അറിവിന്റെ ഡിജിറ്റലൈസേഷന്‍ ത്വരിതഗതിയില്‍ നടക്കുന്ന കാലമാണിത്. പ്രിന്റ് ചെയ്ത മെറ്റീരിയലുകളില്‍ നിന്ന് ഭിന്നമായി പുതിയ തലമുറ അധികവും ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ഡിവൈസുകളാണ്. ഡിജിറ്റല്‍ ലോകത്ത് വിജ്ഞാനത്തിന്റെ സാര്‍വത്രീകരണം ലക്ഷ്യമാക്കി 2001 ലാണ് വിക്കിപീഡിയ ആരംഭിക്കുന്നത്; അമേരിക്കക്കാരായ ജിമ്മി വെയില്‍സും ലാറി സാംഗറും ചേര്‍ന്ന്. ഓരോ വിഷയത്തെയും കുറിച്ച് വളരെ പെട്ടെന്ന് വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. നമ്മുടെ നാട്ടില്‍ അന്ന് ഇന്റര്‍നെറ്റ് വ്യാപകമായിരുന്നില്ലെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പല മലയാളികള്‍ക്കിടയിലും ഇന്റര്‍നെറ്റിന്റെ ഉപയോഗം സര്‍വ്വസാധാരണയായിരുന്നു. വിക്കിയുടെ സാധ്യതകള്‍ അവര്‍ തിരിച്ചറിഞ്ഞു. കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ വിക്കിപീഡിയക്ക് മലയാളം വേര്‍ഷനും തുടങ്ങി. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് അതിനു തുടക്കമിട്ടത്. പതിയെ, അറിവിന്റെ ഓരോ ശാഖകളും വിക്കിയില്‍ വന്നു. വിദേശ മലയാളികളായിരുന്നു-വിശേഷിച്ചും നമ്മുടെ ഭാഷയോട് അഗാധമായ താല്പര്യമുള്ള- അതിനു മുന്നില്‍ നിന്നത്. സ്വന്തം നാട്ടില്‍നിന്നുള്ള വേര്‍പിരിയലിന്റെ വിടവുകള്‍ തീര്‍ക്കാന്‍ അവര്‍ നമ്മുടെ ഭാഷയുമായി ബന്ധപ്പെട്ട വികാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍, പതിയെ സമ്പന്നമാവുകയായിരുന്നു വിക്കിപീഡിയ മലയാളം താളുകള്‍. 2004 മധ്യത്തോടെ മലയാളം യൂണിക്കോഡ് എഴുത്തു സാമഗ്രികള്‍ വന്നതോടെ കുറെയധികം പേര്‍ക്ക് ആയാസമില്ലാതെ എഴുതാന്‍ സാധിക്കുന്ന പരുവത്തിലായി. 2010 ആയപ്പോഴേക്കും ഏതാണ്ട് 16000 താളുകള്‍ മലയാളം വിക്കി പീഡിയയില്‍ വന്നിരുന്നു.
2015 -ലാണ് വിക്കി പീഡിയയെ സംബന്ധിച്ചു കൂടുതല്‍ പഠിക്കുന്നത്. അതിന്റെ മുമ്പു തന്നെ വിവിധ വിഷയങ്ങളില്‍ വായനയോ, പഠനമോ നടത്തുമ്പോള്‍ പ്രാഥമികമായി അവലംബമാക്കുന്ന സ്രോതസ് ആയിരുന്നു വിക്കിപീഡിയ. കാരണം, ഏതൊരു കീ വേഡും സെര്‍ച്ചിനു വേണ്ടി നല്‍കിയാല്‍ പ്രഥമമായി വരുന്ന ലിങ്ക് വിക്കിപീഡിയയുടേത് ആകുമല്ലോ. ആ വര്‍ഷം കോഴിക്കോട് ഫാറൂഖ് കോളജില്‍ നടന്ന വിക്കി പരിശീലന പരിപാടിയില്‍ സംബന്ധിച്ചു. മലയാളം വിക്കിപീഡിയയുടെ വികാസത്തില്‍ നിര്‍ണായക പങ്കുവഹിച്ച പലരും അതില്‍ പരിശീലനം നല്‍കാന്‍ എത്തിയിരുന്നു. അന്നാണ്, എത്രയോ മനുഷ്യരുടെ നിരന്തരമായ, നിസ്വമായ യത്‌നങ്ങളാണ് വിക്കിപീഡിയക്ക് പിന്നിലെന്നു തിരിച്ചറിഞ്ഞത്.
മൗലികമായി സ്വതന്ത്ര സ്വഭാവത്തിലുള്ള, പൊതുവില്‍ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും എഴുതാവുന്ന കൃത്യമായ മാനദണ്ഡങ്ങള്‍ നിലവിലുള്ള വിജ്ഞാന സങ്കേതമാണ് വിക്കിപീഡിയ. വിക്കിയില്‍ ആര്‍ക്കും ഇടപെടാം എന്നത് വലിയൊരു സാധ്യതയായി നിലനില്‍ക്കുമ്പോള്‍ തന്നെ, വളരെ തന്ത്രപൂര്‍വ്വം തീവ്രവാദ സ്വഭാവമുള്ള, ദുരൂഹ പശ്ചാത്തലമുള്ള സംഘടനകള്‍ അതില്‍ കൂടി സ്വന്തം ആശയപ്രചാരണത്തിനു വേദിയൊരുക്കുന്നു എന്നത് കാണാതെ പോകരുത്.
