1888 മാര്‍ച്ച് പതിനാലിനാണ് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മലയാള മനോരമ കമ്പനി സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തിനിപ്പുറം മാര്‍ച്ച് 22-ന് പ്രതിവാര പത്രമായി അച്ചടിയും തുടങ്ങി. ഇടക്കാലത്തെ നിരോധനം വകവെക്കാതെ കൂട്ടിയാല്‍ 130 വയസ്സുണ്ട് മനോരമക്ക്. ഐക്യകേരളത്തെക്കാള്‍ അരനൂറ്റാണ്ടിലേറെ മൂപ്പ്. മലയാളി സമൂഹത്തോടൊപ്പം ഇക്കാലമത്രയും ജീവിച്ച മനോരമയുടെ സാമൂഹ്യ ജീവചരിത്രം ആറ്റിക്കുറുക്കിയാല്‍ എത്ര പുറം നിറയെ വാചകങ്ങള്‍ വേണം?രണ്ടേ രണ്ട് എന്ന് പറയും പിണറായി വിജയന്‍. പറഞ്ഞു. അതും മനോരമയുടെ അതിഥിയായി വന്ന വേദിയില്‍.
മലയാള മനോരമയുടെ കണ്ണൂര്‍ യൂണിറ്റിന്റെ രജതജൂബിലി. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ വേദിയില്‍ പതിവുപോലെ അളന്നും മുറിച്ചും ഭാവിയിലേക്ക് തുന്നിയും പിണറായി പറഞ്ഞ വാചകങ്ങള്‍ ഇങ്ങനെ: ”മലയാള മനോരമ പത്രത്തിന്റെ പ്രൊഫഷണല്‍ മികവും ജനസ്വീകാര്യതയും അംഗീകരിക്കുമ്പോള്‍ തന്നെ കൂടുതല്‍ പുരോഗമനപരമായ നിലപാട് പത്രം സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് തോന്നുകയാണ്. അങ്ങനെ ആയിരുന്നെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ ഇന്നത്തേതിലും പുരോഗമനപരമായി മാറിപ്പോകുമായിരുന്നു.”
രാഷ്ട്രീയമായി വിയോജിപ്പുള്ള ഒരു മാധ്യമസ്ഥാപനത്തെക്കുറിച്ച് ഒരു രാഷ്ട്രീയനേതാവ് നടത്താനിടയുള്ള അതിസാധാരണമായ പ്രസ്താവനയായി കേട്ടൊഴിയാന്‍ സര്‍വസാധ്യതകളുമുള്ള ഒരു ലളിതവാചകമായിരുന്നു അത്. മൃദുലവിമര്‍ശശോഭയുള്ള ഒരു സ്തുതി. കമ്യൂണിസത്തിന്റെ വിപരീതപദമായി തന്നെയും തന്റെ പത്രത്തെയും പരിഗണിച്ചിരുന്നയാളാണ് കെ.സി മാമ്മന്‍ മാപ്പിളയെന്നത് രഹസ്യമല്ല. അദ്ദേഹത്തിന്റെ അവസാനലേഖനത്തിന്റെ തലക്കെട്ട് മനുഷ്യനെ മരപ്പാവയാക്കുന്ന കമ്യൂണിസം എന്നായിരുന്നു (1953-മനോരമ വിശേഷാല്‍പ്രതി). അത്തരമൊരു പത്രസ്ഥാപനത്തോട് ഒരു കമ്യൂണിസ്റ്റ് നേതാവ് കൈക്കൊള്ളുന്ന നിലപാടിനപ്പുറം കാര്യമായി പിണറായിയുടെ പ്രസ്താവനയില്‍ എന്താണുണ്ടായിരുന്നത്?
