ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ കേരളത്തിലെ മുസ്ലിംകളെക്കുറിച്ച്, വിശിഷ്യ മാപ്പിളമാരെക്കുറിച്ച് പഠിക്കാനും പദ്ധതികളാവിഷ്‌കാരിക്കാനും ഒരു പ്രത്യേക വിഭാഗമുണ്ടത്രെ. രാഷ്ട്രീയ സ്വയം സേവക് സംഘിന് 1925ലെ വിഡ്ഡിദിനത്തില്‍ ബീജാവാപം നല്‍കുമ്പോള്‍ 1921ലെ മലബാര്‍ പോരാട്ടങ്ങളുടെ അസത്യങ്ങളും അര്‍ധ സത്യങ്ങളും നിറഞ്ഞ ഒരു റിപ്പോര്‍ട്ട് ഡോ. ഹെഡ്‌ഗേവാറിന്റെ മുന്നിലുണ്ടായിരുന്നു. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുക്കളുടെ പ്രതിരോധമുറപ്പിക്കാന്‍ സായുധവളണ്ടിയര്‍ സേനക്ക് രൂപം നല്‍കണമെന്ന്, മുസ്സോളിനിയുടെ ഫാഷിസത്തെക്കുറിച്ച് പഠിച്ച ഡോ. മൂഞ്ചെയും വി.ഡി സവര്‍ക്കറും ആഹ്വാനം ചെയ്ത കാലഘട്ടമായിരുന്നു അത്. അന്നുമുതല്‍ ഇന്നുവരെ ആര്‍ എസ് എസിന്റെ കണ്ണ് മലബാറിലാണ്. ഏറ്റവും കൂടുതല്‍ ‘ശാഖകള്‍’ സ്ഥാപിച്ച് സംഘടനക്ക് അടിത്തറയുണ്ടാക്കാന്‍ പരിശ്രമിച്ച മണ്ണാണ് കേരളത്തിലേത്. പക്ഷേ, സ്വാതന്ത്ര്യസമര, സാമൂഹിക നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസവും മറ്റു വിപ്ലവാശയങ്ങളും വേരൂന്നിയപ്പോള്‍ 55ശതമാനം വരുന്ന ഹൈന്ദവസമൂഹത്തില്‍ അഞ്ചുശതമാനത്തിന്റെ പോലും പിന്തുണ ആര്‍ജിക്കാന്‍ ആര്‍ എസ് എസിന് കഴിഞ്ഞില്ല. 2014ല്‍ കേവലഭൂരിപക്ഷത്തോടെ ബി ജെ പി കേന്ദ്രഭരണത്തിലേറിയിട്ടും മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടുന്നതില്‍ ഹിന്ദുത്വ ആശയങ്ങള്‍ പരാജയപ്പെട്ടു. പരമ്പരാഗതമായി കൈമാറിയ മതനിരപേക്ഷ മൂല്യങ്ങള്‍, കമ്യുണിസ്റ്റുകളുടെ സ്വാധീനം, 45ശതമാനം വരുന്ന മുസ്ലിം, ക്രൈസ്ത വിഭാഗങ്ങളുടെ സന്ധിയില്ലാ എതിര്‍പ്പ്, കാവിരാഷ്ട്രീയ കൂട്ടായ്മയിലെ ജനകീയനേതാക്കളുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ ബി ജെ പിയുടെ വളര്‍ച്ച ബോണ്‍സായി മരം പോലെ മുരടിപ്പിച്ചുനിറുത്തി. 2019ലെ തിരഞ്ഞെടുപ്പില്‍ 12.93ശതമാനം വോട്ട് നേടിയെങ്കിലും സമീപകാലത്തൊന്നും ലോക് സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി വളരില്ല എന്ന അനുമാനത്തിലത്തൊന്‍ ദേശീയനേതൃത്വം നിര്‍ബന്ധിതരായി. മറ്റു സംസ്ഥാനങ്ങളില്‍ ബി ജെ പി പുഷ്ടിപ്പെട്ടത് കോണ്‍ഗ്രസില്‍നിന്ന് വളവും വെള്ളവും വലിച്ചെടുത്താണ്. പക്ഷേ, കേരളത്തില്‍ മുത്തശ്ശി പാര്‍ട്ടി ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് യു ഡി എഫിന്റെ ബലത്തിലാണ്. അതാവട്ടെ 26ശതമാനം വരുന്ന മുസ്ലിംകളിലെ പ്രബലവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന മുസ്ലിംലീഗിന്റെ ചുമലില്‍ താങ്ങിയാണ്. കേരളത്തിലെ മുസ്ലിം സമൂഹത്തെ മുന്നില്‍വെച്ച് നടത്തിയ പരീക്ഷണങ്ങളും ആസിഡ്‌ടെസ്റ്റുകളും ഇതുവരെ വിജയം കാണാതെ പോയത് പല കാരണങ്ങളാലാണ്. സമുദായത്തില്‍ ഭീകരവാദം വളര്‍ത്തി മൊത്തത്തില്‍ നശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ കാര്യമായി ഏശിയില്ല.
