ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം വിദ്യാര്‍ഥികള്‍ തന്നെയാണെന്ന് തെളിയിക്കുന്നതിനായി ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ നിരന്തരം വേട്ടയാടുകയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ റാങ്കിങ് പ്രകാരം, രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളില്‍ ഏറ്റവും മികച്ചത് എന്ന സ്ഥാനം ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല സ്വന്തമാക്കുകയുണ്ടായി. 90% സ്‌കോര്‍ കരസ്ഥമാക്കിക്കൊണ്ട് ജാമിഅ പിന്നിലാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, അരുണാചല്‍ പ്രദേശിലെ രാജീവ് ഗാന്ധി സര്‍വകലാശാല അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. കൂടാതെ ഇക്കഴിഞ്ഞ ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ റാങ്ക് പട്ടികയിലും രാജ്യത്തെ ഏറ്റവും മികച്ച പത്ത് സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ജാമിഅ ഇടം നേടിയിരുന്നു. ജാമിഅയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ താമസിച്ച് പരിശീലനം നേടിയ മുപ്പത് വിദ്യാര്‍ഥികള്‍ യു പി എസ്സി പരീക്ഷ പാസായതോടെ ആഗസ്റ്റ് ആദ്യവാരത്തില്‍ വീണ്ടും ഈ സര്‍വകലാശാല മാധ്യമശ്രദ്ധ നേടി. എന്നാല്‍ ഈ അക്കാദമിക മികവിനും പ്രശസ്തിക്കും ദേശീയ ശ്രദ്ധയ്ക്കുമപ്പുറം ജാമിഅയിലെ വിദ്യാര്‍ഥികളെ കുടുക്കാനുള്ള നയം സ്വീകരിച്ചിരിക്കുകയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍.
ഇക്കൊല്ലം ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം ജാമിഅ വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ഒരു മാസത്തിനിടെ സമന്‍സ് അയച്ചത്. ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 59/20 എന്ന എഫ്‌ഐ ആറിന്റെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് പൊലീസ് ആ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൊലപാതകം, കൊലപാതക ശ്രമം, കലാപം നടത്തല്‍, രാജ്യദ്രോഹക്കുറ്റം, ആയുധ നിയമത്തിലെയും രാജ്യത്തെ ഏറ്റവും പ്രബലമായ തീവ്രവാദ വിരുദ്ധ നിയമമായ യു എ പി എയിലെയും ചില വകുപ്പുകള്‍ അടക്കമുള്ള കുറ്റങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്ന് ചോദ്യംചെയ്യലിലൂടെ അറിയാനാണ് ശ്രമിക്കുന്നത്. അതിന്റ പേരില്‍ അവരെ കുറ്റക്കാരാക്കണമെന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊലീസിനെ പ്രതി ആശങ്കയുണ്ടാക്കുന്നുണ്ട്.
2019 ഡിസംബറില്‍ മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ജാമിഅ വിദ്യാര്‍ഥികള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. 2019 ഡിസംബര്‍ 15ന് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ഥികളെ പൊതുജന മധ്യത്തില്‍വെച്ച് ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചു. നിരായുധരായ വിദ്യാര്‍ഥികളെ പൊലീസ് ഉദ്യോഗസ്ഥര്‍ ദണ്ഡും വടിയുമുപയോഗിച്ച് അടിക്കുകയും കാമ്പസിനുള്ളിലേക്ക് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിയുകയും ചെയ്തു. ഡല്‍ഹി പൊലീസ് ജാമിഅ വിദ്യാര്‍ഥികളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതും യാതൊരു ദയയുമില്ലാതെ അവരെ ദണ്ഡുപയോഗിച്ച് അടിച്ചും ചവിട്ടിയും ഉപദ്രവിക്കുന്നതും ജാമിഅയിലെ ലൈബ്രറിയിലേക്ക് പൊലീസ് ബലം പ്രയോഗിച്ച് കയറുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൊലീസിനെതിരെ ഒട്ടേറെ തെളിവുകളുണ്ടായിട്ടും ഇന്ത്യയുടെ ഔദ്യോഗിക മനുഷ്യാവകാശ ഏജന്‍സിയായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ക്ക് മേല്‍ ചുമത്തിക്കൊണ്ട് അവരെ കുറ്റക്കാരാക്കുകയും ചെയ്തു.
