‘തുല്യരായവര്‍ക്കിടയില്‍ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യത ഇല്ലായ്മയെ പ്രോത്സാഹിപ്പിക്കാനേ ഉപകരിക്കൂ”.
രാജ്യത്തെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 1980 ഡിസംബര്‍ 31ന് ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആമുഖവാചകമാണിത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പില്ക്കാലത്ത് അറിയപ്പെട്ട ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്നും തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സംവാദത്തിനും ഇടയാക്കുന്ന വ്യവഹാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജാതിസംവരണം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ തുല്യതയെ നിര്‍വചിച്ചിരിക്കുന്നത് അഥവാ വിശദീകരിച്ചിരിക്കുന്നത് അവസരത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തിലാണ് (Equality of Status and Opportunity). ജനാധിപത്യത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും കൈവരിക്കുന്നതില്‍ ഇന്ത്യന്‍ ജനത വിജയം വരിക്കാത്തതിനുള്ള അടിസ്ഥാന കാരണം സമത്വത്തിന്റെ അഭാവമാണെന്ന് നമ്മുടെ ഭരണഘടനാ ശില്പിയായ ഡോ. ബി ആര്‍ അംബേദ്കര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതിനൊരു പരിഹാരമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതിവ്യവസ്ഥയിലൂടെ സമൂഹത്തില്‍ നിലനിന്നിരുന്ന ശ്രേണീകൃത അസമത്വത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അംബേദ്കര്‍ സംവരണം എന്ന ആശയമവതരിപ്പിച്ചത്. അതുവരെ സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം ലഭിച്ചിരുന്ന സംവരണത്തിന് മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും (Other Backward Castes – OBC) അര്‍ഹതയുണ്ടെന്നായിരുന്നു മണ്ഡല്‍ കമ്മീഷന്റെ കണ്ടെത്തല്‍.
സാമൂഹിക പ്രവര്‍ത്തകനായ കാക കലേല്‍ക്കറിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഒന്നാം പിന്നാക്ക കമ്മീഷന്‍ 1955 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2399 പിന്നോക്ക ജാതികളെ പട്ടികപ്പെടുത്തിയിരുന്നു. ഇതില്‍ 837 വിഭാഗങ്ങളെ അതീവ പിന്നാക്ക വിഭാഗമായാണ് കണക്കാക്കിയിരുന്നത്. കലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരും തയാറായില്ല. ഇതിന് ശേഷം മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ ഭരണകാലത്ത് രൂപീകരിച്ച മണ്ഡല്‍ കമ്മീഷനില്‍ അന്നത്തെ ബിഹാറിന്റെ ഇടക്കാല മുഖ്യമന്ത്രിയായിരുന്ന ബി പി മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി അംഗങ്ങളായുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ പിന്നാക്ക വിഭാഗക്കാരും ഒരാള്‍ ദളിതുമായിരുന്നു. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അസമത്വം തിരിച്ചറിയുകയും അതില്‍ നിന്ന് അവരെ ഉയര്‍ത്തിക്കൊണ്ട് വരാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുയും ചെയ്ത റിപ്പോര്‍ട്ടായിരുന്നു മണ്ഡല്‍ കമ്മീഷന്റേത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരുദ്യോഗങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മണ്ഡല്‍ കമ്മീഷന്‍ ചരിത്രത്തിലിടം നേടിയതെങ്കിലും സംവരണത്തിനപ്പുറം മറ്റ് പല വിഷയങ്ങളും അതില്‍ പ്രതിപാദിച്ചിരുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ള ഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനൊപ്പം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കണ്ടെത്തലുകള്‍, വ്യാവസായിക ബന്ധങ്ങള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ സമഗ്രമായി വിശദീകരിച്ചിരുന്നു. എന്നാല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരും അതിന് പിന്നാലെ വന്ന ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സര്‍ക്കാരുകളും പൂര്‍ണമായി അവഗണിച്ച മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നീട് ദേശീയ മുന്നണി സര്‍ക്കാരിന്റെ കാലത്ത് 1990 ആഗസ്റ്റ് 7ന് പ്രധാനമന്ത്രി വി പി സിങാണ് പാര്‍ലമെന്റില്‍ അംഗീകാരം നല്‍കിയത്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പരിശോധിക്കുമ്പോള്‍ കേവലം സംവരണം മാത്രം കൈകാര്യം ചെയ്തിരുന്ന റിപ്പോര്‍ട്ടായിരുന്നില്ല മണ്ഡല്‍ കമ്മീഷന്‍ സമര്‍പ്പിച്ചതെന്നാണ് പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് നിരീക്ഷിക്കുന്നത്;
”മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ 52 ശതമാനം പിന്നാക്കവിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം നല്‍കുന്നതിനൊപ്പം തന്നെ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മറ്റ് ചില കാര്യങ്ങളുമുണ്ടായിരുന്നു. ഇന്ത്യ മുഴുവനും സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പാക്കുക, സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുക, ഗ്രാമപ്രദേശങ്ങളിലെ ചെറുകിട, കൈത്തൊഴില്‍ മേഖലകളെ വികസിപ്പിച്ചുകൊണ്ട് സമ്പദ്ഘടന പരിഷ്‌കരിക്കുക എന്നിങ്ങനെയുള്ള ഒട്ടേറെ നിര്‍ദേശങ്ങള്‍ വാസ്തവത്തില്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാതെ കേവലം പഴയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശൈലിയിലാണ് ബിഹാറിലും ഉത്തര്‍പ്രദേശിലും അവര്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം വന്ന സര്‍ക്കാരുകളൊക്കെ തന്നെ പിന്നീട് തകര്‍ന്നുപോയത്. ”
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തിന് പിന്നാലെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് രാജ്യം, സവിശേഷിച്ച് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചത്. സര്‍വകലാശാലാകളില്‍ പിന്നാക്ക-ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നതും ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ഥി രാജീവ് ഗോസ്വാമി ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് 50 ശതമാനം പൊള്ളലുമായി ഗുരുതരാവസ്ഥയില്‍ തുടര്‍ന്നതും രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. സമാനമായ ആത്മഹത്യാശ്രമങ്ങളും പ്രക്ഷോഭങ്ങളും വ്യാപകമായതോടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് അതേവര്‍ഷം നവംബര്‍ 7ന് പിന്നാക്ക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി പി സിങ് അവതരിപ്പിച്ച വിശ്വാസപ്രമേയം പാര്‍ലമെന്റില്‍ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സംവരണത്തെ എതിര്‍ത്ത് വോട്ടുചെയ്ത 346 പേരില്‍ 116 എംപിമാര്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു എന്നത് ചരിത്രത്തിന് മറക്കാനാവാത്ത വിരോധാഭാസവുമായി!
ജാതി യാഥാര്‍ത്ഥ്യമായ ഇന്ത്യ പോലൊരു രാജ്യത്ത് മുപ്പത് വര്‍ഷം മുന്‍പ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ഇന്നും പ്രസക്തിയുണ്ടെന്നാണ് നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജിന്റെ അഭിപ്രായം. അയിത്തം ആചരിക്കുന്നതിന് പുതിയ രൂപവും ഭാവവും വന്നതിന് തെളിവാണ് രാജ്യത്ത് അടിക്കടി ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അഥവാ മോബ് ലിഞ്ചിങ്ങുകള്‍ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതോടൊപ്പം രണ്ടാം മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ അട്ടിമറിക്കാന്‍ പോന്നതാണെന്നതും മണ്ഡല്‍ കമ്മീഷന്റെ മുപ്പതാം വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ പ്രസക്തമാണ്.