കേരളത്തില്‍ മറ്റൊരു കശ്മീര്‍ സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രം പല കാരണങ്ങളാല്‍ വിലപ്പോയില്ല. ഗള്‍ഫില്‍നിന്നുള്ള സ്ഥിരം വരുമാനവും സുഖദായകമായ ജീവിതവും മതനേതൃത്വത്തിന്റെ ഫലപ്രദമായ ഇടപെടലും മുസ്ലിം യുവതയെ തീവ്രവാദത്തിലേക്ക് എടുത്തുചാടുന്നതില്‍നിന്നും തടഞ്ഞുനിറുത്തി. തീവ്രമായി ചിന്തിച്ച ഒരു ന്യൂനാല്‍ ന്യൂപക്ഷത്തെ സമുദായം അകറ്റിനിറുത്തിയതും അവരുടെമേല്‍ ചാര്‍ത്തിയ ‘സ്റ്റിഗ്മ’യും ആ വക കൂട്ടായ്മകള്‍ക്ക് സ്വീകാര്യതയോ വശ്യതയോ നേടിക്കൊടുത്തില്ല. അതുകൊണ്ട്തന്നെ ഏറ്റവും താഴെതട്ടിലുള്ള, ചിന്താശക്തികൊണ്ട് അനുഗ്രഹിക്കപ്പെടാത്ത ഒരു വിഭാഗമേ ഇത്തരം കൂട്ടായ്മകളില്‍ പങ്കാളികളായുള്ളൂ. ഹിന്ദുത്വരാഷ്ട്രീയത്തിന് കേരളത്തില്‍ ആഴത്തില്‍ വേരൂന്നണമെങ്കില്‍ രണ്ടുകൂട്ടര്‍ നശിക്കണമെന്ന് സംഘ്ബുദ്ധികള്‍ക്കും അജിത് ഡോവലുമാര്‍ക്കും അറിയാം. ഒന്ന് കേരളത്തിലെ ഇടതുമതേതര ബോധം. രണ്ടാമതായി സാമ്പത്തിക ഭദ്രതയുള്ള മുസ്ലിംകള്‍. യു ഡി എഫ് സംവിധാനത്തിന്റെ നട്ടെല്ലായ മുസ്ലിം ലീഗ് ക്ഷയോന്മുഖമാകുമ്പോള്‍ രാഷ്ട്രീയ ‘സുരക്ഷിതത്വം’ ആഗ്രഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് എളുപ്പത്തില്‍ മറുകണ്ടം ചാടാനാവും. അതോടെ, ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ സംഭവിച്ചത് പോലെ കോണ്‍ഗ്രസിന്റെ ഇടം കാവിരാഷ്ട്രീയത്തിന് പിടച്ചെടുക്കാനാവും. മുസ്ലിംകളെക്കുറിച്ച് നിരന്തരമായി പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങളും ആരോപണങ്ങളും ദേശീയതലത്തില്‍ അര്‍നാബ് ഗോസ്വാമിമാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യുന്നുണ്ടെങ്കിലും വസ്തുതകളുടെ അഭാവത്തില്‍ ഉദ്ദേശിച്ച ഫലം ചെയ്യാറില്ല. മലപ്പുറം ജില്ലയെ കുറിച്ച് എന്തൊക്കെയാണ് ആര്‍ എസ് എസുകാര്‍ എഴുതിവിടാറ്. ആര്‍ എസ് എസ് ജിഹ്വയായ കേസരിയില്‍, ‘മലപ്പുറം : അണിയറയിലൊരുങ്ങുന്ന മറ്റൊരു കാശ്മീര്‍’ എന്ന ശീര്‍ഷകത്തോടെ എഴുതിയ ലേഖനത്തില്‍ തുടക്കത്തില്‍ തന്നെ വിവരിക്കുന്ന ഭീകരാവസ്ഥ ശ്രദ്ധിക്കൂ: ‘ഇന്നലത്തെ കശ്മീര്‍ ഇന്നത്തെ കേരളമാവുകയാണ്. ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് 1988 ല്‍ ചെയ്ത ബഹിഷ്‌കരണാഹ്വാനം ഇന്ന് മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടുകാരും എസ് ഡി പി ഐക്കാരും ജമാഅത്തെ ഇസ്ലാമിക്കാരും നടത്തുകയാണ്. 1989ല്‍ ബി ജെ പി പ്രവര്‍ത്തകനായ നികലാല്‍ തപ്ലുവിനെ നിരവധി പേരുടെ മുമ്പിലിട്ട് കൊന്നത് ഹിന്ദുസമൂഹത്തെ ഭയപ്പെടുത്താനായിരുന്നു. കശ്മീരില്‍ തുടങ്ങിയ ബഹിഷ്‌കരണാഹ്വാനം മലപ്പുറത്ത് മഹല്‍കമ്മിറ്റികള്‍ വരെ ഏറ്റെടുത്തിരിക്കുന്നു. വാട്‌സാപ്പ് പ്രചരണം വഴി ഹിന്ദുക്കള്‍ക്ക് വെള്ളം നിഷേധിക്കുന്നു. കട ഒഴിപ്പിക്കുന്നു. ഇതിന് ഇരയായി ഒരാള്‍ മരണപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ വരാനിരിക്കുന്ന അഭയാര്‍ഥി പ്രവാഹത്തിന്റെ നാന്ദിയാണോ എന്ന് ഭയപ്പെടേണ്ട അവസരത്തിലും കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ കണ്ണും വായുംമൂടി മൂഢസ്വര്‍ഗത്തില്‍ കഴിയുകയാണ്'( കേസരി 2020 ഫെബ്രുവരി18 ). കുപ്രചാരണങ്ങളുടെ ഒരു മാതൃക മാത്രമാണിത്. കേരളം മറ്റൊരു കശ്മീരാണെന്നും ഇവിടെ ഭീകരവാദപ്രവര്‍ത്തനം ശക്തിയാര്‍ജിക്കുകയാണെന്നും ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നും വരുത്തിത്തീര്‍ക്കാനും അതുവഴി ഭൂരിപക്ഷസമൂഹത്തിന്റെ മനസ്സില്‍ ഭയാശങ്കകള്‍ നിറക്കാനുമുള്ള ആസൂത്രിത നീക്കളങ്ങളാണ് വിവിധ തലങ്ങളില്‍ അരങ്ങേറുന്നത്. കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത് മുസ്ലിം തീവ്രവാദികളോട് മമത കാട്ടുന്നുവെന്നോ അവരുമായി രഹസ്യബാന്ധവത്തിലാണെന്നോ ഉള്ള കല്ലുവെച്ച നുണകളാണ്. ഇവിടെയാണ് നയതന്ത്ര ചാനലിലൂടെ എത്തിയ മുപ്പത് കിലോഗ്രാം സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ അദൃശ്യമാനങ്ങളിലേക്ക് സൂക്ഷ്മമായി ഇറങ്ങി അന്വേഷിക്കേണ്ടിവരുന്നത്.