അന്നത്തെ വിക്കി ക്യാമ്പില്‍ പങ്കെടുത്ത ശേഷം ഒഴിവുവേളകളിലെല്ലാം വിക്കി പീഡിയയിലേക്കു എഴുതിയിരുന്നു. കേരള മുസ്ലിംകളുടെ ചരിത്ര വര്‍ത്തമാനങ്ങളില്‍ ആഴത്തില്‍ സംഭാവനകള്‍ അര്‍പ്പിച്ച ചില വ്യക്തികളെ കുറിച്ച്, ബലമായ തെളിവുകള്‍ ചേര്‍ത്തു കൊണ്ട്. പിന്നീട് മറ്റു ചില തിരക്കുകളില്‍ പെട്ട് സ്ഥിരമായി വിക്കിപീഡിയയിലേക്ക് എഴുതാന്‍ സാധിക്കാതെയായി. ഒരു വര്‍ഷത്തിന് ശേഷം പരിശോധിച്ചപ്പോള്‍, ഒന്നോ രണ്ടോ വ്യക്തികള്‍ തിരഞ്ഞുപിടിച്ചു ഞാന്‍ എഴുതിയ ഭാഗങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധിക്കുകയുണ്ടായി. കുറച്ചുകൂടി സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ആ പേജുകള്‍ക്ക് നേരെ മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിസ്റ്റ് പൊളിറ്റിക്‌സിനെ എതിര്‍ക്കുന്ന വ്യക്തികള്‍ , സ്ഥാപനങ്ങള്‍, സംഭവങ്ങള്‍ എന്നിവയെയെല്ലാം ഇങ്ങനെ ആളുകള്‍, ആക്രമിക്കുന്നതും മായ്ക്കാന്‍ ശ്രമിക്കുന്നതും കാണുകയുണ്ടായി.
നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്ലിയാര്‍ തുടങ്ങി അറബിയിലും മലയാളത്തിലും ഒരുപോലെ രചനകള്‍ നടത്തിയ പ്രശസ്തരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ പേജുകള്‍ വരെ ഡിലീറ്റ് ചെയ്യിക്കുന്നതിന് ഇവര്‍ കരുനീക്കം നടത്തിയിട്ടുണ്ട്.
മറ്റു പല തിരക്കുകള്‍ക്കിടയിലുമാണ് എല്ലാവരും വിക്കിയില്‍ എഴുതാന്‍ ശ്രമിക്കുന്നത്, ആവശ്യമായ രേഖകള്‍ നല്‍കുന്നത്. പിന്നീടുള്ള ജോലി, അതിലെ സംവാദങ്ങളില്‍ ഇടപെടലും, കൃത്യമായ ലക്ഷ്യങ്ങളോടെ ഇത്തരം ആളുകള്‍ നിര്‍മിക്കുന്നത് അജണ്ടകള്‍ക്ക് പിന്നാലെ പോവലും ആവുമ്പോള്‍ സ്വാഭാവികമായും വലിയ സമയനഷ്ടവും മടുപ്പും അനുഭവപ്പെടും.
വിക്കിപീഡിയ മലയാളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര- ദേശീയ -കേരളീയ ചിന്തകളെ, വ്യക്തികളെ , സംഘടനകളെ, പ്രസിദ്ധീകരണങ്ങളെ ഗ്ലോറിഫൈ ചെയ്ത് അവതരിപ്പിച്ചിരിക്കുന്നു . അന്താരാഷ്ട്ര രംഗത്ത് -മുസ്ലിം ബ്രദര്‍ഹുഡ്, ഇന്ത്യയിലും കേരളത്തിലും ജമാഅത്തെ ഇസ്ലാമി എന്നിവയെയാണ് ഇത്തരത്തില്‍ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം മുസ്ലിംകളുമായി ബന്ധപ്പെട്ടു മലയാളം വിക്കിപീഡിയയില്‍ എഴുതപ്പെട്ട രചനകളില്‍ 50 ശതമാനത്തിനു മീതെവരും, ഈ ഗ്ലോറിഫിക്കേഷന്‍. ഓര്‍ക്കണം 1920 -കളില്‍ ഈജിപ്തില്‍ തുടക്കമിട്ട സംഘടനയാണ് ബ്രദര്‍ഹുഡ്, 1941 ല്‍ അബുല്‍ അഅ്‌ലാ മൗദൂദി തുടക്കമിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അവരുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ആയാലും, ദേശീയ തലത്തിലായാലും, കേരളത്തിലായാലും അഞ്ചു ശതമാനത്തിലും കുറവാണ് താനും. മാത്രവുമല്ല, ഇസ്ലാമിനെ രാഷ്ട്രീയചിന്തയായി അവതരിപ്പിച്ചു ബഹുസ്വര സമൂഹത്തില്‍ ധ്രുവീകരണവും ഉണ്ടാക്കുന്നു. ഈ ധ്രുവീകരണവുമായി ബന്ധപ്പെട്ട രചനകള്‍ മുഖ്യധാരയില്‍ തന്നെ അനേകം വന്നതിനാലും, വിവിധ വിഷയങ്ങളെ ഇവര്‍ പൊളിറ്റിക്കലൈസ് ചെയ്യുന്നത് എങ്ങനെയാണെന്നും ദിനേന പൊതുവിടത്തിലെ പലരും ശ്രദ്ധിക്കുന്നതിനാല്‍ അതില്‍ വിശദീകരണം വേണ്ടതില്ല എന്ന് കരുതുന്നു.