”രാജ്യത്തെ ജനങ്ങളുടെ പിന്നാക്കാവസ്ഥ എന്ന യാഥാര്‍ത്ഥ്യത്ത തിരിച്ചറിഞ്ഞ് അതിന് ഭാഗികമായെങ്കിലും പരിഹാരം കാണാന്‍ നടത്തിയ ശ്രമമായിരുന്നു മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൊഴിലിലെ സംവരണം എന്നത് ആത്യന്തിക പരിഹാരമല്ല. അത് പിന്നാക്കവിഭാഗങ്ങളില്‍ പെടുന്നവരെ ശാക്തീകരിക്കുന്നതിനും അതുവഴി അധികാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലെ അവരുടെ പ്രാതിനിധ്യം ഒരുപരിധി വരെയെങ്കിലും ഉറപ്പ് വരുത്തുന്നതിനുമുള്ള ഒരു ഉപാധി മാത്രമായിരുന്നു. ആ സംവരണത്തിന്റെ ആവശ്യകത ഇന്നും അതുപോലെ നിലനില്‍ക്കുകയാണെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 27 ശതമാനം സംവരണം എന്നതിനപ്പുറത്തേക്ക് പല കാര്യങ്ങളും ഇതിനകം നീങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള തീരുമാനം പുറമേ നിന്ന് നോക്കുമ്പോള്‍ നിരുപദ്രവകരമായി തോന്നുന്നതാണ്. സാമുദായികാടിസ്ഥാനത്തില്‍ ഉള്ള സംവരണത്തെ അത് ബാധിക്കില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന പത്ത് ശതമാനത്തിന് നല്‍കുന്ന ഈ സംവരണത്തില്‍ സാമുദായികസംവരണത്തിന് അര്‍ഹതപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു അവകാശവുമുണ്ടായിരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കല്‍ കേവലമൊരു സംവരണത്തിന്റെ മാത്രം പ്രശ്‌നമല്ല, അതിലൊരു മാറ്റിനിര്‍ത്തല്‍ നടന്നിട്ടുണ്ട്. മാറ്റിനിര്‍ത്തപ്പെട്ടത് സമൂഹത്തിലെ പിന്നാക്കാവസ്ഥയിലുള്ള മനുഷ്യരാണ്. ഭരണഘടനാവിരുദ്ധമായ ഈ തുല്യതാനിഷേധത്തെപ്പറ്റി പാര്‍ലമെന്റിലുള്ള ദളിത്-പിന്നാക്ക ജനപ്രതിനിധികള്‍ക്ക് പോലും യഥാസമയം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മണ്ഡല്‍ കമ്മീഷന്റെ കാലത്തുനിന്ന് വ്യത്യസ്തമായി സാമ്പത്തിക സംവരണം പോലുള്ള പുതിയ നിയമങ്ങളിലൂടെ പിന്നാക്കക്കാരെ അവര്‍ക്ക് അവകാശപ്പെട്ട അവസരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രൂപപ്പെട്ടിരിക്കുന്നത്. പിന്നാക്കസംവരണത്തെയും അത് സംബന്ധിച്ച അവബോധത്തെയും പുതിയ കാലത്ത് കൂടുതല്‍ പ്രസക്തമാക്കുന്നതും ഇത്തരം പുതിയ രൂപത്തിലുള്ള ഒഴിച്ചുനിര്‍ത്തലുകളാണ്. ”
മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യമെമ്പാടും കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് ഇന്ത്യാ ടുഡേ മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നൊരു കാര്‍ട്ടൂണ്‍ അന്ന് വിവാദമായിരുന്നു. നടുക്കടലിലെ ഒരു കപ്പലില്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മറ്റ് പിന്നാക്ക സമുദായങ്ങളും അവര്‍ക്കൊപ്പം അന്നത്തെ പ്രധാനമന്ത്രി