സര്‍ണക്കടത്തും എന്‍ ഐ എയുടെ കണ്ടെത്തലുകളും
ജൂലൈ നാലിന് ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ സെക്ഷനിലെത്തിയ,15കോടിരൂപ വില മതിക്കുന്ന, 30244. 9 ഗ്രാം 24 കാരറ്റ് സ്വര്‍ണം തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ളതാണ്. ഇതാദ്യമല്ല കേരളത്തിലേക്ക് ഇത്രയും സ്വര്‍ണം കടത്തുന്നത്. കസ്റ്റംസ് കമീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2019-20വര്‍ഷത്തില്‍ 550കി.ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇത് യഥാര്‍ത്ഥ സ്വര്‍ണക്കടത്തിന്റെ ചെറിയൊരു അംശം മാത്രമാണ്. പ്രതിവര്‍ഷം ശരാശരി1000ടണ്‍ മഞ്ഞലോഹം രാജ്യത്തേക്ക് ഒഴുകുമ്പോള്‍ അതില്‍ വലിയൊരു ഭാഗം കള്ളക്കടത്ത് ഉരുപ്പടിയാണ്. എന്തുകൊണ്ട് അതൊന്നും തന്നെ ഇപ്പോള്‍ സംഭവിച്ചത് പോലെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തയാവുന്നില്ല എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ആരും അതിന് തുനിഞ്ഞിറങ്ങാറില്ല എന്നത് തന്നെ. ഇപ്പോഴത്തെ സംഭവം കേരളത്തെ ‘പിടിച്ചുകുലുക്കിയത്’ രണ്ടു കാരണങ്ങളാലാണ്. ഒന്നാമതായി, കസ്റ്റംസ് ‘ഇമ്യുണിറ്റിയുള്ള’ ഡിപ്‌ളോമാറ്റിക് ചാനലിലൂടെ സ്വര്‍ണം മുമ്പ് കടത്തിയിട്ടുണ്ടെങ്കിലും നമ്മളാദ്യമായാണ് അതറിയുന്നത്. രണ്ടാമതായി. ദുബൈയില്‍നിന്ന് വരുന്ന സ്വര്‍ണം ഏറ്റുവാങ്ങുന്നത് സ്വപ്നസുരേഷ് എന്ന സ്ത്രീയാണ് എന്നത് തന്നെ. അവര്‍ മുമ്പ് ഐ.ടി വകുപ്പിന്റെ കീഴിലെ സ്‌പേസ് പാര്‍ക്കിന്റെ ഓപ്പറേഷന്‍ മാനേജരുടെ പദവിയില്‍ ഇരുന്നിട്ടുണ്ട് എന്നതും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നുമുള്ള ആരോപണം വിഷയത്തെ കള്ളക്കടത്തിനപ്പുറത്തേക്ക് എത്തിച്ചു. കഥയിലേക്ക്, മേനിയഴകുള്ള ഒരു സ്ത്രീ കടന്നുവന്നതോടെ, മുമ്പ് ചാരക്കേസിലെ മറിയം റഷീദയെ കൊണ്ട് പെരുന്നാളൂട്ടിയ പത്രങ്ങളും ചാനലുകളും സഭ്യതയുടെയും മാന്യതയുടെയും എല്ലാ പരിധികളും ലംഘിച്ച് ആ സ്ത്രീയുടെ സ്വകാര്യജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചു. എങ്ങനെ യു എ ഇ നയതന്ത്രാലത്തിന്റെ ബാഗേജില്‍ സ്വര്‍ണം വന്നുവെന്നോ ആര്‍ക്കുവേണ്ടിയാണ് ഇത് എത്തിച്ചതെന്നോ കൃത്യമായി അന്വേഷിക്കുന്നതിനു പകരം ആരോടൊക്കെയാണ് സ്വപ്ന ചങ്ങാത്തം കൂടിയതെന്നും ആരുടെ കൂടെയാണ് ചിത്രമെടുത്തതെന്നും മാന്യന്മാര്‍ കേട്ടാലറക്കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട മറ്റന്വേഷണങ്ങളിലും മാധ്യമങ്ങള്‍ മുഴുസമയം ചെലവിട്ടു.അതോടെ, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ബി ജെ പിയോടൊപ്പം ചേര്‍ന്നു മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഉപായങ്ങള്‍ തേടി നെട്ടോട്ടമോടി. മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിനു വേണ്ടിയാണീ സ്വര്‍ണക്കടത്ത് എന്ന മട്ടില്‍ നുണകള്‍ അഴിച്ചുവിട്ടു. കൊവിഡ് പ്രതിരോധയജ്ഞത്തിലേര്‍പ്പെട്ട, അതില്‍ ആഗോളസമൂഹത്തിന്റെ കൈയടിയും ആഭിനന്ദനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഇതുവരെ ആളെ പറ്റിക്കുകയായിരുന്നുവെന്നും ഇനി വെറുതെവിട്ടാല്‍ പറ്റില്ലെന്നുമുള്ള സ്വരത്തില്‍ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ആക്രോശിച്ചുപ്പോള്‍ മുസ്ലിം ലീഗിന്റെ എം എല്‍ എ കെ.എം ഷാജി പിണറായി വിജയന്‍ അധോലോക നായകനാണെന്ന് വരെ വിളിച്ചുപറഞ്ഞു. കള്ളക്കടത്തിലെ പ്രതി സ്വപ്നസുരേഷിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള അവിഹിതബന്ധമാണ് ഡിപ്‌ളോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ പഴുത് നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാറ്റിന്റെയും ഉത്തരവാദിയെന്നും ആരോപിച്ച് ബഹളവും പ്രതിഷേധവും അരങ്ങുതകര്‍ത്തപ്പോള്‍, വിമാനത്താവളങ്ങളും കസ്റ്റംസും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നതിനാല്‍ ഉചിതമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതി. താമസംവിനാ,ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എയെ കേന്ദ്രം നിയോഗിക്കുകയും ചെയ്തു. സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.