ഡിസംബര്‍ 2019നും മാര്‍ച്ച് 2020നും ഇടയില്‍ കാമ്പസില്‍ നിന്ന് പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് പൊലീസ് ആദ്യം ഉന്നംവെച്ചത്. കൊവിഡ്-19നെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ അടച്ചിട്ട ദേശീയ ലോക് ഡൗണിനിടെയായിരുന്നു ഇത്. സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍ എന്നിവരുള്‍പ്പെടെ ചിലരെ ആദ്യം അറസ്റ്റ് ചെയ്തു. ജാമിഅയിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയുടെ പ്രസിഡണ്ടായിരുന്ന ഷിഫ-ഉര്‍-റഹ്മാനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി ജാമിഅ വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. കലാപത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാനുള്ള കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ വിദ്യാര്‍ഥികളെ തേടി ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലില്‍ നിന്ന് അയച്ച നോട്ടീസെത്തി. പൊലീസിനെ പേടിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും പല വിദ്യാര്‍ഥികളുടെയും സുഹൃത്തുക്കള്‍ ഭയപ്പെട്ടിരുന്നു. എല്ലാതരം സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ഈ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കുടുംബങ്ങളില്‍ നിന്നും അഭിഭാഷകരില്‍ നിന്നും കിട്ടിയിരിക്കുന്ന നിര്‍ദേശം.
കൂടാതെ ഈ വര്‍ഷം വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപങ്ങള്‍ക്ക് ജാമിഅ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക്(ജെ സി സി) ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഡിസംബര്‍ 15ന് ജാമിഅ കാമ്പസില്‍ പൊലീസ് നടത്തിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് സര്‍വകാലശാലയിലെ മുന്‍ വിദ്യാര്‍ഥികളും നിലവിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് രൂപീകരിച്ച ഒരു അനൗദ്യോഗിക കൂട്ടായ്മയാണ് ജെ സി സി. വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ സി സിയാണ് പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രതിഷേധത്തിന്റെ പേരില്‍ കാമ്പസിനോട് ചേര്‍ന്നുള്ള മേഖലയില്‍ ഗതാഗതം തടസ്സപ്പെടാതെ നോക്കിയതും നിയമവാഴ്ച്ച ഉറപ്പാക്കിയതും ഈ വാട്‌സാപ്പ് കൂട്ടായ്മയാണ്. പ്രസ്തുത വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് പൊലീസിന് വിവരം കിട്ടിയെന്നും ഈ വിദ്യാര്‍ഥികളെ പൊലീസ് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തെ കുറ്റകരമാക്കാനുള്ള പൊലീസിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. പൊലീസ് നോട്ടീസ് അയച്ച മൂന്ന് വിദ്യാര്‍ഥികള്‍ പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്മേല്‍ ദ വയറിനോട് സംസാരിച്ചിരുന്നു.
ലോധി റോഡിലുള്ള സ്‌പെഷ്യല്‍ സെല്ലിന്റെ ഓഫീസില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസ് നോട്ടീസ് ജൂലൈ മാസം പകുതിയോടെയാണ് തനിക്ക് ലഭിച്ചതെന്ന് വിനോദ്(യഥാര്‍ത്ഥ പേരല്ല) പറയുന്നു.
”മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ഏകദേശം നാല് മണിക്കൂറാണ് എന്നെ ചോദ്യംചെയ്തത്. ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നാണ് രൂപീകരിക്കപ്പെട്ടത് എന്നൊക്കെ അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്തുകൊണ്ടാണ് ജെ സി സി വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായതെന്ന് അവര്‍ക്ക് അറിയണമായിരുന്നു. ഗ്രൂപ്പില്‍ നടന്ന സംഭാഷണങ്ങളുടെ മുഴുവന്‍ കോപ്പിയും പൊലീസിന്റെ പക്കലുണ്ടായിരുന്നു. സംഭാഷണത്തിനിടെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലമെന്താണെന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാനയച്ച മെസേജുകളില്‍ അക്രമപരമായി ഒന്നുമില്ലെന്ന് അവര്‍ കണ്ടെത്തി. ജെ സി സി രൂപീകരിക്കാനുള്ള കാരണം എന്തായിരുന്നു, പ്രതിഷേധമുണ്ടായ സ്ഥലങ്ങള്‍ നിങ്ങള്‍ നിരന്തരം സന്ദര്‍ശിക്കാന്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ തുടര്‍ച്ചയായി ചോദിക്കുന്നുണ്ടായിരുന്നു” വിനോദ് പറഞ്ഞു.