ഉണ്ട്. ആ വാചകങ്ങള്‍ക്കകത്ത് ഇരമ്പിയാര്‍ക്കുന്ന ഒരു വലിയ മാധ്യമ ചരിത്രമുണ്ടായിരുന്നു. ആ വാചകങ്ങളെ നിര്‍മിച്ച ഓരോ വാക്കും മനോരമ പിന്നിട്ട പതിറ്റാണ്ടുകളുടെ അടിക്കുറിപ്പായിരുന്നു. എത്തിനില്‍ക്കുന്ന മാധ്യമസംസ്‌കാരപരമായ പരിതാവസ്ഥയുടെ പ്രകാശനമായിരുന്നു. ഐക്യകേരളം രൂപപ്പെട്ടതിന് ശേഷമുള്ള ഏഴുപതിറ്റാണ്ടില്‍ കേരള സാമൂഹികതയിലും ജനാധിപത്യത്തിലും കക്ഷിരാഷ്ട്രീയത്തിലും മതജീവിതത്തിലും ജാതിജീവിതത്തിലും മനോരമ നടത്തിയ ഇറങ്ങിക്കളികളുടെ നേര്‍ചിത്രമുണ്ടായിരുന്നു. പുലയസമുദായത്തിന് വിദ്യാഭ്യാസ സൗകര്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1890 മാര്‍ച്ച് 22-ന്റെ ആദ്യ ലക്കത്തില്‍ എഡിറ്റോറിയല്‍ എഴുതി നവോത്ഥാനത്തിന്റെയും ജാതിവിമോചനത്തിന്റെയും മഹത്തായ പതാകയെ പാറിച്ചെത്തിയ ഒരു മാധ്യമം വിപണിയോടും അതിന്റെ സമവാക്യങ്ങളോടും നടത്തിയ ക്രൂരമായ കീഴടങ്ങലിന്റെ സാക്ഷ്യമുണ്ടായിരുന്നു. പില്‍ക്കാലത്ത് വിപണിയെയും അതിന്റെ സമവാക്യങ്ങളെയും സമ്പൂര്‍ണമായി നിയന്ത്രിക്കാനും നിര്‍വചിക്കാനും മട്ടില്‍ വളര്‍ന്നുപന്തലിച്ചപ്പോളും കേരളത്തിന്റെ സാമൂഹികതയോട് മനോരമ ചെയ്തതെന്ത് എന്ന ചോദ്യത്തിനുള്ള കണിശമായ ഉത്തരമുണ്ടായിരുന്നു. എല്ലാറ്റിനുമുപരി അത് കൃത്യമായ ഒരു മാധ്യമ വിമര്‍ശനമായിരുന്നു. മാധ്യമ മലയാളി സൂക്ഷ്മമായി പഠിക്കേണ്ട ഒരു വിമര്‍ശന പാഠമായിരുന്നു.
മാധ്യമം, മൂലധനം, സാമൂഹികത എന്നീ പ്രമേയങ്ങള്‍ പലപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. മാധ്യമം നിര്‍മിക്കുന്ന സമൂഹവും മാധ്യമത്തെ നിര്‍മിക്കുന്ന സമൂഹവും ഇതിനിടയില്‍ പലനിലകളിലാടുന്ന മൂലധനവും പഠിക്കപ്പെട്ടിട്ടുണ്ട്. നീതിമാനായ പുലിറ്റ്‌സറും അനീതിമാനായ വില്യം റാന്‍ഡല്‍ഫ് എന്ന മാധ്യമ കച്ചവടക്കാരനും തമ്മില്‍ അമേരിക്കയില്‍ നടന്ന യുദ്ധത്തെ ഓര്‍ക്കുക. ഇതേ താളുകളില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ നാം സാന്ദര്‍ഭികമായി അവരെ ഓര്‍മിച്ചിരുന്നു. വസ്തുതാ ജേണലിസത്തിന്റെ വക്താവായിരുന്നു പുലിറ്റ്‌സര്‍. ന്യൂയോര്‍ക്ക് വേള്‍ഡ് ആ വസ്തുതകളുടെ നിലക്കണ്ണാടിയും. പുലിറ്റ്‌സറാണ് ലോകമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ അമരത്തുണ്ടായിരുന്നത്. അവിടേക്കാണ് വില്യം റാന്‍ഡല്‍ഫ് വരുന്നത്. സത്യത്തിനെതിരില്‍ അസത്യങ്ങള്‍. ഒളിഞ്ഞുനോട്ടങ്ങളുടെ ആറാട്ടുകള്‍. പാപ്പരാസിത്തത്തിന്റെ ഗര്‍ത്തങ്ങള്‍. പെണ്‍ശരീരങ്ങള്‍ അരച്ചുപുരട്ടിയ താളുകള്‍. യെല്ലോ ജേണലിസം അഥവാ മഞ്ഞപത്രം എന്ന വാക്കിന്റെ പിറവി. അങ്ങനെ പലതും കൊണ്ടുവന്നു വില്യം റാന്‍ഡല്‍ഫ്. കൂടുതല്‍ അറിയാന്‍ ഒരു ക്ലാസിക് സിനിമ കാണാം; സിറ്റിസണ്‍ കെയ്ന്‍. റാന്‍ഡല്‍ഫിന്റേയും പുലിറ്റ്‌സറിന്റേയും ധ്രുവങ്ങള്‍ മാധ്യമ-സാമൂഹിക പഠനങ്ങളിലെ വലിയ വിഭവമാണ്. പൂര്‍ണമായും സ്വകാര്യമൂലധനത്താല്‍ പ്രവര്‍ത്തിക്കുന്ന, വ്യവസായമായ പത്രത്തിന് ധാര്‍മികതയെക്കാള്‍ ജനപ്രീതിക്കല്ലേ മുന്‍ഗണന നല്‍കാനാവൂ എന്ന വാദം റാന്‍ഡല്‍ഫ് അനുകൂലികള്‍ ചമച്ചു. മൂലധനം സ്വകാര്യമായാലും മാധ്യമം എന്നത് ഒരു സ്വകാര്യ ഇടപാടല്ല എന്നായിരുന്നു മറുവാദം. സമൂഹവുമായുള്ള ഒരു കരാര്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ ഉണ്ട്. അതിന് കാരണം സാമൂഹികതയുടെ അതുവരെയുള്ള വികാസങ്ങളാണ് മാധ്യമങ്ങളുടെ പ്രവര്‍ത്തന മൂലധനം എന്നതാണ്. അഥവാ സമൂഹത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ ലഭിക്കുന്ന സമ്മതം എന്നത് മാധ്യമങ്ങളില്‍ സമൂഹം നടത്തുന്ന മൂലധന നിക്ഷേപമാണെന്ന്. ഇത്തരത്തില്‍ പടര്‍ന്ന ചര്‍ച്ചകള്‍ എത്രയോ ഉണ്ട്. മൂലധനത്തിന്റെ സ്വകാര്യസ്വഭാവമോ വ്യവസായത്തിന്റെ മറവോ പറ്റി മഞ്ഞയാവാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്ന തീര്‍പ്പിലാണ് ആ ചര്‍ച്ചകള്‍ ഏറിയപങ്കും അവസാനിക്കുന്നത്.