മുംബൈ തീവ്രവാദാക്രമണത്തിനുശേഷം രൂപീകൃതമായ എന്‍ ഐ എക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി പല്ലും നഖവും വെച്ചുപിടിച്ചപ്പോള്‍ തന്നെ ഡല്‍ഹിയിലെ യജമാനന്മാരുടെ ഇംഗിതങ്ങളും പദ്ധതികളും നടപ്പാക്കുന്ന ഒരേജന്‍സിയായാണ് പലരുമതിനെ കണ്ടത്. എന്‍ ഐ എ വന്നുകേറിയപ്പോള്‍ തന്നെ പറഞ്ഞു; ഇത് കള്ളക്കടത്തോ മണ്ണാങ്കട്ടയോ അല്ല; തനി തീവ്രാദമാണ്. മുസ്ലിം ഭീകരവാദികള്‍ക്കുവേണ്ടിയാണ് ഈ സ്വര്‍ണം കൊണ്ടുവന്നിരിക്കുന്നത്. ജ്വല്ലറികള്‍ക്കാണെന്ന് ആരും ധരിച്ചുവശാവരുത്. മുഖ്യപ്രതി സ്വപ്നയെയും സന്ദീപ് നായരെയും കൈയില്‍ കിട്ടുന്നതിന് മുമ്പ് തന്നെ എന്‍ ഐ എ എല്ലാം കണ്ടുപിടിച്ചുകഴിഞ്ഞിരുന്നു. പോയ വര്‍ഷം സംസ്ഥാനത്തെ നാലുവിമാനത്താവളങ്ങള്‍ വഴി കൊണ്ടുവന്ന 550കി.ഗ്രാമും ഭീകരവാദത്തിനുവേണ്ടിയാണോ? ഈ ഭീകരവാദികള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ജ്വല്ലറികള്‍ക്കൊന്നും കൊടുക്കാതെ പുഴുങ്ങിത്തിന്നുകയാണോ? ആര്‍ എസ് എസിന്റെ കൃപാശിസ്സുകളുള്ള ഒരു ജ്വല്ലറിയാണ് ഇപ്പോഴെത്തിയ സ്വര്‍ണത്തിന്റെ ലക്ഷ്യമെന്നു അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് ഭീകരവാദമുഖം ഈ സ്വര്‍ണക്കടത്തിനു നല്‍കുന്നതും ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടുന്നതും. അതോടെ, അങ്കലാപ്പിലായത് മലബാറിലെ, വിശിഷ്യ മലപ്പുറത്തെ സമുദായപാര്‍ട്ടി നേതൃത്വമാണ്. സരിത്തും സന്ദീപ് നായരും സ്വപ്ന സുരേഷുമൊക്കെ കാരിയറുകളും മധ്യവര്‍ത്തികളുമാണ്. ആര്‍ക്കുവേണ്ടിയാണീ സ്വര്‍ണം കൊണ്ടുവന്നിരിക്കുന്നത്? പെരിന്തമണ്ണ സ്വദേശി റമീസിനാണെന്നാണ് കസ്റ്റംസും എന്‍ ഐ എയും വെളിപ്പെടുത്തിയത്. ആര്‍ എസ് എസിന്റെ കീഴില്‍ 2010ല്‍ ഡല്‍ഹി ആസ്ഥാനമായി നിലവില്‍ വന്ന ഹിന്ദു എകണോമിക് ഫോറത്തിന് കൊച്ചി ആസ്ഥാനമായി ചാപ്റ്റര്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്തെ പ്രമുഖരായ ഏതാനും ജ്വല്ലറി ഉടമകളുടെയും വസ്ത്രാലയങ്ങളുടെയും മറ്റു ബിസിനസ് സംരംഭകരുടെയും സജീവമായ കൂട്ടായ്മയായി അത് വളര്‍ന്നു. ഇപ്പോഴത്തെ സ്വര്‍ണക്കടത്തിനു പിന്നില്‍ എകണോമിക് ഫോറത്തിന്റെ ചില പ്രമുഖരുണ്ടെന്നാണ് ആദ്യം പ്രചരിച്ച വര്‍ത്തമാനങ്ങള്‍. ബി എം എസ് നേതാവ് കസ്റ്റംസില്‍ വിളിച്ചതും കള്ളക്കടത്തുകാര്‍ക്കുവേണ്ടി ഹാജരാവാറുള്ള എകണോമിക് ഫോറം സാരഥി സ്വപ്നക്കു വേണ്ടി ഹാജരാവാന്‍ ശ്രമിച്ചതുമെല്ലാം കൂട്ടിവായിക്കുമ്പോള്‍ ഏകദേശ ചിത്രം തെളിയുന്നുണ്ട്.
നാഗപൂരില്‍നിന്ന് രൂപപ്പെടുത്തിയ സിദ്ധാന്തങ്ങള്‍ എന്‍ ഐ എ പ്രായോഗികതലത്തിലേക്ക് കൊണ്ടുവരാന്‍ തുടങ്ങിയാല്‍ ഇക്കാണുന്ന സ്വപ്നയെയോ സരിത്തിനെയോ സന്ദീപിനെയോ കഥാന്ത്യത്തില്‍ കണ്ടെന്ന് വരില്ല. വില്ലന്റോളില്‍ റമീസും ദുബൈയില്‍നിന്ന് സ്വര്‍ണമയച്ചുവെന്ന് പറയപ്പെടുന്ന ഫാസില്‍ ഫരീദുമൊക്കെയായിരിക്കും ബാക്കിയാവുക. അവരിലൂടെ നടപ്പാക്കുന്ന ‘ശുദ്ധീകരണ കലശം’ എവിടെച്ചെന്നവസാനിക്കുമെന്ന് പ്രവചിക്കാനാകില്ല. ഗുജറാത്തിലാണ് ഏറ്റവുംകൂടുതല്‍ അവിഹിത സാമ്പത്തിക ഇടപാട് നടക്കുന്നത്. അത് ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്നതിനാല്‍ ഭയപ്പെടാനില്ല. നോട്ട് അസാധുവാക്കിയത് വഴി എത്ര കോടികളാണ് വെളുപ്പിച്ചത് ? നിനച്ചിരിക്കാത്ത ഭാഗത്തുനിന്ന് വന്നുകിട്ടിയ അവസരം ഉപയോഗപ്പെടുത്താനാണ് അമിത്ഷാ എന്‍ ഐ എയെ വിട്ടിരിക്കുന്നത്. അവര്‍ എല്ലാ കുഴിമാടവും തോണ്ടും. മലബാറിന്റെ സമ്പദ്ഘടനയെ ഉലക്കുമാറ് പല കണ്ടെത്തലുകളും നടത്തും. ആ കണ്ടെത്തലുകള്‍ ആരുടെയെല്ലാം അടിത്തറയിളക്കുമെന്ന് കണ്ടറിയണം! ബി ജെ പിയുടെ കേരള മോഹങ്ങള്‍ക്ക് സ്വര്‍ണക്കടത്തുകേസ് എങ്ങനെയെല്ലാം പിടിവള്ളിയാകുമെന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Kasim Irikkoor
You must be logged in to post a comment Login