വി പി സിങും മൂന്ന് വര്‍ണങ്ങളുള്ള പതാകകള്‍ വീശി സന്തോഷത്തോടെ നില്‍ക്കുന്ന ദൃശ്യം, ആ കപ്പലിന് ചുറ്റും മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റനേകം ചെറുവള്ളങ്ങളില്‍ സ്വന്തം സര്‍ട്ടിഫിക്കറ്റുകള്‍ മേലേക്ക് ഉയര്‍ത്തി നിലവിളികളോടെ മുങ്ങിത്താഴുന്ന സംവരേണതര വിഭാഗത്തില്‍പ്പെട്ട സവര്‍ണ യുവാക്കള്‍! ഇതായിരുന്നു പ്രസ്തുത കാര്‍ട്ടൂണിന്റെ സംക്ഷിപ്തരൂപം. പിന്നാക്കക്കാര്‍ക്കുള്ള സംവരണം മനുഷ്യത്വവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളില്‍ നിന്ന് പോലും വളരെ പരസ്യമായി എത്രമാത്രം ശ്രമങ്ങളുണ്ടായി എന്നതിന് തെളിവായിരുന്നു ഈ കാര്‍ട്ടൂണ്‍. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റ് പല വിഷയങ്ങളിലുമെന്ന പോലെ സംവരണ വിഷയത്തിലും പലരും മാറിച്ചിന്തിച്ചു തുടങ്ങി എന്ന് നിരീക്ഷിക്കാമെങ്കിലും നമ്മുടെ സമൂഹം വളരെ സ്വാഭാവികമായി തന്നെ സംവരണവിരുദ്ധതയിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നതാണ് വാസ്തവം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകനുമായ ബി ആര്‍ പി ഭാസ്‌കറിന്റെ അഭിപ്രായത്തില്‍ മേല്‍ത്തട്ടുകാരില്‍ പൊതുവായും മറ്റുള്ളവര്‍ക്കിടയില്‍ അപൂര്‍വമല്ലാതെയും കാണപ്പെടുന്ന സംവരണവിരുദ്ധതയ്ക്ക് അറുതിവരുത്തിയാലേ മണ്ഡല്‍ കമ്മീഷന്‍ മുന്നോട്ടുവച്ച കാതലായ ലക്ഷ്യങ്ങളിലേക്കെത്താന്‍ ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് സാധിക്കൂ.
”ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ട് 70 കൊല്ലമായി. അവര്‍ക്ക് നീക്കിവെച്ചത് 22.5 ശതമാനമാണ്. അത് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. അപ്പോള്‍ പിന്നാക്കക്കാരുടെ 27.5 ശതമാനം മുപ്പത് കൊല്ലത്തിനിടയില്‍ കൊടുക്കാനാകാത്തതില്‍ അത്ഭുതപ്പെടാനുണ്ടോ? ഉദ്യോഗസ്ഥവൃന്ദത്തിന് സംവരണത്തില്‍ വിശ്വാസമില്ല. അവരാണ് സംവരണം നടപ്പാക്കുന്നതിലെ പ്രധാന പ്രതിബന്ധം. രാഷ്ട്രീയ നേതൃത്വത്തിലും അത് അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ജനസംഖ്യയുടെ 80 ശതമാനം സംവരണത്തിന് അര്‍ഹതയുള്ളവരാണ്. സംവരണത്തിന്റെ തോത് 50 ശതമാനമായി ക്ലിപ്തപ്പെടുത്തുക വഴി ഫലത്തില്‍ സുപ്രീംകോടതി 50 ശതമാനം ജോലികള്‍ ബാക്കിയുള്ള 20 ശതമാനം ജനങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയേ പോകൂ. രണ്ട് പരിഹാര മാര്‍ഗങ്ങളാണുള്ളത്. ഒന്ന് സംവരണത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവരെ ഭരണത്തിലെത്തിക്കുക. രണ്ട്, ഭരണത്തിലിരിക്കുന്നവരെ സംവരണം സത്യസന്ധമായി നടപ്പിലാക്കാന്‍ പ്രക്ഷോഭത്തിലൂടെ നിര്‍ബന്ധിക്കുക.”