ന്യൂയോര്‍ക്കിലെ മാധ്യമവ്യവസായവും മലയാളത്തിലെ ഭാഷാ പത്രപ്രവര്‍ത്തനവും തമ്മില്‍ ഒരു പ്രത്യക്ഷ ബന്ധവുമില്ല. മാധ്യമങ്ങളും സാമൂഹികതയും തമ്മില്‍ ഒരു അക്രാമക മൂലധന വ്യവസ്ഥയില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട ഒരു വസ്തുതയെ ചൂണ്ടിക്കാട്ടാന്‍ പറഞ്ഞു എന്ന് മാത്രം. മനോരമയും മാതൃഭൂമിയും ഉള്‍പ്പടെയുള്ള മലയാളത്തിലെ മുഖ്യധാരാ ഭാഷാപത്രങ്ങളുടെ പിറവിയും വളര്‍ച്ചയും നൂറ് ശതമാനവും സാമൂഹിക മൂലധനത്തിന്റെ അരിക് പറ്റിയാണ്. കൃത്യവും രേഖകളുള്ളതുമായ കൊടുക്കല്‍ വാങ്ങല്‍ നടന്നിട്ടുണ്ട്. 1949-ല്‍ എ.ബി.സി കണക്കുപ്രകാരം മനോരമയുടെ സര്‍ക്കുലേഷന്‍ 22017 ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു അന്തരിച്ച കെ.എം. മാത്യു. 1959 ജനുവരി വരെ മാതൃഭൂമിക്ക് പിന്നിലായിരുന്നു മനോരമ. 1961-ല്‍ മനോരമ ലക്ഷം കടന്നു. 1967-ല്‍ രണ്ട് ലക്ഷം. 71-ല്‍ മൂന്ന് ലക്ഷം. 98-ല്‍ അത് പത്ത് ലക്ഷം തൊട്ടു. ഇന്നത് കാല്‍ക്കോടിയോളം വരും. എതിരാളികള്‍ ഇല്ലാത്ത വിധം ബഹുദൂരം മുന്നില്‍. വായനക്കാരുടെ എണ്ണം കേരളത്തിന്റെ പാതിജനസംഖ്യയിലും എത്രയോ കൂടുതല്‍. എങ്ങനെയാണ് മനോരമ മലയാളികളുടെ വിശ്വാസം ആര്‍ജിച്ചത് എന്ന ചോദ്യത്തിനുള്ള ആദ്യ ഉത്തരം പിണറായി വിജയന്റെ വാക്കുകളില്‍ ഉണ്ട്. സമാനതകള്‍ ഇല്ലാത്ത പ്രൊഫഷണല്‍ മികവ്. രണ്ടാമത്തെ ഉത്തരം കെ.എം മാത്യുവിന്റെ ആത്മകഥയിലുമുണ്ട്; കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള അയഞ്ഞതും ബഹുസ്വരവുമായ ജനാധിപത്യ സംവിധാനങ്ങളോടുള്ള അടുപ്പവും അതിനോട് ചേര്‍ന്ന് പോകുന്ന വിഭാഗങ്ങളില്‍ ലഭിച്ച വലിയ സ്വീകാര്യതയും. രണ്ടാമത്തെ ഉത്തരത്തിന് ബാധ്യത സമൂഹത്തോടാണ്. മനോരമ കേരളത്തിന്റെ മതേതര ജനാധിപത്യ ബഹുസ്വരതയോട് മൂലധനപരമായും വ്യവസായപരമായും ബാധ്യതപ്പെട്ടിരിക്കുന്നു. അതിനാല്‍ മാത്രമാണ് സമകാലിക സന്ദര്‍ഭങ്ങളെയും അരനൂറ്റാണ്ടിലെ കേരളത്തിലെ മനോരമീകരണത്തെയും വിമര്‍ശനാത്മകമായ ഒരു പരിശോധനക്ക് ഇപ്പോള്‍ വിധേയമാക്കുന്നത്. ആ സ്ഥാപനത്തിന്റെ അപാരമായ പ്രൊഫഷണലിസത്തെയും കേരളത്തിന് മനോരമ സമ്മാനിച്ച ചരിത്രപരമായ ഒട്ടേറെ വലിയ നിമിഷങ്ങളെയും ആദരിച്ചുകൊണ്ടും ഓര്‍മിച്ചുകൊണ്ടുമാണ് നാം സംസാരിക്കുന്നത്. മനോരമ മറ്റൊരു വിധമായിരുന്നെങ്കില്‍?
കേരളചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ വിധ്വംസകത വിമോചന സമരമായിരുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ജനാധിപത്യ വിരുദ്ധമായി കടപുഴക്കിയ സന്ദര്‍ഭം. കേരളത്തിന്റെ വിദ്യാഭ്യാസ പരിസരത്തെ ജനാധിപത്യപരവും ജനകീയവുമാക്കാന്‍ കഴിയുന്ന വമ്പന്‍ ചുവടുവെപ്പാണ് അട്ടിമറിക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ പിന്നീടും അരങ്ങേറാന്‍ ഇടയുണ്ടായിരുന്ന ഒന്നായി വേണമെങ്കില്‍ സമാധാനിക്കാം. പക്ഷേ, കേരളീയ നവോത്ഥാനം അതിസാഹസികമായി പുറത്താക്കിയ ജാതീയതയെയും പൊതുജീവിതത്തിലെ മതവെറിയെയും തിരിച്ചുകൊണ്ടുവന്ന സാമൂഹിക ദുരന്തവുമായിരുന്നു വിമോചന സമരം. പില്‍ക്കാല കേരളം അതിന് കൊടുക്കേണ്ടി വന്ന വിലയാണ് ഇന്ന് നാം പലരൂപത്തില്‍ കാണുന്നത്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ ശ്രീപത്മനാഭ ക്ഷേത്രം സംബന്ധിച്ച തീര്‍പ്പിനോടുള്ള പ്രതികരണമായിപ്പോലും. വിമോചന സമരം കൊണ്ടുവന്ന അഴുക്കുകളില്‍ നിന്നാണ് ജാതിഹിന്ദു കേരളത്തില്‍ വീണ്ടും പുളച്ച് പൊന്തിയത്. വിമോചന സമരമാണ് കേരള രാഷ്ട്രീയത്തില്‍ നിന്ന് നെറികളെ പടികടത്തിയത്. വിമോചന സമരത്തില്‍ അതിനിര്‍ണായക പങ്കുവഹിച്ചു മലയാള മനോരമ. വിമോചന സമരത്തിന്റെ ഭാഗമായി ജൂണ്‍ 12 ന് നടന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇ.എം.എസ് സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നും അതാണ് നാട്ടുകാരുടെ അസന്ദിഗ്ധമായ വിധിയെന്നും മനോരമ മുഖപ്രസംഗമെഴുതി.
അതിലെന്ത് അല്ലെങ്കില്‍ അതിനെന്ത് എന്ന ചോദ്യം ന്യായമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം സൂക്ഷിക്കുന്ന, അത് പലഘട്ടങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു മാധ്യമം അങ്ങനെ ചെയ്തതില്‍ എന്ത് അത്ഭുതം? മാധ്യമങ്ങള്‍ ലോകത്തെമ്പാടും അങ്ങനെ ചെയ്തിട്ടുണ്ടല്ലോ? കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പി.ടി പുന്നൂസിനോട് ആനുഷംഗികമായി പറഞ്ഞയാള്‍ പത്രാധിപരായുള്ള ഒരു പത്രത്തില്‍ പ്രത്യേകിച്ചും. പക്ഷേ, സംഭവിച്ചത് അത് മാത്രമല്ല. കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ മുഴുവന്‍ മത-ജാതി-സാമ്പത്തിക ശക്തികളും അണിനിരന്ന ഒരു സമരത്തെ പിന്തുണക്കുക മാത്രമല്ല മനോരമ ചെയ്തത്. മറിച്ച് വിമോചന സമരം പുനരാനയിച്ച മുഴുവന്‍ വിധ്വംസകതകളെയും തങ്ങളുടെ പില്‍ക്കാല വാര്‍ത്താജീവിതത്തില്‍ അവര്‍ പത്രത്തിലേക്ക് കുടിയിരുത്തി. വിമോചനസമരം കഴിയുമ്പോഴേക്ക് സര്‍ക്കുലേഷനില്‍ ഒന്നാമതായി കഴിഞ്ഞിരുന്ന മനോരമ മലയാളി ജീവിതത്തില്‍ ഇടപെടാന്‍ മാത്രം കരുത്തുമാര്‍ജിച്ചിരുന്നു. വിമോചനസമരം കേരളത്തില്‍ അരക്കിട്ടുറപ്പിക്കുകയും അരിയിട്ട് വാഴിക്കുകയും ചെയ്ത എല്ലാ നവോത്ഥാനവിരുദ്ധതകളെയും മനോരമ, പത്രം വഴി എല്ലാ പ്രഭാതങ്ങളിലും മലയാളി