പൗരത്വ നിയമ പ്രശ്‌നമൊന്നും ബാധിക്കാത്ത, മുസ്ലിം അല്ലാത്ത താന്‍ എന്തിനാണ് ഈ പ്രതിഷേധങ്ങളുടെ ഭാഗമായതെന്ന് പൊലീസ് ചോദിച്ചതായി വിനോദ് വെളിപ്പെടുത്തി. താന്‍ എന്തിനാണ് ഇത് ചെയ്യുന്നതെന്നും മുസ്ലിംകള്‍ തന്റെ തല തകര്‍ക്കുകയാണെന്നും ഒരു കോണ്‍സ്റ്റബിള്‍ പറഞ്ഞതായി വിനോദ് പറയുന്നു. ഹിന്ദു വിദ്യാര്‍ഥികളെയും അവര്‍ നശിപ്പിക്കുകയാണ്. നീ എന്തിനാണ് ഇതില്‍ തലയിടുന്നത് എന്നും അദ്ദേഹം ചോദിച്ചു. എന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണുകിട്ടാനായി പൊലീസ് കാര്യമായി പ്രകോപിപ്പിച്ചതായി വിനോദ് പറയുന്നു. ‘ജാമിഅ മേ തൊ ബഹുത് ഹെക്ദി നികല്‍ രഹി ധീ'(നീ കാമ്പസില്‍ വലിയ സാമര്‍ത്ഥ്യക്കാരനാവാന്‍ നോക്കുകയാണ്) എന്നും ആ പൊലീസുകാരന്‍ പറഞ്ഞതായി വിനോദ് വെളിപ്പെടുത്തി. എന്നോട് അവര്‍ പേരുകള്‍ ചോദിച്ചുകൊണ്ടേയിരുന്നു. വിദ്യാര്‍ഥികളെ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് മനസ്സിലായതിനാല്‍ താന്‍ വളരെ ശ്രദ്ധിച്ച് പരിമിതമായ വാക്കുകളിലാണ് മറുപടികള്‍ നല്കിയതെന്നും വിനോദ് പറഞ്ഞു. രാത്രി വൈകി നടന്നിരുന്ന യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തിരുന്നോ എന്ന് പോലീസ് ചോദിച്ചു. ഞങ്ങളുടെ പ്രതിഷേധ പരിപാടികള്‍ എട്ട് മണിയോടെ അവസാനിപ്പിച്ച ശേഷം വിദ്യാര്‍ഥികള്‍ കൂടിയിരിക്കാറുണ്ടായിരുന്നു. ഈ യോഗങ്ങളെ രഹസ്യ സ്വഭാവമുള്ളവയായി ചിത്രീകരിക്കാനാണ് പൊലീസ് ശ്രമിച്ചത്. വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കുക, ഗതാഗതം നിയന്ത്രിക്കുക, ജാമിഅയിലെ സമരസ്ഥലത്തുള്ള വേദിയും അവിടെ കൂടാറുള്ള ആളുകളെയും നിയന്ത്രിക്കുക എന്നീ ഉത്തരവാദിത്വങ്ങളാണ് ജെ സി സി നിര്‍വഹിച്ച് വന്നിരുന്നതെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞു. ഞാന്‍ എല്ലാ വിവരങ്ങളും അവരോട് പറയുന്നില്ലെന്നായിരുന്നു തുടര്‍ന്ന് അവര്‍ നല്കിയ മറുപടി.
പൊലീസ് ഭാഷ്യത്തിന് യോജിച്ച തരത്തിലുള്ള മറുപടി നല്കുന്നതിന് വേണ്ടി തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതായും വിനോദ് പറയുന്നു. ”അവര്‍ തീര്‍ച്ചയായും എന്നെ ഭയപ്പെടുത്തി വശത്താക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ ഒരേ ചോദ്യം തന്നെ പലയാവര്‍ത്തി എന്നോട് ചോദിച്ചു. ഓരോ തവണയും ഞാന്‍ വ്യത്യസ്തമായ മറുപടി കൊടുത്തേക്കുമെന്ന പ്രതീക്ഷയിലാവും അവര്‍ അങ്ങനെ ചോദിച്ചുകൊണ്ടിരുന്നത്. ജെ സി സിയുടെ ഭാഗമായ ചില വിദ്യാര്‍ഥികള്‍ പ്രതിഷേധം നടന്നിരുന്ന സ്ഥലത്ത് സ്ഥിരമായി പോവാറുണ്ടായിരുന്നുവെന്നും അവര്‍ അവിടുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഞാന്‍ സമ്മതിച്ചുകൊടുക്കണമെന്നായിരുന്നിരിക്കണം പൊലീസ് ഉദ്ധേശിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി മനപൂര്‍വ്വം ഗതാഗത തടസ്സം സൃഷ്ടിക്കാമെന്ന തരത്തിലുള്ള ചില ചര്‍ച്ചകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്നിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ അതിന്റെ പേരില്‍ വിദ്യാര്‍ഥികളാണ് കലാപം ആസൂത്രണം ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കുന്നത് ശരിയല്ല. ഞാന്‍ വിവാദപരമായ വല്ലതും പറയുകയോ അത്തരം സന്ദേശങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് അവര്‍ തുടരെ പരിശോധിച്ചിരുന്നു. എന്റെ പേരും ചാര്‍ജ്ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. എന്നെ അറസ്റ്റ് ചെയ്യുമെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തി.”