ഭരണഘടനാ ശില്പിയായ ഡോ.ബി ആര്‍ അംബേദ്കര്‍ വിഭാവന ചെയ്ത തുല്യനീതി എന്ന ആശയത്തെ തത്വത്തില്‍ പ്രായോഗികമാക്കാന്‍ 1947 ന് ശേഷം വന്ന ഒരു സര്‍ക്കാരുകള്‍ക്കും സാധിച്ചില്ലെന്ന് മനസ്സിലാക്കുന്നിടത്താണ് മണ്ഡല്‍ കമ്മീഷനും അത് നടപ്പിലാക്കാനുള്ള ആര്‍ജവം കാണിച്ച, അതിന്റെ പേരില്‍ തന്റെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാക്കിയ അന്നത്തെ പ്രധാനമന്ത്രി വിശ്വപ്രതാപ് സിങ് എന്ന വി പി സിങും പ്രസക്തരാവുന്നത്. വാസ്തവത്തില്‍ ജനസംഖ്യയുടെ 52 ശതമാനം വരുന്ന ജനങ്ങള്‍ക്ക് അതിന് ആനുപാതികമായ സംവരണം നടപ്പാക്കാതെ 27 ശതമാനം സംവരണം മാത്രമായി ചുരുക്കിയതും അതില്‍ ക്രിമിലെയര്‍ ഏര്‍പ്പെടുത്തിയതും മണ്ഡല്‍ കമ്മീഷന്റെ വ്യവസ്ഥാപിത ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു. ഈ വെള്ളം ചേര്‍ക്കലുകള്‍ക്കൊടുവിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ലക്ഷ്യങ്ങള്‍ ഇന്നും പൂര്‍ത്തിയാക്കാനാവാതെ പോവുന്നത് ഇവിടുത്തെ ദളിതരും ആദിവാസികളും മറ്റ് പിന്നാക്കവിഭാഗങ്ങളും അവരുടെ രാഷ്ട്രീയസമരം ഇനിയും തുടരണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കെ കെ കൊച്ച് കൂട്ടിച്ചേര്‍ക്കുന്നു.
”മണ്ഡല്‍ കമ്മീഷന്റെ ഏറ്റവും വലിയ പ്രാധാന്യം അത് പിന്നാക്കവിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കി എന്നതല്ല, അതിനെക്കാളുപരി ഹിന്ദുസമുദായത്തെ അത് വിഭജിച്ചു എന്നുള്ളതാണ്. അതുവരെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പിന്നാക്കക്കാരെ ഉപയോഗപ്പെടുത്തിയാണ് ഹിന്ദുത്വ അതിന്റെ എല്ലാ അതിക്രമങ്ങളും നടത്തിയിരുന്നത്. ഈ വിഭാഗത്തെ ഭിന്നിപ്പിച്ചു എന്നുള്ളതാണ് മണ്ഡല്‍ കമ്മീഷന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസക്തി. ഈ വിഭജനം രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നു. ഇന്ത്യയില്‍ ആദ്യമായി പിന്നാക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും നേതൃത്വമുള്ള സര്‍ക്കാരുകള്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നു. ഈ സര്‍ക്കാരുകളെ വിമര്‍ശിക്കാനുള്ള വക എത്ര തന്നെയുണ്ടെന്ന് പറഞ്ഞാലും, ഇവര്‍ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ പോലും ആ മേഖലയിലെ ഹിന്ദു – മുസ്ലിം സാമുദായിക ലഹളകള്‍ക്ക് അറുതിവരുത്തുന്നതില്‍ ഈ സര്‍ക്കാരുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. മാത്രമല്ല, ചരിത്രത്തിലാദ്യമായി പിന്നാക്കക്കാര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം സ്ഥാപിക്കാനായി എന്നതാണ് മണ്ഡല്‍ കമ്മീഷനെ തുടര്‍ന്നുണ്ടായ ഏറ്റവും വലിയ മാറ്റം.”
സിന്ധു മരിയ നെപ്പോളിയന്‍
You must be logged in to post a comment Login