വീടുകളിലേക്ക് തുറന്നുവിട്ടു. മനോരമ മാത്രമോ, മറ്റുള്ളവരോ എന്ന് ചോദിക്കാം. മനോരമക്ക് പിന്നാലെ മാത്രം കുതിക്കേണ്ട ഒരു മത്സരക്കളം അപ്പോഴേക്കും കേരള മാധ്യമ വിപണിയില്‍ തുറക്കപ്പെട്ടിരുന്നു. അവിടെ ബഹുദൂരം മുന്നിലോടുന്ന മനോരമയെ അനുകരിക്കാതെ മറ്റ് വഴിയില്ലെന്നായി. അത്തരമൊരു അന്തരീക്ഷത്തെ സൃഷ്ടിക്കാനായി വിമോചനസമരത്തെ മനോരമ പ്രയോജനപ്പെടുത്തി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള തുടങ്ങി നവോത്ഥാനം ബാക്കിവെച്ച മാധ്യമമാതൃകകള്‍ ഓര്‍മയായി. വിപണി മാത്രം ലക്ഷ്യം വെക്കുന്ന ഒന്ന് പിറന്നു. പുലയരുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ആദ്യ മുഖപ്രസംഗം എഴുതിയ മനോരമ, സംവരണ വിരുദ്ധതയുടെ ആശയങ്ങളെ സമര്‍ഥമായി പ്രക്ഷേപിച്ചു. സമൂഹം മാധ്യമങ്ങളെ നിര്‍മിക്കുകയും നിര്‍ണയിക്കുകയും ചെയ്യുക എന്നതിന് പകരം മാധ്യമം സമൂഹത്തെ നിര്‍മിക്കുക എന്ന അപകടകരമായ സ്ഥിതിലേക്ക് കേരളം തള്ളിയിടപ്പെട്ടു. മധ്യ-ഉപരിവര്‍ഗ ജീവിതത്തിന്റെ അഭിരുചികള്‍ മനോരമയാല്‍ നിര്‍ണയിക്കപ്പെട്ടു. ആ അഭിരുചികളാവട്ടെ നവോത്ഥാനവിരുദ്ധവും കൊടും കച്ചവടോന്‍മുഖവും മേല്‍ജാതീയവും സംഘടിത മതാത്മകവും നിക്ഷിപ്ത താല്‍പര്യോന്‍മുഖവുമായ ഒന്നായിരുന്നു. വില്യം റാന്‍ഡല്‍ഫ് ന്യൂയോര്‍ക്കില്‍ വിജയിപ്പിച്ച മാധ്യമ മാതൃക കേരളത്തില്‍ പരീക്ഷിക്കപ്പെട്ടു. എല്ലാറ്റിനും മീതെ അവര്‍ വ്യാപാര താല്‍പര്യത്തിന്റെ കട്ടിക്കരിമ്പടം പൊതിഞ്ഞു. അതിന്റെ ഏറ്റവും ക്രൂരവും അനീതിപൂര്‍വവുമായ കൊട്ടിക്കയറല്‍ ആയിരുന്നു നക്‌സലൈറ്റ് കാലം.
ഇടതുപക്ഷത്തോട് വിയോജിപ്പുള്ള ഒരു മാധ്യമം തീവ്രഇടതിനോട് വിയോജിക്കുന്നത് അതിസ്വാഭാവികമാണ്. പക്ഷേ, വിയോജിക്കുക അല്ല മനോരമ ചെയ്തത്. കേരളത്തിന്റെ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ നുണകള്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അച്ചടി മഷി പുരണ്ടു. അതിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ എന്ന് ഉത്തരം പറയാം. പക്ഷേ, അജിതയുടെ അര്‍ധനഗ്‌ന ശരീരത്തെ പ്രദര്‍ശിപ്പിക്കുക എന്ന പില്‍ക്കാല മാധ്യമപ്രവര്‍ത്തനത്തിന്റെ അടിബലമായിത്തീര്‍ന്ന അനീതി അക്കാലത്ത് സംഭവിച്ചു. ടി. നാരായണന്‍ പകര്‍ത്തിയ അജിതയുടെ ആ ചിത്രം മലയാള മാധ്യമങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ രാഷ്ട്രീയ വോയറിസം ആയിരുന്നു. നക്‌സല്‍ വേട്ടക്കായി ഏതറ്റവും വരെ പോകാന്‍ തയാറായിരുന്നു അന്നത്തെ പൊലീസ്. വര്‍ഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പില്‍ക്കാല വിവാദങ്ങളും വെളിപ്പെടുത്തലുകളും ഓര്‍ക്കുക. അതേ പൊലീസിന്റെ ഹീനതന്ത്രമായിരുന്നു അജിതയുടെ അര്‍ധനഗ്‌ന ചിത്രം. രാഷ്ട്രീയ മുന്നേറ്റങ്ങളെ ലൈംഗികതയുമായി ചേര്‍ത്ത് അവതരിപ്പിക്കുക. അതിന് കൂട്ടുനില്‍ക്കാന്‍ മനോരമ രണ്ടാമതൊന്ന് ആലോചിച്ചില്ല.
