കശ്മീരി നേതാക്കള്‍ക്കു മുന്നില്‍ രണ്ടു വഴികളേയുള്ളൂ എന്നാണ് കഴിഞ്ഞ വര്‍ഷം ബി ബി സിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാ ഫൈസല്‍ പറഞ്ഞത്. ഒന്നുകില്‍ ഭരണകൂടത്തിന്റെ കിങ്കരനാവുക; അല്ലെങ്കില്‍ വിഘടനവാദിയാവുക. അധികാരികളുടെ പിണിയാളായി നില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് ഐ എ എസ് ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയകക്ഷിയുണ്ടാക്കിയ ആ യുവാവിന് പതിനാറു മാസമേ അതിന്റെ തലപ്പത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. പ്രത്യേക പദവി നഷ്ടപ്പെട്ട്, ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഷാ ഫൈസല്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടി, 2010-ല്‍ ഐ എ എസ് കരസ്ഥമാക്കിയ ഷാ ഫൈസല്‍ കശ്മീരിലെ അവസരങ്ങള്‍ കൊതിക്കുന്ന യുവാക്കള്‍ക്ക് മാതൃകാ പുരുഷനായിരുന്നു. അതുകൊണ്ടുതന്നെ, കശ്മീരിലെ കൊലപാതക പരമ്പരയിലും മുസ്ലിംകളോടുള്ള വിവേചനത്തിലും പ്രതിഷേധിച്ച് 2019-ല്‍ അദ്ദേഹം സിവില്‍ സര്‍വീസ് വിട്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍പ്പോലും അത് വാര്‍ത്തയായി. പുതുതായി രൂപംകൊടുത്ത ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെ (ജെ കെ പി എം) അധ്യക്ഷനായി, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നരേന്ദ്രമോഡി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമയുര്‍ത്തിയ ഷായെ ഈ തീരുമാനം നടപ്പാക്കും മുമ്പുതന്നെ കേന്ദ്രം തടങ്കലിലിട്ടു.
ഉപരിപഠനത്തിനായി വിദേശത്തേക്കു പോകുംവഴി ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍വെച്ചാണ് ഷായെ അറസ്റ്റു ചെയ്തത്. ജയിലിലും വീട്ടു തടങ്കലിലുമായി കഴിയേണ്ടിവന്ന ആ മുപ്പത്തേഴുകാരന് അതിനു ശേഷം പുറംലോകം കാണാനിയിട്ടില്ല. വീട്ടുതടങ്കലില്‍ നിന്ന് മോചിതനാകുന്നു എന്ന വാര്‍ത്തകള്‍ക്കൊപ്പമാണ് ഷാ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവും വരുന്നത്. സിവില്‍ സര്‍വീസില്‍ നിന്നുള്ള രാജി സ്വീകരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവിടെ തിരിച്ചെത്തുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഉപരിപഠനത്തിന് വിദേശത്തേക്കു പോകാനാണ് പദ്ധതിയെന്നു പറയുന്നവരുമുണ്ട്. പൊടുന്നനെയുള്ള ഈ മനംമാറ്റത്തിന് കാരണമെന്താണെന്ന് ഇപ്പോഴും തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തി ചോദിച്ചിട്ടുണ്ട്. കശ്മീര്‍ എന്ന കേന്ദ്രഭരണ പ്രദേശത്ത് രാഷ്ട്രീയജീവിതം അസാധ്യമാണെന്ന് ഒരു വര്‍ഷത്തിലേറെ നീണ്ട തടങ്കല്‍ ജീവിതം ആ യുവാവിനെ പഠിപ്പിച്ചു എന്നാണ് ഉത്തരം.
ഒരിക്കലും പ്രാവര്‍ത്തികമാകാത്ത മായികസ്വപ്നങ്ങള്‍ നല്‍കി കശ്മീര്‍ ജനതയെ വഴിതെറ്റിക്കാന്‍ താനില്ലെന്നാണ് രാഷ്ട്രീയം വിടുന്നുവെന്ന വാര്‍ത്ത വന്ന ശേഷം ആഗസ്ത് പത്തിന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ സവീദ് ഇഖ്ബാലിന് നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞത്. ‘എന്നെയൊരു രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. എന്റെ കുടുംബവും എന്റെ കൂടെനിന്നവരും ഞാന്‍ കാരണം വിഷമിക്കേണ്ടിവന്നു. ഞാന്‍ ഒറ്റക്കായിപ്പോകുമെന്നു മനസ്സിലായി. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ സത്യം പറയാന്‍ കഴിയില്ലെന്ന് മനസ്സിലായി. രാഷ്ട്രീയമല്ല എന്റെ വഴിയെന്ന് മനസ്സിലായി.” ജമ്മുകശ്മീരില്‍ മുഖ്യധാരാ രാഷ്ട്രീയത്തിന് സ്ഥാനമുണ്ടോ എന്ന ചോദ്യത്തിന് സത്യമായും എനിക്കറിയില്ല എന്ന മറുപടിയാണ് ഷാ നല്‍കുന്നത്. ‘എനക്കറിയില്ല’ എന്ന ആ മറുപടിയില്‍ എല്ലാം ഉണ്ട്. ജമ്മു കശ്മീരില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലാതായിക്കഴിഞ്ഞു. ജനാധിപത്യം പടിക്കു പുറത്തായിക്കഴിഞ്ഞു.
