കഴിഞ്ഞ മാസം അന്തരിച്ച ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് അവസാനകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു അറസ്റ്റ് ഭീഷണിയുടെ പേരിലാണ്. ഭീമ-കോറേഗാവ് സംഘര്‍ഷം അന്വേഷിക്കുന്ന പുണെ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശിവാജി പവാറാണ് ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ഹോസ്‌ബെറ്റ് സുരേഷിനെയും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാന്‍ മടിക്കില്ലെന്ന് കോടതിയില്‍ പ്രഖ്യാപിച്ചത്. ഈ കേസിലെ നീതിനിഷേധത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു ഈ ഭീഷണി. തന്നെ അറസ്റ്റു ചെയ്യുന്നതിലല്ല, നീതിയ്ക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകരെ അറസ്റ്റു ചെയ്തു ജയിലിലിട്ടതിലാണ്, അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലാണ് ആശങ്കയെന്നായിരുന്നു നവതിയിലേക്കു കടന്ന പഴയ ന്യായാധിപന്റെ പ്രതികരണം.
ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷിന്റ ആശങ്ക ശരിയെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. രണ്ടര വര്‍ഷം മുമ്പ് നടന്ന ഭീമ കോറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനൊന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിചാരണയില്ലാതെ, ജാമ്യം ലഭിക്കാതെ ജയിലില്‍ത്തന്നെ കഴിയുന്നു. കൊവിഡ് ഭീഷണിയും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍പോലും അവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളുടെ കാഠിന്യം കാരണം തള്ളിപ്പോകുന്നു. ദളിതരും ആദിവാസികളും ഉള്‍പ്പെടെ ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിനുവേണ്ടി അനവരതം പ്രയത്‌നിച്ച മനുഷ്യാവകാശപ്രവര്‍ത്തകരാണ് വിചാരണകൂടാതെ തടങ്കലില്‍ കഴിയുന്നതെന്നും എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷല്‍ പോലുള്ള ആഗോള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടും പ്രയോജനമൊന്നുമുണ്ടായിട്ടില്ല. കൊവിഡ് പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്രയിലെ ജയിലുകളില്‍ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുകയാണവര്‍.
പുനെയില്‍ നടന്ന ഒരു ദളിത് സംഗമവുമായും മാവോവാദികളുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായവരില്‍ ലോകമറിയുന്ന എഴുത്തുകാരും അധ്യാപകരും അഭിഭാഷകരുമുണ്ട്. ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, രാഷ്ട്രീയതടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ് റോണ വില്‍സണ്‍, നടനും പ്രസാധകനുമായ സുധീര്‍ ധവാളെ, വനിതാവിമോചന പ്രവര്‍ത്തകയും നാഗ്പുര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഷോമ സെന്‍, മറാഠി ബ്ലോഗ് എഴുത്തുകാരന്‍ മഹേഷ് റാവുത്ത് എന്നിവര്‍ 2018 ജൂണ്‍ 6നാണ് അറസ്റ്റിലായത്. കമ്യൂണിസ്റ്റ് നേതാവ് സുധ ഭരദ്വാജ്, വിപ്ലവ കവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേരിയ, അധ്യാപകനും എഴുത്തുകാരനുമായ വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ അടുത്ത മാസം തടങ്കലിലായി. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം അറസ്റ്റു തടഞ്ഞ പൗരാവകാശ പ്രവര്‍ത്തകനും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രൊഫസറുമായ ആനന്ദ് തെല്‍തുംബ്‌ഡേയെയും മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലാഖയെയും കൊവിഡിനെ തടയാനുള്ള ലോക്ഡൗണിനിടയിലാണ് ജയിലിലിട്ടത്.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിന് പുനെയ്ക്കടുത്ത് കൊറേഗാവിലുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പുനെ പൊലീസ് കേസെടുത്തത്. ബ്രിട്ടീഷ് ഭരണകാലത്ത് മഹാരാഷ്ട്രയില്‍ നടന്ന ഭീമ കോറേഗാവ് യുദ്ധത്തില്‍ അക്കാലത്തെ ജാതി സംഘര്‍ഷത്തിന്റെ അടരുകള്‍കൂടിയുണ്ട്. മഹര്‍ യോദ്ധാക്കളും അവരെ അടിച്ചമര്‍ത്തിയിരുന്ന പേഷ്വകളുമായുള്ള യുദ്ധമായാണ് അംബേദ്കര്‍ അതിനെ വ്യാഖ്യാനിച്ചത്. ജാതിയുടെ പേരില്‍ തങ്ങളെ ഒഴിച്ചുനിര്‍ത്തിയ പേഷ്വകള്‍ക്കെതിരേ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് മഹറുകള്‍ നേടിയ വിജയം ദളിത് ആത്മാഭിമാനത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ ഇരുനൂറാം വാര്‍ഷികം മഹാദളിത് സംഗമമായി മാറ്റാനായിരുന്നു പദ്ധതി. അതിനു മുന്നോടിയായാണ് എല്‍ഗാര്‍ പരിഷദ് എന്ന പേരില്‍ ദളിത് പാര്‍ലമെന്റ് വിളിച്ചുകൂട്ടിയത്. ദളിതര്‍ സംഘടിക്കുന്നത് ഭീഷണിയായി കണ്ട ഹിന്ദുത്വ സംഘടനകളാണ് സംഗമത്തിന് മുമ്പുതന്നെ ഭീഷണിയും ആക്രമണങ്ങളും തുടങ്ങിയത്. ദളിത് സംഘടനാപ്രവര്‍ത്തകര്‍ തിരിച്ചടിച്ചപ്പോള്‍ അക്കൊല്ലത്തെ യുദ്ധവാര്‍ഷികം സംഘര്‍ഷത്തില്‍ മുങ്ങി. അക്രമം മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. പിന്നീടു നടന്നത് തികച്ചും വിചിത്രമായ കാര്യങ്ങളാണ്.
യുദ്ധവാര്‍ഷികം അലങ്കോലമാക്കുന്നതിന് ദളിത് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ആസൂത്രണം ചെയ്തത് ഹിന്ദുത്വ നേതാക്കളായ സംഭാജി ബിഡേയും മിലിന്ദ് ഏക്‌ബോട്ടേയും ചേര്‍ന്നാണ് എന്നത് എല്ലാവര്‍ക്കും അറിയാം. പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ അവരുടെ പേരുമുണ്ട്. എന്നാല്‍, സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് അവരല്ല. എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമത്തിന്റെ മുഖ്യ സംഘാടകര്‍, മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് പി ബി സാവന്ത്, ബോംബൈ ഹൈക്കോടതി മുന്‍ ജഡ്ജി ബി ജി കൊല്‍സേ പാട്ടീല്‍ തുടങ്ങിയവരായിരുന്നു. അവര്‍ക്കെതിരേയുമല്ല നടപടിയുണ്ടായത്. പുനെയില്‍ അഡീഷണല്‍ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ശിവാജി പവാര്‍ ഈ കേസില്‍ മാവോവാദി ബന്ധം കണ്ടെത്തുകയും എല്‍ഗാര്‍ പരിഷത്തുമായി ഒരു ബന്ധവുമില്ലാത്ത സാമൂഹികപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയുമായിരുന്നു. സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഒന്നാം മോഡി സര്‍ക്കാരിന്റെ കാലം തുടങ്ങി ഇപ്പോഴും തുടരുന്ന ജനാധിപത്യവിരുദ്ധ വേട്ടയുടെ തുടര്‍ച്ചയായി ഈ സംഭവത്തെ മഹാരാഷ്ട്ര പൊലീസ് മാറ്റിയെടുത്തു. നീതിനിഷേധത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിയമസഹായം എത്തിച്ചിരുന്ന അഭിഭാഷകരെയും തിരഞ്ഞുപിടിച്ച് തടങ്കലിലിടുകവഴി അനീതിയുടെ വിപല്‍സന്ദേശമാണ് ഭരണകൂടം നല്‍കുന്നത് എന്നാണ് ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് അഭിപ്രായപ്പെട്ടത്.