ചര്‍വിത ചര്‍വണമാണ് ചാരക്കേസ്. പക്ഷേ, കേരളം പലപാട് ആര്‍ജിച്ച മുഴുവന്‍ സാമൂഹിക നൈതികതകളും മാധ്യമങ്ങള്‍ കാറ്റില്‍ പറത്തിയ കാലമായിരുന്നു അത്. അഥവാ അത്തരം നൈതികതകള്‍ ഒന്നുമില്ലാത്ത, ആരുടെയും ജനാധിപത്യ-പൗരാവകാശങ്ങള്‍ അപഹരിക്കുന്നതിന് ഒരു മടിയുമില്ലാത്ത ഒരു പൊങ്ങുസമൂഹമായി മലയാളിയെ മാധ്യമങ്ങള്‍ മാറ്റിയ കാലം. നിര്‍ഭാഗ്യവശാല്‍ അതിലും മുന്‍നിരയില്‍ മനോരമ വഴികാട്ടി. മറിയം റഷീദയുടെ പൂര്‍ണകായ ഫോട്ടോ ആദ്യം പ്രസിദ്ധീകരിച്ചത് മനോരമയാണ്. ഒരു കുറ്റപത്രം പോലും അക്കാലത്ത് അവര്‍ക്കെതിരെ നല്‍കപ്പെട്ടിരുന്നില്ല. മനോരമയുടെ അന്നത്തെ തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം മാലിയില്‍ പോയി ആ ഫോട്ടോ സംഘടിപ്പിച്ചതിനെക്കുറിച്ചും ആ ഫോട്ടോ അച്ചടിച്ച മനോരമ പത്രത്തിന് വേണ്ടി നടന്ന പിടിച്ചുപറിയെക്കുറിച്ചും തോമസ് ജേക്കബ് നേരിട്ടെഴുതിയിട്ടുണ്ട് (ട്രൂകോപ്പി തിങ്ക്). നമ്പിനാരായണനെതിരെ അക്കാലത്ത് ഉയര്‍ന്ന രണ്ട് ആരോപണങ്ങളെക്കുറിച്ചും അതിന്റെ നിജസ്ഥിതി കണ്ടെത്തിയതിനെക്കുറിച്ചും തോമസ് ജേക്കബ് അതേ ലേഖനത്തില്‍ പറയുന്നു. തിരുനല്‍വേലിയില്‍ നമ്പി നാരായണന് വലിയ ഫാമും ഫാം ഹൗസും വലിയ കുളവും ഉണ്ട് എന്നും ആ കുളത്തിലാണ് ഐ എസ് ആ ആര്‍ ഓവിലെ ശാസ്ത്ര രഹസ്യങ്ങള്‍ നിറച്ച പേടകങ്ങള്‍ ഒളിപ്പിച്ചിട്ടുള്ളത് എന്നുമായിരുന്ന ഒരു അക്കാല കഥ. രണ്ട് വിതുരയില്‍ എസ്റ്റേറ്റ് ഉണ്ടെന്നും അവിടെ സ്ഥാപിച്ച ഡിഷുകളിലൂടെയാണ് ചാരപ്രവര്‍ത്തനം നടത്തിയത് എന്നും. ഈ രണ്ട് കാര്യങ്ങളും നുണയാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെക്കുറിച്ച് തോമസ് ജേക്കബ് മനോഹരമായി എഴുതുന്നു. പക്ഷേ, ഒരു കാര്യം എഴുതാതിരിക്കുന്നു. ആ വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം ഇതാ ഇത് വ്യാജ കഥയാണ്, ഈ പറയുന്നതില്‍ നുണകളാണ് മുമ്പില്‍ എന്ന് അന്നത്തെയും എന്നത്തെയും ഒന്നാമനായ മനോരമ പറഞ്ഞില്ല. അന്ന് സൗകര്യങ്ങളില്‍ അതിമുമ്പനായ മനോരമക്ക് എത്ര എളുപ്പത്തില്‍ പൊളിച്ചുകളയാമായിരുന്നു തനിനിറം ഉള്‍പ്പടെയുള്ള ചെറുമാധ്യമങ്ങള്‍ എഴുതിനിറച്ച ട്യൂണക്കഥകള്‍? ചെയ്തില്ല, എന്നുമാത്രമല്ല നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യത്തോടെ അഴിഞ്ഞാടി. പെണ്‍സാന്നിധ്യം വാര്‍ത്തകളില്‍ ലൈംഗിക ചേരുവയാണെന്ന അധമപാഠം മനോരമയുടെ കാര്‍മികത്വത്തില്‍ പഠിപ്പിക്കപ്പെട്ടു. നവോത്ഥാനം കേരളത്തില്‍ ഉറപ്പിക്കാന്‍ ശ്രമിച്ച ലിംഗനീതിയുടെ വെളിച്ചം കെടുത്തിക്കളഞ്ഞു. ആ നാളുകളിലെ വ്യാജനിര്‍മിതികളെ മനോരമ ഈ ദിവസം വരെ തള്ളിപ്പറഞ്ഞിട്ടില്ല. മറിച്ച്, പ്രചാരത്തില്‍ മുന്‍പന്തിയിലുള്ള ഒരു പത്രത്തിന് വായനക്കാരില്‍ നിന്നുണ്ടാവുന്ന സമ്മര്‍ദ്ദം എന്ന തൊടുന്യായത്തില്‍ കാലം കഴിച്ചു. മലയാള ടെലിവിഷനിലെ പ്രവണതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനോരമ ചാനലിലെ ജോണിലൂക്കോസ് ഗ്രേറ്റസ്റ്റ് ദ ലേറ്റസ്റ്റ് എന്ന സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നുണ്ട്. ആളുകളുടെ മൂഡിനൊപ്പം നിന്ന് വാര്‍ത്ത നല്‍കുക എന്ന് വിശദീകരണം. അഴുക്കുചാലില്‍ വീണാല്‍ കരകയറുകയല്ല, അതില്‍ പുളക്കണം എന്ന് മിനിമം അര്‍ഥം.