വിനോദിനെപ്പോലെ 25 വയസ്സുകാരനായ കമ്രാനും (യഥാര്‍ത്ഥ പേരല്ല) പൊലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും ആ സമയത്ത്, ഡല്‍ഹിയില്‍ ഇല്ലാതിരുന്നതിനാല്‍ കമ്രാന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ സാധിച്ചില്ല. കോവിഡ്-19 ലോക് ഡൗണിനെത്തുടര്‍ന്ന് സര്‍വകലാശാല അടച്ചതോടെ കമ്രാന്‍ ഉത്തര്‍പ്രദേശുള്ള തന്റെ ജന്മനാട്ടിലേക്ക് പോയിരുന്നു. ”അവര്‍ എന്നെ വിളിച്ചിരുന്നെങ്കിലും എനിക്ക് കോള്‍ എടുക്കാന്‍ സാധിച്ചില്ല. പിന്നീട് ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ എത്രയും വേഗം ഡല്‍ഹിയിലെത്താന്‍ അവര്‍ ആവശ്യപ്പെട്ടു. ലോക് ഡൗണിലാണെന്ന് ഞാന്‍ അവരെ അറിയിച്ചു. ഡല്‍ഹിയില്‍ തിരിച്ചു കാല് കുത്തുന്ന നിമിഷം തന്നെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.”
ജാമിഅ അധികൃതരുമായി ഗൂഢാലോചന?
പൊലീസിനോട് സംസാരിച്ചതിന് ശേഷം താന്‍ ഭയന്ന് വിറച്ചുപോയതായി കമ്രാന്‍ പറയുന്നു. എഫ് ഐ ആര്‍ 59/20മായി ബന്ധപ്പെട്ട് തന്റെ സുഹൃദ്്വലയത്തിലുള്ള നിരവധി പേര്‍ക്ക് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ നിന്ന് നോട്ടീസ് പോയിട്ടുള്ളതായി പിന്നീട് കമ്രാന്‍ മനസ്സിലാക്കി. ജെ സി സിയെയും ഡല്‍ഹിയിലെ കലാപത്തെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പൊലീസ് മനപൂര്‍വ്വം ശ്രമിക്കുന്നത് പോലെ തോന്നിയതായി കമ്രാനും അഭിപ്രായപ്പെടുന്നു. ”ഒരിക്കലും സംസാരിച്ചിട്ടില്ലെങ്കിലും ഞാനും ജെ സി സി വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ആ ഗ്രൂപ്പ് ഇപ്പോള്‍ നിര്‍ജീവമാണ്. പൊലീസിന് ആ ഗ്രൂപ്പില്‍ നിന്നാണ് എന്റെ നമ്പര്‍ ലഭിച്ചതെന്ന് തോന്നുന്നു. ജാമിഅ അധികൃതര്‍ തന്നെയാണ് അവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതെന്ന് എനിക്ക് സംശയമുണ്ട്. ജാമിഅയില്‍ അഡ്മിഷന്‍ ലഭിച്ച സമയത്ത് ഡല്‍ഹിയിലെ ഒരു പ്രത്യേക സ്ഥലത്തുള്ള ഫ്‌ളാറ്റിന്റെ വിലാസമാണ് ഞാന്‍ പ്രാദേശിക വിലാസമായി നല്കിയിരുന്നത്. ഞാന്‍ ആ വിലാസം ആകെ അഡ്മിഷന്‍ സമയത്ത് മാത്രമേ നല്കിയിട്ടുള്ളൂ. ജാമിഅയില്‍ പഠനമാരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ആ ഫ്‌ളാറ്റൊഴിഞ്ഞു. എന്റെ പേരിലെത്തിയ നോട്ടീസില്‍ ഉണ്ടായിരുന്നതും അതേ വിലാസമായിരുന്നു. മറ്റെവിടെ നിന്ന് അവര്‍ക്ക് ആ വിലാസം ലഭിക്കാനാണ്? ഞാന്‍ ആ ഗ്രൂപ്പില്‍ ഒരിക്കല്‍ പോലും സംസാരിക്കുകയോ ഒരു തരത്തിലും ഇതിലൊന്നും ഉള്‍പ്പെടുകയോ ചെയ്തിട്ടില്ല.”
”ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ ലോക് ഡൗണിലാണ്. ഇനിയെന്ന് ഡല്‍ഹിയിലേക്ക് തിരികെപോവാനാവുമെന്ന് എനിക്കറിയില്ല. എന്നെ ഇതിലേക്ക് മനപൂര്‍വ്വം വലിച്ചിഴയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇതറിഞ്ഞയുടനെ എന്റെ കുടുംബാംഗങ്ങള്‍ അല്പം പേടിച്ചുവെങ്കിലും എനിക്ക് മാത്രമല്ല നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്ക് ഇതിന് വേണ്ടി എന്തെങ്കിലും തെളിവ് ലഭിക്കുമെന്ന് തന്നെ ഞാന്‍ കരുതുന്നില്ല.”
ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ നിന്ന് നോട്ടീസ് ലഭിച്ച ദിവസം ആലിയയും(യഥാര്‍ത്ഥ പേരല്ല) വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. എനിക്ക് ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പേടിപ്പെടുത്തുന്നൊരു അനുഭവമായിരുന്നു അത്. കൊലപാതകം, കൊലപാതക ശ്രമം, കലാപശ്രമം, തീവെയ്പ്പ, രാജ്യദ്രോഹക്കുറ്റം, യു എ പി എ തുടങ്ങിയ എല്ലാ വകുപ്പുകളും അതില്‍ ചുമത്തിയിരുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നുണ്ട്. നിങ്ങള്‍ ആരെന്ന് അവര്‍ക്കറിയാം, നിങ്ങള്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അവര്‍ നിരീക്ഷിക്കുന്നുണ്ട്, നിങ്ങള്‍ എവിടെയാണ് താമസിക്കുന്നുതെന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അവര്‍ നിങ്ങളുടെ അടുത്തെത്തി ഒരു നോട്ടീസ് തരും” ആലിയ പറയുന്നു.
കാമ്പസിലെ പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഭയപ്പെടുത്താന്‍ തന്നെയാണ് ഇത്തരമൊരു നോട്ടീസ് പൊലീസ് അയച്ചതെന്ന് ആലിയയും വിശ്വസിക്കുന്നു. ”സ്‌പെഷ്യല്‍ സെല്ലില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് ലഭിച്ചുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഓരോ ദിവസവും ഞങ്ങള്‍ കേള്‍ക്കുന്നത്. എല്ലാറ്റിനുമൊടുവില്‍ ഞങ്ങളുടെ പേര് എഫ് ഐ ആറില്‍ വരികയോ ഞങ്ങളെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ലെങ്കിലും ആ നോട്ടീസിലൂടെ അവര്‍ എന്താണോ ഉദ്ധേശിച്ചത് അത് നടന്നുകഴിഞ്ഞു. കൊവിഡ്-19ന്റെ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞതിന് ശേഷം സര്‍വകലാശാല തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ വീണ്ടും സംഘം ചേര്‍ന്ന് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുത് എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന് വേണ്ടി വിദ്യാര്‍ഥികളെ പേടിപ്പിക്കാനാണ് ഈ നോട്ടീസ് അയച്ചത്. അത് ലക്ഷ്യം കണ്ടുവെന്ന് വേണം പറയാന്‍. എന്ത് പറയുന്നതിന് മുമ്പും രണ്ടുവട്ടം ആലോചിക്കാന്‍ നോട്ടീസ് ലഭിച്ച വിദ്യാര്‍ഥികള്‍ ശ്രമിക്കും. തങ്ങളെ ആരും നിരീക്ഷിക്കുന്നില്ലല്ലോ എന്നുറപ്പാക്കാന്‍ അവര്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടുമിരിക്കും.”
ഡിസംബര്‍ 15ന് പൊലീസ് കാമ്പസിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ കയ്യേറ്റം ചെയ്ത സംഭവത്തിന് ശേഷമാണ് താന്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചതെന്ന് ആലിയ പറയുന്നു. പൊലീസ് നടത്തിയ ക്രൂരതകള്‍ എത്ര സമര്‍ത്ഥമായി വിസ്മരിക്കപ്പെട്ടുവെന്നും ആലിയ ചോദിക്കുന്നു. ”എങ്ങനെയാണ് ഇത്ര നിസ്സാരമായി പൊലീസിന് കാമ്പസിലെത്താനും വിദ്യാര്‍ഥികള്‍ക്ക് മേല്‍ അക്രമം അഴിച്ചുവിടാനും സാധിച്ചത്? ഇത്തരം ചെയ്തികള്‍ വീണ്ടും ആവര്‍ത്തിക്കുന്നതില്‍ നിന്ന് പൊലീസിനെ തടയാന്‍പോന്നതായി ഒന്നുമുണ്ടായില്ലെന്നതാണ് ഞങ്ങളെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ ശബ്ദമുയര്‍ത്താനുള്ള മൗലികാവകാശം ഉണ്ടെന്ന് കരുതിയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്. നിയമവിരുദ്ധമായി ഞങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. ഞങ്ങളുടെ പ്രതിഷേധങ്ങള്‍ എല്ലാം നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു എന്നും ഉറപ്പുണ്ട്.”