ശാശ്വത സമാധാനവും വന്‍ വികസനവും വാഗ്ദാനം ചെയ്ത് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രഖ്യാപനം ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയത് 2019 ആഗസ്ത് അഞ്ചിനായിരുന്നു. സ്വാതന്ത്ര്യപ്പോരാട്ടത്തില്‍ ഒരിക്കലും പങ്കാളികളായിട്ടില്ലാത്ത കുറച്ചാളുകള്‍ ആഗസ്ത് 15ന് സ്വാതന്ത്ര്യദിനം ആചരിക്കുന്ന ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് ബോധപൂര്‍വം തിരഞ്ഞെടുത്ത ദിവസമായിരുന്നു അതെന്ന് ‘ദ വയറി’ല്‍ എഡിറ്റര്‍ സിദ്ധാര്‍ഥ വരദരാജന്‍ എഴുതുന്നു. അന്നേ ദിവസം ഇന്ത്യ ഉറങ്ങുമ്പോള്‍ കശ്മീര്‍ ജനത ഉണര്‍ന്നത് കര്‍ഫ്യൂവിലേക്കും സ്വാതന്ത്ര്യനിഷേധത്തിലേക്കുമായിരുന്നു. അതിന് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുകയും അത് നടപ്പാക്കുകയും ചെയ്ത ഒരുകൂട്ടമാളുകള്‍ പള്ളി പൊളിച്ച സ്ഥലത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. നീതിയുടെയും ന്യായത്തിന്റെയും മുകളില്‍ അക്രമവും അനീതിയും വിജയം വരിച്ച, യാഥാര്‍ഥ്യത്തിനും സത്യത്തിനും ഉപരിയായി സങ്കല്‍പങ്ങളും കെട്ടുകഥകളും ആധിപത്യമുറപ്പിച്ച, നവീകരണത്തിനും സമുദ്ധാരണത്തിനും മേല്‍ തെമ്മാടിത്തം ആഘോഷിക്കപ്പെട്ടതിന്റെ ഓര്‍മദിവസമായാവും ചരിത്രത്തില്‍ ഈ ദിവസം രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറയുന്നു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിനു സമാനമായാണ് കശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അന്നാട്ടുകാര്‍ കാണുന്നതെന്ന് ഇസ്പിത ചക്രവര്‍ത്തി ദ സ്‌ക്രോളില്‍ എഴുതിയിട്ടുണ്ട്. കശ്മീര്‍ കേന്ദ്രഭരണ പ്രദേശമായതിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പ് പ്രക്ഷോഭങ്ങള്‍ ഭയന്ന് മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു എന്നതുതന്നെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നതിന്റെ പരാജയസമ്മതമാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാതാക്കിയും നൂറുകണക്കിനാളുകളെ തടവിലിട്ടും പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തിയും കൊവിഡിന്റെ നിയന്ത്രണങ്ങള്‍ മൂലം അന്തര്‍ ജില്ലാ യാത്രകള്‍ തടയപ്പെട്ടും കിടക്കുന്ന, ഒരു പ്രക്ഷോഭത്തിനും സാധ്യതയില്ലാത്ത പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു എന്നതുതന്നെ, ജമ്മുകശ്മീര്‍ ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്.