ഭീമ കൊറേഗാവ് സംഭവത്തിന്റെ പിന്നില്‍ മാവോവാദി ഗൂഢാലോചനയാണെന്നും തടവിലായവര്‍ പ്രധാനമന്ത്രിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവും. പക്ഷേ, പ്രതികള്‍ക്കെതിരേ യു എ പി എ പോലുള്ള കിരാത നിയമം ചുമത്താന്‍ ഈ ആരോപണങ്ങള്‍ മതി. പിന്‍വലിക്കപ്പെട്ട ടാഡയെയും പോട്ടയെയും പോലെ ഇന്നത്തെ ഏറ്റവും വലിയ അടിച്ചമര്‍ത്തല്‍ ഉപാധിയാണ് ഈ നിയമം. ടാഡയും പോട്ടയും പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തടവിലാക്കപ്പെട്ട മഹാഭൂരിപക്ഷം മനുഷ്യരും മതന്യൂനപക്ഷങ്ങളില്‍പെട്ടവരായിരുന്നു. വലിയ എതിര്‍പ്പുകള്‍ക്കൊടുവില്‍ പിന്‍വലിക്കേണ്ടിവന്ന ടാഡ നിയമത്തിനു കീഴില്‍ 77,000 പേരോളമാണ് തടവിലാക്കപ്പെട്ടത്. ഇതില്‍ കേവലം 8000 കേസുകളാണ് വിചാരണയ്ക്ക് വന്നത്. അതില്‍ത്തന്നെ ഒരു ശതമാനത്തിനു താഴെയായിരുന്നു ശിക്ഷാനിരക്ക്. ടാഡയുടെ അതേ മാതൃകയില്‍ കൊണ്ടുവന്ന പോട്ടയുടെ സ്ഥിതിയും അതുതന്നെയായിരുന്നു. ഇതും പിന്‍വലിച്ചതിനെത്തുടര്‍ന്ന് ആ നിയമങ്ങളുടെ ഒഴിവു നികത്തിയത് യു.എ.പി.എ ആണ്. 2019ലെ ഭേദഗതികളോടെ ഭരണകൂടത്തിന് തങ്ങളുടെ എതിരാളികള്‍ക്ക് നേരെ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ അടിച്ചമര്‍ത്തല്‍ നിയമമായി അതു മാറി. ആയിരക്കണക്കിന് രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവരെയുമാണ് ഈ നിയമം ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നത്.
ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രതികളെ എത്രകാലം വേണമെങ്കിലും തടങ്കലിലിടാം എന്നതാണ് കരിനിയമങ്ങളുടെ കാതല്‍. പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ ജാമ്യവും നിഷേധിക്കാം. ജയിലില്‍ കഴിയുന്ന സാമൂഹികപ്രവര്‍ത്തകരില്‍ അഞ്ചു പേര്‍ മുതിര്‍ന്ന പൗരന്‍മാരാണ്. വരവര റാവുവിന് 80 വയസ്സായി. സുധ ഭരദ്വാജും ഷോമ സെന്നും മുംബൈ ബൈക്കുള വനിതാ ജയിലിലാണ്. ബാക്കിയുള്ള ഒമ്പതു പേര്‍ മുംബൈയ്ക്കടുത്ത് തലോജ ജയിലിലും. രണ്ടു വര്‍ഷം മുമ്പ് അറസ്റ്റു ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന വരവര റാവുവിനെ ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തിവരുന്നതിനിടെ അദ്ദേഹം ജയിലില്‍ തളര്‍ന്നുവീണതിനെത്തുടര്‍ന്ന് ആശുപത്രിയിലായി. ഒരു ജയിലില്‍ നിന്ന് മറ്റൊന്നിലേക്ക്, അന്വേഷണം പൊലീസീല്‍ നിന്ന് എന്‍ ഐ എയിലേക്ക്, ജാമ്യം തേടി ഒരു കോടതിയില്‍ നിന്ന് മറ്റൊന്നിലേക്ക്…നിയമനടപടിതന്നെ ശിക്ഷയായി മാറിയിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അവിനാശ് കുമാര്‍ പറയുന്നു.