ഒരു ഉദാഹരണത്തിന് വിക്കി പീഡിയയിലെ കേരളത്തിലെ പ്രഭാഷകര്‍ എന്ന വര്‍ഗ്ഗം എടുക്കാം: അതില്‍ നല്‍കിയിട്ടുള്ള ആളുകളുടെ ലിസ്റ്റ് ഇങ്ങനെയാണ്.
എം
എം.ഐ. അബ്ദുല്‍ അസീസ്
ക
കെ.ഇ.എന്‍. കുഞ്ഞഹമ്മദ്
കെ.എ. സിദ്ദീഖ് ഹസ്സന്‍
ട
ടി. ആരിഫലി
ടി.കെ. അബ്ദുല്ല
മ
മകാരം മാത്യു
വ
വാണിദാസ് എളയാവൂര്‍
വി.പി. മുഹമ്മദലി
ശ
ശൈഖ് മുഹമ്മദ് കാരകുന്ന്
സ
സുകുമാര്‍ അഴീക്കോട്
ഇതില്‍ 80 ശതമാനത്തിനും പൂര്‍ണമായും ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ എന്ന യോഗ്യതയല്ലാതെ മറ്റൊരു സവിശേഷതയും ഉള്ളവരല്ല. എം എ അബ്ദുല്‍ അസീസ് ജമാഅത്തെ ഇസ്ലാമിയുടെ നിലവിലെ അമീറാണ്. കെ.എ സിദ്ദീഖ് ഹസ്സന്‍ മുന്‍ അമീറാണ്. ടി. ആരിഫലിയും ടി കെ അബ്ദുള്ളയും മുന്‍അമീറുമാരാണ്. വാണിദാസ് എളയാവൂര്‍ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചു വരുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഏറെക്കുറെ പുറത്തിറക്കിയതും ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (IPH) ആണ്. ശൈഖ് മുഹമ്മദ് കാരക്കുന്ന് നിലവില്‍ ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീറാണ്. വി.പി മുഹമ്മദലി ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ സ്ഥാപക നേതാവാണ്. മുസ്ലിംകളില്‍നിന്ന് മറ്റാരുമില്ല. പൊതുവില്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍നിന്നുള്ളവര്‍, സുകുമാര്‍ അഴീക്കോട് അടക്കം ഒന്നുരണ്ടു പേര്. ഇത്തരം പേജുകള്‍ സൃഷ്ടിക്കല്‍ വളരെ ബോധപൂര്‍വവും, സംഘടിതവുമാണ്. പൊതുവിടത്തില്‍ വരുന്ന ഒരു വര്‍ഗത്തിന്റെ സ്വഭാവം ഇത്രമേല്‍ പൊളിറ്റിക്കല്‍ ഇസ്ലാമൈസേഷന്‍ ചെയ്യപ്പെടുന്നത് നിര്‍ദോഷപരവും അവിചാരിതവും ആണെന്ന് കരുതുന്നുണ്ടോ?
മുകളില്‍ സൂചിപ്പിച്ച ‘കേരളത്തിലെ പ്രഭാഷകന്മാര്‍’ എന്ന പേജ് രൂപപ്പെടുത്തിയ ഐ.ഡിയായ ഇര്‍ഷാദ് പി പിയുടെ ഇന്നുവരെയുള്ള വിക്കിപീഡിയ മലയാളം സംഭാവനകളെ സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. ഇയാള്‍ ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്. വിക്കിനിയമങ്ങളെല്ലാം വശത്താക്കിയ ഇയാള്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ചെയ്തു പോന്നിട്ടുള്ള, പ്രധാനപ്പെട്ട സംഭാവനകള്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ആഗോള, ദേശീയ , സംസ്ഥാന വിശേഷങ്ങള്‍ അതീവ വൈദഗ്ധ്യത്തോടെ വിക്കിയില്‍ സ്ഥാപിച്ചു എന്നതാണ്. എന്നാല്‍, അതോടൊപ്പം കേരളത്തിലെയും പുറത്തുമുള്ള മുസ്ലിം വിഭാഗങ്ങളുടെ പേജുകളില്‍ പോയി, (അവ ക്രിയേറ്റ് ചെയ്തവര്‍ വിക്കിയിലെ ഓരോ പോളിസിയെയും കുറിച്ച് സൂക്ഷമമായ വശമില്ലാത്തവര്‍ ആവാം) അപ്രധാനം കല്‍പ്പിക്കുകയും ഡിലീറ്റ് ചെയ്യിക്കുകയും നിരന്തരമായി സംവാദത്താളുകളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് പോവുകയും ചെയ്യുന്നു. വിക്കി നിയമപ്രകാരം ഇങ്ങനെ സംവാദങ്ങള്‍ക്ക് വഴിതുറക്കുന്നത് സാധ്യമാണ്. പക്ഷെ, അതിനകത്തെ താല്പര്യം സൂക്ഷ്മമായ വിലയിരുത്തലുകളില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിസ്റ്റ് പൊളിറ്റിക്‌സിനെ ഗ്ലോറിഫൈ ചെയ്യലും, അല്ലാത്തതെല്ലാം അദൃശ്യമാക്കലും ആണ്. കേരളത്തില്‍ മുസ്ലിംകളില്‍ അഞ്ചു ശതമാനത്തിനു താഴെ വരുന്ന ജമാഅത്തെ ഇസ്ലാമിയാണ് കേരള മുസ്ലിംകളുടെ അറിവിന്റെയും പാരമ്പര്യത്തിന്റെയും സോഴ്‌സ് എന്ന തലത്തില്‍ ചിത്രീകരിക്കാനുള്ള അട്ടിമറിയാണ് പബ്ലിക് വിജ്ഞാന കോശത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അത് അപകടകരമാണ്.