ചാരക്കേസില്‍ സംഭവിച്ചതെന്ത് എന്ന തോമസ് ജേക്കബിന്റെ ട്രൂക്കോപ്പി തിങ്കിലെ വിശദീകരണം കൂടുതല്‍ വായന ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ സംഭവിക്കരുതായിരുന്നു എന്ന തോന്നലില്‍ നിന്നാണ് എല്ലാം മനോരമയല്ല ചെയ്തത് എന്ന് അദ്ദേഹം പറയുന്നത്. സത്യാന്വേഷണത്തിന് നേരിട്ടിറങ്ങിയതിന്റെ കഥയും അദ്ദേഹം മറച്ചുവെക്കുന്നില്ല. മത്സരത്തിന്റെയും സമ്മര്‍ദങ്ങളുടെയും അന്തരീക്ഷത്തെ മറികടക്കാനാകുമായിരുന്നില്ല എന്ന തുറന്നുപറച്ചിലാണത്. അപാരമായ പ്രൊഫഷണലിസവും ഉജ്വലമായ ധിഷണാശാലിത്വവും കൊണ്ട് മലബാറില്‍ മനോരമക്ക് വേരോട്ടവും മേധാവിത്വവുമുണ്ടാക്കിയ ന്യൂസ് എഡിറ്ററായിരുന്നു തോമസ് ജേക്കബ്. പതിറ്റാണ്ടുകള്‍ മനോരമയുടെ മുഖം തോമസ് ജേക്കബായിരുന്നു. ചാരക്കേസ് അനുഭവത്തിന് ശേഷം മനോരമ ചിലപ്പോഴെങ്കിലും പുലര്‍ത്തിയ സംയമനങ്ങള്‍ക്ക് പിന്നില്‍ നിശ്ചയമായും തോമസ് ജേക്കബിന്റെ വാര്‍ത്താക്കൂറിനും പ്രതിബദ്ധതക്കും വലിയ പങ്കുണ്ട്. ഇപ്പോള്‍ മനോരമയില്‍ തോമസ് ജേക്കബ് പോലുമില്ല. അത്തരമൊരു തുറന്നെഴുത്ത് ഇനിയുണ്ടാവുകയുമില്ല.
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ മലയാള മനോരമയില്‍ നിന്ന് പുറപ്പെട്ട അധാര്‍മികതകളില്‍ നിന്ന് ചില ഏടുകള്‍ മാത്രമാണ് നാം സംസാരിച്ചത്. അവര്‍ക്ക് വഴികാട്ടാമായിരുന്ന നിസ്തുല സന്ദര്‍ഭങ്ങളെ ഓര്‍മിപ്പിക്കുക എന്ന ധര്‍മം. ചാരക്കേസ് മനോരമ മാത്രം വിചാരിച്ചാല്‍ തുടക്കത്തിലേ വസ്തുതാപരം ആക്കാമായിരുന്നു. കാരണം അവരുടെ പ്രബലത തന്നെയാണ്. നിസ്സഹായന്റെ തെറ്റുകളെക്കാള്‍ പൊറുക്കാനാവാത്തത് പ്രബലന്റെ തെറ്റുകളാണ്. ആഘാതം കൂടുതലും അതിനാണ്. നോക്കു, പൂന്തുറയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് കൊവിഡ് കാലത്തെ പ്രക്ഷോഭത്തില്‍ സി.പി.എമ്മും ഉണ്ട് എന്ന പച്ച നുണ അച്ചടിച്ചത് ഏതെങ്കിലും ചെറുകിട പത്രമല്ല, മനോരമയാണ്. ഒരു കോപ്പി പോലും കൂട്ടാന്‍ യത്‌നിക്കേണ്ടാത്ത വിധം ബഹുദൂരം മുന്നിലുള്ള മനോരമ. പത്രാധിപസമിതി ഒന്നടങ്കം എഴുന്നേറ്റ് നിന്ന് മാപ്പുപറയേണ്ട ആ കൃത്യത്തിന് മനോരമ എന്ത് പ്രതിവിധിയാണ് ചെയ്തത്? കൊവിഡാണ് കാലമെന്ന് പോലും മറന്നുള്ള ഈ കളിക്ക് മനോരമയെ പ്രാപ്തമാക്കിയതും നമ്മളാദ്യം കണ്ട മൂല്യനഷ്ടമാണ്. റാന്‍ഡല്‍ഫിയന്‍ പ്ലേ എന്ന് അമേരിക്കന്‍ ഭാഷ.