ഭരണഘടന നല്‍കുന്ന പ്രത്യേക പദവികള്‍ റദ്ദാക്കി ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി ഇല്ലാതാക്കുന്നതോടെ ഭീകരവാദം അവസാനിച്ച് കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ പറഞ്ഞത്. ഈ ലക്ഷ്യവും നിറവേറ്റാനായിട്ടില്ലെന്ന് ഗവേഷകനായ ഖാലിദ് ഷാ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സംസ്ഥാനപദവി നഷ്ടമായ കശ്മീരിലേക്ക് 112 നുഴഞ്ഞുകയറ്റങ്ങളുണ്ടായി. അതിര്‍ത്തിയില്‍ ആറു മാസത്തിനിടെ 2300 വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായി. മുന്‍വര്‍ഷം ഇതേ കാലയളവിലുണ്ടായതിനെ അപേക്ഷിച്ച് 75 ശതമാനം കൂടുതലാണിത്. ഓരോ മാസവും 14000-15000 തീവ്രവാദ വിരുദ്ധ നീക്കങ്ങളാണത്രേ സൈന്യം നടത്തുന്നത്. ഈ കാലയളവില്‍ നാല് തീവ്രവാദ സംഘടനകളുടെ തലവന്മാരടക്കം 140 തീവ്രവാദികളെ വധിച്ചെന്നാണ് സൈന്യത്തിന്റെ അവകാശവാദം. 26 പട്ടാളക്കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം നാട്ടുകാരാണ്. അക്കൂട്ടത്തില്‍ കൂടുതല്‍ അപകടകാരികളായ, വിദേശ ഭീകരപ്രവര്‍ത്തകരുടെ എണ്ണം തീരെ കുറവാണ്. ഈ വര്‍ഷം ആദ്യത്തെ ഏഴു മാസത്തിനിടെ 90 യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേര്‍ന്നു എന്നാണ് ഔദ്യോഗിക കണക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കുറവാണ് ഇത്. എന്നാല്‍ 2015, 2016 വര്‍ഷങ്ങളില്‍ ചേര്‍ന്നവരുടെ മൊത്തം എണ്ണത്തിന് തുല്യമാണ് ഇത്.
ജമ്മുകശ്മീരിലെ ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കി പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമര്‍ത്തി എന്നതൊഴിച്ചാല്‍ കേന്ദ്രനടപടികൊണ്ട് മറ്റ് നേട്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കശ്മീരിലെ സി പി എം നേതാവ് യൂസഫ് തരിഗാമി ‘ന്യൂസ് ക്ലിക്കു’മായുള്ള അഭിമുഖത്തില്‍ പറയുന്നു. സമാധാനത്തിന്റെയോ വികസനത്തിന്റെയോ ഒരു തുരുത്തും അവിടെ പ്രത്യക്ഷമായില്ല. തടങ്കല്‍ പാളയത്തിലെന്നപോലെ കഴിയുന്ന ജനങ്ങളുടെ ജീവിതദുരിതം ഇരട്ടിച്ചു, ജീവിതത്തിന്റെ സമസ്ത മേഖലകളും കലുഷമായി. സാമ്പത്തിക രംഗം കൂപ്പുകുത്തി. മിക്ക രാഷ്ട്രീയ നേതാക്കളും വിഘടനവാദ നേതാക്കളും ജയിലിലായി. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഉമര്‍ അബ്ദുല്ല, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ എന്നിവരെ വിട്ടയച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്ത്തിയുടെ കരുതല്‍ തടങ്കല്‍ മൂന്നു മാസംകൂടി നീട്ടി. പുറത്തുവന്നാല്‍ രാഷ്ട്രീയം പറയരുതെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ വിസമ്മതിച്ചതാണ് തടങ്കല്‍ നീട്ടാന്‍ കാരണമായത്. പഞ്ചായത്ത് സീറ്റുകളുടെ 62 ശതമാനവും ഒഴിഞ്ഞുകിടക്കുന്നു. സേനയെ ആശ്രയിച്ച് സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിലൂടെ കശ്മീരിലെ ജനങ്ങളും ഇന്ത്യന്‍ യൂനിയനും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്.
ജമ്മുകശ്മീരിലെ ജനങ്ങള്‍ പാകിസ്ഥാനോടൊപ്പം നില്‍ക്കാതെ ഇന്ത്യയോടൊപ്പം നിന്നത് വെറും കൂട്ടിച്ചേര്‍ക്കല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ, ജനാധിപത്യ, ബഹുസ്വര രാഷ്ട്രമായി നിലകൊള്ളുമെന്നും ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക പദവിയും പരമാവധി സ്വയംഭരണവും നല്‍കുമെന്നും ഉറപ്പുനല്‍കിയതുകൊണ്ടുകൂടിയായിരുന്നു അത്. ഇത് ഭരണഘടനാ ബാധ്യതയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം തടങ്കലിലാക്കി, കശ്മീര്‍ താഴ്വരയെ മുഴുവന്‍ വലിയൊരു ജയിലാക്കി മാറ്റിക്കൊണ്ടാണ് ഭരണഘടന ഉറപ്പുനല്‍കിയ ഈ അവകാശങ്ങള്‍ കവര്‍ന്നെടുത്തത്. ലോകവും രാജ്യവും ജമ്മുകശ്മീരും കൊവിഡ് മഹാമാരിയില്‍പ്പെട്ട് ഉഴലുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ മാര്‍ഗത്തിലൂടെയും ഏകപക്ഷീയമായും പുതിയ സ്ഥിരതാമസക്കാര്‍ക്കായി ചട്ടങ്ങള്‍ ഉണ്ടാക്കി. പുതിയ വ്യവസ്ഥകളിലൂടെ മേഖലയുടെ ജനസംഖ്യാനുപാതം തന്നെ മാറ്റിമറിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. കശ്മീര്‍ ജനതയുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ഇതിലൂടെ എന്ന് തരിഗാമി പറയുന്നു.