സയ്യിദ് ഖുതുബ് എന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രചാരകന്‍, ജമാഅത്തെ ഇസ്ലാമി, പ്രബോധനം വാരിക, നേരത്തെ പറഞ്ഞ ജമാഅത്തെ ഇസ്ലാമി സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദി, കേരളത്തിലെ പ്രചാരകന്‍ വി.പി മുഹമ്മദലി എന്നിങ്ങനെ ഇസ്ലാമിസ്റ്റ് പൊളിറ്റിക്‌സുമായി ബന്ധമുള്ളവയെ മഹാസംഭവമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല, ജനറല്‍ സ്വഭാവമുള്ള ലേഖനങ്ങളില്‍ പോലും സൂക്ഷ്മമായി ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്‌സ് കൊണ്ടുവന്നു. ഉദാഹരണത്തിന് ‘ജനാധിപത്യം’ എന്ന ശീര്‍ഷകത്തില്‍ ഉള്ള ലേഖനത്തിലെ ഇസ്ലാമിക ജനാധിപത്യം എന്ന സബ്‌ടൈറ്റില്‍ കാണുക; അതിനകത്ത് പറയുന്നു: ”ആധുനിക ജനാധിപത്യത്തെയും ഇസ്ലാമിനെയും ഈ രീതിയില്‍ ആദ്യമായി സൈദ്ധാന്തിക തലത്തില്‍ വിശകലനം ചെയ്തത് സയ്യിദ് മൗദൂദിയാണ്.” കൃത്യമായും ജമാഅത്തെ ഇസ്ലാമിയുടെ മൗദൂദി വിവക്ഷിക്കുന്ന, അത്യധികം അപകടകരവും മുസ്ലിം പണ്ഡിതലോകം തള്ളിയതുമായ രാഷ്ട്രീയ സങ്കല്‍പ്പത്തെ ഇസ്ലാമിന്റെ പേരില്‍ സ്ഥാപിക്കുന്നു. (വിക്കി ലിങ്ക് : https://ml.wikipedia.org/…/%E0%B4%9C%E0%B4%A8%E0%B4%BE%E0%B…)
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പേജുകള്‍ ശ്രദ്ധിച്ചു നോക്കൂ. വല്ലാത്ത ഗ്ലോറിഫിക്കേഷന്‍ ആണ്. ടൈറ്റിലുകളും സബ് ടൈറ്റിലുകളും, ഉപശീര്‍ഷകങ്ങളും ആയി നീണ്ടു കിടക്കുന്ന ലേഖനങ്ങള്‍. കുടിലമായ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ പേരില്‍ ലോകമാകെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍, അത്തരം ഒരു വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താതെ പല പേജുകളും രൂപപ്പെടുത്തുന്നതില്‍ ഇവര്‍ വര്‍ഷങ്ങളുടെ അധ്വാനവും കളക്ടീവ് ആയ ശ്രമവും നടത്തിയിട്ടുണ്ട്. ഞാന്‍ മുകളില്‍ പറഞ്ഞ, വ്യക്തിയുടെയടക്കം അക്കൗണ്ട് ഹിസ്റ്ററി പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും.
വിക്കിയിലെ ഒരു ആശയത്തിന്റെ സ്ഥാപകരാണ് ഇവര്‍ എന്ന് പെട്ടെന്ന് മനസ്സിലാവാതിരിക്കാന്‍ ഇടയ്ക്കിടെ സിനിമ, ആര്‍ട്ട്,കല എന്നിത്യാദി സംഭവങ്ങളെ പറ്റിയൊക്കെ എഴുതും എന്നതാണ് രസകരമായ കാര്യം. അതില്‍ പോലും, ചിലതില്‍ കൃത്യമായി ജമാഅത്തിനെ കൊണ്ടുവരും. ഉദാരണത്തിനു കാസര്‍കോഡ് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട ലേഖനത്തില്‍ ഇവര്‍ ഇടയ്ക്കു സോളിഡാരിറ്റിയെ കൊണ്ടുവരും.
ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട പേജില്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച വ്യക്തി ചേര്‍ത്ത പരാമര്‍ശമാണ് : ”സോളിഡാരിറ്റി പോലുള്ള സംഘടനകള്‍ അരിയും ഭക്ഷ്യ വസ്തുക്കളും എത്തിച്ചു!” ഇപ്പോഴും അതങ്ങനെ കിടക്കുന്നു.
കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും പ്രഭാഷകരും ആണ് എം.എന്‍ വിജയനും, സുകുമാര്‍ അഴീക്കോടും. അവരുടെ വിക്കി പ്രൊഫൈലിനെക്കാള്‍ മികച്ച രൂപത്തില്‍ സംവിധാനിക്കപ്പെട്ട വിക്കി പ്രൊഫൈല്‍ ആണ് ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റേത്. ജമാഅത്തെ ഇസ്ലാമിയുടെ പൊളിറ്റിക്കല്‍-മത എഴുത്തുകാരന് എങ്ങനെയാണു ഈ രൂപത്തില്‍ പ്രാധാന്യം കിട്ടുന്നത്? അതിനു തെളിവായി നല്‍കിയ ലിങ്കുകളില്‍ 90 ശതമാനവും ജമാഅത്തെ ഇസ്ലാമി വെബ്സൈറ്റും, അവരുടെ ജിഹ്വയായ പ്രബോധനം വാരികയും ആണ്. ഇതൊരു ദിവസം കൊണ്ട് പണിതെടുക്കുന്നതല്ല. കൃത്യമായ ആസൂത്രണത്തോടെ, പല ഭാഗത്തു നിന്ന് പല വ്യക്തികള്‍ വഴി സ്ഥാപിച്ചെടുക്കപ്പെടുന്നതാണ്.
ലോകത്തെവിടെയൊക്കെ ഇസ്ലാമിസ്റ്റ് പൊളിറ്റിക്‌സ് എഴുതുന്ന, ജമാഅത്തെ ഇസ്ലാമി ഉയര്‍ത്തിപ്പിടിക്കുന്ന വിധ്വംസക രാഷ്ട്രീയം പറയുന്ന ആരൊക്കെയുണ്ടോ, അവരുടെയെല്ലാം പ്രൊഫൈലുകള്‍ വിക്കി മലയാളത്തില്‍ അതീവ ചാരുതയോടെ, ഒരു വിമര്‍ശനത്തിന് പോലും ഇടമില്ലാത്ത വിശുദ്ധ വിഗ്രഹങ്ങളായി എഴുന്നള്ളിക്കപ്പെട്ടിരിക്കുന്നു.
നേരറിവിന്റെ ശില്പശാലയായ വിക്കിപീഡിയയിലേക്ക് വിഷമയമായ ഇത്തരം സങ്കല്‍പ്പങ്ങള്‍ ബോധപൂര്‍വ്വം കടത്തിക്കൂട്ടുന്നത്, നമ്മുടെ തലമുറയെയും ഭാവി തലമുറയെയും എത്ര അപകടകരമായാണ് ബാധിക്കുക എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എഡിറ്റ് ചെയ്തു ശരിയാക്കിക്കൂടേന്ന്. അതിനിരിക്കുമ്പോഴേക്ക്, വിക്കി സാങ്കേതിക അറിവുകളുമായി വന്ന് ഇവര്‍ അവയെ നിലനിറുത്തും. മുസ്ലിം വിശ്വാസവുമായി ബന്ധപ്പെട്ട് ആഴത്തില്‍ ധാരണയില്ലാത്ത മറ്റു അഡ്മിന്‍സ് ഇവര്‍ നിരത്തുന്ന സാങ്കേതികതയെ മാത്രം അവലംബിച്ചു അവര്‍ക്കു സമ്മതി നല്‍കും. ഒന്നോ രണ്ടോ തിരുത്തല്‍ നടത്തുമ്പോഴേക്ക്, സംവാദത്തില്‍ പോയ ആള്‍ അതിന് പിന്നീട് തുനിയാതെ വിക്കി എഡിറ്റിങ് പണി തന്നെ നിറുത്തും. ഇനി തിരുത്തിയാല്‍ തന്നെ അത്ര പെട്ടെന്നൊന്നും, തിരുത്തി തീര്‍ക്കാന്‍ കഴിയാത്തത്ര ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്‌സ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇവര്‍ വിക്കിയില്‍ നടത്തിയിട്ടുണ്ട്. അതീവ അപകടകരമാണ് അത്. അതിലേക്കു വരാം .
1.മലയാളം വിക്കിയില്‍ കാണുന്ന ഒരു പ്രൊഫൈല്‍ ആണ് കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍. 2009 ല്‍ സൃഷ്ടിക്കപ്പെട്ടതാണ്.
https://ml.wikipedia.org/…/%E0%B4%95%E0%B5%86.%E0%B4%8E%E0%…
അദ്ദേഹത്തിന്റെ വിശേഷണം ഇതാണ്: ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളാണ് കെ.എം. അബ്ദുല്‍ അഹദ് തങ്ങള്‍. ജമാഅത്തെ ഇസ്ലാമി കേരളയുടെ അസിസ്റ്റന്റ് അമീര്‍, ജമാഅത്തെ ഇസ്ലാമി കേരളയുടെ മുഖ്യ ഉപദേശകന്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. 11 കൊല്ലമായി ഇപ്പോഴും ഈ പ്രൊഫൈല്‍ നീക്കപ്പെടാതെ പോവുന്നത് എന്തുകൊണ്ടാണ്? ജമാഅത് ലിങ്കാണ് ആധാരമായി ചേര്‍ത്തിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ഉപനേതാവ് ആവുക എന്നത് വിക്കിപീഡിയയില്‍ ശ്രദ്ധേയനായി 11 വര്‍ഷം നിലനില്‍ക്കണം എങ്കില്‍, എങ്ങനെയാണു അത് സാധ്യമാകുന്നത്.