ഇല്ല. ഒരു തിരുത്തലും ഉണ്ടാകില്ല. സമീപകാലത്ത് ഉയര്‍ന്ന സ്വര്‍ണ കള്ളക്കടത്ത് കേസിലും സംഭവിച്ചത് അതാണ്. സ്വപ്ന സുരേഷ് എന്ന സ്ത്രീ അതില്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്നു. ഇറച്ചിത്തുണ്ടം കണ്ട തെരുവുപട്ടികളെപ്പോലെ മലയാള മാധ്യമങ്ങള്‍ സ്വപ്നക്ക് പിന്നാലെ പാഞ്ഞു. ആ കേസിന്റെ എല്ലാ മെറിറ്റുകളും മറക്കപ്പെട്ടു. കൊവിഡിനോട് പൊരുതിത്തളരുന്ന ഒരു സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള സുവര്‍ണാവസരമായി ആ കേസ് പരിഗണിക്കപ്പെട്ടു. നോക്കൂ, ചാരക്കേസിനെ അനുസ്മരിപ്പിക്കുന്ന പച്ച നുണകളും മിസ്‌ക്വാട്ടുകളും അരങ്ങ് തകര്‍ക്കുന്നത്. അതിനിര്‍ഭാഗ്യവശാല്‍ അതിലും മുന്‍നിരയില്‍ മനോരമയാണ്. ഒന്നാമത്തെ പത്രം. എതിരാളികളില്ലാത്ത പത്രം. അവനവനോട് മാത്രം മല്‍സരിക്കേണ്ട പത്രം. എത്ര എളുപ്പത്തില്‍ മെറിറ്റ് അടിസ്ഥാനമായുള്ള വാര്‍ത്താസംസ്‌കാരത്തിലേക്ക് അവര്‍ക്ക് കടന്നിരിക്കാമായിരുന്നു. ഇംഗ്ലീഷില്‍ ദ ഹിന്ദു പുലര്‍ത്തിയ അന്തസിലേക്ക് എത്താമായിരുന്നു. ചെയ്തില്ല. വഴികാട്ടാനുള്ള മുഴുവന്‍ അവസരവും ഒരാള്‍ പാഴാക്കുന്നു എന്നാല്‍ എന്താണര്‍ഥം? വഴികാട്ടാനുള്ള വെളിച്ചം അവരില്‍ ഇല്ല എന്ന്. കെ.സി മാമ്മന്‍ മാപ്പിളയുടെ ഒരു നിലപാട് മകന്‍ കെ എം മാത്യു ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം.
‘ത്യാഗങ്ങളുടെ മേല്‍ പടുത്തുയര്‍ത്തിയ സ്ഥാപനമാണ് മലയാള മനോരമ. ഒരു നൂറ്റാണ്ടിലേറെയായുള്ള കഷ്ടപ്പാടുകളിലൂടെ മനോരമ നേടിയെടുത്ത വിശ്വാസ്യത പെട്ടെന്നൊരു ദിവസം കളഞ്ഞുകുളിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം മനോരമക്ക് ഈ ആധുനികലോകത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.”
( എട്ടാമത്തെ മോതിരം,
കെ.എം മാത്യു. പേജ് 448)
മനോരമ വിശ്വാസ്യത കളഞ്ഞുകുളിച്ചില്ല. മറിച്ച് വിശ്വാസ്യത എന്താണെന്ന് നിര്‍വചിച്ചു. അത് പക്ഷേ, വിശ്വാസ്യതയുടെ വിപരീത പദമായിരുന്നു. അതിനാലാണ് മനോരമ ഇങ്ങനെ അല്ലായിരുന്നു എങ്കില്‍ എന്ന ആദരപൂര്‍ണമായ ആലോചന നടത്തുന്നത്. മറ്റൊരു കേരളം സാധ്യമായേനെ. പിണറായി വിജയന്‍ രണ്ടു വാചകങ്ങളില്‍ പറഞ്ഞ സാമൂഹിക ജീവചരിത്രത്തിന്റെ സാരാംശവും മറ്റൊന്നല്ല.
കെ കെ ജോഷി
You must be logged in to post a comment Login