെ അസമത്വത്തെ തന്നെയാണ് പലപ്പോഴും ഡിജിറ്റല്‍ വിടവും പ്രതിഫലിപ്പിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യയും പോലുള്ള പുറംമോടി പറച്ചിലുകള്‍ക്കും ബഹളങ്ങള്‍ക്കുമപ്പുറം വിവര സാങ്കേതികവിദ്യയുടെയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെയും കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാണെന്ന് കൊവിഡ്-19 തെളിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ സേവനങ്ങളുടെ ലഭ്യത, വേഗത, കണക്റ്റിവിറ്റി എന്നിവയിലെല്ലാം ദില്ലിയും മുംബൈയും ബാംഗ്ലൂരും പോലുള്ള മെട്രോ നരഗങ്ങളൊഴികെ രാജ്യത്തെവിടെയും സ്ഥിതി ദയനീയമാണ്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനമനുസരിച്ച് രാജ്യത്തെ വിദ്യാര്‍ഥികളില്‍ 31.01 ശതമാനത്തിനും ടെലിവിഷന്‍ കാണാനുള്ള സൗകര്യമില്ല. 56 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണും ലഭ്യമല്ലെന്നും പഠനത്തിലുണ്ട്. ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, അതായത് ഏപ്രില്‍ 16നും 28നും ഇടയില്‍ രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള 40,000 സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ഈ പഠനത്തിന് വേണ്ടി സര്‍വെ നടത്തിയത്.
ഇന്റനെറ്റ് എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാനാവുക എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ അവതരിപ്പിച്ച കെ-ഫോണ്‍ പദ്ധതി ഈ സാഹചര്യത്തില്‍ പ്രസക്തമാവുന്നു. പിന്നാക്ക മേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍പദ്ധതി വഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ശക്തമായൊരു ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ചുകൊണ്ട് വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ധേശ്യം. കെ എസ് ഇബിയുടെയും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെയും സംയുക്ത സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ധേശിക്കുന്ന പദ്ധതി 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ പദ്ധതി ഉദ്ധേശിച്ച വിധത്തില്‍ നടപ്പാക്കാനായാല്‍ കേരളത്തിലെ ഡിജിറ്റല്‍ ഡിവൈഡ് കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്ന വലിയൊരു ചുവടുവെയ്പാവും അത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാവി
പ്രമുഖ കമ്മ്യൂണിക്കേഷന്‍ സൈദ്ധാന്തികന്‍ എവററ്റ് റോജേഴ്‌സ് മുന്നോട്ടുവെച്ച ഡിഫ്യൂഷന്‍ ഓഫ് ഇന്നവേഷന്‍ (Diffusion of Innovation) എന്ന സിദ്ധാന്തം പറയുന്നതനുസരിച്ച് ഒരു പുതിയ ആശയമോ കണ്ടുപിടിത്തമോ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ പലരും പല തരത്തിലാവും അതിനോട് പ്രതികരിക്കുക. പുതിയ ആശയത്തെ അതിവേഗം സ്വീകരിക്കുന്നവരുണ്ടാവും. മറ്റുള്ളവരുടെ പ്രേരണ കൊണ്ട് മാത്രം പുതുമയെ സ്വീകരിക്കുന്നവരുണ്ടാവും. ആദ്യം മടിച്ചുനിന്ന്, വളരെ വൈകി മാത്രം മാറ്റത്തെ ഉള്‍ക്കൊണ്ടവരെയും നിങ്ങള്‍ക്ക് സമൂഹത്തില്‍ കാണാനാവുമെന്ന് റോജേഴ്‌സ് പറയുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഈ സിദ്ധാന്തം പ്രായോഗികമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ വിജയിച്ച മാതൃകകള്‍ അതേപടി ഇവിടെ നടപ്പാക്കുന്നതിന് പകരം അതാത് ജനസമൂഹത്തിന് യോജിച്ച മാതൃകകളെപ്പറ്റിയാണ് നാം ആലോചിക്കേണ്ടത്. പഴയ പള്ളിക്കൂടങ്ങളിലെ മണ്ണെഴുത്തില്‍ നിന്നും സ്ലേറ്റിലേക്കും നോട്ടു പുസ്തകത്തിലേക്കും അവിടെ നിന്ന് ബ്ലാക്ക് ബോര്‍ഡും മാര്‍ക്കര്‍ ബോര്‍ഡും കടന്ന് ഇന്ന് വെര്‍ച്വല്‍ സ്‌ക്രീനുകളിലേക്ക് വിദ്യാഭ്യാസരംഗം എത്തിനില്‍ക്കുമ്പോള്‍ ഈ മാറ്റങ്ങളെ ഓരോ കാലഘട്ടത്തിലും ഉള്‍ക്കൊള്ളാന്‍ ആവാതെപോയവരെയും വൈകിപ്പോയവരെയും കൂടി കൃത്യമായും പരിഗണിച്ചാലേ തുല്യനീതി പ്രാവര്‍ത്തികമാവുകയുള്ളൂ.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നമുക്ക് വേണോ വേണ്ടയോ എന്നുള്ള ചര്‍ച്ചകള്‍ മറ്റൊരു വശത്ത് നടക്കട്ടെ. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് ഒരുപാട് കുട്ടികളെ ഒരു പരിധിവരെയെങ്കിലും സംരക്ഷിച്ച് നിര്‍ത്തുന്ന ഇടങ്ങളാണ് ക്ലാസ്മുറികള്‍. കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ലോക്ഡൗണ്‍ കാലത്ത് വര്‍ധിച്ചുവെന്ന വാര്‍ത്ത തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നു. ദിവസത്തില്‍ ആകെ വയറു നിറച്ച് കഴിക്കുന്നത് സ്‌കൂളിലെ ഉച്ചഭക്ഷണം മാത്രമായ കുട്ടികള്‍ക്കും ഇത് പട്ടിണിക്കാലമാണ്. അതോടൊപ്പം ക്ലാസ്മുറികള്‍ക്ക് മാത്രം നല്‍കാനാവുന്ന സാമൂഹിക ജീവിതവും കൂട്ടായ്മയും അനുഭവങ്ങളും ഓണ്‍ലൈന്‍ ക്ലാസിന്റെ സ്‌ക്രീനുകളെ ദുര്‍ബലപ്പെടുത്തുന്നുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ കൊവിഡും പ്രളയവും പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ സജീവമാക്കാവുന്നതും അല്ലാത്തപ്പോള്‍ പരിമിതമായി മാത്രം ഉപയോഗിക്കാവുന്നതുമായ ഒരു മാര്‍ഗമായി ഓണ്‍ലൈന്‍ ക്ലാസുകളെ പാകപ്പെടുത്തുന്നതാവും ഉചിതം.
സിന്ധു മരിയ നെപ്പോളിയന്‍
You must be logged in to post a comment Login