2. റഹ്മാന്‍ മുന്നൂര്
https://ml.wikipedia.org/…/%E0%B4%B1%E0%B4%B9%E0%B5%8D%E0%B… ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങള്‍ രചിച്ചതും വിവര്‍ത്തനം നിര്‍വഹിച്ചതുമാണ് ഇദ്ദേഹത്തിന്റെ സംഭാവന. ആ പുസ്തകങ്ങള്‍ ആവട്ടെ ജമാഅത്ത് പൊളിറ്റിക്‌സിനെ അരക്കിട്ടുറപ്പിക്കുന്നതും. പൊതുസമൂഹത്തില്‍ ഒരു ജമാഅത്ത് എഴുത്തുകാരന്‍ എന്ന നിലയിലല്ലാതെ ഒരു സ്പേസും ഇല്ലാത്തയാള്‍ ഇത്രയ്ക്കു ഭദ്രമായി വിക്കിമലയാളത്തില്‍ നിലനില്‍ക്കുന്നത് എങ്ങനെ?
3. ഖുര്‍റംമുറാദ്
https://ml.wikipedia.org/…/%E0%B4%96%E0%B5%81%E0%B5%BC%E0%B… പാക് ജമാഅത്ത് നേതാവ് എന്നതല്ലാതെ എന്ത് സംഭാവനയാണ് അദ്ദേഹത്തിന്റേതുള്ളത് എന്നറിയാന്‍ താല്‍പര്യം.
4 . ടി കെ ഉബൈദ്:
ജമാഅത്തെ ഇസ്ലാമി പ്രസിദ്ധീകരണങ്ങളില്‍ ലേഖനം എഴുതുന്നു എന്നതല്ലാതെ എന്ത് സംഭാവനയാണ് ഉള്ളത്.
https://ml.wikipedia.org/…/%E0%B4%9F%E0%B4%BF.%E0%B4%95%E0%… എമ്മാതിരി ബിംബവത്കരണമാണ് നടത്തിയതെന്ന് നോക്കൂ, പുസ്തകം വായിക്കുന്ന ചിത്രം, എഴുതുന്ന ചിത്രം..
4.കലീലയും ദിംനയും
ഈ ലേഖനം ആവശ്യമാണ്. പക്ഷെ, ഇത് എഴുതിയത് ഈ രചനയുടെ വിശേഷം പറയാനല്ല. ജമാഅത്തെ ഇസ്ലാമി പ്രദ്ധീസാധകാലയം ഐ പി എച്ച് അതിനിറക്കിയ വിവര്‍ത്തനം ഹൈലൈറ്റ് ചെയ്യാനാണ്. https://ml.wikipedia.org/…/%E0%B4%95%E0%B4%B2%E0%B5%80%E0%B…
5. ഖുര്‍ആന്‍ ബോധനം
മലയാളത്തിലെ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം എന്നാണ് ലേഖനത്തിന്റെ തുടക്കം. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു ഖുര്‍ആനെ വ്യാഖ്യാനം ചെയ്ത പുസ്തകശ്രേണിയാണിത്. എങ്ങനെയാണു അത് മലയാളത്തിലെ പ്രമുഖസ്ഥാനത്ത് വരുന്നത്?
Irshadpp, Zuhairali തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം നൂറുകണക്കിന് പേജുകള്‍ വന്നിട്ടുള്ളത്. കൂടാതെ അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കുറച്ചധികം ജമാഅത്തെ ഇസ്ലാമിക്കാരായ പ്രൊഫൈലുകളില്‍ നിന്നും. കൃത്യമായും ജമാഅത്തെ ഇസ്ലാമിയെ കേരളത്തിലെ മുസ്ലിംകളുടെ പൊതുആധാരമാക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. മറ്റുള്ള മുസ്ലിം വിഭാഗങ്ങളുടെ ഓരോ പേജിലും പോയി ശ്രദ്ധേയത ചോദ്യം ചെയ്യലും, ഡിലീറ്റ് ചെയ്യിക്കലും ആണ് irshadpp എന്ന ഐ.ഡിയുടെ മറ്റൊരു മുഖ്യദൗത്യം. എന്നാല്‍ ഇവര്‍ നിര്‍മിച്ച പല ലേഖനങ്ങളും വിക്കി വിഭാവനം ചെയ്യുന്ന ശ്രദ്ധേയത പുലര്‍ത്താത്ത, ജമാഅത്തെ ഇസ്ലാമിയുടെ സോഴ്‌സുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതുമാണ്.
കേരളത്തിലെ ജമാഅത്തെ ഇസ്ലാമി എണ്ണത്തില്‍ തുലോം കുറവാണെങ്കിലും, വിവിധ മാധ്യമങ്ങളില്‍ നുഴഞ്ഞുകയറി സ്വാധീനം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അതിലൂടെ അവര്‍ മൗദൂദി വിഭാവനം ചെയ്യുന്ന രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് സ്പേസ് ഉണ്ടാക്കിയെടുക്കുകയാണ്. കോഴിക്കോട്ട് തന്നെ പല പേരില്‍ ഇവര്‍ക്ക് പ്രസിദ്ധീകരണ സംരംഭങ്ങള്‍ ഉണ്ട്. ഐ.പി.എച്ച് ആണ് ദൃശ്യതയില്‍ കാണുന്നത് എങ്കിലും. ദൃശ്യതയിലേക്ക് വരാനുള്ള, വിശേഷിച്ചും ബൗദ്ധികമായ വഴികളില്‍ കൂടുതല്‍ ഇരുപ്പുറപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ഇവര്‍ നടത്തുന്നത്. സുഹൈറലിയെ പോലുള്ളവരുടെ വിക്കിപീഡിയയിലെ ഇടപെടല്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വം കൃത്യമായി നിയോഗിച്ചത് പ്രകാരം അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് എന്നാണ് മനസിലാകുന്നത്.
ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിക്കി മലയാള വാട്‌സ് ആപ് ഗ്രൂപ്പില്‍ ഞാന്‍ ഉന്നയിച്ചിരുന്നു. ഞങ്ങള്‍ പണിപ്പെട്ടു രൂപപ്പെടുത്തിയതാണ് എന്നാണ് സുഹൈര്‍ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന്റെ അധ്വാനം ഉണ്ട്. പക്ഷേ,അതിന്റെയെല്ലാം കാതലായ ലക്ഷ്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്ത അപകടകടപരമായ മതകീയവും രാഷ്ട്രീയവുമായ താല്പര്യങ്ങളെ വിക്കി പോലുള്ള പൊതുവില്‍ വിശ്വസ്തതയുള്ള പൊതുസഞ്ചയത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. അത് വിക്കി ഡാറ്റാ വികസനം എന്ന വിശാലമായ കാഴ്ചപ്പാടില്‍ നിന്ന് തീര്‍ത്തും വിരുദ്ധമായി, വിക്കി ഡാറ്റകളെ സ്വാര്‍ത്ഥ താല്പര്യപ്രകാരം നിര്‍മിക്കലായിരുന്നു.
വിക്കിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മനുഷ്യരുടെ ആത്മാര്‍ത്ഥത , ഫാറൂഖ് കോളജിലും , കോഴിക്കോടും നടന്ന രണ്ടു ക്യാമ്പുകളില്‍ പങ്കെടുത്ത എനിക്ക് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മതപരമോ രാഷ്ട്രീയമോ ആയ ഒരു ലക്ഷ്യവും ഇല്ലാതെ, ഒരു പാട് സമയം ഇതിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ പങ്കാളികളാവുന്നത് ലോകത്തിലെതന്നെ മികച്ച ജ്ഞാനസങ്കേതം നമ്മുടെ ഭാഷയില്‍ ഏറ്റവും നന്നായി അവതരിപ്പിക്കപ്പെടണം എന്ന ഒരേ താത്പര്യത്തിലായിരുന്നു. അങ്ങനെ വികസിപ്പിച്ചെടുക്കപ്പെട്ട വിക്കികണ്ടന്റുകളിലേക്ക് വളരെ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമി പൊളിറ്റിക്‌സ് കയറ്റിക്കൂട്ടുന്നത് ഒരുതരത്തിലും നീതീകരിക്കാവതല്ല.
വിക്കിപീഡിയയിലേക്ക് ആസൂത്രിതമായി വിവരങ്ങള്‍ കൊണ്ടുവരാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കീഴില്‍ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗ്രൂപ്പിന്റെ ലക്ഷ്യം ജമാഅത്തെ ഇസ്ലാമി ആശയത്തെ വിക്കിയില്‍ ഗ്ലോറിഫൈ ചെയ്യുക എന്നത് മാത്രമാണ്. actiwiki എന്നാണ് പേര്. ഓരോ സമയത്തും ജമാഅത്തെ ഇസ്ലാമി താല്‍പര്യത്തോടെ പേജുകള്‍ എതെല്ലാം ടൈറ്റിലില്‍ നിര്‍മിക്കാം, ഏതെല്ലാം പേജുകളെ നശിപ്പിക്കാം, ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടു വന്ന ലേഖനങ്ങളുമായി വരുന്ന വിമര്‍ശനങ്ങളെ എങ്ങനെ കളക്ടീവ് ആയി, തന്ത്രപരമായി , സംവാദ പേജില്‍ പോയി ഒതുക്കാം എന്നതെല്ലാം ആണ് അതിലൂടെ നടക്കുന്നത്. ഞാന്‍ നേരത്തെ ഉന്നയിച്ച പോലെ ഓരോ പേജും വളരെ ആസൂത്രിതമായി നിര്‍മിച്ചതാണ്.
വിക്കി പോളിസികള്‍ സംബന്ധമായി എനിക്കുള്ള അറിവ് പ്രകാരം അതിന്റെ ഊന്നല്‍ വിവരങ്ങളുടെ കൃത്യതയിലും നിഷ്പക്ഷ സമീപനത്തിലും ആണ്. വിക്കിപീഡിയ എന്ന ലോകത്തെ ഏറ്റവും വലിയ പൊതുവിജ്ഞാന സഞ്ചയത്തിന്റെ കാര്യത്തില്‍ ധാര്‍മികമായി ശരിയല്ല എന്ന് കൃത്യമായി മനസ്സിലായ കാര്യങ്ങളാണ്, സ്വന്തമായി വാട്‌സ്ആപ്പ് ഉണ്ടാക്കിയതിലൂടെ, ജമാഅത്തു വിവക്ഷിക്കുന്ന മതത്തെ ആസൂത്രിതമായി അവതരിപ്പിക്കുന്നതിലൂടെ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്.