വിദ്യാര്‍ഥികളില്‍ പലര്‍ക്കും ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ചിലരെ പൊലീസ് ചോദ്യംചെയ്‌തെന്ന് അറിവുള്ളതായും ജാമിഅ സര്‍വ്വകലാശാലയുടെ പ്രോക്ടര്‍ പ്രൊഫസര്‍ വസീം ഖാന്‍ പറഞ്ഞു.
”കാമ്പസില്‍ നടന്ന അക്രമങ്ങളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ ചികിത്സ തേടിയ ഒട്ടുമിക്ക വിദ്യാര്‍ഥികളുടെയും ലിസ്റ്റ് പൊലീസിന്റെ പക്കലുണ്ട്. 90-95 പേരടങ്ങുന്ന ആ ലിസ്റ്റില്‍ 25-30 പേര്‍ വിദ്യാര്‍ഥികളാണ്. ആ ലിസ്റ്റിലുള്ള ഓരോരുത്തരെയും തിരിച്ചറിയുന്നത് പ്രയാസമാണെന്ന് ഞങ്ങള്‍ പൊലീസിനെ അറിയിച്ചു. ഞങ്ങളുടെ വിദ്യാര്‍ഥികളെ വേട്ടയാടുന്നതിനെപ്പറ്റി ആശങ്ക അറിയിച്ചപ്പോള്‍ കുറ്റമൊന്നും ചെയ്യാത്തവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കില്ലെന്ന് അവര്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ഥികളെ ചോദ്യംചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും പറഞ്ഞു. ഒരു ക്രിമിനല്‍ സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ നടക്കുന്നതിനിടയില്‍ ഒരു സര്‍വകലാശാലയുടെ അധികൃതര്‍ക്ക് ചെയ്യാവുന്നതിന് പരിമിതിയുണ്ട്. ആരൊക്കെയാണ് കുറ്റക്കാരെന്നും ആരൊക്കെ നിരപരാധികളെന്നും തെളിയിക്കേണ്ടത് കോടതിയാണ്.” ഖാന്‍ പറഞ്ഞു.
ചോദ്യംചെയ്യലിനായി എത്താന്‍ ആവശ്യപ്പെട്ട വിദ്യാര്‍ഥികളുടെ ഫോണ്‍ റെക്കോര്‍ഡുകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്ന് പ്രോക്ടര്‍ അറിയിച്ചു. കാമ്പസില്‍ അതിക്രമം ഉണ്ടായപ്പോഴും ഡല്‍ഹി കലാപത്തിന്റെ സമയത്തും ഈ വിദ്യാര്‍ഥികള്‍ എവിടെയായിരുന്നുവെന്ന് കണ്ടുപിടിക്കുന്നതിനായാണ് പൊലീസ് ഫോണ്‍ പരിശോധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ജാമിഅ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്ന് ജാമിഅയിലെ ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകന്‍ പ്രൊഫസര്‍ റിസ്വാന്‍ ഖൈസര്‍ പറയുന്നു. ”പൊലീസിന്റെ പ്രതികരണം തികച്ചും പൈശാചികമായിരുന്നു. എന്താണ് പൊലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്? കാമ്പസിനുള്ളില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്ന വിദ്യാര്‍ഥികളെയും ഡല്‍ഹി നഗരത്തിലെമ്പാടും നടന്ന കലാപത്തെയും അവര്‍ എന്തിനാണ് ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്? ഈ വിദ്യാര്‍ഥികളുടെ കയ്യില്‍ ഇന്ത്യന്‍ ഭരണഘടനയും ത്രിവര്‍ണ പതാകയുമുണ്ടായിരുന്നു. എനിക്ക് ഈ ബാന്ധവം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. എല്ലാവര്‍ക്കും പ്രയാസമുള്ളൊരു സമയമാണിത്. ജനങ്ങള്‍ ഒരു വശത്ത് മഹാമാരിയെയും മറുവശത്ത് പ്രാദേശിക അടിച്ചമര്‍ത്തലിനെയും പേടിക്കേണ്ട അവസ്ഥയാണുള്ളത്.”