കെട്ടിച്ചമച്ച കേസില്‍ കുടുക്കി തടങ്കലിലിട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 375 പ്രമുഖ വ്യക്തികള്‍ കഴിഞ്ഞ മാസം പ്രസ്താവനയിറക്കി. സാമൂഹിക പ്രവര്‍ത്തകരും എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും വിരമിച്ച ഉന്നതോദ്യോഗസ്ഥരുമെല്ലാമുണ്ട് അക്കൂട്ടത്തില്‍. സ്വതന്ത്ര വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ പ്രചാരണം തുടങ്ങി. ജയിലിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ഒമ്പതു സാമൂഹിക പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായതായി ആംനസ്റ്റി ഇന്റര്‍നാഷണലും സിറ്റിസണ്‍ ലാബും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആശയവിനിമയം ചോര്‍ത്തുകയും ഇവര്‍ ആരുമായൊക്കെ ബന്ധപ്പെടുന്നുണ്ട് എന്ന് അറിയുകയുമാണ് ഏകോപിതമായ സൈബര്‍ ആക്രമണത്തിനു പിന്നിലെന്ന് ആംനസ്റ്റി പറയുന്നു. എന്നാല്‍ ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായ ഈ നിരീക്ഷണത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി ഭരിക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാറു വന്നപ്പോള്‍ കേസ് പുനരവലോകനം ചെയ്യാന്‍ അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍, വിചിത്രമായൊരു നടപടിയിലൂടെ അന്വേഷണം സംസ്ഥാന പൊലീസില്‍ നിന്ന് മാറ്റി എന്‍ ഐ എയെ ഏല്‍പ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. സ്വതന്ത്രാന്വേഷണം നടന്നാല്‍ മുന്‍സര്‍ക്കാറിന്റെ കള്ളക്കളികള്‍ വെളിച്ചത്താവുമെന്ന് ഭയന്നാണ് കേന്ദ്രം തിരക്കുപിടിച്ച് ഇത്തരമൊരു നടപടിക്കു മുതിര്‍ന്നതെന്ന് അന്വേഷണം എന്‍ ഐ എയ്ക്ക് കൈമാറിയതിനെതിരേ കേസില്‍ വിചാരണ കാത്തു കഴിയുന്ന സാമൂഹിക പ്രവര്‍ത്തകരായ സുരേന്ദ്ര ഗാഡ്ലിങ്ങും സുധീര്‍ ധവാളെയും ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജയിലുകളിലെ തിരക്കുകുറയ്ക്കണമെന്നും ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ ചെയ്ത വിചാരണത്തടവുകാരെ മോചിപ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശമുണ്ട്. ഇതനുസരിച്ച് മഹാരാഷ്ട്രയില്‍ മാത്രം പതിനായിരത്തിലേറെ തടവുകാരെ മോചിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് 24,032 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള തടവറകളില്‍ ഇപ്പോഴും 26,825 തടവുകാരുണ്ട്. സംസ്ഥാനത്തെ ജയിലുകളില്‍ 577 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ജയിലില്‍വെച്ച് തങ്ങള്‍ക്ക് കൊവിഡ് പിടിക്കാന്‍ സാധ്യതയുണ്ടെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുള്ള തങ്ങളെ സംബന്ധിച്ചിടത്തോളം അത് മാരകമാവുമെന്നും കാണിച്ച് സുധ ഭരദ്വാജും ഷോമ സെന്നും നല്‍കിയ ജാമ്യഹര്‍ജികള്‍ പ്രത്യേക എന്‍ ഐ എ കോടതി തള്ളുകയാണുണ്ടായത്. എന്തെങ്കിലും രോഗമുണ്ട് എന്നത് ജയില്‍ മോചനത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ല എന്നാണ് കോടതി വിധിന്യായത്തില്‍ പറഞ്ഞത്. മനുഷ്യാവകാശപ്രവര്‍ത്തനം ഗുരുതരമായ കുറ്റമാണെന്നാണ് ഇന്ത്യയിലെ നീതിന്യായ സംവിധാനം പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
എസ് കുമാര്‍
You must be logged in to post a comment Login