പരാമര്‍ശിത ജമാഅത്ത് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിന്റെ ഒരുദാഹരണം ചൂണ്ടിക്കാട്ടാം. പ്രബോധനം, ബോധനം തുടങ്ങി പ്രത്യക്ഷമായി തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളായി വന്നവയെ അവലംബിച്ചു എല്ലായ്‌പ്പോഴും, ജമാഅത്ത് താല്പര്യ പ്രകാരം സൃഷ്ടിക്കുന്ന താളുകളില്‍ പ്രബലമായി അവയെ നിലനിറുത്താന്‍ സാധിക്കണം എന്നില്ല. അപ്പോള്‍, എഡിറ്റര്‍മാര്‍ക്കോ നിരീക്ഷകര്‍ക്കോ മനസ്സിലാക്കാന്‍ കഴിയാത്ത വിധം പ്രബലമെന്നു തോന്നിക്കുന്ന വിധത്തിലുള്ള മറ്റുള്ള സോഴ്‌സുകള്‍ ഹാജരാക്കുന്നു( ഓരോ സന്ദര്‍ഭത്തിനും വേണ്ടിയുണ്ടാക്കുന്നു). അങ്ങനെ സോഴ്‌സുകള്‍ കണ്ടെത്താനും അവയെ ഇത്തരം സൈറ്റുകളില്‍ അപ്ഡേറ്റ് ചെയ്യാനും ജമാഅത്ത് താല്പര്യപ്രകാരം രൂപപ്പെടുത്തുന്ന പേജുകളുടെ അവലംബമായി ചേര്‍ക്കുകയും ചെയ്യുന്നു. ഓരോ പേജും ക്രിയേറ്റ് ചെയ്യുന്നത് കൃത്യമായ ആലോചനകളുടെയും, അതിനനുസരിച്ചുള്ള അവലംബങ്ങള്‍ പിന്നണിയില്‍ രൂപപ്പെടുത്തിയും ആണ്.
ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിക്കിയില്‍ എഴുതുന്നവരോ അക്കൗണ്ട് ഉള്ളവരോ മാത്രമല്ല ഉള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ യുവ നേതാക്കള്‍ പലരുമുണ്ട്. ഉദാഹരണത്തിന് അവരുടെ ഒരു എഴുത്തുകാരനും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയുമായിരുന്ന സമദ് കുന്നക്കാവ് ആ ഗ്രൂപ്പില്‍ അംഗമാണ്. (അപ്പേരില്‍ വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യുന്ന ഒരംഗം ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ തന്ത്രങ്ങള്‍ മെനയാനും അതിനനുസരിച്ച് ലിങ്കുകള്‍ രൂപപ്പെടുത്താനും പറ്റുന്ന ആളുകള്‍ അതിലുണ്ട്. ഇത് സുഹൈറലിയുടെയോ ഇര്‍ഷാദിന്റെയോ മാത്രം ലക്ഷ്യത്തില്‍ നിന്ന് വന്ന ഗ്രൂപ്പ് അല്ല എന്ന് മനസിലാക്കണം, ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിന്റെ അറിവോടെയും പിന്തുണയോടെയും നടക്കുന്ന ഗ്രൂപ്പാണ് എന്നല്ലേ നമ്മളിതില്‍നിന്ന് മനസ്സിലാക്കേണ്ടത്?
ഈ വാട്‌സാപ്പ് ഗ്രൂപ്പില്‍ സുഹൈറലിക്ക് പുറമെ മറ്റൊരു അഡ്മിനായിട്ടുള്ള അംജദ് അലിക്ക് വിക്കിയില്‍ അക്കൗണ്ട് ഉള്ളതായി ഞാന്‍ കണ്ടിട്ടില്ല.അദ്ദേഹം ജമാഅത്തെ ഇസ്ലാമി ആശയങ്ങള്‍ പ്രബോധനം ചെയ്യാന്‍ വേണ്ടി മാത്രം കോഴിക്കോട് നടത്തുന്ന സംരംഭത്തിന്റെ പ്രോജക്ട് മാനേജറാണ്. അപ്പോള്‍, ജമാഅത്തെ ഇസ്ലാമിക്ക് ദൃശ്യത നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ വ്യക്തികളെ ഏകോപിപ്പിക്കുന്ന അംജദ് അലി, വിഷയങ്ങള്‍ വരുമ്പോള്‍ അവരെ കൊണ്ട് പല ലിങ്കുകളും നിര്‍മിപ്പിക്കുകയും അത് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് വിക്കിയില്‍ ആക്റ്റീവ് ആയ ഇര്‍ഷാദ് പി.പി യെ പോലുള്ള ആളുകള്‍ക്ക് കൈമാറുകയും ചെയ്യുന്നു.
അന്വേഷണം ഇവിടെത്തീരുന്നില്ല. പരസ്പര ബന്ധിതമായ ഒരു ശൃംഖലാ ദൗത്യവുമായി ഇസ്ലാമിസ്റ്റ് പൊളിറ്റീഷ്യന്മാര്‍ വിക്കിപീഡിയയെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെ പൊതുവിടത്തിലേക്ക് ആസൂത്രിതമായി കൊണ്ടുവരാനുള്ള കാലങ്ങളായുള്ള പരിശ്രമങ്ങളാണിതൊക്കെ. വലിയ സമയവും അധ്വാനവും വേണം, വിക്കിയില്‍ തുടര്‍ച്ചയായി ഇടപെടാന്‍. ഈ ആളുകള്‍ക്കൊക്കെ വിക്കി പീഡിയയില്‍ ഇങ്ങനെ തെറ്റായ, പോളിസി വിരുദ്ധമായ വിവരങ്ങള്‍ ചേര്‍ക്കാന്‍ ജമാഅത്തെ ഇസ്ലാമി വേതനം നല്‍കുന്നുണ്ടോ എന്ന് കൂടി ഇനി അന്വേഷിക്കേണ്ടിയിരിക്കുന്നു.
കവര്‍സ്റ്റോറി/ എം ലുഖ്മാന്‍
You must be logged in to post a comment Login