ജമ്മുകശ്മീരില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പുറംലോകത്തിന് തോന്നുന്നുണ്ടെങ്കില്‍ അത് അവിടത്തെ വിവരങ്ങള്‍ പുറത്തുവരാത്തതുകൊണ്ടു മാത്രമാണ്. ഇന്റര്‍നെറ്റ് വിഛേദിക്കുന്നതും കര്‍ഫ്യൂവും കാരണം പ്രാദേശിക പത്രങ്ങള്‍ ഇറങ്ങാതെയായി. ഇറങ്ങുന്നുണ്ടെങ്കില്‍ത്തന്നെ പത്രക്കുറിപ്പു മാത്രമുള്ള നോട്ടീസുകളെപ്പോലെയാണവ വരുന്നത്. ദേശീയ മാധ്യമങ്ങളുടെ ലേഖകരെ നക്ഷത്ര ഹോട്ടില്‍ പാര്‍പ്പിച്ച് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമേ കിട്ടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളെ സര്‍ക്കാറിന്റെ സുരക്ഷയില്‍ വല്ലപ്പോഴും വിനോദസഞ്ചാരത്തിന് കൊണ്ടുവരുന്നു. ജൂണില്‍ തയാറാക്കിയ പുതിയ മാധ്യമനയം അഭിപ്രായസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതാണ്. അപ്രഖ്യാപിത സെന്‍സര്‍ഷിപ്പിന് തുല്യമാണിത്. ഇന്റര്‍നെറ്റ് തുടര്‍ച്ചയായി വിച്ഛേദിച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തെ മാത്രമല്ല ബാധിക്കുന്നത്. കൊവിഡ് കാലത്ത് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പഠനത്തിന് ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍ കശ്മീരിലെ കുട്ടികള്‍ ഇരുട്ടില്‍ തപ്പുകയാണ്.
കശ്മീര്‍ മുതല്‍ അയോധ്യവരെയുള്ള ഭരണകൂടനിലപാടുകളില്‍ തെളിയുന്നത് ബി ജെ പിയുടെ അപ്രമാദിത്വം മാത്രമല്ലെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതുന്നു. ബദല്‍ രാഷ്ട്രീയത്തിന്റെ പൂര്‍ണപരാജയമാണ് ഇവിടെ നിഴലിക്കുന്നത്. രാമക്ഷേത്രം തങ്ങളുടേതുകൂടിയാണ് എന്ന അവകാശവാദം ഉയര്‍ത്താന്‍ പ്രതിപക്ഷ കോണ്‍ഗ്രസ് ശ്രമിക്കുന്നത് അതുകൊണ്ടാണ്. കശ്മീരില്‍ രാഷ്ട്രീയം സാധ്യമാണോ എന്ന ചോദ്യത്തിന് എനിക്കറിയില്ലെന്ന മറുപടി നല്‍കാന്‍ ഷാ ഫൈസലിനെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാകുന്നതും അതുകൊണ്ടാണ്. രാഷ്ട്രീയം അന്യമാകുന്ന കശ്മീരിന് സംസ്ഥാന പദവി നഷ്ടമായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ പക്ഷേ, ഒരു സുപ്രധാന രാഷ്ട്രീയ നിയമനം നടത്തി. ഗുജറാത്ത് കേഡറിലെ ഐ എ എസ് ഓഫീസറായിരുന്ന ഗിരീഷ് ചന്ദ്ര മുര്‍മുവിന്റെ സ്ഥാനത്ത് മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്ന ബി ജെ പി നേതാവിനെ സംസ്ഥാനത്തിന്റെ ഭരണനേതൃത്വം ഏല്‍പ്പിച്ച സംഭവം ജമ്മുകശ്മീരിന്റെ ഭാവി എന്താകും എന്നതിലേക്കുള്ള ചൂണ്ടുപലകയാണ്.
വി ടി സന്തോഷ്
You must be logged in to post a comment Login