നിലവിലില്ലാത്ത ഒരു കേസിന്റെ പേരില്‍ ജാമിഅ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണ് ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് നല്‍സാര്‍ നിയമ സര്‍വകലാശാലയിലെ അധ്യാപികയും ‘കാഫ്കാലാന്റ്: ലൊ, പ്രെജുഡീസ്, ആന്റ് കൗണ്ടര്‍ ടെററിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ മനീഷ സേഥി ചൂണ്ടിക്കാട്ടുന്നു. ”ഡല്‍ഹി പൊലീസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനരീതി ഇപ്രകാരമാണ്: മൂന്നാംകിട മാധ്യമങ്ങളുടെ സഹായത്തോടെ നുണക്കഥകള്‍ പ്രചരിപ്പിക്കുക, അതിലൂടെ ആക്ടിവിസ്റ്റുകള്‍ക്കെതിരായ മാധ്യമ വിചാരണകള്‍ നടത്തുക. അതീവ പ്രാധാന്യമുള്ള ബ്രേക്കിങ് ന്യൂസുകള്‍ എന്ന തരത്തിലാണ് ഈ നുണക്കഥകള്‍ അവതരിപ്പിക്കപ്പെടുന്നത്. കസ്റ്റഡിയിലുള്ളവരുടെ കുമ്പസാരം എന്ന തരത്തില്‍ പുറത്തുവിടുന്ന അസ്വീകാര്യമായ വിവരണങ്ങളാവും പലപ്പോഴും ഈ നുണക്കഥകള്‍ക്ക് ആധാരം. പ്രൊഫസര്‍ അപൂര്‍വ്വാനന്ദയ്‌ക്കെതിരെ കുറ്റമാരോപിച്ചുകൊണ്ട് ഗള്‍ഫിഷാന്‍ നല്‍കിയെന്ന് പറയപ്പെടുന്ന കസ്റ്റഡി മൊഴി പോലെയാണത്. വിദ്യാര്‍ഥികളെയും യുവ ആക്ടിവിസ്റ്റുകളെയും തുടര്‍ച്ചയായ സമന്‍സുകളിലൂടെയും ചോദ്യംചെയ്യലിലൂടെയും ഭയപ്പെടുത്തിക്കൊണ്ട്, ആക്ടിവിസ്റ്റുകളുടെയും അക്കാദമിക്കിലെ പ്രമുഖരുടെയും പേര് പറയിപ്പിക്കുകയാണ് പൊലീസിന്റെ മറ്റൊരു രീതി. കേസിന് സ്വന്തമായൊരു നിലനില്‍പില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഡല്‍ഹി പൊലീസ് ദുര്‍ബലരായ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് ആര്‍ക്കും നിലനില്‍പില്ലാത്തൊരു കേസ് സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.”
പ്രഥമ വിവര റിപ്പോര്‍ട്ട് 59/20
വിദ്യാര്‍ഥികളോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നതിന് അടിസ്ഥാനമായ, ഇപ്പോള്‍ വിവാദമായിരിക്കുന്ന എഫ് ഐ ആര്‍ 59/20, ഒരു സബ് ഇന്‍സ്‌പെക്ടറുടെ പരാതിയിന്മേല്‍ മാര്‍ച്ച് ആറിന് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതാണ്. പരാതിയില്‍ ആ പോലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത് ഈ കലാപം ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും അറിവ് ലഭിച്ചു എന്നാണ്. എഫ് ഐ ആര്‍ പറയുന്നു, ‘ഫെബ്രുവരി 23, 24, 25 എന്നീ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍, മുന്‍പേ പദ്ധതിയിട്ട ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തന്റെ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നും എസ് ഐ മനസ്സിലാക്കിയിട്ടുണ്ട്. കലാപം പടര്‍ത്താനുള്ള ഗൂഢാലോചന ജെ എന്‍ യു വിദ്യാര്‍ഥിയായ ഉമര്‍ ഖാലിദും വിവിധ സംഘടനകളുമായി ബന്ധമുള്ള അയാളുടെ കൂട്ടാളികളും ചേര്‍ന്നാണ് നടത്തിയത്.’
ഈ ‘വിശ്വസനീയമായ ഉറവിടങ്ങള്‍’ നല്‍കിയ കഥകളെ സാധൂകരിക്കുന്ന ഏതെങ്കിലും ഒരു തെളിവിനെപ്പറ്റിയോ ദൃക്സാക്ഷി വിവരണങ്ങളെപ്പറ്റിയോ ഈ എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നില്ല. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതിന് ശേഷം കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി. കലാപമുണ്ടാക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റകൃത്യങ്ങള്‍ക്കായുള്ള ഐ പി സി 147, 148, 149, 120(B) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. സ്പെഷ്യല്‍ സെല്ലിന് കേസ് കൈമാറിയ ശേഷം, കൊലപാതക ഗൂഢാലോചന(302), വധശ്രമം(307), രാജ്യദ്രോഹം(124A), മതസ്പര്‍ധ വളര്‍ത്തല്‍(153A), ആയുധ നിയമത്തിലെ ചില വകുപ്പുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കപ്പെട്ടു. പോലീസ് അതിനോടൊപ്പം യുഎപിഎയിലെ (Unlawful Activities (Prevention) Act) 13,16, 17,18 എന്നീ കര്‍ക്കശമായ വകുപ്പുകള്‍ കൂടി ചേര്‍ത്തു. ഈ വകുപ്പുകള്‍ നിയമവിരുദ്ധ നടപടികള്‍, തീവ്രവാദ പ്രവര്‍ത്തനം, തീവ്രവാദ പ്രവര്‍ത്തനത്തിനായുള്ള ധനശേഖരണം, തീവ്രവാദ പ്രവര്‍ത്തനം നടത്താനുള്ള ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടതാണ്.
സാധാരണ ക്രിമിനല്‍ നിയമം വഴി അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം തൊട്ട് തൊണ്ണൂറ് ദിവസത്തിനകം ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം കുറ്റാരോപിതന് ജാമ്യം ലഭിക്കും. പക്ഷേ യു എ പി എയ്ക്ക് കീഴില്‍ പൊലീസിന് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാന്‍ നൂറ്റിയെണ്‍പത് ദിവസം വരെ എടുക്കാം.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകളെ നരനായാട്ട് നടത്തുന്നതിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി വിദ്യാഭ്യാസ വിദഗ്ധര്‍, എഴുത്തുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന പൗരസമൂഹം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുസ്ലിംകളായ യുവാക്കള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ എഫ് ഐ ആര്‍ ഉപയോഗിച്ച് ഭയപ്പെടുത്തുന്നതും കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി അവസാനത്തോടെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വ്യാപകമായി അരങ്ങേറിയ അതിക്രമങ്ങളെയും പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെയും നേരിട്ട് ബന്ധിപ്പിക്കാനുള്ള കണ്ണി കണ്ടെത്തുക എന്ന രാഷ്ട്രീയ നീക്കമാണ് ഈ എഫ് ഐ ആറിനെ മുന്‍നിര്‍ത്തി നടക്കുന്നത്. സമാധാനപരമായും ജനാധിപത്യപരമായും നടന്ന ഒരു പ്രതിഷേധത്തെ കുറ്റവല്‍ക്കരിക്കുന്നതിനൊപ്പം തന്നെ ന്യൂനപക്ഷവിരുദ്ധത മുന്‍നിര്‍ത്തി അതിക്രമങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്ക് സകല സ്വാതന്ത്ര്യവും പ്രദാനം ചെയ്യുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്.
59/20 എന്ന എഫ് ഐ ആര്‍ ഉപയോഗിച്ച് ഇതിനോടകം തന്നെ നിരവധി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെയും വിദ്യാര്‍ഥി പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതേ എഫ് ഐ ആര്‍ ഉപയോഗിച്ച് തന്നെയാണ് സഫൂറ സര്‍ഗാറിനെയും അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തോളം ജയില്‍വാസം അനുഭവിച്ച സഫൂറയുടെ ഗര്‍ഭാവസ്ഥ വിലയിരുത്തിക്കൊണ്ടുള്ള മാനുഷിക പരിഗണനയുടെ പേരിലാണ് ഒടുവില്‍ ജാമ്യം അനുവദിച്ചത്.
ഇതേ എഫ് ഐ ആറിന്റെ പേരും പറഞ്ഞ് ആഗസ്റ്റ് മൂന്നിന് ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വ്വാനന്ദയെയും പൊലീസ് എട്ട് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് ഇതുവരെയും കുറ്റപത്രം തയാറാക്കിയിട്ടില്ല. അന്വേഷണത്തിന് കൂടുതല്‍ സമയം തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ പൊലീസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എഫ് ഐ ആര്‍ 59/20ന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെയെല്ലാം കസ്റ്റഡി കാലാവധി സെപ്റ്റംബര്‍ 17വരെ നീട്ടിക്കൊണ്ടുള്ള വിധി കര്‍ക്കദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍ ജഡ്ജ് അമിതാഭ് റാവത്ത് പുറപ്പെടുവിച്ചത് ഇക്കഴിഞ്ഞ ആഗസ്റ്റ് 13നായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി പൊലീസിനും സെപ്റ്റംബര്‍ 17വരെ കോടതി സമയം നീട്ടിനല്‍കിയിട്ടുണ്ട്.
ലേഖനം/ സിമി പാഷ
വിവര്‍ത്തനം/ സിന്ധു മരിയ നെപ്പോളിയന്‍
You must be logged in to post a comment Login